ഉപസംവരണത്തിന്റെ രാഷ്ട്രീയം

പട്ടിക ജാതി പട്ടിക വര്‍ഗ വിഭാഗങ്ങളുടെ സംവരണത്തില്‍ ഉപ സംവരണം ഏര്‍പെടുത്തന്നത് ഭരണഘടനാ പരമായി അനുവദനീയമാണ് എന്ന് സുപ്രീം കോടതി 2024 ആഗസ്ത് ഒന്നിന് വിധിച്ചിരിക്കുന്നു. പട്ടിക ജാതി പട്ടിക വര്‍ഗ വിഭാഗങ്ങളില്‍ ഭാവിയില്‍ സാമ്പത്തിക മാനദണ്ഡങ്ങള്‍ ഏര്‍പെടുത്തുന്നതിന് കൂടി പരിഗണിക്കണം എന്ന് കോടതി പ്രസ്താവന നടത്തി.

ദലിത് ആദിവാസി വിഭാഗങ്ങളില്‍ സംവരണം ലഭിക്കുമ്പോള്‍ അതില്‍ തന്നെ ചില വിഭാഗങ്ങള്‍ക്ക് മറ്റു വിഭാഗങ്ങളെ അപേക്ഷിച്ചു അധിക പ്രാതിനിധ്യമുണ്ട് എന്നും മറ്റുള്ള കീഴ്ത്തട്ട് വിഭാഗങ്ങള്‍ക്ക് കൂടി പ്രാതിനിധ്യം ഉറപ്പാക്കണം എന്ന കാലങ്ങളായ ആവശ്യമാണ് ഈ കേസുകള്‍ക്ക് അടിസ്ഥാനം. അതിന് രണ്ട് സാധ്യതകളാണ് കോടതികള്‍ മുന്നോട്ട് വക്കുന്നത്.ഒന്ന് പ്രത്യേക സംവരണ അവസരങ്ങളിലേക്ക് അധിക പ്രാതിനിധ്യം ഉള്ളവരെ നിയന്ത്രിക്കുക. രണ്ട് ആകെ സംവരണങ്ങള്‍ക്കുള്ളില്‍ ചില സമുദായങ്ങള്‍ക്ക് പ്രത്യേക പരിഗണനകള്‍ നല്‍കുക. സംവരണം ലഭിച്ചു സാമ്പത്തികമായി ഒരു ക്രീമി ലയറിന് മുകളില്‍ നില്‍ക്കുന്ന ദലിത് ആദിവാസി വിഭാഗങ്ങളെ സംവരണ അവകാശത്തില്‍ നിന്ന് പുറത്താക്കുവാനുള്ള സാധ്യതകൂടി പരിഗണിക്കണം എന്ന് കോടതി ആവശ്യപ്പെട്ടു.

പ്രാഥമികമായി ഭരണഘടനയുടെ 341, 42 -ാം ആര്‍ട്ടിക്കിളുകള്‍ പ്രകാരം രാജ്യത്ത് തൊട്ടുകൂടായ്മയും അതിന്റെ പ്രശ്‌നങ്ങളും അനുഭവിച്ച ജാതി, ആദിവാസി വിഭാഗങ്ങളുടെ പേരുകള്‍ ഉള്‍കൊള്ളുന്ന പട്ടികയുണ്ട്. പ്രെസിഡന്‍ഷ്യല്‍ ലിസ്റ്റ് എന്നാണ് അതിന് പേര്. അതില്‍ ജാതികളുടെ പേരുകള്‍ ചേര്‍ക്കാനും പേരുകള്‍ ഒഴിവാക്കുവാനും ഉള്ള അധികാരം രാജ്യത്തെ പ്രസിഡന്റില്‍ നിക്ഷിപ്തമാണ്. പാര്‍ലമെന്റിലെ ചര്‍ച്ചകള്‍ക്ക് ശേഷം മാത്രമേ അത് സാധ്യമാകുകയുള്ളൂ. ഈ ഭരണഘടനാ പരിരക്ഷയെ മറി കടന്നുകൊണ്ട് പ്രാഥമികമായി ഒരു കോടതിക്കും ഈ പട്ടികയില്‍ മാറ്റം വരുത്താനുള്ള അധികാരമില്ല. ഇത് ചിന്നയ്യ വെസസ് സ്റ്റേറ്റ് ഓഫ് ആന്ധ്ര പ്രദേശ് എന്ന കേസില്‍ മുന്‍പ് സുപ്രീം കോടതി തന്നെ വിധിച്ചിട്ടുള്ളതാണ്. ഈ മുന്‍ വിധിയെയാണ് ഇപ്പോള്‍ കോടതി ദുര്ബലപ്പെടുത്തിയിരിക്കുന്നത്.

ഇത് ഭരണഘടനപരമായ ഒരു വിഷയമാണെങ്കില്‍ പോലും ഈ വിഷയത്തില്‍ സാമൂഹ്യശാസ്ത്രപരമായ അന്വേഷണങ്ങളും ആവശ്യമാണ്. എന്നാല്‍ അങ്ങനെ ആകുമ്പോള്‍ അധികാര പ്രതിനിധ്യത്തെക്കുറിച്ചു സാമൂഹ്യനീതിയില്‍ അടിസ്ഥാനമായി മാത്രമല്ല നമ്മള്‍ ഈ വിഷയത്തെ പരിശോധിക്കേണ്ടി വരിക. അധികാര പ്രാതിനിധ്യത്തിലേക്ക് നടക്കുന്ന മത്സരത്തില്‍ ലഭ്യമായ അവസരളെക്കുറിച്ചും അതിനകത്ത് പ്രവര്‍ത്തിക്കുന്ന പല തരം മൂലധന രൂപങ്ങളെകുറിച്ചു കൂടിയുള്ള ചര്‍ച്ചയായി വേണം ഇതിനെ പരിഗണിക്കാന്‍. പ്രാതിനിധ്യം എന്ന സാമൂഹിക നീതി സങ്കല്പത്തെ കേന്ദ്രീകരിച്ചാണ് സംവരണം നിലനില്ക്കുന്നതെങ്കിലും അവസരങ്ങള്‍ക്ക് വേണ്ടിയുള്ള നിരന്തര മത്സരത്തെക്കുറിച്ചു കൂടി പരിഗണിക്കുമ്പോള്‍ മാത്രമേ ഉപ സംവരണത്തെക്കുറിച്ചു കൃത്യമായ ചിത്രം ലഭിക്കുള്ളു.

