കൊവിഡാനന്തരകാലത്താവശ്യം ഉന്നതവിദ്യാഭ്യാസമേഖലയിലെ സമഗ്രമാറ്റം

ഉന്നതവിദ്യാഭ്യാസ മേഖലക്കുമാത്രമായി ഒരു പുതിയ മന്ത്രിയെ പ്രതിഷ്ഠിച്ചെങ്കിലും വലിയ മാറ്റമൊന്നുമില്ല. . കേരളത്തില്‍ നിന്നു ലക്ഷങ്ങള്‍ ലോകമെങ്ങും തൊഴിലിനു പോകുന്നതായി നമുക്കറിയാം. ഒരുപക്ഷെ കൊവിഡ് കാലത്താണ് പലരും മറ്റൊരു യാഥാര്‍ത്ഥ്യം തിരിച്ചറിഞ്ഞത്. കേരളത്തില്‍ നിന്നു ഇന്ത്യയിലെ മറ്റു സംസ്ഥാനങ്ങളിലേക്കും വിവിധലോകരാജ്യങ്ങളിലേക്കും ഉന്നതവിദ്യാഭ്യാസത്തിനായി പോകുന്നവര്‍ പതിനായിരങ്ങളാണ്. കേരളത്തിലെ സ്ഥാപനങ്ങളില്‍ സീറ്റുകിട്ടാതെ, പുറത്തു പഠിക്കാന്‍ പോകുന്നവരല്ല ഇവരില്‍ വലിയൊരു ഭാഗം. മറിച്ച് പ്ലസ് ടു കഴിഞ്ഞാല്‍ ഉന്നതവിജയം നേടുന്നവരില്‍ വലിയൊരു ഭാഗവും കേരളത്തിനു പുറത്ത് ഇന്ത്യക്കകത്തും പുറത്തുമുള്ള യൂണിവേഴ്‌സിറ്റികളിലും മറ്റ് വിദ്യാഭ്യാസസ്ഥാപനങ്ങളിലുമാണ് ഉന്നതവിദ്യാഭ്യാസത്തിനുപോകുന്നത്.

ഓണ്‍ലൈന്‍ വിദ്യാഭ്യാസവുമായി ബന്ധപ്പെട്ട വിവാദങ്ങളും കേരളത്തിലെ വിദ്യാഭ്യാസരംഗത്തെ കുറിച്ചുള്ള അവകാശവാദങ്ങളുമെല്ലാം വ്യാപകമായി ചര്‍ച്ച ചെയ്യുമ്പോഴാണ് ഇന്ത്യയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ ഗുണനിലവാരത്തെ കുറിച്ചുള്ള റാങ്കിംഗ് പുറത്തുവന്നത്. ഉന്നതവിദ്യാഭ്യാസരംഗത്ത് കേരളം എത്ര പുറകിലാണെന്നാണ് ഈ റാങ്കിംഗ് വ്യക്തമാക്കുന്നത്. യൂണിവേഴ്‌സിറ്റി, കോളേജ്, എഞ്ചിനിയറിംഗ്, ഫാര്‍മസി, മെഡിക്കല്‍, അഗ്രികള്‍ച്ചര്‍, ലോ, ഡെന്റല്‍ തുടങ്ങി വ്യത്യസ്ഥ കാറ്റഗറികളിലെ ലിസ്റ്റുകളില്‍ ഒരേ ഒരു സ്ഥാപനമാണ് ആദ്യപത്തിലുള്ളത്. ആര്‍ക്കിടെക്റ്റില്‍ കോഴിക്കോട്ടെ എന്‍ ഐ ടി മാത്രം. കേന്ദ്ര മാനവ വിഭവശേഷി മന്ത്രാലയമാണ് കഴിഞ്ഞ ദിവസം ലിസ്റ്റ് പുറത്തുവിട്ടത്.

