എന്‍.ആര്‍.സി ”ജനാധിപത്യ മതേlര റിപ്പബ്ലിക്കിലെ” കോണ്‍സണ്‍ട്രേഷന്‍ ക്യാമ്പുകള്‍ക്കുള്ള നോ ഒബ്ജക്ഷന്‍ സര്‍ട്ടിഫിക്കറ്റ്

ബംഗ്ലാദേശടക്കമുള്ള രാജ്യങ്ങളില്‍ നിന്നെത്തിയ ഹിന്ദു, സിഖ്, കൃസ്ത്യന്‍ ജനത ഭയക്കേണ്ടതില്ലെന്നും അവരുടെ പൌരത്വം ഉറപ്പു വരുത്തും എന്ന് ആഭ്യന്തര മന്ത്രി അമിത് ഷാ വ്യക്തമാക്കിയിട്ടുണ്ട്. വരാനിരിക്കുന്ന പാര്‍ലമെന്റ് സെക്ഷനില്‍ അതിനാവശ്യമായ ബില്‍ പാസ്സാക്കിയേക്കും. എന്നാലും പട്ടികയിലിടം പിടിച്ച മുസ്ലിങ്ങളുടെ പ്രശ്‌നം ബാക്കിയാകും.

അസമിലെ പൌരത്വ പട്ടിക പ്രസിദ്ധീകരിച്ച 2019 ആഗസ്റ്റ് 31 ന് നിര്‍ണ്ണയിക്കപ്പെട്ട ഇന്ത്യ എന്ന രാജ്യാതിര്‍ത്തിക്കകത്ത് ജനിച്ച് ജീവിച്ച് കൊണ്ടിരിക്കുന്ന 1906657 പേര്‍ ഇനി പറയാനൊരു രാജ്യമോ രേഖയിലൊരു പേരോ വിലാസമോ ഇല്ലാത്തവരാണ്. അവര്‍ ജീവിക്കുന്നു എന്ന് , ജീവിച്ചിരുന്നു എന്ന് ഇനി തെളിയിക്കപ്പെടാനൊരു വഴിയില്ല.
രജിസ്ട്രാര്‍ ജനറല്‍ ഓഫ് ഇന്ത്യ 2018 ജൂലൈ 31 ന് ദേശീയ പൗരത്വ പട്ടിക കരടുരേഖ പ്രസിദ്ധീകരിച്ചത് പ്രകാരം 3.29 കോടി ജനങ്ങള്‍ക്കിടയില്‍ നിന്ന് 28.9 മില്യണ്‍ ജനങ്ങള്‍ക്ക് മാത്രമാണ് തങ്ങള്‍ ഇന്ത്യന്‍ പൗരന്മാരാണെന്ന രേഖകള്‍ സമര്‍പ്പിച്ച് പൌരന്മാരായുണ്ടായിരുന്നത്.
