സാമ്പത്തികത്തില്‍ പൊതിഞ്ഞ സവര്‍ണ സംവരണം

നൂറ്റാണ്ടുകളായി നിലനിന്നിരുന്ന ജാതിവ്യവസ്ഥ മൂലം സമൂഹത്തില്‍ പിന്തള്ളപ്പെട്ടുപോയ ജനവിഭാഗങ്ങള്‍ക്കു സാമൂഹ്യനീതി ഉറപ്പുവരുത്തുക എന്ന ലക്ഷ്യത്തോടെയാണ് ഭരണഘടനയില്‍ സംവരണ തത്വം ഉള്‍ക്കൊള്ളിച്ചത്. അക്കാലത്തു തന്നെ സംവരണത്തിനെരായ നിലപാടുകള്‍
ഉന്നയിക്കപ്പെട്ടിരുന്നു. ഒരു തരത്തിലുള്ള സംവരണവും അനുവദിക്കാന്‍
പാടില്ലെന്ന നിലപാടിനെയും ജാതി സംവരണത്തിനു പകരം സാമ്പത്തിക
സംവരണമാണ് വേണ്ടതെന്ന നിലപാടുകളെയും നിരാകരിച്ചുകൊണ്ടാണ്
ഭരണഘടന നിര്‍മ്മാതാക്കള്‍ ഇന്ത്യന്‍ ഭരണഘടനയുടെ പ്രധാന
സവിശേഷതകളിലൊന്നായ സംവരണ കാഴ്ചപ്പാട് രൂപപ്പെടുത്തിയത്.

“”വിശാല വീക്ഷണമില്ലാത്ത വര്‍ഗീയവാദികളെന്നു നമ്മെ വിളിക്കുന്നവര്‍ക്കും നമുക്കുള്ള അതേ വിശ്വാസമാണുള്ളത്, അവര്‍ നേരെചൊവ്വേ അതു പ്രകാശിപ്പിക്കുന്നില്ലെങ്കിലും നാം കാണുന്നു. അവര്‍ വളഞ്ഞ വഴിക്കു പോകുന്നുവെങ്കിലും ഒടുവില്‍ ഹിന്ദു രാഷ്ട്രമെന്ന തത്വത്തെ സംബന്ധിച്ചും നമ്മുടെ രാജ്യത്തു നിവസിക്കുന്ന ഹൈന്ദവേതരരുടെ, പ്രത്യേകിച്ചു മുസ്ലിങ്ങളുടെ യഥാര്‍ത്ഥ പ്രകൃതത്തെ സംബന്ധിച്ചു ഒരേ നിഗമനത്തിലാണെത്തിച്ചേരുന്നത്. ….ഇപ്രകാരം ചിലയാളുകള്‍ നമ്മെ വര്‍ഗീയവാദികളെന്നും മറ്റും വിളിക്കുന്നുണ്ടെങ്കിലും അവരുടെയും നമ്മുടെയും വിശ്വാസം ഒന്നുതന്നെയാണെന്നു നാം കാണുന്നു. നമുക്കു സത്യം പറയാനുള്ള ധൈര്യമുള്ളപ്പോള്‍ അവര്‍ വിശാലമനസ്‌കതയുടെയും മതേതരത്വത്തിന്റെയും മറപറ്റി പ്രീണിപ്പിക്കാന്‍ പരിശ്രമിക്കുന്നുവെന്നു മാത്രം. ഇതല്ലാതെ വേറെ വ്യത്യാസമൊന്നുമില്ല.”” RSS ആചാര്യന്‍ ഗോള്‍വല്‍ക്കര്‍ വിചാരധാരയില്‍ പറഞ്ഞിരിക്കുന്നതാണിത്. സമീപകാല സംഭവങ്ങള്‍ ഈ പ്രസ്താവനയെ ശരിവയ്ക്കുകയല്ലേ. നിലവിലുണ്ടായിരുന്ന സംവരണ തത്വങ്ങളെ അട്ടിമറിക്കും വിധം മുന്നോക്ക ജാതി സംവരണം നടപ്പാക്കുന്നതില്‍ ബിജെപി, കോണ്‍ഗ്രസ്, സിപിഎം തുടങ്ങിയ പാര്‍ട്ടികള്‍ പ്രകടിപ്പിക്കുന്ന ഏകാഭിപ്രായം ഇതല്ലേ സൂചിപ്പിക്കുന്നത്.

