വാരിയന്‍ കുന്നന്‍ സമതലങ്ങളില്‍ ഗറില്ല യുദ്ധമുറ പരീക്ഷിച്ച വിപ്ലവകാരി
എന്തിനാണ് ജയിലിന്റ ഉള്ളില്‍ ഇങ്ങനെ വേറൊരു ജയില്‍ ഉണ്ടാക്കി വച്ചിരിക്കുന്നത് എന്ന് അവിടെ ചെല്ലുന്ന ആരായാലും ചിന്തിച്ചു പോവും. ഞാനും ചിന്തിച്ചു. അന്വേഷിച്ചപ്പോള്‍ ഉത്തരവും കിട്ടി. ജയിലിന്റെ ഉള്ളിലെ ഈ ജയില്‍ ബ്രിട്ടീഷ് കരുണ്ടാക്കിവച്ചതാണ്. മലബാറിലെ മാപ്പിള പോരാളികള്‍ ക്ക് വേണ്ടി. അവര്‍ ഒരു തരത്തിലും ജയില്‍ ചാടാതിരിക്കാന്‍ വേണ്ടിയാണ് പുറത്തുള്ള ചുറ്റുമതിലുപോലെ ഇവിടെയും ഒരു ചുറ്റുമതില്‍ അതെ ഉയരത്തിലും ബലത്തിലും ബ്രിട്ടീഷുകാര്‍ നിര്‍മിച്ചുവച്ചത്.
1975ല്‍ അടിയന്തരാവസ്ഥക്കാലത്ത് കണ്ണൂര്‍ സെന്‍ട്രല്‍ ജയിലിലെ രാഷ്ട്രീയ തടവുകാലം അവിചാരിതമായി ഇന്നോര്‍ക്കാന്‍ ഇടയായി. കാരണം ഇന്ന് സോഷ്യല്‍ മീഡിയയില്‍ കണ്ട സിനിമ വാര്‍ത്തകളാണ്. പ്രശസ്തരായ രണ്ട് മലയാളം ഫിലിം മേക്കേഴ്സ്, ആഷിക് അബുവും പി ടി കുഞ്ഞഹമ്മദും മലബാര്‍ സമര നായകന്‍ വാരിയം കുന്നത്ത് കുഞ്ഞി മൊഹമ്മദ് ഹാജിയെ കുറിച്ച് സിനിമ ചെയ്യാന്‍ പോവുന്ന വാര്‍ത്തയാണ് പ്രേരണ. കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ ഞാന്‍ ഉള്‍പ്പെടെയുള്ള നക്‌സലൈറ് തടവുകാരെ ജയിലിന്റെ ഉള്ളിലുള്ള ജയില്‍ എന്നറിയപ്പെടുന്ന സിപി ബ്‌ളോക്കിലാണ് പാര്‍പ്പിച്ചിരുന്നത്. സി പി ബ്ലോക്ക് എന്ന് വച്ചാല്‍ closed prison. അടച്ചു പൂട്ടിയ ജയില്‍. അപ്പൊ ജയില്‍ എന്ന് പറഞ്ഞാല്‍ തന്നെ അടച്ചു പൂട്ടിയതല്ലേ എന്ന് നിങ്ങള്‍ ചോദിക്കും. അതെ. പക്ഷെ ക്ലോസ്ഡ് പ്രിസണ്‍ എന്ന് പറയുമ്പോള്‍ അതില്‍ രണ്ടു പൂട്ടലുണ്ട്. സെന്‍ട്രല്‍ ജയില്‍ എപ്പോഴെങ്കിലും പുറത്തു നിന്ന് കണ്ടിട്ടുള്ളവര്‍ അതിന്റെ ചുറ്റുമതില്‍ ശ്രദ്ധിച്ചിട്ടുണ്ടാവും. അത്രേം ഉയരമുള്ള മതില്‍ വേറെയെവിടെയും കണ്ടിട്ടുണ്ടാവില്ല. പണ്ടത്തെ കോട്ടകള്‍ക്ക് മാത്രമേ അത്രേം ഉയരമുള്ള മതിലുണ്ടാവൂ. അങ്ങനെ പുറത്തെ ചുറ്റുമതില്‍ പോലെ ഈ സിപി ബ്ലോക്കിന് ചുറ്റും ഒരു മതിലുണ്ട്. ഒരു ഗേറ്റും ഉണ്ട്. പുറത്തെ ഗേറ്റ് പോലെ സിപി ബ്ലോക്കിന്റെ ഗേറ്റും എപ്പഴും പൂട്ടിയിട്ടിരിക്കും.
