ഇപ്പോഴും പഞ്ചമിമാര്‍ ജീവിക്കുന്ന കേരളം

ചെറിയ കുട്ടികളുടെ കാര്യത്തില്‍ സംശയമുണ്ടെങ്കിലും ഓണ്‍ലൈന്‍ വിദ്യാഭ്യാസത്തെ ഇന്നത്തെ കാലത്ത് തള്ളിക്കളയാനാകില്ല. കാലത്തിനൊത്ത് നീങ്ങാത്തതിന്റെ പേരില്‍ പല നഷ്ടങ്ങളും നേരിട്ട പ്രദേശമാണ് കേരളം. അതാവര്‍ത്തിക്കരുത്. എന്നാലത് ഒരു സാമൂഹ്യവിഭാഗത്തെ പുറന്തള്ളിയാകരുത്.

ഏറെ കൊട്ടിഘോഷിച്ച് നടപ്പാക്കിയ ഓണ്‍ലൈന്‍ വിദ്യാഭ്യാസത്തിനു ആദ്യദിനം തന്നെ രക്തസാക്ഷിയുണ്ടായ സംഭവത്തെ അതര്‍ഹിക്കുന്ന ഗൗരവത്തോടെ ഭരണാധികാരികളും പൊതുസമൂഹവും കാണുന്നുണ്ടോ എന്നത് സംശയമാണ്. വേണ്ടത്ര തയ്യാറെടുപ്പകളില്ലാതേയും ഇന്നോളം നടപ്പാക്കിയ ഏതു വികസനപ്രക്രിയയിലും പുറന്തള്ളപ്പെട്ടവരെ ഉള്‍ക്കൊള്ളാന്‍ ശ്രമക്കാതതേയും ഈ പദ്ധതിയും നടപ്പാക്കാന്‍ ശ്രമിച്ചതാണ് ദേവിക എന്ന 14കാരി ദളിത് പെണ്‍കുട്ടിയുടെ ദുരന്തമരണത്തിലെത്താന്‍ കാരണം. തീര്‍ച്ചയായും ഈ രക്തത്തില്‍ ഭരണകൂടത്തിനു പങ്കുണ്ട്.

കൊറോണക്കൊപ്പം ജീവിക്കാന്‍ തയ്യാറാകുക എന്ന ആശയത്തിന്റെ ഭാഗമായി സാമൂഹ്യജീവിതത്തിന് ഏര്‍പ്പെടുത്തിയിരുന്ന നിയന്ത്രണങ്ങള്‍ ഒന്നൊന്നായി മാറ്റികൊണ്ടിരിക്കുകയാണല്ലോ. അധികം താമസിയാതെ സുരക്ഷാമുന്‍കരുതലുകളോടെ വിദ്യാഭ്യാസസ്ഥാപനങ്ങളും തുറക്കാനാകുമെന്നുറപ്പ്. അതിനു ഏതാനും ദിവസത്തെ കാലയളവുണ്ടായാല്‍ തന്നെ എന്തു കുഴപ്പമാണ് വരാനുള്ളത്? അത്തരമൊരു സാഹചര്യത്തില്‍ ഇത്ര വിപുലമായ ഒരു പദ്ധതിക്ക് തുടക്കമിടാനുള്ള സാഹചര്യമുണ്ടായിരുന്നോ എന്ന ചോദ്യങ്ങള്‍ ഓണ്‍ലൈന്‍ ക്ലാസുകള്‍ തുടങ്ങുന്നതിനുമുമ്പം ഉയര്‍ന്നിരുന്നു. ആദിവാസികളും ദളിതരുമടക്കം ലക്ഷകണക്കിനു വിദ്യാര്‍ത്ഥികള്‍ക്ക് വിദ്യനേടാനുള്ള മൗലികാവകാശം ഇതിലൂടെ നിഷേധിക്കപ്പെടുമെന്നും അവരെകൂടി ഉള്‍പ്പെടുത്തിവേണം പദ്ധതി ആരംഭിക്കാനെന്നും നിരവധി സാമൂഹ്യപ്രവര്‍ത്തകര്‍ ചൂണ്ടികാട്ടിയിരുന്നു. എന്നാല്‍ അതെല്ലാം അവഗണിച്ച് ഇത് ട്രയലാണെന്നും എല്ലാവര്‍ക്കും അവസരം ലഭിക്കുമെന്നായിരുന്നു സര്‍ക്കാര്‍ നിലപാട്. എന്നാല്‍ തന്റെ എല്ലാ സഹപാഠികളും ലഭ്യമായ പഠനം തനിക്കു നിഷേധിക്കപ്പെട്ടതു കണ്ട പത്താം ക്ലാസ്സുകാരിയായ ആ പെണ്‍കുട്ടി തകരുകയായിരുന്നു. കൊവിഡ് ഭീഷണിയുടെ സാഹചര്യത്തില്‍ മറ്റേതെങ്കിലും വീ്ടില്‍ പോയി ടി വി കാണാനും ദേവിക തയ്യാറായിരുന്നില്ല. പാവപ്പെട്ട ദളിത് കുടുംബത്തില്‍ നിന്നുള്ള ആ പെണ്‍കുട്ടിക്ക് തന്റെ സ്വപ്‌നങ്ങള്‍ നഷ്ടപ്പെടുകയാണോ എന്നു തോന്നിയത് സ്വാഭാവികം മാത്രം.

