വ്‌ളാദിമിര്‍ പുടിന്റെ യുദ്ധങ്ങള്‍ II
സോവിയറ്റ് സ്വേച്ഛാധിപത്യത്തിന്റെ പ്രതീകങ്ങളെ വീണ്ടും പുനഃസ്ഥാപിച്ചുകൊണ്ടാണ് പുടിന്‍ തന്റെ ഭരണകാലം തുടങ്ങുന്നതു തന്നെ. അത് വരാനിരിക്കുന്ന അടിച്ചമര്‍ത്തലിന്റെ ആദ്യ തുടക്കമായിരുന്നു. പ്രസിഡന്റായി ചുമതലയേറ്റ പുടിന്‍ ആദ്യം ചെയ്ത് കെ.ജി.ബി. ആസ്ഥാനമായ ലുബിയങ്കയില്‍ രാഷ്ട്രീയ വിയോജിപ്പുകളെ അടിച്ചമര്‍ത്താന്‍ ചുമതലപ്പെട്ട കെ.ജി.ബിയ്ക്കുള്ളിലെ പ്രത്യേക ഡയറക്ടേറ്റിനെ വിളിച്ചുചേര്‍ക്കുകയായിരുന്നുവെന്ന് വ്‌ളാദ്മിര്‍ കരമുര്‍സ എഴുതുന്നുണ്ട്.
മൂന്ന്
1999 ഓഗസ്റ്റ് 9-ന് ആക്ടിംഗ് പ്രധാനമന്ത്രിയായി പ്രസിഡന്റ് യെല്‍സിന്‍ പുടിന്റെ പേര് നിര്‍ദ്ദേശിക്കുമ്പോള്‍ ജനങ്ങള്‍ ഭൂരിപക്ഷവും അയാളെക്കുറിച്ച് കേട്ടിട്ടുണ്ടായിരുന്നില്ല. കെ.ജി.ബി ഉദ്യോഗസ്ഥനായും പിന്നീട് കെജിബിയുടെ പ്രധാന ആഭ്യന്തര പിന്‍ഗാമിയായ ഫെഡറല്‍ സെക്യൂരിറ്റി സര്‍വീസി (FSB) ന്റെയും ഡയറക്ടറുമായിരുന്നു അയാള്‍. ഈ സ്ഥാനത്ത് നിന്നാണ് റഷ്യയുടെ ആക്ടിംഗ് പ്രധാനമന്ത്രിയാകുന്നത്. ആ സമയത്ത് നാലോ അഞ്ചോ പ്രധാനമന്ത്രിമാര്‍ മാറി മാറി വന്നിരുന്നതിനാല്‍ ആരും പുടിന്റെ പ്രധാനമന്ത്രിപദത്തിന് അധികം പ്രധാനം നല്‍കിരുന്നില്ല. 1999 ലെ ഡിസംബറില്‍ നടക്കാനിരുന്ന പാര്‍ലമെന്ററി തിരഞ്ഞെടുപ്പിലായിരുന്നു എല്ലാവരുടെയും ശ്രദ്ധ. റഷ്യയിലെ അവസാനത്തെ ദേശീയ പാര്‍ലമെന്റ് തിരഞ്ഞെടുപ്പായിരുന്നു അത്. വ്‌ളാദിമിര്‍ പുടിന്‍ തന്റെ ജീവിതത്തില്‍ മത്സരിച്ച ആദ്യ തെരഞ്ഞെടുപ്പായിരുന്നു അത്. പിന്നീട് സ്വതന്ത്രവും നീതിയുക്തവും ജനാധിപത്യ മാനദണ്ഡങ്ങള്‍ക്ക് അനുസൃതവുമായ ഒരു തിരഞ്ഞെടുപ്പ് റഷ്യയില്‍ സംഭവിച്ചിട്ടില്ല.
രണ്ടുതവണ വിഷപ്രയോഗത്തില്‍നിന്ന് കഷ്ടിച്ച് ജീവന്‍ തിരിച്ചുകിട്ടിയ റഷ്യന്‍ എഴുത്തുകാരനും പത്രപ്രവര്‍ത്തകനും പ്രതിപക്ഷനേതാവുമായ വ്‌ളാദ്മിര്‍ കരമുര്‍സ ഫ്രന്റ്‌ലൈനിലെ ഒരു അഭിമുഖത്തില്‍, പടിപടിയായി പുടിന്‍ എങ്ങനെയാണ് അധികാരം തന്നിലേക്ക് കേന്ദ്രീകരിക്കുന്നത് എന്നതിന്റെ ചരിത്രം വിശദമാക്കുന്നുണ്ട്.
പുടിന്‍ പ്രധാനമന്ത്രിയായി ഏതാനും ആഴ്ചകള്‍ക്കുശേഷം റഷ്യയില്‍ പലയിടത്തും ബോബ് സ്‌ഫോടനങ്ങള്‍ ഉണ്ടായി. മോസ്‌കോയില്‍, ബ്യൂനാക്‌സ്‌കില്‍, വോള്‍ഗോഡോണ്‍സ്‌കില്‍, അപ്പാര്‍ട്ട്‌മെന്റ് കെട്ടിടങ്ങള്‍ തകര്‍ന്നു. 300 ല്‍ പരം സാധാരണക്കാരായ ആളുകള്‍ കൊല്ലപ്പെട്ടു. ആയിരത്തോളം പേര്‍ക്ക് പരിക്കുകള്‍ പറ്റി. ചെചെന്‍ തീവ്രവാദികളാണെന്ന് ഇതിനുപിന്നിലെന്ന് ഉടന്‍ ഔദ്യോഗികമായി പ്രഖ്യാപനം വന്നു.
പുടിന്‍ നിയന്ത്രിക്കുന്ന ഫെഡറല്‍ സ്റ്റേറ്റ് സെക്യൂരിറ്റി സര്‍വീസ് (FSB) തന്നെയാണ് അപാര്‍ട്ട്‌മെന്റ്‌സ്‌ഫോടനങ്ങള്‍ ആസൂത്രണം ചെയ്തത്. പുടിനെ പ്രസിഡന്റ് സ്ഥാനത്തേക്ക് കൊണ്ടുവരാനുള്ള രാഷ്ട്രീയ അന്തരീക്ഷം സൃഷ്ടിക്കുന്നതിനുള്ള ഗൂഢോലോചനയുടെ ഭാഗമായിരുന്നു അതെല്ലാം. പത്രപ്രവര്‍ത്തകരും സ്വതന്ത്ര അന്വേഷണ ഏജന്‍സികളും പിന്നീട് അപാര്‍ട്ട്‌മെന്റ് ബോംബിങ്ങിലെ പി.എസ്.ബിയുടെ പങ്ക് വെളിച്ചത്തുകൊണ്ടുവന്നു.
