മണിപ്പൂരിലേക്കുണ്ട് അനേകം വഴികള്‍

First came the scream of the dying
in a bad dream, then the radio report,
and a newspaper: six shot dead, twenty-five
houses razed, sixteen beheaded with hands tied
behind their backs inside a church . . .
As the days crumbled, and the victors
and their victims grew in number,
I hardened inside my thickening hide,
until I lost my tenuous humanity.

(‘Native Land’, Robin S. Ngangom – മണിപ്പുരി കവി)

മരണപ്പെടുന്ന മനുഷ്യരുടെ കരച്ചില്‍ മണിപ്പൂരില്‍നിന്നും കേട്ടുതുടങ്ങിയിട്ട് ഇപ്പോള്‍ മൂന്നുമാസത്തില്‍ കൂടുതലായിരിക്കുന്നു. നൂറില്‍ കൂടുതല്‍ ആളുകള്‍ കൊല്ലപ്പെട്ടിരിക്കുന്നു. ആയിരക്കണക്കിന് മനുഷ്യര്‍ പലായനം ചെയ്ത് ക്യാമ്പുകളില്‍ അഭയം തേടിയിരിക്കുന്നു. കലാപത്തില്‍ തീയിട്ട് നശിപ്പിക്കട്ടെ വസ്തുവകകള്‍ക്ക് കൈയ്യും കണക്കുമില്ല, – നാശനഷ്ടങ്ങള്‍ രൂപാക്കണക്കില്‍ ആരും തിട്ടപ്പെടുത്തിയിട്ടില്ല. പലയിടത്തും പട്ടാളത്തിന് തന്നെ പോകാന്‍ കഴിയുന്നില്ല, പിന്നെയല്ലേ റവന്യു ഉദ്യോഗസ്ഥര്‍. ആര്‍ക്കും ആരേയും വിശ്വാസമില്ലാത്ത ഒരു കാലാവസ്ഥയില്‍ എല്ലാവരും തങ്ങളുടെ ‘വംശീയ/ഗോത്ര’ സ്വത്വത്തില്‍ അഭയം തേടിയിരിക്കുകയാണ്. മണിപ്പൂരില്‍ ഇപ്പോള്‍ വ്യക്തിസ്വത്വത്തിനും പൗരസ്വത്വത്തിനും യാതൊരു പ്രസക്തിയും ആരും കല്പിക്കുന്നില്ല; മനുഷ്യര്‍ തങ്ങളുടെ വംശീയതയും/ഗോത്രവും അടയാളപ്പെടുത്തിയാണ് ഭയത്തെ അതിജീവിക്കുന്നത്. പരസ്പരം ഭയന്നുകൊണ്ട് കുറേശ്ശെയായി വെറുത്തുകൊണ്ട് മണിപ്പൂരികള്‍ മെയ്‌തെയും (Meitei) കുക്കിയും (Kuki) നാഗയുമായി ഒതുങ്ങിയിരിക്കുന്നു. സംസ്ഥാനത്ത് ഒരു മുഖ്യമന്ത്രിയുണ്ട്. എന്നാല്‍ അദ്ദേഹമിപ്പോള്‍ മെയ്തികളുടെ മാത്രം മുഖ്യമന്ത്രിയാണ്. കുക്കികള്‍ പുറത്തുനിന്നും അതിക്രമിച്ചു വന്നവരാണ് എന്ന് ആരോപിക്കുന്ന മെയ്‌തെയ് തീവ്രവാദ പക്ഷക്കാരനായാണ് ബിരന്‍ സിംഗ് എന്ന മുഖ്യമന്ത്രിയെ ഇന്ന് എല്ലാവരും അടയാളപ്പെടുത്തുന്നത്. സിംഗിന് പാര്‍ട്ടിക്കുള്ളില്‍-ബിജെപിക്കുള്ളില്‍-മെയ്‌തെയ് സാമാജികരില്‍ ഒരു വിഭാഗത്തിന്റെ പിന്തുണ മാത്രമേയുള്ളൂ. ഫുട്‌ബോള്‍ കളിക്കാരനായിരുന്ന സിംഗ് ബിഎസ്എഫിന്റെ പ്രതിരോധനിരയിലെ പ്രധാനിയായിരുന്നു. ഇപ്പോഴും സിംഗ് പ്രതിരോധത്തിലാണ്. വലയില്‍ ഗോള്‍ ഒരുപാട് വീണുകഴിഞ്ഞുവെങ്കിലും ദില്ലിയില്‍ ഇരിക്കുന്ന ടീം മാനേജമെന്റ് സിംഗിനെ മാറ്റാന്‍ തയ്യാറല്ല. പ്രധാനമന്ത്രി മോദിജിയുടെ പ്രതിനിധിയാണത്രേ സിംഗ്. സര്‍വ്വശക്തനായ മോദിക്ക് തെറ്റ് പറ്റില്ല എന്നും മറ്റുള്ളവരുടെ സമ്മര്‍ദ്ദം മൂലം തന്റെ തീരുമാനം മാറ്റാന്‍ പ്രധാനമന്ത്രി തയ്യാറാവില്ല എന്നും സിംഗ് മുഖ്യമന്ത്രി കസേരയില്‍ സംസ്ഥാനത്ത് ഭരണം സമ്പൂര്‍ണ്ണമായും തകര്‍ന്നശേഷവും തുടരുന്നതിന് കാരണമായി പലരും പറയുന്നു. അല്ല വൈഷ്ണവര്‍ എന്ന് കരുതപ്പെടുന്ന മെയ്തികളുടെ സംരക്ഷകപരിവേഷത്തിലാണ് സിംഗ് ഇപ്പോള്‍ തുടരുന്നതെന്നും അതുകൊണ്ട് ഇപ്പോള്‍ മുഖ്യമന്ത്രിയെ മാറ്റിയാല്‍ അത് ഏതാണ്ട് മുഴുവന്‍ ക്രിസ്ത്യാനികളായ കുക്കികളുടെ പ്രീണനമായി കരുതപ്പെടും എന്നതുകൊണ്ടാണ് മണിപ്പൂരില്‍ ഭരണമാറ്റമുണ്ടാകാത്തതെന്ന് പറയുന്നവരുമുണ്ട്. അധികാര രാഷ്ട്രീയത്തിന്റെ സിനിക്കല്‍ കണ്ണുകളില്‍ കൂടി മാത്രമാണെന്ന് തോന്നുന്നു ബിജെപി മണിപ്പൂരിനെ കാണുന്നത്. രണ്ട് ലോക്‌സഭാ സീറ്റല്ലേ അവിടെയുള്ളൂ എന്നൊരു ബിജെപി നേതാവ് റിപ്പോര്‍ട്ട് ചെയ്യുന്ന ഒരു സുഹൃത്തിനോട് പറഞ്ഞിരുന്നു. ഒട്ടുമേ നൈതികത തൊട്ടുതീണ്ടിയിട്ടില്ലാത്ത രാഷ്ട്രീയത്തിന്റെ ഭാവനാരഹിതമായ കാഴ്ചപ്പാടുകളുടെ സംഭാവനയാണ് ബിജെപി നേതൃത്വത്തിന്റെ ഇപ്പോഴത്തെ മണിപ്പൂര്‍ നയം. രാജ്യത്തെ ഒരു സംസ്ഥാനം മൂന്നുമാസമായി നിന്നു കത്തുമ്പോള്‍ അതിനെക്കുറിച്ച് ഒരു വാക്കുപോലും പ്രധാനമന്ത്രി മിണ്ടിയിട്ടില്ല. മിണ്ടുക പ്രധാനമന്ത്രേ! എന്ന് പലരും പറഞ്ഞുതുടങ്ങിയിരിക്കുന്നു.