അപ്പീലിന് നിശ്ചിച്ച പരിമിതമായ സമയത്തിനുള്ളില്‍ എ.പി.സി.ആര്‍ പോലെയുള്ള പൌരാവകാശ സംഘടനകളുടേയും എ.യു.ഡി.എഫ് പോലെയുള്ള രാഷ്ട്രീയ പാര്‍ട്ടികളുടെയും ജംഇയ്യത്തല്‍ ഉലമായെ ഹിന്ദ് പോലെയുള്ള മത സംഘടനകളുടെയും നിതാന്തമായ പരിശ്രമത്താല്‍ അതില്‍ 21 ലക്ഷത്തിലധികം പേരെ പൌരത്വപട്ടികയിലേക്ക് തിരികെയെത്തിച്ചു.
അപ്പോഴും 19 ലക്ഷത്തിലധം പേര്‍ ബാക്കിയാണ്. അതില്‍ 11 ലക്ഷം ബംഗാളി ഹിന്ദുക്കളും 2 ലക്ഷം ഇതര ഹിന്ദമത വിശ്വാസികളുമാണ്. 6 ലക്ഷത്തോളം മുസ്ലിങ്ങളും. അവരാണ് പൌരത്വം ചോദ്യം ചെയ്യപ്പെട്ടവര്‍. ബംഗ്ലാദേശടക്കമുള്ള രാജ്യങ്ങളില്‍ നിന്നെത്തിയ ഹിന്ദു, സിഖ്, കൃസ്ത്യന്‍ ജനത ഭയക്കേണ്ടതില്ലെന്നും അവരുടെ പൌരത്വം ഉറപ്പു വരുത്തും എന്ന് ആഭ്യന്തര മന്ത്രി അമിത് ഷാ വ്യക്തമാക്കിയിട്ടുണ്ട്. വരാനിരിക്കുന്ന പാര്‍ലമെന്റ് സെക്ഷനില്‍ അതിനാവശ്യമായ ബില്‍ പാസ്സാക്കിയേക്കും. എന്നാലും പട്ടികയിലിടം പിടിച്ച മുസ്ലിങ്ങളുടെ പ്രശ്‌നം ബാക്കിയാകും.
അപ്പോഴും ആറു ലക്ഷം ബാക്കിയാണ്. അവരാകട്ടെ മുസ്ലിങ്ങളും. ബി.ജെ.പി ഭരിക്കുന്ന ഇന്ത്യ ഇന്ന് ജനാധിപത്യ മതേതര രാഷ്ട്രത്തിന്റെ യാതൊരു സ്വഭാവവും കാട്ടുന്നില്ലെന്നു മാത്രമല്ല വംശീയ ഉന്മൂലനത്തിന് ഭരണകൂടം തന്നെ മുന്നില്‍ നിന്ന് നയിക്കുന്നു.