മത്സരങ്ങളുടെ സ്വഭാവം

എല്ലാ മനുഷ്യരും വിഭവങ്ങളുടെ പങ്കിന് വേണ്ടി മത്സരിക്കുമ്പോള്‍ സവര്‍ണ വിഭാഗങ്ങള്‍ക്ക് ഇവയുടെ മുഖ്യപങ്കും നേടാന്‍ സാധിക്കുന്നുണ്ട്. അവരെ അതിന് സഹായിക്കുന്നത് സാമ്പത്തികമായും സാംസ്‌കാരികമായും സാമൂഹികമായും അവര്‍ക്ക് ലഭ്യമായിപോരുന്ന വിവിധ തരം മൂലധനങ്ങളാണ്. അതിന് സമാനമായി ഭരണകൂടത്തിന്റെ അധികാര പ്രാതിനിധ്യത്തിലേക്കും ഇത്തരം സാമൂഹികമായ മത്സരങ്ങള്‍ നടക്കുന്നുണ്ട്. അവിടെയും സവര്‍ണ വിഭാഗങ്ങള്‍ക്ക് പ്രാതിനിധ്യത്തിന്റെ മുഖ്യപങ്കും നേടാന്‍ സാധിക്കുന്നുണ്ട്. ഉപ സംവരണ വിഷയം പരിശോധിക്കുമ്പോള്‍ ഈ കാഴ്ച കൂടി ഉണ്ടാകേണ്ടതാണ് എന്നാണ് ലേഖകന്‍ ഉദ്ദേശിക്കുന്നത്.

മൂലധനം എന്നാല്‍ ചരിത്രപരമായി ശേഖരിക്കപ്പെട്ട അധ്വാനമാണ്. പലതരം മൂലധനങ്ങളുടെ ഉടമസ്ഥത അതില്ലാത്തവരോടൊപ്പം സമൂഹത്തിലെ വിഭവങ്ങള്‍ക്ക് വേണ്ടിയുള്ള മത്സരങ്ങളില്‍ ഏര്‍പ്പെടുമ്പോള്‍ വിജയം നേടുന്നതിന് മനുഷ്യരെ സഹായിക്കുന്നു.

സമ്പത്ത് ഉണ്ടാകുമ്പോള്‍ ഇത്തരം മത്സരങ്ങളില്‍ വിജയം നേടാന്‍ താരതമ്യേന എളുപ്പമാകുന്നു. അതിന് സമാനമായി മത്സരങ്ങളില്‍ വിജയം സാധ്യമാക്കുന്ന സാമ്പത്തികമായിട്ടല്ലാത്ത മൂലധനങ്ങള്‍ മറ്റു രണ്ട് തരത്തില്‍ കൂടി ഉണ്ടെന്ന് പെ യറി ബോര്‍ദ്യു എന്ന സാമൂഹ്യ ശാസ്ത്രജ്ഞന്‍ വിശദീകരിക്കുന്നു. ഇവയാണ് സാമൂഹിക മൂലധനവും, സാംസ്‌കാരിക മൂലധനവും. സാമൂഹിക മൂലധനം എന്നാല്‍ അധികാരമുള്ളവരും ഉപരിവര്‍ഗങ്ങളുമായിട്ടുള്ള സാമൂഹിക ബന്ധങ്ങളെയും അത്തരം അധികാര വിഭാഗങ്ങളിലുള്ള അംഗത്വവുമാണ് ഉദ്ദേശിക്കുന്നത്. സാംസ്‌കാരിക മൂലധനം മൂന്ന് തരമുണ്ട്. വ്യക്തിത്വത്തിന്റെ ഭാഗമായവ, പാരമ്പര്യമായി ലഭ്യമായ കല, സാംസ്‌കാരിക ബിംബങ്ങളായ ഉത്പന്നങ്ങള്‍ (പുസ്തകങ്ങളോ, ചിത്രങ്ങളോ, ശില്പങ്ങളോ), മികച്ച വിദ്യഭ്യാസ കേന്ദ്രങ്ങളില്‍ നിന്നു ലഭ്യമായ ഡിഗ്രികള്‍.

ഇത്തരം മൂലധനങ്ങള്‍ ലഭ്യമാകുന്നതുകൊണ്ട് സമൂഹത്തില്‍ വിഭവങ്ങള്‍ക്ക് വേണ്ടി നടക്കുന്ന മത്സരങ്ങളില്‍ വിജയിക്കാന്‍ വ്യക്തികള്‍ക്ക് കഴിയും. ബോര്‍ദ്യുവിന്റെ അഭിപ്രായത്തില്‍ സാമ്പത്തിക മൂലധനവും, സാമൂഹിക മൂലധനവും, സാംസ്‌കാരിക മൂലധനവും പരസപരം പരിവര്‍ത്തനം ചെയ്യാന്‍ കഴിയുന്നതും പലയാവൃത്തി ഇരട്ടിപ്പിക്കാന്‍ കഴിയുന്നതും കൂടുതല്‍ വിഭവസമാഹരണത്തിന് സഹായിക്കുന്നതുമാണ്.