ദി ക്രിട്ടിക് ഫേസ് ബുക്ക് പേജ് ലൈക്ക് ചെയ്യുക

മെയ്മാസത്തില്‍ ആഭ്യന്തരമന്ത്രി അമിത്ഷാ മണിപ്പൂര്‍ സന്ദര്‍ശിച്ചിരുന്നു. കലാപബാധിത പ്രദേശങ്ങളിലെ സമൂഹത്തെ കാണാനും കേള്‍ക്കാനും ഒരുപാട് പേര്‍ തയ്യാറായിരുന്നു. പതിനഞ്ച് ദിവസം തരിക എന്നാണ് ഷാ പിന്നീട് പറഞ്ഞത്. സമാധാന കമ്മിറ്റികളും പട്ടാളവും ഒക്കെ കൂടി പ്രശ്‌നങ്ങള്‍ പരിഹരിക്കുമെന്ന പ്രതീതി ഷാ നല്‍കിയിരുന്നു. അതിപ്പോഴും ആശയോ ആഗ്രഹമോ മാത്രമായി തുടരുന്നു. വംശീയതയുടെ അടിസ്ഥാനത്തില്‍ നെടുകെ പിളര്‍ത്തിയിരിക്കുന്ന ഭരണകൂടവും അതിന്റെ മെഷിനറിയും-പോലീസ് ഉള്‍പ്പെടെ-എങ്ങനെയാണ് സമാധാനം പുനഃസ്ഥാപിക്കുക? മണിപ്പൂരിന്റെ സിവില്‍ സമൂഹം നിശ്ശബ്ദമാണ്, അല്ലെങ്കില്‍ അവരും ചേരി തിരിഞ്ഞ് നില്‍ക്കുകയാണ്. സ്‌നേഹത്തിന്റെ ഭാഷ സംസാരിച്ചുകൊണ്ട് സന്ദര്‍ശനം നടത്തിയ രാഹുല്‍ഗാന്ധിക്ക് ലഭിച്ച സ്വീകരണം ഒരു ദിശാസൂചിയാണ്. മനുഷ്യര്‍ക്ക് മടുത്തിരിക്കുന്നു. അവര്‍ സാധാരണജീവിതത്തിലേക്ക് മടങ്ങിപ്പോകാന്‍ കൊതിക്കുന്നു. കൃഷിയിറക്കുന്ന സമയമാണിത്. കുട്ടികള്‍ക്ക് സ്‌കൂളില്‍ പോകേണ്ടതുണ്ട്. പക്ഷേ കലാപരഹിതമായ ഒരു മണിപ്പൂര്‍ ആരും അവര്‍ക്ക് ഉറപ്പ് നല്‍കുന്നില്ല. ഭരണസംവിധാനം പിന്‍വാങ്ങിയിരിക്കുന്നു. വിശ്വാസ്യത നഷ്ടപ്പെട്ട മുഖ്യമന്ത്രിയെ സ്വന്തം പാര്‍ട്ടിക്കാര്‍ പോലും ഗൗരവത്തോടെ കാണുന്നില്ല. അപ്പോള്‍ മുന്നോട്ടുള്ള യാത്ര എങ്ങനെ.

മണിപ്പൂരിലെ സംഘര്‍ഷം ഒരു ഹിന്ദു-ക്രിസ്ത്യന്‍ വര്‍ഗ്ഗീയ സംഘട്ടനമായി ചുരുക്കി വായിക്കരുത്. വംശീയതയിലാണ് സംഘര്‍ഷത്തിന്റെ വേരുകള്‍. ഗോത്രസ്വത്വത്തിന് മതത്തിന്റെ ആവരണമുണ്ട് എന്നതുകൊണ്ട് മതങ്ങളുടെ സംഘട്ടനമായി നമുക്കീ കലാപത്തെ കാണാന്‍ കഴിയില്ല. കാരണം ചരിത്രവും ഭൂമിശാസ്ത്രവും ബ്രിട്ടീഷ് ഇംപീരിയലിസവും ആധുനിക നേഷണ്‍-സ്റ്റേറ്റിന്റെ ഭാവനാരാഹിത്യവും മണിപ്പൂരിനെ കാലങ്ങളായി മുറിപ്പെടുത്തിയിട്ടുണ്ട്.