വിശദമായ ചര്‍ച്ചകള്‍ക്കും അന്വേഷണങ്ങള്‍ക്കും ശേഷമാണു ഇന്ത്യന്‍ ഭരണഘടനയില്‍ സംവരണം ഉള്‍പ്പെടുത്തിയത്. ഭരണഘടന ഉറപ്പുനല്‍കുന്ന തുല്യാവകാശങ്ങള്‍ക്കും തുല്യാവസരങ്ങള്‍ക്കും എതിരാവാതെ, സാമൂഹിക നീതി ഉറപ്പുവരുത്തുക എന്ന ലക്ഷ്യത്തോടെയാണ് ഭരണഘടനയുടെ ഭരണഘടനയുടെ 15 (4), 16 (4) വകുപ്പുകളില്‍ സംവരണത്തിനുള്ള നിര്‍ദേശം പ്രതിപാദിച്ചിരിക്കുന്നത്. ഔദ്യോഗിക തലങ്ങളില്‍ മതിയായ പ്രാതിനിധ്യം ലഭിക്കാതെപോയ, സാമൂഹ്യമായും വിദ്യാഭ്യാസപരമായും പിന്നോക്കമായ വിഭാഗങ്ങളുടെ ഉന്നമനമാണ് സംവരണത്തിന്റെ ലക്ഷ്യം. പട്ടികജാതി / പട്ടിക വര്‍ഗവിഭാഗങ്ങള്‍ക്കു മാത്രമായി സംവരണം പരിമിതപ്പെടുത്തണമെന്ന നിര്‍ദേശം ഭരണഘടന നിര്‍മാണ സഭയില്‍ ഉയര്‍ന്നു വന്നെങ്കിലും പിന്നോക്ക വിഭാഗങ്ങള്‍ക്കു കൂടി അതിന്റെ ആനുകൂല്യം ലഭ്യമാകുംവിധമാണ് രണഘടനയില്‍ സംവരണ തത്വം രേഖപ്പെടുത്തിയത്. ഡോ. ബി.ആര്‍. അംബേദ്ക്കര്‍ നടത്തിയ നിതാന്ത പരിശ്രമം ഇതില്‍ നിര്‍ണായകമായിരുന്നു.