നിലവില്‍ സവര്‍ണര്‍ക്ക് രാജ്യത്തെ സമ്പത്തിന്റെ 60 ശതമാനത്തോളം കൈവശം വക്കാന്‍ സാധിക്കുന്നുണ്ട്. സമ്പത്തിക മൂലധനം ഈ വിഭാഗങ്ങള്‍ക്ക് കാലങ്ങളായി ലഭ്യമാണ്. വിദ്യാഭ്യാസം, പൗരോഹിത്യം, അധികാരം, കച്ചവടം എന്നീ ഘടകങ്ങള്‍ പാരമ്പര്യമായി ഈ സമുദായങ്ങള്‍ക്ക് കാലങ്ങളോളം സംവരണം ചെയ്യപ്പെട്ടു വച്ചിരുന്നതുകൊണ്ട് അത്തരം അവസരങ്ങളിലേക്ക് അവര്‍ക്ക് എളുപ്പത്തില്‍ എത്തിച്ചേരാന്‍ കഴിയും. അതിന്റെ ഭാഗമായി മെച്ചപ്പെട്ട ഭാഷ പ്രയോഗവും, പെരുമാറ്റ രീതികളും അവര്‍ സ്വായത്തമാക്കും. അങ്ങനെ വ്യക്തിത്വത്തിന്റെ ഭാഗമായി തന്നെ അവര്‍ക്ക് മൂലധങ്ങള്‍ ലഭ്യമാകും. ആദ്യ കാരണം കൊണ്ട് തന്നെ കല സാഹിത്യ സാംസ്‌കാരിക ഉത്പന്നങ്ങള്‍ പുസ്തകങ്ങളും ചിത്രങ്ങളും പാരമ്പര്യമായി ലഭ്യമാകുന്ന വസ്തുക്കളുടെ രൂപത്തിലും അവര്‍ക്ക് മൂലധനം ലഭ്യമാകും. അവസാനത്തേത് പല വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ യോഗ്യതകളുടെ പേരിലുള്ള മൂലധനമാണ്. അതും പാരമ്പര്യമായി സവര്‍ണര്‍ക്ക് ലഭ്യമാണ്.

ദി ക്രിട്ടിക് ഫേസ് ബുക്ക് പേജ് ലൈക്ക് ചെയ്യുക

ഇന്ത്യക്കകത്ത് സവര്‍ണ വിഭാഗങ്ങള്‍ക്ക് ഈ പല തരം മൂലധനങ്ങളുടെ ലഭ്യത ബോര്‍ദ്യു സൂചിപ്പിക്കുന്നതിനേക്കാള്‍ കുറച്ചുകൂടി സങ്കീര്‍ണവുമായിട്ടാണ് സംഭവിക്കുന്നത്. ഉദാഹരണത്തിന് സാമൂഹിക മൂലധനത്തിന്റെ കാര്യത്തില്‍ ബോര്‍ദ്യു സൂചിപ്പിക്കുന്നത് ഒരു കൂട്ടായ്മയിലോ വര്‍ഗത്തിലോ ഗോത്രത്തിലോ ഉള്‍പെടുന്നതുകൊണ്ട് ഒരു വ്യക്തിക്ക് ആ വ്യവസ്ഥയിലെ മുഴുവന്‍ ആളുകളെയും സ്വാധീനിക്കാന്‍ കഴിയുന്ന രീതിയിലുള്ള ഒരു അധികാരം ഉണ്ടാകും എന്നാണ്. അതിന് പരസപരം സമയവും അധ്വാനവും ചിലവഴിച്ചുകൊണ്ട് ഉപഹാരകൈമാറ്റവും ബന്ധം പുതുക്കലും നടത്തേണ്ടതാണ് എന്നാണ്. എന്നാല്‍ ഇന്ത്യന്‍ സാഹചര്യത്തില്‍ ഇത്തരം മൂലധനങ്ങളുടെ സവിശേഷത ഇത്തരം സൂക്ഷമമായി സാമൂഹിക ഇടപെടലുകള്‍ ഇല്ലെങ്കിലും ഈ മൂലധനം സവര്‍ണര്‍ക്ക് ലഭ്യമാകും എന്നതാണ്. സമയവും അധ്വാനവും ചിലവഴിച്ചുകൊണ്ടുള്ള ഇത്തരം സൂക്ഷമമായി കൈമാറ്റങ്ങളുടെയും പരസ്പര അംഗീകാരങ്ങളുടെയും ഇടപെടലുകള്‍ ഇല്ലാതെ തന്നെ ഇവിടെ സവര്‍ണ്ണര്‍ക്ക് ബഹുമാനവും വിശ്വാസ്യതയും ലഭ്യമാകും. ഇവ ഇന്ത്യയില്‍ ഒരു പ്രത്യേക മൂലധനമാണ്. അത് ലഭ്യമാകുന്നത് സവര്‍ണ ജാതിയിലെ ജനനത്തിലൂടെ മാത്രമാണ്. തീര്‍ത്തും അപരിചിതമായ കൂട്ടങ്ങളില്‍ പോലും സ്വീകാര്യതയും അധികാരവും രൂപപ്പെടുത്തിയെടുക്കാന്‍ സവര്‍ണ ജാതി സ്വത്വം മനുഷ്യരെ സഹായിക്കും.

അതുകൊണ്ടു തന്നെ സവര്‍ണ ജാതിയില്‍ ജനിക്കുന്നവര്‍ക്ക് മാത്രമേ ഈ മൂലധനങ്ങള്‍ ലഭ്യമാകുകയുള്ളു. അവര്‍ക്ക് മാത്രമേ ബോര്‍ദ്യു വ്യക്തമാക്കുന്നതുപോലെ മറ്റു മൂലധനങ്ങളുമായി ഇവയെ പരിവര്‍ത്തനം ചെയ്യാനും ഇരട്ടിപ്പിക്കാനും സാധിക്കുകയുള്ളു. കുറച്ചുകൂടി വ്യക്തമായി പറഞ്ഞാല്‍ സവര്‍ണ ജാതിയില്‍ ജനിച്ച ഒരാള്‍ക്ക് സാമ്പത്തികവും സാംസ്‌കാരികവുമായ മൂലധനങ്ങള്‍ സാമൂഹിക മൂലധനമായോ മറ്റു മൂലധന രൂപങ്ങളുമായോ പരിവര്‍ത്തനം ചെയ്യാനും അവ ഇരട്ടിപ്പിക്കാനും സാധിക്കും സവര്‍ണര്‍ അല്ലാത്തവര്‍ക്ക് അതിന് കഴിയില്ല.

ഇത്തരം മൂലധനങ്ങള്‍ ലഭ്യമാകുന്നതുകൊണ്ട് തന്നെ അത് ലഭ്യമല്ലാത്ത മറ്റു വിഭാഗങ്ങളെ വിഭവങ്ങള്‍ക്ക് വേണ്ടിയും അവസരങ്ങള്‍ക്ക് വേണ്ടിയുമുള്ള മത്സരങ്ങളില്‍ നിന്ന് തൊട്ടുകൂടായ്മയുടെ മാതൃകകള്‍ പ്രയോഗിച്ചു ആക്രമിച്ചു പുറത്താക്കുവാനും സവര്‍ണ്ണര്‍ക്ക് കഴിയുന്നു.