ഏതാണ്ട് പഴയ തിരുവിതാംകൂര്‍ രാജ്യത്തിന്റെ വിസ്തൃതിയുള്ള ഒരു പ്രദേശമാണ് മണിപ്പൂര്‍. തിരുവിതാംകൂര്‍ പോലെതന്നെ ബ്രിട്ടീഷ് സ്വാധീനത്തിലുള്ള ഒരു സ്വതന്ത്രരാജ്യമായിരുന്നു 1947 വരെയും മണിപ്പൂര്‍. തിരുവിതാംകൂറിനെപ്പോലെ സ്വതന്ത്രരാഷ്ട്രമെന്ന മോഹം മണിപ്പൂരിനും കുറച്ചുനാളുണ്ടായിരുന്നു.1948 ല്‍ മണിപ്പൂര്‍ രാജാവിനെ ഷില്ലോംഗിലേക്ക് വിളിച്ചുവരുത്തി ദില്ലി മണിപ്പൂരിനെ നിര്‍ബന്ധമായി ഇന്ത്യന്‍ യൂണിയനില്‍ ലയിപ്പിക്കുകയായിരുന്നു എന്ന വാദം മണിപ്പൂരികള്‍ക്കിടയില്‍ പ്രബലമാണ്. 1960 കളില്‍ സ്വതന്ത്രമണിപ്പൂര്‍ വാദവുമായി മണിപ്പൂരില്‍ കലാപം തുടങ്ങുന്നതിന്റെ അടിസ്ഥാനം തന്നെ ഇന്ത്യയില്‍ നിന്നും വിഭിന്നമായ ഒരു ദേശീയത മണിപ്പൂരിനുണ്ട് എന്ന കാഴ്ചപ്പാട് ഉയര്‍ത്തിക്കൊണ്ടാണ്. നാഗാഗോത്രങ്ങളെ ഒരുമിപ്പിച്ച് അവര്‍ക്ക് തങ്ങള്‍ ഒരു ദേശീയതയാണെന്ന ബോധമുണ്ടാക്കിക്കൊടുത്തത് സ്വതന്ത്ര ഇന്ത്യയാണെന്ന് പറയുന്നവരുണ്ട്. എന്നാല്‍ മണിപ്പൂരിന്-വാസ്തവത്തില്‍ ഇംഫാല്‍ താഴ്‌വരയ്ക്ക്-വ്യതിരിക്തമായ ഒരു സാംസ്‌കാരിക ദേശീയത പണ്ടേ അവകാശപ്പെടാന്‍ കഴിയും. ബ്രിട്ടീഷ് ഭരണകാലത്ത് അവര്‍ക്കത് നിലനിര്‍ത്താന്‍ കഴിഞ്ഞിരുന്നു. ഇന്ന് മണിപ്പൂര്‍ നേരിടുന്ന സ്വത്വപ്രതിസന്ധിയുടെ കാരണവും ഇതേ സ്വത്വനിര്‍മ്മിതിയില്‍ നമ്മള്‍ അന്വേഷിക്കേണ്ടിയിരിക്കുന്നു.

