ഈ അഭയാര്‍ത്ഥികള്‍ നിങ്ങള്‍ക്കു മാപ്പുതരില്ല സര്‍
നഗരചേരികളിലെ വൃത്തിഹീനമായ അവസ്ഥയില്‍ ജീവിച്ച ഇവരില്‍ എത്രയോ മാറാരോഗങ്ങള്‍ക്ക് അടിമപ്പെട്ട് മരണപ്പെട്ടിരുന്നു. അന്നൊന്നും അവ വാര്‍ത്തപോലുമായില്ല. ഇപ്പോഴിതാ നോട്ടുനിരോധനം പോലെ തന്നെ മൂന്നു മണിക്കൂര്‍ സമയം മാത്രം നല്‍കി നാടു കൊട്ടിയടച്ചു. പാരതന്ത്ര്യത്തിന്റെ മറ്റൊരു അര്‍ദ്ധരാത്രി. എന്നിട്ടിവരോട് എവിടെയാണോ അവിടെ നില്‍ക്കാന്‍. എല്ലാം നല്‍കുമെന്ന്. ദശകങ്ങളുടെ അനുഭവമുള്ളവര്‍ അതു വിശ്വസിക്കുമോ?
രാജ്യത്തെ ലോക്ക് ഡൗണ്‍ കാരണം ജനങ്ങള്‍ക്കുണ്ടായ ബുദ്ധിമുട്ടില്‍ പ്രധാനമന്ത്രി ക്ഷമ ചോദിച്ചിരിക്കുന്നു. മന്‍ കി ബാതിലൂടെയാണ് ക്ഷമാപണം. ‘ ‘കഠിനമായ നടപടികള്‍ നിങ്ങളുടെ ജീവിതത്തിലെ ബുദ്ധിമുട്ടുകള്‍ ഉണ്ടാക്കി, പ്രത്യേകിച്ച് ദരിദ്രരുടെ. നിങ്ങളില്‍ ചിലര്‍ എന്നോട് ദേഷ്യപ്പെടുമെന്ന് എനിക്കറിയാം. എന്നാലും നിങ്ങളോട് ഞാന്‍ ക്ഷമ ചോദിക്കുകയാണ്. കൊവിഡിനെതിരായ യുദ്ധത്തില്‍ വിജയിക്കാന്‍ ഈ കടുത്ത നടപടികള്‍ ആവശ്യമാണ്’ എന്നിങ്ങനെയാണ് ക്ഷമാപണം. കേള്‍ക്കുമ്പോള്‍ ആത്മാര്‍ത്ഥം തന്നെ. എന്നാല്‍ സ്വന്തം ഗ്രാമങ്ങളിലേക്ക് പലായനം ചെയ്യുന്ന ലക്ഷങ്ങള്‍ അങ്ങനെ മാപ്പുതരാനിടയില്ല. കാരണം സ്വന്തമായി ഒന്നുമില്ലാത്ത അവര്‍ക്ക് ഒരു നിമിഷം പോലും നല്‍കാതെയാണ് നിങ്ങള്‍ രാജ്യം അടച്ചുപൂട്ടിയത് എന്നതുതന്നെ.
വിഭജന കാലത്തിനു ശേഷം രാജ്യം കണ്ട ഏറ്റവും വലിയ കൂട്ട പലായനം തുടരുക തന്നെയാണ്. നൂറുകണക്കിനു കിലോമീറ്റര്‍ കാല്‍നടയായി. ഭക്ഷണമോ കുടിവെള്ളമോ പോലും ഇല്ലാതെ. അവസാനം യു പി സര്‍ക്കാരും മറ്റും കുറെ ബസുകള്‍ തയ്യാറാക്കി നല്‍കിയിട്ടുണ്ട്. തികച്ചും അപകടകരമായ യാത്രയിലാണവര്‍. അതു കണ്ട് കേരളത്തിലുള്ള ഇതരസംസ്ഥാനതൊഴിലാളികളും നാട്ടില്‍ പോകണമെന്നാവശ്യപ്പെടാനാരംഭിച്ചിട്ടുണ്ട്. നോട്ടു നിരോധനം മൂലം നൂറുകണക്കിന് പേരാണ് ക്യു വില്‍ നിന്നു മരിച്ചതെങ്കില്‍ ഈ പലായനം ആയിരങ്ങളെയാണ് മരണത്തിലേക്ക് എറിഞ്ഞുകൊടുക്കുക.