എന്തിനാണ് ഇന്ത്യന്‍ ഭരണകൂടം ഇത്തരമൊരു പട്ടിക തയ്യാറാക്കിയത്? അവ ഏറ്റവും കൂടുതല്‍ ലക്ഷ്യം വെക്കുന്നത് ആരെയാണ്? പ്രധാനമായും ഇനി ഇതിന്റെ തുടര്‍നടപടികള്‍ എങ്ങനെയായിരിക്കും ഈ ചോദ്യങ്ങളൊക്കെ നേര്‍ത്ത സബ്ദത്തിലെങ്കിലും ഉയരുന്നുണ്ട്.
അസമില്‍ ജീവിക്കുന്ന കുടിയേറ്റ ജനതക്കു നേരെ നിലനിന്ന പഴയതും ദശാബ്ദങ്ങളോളം നീണ്ടുനിന്നതുമായ വംശീയമായി പ്രചാര വേലയുടെ ഉല്‍പന്നമാണ് യഥാര്‍ത്ഥത്തില്‍ എന്‍.ആര്‍.സി. തേയില കൃഷി നിര്‍മ്മാണവും ഭക്ഷ്യോല്‍പാദനത്തിന്റെ വര്‍ധനവും ലക്ഷീകരിച്ച് അസാം കാടുകളിലെ ഭൂസ്ഥലങ്ങള്‍ വ്യാപകമായി വെട്ടി നികത്തിയ അധിനിവേശ കാലഘട്ടത്തിലേക്കാണ് പ്രസ്തുത പ്രശ്നത്തിന്റെ വേരുകള്‍ ചെന്നെത്തുന്നത്. അസമിന്‍ അതിര്‍ത്തി പ്രദേശമായ കിഴക്കന്‍ ബംഗാളില്‍ നിന്ന് ഭൂതല്‍പരരും വ്യവസായികളുമായ ലോബി വനഭൂമിയെ നെല്‍പാടങ്ങളായി മാറ്റിയെടുക്കുകയും സംസ്ഥാനത്ത് സ്ഥിര താമസമാക്കുകയും ചെയ്തു. ഇവിടങ്ങളിലെ തൊഴില്‍ സാദ്ധ്യത അസാമിലേക്കുള്ള ബംഗാളി കുടിയേറ്റക്കാരുടെ കുത്തൊഴുക്ക് ആസമിലേക്ക് ഉണ്ടായി.
1947ല്‍ ബ്രിട്ടീഷ് ഇന്ത്യ രണ്ട് സ്വതന്ത്ര രാജ്യസമൂഹങ്ങളായി രൂപാന്തരപ്പെട്ടു. അതോടെ ആസാം ഇന്ത്യയുടെ ഭാഗമായി നിലനിന്നെങ്കിലും മുസ്ലിം ഭൂരിപക്ഷമുള്ള ബംഗാളിലെ കിഴക്ക് ഭാഗം പാക്കിസ്ഥാനിലായി മാറി. 1971ല്‍ ബംഗാളി ജനത തങ്ങളുടെ സംഹാരാത്മകമായ വിമോചന സമരത്തിലൂടെ, ബംഗ്ലാദേശ് എന്ന രാജ്യം പിറവികൊള്ളുകയും ചെയ്തു. ഈ സംഘര്‍ഷാന്തരീക്ഷത്തിലും കിഴക്കന്‍ ബംഗാളില്‍ നിന്ന് ആസാമിലേക്ക് ശക്തമായ കുടിയേറ്റം നടന്നിരുന്നു.
ആസാം സംസ്‌കാരത്തിനും അതിന്റെ സാമ്പത്തികനിലക്കും മൂല്യമേറിയ സംഭാവനങ്ങള്‍ കൊണ്ട് കരുത്തേകിയവരാണ് കുടിയേറ്റക്കാരായ ബംഗാളീ ജനത. എങ്കിലും വംശീയ വിദ്വഷം മൂലം സ്ഥാപിത താത്പര്യക്കാര്‍ തദ്ദേശീയരായ ആസാമി ജനതയുടെ മുന്നില്‍ അവരുടെ സംസ്‌കാരത്തിന് മേലും ഭൂമി ഉടമസ്ഥാവകാശത്തിന് മേല വുംര്‍ധിച്ച ആശങ്ക പടര്‍ത്തുന്ന പ്രചരണങ്ങള്‍ അഴിച്ചു വിട്ടു. തദ്ഫലമായി 1979-1985 കാലയളവില്‍ ബംഗാളി കുടിയേറ്റക്കാരെ ലക്ഷ്യം വെച്ച് വൈദേശിക വിരുദ്ധ സമരം സംസ്ഥാനത്താകെ ഉടലെടുത്തു.
