രാത്രി മുതല്‍ രാത്രി വരെ : അടിയന്തരാവസ്ഥാ രാത്രികള്‍ ആവര്‍ത്തിക്കാതിരിക്കാന്‍
അടിയന്തരാവസ്ഥ തന്നെയാണ് തന്റെ പുസ്തകത്തിന്റെ പ്രമേയമെന്നും 21 മാസത്തെ തീഷ്ണവും തീവ്രവുമായ മാനസിക ഭാവങ്ങള്‍ സൃഷ്ടിച്ച കെട്ടുകാഴ്ചകള്‍ തന്റെ തലമുറയിലുള്ളവര്‍ക്ക് വിസ്മരിക്കാനാവില്ല എന്നും എന്നാല്‍ പിന്നീട് പിറന്നവര്‍ക്ക് ഏതോ കടങ്കഥയിലെ കോമാളിവേഷമായി മനസ്സില്‍ നങ്കൂരമിട്ടിരിക്കാം എന്നും ഗ്രന്ഥകര്‍ത്താവ് അവതാരികയില്‍ പറയുന്നു. അവര്‍ക്കായും ഭാവിതലമുറക്കായുമായാണ് അഞ്ചുവര്‍ഷം മാറ്റിവെച്ച് ഈ പുസ്തകരചനക്ക് ശ്രീനിവാസന്‍ തയ്യാറായത് എന്നുവ്യക്തം.
സ്വതന്ത്ര ഇന്ത്യ കണ്ട ഏറ്റവും വലിയ ജനാധിപത്യ ധ്വംസന കാലഘട്ടമായിരുന്ന അടിയന്തരാവസ്ഥക്ക് അരു നൂറ്റാണ്ട് തികയുകയാണ്. അന്നത്തെ അടിയന്തരാവസ്ഥാ പ്രഖ്യാപനത്തിനു കാരണം പ്രധാനമന്ത്രിയായിരുന്ന ഇന്ദിരാഗാന്ധിയുടെ തെരഞ്ഞെടുപ്പു വിജയം അലഹബാദ് കോടതി റദ്ദാക്കിയതിനെ തുടര്‍ന്നുള്ള സംഭവവികാസങ്ങളും അവരുടെ രാജിക്കായുള്ള പ്രക്ഷേഭങ്ങളുമായിരുന്നു. എന്നാല്‍ അതിനേക്കാള്‍ എത്രയോ ഭീകരമായ നാളുകളാണ് മുന്നിലെന്ന ആശങ്കയിലാണ് ഇന്ന് ജനാധിപത്യ വിശ്വാസികള്‍. നൂറ്റാണ്ടുകളുടെ പാരമ്പര്യമുള്ള ഒരു പ്രത്യയശാസ്ത്രത്തിന്റെ അടിത്തറയോടെയാണ് നവഫാസിസ്റ്റുകള്‍ ജനാധിപത്യത്തിനും മതേതരത്വത്തിനും ഭീഷണിയുയര്‍ത്തിയിരിക്കുന്നത്. ഫാസിസത്തിന്റെ വളര്‍ച്ചക്ക് അനിവാര്യമായ ഒരു ശത്രുവനേയും അതിനനുസൃതമായ പൊതുബോധത്തേയും സൃഷ്ടിക്കാനവര്‍ക്കായിട്ടുമുണ്ട്. പ്രഖ്യാപിതമായാലും അപ്രഖ്യാപിതമായാലും ഫാസിസത്തിന്റെ ദിനങ്ങളാണ് മുന്നിലെന്ന സൂചനതന്നെയാണ് ശക്തം. 2024ലെ ലോകസഭാതെരഞ്ഞെടുപ്പായിരിക്കും ഒരുപക്ഷെയത് പ്രഖ്യാപിതമോ അപ്രഖ്യാപിതമോ എന്നു തീരുമാനിക്കുക. ലോകചരിത്രത്തില്‍ പല ഫാസിസ്റ്റുകള്‍ക്കും കഴിഞ്ഞ പോലെ ജനാധിപത്യപരമായ രീതിയില്‍ തന്നെ അതു നടപ്പാക്കാവുന്ന അന്തരീക്ഷവും ഏറെക്കുറെ ഒരുക്കപ്പെട്ടിട്ടുമുണ്ട്. ലോകത്തെ ഏറ്റവും വലിയ ജനാധിപത്യരാഷ്ട്രമെന്ന് കൊട്ടിഘോഷിക്കുമ്പോഴും ജനാധിപത്യമൂല്യങ്ങളെ മറികടക്കുന്ന രീതിയില്‍ നവ ഫാസിസ്റ്റ് മൂല്യങ്ങള്‍ക്ക് വളരാന്‍ കഴിഞ്ഞിരിക്കുന്നു എന്നതു തന്നെയാണ് വസ്തുത അതിലവസാനത്തെ ഉദാഹരണണാമാണ് രാഹുലുനെ നിശബ്ദനാക്കാനുള്ള നീക്കം.. 100 വര്‍ഷത്തിനുള്ളില്‍ ഹിന്ദു്വരാഷ്ട്രമെന്ന 1924ലെ അവരുടെ പ്രഖ്യാപനവും ഓര്‍ക്കാവുന്നതാണ്.