കൊവിഡ് രോഗം ഇന്ത്യയിലെത്തിയത് ഫ്‌ളൈറ്റിലൂടെയാണ്. എന്നാല്‍ അതിന്റെ ദുരിതമെല്ലാം സഹിച്ച്, ചെരുപ്പുപോലുമില്ലാതെ കൊടുംവെയിലില്‍, കെട്ടും ഭാണ്ഡവുമായി നടക്കുന്നത് സ്വന്തമായ സൈക്കിള്‍ പോലുമില്ലാത്തവരാണ്. ഇവരെല്ലാം കഴിഞ്ഞ ദശകങ്ങളില്‍ ജീവിക്കാനായി നഗരങ്ങളിലേക്ക് ചേക്കേറിയവരാണ്. ചേരികളും പുറമ്പോക്കുകളും സൃഷ്ടിക്കുന്ന നയങ്ങളായിരുന്നു അവരെ നഗരങ്ങളില്‍ എത്തിയത്. ഒപ്പം ഗ്രാമങ്ങളില്‍ നിലനിലനിന്നിരുന്ന ക്രൂരമായ ജാതീയ പീഡനങ്ങളും അതില്‍ പങ്കുവഹിച്ചു. സ്വാതന്ത്ര്യാനന്തരകാലത്ത് നഗരങ്ങളിലേക്ക് ഇത്തരത്തില്‍ വ്യാപകമായി കുടിയേറിയവരില്‍ വലിയൊരു ഭാഗം ദളിതരും സമൂഹത്തിന്റെ താഴെക്കിടയിലുള്ളവരുമായത് യാദൃശ്ചികമല്ലല്ലോ.
കാലങ്ങളായി ക്രൂരമായ പീഡനങ്ങളില്‍ നിന്നും വിവേചനങ്ങളില്‍ നിന്നെല്ലാം മോചനം പ്രതീക്ഷിച്ച് നഗരങ്ങളിലെത്തിയവര്‍ നേരിട്ടത് അതിനേക്കാള്‍ വലിയ ദുരിത ഭൂമിയായിരുന്നു. നഗരം വളരുമ്പോള്‍ അതിനേക്കാള്‍ വേഗതയില്‍ വളര്‍ന്ന ചേരികളിലൊതുങ്ങി അവരുടെ ജീവിതം. ജിഡിപി കണക്കുകള്‍ ഉദ്ധരിച്ച് രാജ്യം പുരോഗതിയിലേക്ക് എന്ന അവകാശവാദങ്ങള്‍ ഉയരുമ്പോഴെല്ലാം ഇവരുടെ ചേരികളുടെ നീളവും വര്‍ദ്ധിച്ചുകൊണ്ടേയിരിക്കുന്നു. ഒരര്‍ത്ഥത്തില്‍ ഗ്രാമങ്ങളില്‍ നില നിന്നിരുന്ന അടിമാവസ്ഥ തന്നെയായിരുന്നു നഗരങ്ങളിലും ഇവര്‍ നേരിട്ടത്. വ്യവസായങ്ങളും നഗരങ്ങളും വളരുമ്പോള്‍ ജാതിയവും സാമൂഹ്യവും സാമ്പത്തികവുമായ ചൂഷണങ്ങള്‍ക്ക് അറുതിയുണ്ടാകുമെന്ന ധാരണയെല്ലാം തകരുകയായിരുന്നു. ഗ്രാമങ്ങളിലെ സാമൂഹ്യ അകലം നഗരങ്ങളിലും തുടര്‍ന്നു. പലപ്പോഴും മതിലുകള്‍ കെട്ടി മറക്കപ്പെട്ടു. മതിയായ വേതനമോ ജോലിസ്ഥിരതയോ കിടപ്പാടമോ കുട്ടികള്‍ക്ക് വിദ്യാഭ്യാസമോ ഒന്നും ലഭിച്ചില്ല. അവരുടെ വിയര്‍പ്പില്‍ കെട്ടിപ്പൊക്കപ്പെട്ടിരുന്ന അംബരചുംബികളായ കെട്ടിടങ്ങള്‍ക്കു സമീപത്തെ വൃത്തിഹീനമായ ഷെഡുകളില്‍ അവര്‍ ജീവിച്ചു. പലര്‍ക്കും ജീവിക്കുന്നു എന്നതിന്റെ ഒരു തെളിവുപോലുമില്ല. വലിയൊരു വിഭാഗത്തിന്റെ കുടുംബമാകട്ടെ നാട്ടില്‍ തന്നെയായിരുന്നു. ഫലത്തില്‍ വേരുകളില്‍ നിന്ന് അറുത്തുമാറ്റപ്പെടുകയും പുതുതായി ഒന്നും നേടാനാവാതിരിക്കുകയും ചെയ്ത അവസ്ഥ.