അപാര്‍ട്ട്‌മെന്റ് ബോംബിങ്ങിനെക്കുറിച്ചുള്ള പാര്‍ലമെന്ററി അന്വേഷണത്തിനായി സ്റ്റേറ്റ് ഡുമ ഡെപ്യൂട്ടി യൂറി ഷ്‌ചെക്കോചിഖിന്‍ അവതരിപ്പിച്ച എല്ലാ പ്രമേയങ്ങളും നിരസിച്ചു. സെര്‍ജി കോവലെവ് അധ്യക്ഷനായ സ്വതന്ത്ര അന്വേഷണ ഏജന്‍സിയുടെ അന്വേഷണങ്ങളോട് പ്രതികരിക്കാന്‍ സര്‍ക്കാര്‍ വിസമ്മതിച്ചു. അധികം താമസിക്കാതെ കോവലെവ് കമ്മീഷനിലെ രണ്ട് പ്രധാന അംഗങ്ങളായ സെര്‍ജി യുഷെങ്കോവ്, യൂറി ഷ്‌ചെക്കോചിഖിന്‍ എന്നിവര്‍ കൊലചെയ്യപ്പെട്ടു. കമ്മീഷന്റെ അഭിഭാഷകനും അന്വേഷകനുമായ മിഖായേല്‍ ട്രെപാഷ്‌കിനെ രഹസ്യങ്ങള്‍ വെളിപ്പെടുത്തിയതിന് അറസ്റ്റു ചെയ്ത് ജയിലിലടച്ചു. മുന്‍ എഫ്എസ്ബി ഏജന്റ് അലക്‌സാണ്ടര്‍ ലിറ്റ്വിനെങ്കോ, ബോംബ് സ്ഫോടനങ്ങള്‍ എഫ്.എസ്.ബി ആസൂത്രണം ചെയ്തതാണെന്ന് വെളിപ്പെടുത്തി. റഷ്യയില്‍നിന്ന് രക്ഷപ്പെട്ട അയാളെ 2006-ല്‍ ലണ്ടനില്‍ വെച്ച് വിഷപ്രയോഗത്തിലൂടെ കൊലപ്പെടുത്തി. ബ്രിട്ടീഷ് അന്വേഷണത്തില്‍ ആ കൊലപാതകം പുടിന്റെ അനുമതിയോടെ നടന്നതാണെന്ന് കണ്ടെത്തി.
ഈ ഗൂഢാലോചനകളൊന്നും പുറത്തുവരുന്നതിനു മുന്‍പ് ഗവണ്‍മെന്റ് പ്രചരണങ്ങളില്‍ വിശ്വസിച്ച്, ചെച്‌നിയന്‍ കുറ്റവാളികള്‍ക്കെതിരെ റഷ്യയില്‍ പൊതുവികാരം ഉണ്ടായി. പുടിന്‍ അവസരം മുതലാക്കി ചെച്‌നിയയില്‍ ബോംബിങ്ങ് ആരംഭിച്ചു. ഡിസംബറില്‍ നടന്ന പാര്‍ലമെന്റ് തിരഞ്ഞെടുപ്പില്‍ പുടിന്‍ വിജയിച്ചത് ചെച്‌നിയയിലെ യുദ്ധത്തിന്റെയും അപ്പാര്‍ട്ട്‌മെന്റ് ബോംബിങ്ങിനെതിരെയുണ്ടായ ജനകീയ ഹിസ്റ്റീരിയയുടെയും പിന്‍ബലത്തിലായിരുന്നു.
ദി ക്രിട്ടിക് ഫേസ് ബുക്ക് പേജ് ലൈക്ക് ചെയ്യുക
സോവിയറ്റ് സ്വേച്ഛാധിപത്യത്തിന്റെ പ്രതീകങ്ങളെ വീണ്ടും പുനഃസ്ഥാപിച്ചുകൊണ്ടാണ് പുടിന്‍ തന്റെ ഭരണകാലം തുടങ്ങുന്നതു തന്നെ. അത് വരാനിരിക്കുന്ന അടിച്ചമര്‍ത്തലിന്റെ ആദ്യ തുടക്കമായിരുന്നു. പ്രസിഡന്റായി ചുമതലയേറ്റ പുടിന്‍ ആദ്യം ചെയ്ത് കെ.ജി.ബി. ആസ്ഥാനമായ ലുബിയങ്കയില്‍ രാഷ്ട്രീയ വിയോജിപ്പുകളെ അടിച്ചമര്‍ത്താന്‍ ചുമതലപ്പെട്ട കെ.ജി.ബിയ്ക്കുള്ളിലെ പ്രത്യേക ഡയറക്ടേറ്റിനെ വിളിച്ചുചേര്‍ക്കുകയായിരുന്നുവെന്ന് വ്‌ളാദ്മിര്‍ കരമുര്‍സ എഴുതുന്നുണ്ട്.
സോവിയറ്റ് യൂണിയനില്‍ വിമത ശബ്ദം ഉയര്‍ത്തുന്നവരെ ശിക്ഷിക്കാന്‍ മനോരോഗ ചിക്തിസാ കേന്ദ്രം നടത്തിയിരുന്നത് കെ.ജി.ബിയുടെ ആ ഡയറക്ടറേറ്റായിരുന്നു. വിയോജിക്കുന്നവരെ മാനസികരോഗികളായി പ്രഖ്യാപിക്കുകയും മാനസിക രോഗാശുപത്രിയില്‍ അടച്ചിടുകയുമാണ് ചെയ്തുപോന്നിരുന്നത്. ഒരാള്‍ സോവിയറ്റ് ഭരണകൂടത്തിന് എതിരാണെങ്കില്‍ അയാള്‍ ഭ്രാന്തനാക്കപ്പെട്ടു എന്നായിരുന്നു അതിന്റെ ഔദ്യോഗിക അര്‍ത്ഥം. രാഷ്ട്രീയതടവുകാരെ ഒറ്റപ്പെടുത്താനും അവരുടെ എതിര്‍പ്പുകളെതന്നെ അപകീര്‍ത്തിപ്പെടുത്താനും ശാരീരികമായും മാനസികമായും തകര്‍ക്കാനും വേണ്ടിയുള്ള പീഡനരൂപമായിരുന്നു മാനസികാരോഗ്യകേന്ദ്രത്തില്‍ അടച്ചിടുകയെന്നത്. സുബോധമുള്ള ഒരു വ്യക്തിയും സോഷ്യലിസത്തിന് എതിരായിരിക്കില്ല എന്നതായിരുന്നു സോവിയറ്റ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടി അതിനു കൊടുത്തിരുന്ന വിശദീകരണം.