ഭൂമിശാസ്ത്രം മണിപ്പൂരിന് ഒരേസമയം അനുഗ്രഹവും ആപത്തുമായിട്ടുണ്ട്. ഈ പ്രദേശത്തിനെ ഒരു കിണ്ണത്തോട് ഉപമിക്കാവുന്നതാണ്. കിണ്ണത്തിന്റെ പരന്ന അടിത്തട്ടിനെ ഇംഫാല്‍ താഴ്‌വര എന്നു വിളിക്കുന്നു. ചുറ്റും മലനിരകളാണ്. വടക്കേഭാഗത്ത് നാഗാലാന്റും പടിഞ്ഞാറ് ബ്രഹ്മപുത്ര നദീതടവും തെക്ക് മിസോറാമും കിഴക്ക് ബര്‍മ്മയും അതിര്‍ത്തികള്‍. ഇരുപത് ശതമാനം മാത്രം വരുന്ന ഇംഫാല്‍ താഴ്‌വരയിലാണ് ജനസംഖ്യയുടെ എഴുപതു ശതമാനം പേരും വസിക്കുന്നത്. ബാക്കി ഇരുപതു ശതമാനം പേര്‍ എണ്‍പതു ശതമാനം വരുന്ന മലനിരകളില്‍. നാഗാ ഗോത്രങ്ങള്‍ മണിപ്പൂരിന്റെ വടക്കന്‍ മലകളിലും കുക്കി-സോം ഗോത്രങ്ങള്‍ തെക്ക് കിഴക്കന്‍ ഭാഗത്തും താമസിക്കുന്നു. ഈ രണ്ടുകൂട്ടരും ഏതാണ്ട് മുഴുവനായിത്തന്നെ ക്രിസ്തുമത വിശ്വാസികളാണ്. ഗിരിവര്‍ഗ്ഗക്കാരായതുകൊണ്ട് ഇവര്‍ക്ക് സംവരണത്തിന്റെ ആനുകൂല്യമുണ്ട്. മാത്രവുമല്ല ഇവരുടെ ആവാസസ്ഥലങ്ങളൊക്കെ നിയമംമൂലം അവര്‍ക്കായി സംരക്ഷിക്കപ്പെട്ടിട്ടുണ്ട്. ഇംഫാല്‍ താഴ്‌വര മെയ്തികളുടെ രാജ്യമാണ്. മണിപ്പൂര്‍ രാജ്യമെന്നത് മെയ്തികളുടെ സാംസ്‌കാരിക സ്വത്വത്തിന്റെ ആവിഷ്‌ക്കാരമായിരുന്നു. മണിപ്പൂരിന്റെ ജനസംഖ്യയില്‍ 53 ശതമാനം വരുന്ന മെയ്തികള്‍ ഭൂരിഭാഗവും വൈഷ്ണവ മതവിശ്വാസികളും കൃഷി (Settled agriculture) പിന്‍തുടര്‍ന്നുപോരുന്നവരുമത്രേ. ഇംഫാല്‍ താഴ്‌വരയിലാണ് മണിപ്പൂര്‍ നിയമസഭയിലെ 60 ല്‍ 40 അസംബ്ലി സീറ്റുകളും. എന്നാല്‍ ഇംഫാല്‍ താഴ്‌വരയില്‍ ആര്‍ക്കും ഭൂമി വാങ്ങാവുന്നതാണ്. രാഷ്ട്രീയമായും സാംസ്‌കാരികമായും ഒരു മെയ്തി രാജ്യമായി മണിപ്പൂര്‍ നിലനില്‍ക്കുമ്പോള്‍ നാഗാ-കുക്കി-സോം ജനത അവിടുത്തെ അരികുജനതമാത്രമാണ്. ഈ ഗോത്രങ്ങള്‍ക്കിടയില്‍ അവരുടേതായ രാഷ്ട്രീയം സ്വാഭാവികമായും ഇരുപതാം നൂറ്റാണ്ടില്‍ രൂപപ്പെട്ടുവരികയും ചെയ്തു. നാഗാ insurgency യുടെ നെടുംതൂണായ NSCN എന്ന സംഘടനയുടെ നേതൃത്വം മണിപ്പുരി നാഗകള്‍ക്കാണ് എന്ന് മറന്നുകൂടാ. (NSCN – IM നേതാവ് മുയ്‌വ മണിപ്പൂരി നാഗയാണ്; ഫിഡോ എന്ന നാഗാരാഷ്ട്ര സങ്കല്പത്തിന്റെ പിതാവ് അംഗാളി നാഗയായിരുന്നു. മുയ്‌വയാകട്ടെ തംഖുള്‍ നാഗയും). കുക്കികള്‍ക്കാകട്ടെ ഗോത്ര/വംശീയ ബന്ധുത്വം മിസോകളും ബര്‍മ്മയിലെ ചിന്‍ വംശജരുമായിട്ടുണ്ട്.

മണിപ്പൂര്‍ ഹൈക്കോടതി മെയ്തികളെ പട്ടികവര്‍ഗ്ഗമായി പരിഗണിക്കണമെന്ന വാദത്തെ അനുഭാവപൂര്‍വ്വം കണ്ടതിനെ തുടര്‍ന്നാണ് ഇപ്പോള്‍ കാണുന്ന സംഘര്‍ഷം രൂപം കൊള്ളുന്നത്. പട്ടികവര്‍ഗ്ഗമായി പരിഗണിക്കപ്പെട്ടാല്‍ മെയ്തികള്‍ക്ക് കുക്കി ഗോത്രങ്ങളുടെ മേഖലയില്‍ ഭൂമി വാങ്ങാനുള്ള തടസ്സം നീങ്ങിക്കിട്ടും. അതോടൊപ്പം സംവരണത്തിന്റെ ആനുകൂല്യങ്ങളും അവര്‍ക്കായി തുറന്നുകിട്ടും. ഇതിനെതിരെ കുക്കിമേഖലയില്‍ എമ്പാടും സമാധാനപരമായ റാലികള്‍ മാര്‍ച്ച്-ഏപ്രില്‍ മാസങ്ങളില്‍ നടക്കുകയുണ്ടായി. അതിനെത്തുടര്‍ന്ന് മെയ്തി-കുക്കി സംഘര്‍ഷം. ഭരണകൂടവും പക്ഷം പിടിച്ചതോടെ സംഘര്‍ഷം വംശീയ കലാപമായി മാറി. ഈ കൂട്ടര്‍ക്കും സൈനിക സംഘങ്ങള്‍ ഉള്ളതുകൊണ്ടും പോലീസ് നിഷ്പക്ഷമല്ലാതിരുന്നതുകൊണ്ടും കലാപകാരികളുടെ കൈയ്യില്‍ ധാരാളമായി ആയുധങ്ങള്‍ എത്തിയിരുന്നു. അതിപ്പോഴും തുടരുന്നു. സ്ത്രീകളും മറ്റും നേതൃത്വം നല്‍കുന്ന ആള്‍ക്കൂട്ടങ്ങള്‍ സൈന്യത്തെ തന്നെ പിന്തിരിപ്പിച്ചിരുന്നു പലയിടങ്ങളിലും. അങ്ങനെ ഭൂമിയെ ചുറ്റിയാണ് കലാപമെന്ന് പറയാവുന്നതാണ്. കുക്കി ഗ്രാമങ്ങള്‍ ആക്രമിക്കപ്പെടവേ അവരുടെ ആരാധനാലയങ്ങളും-പള്ളികള്‍-അഗ്നിക്കിരയായിട്ടുണ്ട്. മെയ്തികളാകട്ടെ ഗൃഹദേവതകളെയാണ് ആരാധിക്കുന്നതെന്നും അവര്‍ക്ക് വലിയ ദേവാലയങ്ങളില്ല എന്നും മണിപ്പൂര്‍ സന്ദര്‍ശിച്ച ഒരു സുഹൃത്ത് പറഞ്ഞത് ഓര്‍ക്കുന്നു. പറഞ്ഞുവരുന്നത്, ഹിന്ദു-ക്രിസ്ത്യന്‍ എന്നതിനേക്കാള്‍ മെയ്തി-കുക്കി സംഘര്‍ഷമായി വേണം മണിപ്പൂരിലെ കലാപത്തെ കാണേണ്ടത്. അതിന്റെ കാരണങ്ങള്‍ മതപരം എന്നതിനേക്കാള്‍ സാംസ്‌കാരികമാണ്. ആധുനിക മണിപ്പൂരിന്റെയും ഇന്ത്യന്‍ ഉപഭൂഖണ്ഡത്തിന്റെയും സമകാലിക ചരിത്രവുമായി അതിന് ബന്ധമുണ്ട്.