ഇത്തരമൊരു സാഹചര്യമാണ് മാധ്യമപ്രവര്‍ത്തകനായ പി കെ ശ്രീനിവാസന്റെ ‘രാത്രി മുതല്‍ രാത്രിവരെ’ എന്ന കൃതിയെ പ്രസക്തമാക്കുന്നത്. അടിയന്തരാവസ്ഥ തന്നെയാണ് പ്രമേയം. 21 മാസത്തെ തീഷ്ണവും തീവ്രവുമായ മാനസിക ഭാവങ്ങള്‍ സൃഷ്ടിച്ച കെട്ടുകാഴ്ചകള്‍ തന്റെ തലമുറയിലുള്ളവര്‍ക്ക് വിസ്മരിക്കാനാവില്ല എന്നും എന്നാല്‍ പിന്നീട് പിറന്നവര്‍ക്ക് ഏതോ കടങ്കഥയിലെ കോമാളിവേഷമായി മനസ്സില്‍ നങ്കൂരമിട്ടിരിക്കാം എന്നും ഗ്രന്ഥകര്‍ത്താവ് അവതാരികയില്‍ പറയുന്നു. അവര്‍ക്കായും ഭാവിതലമുറക്കായുമായാണ് അഞ്ചുവര്‍ഷം മാറ്റിവെച്ച് ഈ പുസ്തകരചനക്ക് ശ്രീനിവാസന്‍ തയ്യാറായത് എന്നുവ്യക്തം. കേരളത്തെ സംബന്ധിച്ചിടത്തോളം ഇത്തരമൊരു പുസ്തകത്തിനു മറ്റൊരു പ്രസക്തി കൂടിയുണ്ട്. വിവരമില്ലാത്തവര്‍ എന്നു നാമെല്ലാം പരിഹസിക്കുന്ന ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളെല്ലാം അടിയന്തരാവസ്ഥക്കുശഷം നടന്ന തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ്സിനെ തറ പറ്റിച്ചപ്പോള്‍ പ്രബുദ്ധരെന്ന് അഹങ്കരിക്കുന്ന നമ്മള്‍ അവര്‍ക്ക് വന്‍ഭൂരിപക്ഷമാണല്ലോ നല്‍കിയത്. അതിനാല്‍ നമ്മളാ ചരിത്രം വീണ്ടും വീണ്ടും വായിക്കണം. കപിലന്‍ എന്ന പത്രപ്രവര്‍ത്തകന്റെ അന്വേഷണത്തിലൂടെയാണ് ആ രാത്രികളുടെ ഭയാനകമായ അന്ധകാരത്തിലേക്ക് ശ്രീനിവാസന്‍ വെളിച്ചം വീശുന്നത് ആ കപിലന്‍ ശ്രീനിവാസനല്ലാതെ മറ്റാരുമല്ല എന്നര്‍ത്ഥം. മിക്കവാറും മറ്റെല്ലാ കഥാപാത്രങ്ങളും യഥാര്‍ത്ഥത്തില്‍ ജീവിച്ചിരുന്ന, പലരും ഇപ്പോഴും ജീവിക്കുന്നവരാണ് താനും.