മത്സരവും അധികാര പ്രാതിനിധ്യവും പലതരം മൂലധനങ്ങളും

അധികാര പ്രാതിനിധ്യത്തിലേക്കുള്ള അവസരങ്ങള്‍ക്ക് വേണ്ടിയുള്ള സാമൂഹികമായ മത്സരം നിരന്തരമായി സംഭവിക്കുമ്പോഴും ലഭ്യമായ പല തരം മൂലധനങ്ങളുടെ ലഭ്യത ഉള്ളതുകൊണ്ടും മറ്റു കീഴാളരെ അവസരങ്ങളില്‍ നിന്ന് ആക്രമിച്ചു പുറത്താക്കുന്നത്‌കൊണ്ടും അവസരങ്ങളുടെ മഖ്യപങ്കും സവര്ണര്ക്ക് ലഭ്യമാകുന്നു. അങ്ങനെയെങ്കില്‍ നിശ്ചിത ശതമാനം ജനസംഖ്യാനുപാതികമായ പ്രാതിനിധ്യം സവര്‍ണര്‍ അല്ലാത്ത വിഭാഗങ്ങള്‍ക്ക് ഉറപ്പാക്കാന്‍ എന്തുചെയ്യും? അതിനായി അവസര സമത്വമുള്ള മത്സരങ്ങള്‍ രൂപപ്പെടണം. അതിനായി സവര്ണരെ ഈ മത്സരങ്ങളില്‍ നിന്നും നിയന്ത്രിച്ചു മാറ്റി നിര്‍ത്തുക എന്നുള്ളതാണ് നയപരമായ പോംവഴി. അവസരങ്ങളിലേക്കുള്ള മത്സരത്തില്‍ സവര്ണരെ നിയന്ത്രിക്കുക എന്നാല്‍ സ്വതന്ത്രമായ മത്സരം സാധ്യമാകുന്നതിന് വേണ്ടി സവര്‍ണര്‍ക്ക് ലഭ്യമായ വിവിധ മൂലധ രൂപങ്ങളെ നിയന്ത്രിക്കുക എന്ന് കൂടിയാണ് അര്‍ഥം. അതുവഴി സമാനമായ തൊട്ടു കൂടായ്മ എന്ന പൊതു പ്രശ്‌നം അനുഭവിച്ച ഒരു വലിയ സാമുദായിക വിഭാഗത്തിന് സ്വതന്ത്രമായ മത്സരത്തില്‍ ഏര്‍പ്പെടാന്‍ സാധിക്കുകയും ചെയും. സവര്‍ണരുടെ അതിക്രമങ്ങള്‍ ഈ മത്സരങ്ങളില്‍ നിയന്ത്രിക്കപ്പെടുകയും ചെയും. സംവരണത്തിന്റെ യഥാര്‍ത്ഥ ആവശ്യം ജനസംഖ്യാനുപാതികമായ അധികാര പ്രാതിനിധ്യം ഉറപ്പാക്കുകയാണ് എന്നാണെങ്കില്‍ പോലും അത് നയപരമായി പ്രാവര്‍ത്തികമാകുന്നത് ഈ രീതിയിലാണ്. ഈ അധികാര സ്ഥാനത്തേക്കുള്ള മത്സരങ്ങളില്‍ ഒരു നിശ്ചിത ശതമാനം അവസരങ്ങളിലേക്ക് സവര്ണരെ മുഴുവന്‍ നിയന്ത്രിച്ചു മാറ്റി നിര്‍ത്തുക. അപ്പോഴാണ് അവസര സമത്വമുള്ള മത്സരങ്ങള്‍ രൂപപ്പെടുകയുള്ളു.

കീഴാളര്‍ക്ക് ഏതൊക്കെ മൂലധനങ്ങള്‍ ലഭ്യമാണ്

സവര്‍ണരെ നിയന്ത്രിക്കാത്ത സ്വത്വന്ത്ര മത്സരങ്ങളില്‍ ഏര്‍പ്പെടുമ്പോള്‍ പോലും ഇത്തരം പല രൂപങ്ങളിലുള്ള മൂലധനങ്ങള്‍ ദലിതര്‍ക്ക് ലഭ്യമല്ല. മാത്രമല്ല തൊട്ടുകൂടായ്മ എന്ന സാമൂഹ്യ വിപത്തിന്റെ പുതിയ വിവേചന രൂപങ്ങള്‍ അവര്‍ക്കെതിരെ മത്സരത്തിനകത്ത് പ്രവര്‍ത്തിക്കുകയും ചെയ്യും. തൊട്ടുകൂടായ്മയുടെ പുതിയ രൂപങ്ങള്‍ നിലനില്കുന്നതുകൊണ്ട് കൂടിയാണ് ഇത്തരം പല തരം മൂലധന രൂപങ്ങള്‍ കീഴാള ജനവിഭവങ്ങള്‍ക്ക് ലഭ്യമല്ലാതെ പോകുന്നത്.

പല തലമുറകളില്‍ സംവരണത്തിലൂടെ അധികാര സ്ഥാനങ്ങളില്‍ എത്തപ്പെട്ട ദലിത് വിഭാഗങ്ങളിലെ മനുഷ്യര്‍ക്ക് അവരുടെ അധികാരസ്ഥാനമോ, സാമ്പത്തികമായ മൂലധനമോ മറ്റു മൂലധനങ്ങളാക്കി പരിവര്‍ത്തനം ചെയ്യാന്‍ സാധിക്കില്ല. മറിച്ച് സമ്പത്തോ അധികാരമോ നേടിയാല്‍ പോലും തൊട്ടു കൂടായ്മയുടെ പല മാതൃകകളിലുള്ള അതിക്രമങ്ങളെ അവര്‍ എല്ലാ മത്സരങ്ങളിലും അതിജീവിക്കേണ്ടി വരികയും ചെയും. അതുകൊണ്ട് തന്നെ സംവരണീയ വിഭാഗങ്ങള്‍ അഥവാ തൊട്ടുകൂടായ്മ അനുഭവിക്കുന്ന വിഭാഗങ്ങള്‍ക്ക് തമ്മിലുള്ള അസന്തുലിതമായ വികസന സൂചികകള്‍ക്ക് ചരിത്രപരമായി തുടര്‍ച്ച ഉള്ളതാണ്. ഭരണകൂടത്തിന്റെ അവസരങ്ങളിലേക്ക് മത്സരിക്കുമ്പോള്‍ അത് കൂടുതല്‍ ഖനീഭവിക്കുന്നു എന്നതാണ് സംഭവിക്കുന്നത്. അധികാര പ്രാതിനിധ്യത്തിലേക്കുള്ള മത്സരം നടക്കുന്നതിന് മുന്‍പേ അതിന് തുടര്‍ച്ചയുണ്ട്. ഭരണകൂടത്തിന്റെ സവര്‍ണ കൂട്ടായ്മകളില്‍ നിന്നും ഏല്‍ക്കുന്ന ശ്രേണീകൃതമായ വിവേചനം അതിന്റെ മറ്റൊരു കാരണമാണ്.