ദി ക്രിട്ടിക് ഫേസ് ബുക്ക് പേജ് ലൈക്ക് ചെയ്യുക

ഇന്ത്യ സ്വാതന്ത്ര്യം നേടുന്നതിനു മുന്‍പുതന്നെ വിവിധ ജനവിഭാഗങ്ങള്‍ സംവരണത്തിനായി സമ്മര്‍ദം ചെലുത്തിയിരുന്നു. ജ്യോതിറാവു ഗോവിന്ദറാവു ഫൂലേയുടെ പ്രവര്‍ത്തനഫലമായി 1882 -1891 കാലഘട്ടത്തില്‍ കൊല്‍ഹാപ്പൂര്‍ രാജാവ് ബ്രാഹ്മണര്‍ അല്ലാത്തവര്‍ക്കായി സംവരണം ഏര്‍പ്പെടുത്തി. തിരുവിതാംകൂറില്‍ ഉദ്യോഗസ്ഥ പങ്കാളിത്തം ആവശ്യപ്പെട്ട മലയാളി മെമ്മോറിയലും ഈഴവ മെമ്മോറിയലും ഒരുതരം സംവരണ ആവശ്യമായിരുന്നു. 1921 ല്‍ ജസ്റ്റിസ് പാര്‍ട്ടിയുടെ നേതൃത്വത്തില്‍  മദ്രാസ് പ്രവിശ്യയിലും സംവരണം നടപ്പാക്കിയിരുന്നു. 1909 മുതല്‍
മുസ്ലിങ്ങള്‍ക്കും 1919 മുതല്‍ സിഖ്, ക്രിസ്ത്യന്‍, ബുദ്ധ മത വിഭാഗങ്ങള്‍ക്കും ബ്രിട്ടീഷ് ഭരണാധികാരികള്‍ സെപറേറ്റ് ഇലക്ട്രേറ്റ് അനുവദിച്ചിരുന്നു. 1932 ലെ കമ്മ്യൂണല്‍ അവാര്‍ഡിലൂടെ SC/ST വിഭാഗങ്ങള്‍ക്കും സെപറേറ്റ് ഇലക്ട്രേറ്റ് അനുവദിച്ചത് വലിയ വിവാദമായി. മുസ്ലീം, സിഖ്, ക്രിസ്ത്യന്‍ വിഭാഗങ്ങള്‍ക്കു നല്കിയത് പോലെ SC/ST വിഭാഗങ്ങള്‍ക്ക് പ്രത്യേക പ്രാതിനിധ്യം നല്‍കാനുള്ള പ്രഖ്യാപനം മരണം വരെ നിരാഹാരം നടത്തിയാണ് ഗാന്ധിജി പ്രതിരോധിച്ചത്. മറ്റു മതവിഭാഗങ്ങള്‍ക്കു പ്രത്യേക പ്രാതിനിധ്യം നല്‍കിയതിനെ എതിര്‍ക്കാതെ SC/ST ക്കു നല്‍കിയ പ്രാതിനിധ്യത്തെ മാത്രം ഗാന്ധിജി എതിര്‍ത്തത്, അത് ഹിന്ദുമതത്തെ നെടുകെ പിളര്‍ക്കും എന്നതിനാലായിരുന്നു SC/ST വിഭാഗത്തിന്റെ പ്രത്യേക പ്രാതിനിധ്യത്തിനായി പരിശ്രമിച്ച ഡോ. അംബേദ്കര്‍ അവസാനം ഗാന്ധിജിയുമായി പുനകരാറില്‍ ഒപ്പിടാന്‍ നിര്‍ബന്ധിതനായി. അങ്ങനെയാണ് SC/ST വിഭാഗങ്ങള്‍ക്കുള്ള സംവരണത്തിന്റെ തുടക്കം. (അന്നു അംബേദ്ക്കറുടെ നിലപാടുകള്‍ക്ക് അംഗീകാരം ലഭിച്ചിരുന്നെങ്കില്‍, ഇന്ത്യ ചരിത്രം തന്നെ വേറൊരു ദിശയിലാകുമായിരുന്നു. ഒരുപക്ഷേ ഇന്ത്യ വിഭജനം പോലും ഒഴിവാകുമായിരുന്നു.)

നൂറ്റാണ്ടുകളായി നിലനിന്നിരുന്ന ജാതിവ്യവസ്ഥ മൂലം സമൂഹത്തില്‍ പിന്തള്ളപ്പെട്ടുപോയ ജനവിഭാഗങ്ങള്‍ക്കു സാമൂഹ്യനീതി ഉറപ്പുവരുത്തുക എന്ന ലക്ഷ്യത്തോടെയാണ് ഭരണഘടനയില്‍ സംവരണ തത്വം ഉള്‍ക്കൊള്ളിച്ചത്. അക്കാലത്തു തന്നെ സംവരണത്തിനെരായ നിലപാടുകള്‍ ഉന്നയിക്കപ്പെട്ടിരുന്നു. ഒരു തരത്തിലുള്ള സംവരണവും അനുവദിക്കാന്‍ പാടില്ലെന്ന നിലപാടിനെയും ജാതി സംവരണത്തിനു പകരം സാമ്പത്തിക സംവരണമാണ് വേണ്ടതെന്ന നിലപാടുകളെയും നിരാകരിച്ചുകൊണ്ടാണ് ഭരണഘടന നിര്‍മ്മാതാക്കള്‍ ഇന്ത്യന്‍ ഭരണഘടനയുടെ പ്രധാന സവിശേഷതകളിലൊന്നായ സംവരണ കാഴ്ചപ്പാട് രൂപപ്പെടുത്തിയത്. സ്വാതന്ത്ര്യാനന്തരം SC/ST വിഭാഗങ്ങള്‍ക്കു ജനസംഖ്യാനുപാതികമായ സംവരണം നടപ്പിലാക്കപ്പെട്ടെങ്കിലും മറ്റു പിന്നോക്ക ജനവിഭാഗങ്ങളുടെ സംവരണത്തിനായുള്ള യാതൊരുവിധ നടപടികളും ഭരണാധികാരികളുടെ ഭാഗത്തുനിന്നും ഉണ്ടായില്ല. 1979 ല്‍ മൊറാര്‍ജി ദേശായി സര്‍ക്കാരാണ് മണ്ഡല്‍ കമ്മീഷനെ നിയമിക്കുന്നത്. ഇന്ത്യയിലെ 52 ശതമാനത്തോളം വരുന്ന പിന്നോക്ക ജനവിഭാഗങ്ങള്‍ക്കു സര്‍ക്കാര്‍ സര്‍വീസുകളില്‍ കാര്യമായ പ്രാതിനിധ്യം ഇല്ലെന്നു കണ്ടെത്തിയ മണ്ഡല്‍ കമ്മീഷന്‍ അവര്‍ക്കു 27 ശതമാനം സംവരണം അനുവദിക്കാന്‍ ശുപാര്‍ശ ചെയ്തു.