കൊവിഡ് ചികിത്സയുമായി ബന്ധപ്പെട്ട് കേരളത്തിലെ പ്രാഥമികാരോഗ്യരംഗത്തിന്റെ നേട്ടങ്ങളുടെ കാരണക്കാര്‍ ആരെന്ന വിഷയവുമായി ബന്ധപ്പെട്ട് അടുത്തു വലിയ കോലാഹലമൊക്കെ നടന്നല്ലോ. ആ ചര്‍ച്ചയില്‍ പലരും വസ്തുതാപരമായ ചൂണ്ടകാട്ടിയപോലെതന്നെ കേരളത്തിലെ പ്രാഥമിക വിദ്യാഭ്യാസരംഗത്തെ നേട്ടങ്ങള്‍ക്കും നൂറ്റാണ്ടുകളുടെ ചരിത്രം പറയാനുണ്ട്. നവോത്ഥാന പ്രസ്ഥാനങ്ങളും ദേശീയപ്രസ്ഥാനവും മിഷണറിമാരും ഇടതുപ്രസ്ഥാനങ്ങളുമൊക്കെ അതില്‍ തങ്ങളുടേതായ പങ്കു വഹിച്ചിട്ടുണ്ട്. പഞ്ചമി എന്ന ദളിത് പെണ്‍കുട്ടിയുടെ കൈ പിടിച്ച് സ്‌കൂളില്‍ കയറിയ അയ്യങ്കാളിയുടെ നേതൃത്വത്തില്‍ ഞങ്ങഠെ കുട്ടികള്‍ക്ക് പഠിക്കാന്‍ അവസരമില്ലെങ്കില്‍ നിങ്ങടെ പാടം ഞങ്ങള്‍ കൊയ്യില്ല എന്നു പ്രഖ്യാപിച്ചു നടത്തിയ സമരം കേരളചരിത്രത്തിലെ അവിസ്മരണീയ അദ്ധ്യായമാണ്. തുടര്‍ന്നുള്ള നിരവധി മുന്നേറ്റങ്ങളുടെ ഫലമായി പ്രാഥമിക വിദ്യാഭ്യാസം ഏറെക്കുറെ സാര്‍വത്രികമാക്കാന്‍ നമുക്കു കഴിഞ്ഞിട്ടുണ്ട് എന്നു പറയുമ്പോഴും പഞ്ചമിയുടെ പിന്‍ഗാമിയായി ദേവിക ഇപ്പോഴുമുണ്ടെന്ന വസ്തുത പ്രാഥമിക വിദ്യാഭ്യാസത്തെ കുറിച്ച് അവകാശവാദങ്ങള്‍ ഉന്നയിക്കുമ്പോഴും മറക്കരുത്.

പറഞ്ഞുവരുന്നത് ഉന്നതവിദ്യാഭ്യാസമേഖലയിലെ റാങ്കിങ്ങിനെ കുറിച്ചാണല്ലോ. സാക്ഷരതയും പ്രാഥമിക വിദ്യാഭ്യാസവുമായി താരതമ്യം ചെയ്താല്‍ ഉന്നതവിദ്യാഭ്യാസരംഗത്ത് നാമെത്ര പുറകിലാണ്. പ്രാഥമികരംഗത്ത ഏറെക്കുറെ രാജ്യത്ത് ഒന്നാം സ്ഥാനത്തു നാം തന്നെയാകും എന്നാല്‍ ഉന്നതവിദ്യാഭ്യാസരംഗത്തെ അവസ്ഥയാണ് മുകളില്‍ സൂചിപ്പിച്ചത്. നിര്‍ഭാഗ്യവശാല്‍ ഇപ്പോഴും നാം ആശങ്കപ്പെടുന്നതും കോടികള്‍ വലിച്ചെറിയുന്നതും പ്രാഥമികരംഗത്താണ്. കുറെ കുട്ടികള്‍ പ്രൈവറ്റ് മേഖലയില്‍ നിന്ന് പൊതുവിദ്യാലയങ്ങലിലേക്ക് തിരിച്ചെത്തി എന്നു പറഞ്ഞ് ആഘോഷിക്കുന്ന കാഴ്ചയാണ് എങ്ങും. അവിടെതന്നെ സിലബസിന്റെ നിലവാരത്തെ കുറിച്ചും ഇന്ന് ഏറെക്കുറെ ആഗോളഭാഷയായി മാറിയ ഇംഗ്ലീഷിലെ പ്രാവണ്യത്തെ കുറിച്ചുമൊക്കെ തര്‍ക്കങ്ങളുണ്ടാ. മാത്രമല്ല ഇപ്പോഴും വിദ്യാഭ്യാസം ദൈനംദിനജീവിതവുമായി ബന്ധപ്പെടുന്നില്ല എന്ന വിമര്‍ശനവും വ്യാപകം. നീന്തല്‍ ഇപ്പോഴും നമ്മുടെ സിലബസിന്റെ ഭാഗമല്ല എന്നത് ഒരു ഉദാഹരണം മാത്രം. ഇക്കാലത്തും ആണ്‍കുട്ടികളേയും പെണ്‍കുട്ടികളേയും വേര്‍തിരിച്ചാണ് മിക്കയിടത്തും ക്ലാസുകള്‍ എന്നതും സാമൂഹ്യവിരുദ്ധമാണ്. എയ്ഡഡ് സ്ഥാപനങ്ങളില്‍ സംവരണമില്ലാത്തത് മറ്റൊരു സാമൂഹ്യ അനീതി.

