അമ്മക്കല്ല് പുനര്‍വായിക്കുന്നത് ഇതിഹാസത്തെ മാത്രമല്ല, മനുഷ്യചരിത്രത്തേയുമാണ്
മൂടിക്കെട്ടിയ കണ്ണില്‍ കൂടി ലോകത്തെ കണ്ട ഗാന്ധാരിയുടെ ആതേ കണ്ണുകളിലൂടെയാണ് ഗീത മഹാഭാരതത്തെ പുനര്‍വായിക്കുന്നത് ഒപ്പം സമാനദുഖിതരും പോരാളികളുമായ കുന്തിയിലൂടേയും പാഞ്ചാലിയിയൂടേയും
ലോകം കണ്ട മഹത്തായ ഇതിഹാസങ്ങളില്‍ ഒന്നായ മഹാഭാരതത്തെ പല വീക്ഷണങ്ങളില്‍ പുനര്‍ വായിച്ചവരുണ്ട്. കുട്ടികൃഷ്ണമാരാറും എംടിയും മാലിയും പി കെ ബാലകൃഷ്ണനുമൊക്കെ പെട്ടെന്ന് ഓര്‍മ്മ വരുന്ന പേരുകള്‍. പുരുഷന്മാരായ ഇവര്‍ സ്വാഭാവികമായും പുരുഷകഥാപാത്രങ്ങളുടെ വീക്ഷണ കോണിലാണ് മഹാഭാരതത്തെ പുനര്‍ വായിക്കാന്‍ ശ്രമിച്ചത്. ആയുധമേന്തിയല്ലെങ്കിലും ആ ഇതിഹാസത്തിലെ യഥാര്‍ത്ഥ പോരാളികളായ സ്ത്രീകഥാപാത്രങ്ങള്‍ ഇവര്‍ക്ക് വിഷയമാകാതിരുന്നത് സ്വാഭാവികമായിരിക്കാം. എന്നാല്‍ സ്ത്രീ എന്ന സ്വത്വത്തെ ആത്മാഭിമാനമായി കാണുന്ന ഒരു എഴുത്തുകാരിക്ക് അതിനാകുമോ? ആകില്ല എന്നതിന്റെ പ്രഖ്യാപനമാണ് എഴുത്തുകാരിയും ആക്ടിവിസ്റ്റുമായ പി ഗീതയുടെ അമ്മക്കല്ല് എന്ന നോവല്‍. മൂടിക്കെട്ടിയ കണ്ണില്‍ കൂടി ലോകത്തെ കണ്ട ഗാന്ധാരിയുടെ ആതേ കണ്ണുകളിലൂടെയാണ് ഗീത മഹാഭാരതത്തെ പുനര്‍വായിക്കുന്നത് ഒപ്പം സമാനദുഖിതരും പോരാളികളുമായ കുന്തിയിലൂടേയും പാഞ്ചാലിയിയൂടേയും. ഗീത തന്നെ പറയുന്ന പോലെ പുരുഷാധികാര ജീവിതഘടനക്കകത്ത് അകപ്പെട്ട സ്ത്രീജീവിതം എത്ര വേദനാജനകമാണെന്നാണ് ഇതിഹാസ്യകാവ്യത്തിലൂടെ അവര്‍ തുറന്നു കാട്ടുന്നത്. അങ്ങനെയവര്‍ രചിക്കുന്നത് ഗാന്ധാരിയുടെ, കുന്തിയുടെ, പാഞ്ചാലിയുടെ മഹാഭാരതമാണ്. സ്ത്രീകളുടെ മഹാഭാരതമാണ്.
2008ല്‍ ചെറുകഥാരൂപത്തിലെഴുതിയ കൃതിയുടെ വിപുലീകൃതരൂപമാണ് ഗീതയുടെ ഈ ആദ്യനോവല്‍. ഗീതതന്നെ പറയുന്ന പോലെ പരമ്പരാഗത നോവല്‍ സങ്കല്‍പ്പത്തിലൊതുങ്ങുന്ന ഒന്നാണോ ഇതെന്ന് പറയാനാകില്ല. അങ്ങനെ ആകണമെന്ന് ഒരു നിര്‍ബന്ധവുമില്ലതാനും. പുസ്തകത്തിന്റെ അവതാരികയില്‍ ലീലാവതി ടീച്ചര്‍ പറയുന്നതില്‍ ഈ നോവലിന്റെ അന്തസ്സത്ത കാണാം. ‘മുടി, മുല, നാഭിച്ചുഴി, കടിപ്രദേശം, യോനി മുതലായ അവയവങ്ങളോടുകൂടിയ ഉപഭോഗക്ഷമമായ ഒരു ജീവനുള്ള യന്ത്രം എന്നതില്‍ കവിഞ്ഞു വികാരങ്ങള്‍ക്കും വിചാരങ്ങള്‍ക്കുമുള്ള അറകളുള്ള മസ്തിഷ്‌കം എന്ന അവയവം കൂടി പെണ്ണിനുണ്ട് എന്ന് പരിഗണിക്കാത്തവരും പുരുഷവീര്യാഹന്തയുടെ ആകാരാകാരങ്ങളും അധികാരവും രാജ്യവും ബലവും വികസിപ്പിക്കാനുള്ള ഉപകരണങ്ങളായി മഹിഷിമാരെ പട്ടം കെട്ടിക്കുന്നവരും ആയ ഭരണാധികാരി പരമ്പരയെ ചോദ്യം ചെയ്യുന്നതിനുവേണ്ടി ഇതിഹാസ കഥകള്‍ പുനര്‍വിചാരണക്കെടുക്കാന്‍ അധികാരവും സ്വാതന്ത്ര്യവും അപരിമിതമാണെന്ന് ഈ പുനസൃഷ്ടി പ്രഖ്യാപിക്കുന്നു.’