വിഭവങ്ങള്‍ക്ക് വേണ്ടിയോ അധികാരത്തിന് വേണ്ടിയോ മിശ്ര വിവാഹത്തിന്റെ പേരിലോ ഈ കീഴാള സമുദായങ്ങള്‍ തമ്മില്‍ പരസ്പരം ഒരിക്കലും ആക്രമണങ്ങള്‍ നടത്താറില്ല. എന്നാല്‍ വിഭവങ്ങള്‍ക്ക് വേണ്ടിയും അവസരങ്ങളുടെ പേരിലും മിശ്ര വിവാഹത്തിന്റെ പേരിലും സവര്‍ണ്ണര്‍ കീഴാളരെ അക്രമിക്കാറുണ്ട്.

സംവരണത്തെ മനസ്സിലാക്കേണ്ടത് ഈ അതിക്രമത്തിന്റെ സ്വഭാവത്തില്‍ കൂടിയാണ്. വിഭവങ്ങള്‍ക്കും അധികാരത്തിലെ അവസരങ്ങള്‍ക്കും മിശ്രവിവാഹത്തിനും വേണ്ടി മത്സരിക്കുമ്പോള്‍ ആണ് എപ്പോഴും കീഴാളരെ ജാതി ഘടനക്ക് മുകളിലുള്ളവര്‍ അക്രമിക്കാറ്. അതുകൊണ്ട് കൂടിയാണ് സ്വതന്ത്രമായ മത്സരങ്ങള്‍ സംഭവിക്കുവാന്‍ അതില്‍ നിന്ന് സവര്‍ണരെ മാറ്റി നിര്‍ത്തേണ്ടി വരുന്നത്.

ഈ സാമൂഹികമായ വിവേചനവും ആക്രമണവും കീഴാളര്‍ക്ക് പരസ്പരം കൂട്ടമായി നടത്താന്‍ അകില്ല കാരണം അതിനുള്ള വിഭവങ്ങളോ വിവിധ തരം മൂലധനങ്ങളോ അവര്‍ക്ക് ലഭ്യമായിട്ടില്ല. അവര്‍ തമ്മില്‍ സ്വജാതി വിവാഹങ്ങളും ആചാര അനുഷ്ടാങ്ങളില്‍ വ്യത്യാസങ്ങളും ഉണ്ടാകാം. എന്നാല്‍ കീഴാളര്‍ തമ്മിലുള്ള വികസന സൂചികകളിലുള്ള അന്തരം ഉണ്ടാകുന്നതിന് കാരണം അവര്‍ നിത്യ ജീവിതത്തില്‍ മറ്റു വിഭാഗങ്ങളുമായി വിഭവങ്ങള്‍ക്ക് വേണ്ടി ഏര്‍പ്പെടുന്ന നിരന്തര മത്സരങ്ങളില്‍ അതിജീവിക്കേണ്ടി വരുന്ന വിവേചനങ്ങളും ഭരണകൂടത്തിന്റെ വ്യവസ്ഥയില്‍ നിന്നും ഉണ്ടാകുന്ന വിവേചനങ്ങളുമാണ്. കീഴാളര്‍ പരസ്പരം ഇവക്ക് വേണ്ടി മത്സരിക്കുമ്പോള്‍ മറ്റൊരാളുടെ അവസരത്തെ തടയുന്ന രീതിയില്‍ പരസ്പരം വിവേചനം ചെയ്യാനുള്ള അധികാരമോ വിവിധ മൂലധന രൂപങ്ങളോ അവര്‍ക്ക് ലഭ്യമായിട്ടില്ല. എന്നാല് ഭരണകൂടതിനകത്തേ അധികാര സ്ഥാനങ്ങളിലേക്ക് കീഴാളര്‍ മത്സരിക്കുമ്പോള്‍ ഈ ശ്രേണീകൃതമായ അസമത്വത്തിന്റെ മാതൃക അവിടെയുള്ള പ്രതിനിധ്യത്തിലും രൂപപ്പെടുത്തിയിടുണ്ട്. അതിന് രണ്ട് കാരണങ്ങളുണ്ട്. അധികാര പ്രാതിനിധ്യത്തിലേക്കുള്ള മത്സരം നടക്കുന്നതിന് മുന്‍പേ നിത്യജീവിതത്തില്‍ കീഴാളര്‍ അതിജീവിക്കേണ്ടി വരുന്ന വിവേചനങ്ങള്‍. കീഴാളര്‍ അധികാരത്തിലെ മത്സരത്തിന് വേണ്ടി ഭരണകൂടവുമായി ഇടപെടുമ്പോള്‍ അതിനകത്തുള്ള കീഴാളര്‍ അല്ലാത്തവരുടെ കൂട്ടായ്മകളില്‍ നിന്ന് നേരിടുന്ന പല വിധ വിവേചനങ്ങള്‍.

പ്രാതിനിധ്യക്കുറവിന്റെ ഉത്തരാദിത്വം കീഴാളര്‍ക്ക് തന്നെയോ?