ആള്‍ അസം സ്റ്റുഡന്‍സ് യൂണിയന്‍ നടത്തിയ പ്രസ്തുത പ്രക്ഷോഭം ആസാം മുന്നേറ്റം എന്നപേരിലാണ് അറിയപ്പെട്ടിരുന്നത്. വിദേശികളായ എല്ലാവരെയും അറസ്റ്റു ചെയ്യുക, വോട്ടവകാശം റദ്ദാക്കുക, നാടുകടത്തുക തുടങ്ങിയ ആവശ്യങ്ങള്‍ മുന്‍നിര്‍ത്തിയായിരുന്നു അവരുടെ പ്രക്ഷോഭം. 1983 ഫെബ്രുവരി 18ന് പ്രക്ഷോഭം മൂര്‍ഛിച്ച് അതിന്റെ ഉച്ചസ്ഥായിലെത്തിയപ്പോള്‍, നെല്ലി ജില്ലയിലെ വിവിധ ഗ്രാമങ്ങളില്‍ കുട്ടികളും സ്ത്രീകളും യുവാക്കളുമടങ്ങുന്ന പതിനായിരത്തിലധികം ബംഗാളി മുസ്ലിംകള്‍ മൃഗീയമായി കൂട്ടകശാപ്പ് ചെയ്യപ്പെട്ടു.(സര്‍ക്കാര്‍ കണക്കില്‍ 2191) നെല്ലി കൂട്ടക്കൊല എന്നറിയപ്പെട്ട ഈ ദുരന്തം ആധുനിക ഇന്ത്യന്‍ ചരിത്രത്തില്‍ നടന്ന വംശീയ ഉന്മൂലനങ്ങളില്‍ മുന്‍പന്തിയില്‍ നില്‍ക്കുന്നവയാണ്. ഇന്നേവരെ അതിന്റെ പേരില്‍ ഒരു വ്യക്തി പോലും ശിക്ഷാര്‍ഹനായിട്ടില്ല. ബംഗ്ലാദേശില്‍ നിന്നെത്തിയ 40 ലക്ഷത്തോളം പേര്‍ക്ക് 1983ലെ പൊതുതിരഞ്ഞെടുപ്പില്‍ വോട്ടവകാശം നല്‍കാനുള്ള ഇന്ദിരാ ഗാന്ധി സര്‍ക്കാരിന്റെ തീരുമാനമായിരുന്നു അന്ന് നെല്ലിയിലെ കൂട്ടക്കുരുതിക്കു വഴിതെളിച്ചത്.
രണ്ട് വര്‍ഷങ്ങള്‍ക്ക് ശേഷം 1985 ഓഗസ്റ്റില്‍ കേന്ദ്ര സര്‍ക്കാര്‍ പ്രതിനിധികളും ആള്‍ അസം സ്റ്റുഡന്‍ന്റ് യൂണിയന്‍ പ്രതിനിധികളും സംസ്ഥാന ചരിത്രത്തിന്റെ രക്തരൂക്ഷിതമായ കലാപത്തിന് വിരാമിട്ട് കൊണ്ട് അസാം കരാരില്‍ ഐക്യകണ്‌ഠേന ഒപ്പുവെച്ചു. അതിനുശേഷം അവര്‍ ആസം ഗണപരിഷത്ത് എന്ന രാഷ്ട്രീയ പാര്‍ട്ടിയായി. അതിന്റെ നേതാവ് പ്രഫുല്ല കുമാര്‍ മൊഹന്ത ഈ വംശീയ ഉന്മൂലനത്തെ ക്യാപിറ്റലൈസ് ചെയ്ത് തെരെഞ്ഞെടുപ്പ് വിജയം നേടി ആസം മുഖ്യ മന്ത്രിയുമായി. വംശീയ കലാപത്തിന്റെ രക്തക്കറയുള്ള അസംഗണപരിഷത്തിനോട് ആ കാലത്ത് തന്നെ സഖ്യം ചേരാന്‍ ജനതാ ദളിനും ഇടതുപക്ഷത്തിനും ഒന്നും മടിയുണ്ടായിരുന്നില്ല. അവര്‍ പിന്നീട് കോണ്‍ഗ്രസുമായും ബി.ജെ.പിയുമായും ഒക്കെ മാറി മാറി സഖ്യം ചേര്‍ന്നു.