അടിയന്തരാവസ്ഥയുടെ ആദ്യഘട്ടത്തില്‍ രാഷ്ട്രീയ തടവുകാരെയെല്ലാം ഒരുമിച്ചു എ ബ്ലോക്ക് എന്ന മറ്റൊരു ബ്‌ളോക്കിലാണ് പാര്‍പ്പിച്ചിരുന്നത്. സിപിഎം നേതാക്കളും സോഷ്യലിസ്റ്റ് നേതാക്കളും നക്‌സലൈറ്റുകളും അന്നൊരുമിച്ചായിരുന്നു. ഇന്നത്തെ മുഖ്യമന്ത്രി പിണറായി വിജയനാണ് അന്ന് ജയിലുള്ള സിപിഎം കാരുടെ കൂട്ടത്തില്‍ ഏറ്റവും പ്രായം കുറഞ്ഞ നേതാവ്. പിന്നീട് നക്‌സലൈറ്റുകളുടെ എണ്ണം കൂടി ക്കൂടി വന്നതോടെ cp ബ്ലോക്ക് അവര്‍ക്കുള്ളതായി. അവിടെ മറ്റൊരു പ്രത്യേകത കൂടി ഉണ്ടായിരുന്നു. എല്ലാം സിംഗിള്‍ സെല്ലുകളാണ്. എട്ടടി നീളം കാണും. നാലോ അഞ്ചോ അടി വീതിയും. അതിനുള്ളില്‍ ഒരാള്‍ക്ക് കിടക്കാന്‍ പാകത്തില്‍ ഒരു സിമന്റ്് കട്ട. മൂലകള്‍ ഒരു ഓവ്. ചുമരില്‍ ഒരു ചെറിയ ജനല്‍. അങ്ങോട്ട് ചാടിയാലും എത്തി പിടിക്കാന്‍ കഴിയില്ല. ചുരുക്കം പറഞ്ഞാല്‍ സിപി ബ്ലോക്കില്‍ നിന്ന് ഒരാള്‍ വിചാരിച്ചാല്‍ ജയില്‍ ചാടാന്‍ അല്പം ബുദ്ധി മുട്ടാണ്. ആദ്യം സിപി ബ്ലോക്കിന്റെ മതില്‍ ചാടണം. അതും കഴിഞ്ഞിട്ട് വേണം പ്രധാന മതിലിന്റെ അടുത്തെത്താന്‍. അതത്ര എളുപ്പമല്ല.
എന്തിനാണ് ജയിലിന്റ ഉള്ളില്‍ ഇങ്ങനെ വേറൊരു ജയില്‍ ഉണ്ടാക്കി വച്ചിരിക്കുന്നത് എന്ന് അവിടെ ചെല്ലുന്ന ആരായാലും ചിന്തിച്ചു പോവും. ഞാനും ചിന്തിച്ചു. അന്വേഷിച്ചപ്പോള്‍ ഉത്തരവും കിട്ടി. ജയിലിന്റെ ഉള്ളിലെ ഈ ജയില്‍ ബ്രിട്ടീഷ് കരുണ്ടാക്കിവച്ചതാണ്. മലബാറിലെ മാപ്പിള പോരാളികള്‍ ക്ക് വേണ്ടി. അവര്‍ ഒരു തരത്തിലും ജയില്‍ ചാടാതിരിക്കാന്‍ വേണ്ടിയാണ് പുറത്തുള്ള ചുറ്റുമതിലുപോലെ ഇവിടെയും ഒരു ചുറ്റുമതില്‍ അതെ ഉയരത്തിലും ബലത്തിലും ബ്രിട്ടീഷുകാര്‍ നിര്‍മിച്ചുവച്ചത്. അത് കേട്ട മുതല്‍ക്കു ഈ സെല്ലുകളില്‍ എവിടെയെങ്കിലും എന്റെ വല്ലിപ്പയുടെ കരച്ചില്‍ പറ്റിപ്പിടിച്ചു നില്‍ക്കുന്നുണ്ടാവും എന്ന തോന്നല്‍ രാത്രിയുറങുന്നതിന് മുന്‍പുള്ള ശിഥില ചിന്തകള്‍ക്കൊപ്പം സ്ഥലകാല ഭ്രംശം പോലെ അനുഭവപ്പെടാറുണ്ടായിരുന്നു. 1921ലെ കലാപത്തില്‍ ഒമ്പതു വര്‍ഷം അന്തമാന്‍ ജയിലില്‍ ശിക്ഷ അനുഭവിച്ച ആളായിരുന്നു എന്റെ വല്ലിപ്പ. ഞാന്‍ കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ എത്തുന്നതിന് ഒരു വര്‍ഷം മുന്‍പ് തന്നെ വല്ലിപ്പ മരിച്ചിരുന്നു. മലബാര്‍ കലാപത്തെ കുറിച്ചുള്ള കാര്യമായ വായനകള്‍ തുടങ്ങുന്നതിനു സിപി ബ്ലോക്കിന്റ ചരിത്രവും ആ സിമന്റ് കിടക്കയിട്ട സിംഗിള്‍ സെല്ലുകളും കലാപകാരികളുമായുള്ള എന്റെ വൈകാരിക ബന്ധങ്ങളും വലിയ പ്രചോദനം നല്‍കുകയുണ്ടായി.