ഈ വസ്തുതകള്‍ നില നില്‍ക്കേ ജുഡീഷ്യറിയുടെ പുതിയ വിധികള്‍ ഈ ശ്രേണികൃതമായ അസമത്വത്തിന്റെ ഉത്തരവാദിത്വം ദലിത് ജനവിഭാഗത്തില്‍ നിന്നും ഈ വിവേചനങ്ങളെ പല രീതിയില്‍ അതിജീവിച്ച് അധികാര പ്രാധിനിധ്യം നേടിയ വളരെ ന്യൂന പക്ഷമായ മനുഷ്യരുടെ മുകളില്‍ ചാര്‍ത്തുന്നതാണ്. തൊട്ടുകൂടായ്മയുടെ പല രൂപങ്ങള്‍ അനുഭവിച്ചുകൊണ്ടിരിക്കുന്ന ഒരു കൂട്ടത്തിലെ പല സമുദായങ്ങളിലെ മനുഷ്യര്‍ക്ക് പല സാമൂഹിക സാഹചര്യങ്ങള്‍ ആണുള്ളത്. അതിനെ മനസ്സിലാക്കി അവര്‍ ഏര്‍പെടുന്ന മത്സരങ്ങളെ കൂടുതല്‍ സ്വതന്ത്രവും നീതിപൂര്‍വവും അക്കുക എന്നതാണ് ഭരണകൂടത്തിന് ചെയ്യാനുള്ളത്. പ്രാതിനിധ്യം കുറവുള്ള സമുദായങ്ങള്‍ക്ക് അധികാര പ്രാതിനിധ്യത്തിന് വേണ്ടി നടത്തുന്ന മത്സരങ്ങളെ വിവേചനങ്ങളെ അതിജീവിക്കാന്‍ കഴിയുന്ന രീതിയില്‍ കൂടുതല്‍ ഇളവുകളും സഹായങ്ങളും ചെയുക എന്നുള്ളതാണ് അതിന് ചെയേണ്ടത്. ശ്രേണീകൃതമായ അസമത്വത്തില്‍ മുകള്‍ തട്ടില്‍ നില്‍ക്കുന്ന വിഭാഗങ്ങളെ കീഴത്തട്ടിലേക്ക് വിവേചനവും അതിക്രമവും ചെയ്യാന്‍ കഴിയാത്ത രീതിയില്‍ കൂടുതല്‍ നിയന്ത്രിക്കുന്നുണ്ടെങ്കില്‍ മാത്രമേ ഇത് സാധ്യമാകുകയുള്ളൂ.

മണ്ഡല്‍ കമ്മീഷനും സച്ചാര്‍ കമ്മീഷനും സവര്‍ണരുടെ അധിക പ്രാതിനിധ്യം ഭരണകൂടത്തിലെ അധികാര സ്ഥാനങ്ങളില്‍ റിപ്പോര്‍ട്ട് ചെയ്തിട്ടും അതിനെ ജുഡീഷ്യറി പരിഗണിച്ചില്ല. നിലവിലുള്ള കേസുകളില്‍ അതൊരു തര്‍ക്ക വിഷയമായിരുന്നില്ല എങ്കില്‍പോലും നിലവില്‍ കോടതിക്ക് ഇത്തരം മാര്‍ഗ രേഖകള്‍ സ്വയമേവ സ്വീകരിക്കാവുന്നതായിരുന്നു. അതെ സമയം ജാതി സെന്‍സസ് നടപ്പാക്കുവാന്‍ കേന്ദ്ര സര്‍ക്കാരിനോട് നിര്‍ദ്ദേശം നല്കാന്‍ ആവശ്യപ്പെട്ടുകൊണ്ട് പി പ്രസാദ് നായിഡു സമര്‍പ്പിച്ച ഹര്‍ജി സുപ്രീംകോടതി തള്ളുകയാണ് ഉണ്ടായത്. അത് ഭരണപരവും നയപരവുമായ കാര്യമാണെന്നും അതില്‍ കോടതിക്ക് ഇടപെടാനാവില്ല എന്നും അറിയിച്ചുകൊണ്ടാണ് ജസ്റ്റിസ് ഹൃഷികേശ് റോയ്, എസ്.വി.എന്‍. ഭാട്ടി എന്നിവര്‍ ഉള്‍പ്പെട്ട ബെഞ്ച് ഹര്‍ജി പിന്‍വലിക്കാന്‍ അനുവാദം നല്‍കിയത്. കീഴാള സമുദായങ്ങളുടെ വികസനത്തിന് വേണ്ടി മണ്ഡല്‍ കമ്മീഷന്‍ ആവശ്യപ്പെട്ട പ്രകാരം പ്രത്യേക കാലഘട്ടങ്ങളില്‍ ജാതി സെന്‍സസ് നടത്തേണ്ടതുണ്ട് എന്നാണ് പി പ്രസാദ് കോടതിയില്‍ വാദിച്ചത്.

അധികാരത്തില്‍ സവര്‍ണര്‍ പങ്കില്‍ കവിഞ്ഞു അധിക പ്രാതിനിധ്യം കൈവശം വച്ചിരിക്കുന്നതില്‍ ഒരു നീതിയുടെ പ്രശ്‌നം ഉണ്ടെന്ന് കോടതിക്ക് തോന്നാതിരിക്കുകയും എന്നാല്‍ അതെ സമയം സമൂഹത്തില്‍ നിന്ന് വിവേചനം അനുഭവിച്ചുകൊണ്ടിരിക്കുന്ന മനുഷ്യര്‍ക്കിടയില്‍ പരസ്പരം ഉള്ള പ്രാതിനിധ്യ വ്യത്യാസങ്ങളുടെ ഉത്തരവാദിത്വം അവരില്‍ തന്നെ അടിച്ചേല്പിക്കുകയും ചെയ്യുകയാണ് കോടതി. അതൊരു ബ്രഹ്മണികമായ നീതി ശാസ്ത്രമാണ്. വിശേഷിച്ചും പല വകുപ്പുകളിലും ഈ സമുദായങ്ങളുടെ സംവരണ ഒഴിവുകളില്‍ വലിയൊരു ശതമാനം നിയമനം നടത്താതെ ബാക് ലോഗ് വേക്കന്‍സികള്‍ രൂപപ്പെടുമ്പോള്‍.