പത്തൊമ്പതാം നൂറ്റാണ്ടില്‍ വടക്ക് കിഴക്കന്‍ ഇന്ത്യയിലേക്ക് കടന്നുചെന്ന ബ്രിട്ടീഷ് കൊളോണിയലിസം ആ പ്രദേശത്തിന്റെ സ്വഭാവം അടിമുടി മാറ്റിത്തീര്‍ത്തു. ബ്രഹ്മപുത്രാ നദീതടത്തിനും കിഴക്ക് ഇരാവദീ നദീതടത്തിനുമിടക്കുള്ള non-state മേഖലയെ അത് സംഘര്‍ഷഭരിതമാക്കി. 1947 ലെ വിഭജനത്തെക്കുറിച്ച് മാത്രമേ ഇന്ത്യന്‍ ഉപഭൂഖണ്ഡത്തിന്റെ ചരിത്രം പരാമര്‍ശിക്കുമ്പോള്‍ നമ്മള്‍ ഓര്‍ക്കാറുള്ളൂ. വടക്കുകിഴക്കന്‍ പ്രദേശങ്ങളുടെ ഓര്‍മ്മയില്‍ 1947 അല്ല ആദ്യത്തെ വിഭജനം. അത് 1937 ലാണ്.

1826 ലാണ് ബ്രിട്ടീഷ് ഈസ്റ്റ് ഇന്ത്യാ കമ്പനി ഒന്നാം ആംഗ്ലോ-ബര്‍മ്മീസ് യുദ്ധത്തെ തുടര്‍ന്ന് അസം, മണിപ്പൂര്‍, അരാക്കന്‍ (റാഖീന്‍) എന്നീ പ്രദേശങ്ങളുടെമേല്‍ ഭരണാവകാശം സ്ഥാപിക്കുന്നത്. ബര്‍മ്മ ബ്രിട്ടീഷ് ഭരണത്തിനു കീഴില്‍ വരുന്നതിന്റെ തുടക്കം കുറിച്ചത് 1826 ലെ യാന്‍ഡാബോ (Yandabo) ഉടമ്പടി പ്രകാരമാണ്. ദൂരവ്യാപകമായ പ്രത്യാഘാതങ്ങളാണ് ഇതുമൂലമുണ്ടായത്. അസമില്‍ തേയിലകൃഷിയും എണ്ണ ഉല്പാദനവും ബ്രിട്ടഷുകാര്‍ തുടങ്ങിവെച്ചു. മറ്റിടങ്ങളില്‍ നിന്നും indentured labour ആയി തൊഴിലാളികളെ അസമിലെ വനഭൂമിയില്‍ പാര്‍പ്പിച്ചു. ഇന്നും ഇവര്‍ അറിയപ്പെടുന്നത് tea tribes എന്നാണ്. എന്നിരിക്കിലും ബ്രഹ്മപുത്ര നദീതടം മുതല്‍ ബര്‍മ്മയില്‍ ഇരവദീ നദീതടം വരെ പരന്നുകിടക്കുന്ന ദുര്‍ഗ്ഗമമായ മലനിരകള്‍-പട്കായി മലനിരകള്‍ (Patkai Ranges)-കീഴ്‌പ്പെടുത്തി കമ്പനി/ക്രൗണ്‍ ഭരണം ഏര്‍പ്പെടുത്തുന്നതില്‍ ബ്രിട്ടീഷുകാര്‍ വലുതായി വിജയിച്ചിട്ടില്ല. നാഗാ, കുക്കി, ചിന്‍, മിസോ ഗോത്രങ്ങളുടെ ആവാസമേഖലയായിരുന്നു ഇവിടം. 1937 വരെ ബ്രിട്ടീഷ് ഇന്ത്യയുടെ പ്രജകളായി ഇവര്‍ സങ്കല്പിക്കപ്പെട്ടു. ഇവരുടെമേല്‍ ഭരണാധിപത്യം നേര്‍ത്തതായിരുന്നു. 1937 ല്‍ (ഏപ്രില്‍ 1, 1937), ബര്‍മ്മ ഇന്ത്യയില്‍ നിന്നും വേര്‍പെടുത്തപ്പെട്ടു. അര്‍ച്ചിബാള്‍ട് കൊഖ്രേന്‍ (Archibald Cochrane) ബര്‍മ്മയുടെ ആദ്യ ഗവര്‍ണ്ണറായി പുതിയ ഭരണസംവിധാനം നിലവില്‍ വന്നു. അതോടൊപ്പം ഒരുമിച്ച് കിടന്ന പട്ക്കായി മലനിരകളും വീതംവെയ്ക്കപ്പെട്ടു. ഒരേ ഗോത്രക്കാര്‍ രണ്ട് ഭരണകൂടങ്ങളുടെ കീഴിലായി – അവരത് അറിഞ്ഞിരുന്നുവോ എന്നത് വേറെ കാര്യം. 1937 മുതല്‍ 1948 വരെ (ബര്‍മ്മ സ്വാതന്ത്ര്യം നേടുന്നത് 1948 ലാണ്.) അതിര്‍ത്തി ചര്‍ച്ചാവിഷയമായി തുടര്‍ന്നു. 