റഷ്യയിലെ ഏറ്റവും വലിയ സ്വതന്ത്ര ജനപ്രിയ ടെലിവിഷന്‍ നെറ്റ് വര്‍ക്കായ NTV യുടെ ഓഫീസുകളിലേക്ക് പോലീസിനെ അയച്ചുകൊണ്ടാണ് മാധ്യമ വേട്ട പുടിന്‍ ആരംഭിക്കുന്നത്. പത്രാധിപരിലും ഉടമസ്ഥരിലും കുറ്റം ചുമത്തി അവരെയെല്ലാം തടവറയിലടക്കുന്നു, ന്യൂസ്‌റൂമുകള്‍ ഭരണകൂട നിയന്ത്രണത്തില്‍ കൊണ്ടുവരുന്നു, ഫെഡറല്‍ ടെലിവിഷനുശേഷം, പ്രാദേശിക ടെലിവിഷനുകളിലേക്കും പിന്നീട് അച്ചടി പത്രങ്ങളിലേക്കും അത് നീണ്ടു. സ്വതന്ത്രമായി പ്രവര്‍ത്തിക്കുന്ന എന്തും അത് വിഴുങ്ങാന്‍ തുടങ്ങി. ടെലിവിഷന്‍ ചാനലുകള്‍ ഒന്നുകില്‍ അടച്ചുപൂട്ടുകയോ അല്ലെങ്കില്‍ സര്‍ക്കാര്‍ നിയന്ത്രണത്തിലാക്കുകയോ ചെയ്തു. രാഷ്ട്രീയ വിശകലനവും ആക്ഷേപഹാസ്യവും ടെലിവിഷനില്‍നിന്ന് വേഗംതന്നെ അപ്രത്യക്ഷമായി. 2003ല്‍ ടിവി.എസ് അടച്ചുപൂട്ടിയതോടുകൂടി ആ ദൗത്യം പൂര്‍ത്തിയാക്കി. പുടിന്‍ അടച്ചുപൂട്ടിയ സ്വകാര്യ ഉടമസ്ഥതയിലുള്ള അവസാനത്തെ ടെലിവിഷന്‍ ചാനലായിരുന്നു അത്.
രാഷ്ട്രീയക്കാര്‍ മാത്രമായിരുന്നില്ല പുടിന്റെ ഭീഷണി. 2000-കളുടെ തുടക്കത്തില്‍ റഷ്യയുടെ സമ്പത്തിന്റെ ഭൂരിഭാഗവും ചുരുക്കം ചില ഓളിഗാര്‍ക്കുകളില്‍ കേന്ദ്രീകരിച്ചിരുന്നു. തന്നോട് വിശ്വസ്തത പുലര്‍ത്തുന്നവരെ പുടിന്‍ സംരക്ഷിച്ചു. അല്ലാത്തവര്‍ അറസ്റ്റു ചെയ്യപ്പെടുകയോ, ദുരൂഹമായി കൊലപ്പെടുകയോ ചെയ്തു. ഒരാളെ ഒഴിവാക്കാനുള്ള സാധാരണ മാര്‍ഗ്ഗം അവര്‍ക്കെതിരെ വഞ്ചനാക്കുറ്റം ചുമത്തുക എന്നതായി. ജനാധിപത്യപരിഷ്‌കരണത്തിനുവേണ്ടി പൊതുവേദികളില്‍ സംസാരിച്ചിരുന്ന പുടിന്റെ കഠിന വിമര്‍ശകനായ മുന്‍ റഷ്യന്‍ എണ്ണ വ്യവസായി മിഖായേല്‍ ഖോഡോര്‍കോവ്‌സ്‌കിയ്‌ക്കെയും ബോറിസ് ബെറെസോവ്‌സ്‌കിയെയും വ്യാജ ആരോപണങ്ങള്‍ ആരോപിച്ച് ജയിലിലടച്ചു. ഒന്നുകില്‍ എന്റെ കൂടെ അല്ലെങ്കില്‍ കാരാഗ്രഹവാസമോ നാടുകടത്തലോ; ഇതില്‍ ഏതുവേണമെന്ന് തീരുമാനിച്ചുകൊള്ളാന്‍ റഷ്യയിലെ വന്‍ ബിസിനസ് സമൂഹത്തിനോട് പുടിന്‍ നല്‍കിയ താക്കീതായിരുന്നു ആ അറസ്റ്റുകള്‍.
2004 ല്‍ സെപ്റ്റംബറില്‍ നടന്ന ബെസ്‌ലാനില്‍ മൂന്നു ദിവസം നീണ്ടുനിന്ന സ്‌കൂളില്‍ കുട്ടികളെ ചെച്‌നിയന്‍ ഭീകരര്‍ ബന്ദിയാക്കിയ പ്രതിന്ധിയില്‍ ആധുനിക ആയുധങ്ങളുമുപയോഗിച്ച് സ്‌കൂള്‍ ആക്രമിക്കാന്‍ പുടിന്‍ ഉത്തരവിടുന്നു. റഷ്യയില്‍ സത്യസന്ധമായ റിപ്പോര്‍ട്ടിങ്ങ് ഉണ്ടായിരുന്നെങ്കില്‍ ഇത് സങ്കല്‍പിക്കാന്‍ സാധിക്കാത്ത കാര്യമായിരുന്നു. അന്ന് കൊല്ലപ്പെട്ടതേറെയും സ്‌കൂള്‍ കുട്ടികളായിരുന്നു. ബെസ്‌ലാന്റെ പശ്ചാത്തലത്തില്‍ പുടിന്‍ ഭരണകൂടം കൂടുതല്‍ കരിനിയമങ്ങള്‍ നിര്‍മ്മിച്ചു. റഷ്യയുടെ ഫെഡറല്‍ പ്രതിനിധികളുടെ തലന്മാരെ നേരിട്ട് തിരഞ്ഞെടുക്കുന്നതിന് പകരം അവരെ റഷ്യയുടെ പ്രസിഡന്റ് നിര്‍ദ്ദേശിക്കുക എന്ന നിയമം കൊണ്ടുവന്നു. റഷ്യന്‍ തിരഞ്ഞെടുപ്പ് സമ്പ്രദായം ഭേദഗതി വരുത്തി, നിയമനിര്‍മ്മാതാക്കളെ റഷ്യന്‍ പാര്‍ലമെന്റില്‍നിന്ന് പുറത്താക്കി. സംസ്ഥാന ഡുമ അംഗങ്ങളുടെ തെരഞ്ഞെടുപ്പുകള്‍ ഒഴിവാക്കി. ക്രെംലിന്‍ മാധ്യമങ്ങളുടെ മേലുള്ള നിയന്ത്രണങ്ങളെ കൂടുതല്‍ കൂടുതല്‍ ഏകീകരിച്ചു. സര്‍ക്കാരിതര സംഘടനകളെ നിരോധിക്കുകയോ ഇല്ലാതാക്കുകയോ ചെയ്തു. സ്ഥാനാര്‍ത്ഥി നിര്‍ണ്ണയത്തിലും വോട്ടെണ്ണലിലും കൃത്രിമങ്ങള്‍ നടത്തി. പുടിനോ അയാളുടെ പാര്‍ട്ടിക്കോ എതിരെ മത്സരിക്കുക എന്നത് മിക്കവാറും അസാധ്യമായി. അങ്ങനെ അധികാരത്തിന്റെ കേന്ദ്രീകരണം സമ്പൂര്‍ണ്ണമായി. പാര്‍ലമെന്റ് ഒരു റബ്ബര്‍ സ്റ്റാബ് മാത്രമായി. റഷ്യന്‍ പാര്‍ലമെന്റില്‍ പുടിന്റെ സഹകാരിയും സ്പീക്കറുമായിരുന്ന ബോറിസ് ഗ്രിസ്‌ലോവ് ‘പാര്‍ലമെന്റ് ചര്‍ച്ചയ്ക്കുള്ള സ്ഥലമല്ല’ എന്ന് പ്രഖ്യാപിച്ചു. പുടിന്‍ കാലഘട്ടത്തിലെ രാഷ്ട്രീയത്തെ നിര്‍വചിക്കുന്ന ഉദ്ധരണിയായി വ്‌ളാദിമിര്‍ കരമുര്‍സ ആ പ്രഖ്യാപനത്തെ ചൂണ്ടിക്കാട്ടുന്നു.