നഗരചേരികളിലെ വൃത്തിഹീനമായ അവസ്ഥയില്‍ ജീവിച്ച ഇവരില്‍ എത്രയോ മാറാരോഗങ്ങള്‍ക്ക് അടിമപ്പെട്ട് മരണപ്പെട്ടിരുന്നു. അന്നൊന്നും അവ വാര്‍ത്തപോലുമായില്ല. ഇപ്പോഴിതാ നോട്ടുനിരോധനം പോലെ തന്നെ മൂന്നു മണിക്കൂര്‍ സമയം മാത്രം നല്‍കി നാടു കൊട്ടിയടച്ചു. പാരതന്ത്ര്യത്തിന്റെ മറ്റൊരു അര്‍ദ്ധരാത്രി. എന്നിട്ടിവരോട് എവിടെയാണോ അവിടെ നില്‍ക്കാന്‍. എല്ലാം നല്‍കുമെന്ന്. ദശകങ്ങളുടെ അനുഭവമുള്ളവര്‍ അതു വിശ്വസിക്കുമോ? സ്വാഭാവികമായും അവര്‍ ഉറ്റവരുടെയടുത്തേക്ക് നടക്കാനാരംഭിച്ചു. നാട്ടില്‍ ചെന്നാല്‍ എന്തെങ്കിലും ഭക്ഷണമെങ്കിലും കിട്ടുമെന്നാണവര്‍ പറയുന്നത്. എന്തിനധികം പറയുന്നു, ഇതരസംസ്ഥന തൊഴിലാളികളുടെ അവസ്ഥ താരതമ്യേന ഭേദമെന്നു വിശ്വസിക്കപ്പെടുന്ന കേരളത്തില്‍ നിന്നുപോലും തിരിച്ചു പോകണമെന്ന ആവശ്യമാണ് അവരുന്നയിക്കുന്നത്.
ഇത്തരം സാഹചര്യത്തിലാണ് ആരുടെയൊക്കെയോ കണ്ണില്‍ പൊടിയിടാനായി പ്രധാന മന്ത്രി മാപ്പിരക്കുന്നത്. രാജ്യത്തെ സമ്പദ് വ്യവസ്ഥ തകര്‍ക്കുന്നതില്‍ നോട്ടുനിരോധനം പ്രധാന പങ്കുവഹിച്ചെന്നു പിന്നീട് വ്യക്തമായിട്ടും അതേ മാതൃക വീണ്ടും അടിച്ചേല്‍പ്പിച്ചുള്ള ഈ മാപ്പിരക്കല്‍ ആത്മാര്‍ത്ഥമാണെന്നു വിശ്വസിക്കുന്നവര്‍ വിഡ്ഢികളാണ്. അവസാനിക്കാത്ത ദുരന്തങ്ങള്‍ക്ക് ഈ ജനത പറയുന്ന മറുപടി രാഷ്ട്രീയമായിട്ടായിരിക്കും. അതിനി അധികം വിദൂരമാകാനിടയില്ല.
സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പന്ത്രണ്ടാം വര്‍ഷത്തേക്ക് കടക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2024 - 25 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.
The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in