മലബാറിന്റ മുലക്കണ്ണുകളില്‍ നിന്ന് ഇപ്പോഴുംചരിത്രം കിനിഞ്ഞിറങ്ങുന്നുണ്ട് എന്ന് ജയില്‍ നിന്നെഴുതിയ എന്റെ കവിതയിലെ വരികള്‍ (തടവറ കവിതകള്‍ എന്ന പേരില്‍ സിവിക് ചന്ദ്രന്‍ എഡിറ്റ് ചെയ്തു പ്രസിദ്ധീകരിച്ച കവിത സമാഹാരത്തില്‍ ആ കവിതയുമുണ്ട് ) മലബാര്‍ സമരത്തെ കുറിച്ചുള്ള വായനയുടെ പ്രാരംഭത്തില്‍ ഉള്ളിന്റെ ഉള്ളില്‍ ഉടലെടുത്ത വൈകാരിക വിക്ഷോഭ ങ്ങളുടെ സൃഷ്ടിയാണ്. അടിയന്തിരാവസ്ഥക്ക് ശേഷം ജയില്‍ വിമോചിത നാവുമ്പോള്‍ ഇതെല്ലാം ഞാന്‍ കൂടെ കൊണ്ട് പോന്നു. ജയില്‍ മോചിതനായതിനു ശേഷം എന്നോട് വളരെ അടുപ്പം ഉണ്ടായിരുന്ന നിലമ്പൂര്‍ മണ്ഡലത്തില്‍ പെട്ട പല സിപിഎം ബ്രാഞ്ച് കമ്മിറ്റികളും എനിക്ക് സ്വീകരണം നല്‍കുകയുണ്ടായി. ഞാന്‍ മമ്പാട് എം ഇ എസ് കോളേജില്‍ പഠിക്കുന്ന കാലത്തുള്ള ബന്ധമാണ് ഇതിന്റെ മുഖ്യ കാരണം. ബ്രാഞ്ചു കമ്മിറ്റികള്‍ സംഘടിപ്പിക്കുന്ന അക്കാലത്തെ രാത്രി പൊതുയോഗങ്ങളില്‍, കര്‍ഷക തൊഴിലാളി യൂണിയന്റെ ആഭിമുഖ്യത്തില്‍ ഉള്‍ഗ്രാമങ്ങളില്‍ നടക്കുന്ന പരിപാടികളിലെല്ലാം അന്ന് ആ പ്രദേശത്തെ നേതാവായിരുന്ന ദേവദാസ് പൊറ്റെക്കാടിനൊപ്പം ഞാനും പങ്കെടുക്കാറുണ്ട്. ദേവദാസ് ksf ന്റെ സംസ്ഥാന നേതാവായിരുന്ന കാലത്താണ് ഞാന്‍ വിദ്യാര്‍ത്ഥി രാഷ്ട്രീയത്തില്‍ വരുന്ന ത്. അങ്ങിനെ കാളികാവ് ബ്രാഞ്ച് കമ്മിറ്റിയുടെ സ്വീകരണയോഗത്തില്‍ വെച്ചാണ് മലബാര്‍ സമരത്തെ ഞാന്‍ ആദ്യമായി എന്റെ പൊതുപ്രസംഗത്തില്‍ പ്രതിപാദ്യ വിഷയമാക്കുന്നത്. അന്നത്തെ പൊതുയോഗത്തിലെ മുഖ്യ പ്രാസംഗികന്‍ കോഴിക്കോടുള്ള ഒരു സിപിഎം നേതാവായിരുന്നു. അദ്ദേഹം പിന്നീട് mla ആയി. ഇപ്പോള്‍ ജീവിച്ചിരിപ്പില്ല. അത് കൊണ്ട് പേര് പറയുന്നില്ല.