2000 കളുടെ തുടക്കം മുതല്‍ പുടിന്‍ റഷ്യയില്‍ തന്റെ അധികാരം ഉറപ്പിച്ച രീതിയ്ക്ക് 1920 -കളുടെ തുടക്കത്തില്‍ മുസ്സോളിനി ഇറ്റലിയില്‍ തന്റെ അധികാരം ഉറപ്പിച്ച രീതികളോട് സാമ്യമുണ്ടെന്ന് The New TSAR: The Rise and Reign of Vladimir Putin എന്ന പുസ്തകത്തില്‍ സ്റ്റീവന്‍ ലീമയര്‍സ് അഭിപ്രായപ്പെടുന്നു. കോഴിയുടെ കൂവല്‍ കുറയ്ക്കാന്‍ തൂവലുകള്‍ ഒന്നൊന്നായി പറിച്ചെടുക്കണമെന്നതായിരുന്നു മുസ്സോളിനിയുടെ ഉപദേശം. ക്രമാനുഗതമായി, ശ്രദ്ധാപൂര്‍വ്വം ഘട്ടംഘട്ടമായി മുസ്സോളിനിയെപോലെ പുടിനും റഷ്യയിലത് നടപ്പിലാക്കി.
തെരഞ്ഞെടുപ്പിലെ കൃത്രിമം ആദ്യമായിരുന്നില്ല. പല തവണ അതൊക്കെ സംഭവിച്ചു. പക്ഷേ, 2011-ല്‍ നടന്ന പാര്‍ലമെന്റ് തിരഞ്ഞെടുപ്പ് ഇന്റര്‍നെറ്റിന്റെയും സോഷ്യല്‍ മീഡിയയുടെയും കാലമായതുകൊണ്ട് പല കൃത്രിമങ്ങളും പുറത്തുവന്നു. പതിനായരക്കണക്കിന് റഷ്യക്കാര്‍ പ്രതിഷേധവുമായി തെരുവിലിറങ്ങി. 1991 ആഗസ്റ്റിലെ ജനാധിപത്യ വിപ്ലവത്തിനുശേഷം മോസ്‌കോയില്‍ നടന്ന ഏറ്റവും വലിയ പ്രകടനങ്ങളായിരുന്നു അവ. പ്രതിഷേധക്കാര്‍ തിരഞ്ഞെടുപ്പ് ഫലങ്ങള്‍ അസാധുവാക്കണമെന്ന് ആവശ്യമുന്നയിച്ചു. യുക്രൈനിലും ജോര്‍ജിയയിലും കിര്‍ഖിസ്ഥാനിലും ഉണ്ടായ വര്‍ണ്ണവിപ്ലവങ്ങള്‍ റഷ്യയിലും ഉണ്ടാകുമോ എന്ന് ഭയന്ന് തനിക്കും യൂണൈറ്റഡ് റഷ്യ പാര്‍ട്ടിക്കും വിശ്വസ്തരായ നിരവധി അര്‍ദ്ധസൈനിക ട്രൂപ്പുകളെ പുടിന്‍ സംഘടിപ്പിച്ചു. 80 കളുടെ അവസാനത്തില്‍ കിഴക്കന്‍ ജര്‍മ്മനിയില്‍, ബര്‍ലിന്‍ മതില്‍ തകര്‍ന്നുവീഴുന്ന വിപ്ലവം പുടിന്‍ കണ്ടിട്ടുണ്ട്. 1991 ല്‍ യു.എസ്.എസ്.ആര്‍ ഇല്ലാതാകുന്ന ജനാധിപത്യവിപ്ലവവും കണ്ടിട്ടുണ്ട്. മുന്‍ കമ്മ്യൂണിസ്റ്റ് രാജ്യങ്ങളായ സെര്‍ബിയ ജോര്‍ജിയ, ഉക്രെന്‍ പോലുള്ള രാജ്യങ്ങളിലെ ഏകാധിപത്യരീതികളുള്ള അഴിമതിക്കാരായ ഭരണാധികാരികളെ ജനങ്ങള്‍ എങ്ങനെയാണ് തൂത്തെറിഞ്ഞതെന്ന് അയാള്‍ കണ്ടിട്ടുള്ളതാണ്. പ്രതിഷേധങ്ങളെ എങ്ങനെ നേരിടണമെന്ന് അയാള്‍ പഠിച്ചുവെച്ചിരുന്നു. അതുകൊണ്ട് എല്ലാ പ്രതിഷേധങ്ങളെയും എത്രമാത്രം അടിച്ചമര്‍ത്താനാകുമോ അതൊക്കെ ചെയ്തു. പ്രതിഷേധത്തിനിറങ്ങിയവരില്‍ പലരും ജയിലിലായി. കൂടുതല്‍ അറസ്റ്റുകള്‍, കൂടുതല്‍ നിരീക്ഷണങ്ങള്‍…
പ്രതിപക്ഷ നേതാവായിരുന്ന അലക്‌സി നവല്‍നി പുടിന്റെ അഴിമതികള്‍ വെളിപ്പെടുത്തുന്ന വീഡിയോകള്‍ നിരന്തരം ഇന്റര്‍നെറ്റ് വഴി പ്രചരിപ്പിച്ചു, ആന്റ്ി കറപ്ഷന്‍ ഫൗണ്ടേഷന്‍ രൂപീകരിച്ചു. പുടിന്റെ വിശ്വസ്തരായ ഓളിഗാര്‍ക്കുകളുടെ അഴിമതി നിറഞ്ഞ ഓയില്‍ പദ്ധതികള്‍, ഭൂമി ഇടപാടുകള്‍, സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള ബാങ്കുകളിലെ തട്ടിപ്പുകള്‍ എന്നിവയെക്കുറിച്ചുള്ള അന്വേഷണ റിപ്പോര്‍ട്ടുകള്‍ പ്രസിദ്ധീകരിച്ചു. ബിനാമി സ്വത്തുക്കളുടെ വിവരങ്ങളും ഫെഡറല്‍ സെക്യൂരിറ്റി സര്‍വീസിന്റെ അധികാരപരിധിയിലുള്ള കേപ്പ് ഇഡോകോപാസിലെ പുടിന്റെ സ്വകാര്യ കൊട്ടാരത്തെക്കുറിച്ചുള്ള വിവരങ്ങളും വെളിച്ചത്തുകൊണ്ടുവന്ന ജൗശേി’ െജമഹമരല എന്ന ഡോക്യുമെന്ററി അവതരിപ്പിച്ചു.