1971 മുതല്‍ ബംഗ്ലാദേശില്‍നിന്ന് കുടിയേറിപാര്‍ത്തവരെ വ്യവസ്ഥാപിതമായി തിരിച്ചറിഞ്ഞ് വോട്ടവകാശവും പൌരത്വവും റദ്ധാക്കാനുള്ള ബാധ്യത ആസാം കരാര്‍ സൃഷ്ടിച്ചെടുത്തിരുന്നു. അത് കൊണ്ട് തന്നെ കരാറിന് ശേഷം വന്ന എല്ലാ സര്‍ക്കാരുകളും വിദേശികളെ തിരിച്ചറിയാനുള്ള നടപടികളും ആവിഷ്‌കരിച്ചിരുന്നു. പക്ഷേ അവരുടെ എണ്ണം കേവലം ആയിരത്തിലൊതുങ്ങുന്നത് മാത്രമായിരുന്നു. 2005 ഓടെ സുപ്രീം കോടതി വിവാദപരമായ വിദേശികളെ തിരിച്ചറിയാനുള്ള നടപടിയുടെ ഭാരം സംസ്ഥാനാധികാരത്തില്‍ നിന്ന് മാറ്റി എന്‍.ആര്‍.സി എന്ന സംവിധാനത്തിന്റെ പൂര്‍ത്തീകരണത്തിന് വേണ്ടി പ്രത്യേക സമിതി രൂപീകരിക്കുകയും ചെയ്തു. ഈ സന്ദര്‍ഭം മുതല്‍ അസമിലെ ബംഗാളി ജനതയുടെ ദുരിത ജീവിതം ആരംഭിച്ചു.
ആഗസ്റ്റ് 31 ന് അസാമിലെ 19 ലക്ഷം പേരെ പുറംതള്ളുന്ന എന്‍.ആര്‍.സി പത്രികയുടെ പ്രഖ്യാപനം ഇന്ത്യയിലെയും ആസാമിലെയും രാഷ്ട്രീയ അന്തരീക്ഷങ്ങളെ സൂക്ഷ്മമായി നിരീക്ഷിക്കുന്ന ഒരു ജനസമൂഹങ്ങള്‍ക്കും ഗൗരവമായ ഞെട്ടലുണ്ടാക്കുന്ന കാര്യമായിരുന്നില്ല. കേന്ദ്രഭരണംബി.ജെ.പി നിയന്ത്രണത്തിലായതു മുതല്‍, അസമിലെ കുടിയേറ്റ വിരുദ്ധ ചര്‍ച്ചകള്‍ കൂടുതല്‍ പ്രബലവും മുസ്ലിങ്ങള്‍ക്കെതിരായ വംശീയ വിദ്വേഷത്തിന്റെ പാരമ്യത്തിലേക്കെത്തുകയും ചെയ്തിരുന്നു.
പ്രക്ഷോഭ കാലത്ത് ബംഗാളി കുടിയേറ്റക്കാരെ ഹിന്ദു മുസ്ലിം വിവേചനമില്ലാതെ എതിര്‍ത്തിരുന്നുവെങ്കിലും കഴിഞ്ഞ പത്തു വര്‍ഷമായി അത് മുസ്ലിം ബംഗാളി കുടിയേറ്റ വിരുദ്ധ സമരം എന്ന നിലയിലേക്ക് സമ്പൂര്‍ണമായി പരിവര്‍ത്തിക്കപ്പെട്ടു.
ഇന്ത്യന്‍ പൌരത്വ നിയമങ്ങള്‍ കാതലായ മാറ്റങ്ങള്‍ക്ക് വിധേയമാക്കി പാകിസ്ഥാന്‍ ബംഗ്ലാദേശ്, അഫ്ഗാനിസ്ഥാന്‍ തുടങ്ങിയ രാജ്യങ്ങളില്‍ നിന്ന് കുടിയേറുന്ന ഹിന്ദു, സിഖ്, ക്രൈസ്തവ, ബുദ്ധ സമൂഹങ്ങള്‍ക്ക് പൌരത്വം നല്‍കണമെന്ന നിലയിലേക്ക് മാറാനുള്ള നിയമ നിര്‍മാണ പ്രക്രിയയിലാണ്. അസമും ഇന്ത്യയും ഭരിക്കുന്ന ബിജെപി സര്‍ക്കാറുള്ള ഇടത്തേക്ക് മുസ്ലിം എന്ന മത സ്വത്വമുള്ളര്‍ക്ക് മാത്രം പ്രവേശനമില്ല എന്ന വംശീയ വെറി പരസ്യമായി രാജ്യത്ത് പ്രകടമാക്കപ്പെടുന്നു.