ദുഖകരമായ കാര്യം സംഭവത്തിനുശേഷവും ഒരു പുനപരിശോധനക്ക് സര്‍ക്കാര്‍ തയ്യാറാവുന്നില്ല എന്നതാണ്. എല്ലാവര്‍ക്കും അറ്റന്റ് ചെയ്യാന്‍ സൗകര്യമൊരുക്കുന്നതുവരെ ഓണ്‍ ലൈന്‍ ക്ലാസ്സുകള്‍, അത് ട്രയലായാലും, നിര്‍ത്തിവെക്കണമെന്ന ആവശ്യവും സര്‍ക്കാര്‍ തള്ളിയിരിക്കുകയാണ്. പകരം ഒരാഴ്ചകൊണ്ട് എല്ലാവര്‍ക്കും സൗകര്യമൊരുക്കുമെന്നു പറഞ്ഞ സര്‍ക്കാര്‍ ഇപ്പോള്‍ പറയുന്നത് ട്രയല്‍ രണ്ടാഴ്ച എന്നാണ്. ഞങ്ങളുടെ കുട്ടികള്‍ക്കും പഠിക്കാനവകാശമുണ്ടെന്നു പ്രഖ്യാപിച്ച് അയ്യങ്കാളി കൈപിടിച്ചു സ്‌കൂളിലേക്കുകൊണ്ടുപോയ പഞ്ചമിയുടെ പിന്‍ഗാമികളുടെ വിദ്യ നേടാനുള്ള അവകാശമാണ് നിഷേധിക്കപ്പെടുന്നത്. അതും ശബരിമല വിവാദകാലത്ത് പഞ്ചമിയുടെ ചിത്രം വെച്ച് ബജറ്റ് അവതരിപ്പിച്ച ഒരു സര്‍ക്കാര്‍ ഭരിക്കുമ്പോള്‍.

സംസ്ഥാനത്തെ ആദിവാസി കുട്ടികളില്‍ വലിയൊരു വിഭാഗം പട്ടണങ്ങളിലെ റസിഡന്‍ഷ്യല്‍ സ്‌കൂളുകളിലാണ് പഠിക്കുന്നത്. അവരെല്ലാം ഇപ്പോള്‍ സ്വന്തം ഊരുകളിലാണ്. മഹാഭൂരിപക്ഷംപേരുടെ വീടുകളിലും നെറ്റ് കണക്ഷനോ ടിവിയോ ഇല്ല. ഇത്തരത്തിലുള്ള പദ്ധതിയെ കുറിച്ച് അറിയാത്തവരാണ് ഭൂരിഭാഗവും. എല്ലാ വിദ്യാര്‍ത്ഥികളും ക്ലാസ്സുകള്‍ അറ്റന്റ് ചെയ്യുന്നുണ്ട് എന്നുറപ്പ് വരുത്താന്‍ സ്‌കൂളുകള്‍ക്ക് നിര്‍ദ്ദേശമുണ്ടെങ്കിലും അതൊന്നും പാലിക്കപ്പെട്ടിട്ടില്ല. മിക്കയിടങ്ങളിലും അതെളുപ്പവുമല്ല. അപ്പോഴും ദേവികയുടെ അവസ്ഥ വ്യത്യസ്ഥമായിരുന്നു. സര്‍ക്കാര്‍ നിര്‍ദ്ദേശമനുസരിച്ചുതന്നെ ആ കുട്ടിക്ക് ക്ലാസ്സ് അറ്റന്റ് ചെയ്യാനുള്ള അവസരമൊരുക്കാന്‍ സ്‌കൂള്‍ അധികൃതര്‍ ബാധ്യസ്ഥരായിരുന്നു. അതവര്‍ ചെയ്തിരുന്നെങ്കില്‍ ഈ ദുരന്തമുണ്ടാകുമായിരുന്ന്ില്ല. ഈ അധ്യാപകര്‍ക്കൊക്കെ ഇപ്പോഴും കൃത്യമായി സര്‍ക്കാര്‍ വേതനം കൊടുക്കുന്നുണ്ട് എന്നതും മറക്കരുത്. അധികൃതരുടെ അനാസ്ഥ ഇത്രമാത്രം പ്രകടമായിട്ടും അവരെ വെള്‌ലപൂശുന്ന റിപ്പോര്‍ട്ടാണത്രെ ഡി ഡി ഇ നല്‍കിയിരിക്കുന്നത്.