2020 ഓഗസ്റ്റ് 19ന് സൈബീരിയയില്‍ ഒരു പ്രചരണ വീഡിയോ ഷൂട്ട് ചെയ്തശേഷം മോസ്‌കോയിലേക്ക് വിമാനം കയറിയ നവല്‍നി വിമാനത്തില്‍ കുഴഞ്ഞുവീണു. 1970 കളില്‍ സോവിയറ്റ് യൂണിയന്‍ വികസിപ്പിച്ച നോവിചോക്ക് എന്ന ഉഗ്രവിഷമുള്ള നെര്‍വ് ഏജന്റ് വിഷമാണ് അദ്ദേഹത്തിനെതിരെ പ്രയോഗിക്കപ്പെട്ടത്. മുന്‍ ചാരനായിരുന്ന സെര്‍ജി സ്‌കിര്‍പാലിനെതിരെ 2018 ല്‍ ഉപയോഗിച്ചതും ഇതേ വിഷം തന്നെയായിരുന്നു. നവല്‍നി ജര്‍മ്മനിയിലെ ചികിത്സകഴിഞ്ഞ് 2021 ജനുവരിയില്‍ മടങ്ങിയെത്തിയ ഉടനെ അറസ്റ്റ് ചെയ്ത് ജയിലിലടച്ചു. 2022 മാര്‍ച്ചില്‍ വീണ്ടും ഒരു വ്യാജ വിചാരണയുണ്ടാക്കി ഒമ്പത് വര്‍ഷത്തേക്കുകൂടി തടവിലാക്കി.
പുടിന്റെ നിശിതവിമര്‍ശകനും റഷ്യന്‍ ശാസ്ത്രകാരനും ലിബറല്‍ രാഷ്ട്രീയക്കാരനും യങ്ങ് റഷ്യ മൂവ്‌മെന്റിന്റെ സ്ഥാപകനുമായ ബോറിസ് നെംത്‌സോവ്, 2015 ഫെബ്രുവരി 27 ന് ക്രൈംലിനടുത്തുവെച്ച് വെടിയേറ്റ് കൊല്ലപ്പെടുന്നു. പുടിന്റെ സൈനിക ഇടപെടലിനെതിരെയും അഴിമതികള്‍ക്കെതിരെയും നെംത്‌സോവ് സംഘടിപ്പിക്കുന്ന റാലി, മോസ്‌കോയില്‍ നടക്കാനിരിക്കുന്നതിന്റെ രണ്ടു ദിവസം മുന്‍പാണയാള്‍ കൊല്ലപ്പെടുന്നത്. നെംത്‌സോവിന്റെതായ എല്ലാ രേഖകളും കമ്പ്യൂട്ടര്‍ ഹാര്‍ഡ് ഡ്രൈവുകളും പോലീസ് പിടിച്ചെടുത്തു. ശേഖരിച്ച എല്ലാ തെളിവുകളും നശിപ്പിക്കുകയായിരുന്നു ലക്ഷ്യം. നെതര്‍ലന്റ് ആസ്ഥാനമായ സ്വതന്ത്ര അന്വേഷണ ഏജന്‍സിയായ ബെല്ലിംഗ്കാറ്റിന്റെ അന്വേഷണം എഫ്.എസ്.ബി. തന്നെയാണ് വധത്തിനു പിന്നിലെന്ന് വ്യക്തമാക്കുന്നന്നു. എഴുത്തുകാരനും കവിയും പത്രപ്രവര്‍ത്തകനുമായ ദിമിത്രി ബൈക്കോവവിനുനേരെയുള്ള വിഷപ്രയോഗത്തിന്റെ പിന്നിലും എഫ്.എസ്.ബിയായിരുന്നു.
റഷ്യയില്‍ കൊല്ലപ്പെടുന്ന ആദ്യത്തെ പ്രതിപക്ഷ നേതാവല്ല നെംത്സോവ്. അന്ന പൊളിറ്റ്കോവ്സ്‌കയയും അനസ്താസിയ ബാബുറോവയും ഉള്‍പ്പെടെയുള്ള പത്രപ്രവര്‍ത്തകരും മനുഷ്യാവകാശ പ്രവര്‍ത്തകരായ സ്റ്റാനിസ്ലാവ് മാര്‍ക്കെലോവ്, നതാലിയ എസ്റ്റെമിറോവ എന്നിവരും കൊല്ലചെയ്യപ്പെട്ടു. ഗലീന സ്റ്റാറോവോയ്റ്റോവയും സെര്‍ജി യുഷെങ്കോവും ഉള്‍പ്പെടെയുള്ള പ്രതിപക്ഷ രാഷ്ട്രീയക്കാരും കൊല്ലപ്പെടുന്നു. പുടിന്റെ വിമര്‍ശകരെല്ലാം ഒന്നുകില്‍ കൊലചെയ്യപ്പെടുകയോ, നാടുകടത്തപ്പെടുകയോ, വിഷപ്രയോഗത്തിന് ഇരയാക്കപ്പെടുകയോ ചെയ്തു. അതിനകം സമ്പൂര്‍ണ്ണ സ്വേച്ഛാധിപത്യ ഭരണത്തിന്റെ പശ്ചാത്തലം റഷ്യയില്‍ വീണ്ടും രൂപംകൊണ്ടിരുന്നു.
നാല്
വ്‌ളാദിമിര്‍ പുടിന്റെ രാഷ്ട്രീയ പ്രത്യയശാസ്ത്രത്തെയും സാമൂഹിക സമ്പ്രദായങ്ങളെയും വിവരിക്കാന്‍ രാഷ്ട്രീയ ചിന്തകര്‍ ഉപയോഗിക്കുന്ന ഒരു പദമാണ് റാഷിസം (Rashism). റഷ്യന്‍ സൈനിക വിപുലീകരണത്തിന്റെ പ്രത്യയശാസ്ത്രത്തെ സൂചിപ്പിക്കാനും ഇത് ഉപയോഗിക്കുന്നു, കൂടാതെ ഒരു ജനാധിപത്യവിരുദ്ധ വ്യവസ്ഥയെയും ദേശീയതയെയും അള്‍ട്രാനാഷണലിസവും വ്യക്തിത്വത്തിന്റെ ആരാധനയും കലര്‍ന്ന ദേശീയ ആരാധനയെ വിവരിക്കുന്നതിനുള്ള ഒരു ലേബലായും ഇത് ഉപയോഗിക്കുന്നു. വേറൊരുതരത്തില്‍ പഴയ സ്റ്റാലിനിസ്റ്റ് സോവിയറ്റ് സാമ്രാജ്യത്വത്തിന്റെ വിപുലീകരണവാദത്തിന്റെ പേരാണ് റാഷിസം.