ദി ക്രിട്ടിക് യു ട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

1980 ല്‍ സമര്‍പ്പിക്കപ്പെട്ട ഈ റിപ്പോര്‍ട് 1990 ല്‍ വി.പി. സിംഗ് സര്‍ക്കാരാണ് നടപ്പിലാക്കാന്‍ തീരുമാനിച്ചത്. ബ്രാഹ്മണ- സവര്‍ണ നേതൃത്വത്താല്‍ നയിക്കപ്പെട്ടിരുന്ന കോണ്‍ഗ്രസിനോ, സവര്‍ണ പ്രത്യയശാസ്ത്രത്താല്‍ നയിക്കപ്പെടുന്ന ബിജെപിക്കോ പിന്നോക്ക ജനവിഭാഗങ്ങള്‍ക്കു സംവരണം അനുവദിക്കുന്നതിനു യാതൊരു താല്പര്യവും ഉണ്ടായിരുന്നില്ല. തങ്ങളുടെ വര്‍ഗന്യൂനീകരണ നിലപാടുമൂലം കമ്മ്യൂണിസ്റ്റു പാര്‍ട്ടികളും സാമ്പത്തിക സംവരണ മുദ്രാവാക്യമുയര്‍ത്തി പിന്നോക്ക ജനവിഭാഗങ്ങളുടെ സംവരണത്തെ എതിര്‍ക്കുകയായിരുന്നു. മണ്ഡല്‍ കമ്മീഷന്‍ റിപ്പോര്‍ട്ടിനെതിരെ അക്കാലത്തുണ്ടായ കലാപങ്ങളും പ്രക്ഷോഭങ്ങളും OBC
സംവരണത്തിനെതിരായ സവര്‍ണ വിഭാഗങ്ങളുടെ ഉറഞ്ഞുതുള്ളലുകളായിരുന്നു.