ചെറിയ കുട്ടികളുടെ കാര്യത്തില്‍ സംശയമുണ്ടെങ്കിലും ഓണ്‍ലൈന്‍ വിദ്യാഭ്യാസത്തെ ഇന്നത്തെ കാലത്ത് തള്ളിക്കളയാനാകില്ല. കാലത്തിനൊത്ത് നീങ്ങാത്തതിന്റെ പേരില്‍ പല നഷ്ടങ്ങളും നേരിട്ട പ്രദേശമാണ് കേരളം. അതാവര്‍ത്തിക്കരുത്. ഇപ്പോള്‍ തന്നെ കമ്പ്യൂട്ടറും പ്രൊജക്ടറും വെച്ച് ക്ലാസ് റൂമുകള്‍ സ്മാര്‍ട്ടായി എന്നാഘോഷിക്കുന്നവരാണല്ലോ നാം. സത്യത്തില്‍ ഇപ്പോള്‍ നടപ്പാക്കുന്നത് യഥാര്‍ത്ഥ അര്‍ത്ഥത്തില്‍ ഓണ്‍ലൈന്‍ വിദ്യാഭ്യാസമൊന്നുമല്ല. അപ്പോഴും ഓരോ സ്‌കൂളുകളിലേയും അധ്യാപകര്‍ എല്ലാ വിദ്യാര്‍ത്ഥികളുമായി ബന്ധപ്പെട്ട് പഠനം മുന്നോട്ടുകൊണ്ടുപോകാനാണ് നിര്‍ദ്ദേശം. ്അതാണ് തുടക്കത്തില്‍തന്നെ ലംഘിക്കപ്പെട്ടതും ഒരു പെണ്‍കുട്ടിയുടെ മരണത്തിനു കാരണമായതും. മരണത്തിനുശേഷമാകട്ടെ ആ പെണ്‍കുട്ടി സൈബര്‍ ഗുണ്ടകളാല്‍ അപഹസിക്കപ്പെടുകയാണ്.