ദി ക്രിട്ടിക് ഫേസ് ബുക്ക് പേജ് ലൈക്ക് ചെയ്യുക
ഇതൊക്കെയാണെങ്കിലും ഗ്രന്ഥകര്‍ത്താവും പ്രസാധകരും അവകാശപ്പെടുംപോലെ ഇതൊരു നോവലാണെന്നു പറയാനാവില്ല. കണക്കിന്റെ ഭാഷയില്‍ പറഞ്ഞാല്‍ പത്തുശതമാനം പോലും നോവലിന്റെ അംശം ഇതിലുണ്ടെന്നു പറയാനാവില്ല. മറിച്ച് ഒരു ജേര്‍ണ്ണലിസ്റ്റിന്റെ അന്വേഷണത്തിലൂടെ കണ്ടെത്തിയ വസ്തുതകളെ കോര്‍ത്തിണക്കുകയാണ് ശ്രീനിവാസന്‍ ചെയ്തി്ട്ടുള്ളത്. രാഷ്ട്രീയത്തെ ഗൗരവമായി കാണുന്നവര്‍ക്ക് അറിയാവുന്നവ തന്നെയാണ് ഇതിലെ മിക്കവാറും സംഭവങ്ങള്‍. സത്യത്തില്‍ ഇതൊരു ചരിത്ര ഗ്രന്ഥമാണ്. ജീവചരിത്രത്തെപോലും മികച്ച നോവലെന്നു കൊട്ടിഘോഷിക്കുന്ന നാട്ടില്‍ അതു കാര്യമാക്കേണ്ടതില്ല എ്ന്നു തോന്നുന്നു. മാത്രമല്ല, സാഹിത്യത്തിന് കണക്കിനേയോ സയന്‍സിനേയോ പോലെ കൃത്യമായ നിര്‍വ്വചനമൊന്നും സാധ്യമല്ലല്ലോ. വായിക്കുന്നവര്‍ക്ക് എന്താണതെന്നു തീരുമാനിക്കാം.
അതേസമയം അടിയന്തരാവസ്ഥയാണ് ഈ കൃതിയുടെ പ്രമേയം എന്നു പറയുമ്പോഴും സത്യത്തിലിത് കേരളത്തിലെ നക്‌സലൈറ്റ് പ്രസ്ഥാനത്തിന്റെ ചരിത്രമാണ്. അടിയന്തരാവസ്ഥക്കെതിരെ കേരളത്തില്‍ ഏറ്റവും പോരാടിയതും പീഡിപ്പിക്കപ്പെട്ടതും നക്‌സലൈറ്റുകളായിരുന്നതിനാല്‍ അതു സ്വാഭാവികമാണ് എന്നാല്‍ അതു മാത്രമല്ല അങ്ങനെ പറയാന്‍ കാരണം. പുസ്തകം ആരംഭിക്കുന്നത് അടിയന്തരാവസ്ഥക്കു മുന്നെയുള്ള നക്‌സലൈറ്റ് കാലങ്ങളിലൂടെയാണ്. വര്‍ഗ്ഗീസും അജിതയും പോലീസ് സ്‌റ്റേഷന്‍ അക്രമങ്ങളും ജന്മി ഉന്മൂലനങ്ങളുമൊക്കെ പുസ്തകത്തിന്റെ ഭാഗമാണ്. അടിയന്തരാവസ്ഥക്കുശേഷം പുസ്തകം അവസാനിക്കുന്നുമില്ല. നക്‌സലൈറ്റുകളുടെ ഇപ്പോഴത്തെ അവസ്ഥയും ഗ്രന്ഥകര്‍ത്താവ് അന്വേഷിക്കുന്നു. പിന്നേയും നക്‌സലൈറ്റുകളിലൂടെ പുസ്തകം സഞ്ചരിക്കുന്നു. അടിയന്തരാവസ്ഥയുമായി ബന്ധപ്പെട്ട ദേശീയതലത്തിലും കേരളത്തിലുമുണ്ടായ പല സംഭവങ്ങളും കടന്നുവരുമ്പോഴും ഇന്ദിരാഗാന്ധിയും ജയപ്രകാശ് നാരായണനുമടക്കമുള്ളവര്‍ പ്രത്യക്ഷപ്പെടുമ്പോഴും ആത്യന്തികമായി നക്‌സല്‍ ചരിത്രം