1948 ന് ശേഷം ഈ രണ്ട് പുതിയ ദേശ-രാഷ്ട്രങ്ങളും കൊളോണിയല്‍ ഭരണകൂടത്തിന്റെ ഭരണരീതികള്‍ അതേപടി പിന്‍തുടര്‍ന്നു. ബ്രിട്ടീഷ് ഭരണത്തിന്റെ നന്മതിന്മകള്‍ അതേപടി ഏറ്റെടുക്കുകയാണല്ലോ നെഹ്‌റൂവിയന്‍ ഇന്ത്യയും ചെയ്തത്. ദേശീയപ്രസ്ഥാനം ഉയര്‍ത്തിയ സ്വയം നിര്‍ണ്ണയാവകാശത്തെക്കുറിച്ചുള്ള ചര്‍ച്ചയൊന്നും വടക്ക് കിഴക്കന്‍ ഇന്ത്യയില്‍ ഉയര്‍ന്നുവരാന്‍ ദില്ലി സമ്മതിച്ചില്ല. റംഗൂണിലും കഥ വ്യത്യസ്തമായിരുന്നില്ല. പ്രത്യേകിച്ച് ജനറല്‍ ആംഗ് സാന്‍ കൊല്ലപ്പെട്ടശേഷം. നാഗാ കലാപം ഏതാണ്ട് ഇന്ത്യന്‍ സ്വാതന്ത്ര്യത്തോടൊപ്പം തന്നെ തുടങ്ങി. നാഗാ കലാപകാരികള്‍ പേറുന്ന സ്വപ്‌നം (Nagaland for Christ എന്നാണ് NSCN ന്റെ കൊടിവാക്യം) ഇന്നത്ത നാഗാലാന്റിലും മണിപ്പൂര്‍ മലനിരകളിലും ബര്‍മ്മയുടെ സഗായിം (Sagaing) പ്രവിശ്യയിലുമുള്ള എല്ലാ നാഗാ ആവാസമേഖലകളും ഒരുമിപ്പിച്ചുകൊണ്ട് നാഗാലിം (Greater Nagaland) എന്ന ദേശരാഷ്ട്രമാണ്. സമാനമായ അര്‍ത്ഥത്തില്‍ ഈ ജനത മിസോസ്വത്വത്തില്‍ ഊന്നിക്കൊണ്ട് ഇന്ത്യയിലെ മിസോ ഗോത്രങ്ങളും ചിത്തഗോംഗ്, അരാക്കന്‍ മലനിരകളിലെ ഗോത്രങ്ങളുമായി ചേര്‍ന്ന് സ്വതന്ത്രരാഷ്ട്രം വിഭാവന ചെയ്യുന്നുണ്ട്. 1960 കളില്‍ മിസോ കലാപം ഉയര്‍ന്നുവന്നപ്പോള്‍ കലാപകാരികളുടെ തലസ്ഥാനം ചിന്‍ പ്രവിശ്യയിലായിരുന്നു. (ഈ പ്രദേശങ്ങളെ എല്ലാം ഉള്‍പ്പെടുത്തി Zomia എന്നൊരു സങ്കല്പദേശം ചരിത്രകാരന്‍ ജെയിംസ് സി സ്‌കോട്ട് അവതരിപ്പിച്ചിട്ടുണ്ട്. പട്ക്കായി മലകളും ബര്‍മ്മയുടെ വടക്കന്‍ പ്രദേശങ്ങളും തായ്‌ലണ്ട്, വിയറ്റ്‌നാം, കമ്പോഡിയ, ലാവോസ് അടങ്ങുന്ന ഈ മലമ്പ്രദേശങ്ങള്‍ നെല്‍കൃഷിയുമായി ബന്ധപ്പെട്ട് രൂപം കൊണ്ട ആധുനിക ഭരണകൂടങ്ങളുടെ ഭരണരീതികളെ തിരസ്‌ക്കരിച്ചുകൊണ്ട് നിലനില്‍ക്കുന്ന ജനവിഭാഗങ്ങളുടെ ആവാസവ്യവസ്ഥയാണ് Scott ന്റെ Zomia. The Art of Not Being Governed എന്ന പുസ്തകത്തില്‍-അനാര്‍ക്കിസ്റ്റ് ചരിത്രം എന്നാണ് പുസ്തകത്തിന്റെ വിശേഷണം- Scott ഈ ജനതകളുടെ വിശേഷസ്വഭാവങ്ങള്‍, അവര്‍ എങ്ങനെ ആധുനിക ദേശരാഷ്ട്ര നിര്‍മ്മാണങ്ങളെ, നിര്‍മ്മിതികളെ തിരസ്‌ക്കരിച്ചുകൊണ്ടും പരാജയപ്പെടുത്തിക്കൊണ്ടും തുടരുന്നു എന്ന് വിശദമാക്കുന്നുണ്ട്. Berenice Guyotz Rechard എന്ന ചരിത്രകാരന്റെ പ്രബന്ധം ഈയിടെ വായിക്കാന്‍ ഇടവന്നപ്പോള്‍ (Tangled Lands: Burma and India’s unfinished Seperation, 1937-1948) മണിപ്പൂരിന്റെ, അസമിന്റെ, നാഗാലാന്റിന്റെ സമകാലിക ചരിത്രം എത്രമാത്രം ബര്‍മ്മയുടെ ചരിത്രവുമായി ബന്ധപ്പെട്ടുകിടക്കുന്നു എന്ന് ഓര്‍ത്തുപോയി. കുറച്ച് വര്‍ഷങ്ങള്‍ക്ക് മുമ്പ് ബര്‍മ്മയില്‍ പോകാന്‍ അവസരമുണ്ടായി. മാന്‍ഡലേയില്‍ നിന്നും ബ്രഹ്മപുത്രയ്ക്ക് സമാനമായ ഇരാവദിപ്പുഴ (Rudyard Kipling എഴുതിയ കവിതയില്‍ പുഴയെ നെടുമ്പാതയായിട്ടാണ് സങ്കല്പിച്ചിരിക്കുന്നത്- Road to Mandalay) കടന്ന് സഗായിംഗ് എന്ന ബൗദ്ധ ദേവാലയങ്ങളുടെ പട്ടണത്തിലെത്തിയപ്പോള്‍ ആരോ പറഞ്ഞുതന്നു ഇവിടെ നിന്നും 150 കി.മീ വണ്ടിയോടിച്ചുപോയാല്‍ നിങ്ങള്‍ മണിപ്പൂരിലെത്തുമെന്ന്. കുക്കി വംശജര്‍ ധാരാളമായി ബര്‍മ്മയിലുണ്ട്. മിസോ വംശജരും അതുപോലെ തന്നെ.