സംസ്ഥാനത്തുനടന്ന കൊട്ടിഘോഷിക്കപ്പെട്ട ഏതൊരു മുന്നേറ്റത്തിലും അര്‍ഹമായ വിഹിതം ലഭിക്കാതെ പോയ വിഭാഗങ്ങളുണ്ട്. ഭൂപരിഷ്‌കരണമായാലും വിദ്യാഭ്യാസബില്ലായാലും പ്രവാസമായാലും മറ്റെന്തായാലും തങ്ങളുടെ അവകാശം ലഭിക്കാത്തവരാണ് ദളിത്, ആദിവാസി വിഭാഗങ്ങള്‍. ഇവിടേയും അതാവര്‍ത്തിക്കുകയാണ്. ഒരാഴ്ചത്തെ ട്രയലിനുള്ളില്‍ എല്ലാ പ്രശ്നങ്ങളും പരിഹരിക്കുമെന്ന് സര്‍ക്കാര്‍ പറയുന്നു. തുടര്‍ന്ന് പല നടപടികളും പ്രഖ്യാപിച്ചിട്ടുമുണ്ട്. ചുരുങ്ങിയപക്ഷം ആദിവാസി മേഖലകളിലെങ്കിലും അതൊന്നും നടപ്പാകുമെന്ന് പ്രതീക്ഷിക്കാന്‍ ബുദ്ധിമുട്ടുണ്ട്. എങ്കില്‍, ഒരു കുട്ടിക്കെങ്കിലും പഠിക്കാനവസരം കിട്ടുന്നില്ലെങ്കില്‍ ഇതവസാനിപ്പിക്കുക തന്നെയാണ് വേണ്ടത്. പിന്നീട് പടിപടിയായി വിദ്യാഭ്യാസം ഓണ്‍ലൈനിലേക്കുമാറ്റാം. രോഹിത് വെമുലയുടെ ഓര്‍മ്മകള്‍ ജ്വലിക്കുന്ന ഹൈദരാബാദ് സെന്‍ട്രല്‍ യൂണിവേഴ്സിറ്റിയില്‍ ഓണ്‍ലൈന്‍ ക്ലാസ്സുകളും പരീക്ഷകളും നടത്താനുള്ള തീരുമാനം റദ്ദാക്കിയ വാര്‍ത്ത കണ്ടിരുന്നു. രാജ്യത്തിന്റെ പിന്നോക്ക പ്രദേശങ്ങളില്‍ നിന്നു നിരവധി വിദ്യാര്‍ത്ഥികള്‍ അവിടെ പഠിക്കുന്നു. അവരില്‍ വലിയൊരു വിഭാഗത്തിനു നെറ്റ് കണക്ഷന്‍ എളുപ്പമല്ലാത്തതിനാലാണ് തീരുമാനം മാറ്റിയത്.

ഉത്തരവാദിത്വമുള്ള ഒരു ജനാധിപത്യ ഗവര്‍മെന്റ് ഈ സൗകര്യങ്ങള്‍ ഡിജിറ്റല്‍ വിഭവങ്ങളിലും അവസരങ്ങളിലും പങ്കാളിത്തമില്ലാത്ത സാമൂഹിക വിഭാഗങ്ങള്‍ക്കും കുടുംബങ്ങള്‍ക്കും ഉറപ്പാക്കിയതിനു ശേഷമെ ഓണ്‍ലൈന്‍ ക്ലാസുകള്‍ ആരംഭിക്കാമായിരുന്നുള്ളു. കാരണം തുല്യ പൗരത്വ അവകാശത്തിന്റെ ഭാഗമായിട്ടാണ് വിദ്യാഭ്യാസം ഒരു അവകാശമായി നിലനില്‍ക്കുന്നത് . ദലിതരുടെയും ആദിവാസികളുടെയും വിദ്യാഭ്യാസ അവകാശങ്ങളും അവസരങ്ങളും പിന്നെ പരിഗണിക്കാമെന്നതുതന്നെ ഫൂഡല്‍ ആശയമാണ്. വാസ്തവത്തില്‍ ഇത് ഡിജിറ്റല്‍ വിവേചനമല്ല, ജാതിവിവേചനം തന്നെയാണ്. നിങ്ങളൊരു തീരുമാനമെടുക്കുമ്പോള്‍ രാജ്യത്തെ ഏറ്റവും ദരിദ്രജനവിഭാഗങ്ങളെയത് എങ്ങനെയാണ് ബാധിക്കുന്നതെന്ന് ആലോചിക്കണമെന്ന് മഹാത്മാഗാന്ധിയുടെ വാക്കുകളെങ്കിലും നാം ഓര്‍ക്കേണ്ടതുണ്ട്.

സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പന്ത്രണ്ടാം വര്‍ഷത്തേക്ക് കടക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2024 - 25 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in


ഞങ്ങളുടെ ഫേസ്ബുക് പേജ് ലൈക് ചെയ്യൂ..


Published On

Category: Human rights | Tags: , , | Comments: 0 |

'ക്രിട്ടിക്കില്‍ പ്രസിദ്ധീകരിക്കുന്ന ലേഖനങ്ങള്‍ ലേഖകരുടെ അഭിപ്രായങ്ങളാണ്.. അവ പൂര്‍ണ്ണമായും ക്രിട്ടിക്കിന്റെ അഭിപ്രായങ്ങളാകണമെന്നില്ല - എഡിറ്റര്‍'

Be the first to write a comment.

Leave a Reply