2021 ജൂലൈയില്‍ പുടിന്‍ പ്രസിദ്ധീകരിച്ച ‘റഷ്യക്കാരുടെയും യുക്രൈനിയക്കാരുടെയും ചരിത്രപരമായ ഐക്യത്തെക്കുറിച്ച്’ എന്ന ലേഖനത്തില്‍ റഷ്യക്കാരും യുക്രൈനിയക്കാരും ‘ഒരു ജനത’ ആണെന്ന് എഴുതി. യുക്രൈന്‍ ഒരു യഥാര്‍ത്ഥ രാജ്യമല്ല, അടിസ്ഥാനപരമായി റഷ്യന്‍ ആണെന്നായിരുന്നു വാദങ്ങള്‍. ചരിത്രമായി ബന്ധമൊന്നുമില്ലാത്ത ഭാവനയായിരുന്നു ആ വാദങ്ങളെല്ലാം. യുക്രൈന്‍ ദേശീയത റഷ്യന്‍, ബെലാറഷ്യന്‍ ദേശീയതയുടെ അവിഭാജ്യ ഘടകമായിരുന്നു എന്നും യുക്രൈനിയക്കാരും ബെലാറഷ്യക്കാരും ഒരു പൊതു പൈതൃകം പങ്കിടുന്നു എന്നും പുടിന്‍ എഴുതുന്നു. ആധുനിക ബെലാറസ്, യുക്രൈന്‍, റഷ്യയുടെ ചില ഭാഗങ്ങള്‍ എന്നിവിടങ്ങളിലായി സ്ഥിതി ചെയ്തിരുന്ന, ഒമ്പതാം നൂറ്റാണ്ടുമുതല്‍ 13 മൂന്നാം നൂറ്റാണ്ടുവരെ നിലനിന്ന കീവന്‍ റസ് എന്നറിയപ്പെടുന്ന മധ്യകാല രാഷ്ട്രീയ ഫെഡറേഷനെയാണ് ഈ പൊതുപൈതൃകത്തിന്റെ മാതൃകയായി പുടിന്‍ അവതരിപ്പിക്കുന്നത്.
കീവ് കേന്ദ്രീകരിച്ച് ഒരു സാംസ്‌കാരിക നഗരം തന്നെ രൂപപ്പെടുന്ന ഘട്ടത്തില്‍ മോസ്‌കോ ഒരു ചെറു ഗ്രാമം മാത്രമായിരുന്നു എന്ന് യുവാല്‍ നോഹ ഹരാരി യുക്രൈനെക്കുറിച്ചുള്ള പ്രസംഗത്തില്‍ സൂചിപ്പിക്കുന്നു. ‘ഈ മൂന്ന് സ്ലാവിക് ജനതയുടെ പൈതൃകത്തില്‍നിന്നോ ഈ അയഞ്ഞ നദീജല കോണ്‍ഫെഡറേഷനില്‍ നിന്നോ യുക്രൈനിയന്‍ സ്റ്റേറ്റിലേക്ക് തുടര്‍ച്ചയായ ഒരു രേഖയും കണ്ടെത്താനാവില്ല എന്നതുപോലെ റഷ്യന്‍ ഭരണകൂടത്തിലേക്കും തുടര്‍ച്ചയായി ഒരു രേഖയും നിങ്ങള്‍ക്ക് കണ്ടെത്താനാവില്ല.’ എന്ന് ചരിത്രകാരനായ ‘ഇഹീലെൃ ീേ വേല ങമലൈ:െ ടമേഹശിശേെ ഈഹൗേൃല, ടീരശമഹ ഞല്ീഹൗശേീി, മിറ ടീ്ശല േചലംുെമുലൃ’െ എന്ന ഗ്രന്ഥമെഴുതിയ മാത്യു ലെനോയ് എഴുതുന്നു.
ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഹിസ്റ്ററി ഓഫ് യുക്രൈനിന്റെ അഭിപ്രായത്തില്‍, ഈ ലേഖനം റഷ്യന്‍ സാമ്രാജ്യത്തിന്റെ ചരിത്രപരമായ വീക്ഷണങ്ങളെ പ്രതിനിധീകരിക്കുന്നു, യുക്രൈനിയന്‍ വേള്‍ഡ് കോണ്‍ഗ്രസ്, യുക്രൈന്‍ ‘ഒരു രാജ്യമല്ല’ എന്ന പുടിന്റെ വീക്ഷണത്തെ ജോസഫ് സ്റ്റാലിന്റെ വീക്ഷണവുമായി താരതമ്യം ചെയ്യുന്നു. ഹോളോഡോമോര്‍ അനലിറ്റിക്സ് പ്ലാറ്റ്ഫോമായ ഢീഃ ഡസൃമശില ഇതിനെ ‘ചരിത്രപരമായ മിഥ്യകളുടെയും ക്രിമിയയെയും ഡോണ്‍ബാസിനെയും കുറിച്ചുള്ള നുണകളുടെയും യുക്രൈനിയന്‍ സാമ്പത്തിക ഡാറ്റയിലെ കൃത്രിമത്വത്തിന്റെയും മിശ്രിതമായി വിശേഷിപ്പിച്ചു.
ദി ക്രിട്ടിക് യു ട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
ഡോണ്‍ബാസില്‍ റഷ്യന്‍ ഭാഷ സംസാരിക്കുന്നവരെ യുക്രൈന്‍ വംശഹത്യ ചെയ്യുന്നു എന്ന വ്യാജ ആരോപണമാണ് യുക്രൈന്‍ ആക്രമണത്തിന് പുടിന്‍ ഉപയോഗിച്ചത്. സുഡെറ്റെന്‍ലാന്‍ഡില്‍ ജര്‍മ്മന്‍ ഭാഷ സംസാരിക്കുന്നവര്‍ക്കെതിരെ വിവേചനമുണ്ടെന്ന അടിസ്ഥാനരഹിതമായ ആരോപണമായിരുന്നു ആ പ്രദേശം പിടിച്ചെടുക്കുന്നതിനുള്ള കാരണമായി ഹിറ്റ്‌ലര്‍ ഉന്നയിച്ചത്. 2022 ഫെബ്രുവരി 21 ന് നടത്തിയ പ്രസംഗത്തില്‍ പുടിന്‍ പറഞ്ഞത്, ‘ആധുനിക യുക്രൈന്‍ പൂര്‍ണ്ണമായും സൃഷ്ടിച്ചത് ബോള്‍ഷെവിക്, കമ്മ്യൂണിസ്റ്റ് റഷ്യയാണ്’ എന്നാണ്. ചരിത്രത്തെ തന്നെ തിരുത്തിയെഴുതുന്നതാണിത്.