 

 

 

 

 

 

 

 

ബംഗ്ലാദേശില്‍ നിന്നുള്ള കുടിയേറിയ മുസ്ലിംകള്‍ ഇന്ത്യയുടെ സുരക്ഷ്‌ക്ക് ഭീഷണിയാണെന്ന് വരുത്തിതീര്‍ക്കാന്‍ നുഴഞ്ഞുകയറ്റക്കാര്‍ എന്ന പദമാണ് അമിത്ഷായും മോദിയും അടക്കമുള്ള ബിജെപി നേതാക്കള്‍ നിരന്തരം ഉപയോഗിച്ചിരുന്നത്. നേര്‍വിപരീതമെന്നോണം, ന്യൂനപക്ഷക്കാരായ ഹിന്ദു കുടിയേറ്റക്കാര്‍ വിചാരണയില്‍ നിന്ന് രക്ഷപ്പെട്ട വ്യവസ്ഥാപിത അഭയാര്‍ഥികളാണെന്ന പ്രയോഗവും അവര്‍ തന്നെ നിരന്തര നടത്തിപ്പോരുന്നുണ്ട്.
എന്‍.ആര്‍.സി.യില്‍ ഉള്‍പ്പടാന്‍ അസാം നിവാസികളോട് ഭൂ ഉടമസ്ഥവകാശ രേഖ, ജനനസര്‍ട്ടിഫിക്കറ്റ് രേഖ, ഹൈസ്‌കൂള്‍ രേഖ, വോട്ടര്‍ പട്ടികയിലെ പേര്, 1971ന് മുമ്പ് പ്രപിതാക്കളിലൊരാള്‍ ഇന്ത്യന്‍ പൗരനാണെന്ന് തെളിയിക്കുന്ന രേഖ തുടങ്ങിയ ഔദ്യോഗിക രേഖകള്‍ ഹാജരാക്കാനായിരുന്നു ആവശ്യപ്പെട്ടത്. എന്നാല്‍ പ്രത്യക്ഷത്തില്‍ ഇതിനെത്ാണ് കുഴപ്പമെന്ന് സ്റ്റേറ്റിസ്റ്റ് സമൂഹത്തിന് തോന്നാം. പക്ഷേ അതി ശോചനീയ തദ്ദേശ ഭരണസംവിധാനങ്ങളും ശുഷ്‌കമായ ഭൂവിവരങ്ങളും ജനങ്ങളുടെ നിരക്ഷരതയും മാത്രം മുതല്‍കൂട്ടായ ഒരു സംസ്ഥാനത്ത് ഇത്തരം രേഖകളുടെ സുതാര്യമായ ലഭ്യത അത്ര എളുപ്പമുള്ള കാര്യമല്ല. മാത്രമല്ല ദാരിദ്രവും അരികുവത്കരണവും മൂലം പലരും അവരുടെ മക്കളുടെ ജനന തിയ്യതി രേഖപ്പെടുത്തുകയോ അവരെ വിദ്യാലയങ്ങളിലേക്ക് അയക്കുക പോലുമോ ഇപ്പോഴും ചെയ്യുന്നില്ല.
സ്വന്തം മാതാപിതാക്കളുടെ ജനനതിയ്യതി പോലും രേഖാ പരമായി സൂക്ഷിക്കാത്ത ഭൂരിപക്ഷ ജനതയുടെ നാട്ടില്‍ എങ്ങനെ ഇത്രമാത്രം രേഖകള്‍ ലഭ്യമാകും എന്ന് ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജി ചോദിച്ചിരുന്നു. 1971ല്‍ തന്റെ മാതാപിതാക്കള്‍ ഇന്ത്യന്‍ പൗരന്മാരാണെന്ന് തെളിയിക്കുന്ന രേഖ കൃത്യമായി സമര്‍പ്പിക്കാന്‍ തനിക്ക് പോലും സാധ്യമല്ല എന്ന് മമത ചൂണ്ടിക്കാട്ടിയിരുന്നു. പൌരത്വം നഷ്ടപ്പെട്ടവരുടെ എണ്ണം ജെന്‍ഡര്‍ തിരിച്ച് പരിശോധിച്ച റിപ്പോര്‍ട്ടൊന്നും കണ്ടിട്ടില്ല. എങ്കിലും സ്ത്രീകളാകും ഭൂരിപക്ഷമെന്ന് ഏകദേശം അനുമാനിക്കാവുന്നതാണ്.