സംവരണം 50 ശതമാനത്തില്‍ കുടരുതെന്ന നിബന്ധനകളോടെ ഭരണഘടനാപരമായി സാധുതയുള്ളതാണ് പിന്നോക്ക സംവരണമെന്നു സുപ്രിംകോടതി വിധി പ്രസ്താവിച്ചതൊടെ അതിനെ ദുര്‍ബലപ്പെടുത്താനുള്ള നീക്കങ്ങളാണ് പില്‍ക്കാലത്തുണ്ടായത്. പിന്നോക്കക്കാരിലെ പിന്നോക്കക്കാരുടെ പേരുപറഞ്ഞു നടപ്പാക്കിയ ക്രീമിലെയര്‍ തന്നെ സംവരണത്തിന്റെ മാനദണ്ഡം സാമ്പത്തികമായി പരിവര്‍ത്തനപ്പെടുത്താനുള്ള ഗുഢപദ്ധതിയുടെ ഭാഗമായിരുമൊത്തം ന്നു. ക്രീമിലെയര്‍ നടപ്പാക്കുമ്പോള്‍ യോഗ്യരായ ഉദ്യോഗാര്‍ഥികളുടെ അഭാവത്തില്‍ അതതു സമുദായത്തിനു തന്നെ അവ ഉറപ്പുവരുത്തുന്നതിന് ഭരണഘടനാപരമായ പരിരക്ഷ നല്‍കണമെന്ന ആവശ്യത്തിനു കാര്യമായ നടപടികള്‍ ഉണ്ടായില്ല. എന്നാല്‍ മുന്നോക്ക സമുദായങ്ങള്‍ക്ക് സംവരണം അനുവദിക്കുന്നതില്‍ പ്രത്യേക താല്പര്യം പ്രകടിപ്പിക്കുകയും ചെയ്യാറുണ്ട്. തങ്ങളുടെ ഭരണകാലത്തു പിന്നോക്ക സംവരണത്തിനു യാതൊരു നടപടിയും സ്വീകരിക്കാതിരുന്ന കോണ്‍ഗ്രസ്സ്, നരസിംഹറാവു സര്‍ക്കാരിന്റെ കാലത്തു മുന്നോക്ക സംവരണത്തിനായി പ്രത്യേക നിയമനിര്‍മ്മാണം നടത്തി. പക്ഷേ, ഭരണഘടന സാമ്പത്തിക സംവരണത്തിനു നിര്‍ദ്ദേശിക്കുന്നില്ലെന്നു കാരണം ചൂണ്ടിക്കാട്ടി സുപ്രിംകോടതി അത് റദ്ദാക്കി.

തുടര്‍ന്നു ഭരണഘടന തന്നെ തിരുത്താനുള്ള ശ്രമമാണുണ്ടായത്. അതിന്റെ ഭാഗമാണ് 103 -മാം ഭരണഘടന ഭേദഗതി. 15(6 ), 16 (6) എന്നീ ഉപവകുപ്പുകള്‍ കൂട്ടിച്ചേര്‍ത്താണ് ഭരണഘടനയില്‍ നിലവിലുണ്ടായിരുന്ന സംവരണ തത്വത്തെ അട്ടിമറിച്ചത്. മുന്നോക്ക ജാതിയില്‍ പെട്ടവര്‍ക്കു മാത്രം അര്‍ഹതയുള്ള ഈ സംവരണത്തെ EWS (Economically weaker section) എന്നാണതില്‍ വിശേഷിപ്പിച്ചിരിക്കുന്നത്. സാമ്പത്തിക സംവരണമെന്ന പ്രതീതി സൃഷ്ടിച്ചു നടപ്പാക്കുന്ന മുന്നോക്ക ജാതി സംവരണം തന്നെയാണിത്. അങ്ങനെ സാമ്പത്തിക സംവരണവാദികളും സംവരണമേ പാടില്ലെന്നു വാദിക്കുന്നവരും മുന്നോക്ക ജാതി സംവരണത്തിന്റെ വക്താക്കളും നടത്തിപ്പുകാരുമായി മാറുന്ന വിരോധാഭാസം നമ്മുക്കിവിടെ കാണാനാവും. ഭരണഘടനയുടെ അടിസ്ഥാന സങ്കല്പങ്ങളെ തന്നെ തിരുത്തുന്ന ഇത്തരമൊരു ഭേദഗതി ഒറ്റദിവസത്തെ ചര്‍ച്ചകൊണ്ടാണ് പാര്‍ലമെന്റ് പാസാക്കിയത്. ബിജെപി, കോണ്‍ഗ്രസ്, സിപിഎം തുടങ്ങിയവരെല്ലാം അതിനെ പിന്തുണയ്ക്കുകയും ചെയ്തു. ഈ ഭേദഗതിയുടെ സാഗത്യം കോടതിയില്‍ ചോദ്യം ചെയ്യപെടാതിരിക്കാന്‍ ഒന്‍പതാം ഷെഡ്യൂളില്‍ പെടുത്താനുള്ള കരുതലും സ്വീകരിച്ചിട്ടുണ്ട്