2019 ല്‍ സൈനിക അട്ടിമറിയെത്തുടര്‍ന്ന് ബര്‍മ്മയില്‍ ആഭ്യന്തരകലാപം തുടങ്ങിയതോടെ ചിന്‍ പ്രദേശത്തുനിന്നും സഗായിനില്‍ നിന്നും ആളുകള്‍ കൂട്ടത്തോടെ ഇന്ത്യയിലേക്ക് പലായനം ചെയ്യുകയുണ്ടായി. മിസോറമില്‍ ഭരണാധികാരികള്‍ അവര്‍ക്ക് ക്യാമ്പുകള്‍ ഒരുക്കി. മണിപ്പൂരില്‍ കുക്കി പ്രദേശത്ത് എത്തിയവരെ ഇംഫാലിലെ ഭരണകൂടം സംശയത്തോടെയാണ് കണ്ടത്. ബിജെപി ഭരണകൂടം കുക്കികളെ വൈദേശികരെന്നും നുഴഞ്ഞുകയറ്റക്കാരെന്നും വിശേഷിപ്പിച്ചുതുടങ്ങി. മെയ്തി-കുക്കി സംഘര്‍ഷത്തിന് അങ്ങനെ ആഭ്യന്തരമല്ലാത്ത ഒരു മാനവുമുണ്ടായിട്ടുണ്ട്. പട്ക്കായി പ്രദേശത്തിന്റെ പ്രാഗ്-ചരിത്രത്തെക്കുറിച്ചുള്ള അറിവില്ലായ്മയും പൗരസ്വത്വത്തെക്കുറിച്ചുള്ള ഇടുങ്ങിയ കാഴ്ചപ്പാടുമാണ് ഇംഫാലിലെ ബിരേന്‍ സിംഗ് ഭരണകൂടത്തെ ഇങ്ങനെ ഒരു വീക്ഷണം സ്വീകരിക്കാന്‍ പ്രേരിപ്പിച്ചത് എന്ന് പറയേണ്ടി വരും.

വടക്കുകിഴക്കന്‍ പ്രദേശത്ത് എമ്പാടും നിലനില്‍ക്കുന്ന ജനസംഖ്യപ്പേടി (പുറത്തുനിന്ന് വരുന്നവര്‍ തങ്ങളെ ന്യൂനപക്ഷമാക്കുമോ എന്ന പേടി) ബിജെപി കഴിഞ്ഞ ഏതാനും വര്‍ഷങ്ങളില്‍ ഒരു മുഖ്യ നരേറ്റീവ് ആയി മാറ്റിയിട്ടുണ്ട്. പൗരത്വനിയമത്തെ മുന്‍നിര്‍ത്തിയും ബംഗ്ലാദേശി മുസ്‌ലിം ‘അധിനിവേശത്തെ’ കുറിച്ച് ഭീതി സൃഷ്ടിച്ചും മതസ്വത്വത്തെ വടക്ക് കിഴക്കന്‍ മേഖലയില്‍ നിര്‍ണ്ണായക രാഷ്ട്രീയ പ്രശ്‌നമായി മാറ്റാന്‍ ബിജെപി ശ്രമിച്ചുപോരുന്നുണ്ട്. ബര്‍മ്മയില്‍ നിന്നുള്ള അഭയാര്‍ത്ഥി പ്രവാഹത്തെ കാണുന്നതിലും മണിപ്പൂരിലെ വംശീയ സംഘര്‍ഷത്തില്‍ പക്ഷം പിടിക്കുന്നതിലും ബിജെപിയെ സ്വാധീനിക്കുന്നത് ഈ രാഷ്ട്രീയമാണ്.