എന്റെ പ്രസംഗത്തില്‍ വാരിയം കുന്നനെ കുറിച്ച് ഞാന്‍ പറഞ്ഞത് ഇപ്പോഴും എനിക്കോര്‍മ്മയുണ്ട്. അതിനൊരു കാരണവും ഉണ്ട്. മാവോ സേതുങ്ങും ചെഗുവേരയും ഗറില്ല യുദ്ധം നടത്തിയത് കാടുകളിലാണ്. എന്നാല്‍ വാരിയന്‍ കുന്നന്‍ സമതല പ്രദേശങ്ങളില്‍ ഗറില്ല യുദ്ധമുറ പരീക്ഷിച്ച വിപ്ലവകാരിയാണ് എന്നായിരുന്നു എന്റെ പരാമര്‍ശം. എനിക്ക് ശേഷം പ്രസംഗം നടത്തിയ സിപിഎം നേതാവ് മലബാര്‍ കലാപത്തെ കുറിച്ചുള്ള എന്റെ അഭിപ്രായങ്ങളെ ഖണ്ഡിക്കുവാനാണ് പ്രധാനമായും സമയം ചെലവഴിച്ചത്. മലബാര്‍ കലാപ മെന്നാല്‍ വര്‍ഗീയയ കലാപമായിരുന്നു എന്നും അതിന്റ നേതാവായിരുന്നു വാരിയം കുന്നന്‍ എന്നുമായിരുന്നു അദ്ദേഹത്തിന്റെ വാദം. അന്ന് മലബാര്‍ കലാപത്തെ വര്‍ഗീയ കലാപമായി ചിത്രീകരിക്കുന്നതില്‍ മുസ്ലിങ്ങള്‍ക്കിടയില്‍ നിന്ന് മുസ്ലി ലീഗ് കാരാണ് മുന്‍പന്തിയില്‍ ഉണ്ടായിരുന്നത്. അതിനെക്കാള്‍ ആവേശത്തിലായിരുന്നു ഈ നേതാവിന്റെ പ്രസംഗം. അത് കൊണ്ടാണ് ഞാനാ സംഭവം ഇപ്പോഴും ഓര്‍ക്കുന്നത്. പാര്‍ട്ടിയുടെ നിലപാടിന് കടകവിരുദ്ധ മായിട്ടാണ് ആ നേതാവ് പ്രസംഗിച്ചത്. മുസ്ലിം സമുദായത്തില്‍ ഉള്‍പ്പെട്ട ആ നേതാവ് തന്റെ മതേതര സ്വഭാവം തെളിയിക്കാന്‍ ഉള്ള വ്യഗ്രത കൊണ്ട് പാര്‍ട്ടിയുടെ നിലപാട് പോലും മറന്നു പോയോ എന്ന് തോന്നിക്കുന്ന വിധമായിരുന്നു മലബാര്‍ കലാപത്തെയും വാരിയം കുന്നനെയും ദുര്‍വ്യാഖ്യാനിച്ചത്.
സഖാക്കളേ, വാരിയന്‍ കുന്നനെ കുറിച്ച് എത്ര സിനിമ പിടിച്ചാലും അത് അധികമാവില്ല. കാരണം ഇന്ത്യ ചരിത്രത്തില്‍ ഏറ്റവും അധികം ദുര്‍വ്യാഖ്യാനിക്കപ്പെട്ട ഒരു സമരചരിത്രമാണ് മലബാര്‍ സമരം. മഹാനായ അംബേദ്കറെ പോലും തെറ്റിദ്ധരിപ്പിക്കാന്‍ ഇത്തരം കുപ്രചരണങ്ങള്‍ക്ക് കഴിഞ്ഞിട്ടുണ്ട്. സാമ്രാജ്യത്വ വിരുദ്ധ സമരങ്ങളുടെ ചരിത്രത്തെ പോലും തുടച്ചു നീക്കാന്‍ കച്ചകെട്ടിയിറങ്ങിയിട്ടുള്ളവര്‍ക്കെതിരെയുള്ള പ്രതിരോധമാവട്ടെ നിങ്ങളുടെ സിനിമകള്‍.
സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പന്ത്രണ്ടാം വര്‍ഷത്തേക്ക് കടക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2024 - 25 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.
The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in