മുന്നോക്ക വിഭാഗങ്ങള്‍ക്ക് പരമാവധി 10 ശതമാനം വരെ സംവരണം നല്‍കാമെന്നാണ് കേന്ദ്ര സര്‍ക്കാരിന്റെ നിലപാട്. സംസ്ഥാനങ്ങള്‍ക്കു യുക്തമായ തീരുമാനം എടുക്കാമെന്നും പറഞ്ഞിട്ടുണ്ട്. സാമ്പത്തികമായി ക്ഷിണിതരായ മുന്നോക്ക വിഭാഗങ്ങള്‍ എത്രയുണ്ടെന്ന് കേന്ദ്ര -സംസ്ഥാന സര്‍ക്കാരുകള്‍ എന്തെങ്കിലും സര്‍വേയോ പഠനമോ നടത്തിയിട്ടുണ്ടോ. അങ്ങിനെയുള്ളവര്‍ക്കു സര്‍ക്കാര്‍ ജോലികളില്‍ നിലവിലുള്ള പ്രാതിനിധ്യം എത്രയാണ്. അത്തരം പരിശോധനകള്‍ നടത്തി അവര്‍ക്കു പ്രാതിനിധ്യ കുറവുണ്ടെങ്കിലേ സംവരണത്തിന്റെ ആവശ്യം ഉദിക്കുന്നുള്ളു. മതിയായ പ്രാതിനിധ്യം ലഭിക്കാത്ത വിഭാഗങ്ങള്‍ക്കു അവ ഉറപ്പുവരുത്തുക എന്നതാണ് സംവരണത്തിലൂടെ ഭരണഘടന വിഭാവനം ചെയ്യുന്നത്. അല്ലാതെ സാമ്പത്തിക പരാധീനതകളോ തൊഴിലില്ലായ്മയോ പരിഹരിക്കാനുള്ള ഉപാധിയല്ല സംവരണം. ‘നമ്മുടെ സമാജത്തിന്റെ മറ്റൊരു സവിശേഷമേന്മ വര്‍ണജാതി വ്യവസ്ഥയാണെന്നും സാമുഹ്യകെട്ടുറപ്പിനു ഒരു ഉറച്ച കണ്ണിയായി അതു വാസ്തവത്തില്‍ സഹായിക്കുകയാണെന്നും ‘ വിശ്വസിക്കുന്ന പ്രത്യയശാത്രത്തിന്റെ വക്താക്കളായ ബിജെപി സവര്‍ണ സംവരണം നടപ്പാക്കുമ്പോള്‍ അതിന്റെ കുഴലൂത്തുകാരായി കോണ്‍ഗ്രസും സിപിഎമ്മും മാറുകയാണിപ്പോള്‍. സംവരണഭേദഗതിയിലൂടെ , പൗരത്വ ഭേദഗതിയിലൂടെ , സംസ്ഥാനങ്ങളുടെ അധികാരങ്ങള്‍ കവരുന്നതിലൂടെ, അമിതമായ കേന്ദ്രികരണത്തിലൂടെയാണ് ഹിന്ദുരാഷ്ട്രവാദികള്‍ അഭിലഷിക്കുന്ന ഏകഘടക സര്‍ക്കാര്‍ രൂപീകരണത്തിനുതകും വിധം നമ്മുടെ ഭരണഘടന പൊളിച്ചെഴുതപ്പെടുന്നത്.

സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പന്ത്രണ്ടാം വര്‍ഷത്തേക്ക് കടക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2024 - 25 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in


ഞങ്ങളുടെ ഫേസ്ബുക് പേജ് ലൈക് ചെയ്യൂ..


Published On

Category: analysis | Tags: , | Comments: 0 |

'ക്രിട്ടിക്കില്‍ പ്രസിദ്ധീകരിക്കുന്ന ലേഖനങ്ങള്‍ ലേഖകരുടെ അഭിപ്രായങ്ങളാണ്.. അവ പൂര്‍ണ്ണമായും ക്രിട്ടിക്കിന്റെ അഭിപ്രായങ്ങളാകണമെന്നില്ല - എഡിറ്റര്‍'

Be the first to write a comment.

Leave a Reply