മണവാളന് ആദ്യരാത്രിയില്‍ ഉപഹാരം അര്‍പ്പിക്കാന്‍ കൊണ്ടുവന്ന മനോഹരമായ പട്ടു കൊണ്ട് കണ്ണെന്ന അവയവമില്ലാത്ത അന്ധന്റെ മുഖത്ത് നോക്കാതിരിക്കാന്‍ വേണ്ടിയാണ് ഗാന്ധാരി കണ്ണുകെട്ടുന്നത് – ഗാന്ധാരിയുടെ സ്വന്തം കണ്ണുകള്‍ കെട്ടുന്നതിനെ ആത്മാഭിമാനമുള്ള സ്ത്രീകള്‍ക്ക് ഇങ്ങനെയല്ലാതെ എങ്ങനെ കാണാനാവും? അതിനെ ഭാരതസ്ത്രീയുടെ വിശുദ്ധിയും ഭര്‍തൃഭക്തിയുമൊക്കെയായി വ്യാഖ്യാനിച്ചതിന്റെ ഉദ്ദേശം ഇന്ന് പ്രകടമാണ്. ഗാന്ധാരി മാത്രമല്ലല്ലോ വിവാഹവേളയില്‍ വഞ്ചിക്കപ്പെട്ടത്. കുന്തിയും പാഞ്ചാലിയുമടക്കം വഞ്ചിക്കപ്പെടുകയായിരുന്നു. അവരുടെ അനുഭവങ്ങളിലൂടേയും ഈ നോവല്‍ സഞ്ചരിക്കുന്നു. ആ വഞ്ചനകളെല്ലാം ആര്‍ഷഭാരത സംസ്‌കൃതിയുടെ പേരില്‍ ന്യായീകരിക്കപ്പെടുകയും ലോകമാകെ കൊട്ടിഘോഷിക്കപ്പെടുകയുമായിരുന്നു. ഇന്നുമങ്ങനെതന്നെ. എന്തിനേറെ, ഹിന്ദുത്വശക്തികളില്‍ നിന്ന് നമ്മുടെ പാരമ്പര്യത്തെ രക്ഷിക്കണമെന്നാഹ്വാനം ചെയ്ത് രാമായണത്തേയും ഭാരതത്തേയുമൊക്കെ പുനര്‍വായിക്കുന്നു എന്നവകാശപ്പെടുന്നവര്‍പോലും ഇവരുടേയും സീതയുടേയും മറ്റും രോഷമോ ദുഖമോ കാണുന്നുണ്ടോ? ഇല്ല എന്നതാണ് വസ്തുത. അവിടെയാണ് ഗീതയുടെ അമ്മക്കല്ല് പ്രസക്തമാകുന്നത്. ഇത് ഗാന്ധാരിയുടേയും പാഞ്ചാലിയുടേയും കുന്തിയുടേയും മാത്രമല്ല, ലോകത്തെ മുഴുവന്‍ സ്ത്രീകളുടേയും ഇതിഹാസമായി മാറുന്നത്. ഇത്തരത്തില്‍ നമ്മുടെ ഇതിഹാസങ്ങളും സാഹിത്യവും മാത്രമല്ല ജീവിതങ്ങളും പുനര്‍വായിക്കപ്പെടുന്ന കാലമാണ് വരാന്‍ പോകുന്നത് എന്നു കൂടിയാണ് ഈ കൃതി നല്‍കുന്ന സൂചന.
അമ്മക്കല്ല്, പി ഗീത, ഐ ബുക്‌സ് കോഴിക്കോട്, വില – 160/-
സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പന്ത്രണ്ടാം വര്‍ഷത്തേക്ക് കടക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2024 - 25 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.
The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in