നിലവിലെ സാമുദായിക സംവരണത്തിന്റെ അവസ്ഥ

2021 ലെ പാര്‍ലമെന്റില്‍ സമര്‍പ്പിക്കപ്പെട്ട രേഖകള്‍ പ്രകാരം റെയില്‍വേ, ധനകാര്യ വകുപ്പിലുള്‍പ്പെട്ട റവന്യു വകുപ്പ്, സാമ്പത്തിക സേവന വകുപ്പ്, പോസ്റ്റല്‍ വകുപ്പ്, അറ്റോമിക് എനര്‍ജി വകുപ്പ്, പ്രതിരോധ വകുപ്പ്. അതിന് കീഴിലിലുള്ള പ്രതോരോധ ഉല്പാദന വകുപ്പ്, പാര്‍പ്പിട വകുപ്പ്, നഗര വികസന വകുപ്പ്, ആഭ്യന്തര മന്ത്രാലയം എന്നിവിടങ്ങളിലായി 82,022 ഒഴിവുകള്‍ പട്ടിക ജാതി പട്ടിക വര്‍ഗ മറ്റു പിന്നോക്ക സാമുദായിക വിഭാഗങ്ങളുടേതായി ഉണ്ടായിരുന്നു. അതില്‍ 48 ശതമാനത്തോളം 2022 ലും ബാക് ലോഗ് വേക്കന്‍സി ആയി നിയമനം ആകാതെ തുടരുകയാണ്.ഡിപ്പാര്‍ട്‌മെന്റ് തിരിച്ചുള്ള കണക്ക് പരിശോധിച്ചാല്‍ ഏറ്റവും കൂടിയത്താല്‍ ഒഴിവുകള്‍ നികത്താതെ കിടക്കുന്നത് പ്രതിരോധ വകുപ്പിലാണ്, കേവലം 2 ശതമാനം മാത്രമേ ഒഴിവുകള്‍ നികത്തിയിട്ടുള്ളു. ആഭ്യന്തര വകുപ്പില്‍ 14 ശതമാനത്തില്‍ താഴെ ഒഴിവുകളിലുള്ള നിയമങ്ങളെ നടത്തിയിട്ടുള്ളു. ധനകാര്യം, പോസ്റ്റല്‍, അറ്റോമിക് എനര്‍ജി, സാമ്പത്തിക സേവന വകുപ്പുകള്‍ എന്നീ വകുപ്പുകളില്‍ സമ്മാനം സാഹചര്യമായിരുന്നു.

നാല്പത്തി അഞ്ചു സര്‍വകലാശാലകളിലെ ആകെ ഒഴിവുകളില്‍ 5737 എണ്ണം പട്ടിക ജാതിക്കും, 3097 എണ്ണം പട്ടിക വര്‍ഗത്തിനും, 7815 എണ്ണം മറ്റു പിന്നോക്ക സമുദായ വിഭാഗത്തിനും സംവരണം ചെയ്തിട്ടുണ്ടെങ്കിലും അകെ ഉള്ളതില്‍ 58 ശതമാനം ഒഴിവുകളെ നികത്തിയിട്ടുണ്ടായിരുന്നുള്ളു. പട്ടിക ജാതി ഒഴിവുകളില്‍ 58 ശതമാനവും, പട്ടിക വര്‍ഗ ഒഴിവുകളില്‍ 61 ശതമാനവും, മറ്റു പിന്നോക്ക സമുദായങ്ങളില്‍ 46 ശതമാനവും മാത്രമേ നിയമനം നടന്നിട്ടുണ്ടായിരുന്നുള്ളു. ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സയന്‍സില്‍ 80 ശതമാനം സംവരണ ഒഴിവുകളിലും നിയമനം നടത്തപ്പെട്ടിട്ടില്ല. ഈ നിലയില്‍ സമുദായത്തിന് ആകെ മൊത്തം ഉണ്ടായിട്ടുള്ള അധികാര പ്രാതിനിധ്യ അവകാശത്തിനകത്ത് വലിയ നഷ്ടം സംഭവിച്ചിരിക്കുമ്പോള്‍ ആണ് കോടതി അതിലൊന്നും ഇടപെടാതെ നോക്കുകുത്തി ആയിരിക്കുന്നത്. അല്ലെങ്കില്‍ തന്നെ ഇന്ത്യയുടെ പൊതു മേഖല 23 ശതമാനത്തിലേക്ക് ചുരുങ്ങി വന്നുകൊണ്ടിരിക്കുകയാണ് എന്ന് സാമ്പത്തി വിദഗ്ദര്‍ അഭിപ്രായപ്പെട്ടിരിക്കുകയാണ്.അവിടേക്ക് മാത്രമാണ് ഏതെങ്കിലും തരത്തില്‍ ഈ വിഭാഗങ്ങള്‍ക്ക് സംവരണ പരിരക്ഷ ലഭ്യമായിട്ടുള്ളത്. അതുകൂടി ഇത്തരത്തില്‍ പല രീതിയില്‍ തുരങ്കം വയ്ക്കുന്ന കാഴ്ചയാണ് കണ്ടുകൊണ്ടിരിക്കുന്നത്.

ഈ അവസ്ഥയില്‍ നിലവിലെ മത്സരങ്ങളില്‍ നിന്ന് തന്നെ ഒരു വിഭാഗം പട്ടിക ജാതി പട്ടിക വര്‍ഗ വിഭാങ്ങളെ സംവരണ അവസരങ്ങളില്‍ നിന്ന് നയപരമായി പുറത്താക്കുന്നതും അവസരങ്ങളെ നിജപ്പെടുത്തുന്നതും നീതികേടാണ്. അങ്ങനെ ചെയ്യുന്നതുകൊണ്ട് ഈ മത്സരങ്ങളിലേക്കുള്ള നിത്യജീവിതത്തില്‍ അവര്‍ അതിജീവിക്കേണ്ടി വരുന്ന ഒരു വിവേചനകളും അതിക്രമങ്ങളും ഇല്ലാതാകുന്നില്ല. അങ്ങനെ ഇരിക്കെ പല തരം മൂലധന രൂപങ്ങള്‍ ലഭ്യമായ സവര്ണരോടൊപ്പം അധികാരത്തിന്റെ പങ്കിന് വേണ്ടി മത്സരിക്കാന്‍ വിടുന്നത് തന്നെ അവരോടുള്ള അതിക്രമമാണ്. അവസര സമത്വമുള്ള മത്സരങ്ങള്‍ സമുദായത്തിലെ ഒരു വിഭാഗം ആളുകള്‍ക്ക് ഇല്ലാതാക്കുകയും കുറക്കുകയും ചെയ്യുന്നു എന്നതാണ് ഇതിന്റെ അനന്തര ഫലം. സാമ്പത്തികമായി മെച്ചപ്പെട്ട ദലിത് ആദിവാസി വിഭാഗങ്ങളെ സംവരണ അവകാശത്തില്‍ നിന്ന് പുറത്താക്കുന്നതും ഇതിന് സമാനമായ ഫലമാണ് ഉത്പാദിപ്പിക്കുക.