ഹിറ്റ്ലറുടെ സുഡെറ്റെന്‍ലാന്‍ഡ് പ്രസംഗത്തിന്റെ പ്രതിരൂപമായി പുടിന്റെ പ്രസംഗത്തെ പല രാഷ്ട്രനേതാക്കളും വിശേഷിപ്പിക്കുന്നു. ചെക്കോസ്ലോവാക്യയുടെ വിഭജനത്തെ ന്യായീകരിക്കുന്ന ഹിറ്റ്ലറുടെ 1938-ലെ വാചാടോപത്തോട് സമാനമാണിതെന്ന് എസ്‌തോണിയയുടെ മുന്‍ പ്രസിഡന്റ് ടൂമസ് ഹെന്‍ഡ്രിക് ഇല്‍വസ് ഇതിനെ ഉപമിച്ചു. യുണൈറ്റഡ് നേഷന്‍സിലെ ഉക്രെയ്‌നിന്റെ പ്രതിനിധി സെര്‍ജി കിസ്ലിറ്റ്സ് അഭിപ്രായപ്പെട്ടത് ‘ഒരു ജനതയെക്കുറിച്ചുള്ള കെട്ടുകഥകള്‍ ഡോണ്‍ബാസ് യുദ്ധക്കളത്തില്‍ നിരാകരിക്കപ്പെട്ടു’ എന്നാണ്.
കാര്‍നെഗീ എന്‍ഡോവ്‌മെന്റ് ഫോര്‍ ഇന്റര്‍നാഷണല്‍ പീസ് ഈ ലേഖനത്തെ ‘ഉക്രൈന്‍ ആക്രമിക്കുന്നതിനുള്ള ചരിത്രപരവും രാഷ്ട്രീയവും സുരക്ഷിതവുമായ പ്രവചനം’ എന്നാണ് വിശേഷിപ്പിച്ചത്. സ്റ്റോക്ക്‌ഹോം ഫ്രീ വേള്‍ഡ് ഫോറത്തിന്റെ സീനിയര്‍ ഫെലോ ആന്‍ഡേഴ്സ് അസ്ലണ്ട് എഴുതിയത് ‘യുദ്ധ പ്രഖ്യാപനത്തിന്റെ ആദ്യപടി’ എന്നാണ്. പുടിന്റെ ആശയങ്ങളെ ‘ചരിത്രം പിന്നിട്ടസാമ്രാജ്യത്വവാദങ്ങള്‍’ എന്ന് ചരിത്രകാരനായ തിമോത്തി സ്‌നൈഡര്‍ വിശേഷിപ്പിച്ചത്. ബ്രിട്ടീഷ് പത്രപ്രവര്‍ത്തകന്‍ എഡ്വേര്‍ഡ് ലൂക്കാസ് ‘സാമ്രാജ്യത്വ സ്ഥാപനത്തിന്റെ പുനരവലോകനം’ എന്നെഴുതി.
അവകാശവാദങ്ങളുടെ തുടര്‍ച്ചയായി യുക്രൈന്‍ നാറ്റോയില്‍ അംഗമാകുന്നതിനെ തടയാനായി യു.എസും നാറ്റോയും നിയമപരമായ ഒരു ഉടമ്പടി ഉണ്ടാക്കണമെന്ന ആവശ്യമുന്നയിച്ചു. നാറ്റോയുടെ കിഴക്കന്‍ യൂറോപ്യന്‍ അംഗരാജ്യങ്ങളില്‍ നിന്ന് ബഹുരാഷ്ട്ര സൈന്യത്തെ നീക്കാനും നിയമപരമായി ബാധ്യതയുള്ള ഒരു ക്രമീകരണത്തില്‍ ഏര്‍പ്പെടണമെന്നും റഷ്യ ആവശ്യപ്പെട്ടു.
യുക്രൈനിയ റഷ്യയെ ആക്രമിക്കുമെന്ന പുടിന്റെ കെട്ടിച്ചമച്ച അട്ടിമറികഥകള്‍, പോളണ്ട് ആക്രമിക്കുന്നതിനു മുന്‍പ് പോളിഷ് പൗരന്മാര്‍ ജര്‍മ്മനിയിലെ ഒരു റേഡിയോ ബ്രോഡ്കാസ്റ്റ് സ്‌റ്റേഷന്‍ ആക്രമിച്ചുവെന്ന നാസികളുടെ നുണകഥയ്ക്കു സമാനമാണ്. പുടിന്റെ ‘നിയോ നാസി’ വാദം എത്രമാത്രം അസംബന്ധമാണെന്ന് നേരത്തെ സൂചിപ്പിച്ചു. പക്ഷെ, അതൊരു അസംബന്ധം മാത്രമല്ല, തന്ത്രം കൂടിയാണ്. യുക്രൈന്‍ സര്‍ക്കാരിനെ നശിപ്പിക്കാന്‍ പുടന്‍ ആഗ്രഹിക്കുന്നു. അദ്ദേഹത്തിന് ഒരു കാരണം മാത്രമേ ആവശ്യമുള്ളൂ. ‘പുടിന്‍ ആരംഭിച്ച യുദ്ധം സാങ്കല്‍പ്പിക നാസികളുമായിട്ടല്ല, മറിച്ച് യുക്രൈനിയക്കാര്‍, റഷ്യക്കാര്‍, ജൂതന്മാര്‍, വിവിധ ദേശീയതകള്‍ എന്നിവരടങ്ങുന്ന ഒരു രാജ്യത്തിനെതിരാണ്’ എന്നാണ് നാടുകടത്തപ്പെട്ട മിഖായേല്‍ ഖോഡോര്‍കോവ്‌സ്‌കി പറയുന്നത്.
യൂറോപ്യന്‍ ജൂതന്മാരെ കൂട്ടകൊല ചെയ്യാന്‍ തീരുമാനിച്ച വാന്‍സീ കോണ്‍ഫറന്‍സ് രഹസ്യമായി തുടരാന്‍ ഹിറ്റ്‌ലര്‍ ഉത്തരവിട്ടു. പുടിനാകട്ടെ ലോക മാധ്യമങ്ങളെയും നയന്ത്രജ്ഞരെയും മുന്‍നിരയില്‍ ഇരുത്തി ഒരു സ്വതന്ത്ര രാജ്യവും സംസ്‌കാരവും ഇല്ലാതാക്കുക എന്ന തന്റെ ലക്ഷ്യം ആസൂത്രണം ചെയ്തു. 1930 കളിലും രണ്ടാം ലോകയുദ്ധകാലത്തും ജര്‍മ്മനിയിലും യൂറോപ്പിലുടനീളവും ജൂതന്മാര്‍ക്കും മറ്റുള്ളവര്‍ക്കും എതിരെയുള്ള അതിക്രമങ്ങളെ ന്യായീകരിക്കാനും നടപ്പിലാക്കാനും ഹിറ്റ്‌ലര്‍ ഉപയോഗിച്ച അതേ വികൃതമായ വാചാടോപ തന്ത്രങ്ങളാണ് പുടിന്റെ ഡിനാസിഫിക്കേഷന്‍ ഭാഷതന്നെ.