തന്നെയാണ് പുസ്തകം. അതേസമയം നക്‌സല്‍ പ്രസ്ഥാനത്തെ കുറിച്ചുള്ള ആശയപരമായ പ്രശ്‌നങ്ങളിലേക്കൊന്നും കടന്നുപോകാതെ നേതാക്കളുടേയും പ്രവര്‍ത്തകരുടേയും വൈയക്തികജീവിതവും അനുഭവിച്ച പീഡനങ്ങളുമാണ് പ്രധാനമായും ചര്‍ച്ച ചെയ്യുന്നത്. കേ വേണുവിന്റേയോ അജിതയുടേയോ ആത്മകഥയില്‍ നിന്നും ആര്‍ കെ ബിജുരാജന്റെ നക്‌സല്‍ ചരിത്രം എന്ന പുസ്തകത്തില്‍ നിന്നുമൊക്കെ ആ അര്‍ത്ഥത്തില്‍ വ്യത്യസ്ഥമാണ് ഈ പുസ്തകം. പുസ്തകത്തിന് മികച്ച റീഡബിലിറ്റിയുമുണ്ട്. കരുണാകരനും അച്യുതമേനോനും ഇ എം എസും ജയറാം പടിക്കലും ഈച്ചരവാര്യരും പി ഗോവിന്ദപിള്ളും കെ വേണുവും ഐ ജി രാജനും അങ്ങാടിപ്പുറം ബാലകൃഷ്ണനുമൊക്കെ അതേപേരില്‍ തന്നെ പുസ്തകത്തില്‍ പ്രത്യക്ഷപ്പെടുന്നു.
അടിയന്തരാവസ്ഥക്കെതിരെ നക്‌സലൈറ്റുകള്‍ നടത്തിയ പോരാട്ടങ്ങളുടേയും മുഖ്യമന്ത്രിയായിരുന്ന അച്യൂതമേനോനനേയും ഐ ജിയായിരുന്ന രാജനേയും നോക്കുകുത്തികളാക്കി ആഭ്യന്തരമന്ത്രിയായിരുന്ന കരുണാകരനും പോലീസ് മേധാവിയായിരുന്ന ജയറാം പടിക്കലും അവര്‍ക്കെതിരെ നടത്തിയ കൊടുംക്രൂരതകളുടെ വിശദമായ ചരിത്രമാണ് ഈ പുസ്തകം എന്നു ഒരു വാചകത്തില്‍ പറയാം. അടിയന്തരാവസ്ഥക്കുശേഷം രാജന്റെ പിതാവ് ഈച്ചരവാര്യര്‍ നടത്തിയ നിയമപോരാട്ടം പുസ്തകത്തിലെ പ്രധാന ഭാഗമാണ്. ഇവയെല്ലാം അക്കാലഘട്ടത്തില്‍ ജീവിച്ചിരുന്ന പലര്‍ക്കുമറിയാം. അതേസമയം അടിയന്തരാവസ്ഥകാലത്തുതന്നെ നിരവധി വെല്ലുവിളികളെ അതിജീവിച്ച് പി എ ബക്കറിന്റെ കബനി നദി ചുവന്നപ്പോള്‍ എന്ന രാഷ്ട്രീയ സിനിമ തയ്യാറാക്കിയതിന്റേയും അതിന് പുരസ്‌കാരം ലഭിച്ചതിന്റേയുമൊക്കെ, അധികമാര്‍ക്കും അറിയാത്ത ചരിത്രവും പുസ്‌കത്തിലുണ്ട്. അപ്പോഴും അടിയന്തരാവസ്ഥക്കെതിരെന്നു പറയുമ്പോഴും അക്കാലത്തെ നക്‌സല്‍ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം കൊടുത്ത കെ വേണുവിനെതിരെ, യാതൊരു അടിസ്ഥാനവുമില്ലാതെ പല കമ്യൂണിസ്റ്റുകാരും ഉന്നയിക്കുന്ന ആരോപണങ്ങള്‍ അതേപടി ശ്രീനിവാസന്‍ ആവര്‍ത്തിക്കുന്നുണ്ട്. ഒരു അന്വേഷണവും