ഉന്നതവിദ്യാഭ്യാസരംഗത്തേക്ക് തിരിച്ചുവരാം. ഈ മേഖലക്കുമാത്രമായി ഒരു പുതിയ മന്ത്രിയെ പ്രതിഷ്ഠിച്ചെങ്കിലും വലിയ മാറ്റമൊന്നുമില്ല എന്നതാണ് യാഥാര്‍ത്ഥ്യം. കേരളത്തില്‍ നിന്നു ലക്ഷങ്ങള്‍ ലോകമെങ്ങും തൊഴിലിനു പോകുന്നതായി നമുക്കറിയാം. ഒരുപക്ഷെ കൊവിഡ് കാലത്താണ് പലരും മറ്റൊരു യാഥാര്‍ത്ഥ്യം തിരിച്ചറിഞ്ഞത്. കേരളത്തില്‍ നിന്നു ഇന്ത്യയിലെ മറ്റു സംസ്ഥാനങ്ങലിലേക്കും വിവിധലോകരാജ്യങ്ങളിലേക്കും ഉന്നതവിദ്യാഭ്യാസത്തിനായി പോകുന്നവര്‍ പതിനായിരങ്ങളാണ്. ലോകത്തിന്റേയും രാജ്യത്തിന്റേയും വിവിധ ഭാഗങ്ങളില്‍ നിന്ന് നാട്ടിലെത്താനാവാത്ത വിദ്യാര്‍ത്ഥികളുടെ ദുരിതങ്ങളും കണ്ടു. കേരളത്തിലെ സ്ഥാപനങ്ങലില്‍ സീറ്റുകിട്ടാതെ, പുറത്തു പഠിക്കാന്‍ പോകുന്നവരല്ല ഇവരില്‍ വലിയൊരു ഭാഗം എന്നതാണ് വസ്തുത. അത്തരത്തില്‍ ഒരു വിബാഗമുണ്ട്. എന്നാല്‍ പ്ലസ് ടു കഴിഞ്ഞാല്‍ ഉന്നതവിജയം നേടുന്നവരില്‍ വലിയൊരു ഭാഗവും കേരളത്തിനു പുറത്ത് ഇന്ത്യക്കകത്തും പുറത്തുമുള്ള യൂണിവേഴ്‌സിറ്റികളിലും മറ്റ് വിദ്യാഭ്യാസസ്ഥാപനങ്ങളിലുമാണ് ഉന്നതവിദ്യാഭ്യാസത്തിനുപോകുന്നത്. ഈ യാഥാര്‍ത്ഥ്യം തിരിച്ചറിയാനും പരിഹരിക്കാനുമുള്ള നടപടികള്‍ കാണുന്നില്ല. മാറിമാറി ഭരിച്ചവരെല്ലാം ഇതില്‍ ഉത്തരവാദികളാണ്. നമ്മുടെ യൂണിവേഴ്‌സിറ്റികളില്‍ നടക്കുന്ന കാര്യങ്ങള്‍ കണ്ടാല്‍ മാത്രം മതി ഇതിന്റഎ കാരണങ്ങള്‍ ബോധ്യപ്പെടാന്‍. അതിലേക്കിവിടെ കടക്കുന്നില്ല.