സമുദായത്തിന്റെ ഐക്യം

സമുദായം ഇത് കൃത്യമായ ബോധ്യപെട്ട് അതിന്റെ കെട്ടുറപ്പ് നിലനിര്‍ത്തി ഈ നീതികേടിനെ ചെറുക്കുക എന്നുള്ളത് മാത്രമാണ് പോംവഴി. 2018ല്‍ പട്ടികജാതി പട്ടിക വര്‍ഗ അതിക്രമ നിരോധന നിയമത്തെ ദുര്‍ബലപ്പെടുത്താന്‍ സമാനമായി ജുഡീഷ്യറിയുടെ ഭാഗത്ത് നിന്ന് ശ്രമങ്ങള്‍ ഉണ്ടായപ്പോള്‍ ദലിത് ആദിവാസി വിഭാഗങ്ങള്‍ക്ക് ചെറുത്തു തോല്പിക്കാന്‍ കഴിഞ്ഞതുപോലെ ഈ ഭേദഗതിക്കുള്ള ശ്രമങ്ങളെയും ചെറുത്ത് തോല്പിക്കാന്‍ കഴിയട്ടെ.

2018ല്‍ സുഭാഷ് കാശിനാഥ് മഹാജന്‍ എന്നയാളും മഹാരഷ്ട്ര സര്‍ക്കാരുമായിട്ടുള്ള കേസില്‍ ഉണ്ടായ പട്ടിക ജാതി പട്ടിക വര്‍ഗ പീഡനം നിരോധന നിയമത്തിലെ ഭേദഗതി ദലിതുകള്‍ പ്രക്ഷോഭം നടത്തി അതി ജീവിച്ചതാണ്. ഒരു സര്‍ക്കാര്‍ ഉദ്യോഗത്തിലിരിക്കുന്ന ആള്‍ക്കെതിരെ ഈ നിയമപ്രകാരം കസ് രജിസ്റ്റര്‍ ചെയ്യണെമെങ്കില്‍ ഒരു പ്രാഥമിക അന്വേഷണത്തിന് ശേഷമേ പാടുള്ളു എന്നതായിരുന്നു ഭേദഗതി. നിയമം അനുസരിച്ചു ആളുകളെ അറസ്റ്റ് ചെയ്യണമെങ്കില്‍ മുന്‍കൂര്‍ അനുമതി പോലീസ് സുപ്രണ്ടില്‍ നിന്ന് വാങ്ങണം എന്ന നിഷ്‌കര്‍ഷയും ഭേദഗതിയുടെ ഭാഗമായി ഉണ്ടായിരുന്നു. തുടര്‍ന്ന് 2018 ഏപ്രില്‍ 2 നാണു ദലിത് സംഘടനകള്‍ രാജ്യവ്യാപകമായി ഹര്‍ത്താലിന് ആഹ്വാനം ചെയ്തത്. 2018 ആഗസ്തില്‍ കേന്ദ്ര സര്‍ക്കാരിന് ഭേദഗതി ബില് പാസ്സാക്കി മുന്‍ ഭേദഗതിയെ അസാധു ആക്കേണ്ടി വന്നു. അനേകം സമരങ്ങള്‍ സംഘപരിവാര്‍ ഭരണകാലത്ത് നടന്നിട്ടുണ്ടെങ്കിലും ആ ഒരു സമരം മാത്രമായിരുന്നു പൂര്‍ണ അര്‍ത്ഥത്തില്‍ വിജയിച്ചത് എന്ന് നമ്മള്‍ ആത്മാഭിമാനത്തോടെ ഓര്‍ക്കണം.

ദി ക്രിട്ടിക് യു ട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

റഫറന്‍സ്

https://www.thehindu.com/news/national/sc-refuses-to-entertain-plea-for-caste-census-says-issue-in-domain-of-governance/article68596509.ece

https://economictimes.indiatimes.com/news/india/sc-refuses-to-entertain-plea-for-caste-census-says-issue-in-domain-of-governance/articleshow/112994515.cms?from=mdr

Bourdieu, P. (1983). The Forms of Capital. In J. G. Richardson (Ed.), Handbook of Theory and Research for the Sociology of Education (pp. 241-258). New York: Greenwood Press.

Ambedkar, B. R. (Bhimrao Ramji), 1891-1956. Annihilation of Caste : an Undelivered Speech. New Delhi :Arnold Publishers, 1990.

Ambedkar, B. R. (May 1917). ‘Castes in India: Their Mechanism, Genesis and Development’. Indian Antiquary. XLVI.

Balagopal, K. (2005). Justice for Dalits among Dalits: All the Ghosts Resurface. Economic and Political Weekly, 40(29), 3128-3133. http://www.jstor.org/stable/4416900

https://www.deccanherald.com/opinion/why-the-vast-backlog-in-filling-reserved-vacancies-1122343.html

സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പന്ത്രണ്ടാം വര്‍ഷത്തേക്ക് കടക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2024 - 25 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in


ഞങ്ങളുടെ ഫേസ്ബുക് പേജ് ലൈക് ചെയ്യൂ..


Published On

Category: Latest news | Tags: , , | Comments: 0 |

'ക്രിട്ടിക്കില്‍ പ്രസിദ്ധീകരിക്കുന്ന ലേഖനങ്ങള്‍ ലേഖകരുടെ അഭിപ്രായങ്ങളാണ്.. അവ പൂര്‍ണ്ണമായും ക്രിട്ടിക്കിന്റെ അഭിപ്രായങ്ങളാകണമെന്നില്ല - എഡിറ്റര്‍'

Be the first to write a comment.

Leave a Reply