പൌരത്വം സംശയിക്കപ്പെട്ട 40 ലക്ഷത്തിലധികം പേരില്‍ നിരാശരായി ആത്മഹത്യ ചെയ്തവരുണ്ട്. ഫോറിന്‍ ട്രൈബ്യൂണല്‍ എന്ന സംവിധാനം വഴിയാണ് പൗരത്വം തെളിയിക്കാനുള്ള അവസരം ജനങ്ങള്‍ക്ക് ലഭിക്കുന്നത്. ഇത്തരം 100 ട്രൈബ്യൂണലുകളാണ് അസമില്‍ ഉള്ളത്. 200 എണ്ണം കൂടി തുടങ്ങുമെന്നാണ് കേന്ദ്ര സര്‍ക്കാര്‍ പറയുന്നത്. ഇവര്‍ ഗുവഹത്തി ഹൈക്കോടതിയുടെ ഡിവിഷണല്‍ ബഞ്ചിലേക്ക് റിപ്പോര്‍ട്ട് സമര്‍പ്പിക്കുകയാണ് ചെയ്യുന്നത്. ആ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് സുപ്രീംകോടതിയുടെ മേല്‍നോട്ടത്തില്‍ നാഷണല്‍ രജിസ്ട്രാര്‍ ഓഫ് സിറ്റിസണ്‍സ് അന്തിമതീരുമാനമെടുക്കുന്നത്.
പക്ഷേ ഇത്രയധികം പേര്‍ എങ്ങിനെ തങ്ങളുടെ രേഖകള്‍ സമര്‍പ്പിക്കും എന്നത് വലിയ ചോദ്യമാണ്. പൗരത്വം സംശയാസ്പദമായി കണക്കാക്കപ്പടുന്ന ജനങ്ങളെ ജയിലുകളിലടക്കാനോ അവരുടെ കുടുംബങ്ങളെ ഒറ്റപ്പെടുത്താനോ അവരെ നാടുകടത്താന്‍ ഖണ്ഡിതമായി തീരുമാനിക്കാനോ പാടില്ലെന്നാണ് അന്താരാഷ്ട്ര നിയമങ്ങള്‍. എന്നാല്‍ അവയെല്ലാം അസാമില്‍ സമ്പൂര്‍ണമായി ലംഘിക്കപ്പെടാന്‍ പോകുകയാണ്. ദമ്പതികളാണെങ്കിലും ഒന്നിച്ച് താമസിക്കാന്‍ അനുവദിക്കാതെ സ്ത്രീകള്‍ ഒരു ജയിലില്‍, ഭര്‍ത്താക്കന്മാര്‍ മറ്റൊരു ജയിലില്‍, ആറു വയസ്സിനു മുകളിലുള്ള ചെറുപ്രായക്കാര്‍ വേറേ എന്ന നിലയിലുള്ള ക്യാമ്പുകളാണ് ഒരുക്കാനൊരുങ്ങുന്നത്.
നാസി കോണ്‍സെന്‍ട്രേഷന്‍ ക്യാമ്പുകളേക്കാള്‍ ഭീതിതമായ ശാരീരികവും മാനസികവും ലൈംഗികവുമായ പീഢനങ്ങളായിരിക്കും ഭരണകൂടത്തിന്റെ ലൈസന്‍സോടെ അസമില് അരങ്ങേറാന്‍ പോകുന്നത്. നെല്ലി കൂട്ടക്കൊലയൊക്കെ എത്രയോ നിസാരമാകുന്ന രക്തമുറഞ്ഞുപോകുന്ന നാളുകളാണ് വരാനിരിക്കുന്നത്. നാടില്ലാത്ത പേരും കുറിയുമില്ലാത്ത മനുഷ്യാവകാശങ്ങളില്ലാത്ത മനുഷ്യ ലക്ഷങ്ങളുടെ നിലവിളികള്‍ക്കായി കാതോര്‍ക്കുന്ന അതില്‍ ഗൂഢമായി സന്തോഷിക്കുന്ന ഉന്മാദ ദേശീയതയിലാണ് ഇന്ന് ഇന്ത്യ. ഈ ദേശീയതയുടെ ഉന്മാദത്തില്‍ എന്‍.ആര്‍.സി എന്നത് ”ജനാധിപത്യ മതേര റിപ്പബ്ലിക്കിലെ” കോണ്‍സണ്‍ട്രേഷന്‍ ക്യാമ്പുകള്‍ക്കുള്ള നോ ഒബ്ജക്ഷന്‍ സര്‍ട്ടിഫിറ്റാണ്

സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പന്ത്രണ്ടാം വര്‍ഷത്തേക്ക് കടക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2024 - 25 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in


ഞങ്ങളുടെ ഫേസ്ബുക് പേജ് ലൈക് ചെയ്യൂ..


Published On

Category: National | Tags: , , , | Comments: 0 |

'ക്രിട്ടിക്കില്‍ പ്രസിദ്ധീകരിക്കുന്ന ലേഖനങ്ങള്‍ ലേഖകരുടെ അഭിപ്രായങ്ങളാണ്.. അവ പൂര്‍ണ്ണമായും ക്രിട്ടിക്കിന്റെ അഭിപ്രായങ്ങളാകണമെന്നില്ല - എഡിറ്റര്‍'

Be the first to write a comment.

Leave a Reply