കൊവിഡാനന്തരകാലത്തെ കേരളത്തിന്റെ സാധ്യതകളെ കുറിച്ചു അടുത്തയിടെ മുഖ്യമന്ത്രി ചില കാര്യങ്ങള്‍ പറയുകയുണ്ടായി. നിര്‍മ്മാണപ്രവര്‍ത്തനങ്ങളും ഹെല്‍ത്ത് ടൂറിസവും വിദ്യാഭ്യാസമേഖലയും മറ്റും വളരുമെന്നാണ് അദ്ദേഹം സൂചിപ്പിച്ചത്. മറ്റു സംസ്ഥാനങ്ങളില്‍ നിന്നും രാജ്യങ്ങളില്‍ നിന്നുമൊക്കെ പുതിയ സംരംഭങ്ങള്‍ക്കും ചികിത്സക്കും വിദ്യാഭ്യാസത്തിനുമൊക്കെ ജനമൊഴുകിയെത്തുമെന്നാണ് അദ്ദേഹം പ്രതീക്ഷിക്കുന്നത്. യുക്തിപരമായി അതൊക്കെ സമര്‍ത്ഥിക്കാന്‍ കഴിയുമായിരിക്കും. എന്നാല്‍ മുകളില്‍ പറഞ്ഞതുപോലുള്ള യാഥാര്‍ത്ഥ്യങ്ങള്‍ നിലനില്‍ക്കുമ്പോള്‍ അതെങ്ങനെയാണ് സാധ്യമാകുക? ഒരുമേഖലയിലും ആദ്യപത്തില്‍ വരുന്ന ഒരു വിദ്യാഭ്യാസസ്ഥാപനം പോലുമില്ലാത്ത നാട്ടിലേക്ക് ആരാണ് ഉന്നതവിദ്യാഭ്യാസത്തിനെത്തുക. പ്രാഥമികരംഗത്തുമാത്രം പണം ചിലവഴിക്കുകയും വിദ്യാലയങ്ങളളെ സ്മാര്‍ട്ടാക്കുകയും സ്വകാര്യമേഖലയോട് മത്സരിക്കലും മാത്രമല്ല സര്‍ക്കാരിന്റെ ഉത്തരവാദിത്തം. ഇനിയുള്ള കാലത്ത് സര്‍ക്കാര്‍ അടിയന്തിരമായി ശ്രദ്ധിക്കേണ്ടത് ഉന്നതവിദ്യാഭ്യാസേേമഖലയാണ്. പുറത്തുനിന്നാരും വന്നില്ലെങ്കിലും നമ്മുടെ കുട്ടികള്‍ക്ക് ഉന്നതവിദ്യാഭ്യാസം നേടാനുള്ള സാഹചര്യമെങ്കിലും ഇവിടെയൊരുക്കാനാവണം. അതായിരിക്കണം കൊവിഡാനന്തരകാലത്തെ നമ്മുടെ ആദ്യമുന്‍ഗണന. അതിനായി ഇല്ലാത്ത അവകാശവാദങ്ങള്‍ അവസാനിപ്പിച്ച്, യാഥാര്‍ത്ഥ്യത്തെ യാഥാര്‍ത്ഥ്യമായി അംഗീകരിക്കാനാണ് ആദ്യം തയ്യാറാകേണ്ടത്.

സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പന്ത്രണ്ടാം വര്‍ഷത്തേക്ക് കടക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2024 - 25 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in


ഞങ്ങളുടെ ഫേസ്ബുക് പേജ് ലൈക് ചെയ്യൂ..


Published On

Category: Kerala | Tags: , | Comments: 0 |

'ക്രിട്ടിക്കില്‍ പ്രസിദ്ധീകരിക്കുന്ന ലേഖനങ്ങള്‍ ലേഖകരുടെ അഭിപ്രായങ്ങളാണ്.. അവ പൂര്‍ണ്ണമായും ക്രിട്ടിക്കിന്റെ അഭിപ്രായങ്ങളാകണമെന്നില്ല - എഡിറ്റര്‍'

Be the first to write a comment.

Leave a Reply