വടക്കുകിഴക്കന്‍ ഇന്ത്യയിലെ ഉപദേശീയതാ രാഷ്ട്രീയത്തില്‍ മതം കലര്‍ന്നിട്ടുണ്ടെങ്കിലും ആത്യന്തികമായി അതൊരു മതപ്രശ്‌നമായിട്ടല്ല ഇത്രനാളും ഭരണകൂടം കണ്ടുപോന്നത്. നെല്ലി നരഹത്യപോലും വംശീയ കലാപമായിട്ടാണ് വിലയിരുത്തപ്പെട്ടത് – കൊല്ലപ്പെട്ടത് മുഴുവനും ബംഗാളി സംസാരിക്കുന്ന മുസ്‌ലിംകളായിരുന്നു. പത്തൊമ്പതാം നൂറ്റാണ്ടില്‍ തുടക്കമിട്ട കൊളോണിയല്‍-ഇംപീരിയല്‍ ഇടപെടലുകളും ഇരുപതാം നൂറ്റാണ്ടിലെ ദേശ-രാഷ്ട്ര നിര്‍മ്മാണവും അലങ്കോലമാക്കിയ ഈ സമൂഹത്തില്‍ മതം ഇത്രകാലവും ഒരിടയൊഴുക്കായി മാത്രമേ നിലനിന്നിട്ടുള്ളൂ. അസം പ്രക്ഷോഭത്തില്‍ മതമുണ്ടെങ്കിലും ആത്യന്തികമായും ഉപദേശീയതയുടെ രാഷ്ട്രീയ ലോജിക്കിനെയാണ് പിന്തുടര്‍ന്നത്. നാഗാലാന്റിലും മിസോറാമിലും സ്വത്വനിര്‍മ്മാണത്തില്‍ ക്രിസ്ത്യന്‍ സഭകള്‍ സ്വാധീനം ചെലുത്തിയിട്ടുണ്ടെങ്കിലും അവയും മതപ്രശ്‌നമായിട്ടല്ല അവതരിപ്പിക്കപ്പെട്ടത്. അതുകൊണ്ട് കൂടിയാണ് ഇന്ത്യന്‍ ദേശ-രാഷ്ട്രത്തിന് അസമിലും മിസോറാമിലും ഭാഗികമായിട്ടെങ്കിലും നാഗാലാന്റിലും സമാധാന ഉടമ്പടികള്‍ സാധ്യമായത്.

ദി ക്രിട്ടിക് യു ട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

മണിപ്പൂരിനെ മുന്‍നിര്‍ത്തിയുള്ള ചര്‍ച്ചയും മതസംഘര്‍ഷത്തിന്റെ Paradigm ല്‍ ആകരുത്. ഇന്ത്യന്‍ ദേശീയതയുടെ-ദേശരാഷ്ട്രം എന്ന കാഴ്ചപ്പാടും-ഭാവനാപരിമിതികള്‍ പുറത്തുകൊണ്ടുവരുന്ന രാഷ്ട്രീയസന്ദര്‍ഭമാണ് മണിപ്പൂരിലേത്. ഏകശിലാത്മകമായ ഒരു ദേശീയതാ സങ്കല്പത്തിന് ഉള്‍ക്കൊള്ളാന്‍ കഴിയാത്ത വൈരുദ്ധ്യങ്ങള്‍ വടക്കു കിഴക്കന്‍ പ്രദേശങ്ങളിലെമ്പാടുമുണ്ട്. സഞ്ജീബ് ബറുവയെ പോലെയുള്ള ചിന്തകര്‍ ഈ വൈരുദ്ധ്യങ്ങള്‍ എടുത്തുകാട്ടിയിട്ടുമുണ്ട്. മത ദേശീയതാ സങ്കല്പത്തിന്റെ ചെറിയ ബുദ്ധിയില്‍ ഒതുങ്ങുന്നതല്ല വടക്കു കിഴക്കന്‍ മേഖലയിലെ ദേശീയത- സ്വത്വ പ്രശ്‌നങ്ങള്‍. അതിന്റെ വേരുകള്‍ കൊളോണിയലിസത്തിന്റെയും പാശ്ചാത്യനാഗരികതയുടെ തന്നേയും (തന്മൂലം ദേശ-രാഷ്ട്രത്തിന്റെയും) വൈരുദ്ധ്യങ്ങളില്‍ കിടക്കുന്നു. സോവിയറ്റ് യൂണിയന്റെ തകര്‍ച്ചയെ ഓര്‍മ്മിപ്പിച്ചുകൊണ്ട് സഞ്ജീബ് ബറുവ തന്റെ India Against Itself (1999) എന്ന ഗ്രന്ഥത്തില്‍ ഇങ്ങനെ എഴുതുകയുണ്ടായി: ‘One of the ironic lessons of history, underscored by the breakdown of the soviet Union, is that when strong centralised states want to hold on to the ‘illusion of power’ because they want to do good for their people, in reality that power may already be eroding. I hope that India’s nation-builders will learn from such ironies. Those at the helm of the Indian State, I hope, will be able to distance themselves from the derivative, suffocating, and quite out-of-date paradigm of nation-building and return to a more confident vision of the civilisational unity of the subcontinent. It is only such self-confidence that can enable India to launch a bold project of genuine federation – buiding, which ultimately is the only way to bring subnationalism and pan-Indianism closer together.”

അസമിന്റെ രാഷ്ട്രീയസന്ദര്‍ഭത്തില്‍ എഴുതപ്പെട്ട ഈ വാക്കുകള്‍ക്ക് മണിപ്പൂരിന്റെ എന്നല്ല മുഴുവന്‍ വടക്ക് കിഴക്കിന്റേയും എന്തിന് കശ്മീരിന്റെ കാര്യത്തില്‍ പോലും സാംഗത്യമുണ്ട്.

(കടപ്പാട് – പാഠഭേദം)

സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പന്ത്രണ്ടാം വര്‍ഷത്തേക്ക് കടക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2024 - 25 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in


ഞങ്ങളുടെ ഫേസ്ബുക് പേജ് ലൈക് ചെയ്യൂ..


Published On

Category: National | Tags: , | Comments: 1 |

'ക്രിട്ടിക്കില്‍ പ്രസിദ്ധീകരിക്കുന്ന ലേഖനങ്ങള്‍ ലേഖകരുടെ അഭിപ്രായങ്ങളാണ്.. അവ പൂര്‍ണ്ണമായും ക്രിട്ടിക്കിന്റെ അഭിപ്രായങ്ങളാകണമെന്നില്ല - എഡിറ്റര്‍'

Feedback

One thought on “മണിപ്പൂരിലേക്കുണ്ട് അനേകം വഴികള്‍

  1. it is a valuable article

Leave a Reply