നടത്താതെ, ഒരു ജേര്‍ണ്ണലിസ്റ്റിനോ ചരിത്രകാരനോ നോവലിസ്റ്റിനോ യോജിക്കാത്ത രീതിയാണ് ഇക്കാര്യത്തില്‍ അദ്ദേഹവും പിന്തുടരുന്നത്. മാത്രമല്ല പിന്നീട് കെ വേണു വിപ്ലവപ്രവര്‍ത്തനം ഉപേക്ഷിച്ചതിനെ കുറിച്ചും ഒട്ടും ഉത്തരവാദിത്തമില്ലാതെയാണ് ശ്രീനിവാസന്‍ എഴുതുന്നത്. എന്തുകൊണ്ടാണ് താന്‍ കമ്യൂണിസ്റ്റ് ആശയം തന്നെ ഉപേക്ഷിക്കുന്നു എന്നതിനെ കുറിച്ച് എത്രയോ ലേഖനങ്ങളും പുസ്തകങ്ങളും എഴുതുകയും നിരവധി പ്രഭാഷണങ്ങളും സംവാദങ്ങളും നടത്തിയിട്ടുള്ള വ്യക്തിയാണ് വേണു. അവയൊന്നും മറിച്ചുനോക്കുകയോ കേള്‍ക്കുകയോ ചെയ്യാതെ ഇത്തരം അഭിപ്രായപ്രകടനം ഒരു ചരിത്രപുസ്തകത്തില്‍ നടത്തുക എന്നത് തികഞ്ഞ ഉത്തരവാദിത്ത രഹിതമായേ കാണാനാകൂ.
മറ്റൊരു പ്രധാന വിഷയം കൂടി പറയാതെ ഈ കുറിപ്പവസാനിപ്പിക്കാനാവില്ല. അടി.യന്തരാവസ്ഥക്കെതിരായ പോരാട്ടത്തെ സ്വാതന്ത്ര്യസമരത്തിന്റെ ഭാഗമായി അംഗീകരിക്കണമെന്ന ആവശ്യത്തെ കുറിച്ചാണത്. പല സംസ്ഥാനങ്ങളിലും ഈ ആവശ്യം അംഗീകരിക്കപ്പെട്ടിട്ടുണ്ട്. അന്ന് പീഡിപ്പിക്കപ്പെട്ടവര്‍ക്ക് സ്വാതന്ത്ര്യസമരപെന്‍ഷനും നല്‍കുന്നുണ്ട്. കേരളത്തിലും ഈ ആവശ്യം ഉന്നയിക്കപ്പെട്ട് എത്രയോ വര്‍ഷങ്ങളായി. ഈച്ചരവാര്യരുടെ വസതിയില്‍ അദ്ദേഹത്തിന്റെ സാന്നിധ്യത്തിലായിരുന്നു ഇതുമായി ബന്ധപ്പെട്ട ആദ്യയോഗം നടന്നത്. തുടര്‍ന്ന് പലവട്ടം നിവേദനങ്ങള്‍ നല്‍കി. സെക്രട്ടറിയേറ്റിനു മുന്നില്‍ പ്രക്ഷോഭങ്ങളും നടന്നു. യുഡിഎപിനും എല്‍ഡിഎപിലെ സിപിഐക്കും സ്വാഭാവികമായും അതില്‍ താല്‍പ്പര്യമുണ്ടാകില്ലല്ലോ. നിരന്തരസമ്മര്‍ദ്ദങ്ങളുടെ ഫലമായി വി എസ് മുഖ്യമന്ത്രിയായപ്പോള്‍ ഈ ആവശ്യം പരിഗണിക്കുകയും അക്കാലഘട്ടത്തില്‍ പോരാടിയവരുടേയും പീഡിപ്പിക്കപ്പെവരുടേയും ലിസ്റ്റ് എടുക്കുകയും ചെയ്തു. ലിസ്റ്റ് പരിശോധിച്ചപ്പോള്‍ അതില്‍ ഏറ്റവും കൂടുതല്‍ നക്‌സലൈറ്റുകളായിരുന്നത്രെ. സോഷ്യലിസ്റ്റുകള്‍ക്കും ജനസംഘക്കാര്‍ക്കും പുറകിലായിരുന്നു സിപിഎംകാരുടെ എണ്ണം. ്അതോടെ ആ ആശയംതന്നെ സര്‍ക്കാര്‍ ഉപേക്ഷിക്കുകയായിരുന്നു. അടിയന്തരാവസ്ഥക്കുശേഷവും കോണ്‍ഗ്രസ്സിനെ വിജയിപ്പിച്ച കാപട്യം തന്നെയാണ് നാമിപ്പോഴും തുടരുന്നതെന്ന് സാരം. ഈ ആവശ്യത്തിനായി ഏറെ പോരാടിയ ടി എന്‍ ജോയിയടക്കം മരിച്ചുപോയി. ഇനിയും അവശേഷിക്കുന്ന പോരാളികള്‍ വളരെ കുറവ്. എന്നാല്‍ ‘പ്രബുദ്ധരാ’യതിനാല്‍ നമ്മള്‍ ആ ആവശ്യം അംഗീകരിക്കാന്‍ പോകുന്നില്ല. ഫാസിസത്തെ കുറിച്ചുള്ള ഘോരഘോര പ്രസംഗങ്ങള്‍ തുടരുകയും ചെയ്യും.
ദി ക്രിട്ടിക് യു ട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
തുടക്കം സൂചിപ്പിച്ചതുതന്നെ ആവര്‍ത്തിക്കട്ടെ. എന്തൊക്കെ പോരായ്മയുണ്ടെങ്കിലും ഭീതിദമായ വര്‍ത്തമാനകാലത്ത് അടിയന്തരാവസ്ഥയിലെ രാത്രികളെ ഓര്‍മ്മിപ്പിക്കുന്ന ഈ പുസ്തകം അത്തരം രാത്രികള്‍ ഇനിയുമുണ്ടാകാതിരിക്കാനുള്ള ജാഗ്രതക്കുള്ള ഓര്‍മ്മപ്പെടുത്തലാണ്. അന്ന് നക്‌സലൈറ്റുകള്‍ എന്ന പേരിട്ടാണ് പീഡിപ്പിച്ചിരുന്നതെങ്കില്‍ ഇപ്പോള്‍ അര്‍ബന്‍ നക്‌സല്‍, മാവോയിസ്റ്റ്, തീവ്രവാദി തുടങ്ങി പല വിശേഷണങ്ങളും രംഗത്തുണ്ട്. അന്നുപയോഗിച്ച മിസ എന്ന ഭീകരനിയമത്തേക്കാള്‍ ശക്തമാണ് ഇപ്പോഴത്തെ യുഎപിഎയും മറ്റും. എന്‍ ഐ എയും ഇഡിയും മറ്റെല്ലാ സംവിധാനങ്ങളുമപയോഗിച്ചും കമ്പ്യൂട്ടറുകളില്‍ നുഴഞ്ഞു കയറിയും വ്യത്യസ്ഥമായി ചിന്തിക്കുന്നവരെ ഇല്ലാതാക്കുന്നു. ജനാധിപത്യത്തിന്റെ അടിസ്ഥാനശിലകളെ തന്നെ പൊട്ടിച്ചെറിയാനുള്ള നീക്കം ശക്തമാകുന്നു. അന്നത്തെ രാത്രികളേക്കാള്‍ രൂക്ഷമായ കാളരാത്രികള്‍ നമ്മെ കാത്തിരിക്കുന്നു എന്ന വിപല്‍സൂചന നല്‍കുന്നു എന്നതാണ് ഈ പുസ്തകത്തിന്റെ സമകാലിക പ്രസക്തി.
രാത്രി മുതല്‍ രാത്രിവരെ
പി കെ ശ്രീനിവാസന്‍
ഡി സി ബുക്‌സ്
വില – 380 രൂപ
സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പന്ത്രണ്ടാം വര്‍ഷത്തേക്ക് കടക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2024 - 25 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.
The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in