സോവറിന്‍ സ്‌റ്റേറ്റിന്റെ പ്രാഥമിക അര്‍ത്ഥം ഒരു രാജ്യത്തിന്റെ ഭാവി എന്താവണമെന്ന് തീരുമാനിക്കാനുള്ള അവകാശം ആ രാജ്യത്തിന് ഉണ്ട് എന്നാണ്. യു.എന്‍.ചാര്‍ട്ടറുകളിലും ഹെല്‍സിങ്കി ഉടമ്പടികളിലും അത് രേഖപ്പെടുത്തിവെച്ചിട്ടുണ്ട്. ഏത് ക്ലബില്‍ ചേരണം ചേരണ്ട എന്ന് തീരുമാനിക്കാനുള്ള അവകാശം ആ രാജ്യത്തിന്റേതു മാത്രമാണ്. ആ തീരുമാനം അംഗീകരിച്ചാലും ഇല്ലെങ്കിലും മറ്റൊരു രാജ്യം ഇടപെടാതിരിക്കുക എന്നതാണ് രാഷ്ട്രങ്ങള്‍ തമ്മില്‍ ഇന്ന് നിലവിലുള്ള ജനാധിപത്യത്തിന്റെ പ്രാഥമിക തത്വം. രാജ്യങ്ങളുടെ സ്വയം ഭരണം അംഗീകരിക്കാതിരിക്കുന്നതും യുദ്ധം ചെയ്ത് അതിര്‍ത്തികള്‍ കൂട്ടിച്ചേര്‍ക്കുന്നതും പാവ ഭരണാധികാരികളെ പ്രതിഷ്ഠിക്കുന്നതുമെല്ലാം നാം പിന്നിട്ട ചരിത്രഘട്ടങ്ങളാണ്. മനുഷ്യസമൂഹം ഒരുപാട് രക്തം ഒഴുക്കിയിട്ടാണ് രാജ്യങ്ങള്‍ തമ്മിലുള്ള ജനാധിപത്യത്തിന്റെ പ്രാഥമിക രൂപമെങ്കിലും ആര്‍ജിച്ചെടുത്തത്. നാം ജീവിക്കുന്ന വര്‍ത്തമാനകാലത്തെ നീതിയാണ് ഇന്നത്തെ നീതിയുടെ അളവുകോലാകേണ്ടത്. പഴയപോലെതന്നെ വലിയവന് ചെറിയവനെ ഭരിക്കാന്‍ കഴിയുന്ന ലോകത്തുനിന്ന് കുറെയെല്ലാം മനുഷ്യസമൂഹം പരിണമിച്ചു. എത്ര പരിമിതികളുണ്ടെങ്കിലും, വന്‍ശക്തികള്‍ നിരന്തരം ലംഘിക്കുന്നുണ്ടെങ്കിലും നിയമങ്ങളെ അടിസ്ഥാനപ്പെടുത്തിയിട്ടുള്ള ഒരു അന്താരാഷ്ട്ര ക്രമം രൂപപ്പെട്ടിട്ടുണ്ട്. പക്ഷേ, പുടിന്റെ ന്യായീകരണങ്ങളെല്ലാം ആ പഴയ കൊളോണിയല്‍ ന്യായങ്ങള്‍ മാത്രമാണ്. രണ്ടാം ലോകയുദ്ധത്തിനുശേഷം അഭ്യന്തരയുദ്ധങ്ങളും സൈനിക ഇടപെടലുകളും ഉണ്ടായിട്ടുണ്ടെങ്കിലും ഒരു രാജ്യം മറ്റൊരു രാജ്യത്തെ ആക്രമിച്ച് കൂട്ടിച്ചേര്‍ക്കുന്നത് ആദ്യമാണ്.
ബ്രിട്ടനെ കീഴടക്കുന്നതില്‍ പരാജയം സംഭവിച്ചപ്പോള്‍ തന്നെ ഹിറ്റ്‌ലറുടെ ജനറല്‍മാര്‍ക്ക് അറിയാമായിരുന്നു അവര്‍ വിജയിക്കാന്‍ പോകില്ലെന്ന്. പക്ഷേ, ദശലക്ഷക്കണക്കിന് ആളുകളുടെ മരണവും ഹോളോകോസ്റ്റും ഭയാനകമായ നാശനഷ്ടങ്ങളും സംഭവിച്ചുകഴിഞ്ഞിരുന്നു. കീവ് പിടിച്ചെടുക്കാനുള്ള ശ്രമം പരാജയപ്പെട്ടപ്പോള്‍ പുടിന്റെ ജനറല്‍മാരും തങ്ങളും വിജയിക്കാന്‍ പോകില്ലെന്ന് അറിഞ്ഞിരിക്കാം. പക്ഷേ, പതിനായിരങ്ങളുടെ മരണവും നാശനഷ്ടങ്ങളും അവരുണ്ടാക്കി, എട്ട് മില്യനടുത്ത് ആളുകള്‍ പലായനം ചെയ്തു.
ശീതയുദ്ധം അവസാനിച്ചപ്പോള്‍ ലോകം ആഘോഷിച്ചു. എന്നാല്‍ അത് നല്ലതാണെന്ന് പുടിന്‍ കരുതിയില്ല. 2007-ല്‍ മ്യൂണിച്ച് സെക്യുരിറ്റി കോണ്‍ഫറന്‍സില്‍ അയാള്‍ അത് വ്യക്തമാക്കി. വാഷിഗ്ടണിലും മോസ്‌കോയിലും രണ്ടു അധികാര കേന്ദ്രങ്ങള്‍ ഉള്ള ബൈപോളാര്‍ ലോകമാണ് താനിഷ്ടപ്പെടുന്നതെന്ന് പുടിന്‍ വ്യക്തമാക്കി. 2012 മുതല്‍ പുടിന്‍ വിഭാവന ചെയ്യുന്നത് പഴയ സോവിയറ്റ് സാമ്രാജ്യത്വത്തെ വീണ്ടെടുക്കലാണ്. ആ ഭാവനയില്‍ ഉക്രൈന് അതിര്‍ത്തികളില്ല. സ്വതന്ത്രമായ ഒരു രാഷ്ട്രമെന്ന നിലയിലുള്ള അസ്തിത്വം പോലും ഇല്ല.
തുടരും…..
also read
സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പന്ത്രണ്ടാം വര്‍ഷത്തേക്ക് കടക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2024 - 25 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.
The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in