ദേശീയ വിദ്യാഭ്യാസ നയവും ഹിന്ദുത്വരാഷ്ട്ര നിര്‍മ്മിതിയും

ഇന്ത്യയില്‍ വിദ്യാഭ്യാസം എന്നത് കണ്‍കറണ്ട് ലിസ്റ്റില്‍ വരുന്ന വിഷയമായിട്ടുകൂടി സംസ്ഥാന ഗവണ്മെന്റുകളുടെ താല്പര്യങ്ങളെ പൂര്‍ണ്ണമായും അവഗണിക്കുന്ന തരത്തിലുള്ള കേന്ദ്ര സര്‍ക്കാര്‍ -കസ്തൂരിരംഗന്‍ കമ്മിറ്റി സമീപനം ഇന്ത്യയുടെ ഫെഡറല്‍ സംവിധാനത്തിനുതന്നെ വലിയ ഭീഷണിയാണുയര്‍ത്തുന്നത്. ഇന്ത്യയില്‍ സംഘപരിവാറിനെ സംബന്ധിച്ച് രാഷ്ട്രീയ അധികാരമെന്നത് തങ്ങളുടെ വര്‍ഗ്ഗീയ അജണ്ട മുന്നോട്ട് കൊണ്ടുപോകുന്നതിനുള്ള ഉപകരണമാണ് എന്നത് ഏവര്‍ക്കും അറിവുള്ള കാര്യമാണ്. രാജ്യത്തെ ഭരണഘടനാ സ്ഥാപനങ്ങളായ തിരഞ്ഞെടുപ്പ് കമ്മീഷനുകള്‍ മുതല്‍ സംസ്ഥാന ഗവര്‍ണര്‍ പദവികള്‍വരെ അതാത് സമയങ്ങളില്‍ എടുത്തുപയോഗിക്കാന്‍ തങ്ങള്‍ മടിക്കില്ല എന്നതിന് സമീപകാല ഉദാഹരണങ്ങള്‍ തന്നെ നിരവധിയാണ്. ഈ നിലയ്ക്ക് വിദ്യാഭ്യാസ മേഖലയില്‍ തങ്ങള്‍ക്ക് ലഭിക്കുന്ന കേന്ദ്രീകരണ അധികാരങ്ങള്‍ മറ്റൊരുതരത്തില്‍ ഇവര്‍ വിനിയോഗിക്കുമെന്ന് കരുതാന്‍ നിര്‍വ്വാഹമില്ല.

രാജ്യത്തെ വിദ്യാഭ്യാസ മേഖലയെ സമഗ്രമായ പൊളിച്ചെഴുത്തിന് വിധേയമാകുന്ന തരത്തില്‍ ഡോ.കെ. കസ്തൂരിരംഗന്‍ അധ്യക്ഷനായ വിദഗ്ദ്ധസമിതി സമര്‍പ്പിച്ച പുതിയ വിദ്യാഭ്യാസ നയത്തിന് ഇക്കഴിഞ്ഞ ജൂലൈ 29 -ാം തീയതി കേന്ദ്ര ഗവണ്മെന്റ് അംഗീകാരം നല്‍കുകയുണ്ടായി. സ്വാതന്ത്ര്യാനന്തര ഇന്ത്യയില്‍ നടപ്പാക്കുന്ന മൂന്നാമത്തേതും, ഇരുപത്തൊന്നാം നൂറ്റാണ്ടിലെ ആദ്യത്തേതുമായ ഈ വിദ്യാഭ്യാസ നയത്തിന് മോഡി സര്‍ക്കാര്‍ അംഗീകാരം നല്‍കുമ്പോള്‍, ജമ്മു-കാശ്മീരിന്റെ പ്രത്യേക പദവി പിന്‍വലിക്കല്‍, മുത്തലാക്ക് നിരോധനം, രാമക്ഷേത്ര നിര്‍മ്മാണത്തിനുള്ള അനുകൂല കോടതി വിധി എന്നിവയ്ക്ക്‌ശേഷം ബി.ജെ.പി.യുടെ 2019 -ലെ ലോക് സഭാ തിരഞ്ഞെടുപ്പ് പത്രികയിലെ മറ്റൊരു സുപ്രധാന വാഗ്ദാനംകൂടി നിറവേറ്റപ്പെടുകയാണ്. ഇന്ത്യയില്‍ കൊറോണ വ്യാപനം അതിശക്തമായി തുടരുമ്പോഴും തങ്ങളുടെ രാഷ്ട്രീയ അജണ്ട നടപ്പാക്കുന്നതില്‍നിന്ന് ഇന്ത്യയിലെ സംഘപരിവാര്‍ ശക്തികള്‍ ഒട്ടും തന്നെ പിറകോട്ടില്ല എന്ന് ഒരിക്കല്‍ക്കൂടി വ്യക്തമാക്കുന്നതാണ് പാര്‍ലമെന്റില്‍ ചര്‍ച്ചപോലും ചെയ്യാന്‍ കാത്ത് നില്‍ക്കാതെ വിദ്യാഭ്യാസ നയം അംഗീകരിച്ച കേന്ദ്ര ഗവണ്മെന്റ് തീരുമാനമെന്ന് പല രാഷ്ട്രീയ നിരീക്ഷകരും ചൂണ്ടിക്കാണിക്കുന്നു. അതേസമയം, രാജ്യത്തിന്റെ ഭാവി തലമുറയെ വാര്‍ത്തെടുക്കുന്നതുമായി ബന്ധപ്പെട്ട് കേന്ദ്ര സര്‍ക്കാര്‍ കൈക്കൊണ്ട ഈ സുപ്രധാന തീരുമാനത്തെ കാര്യമായ എതിര്‍പ്പുകളൊന്നും കൂടാതെ മുന്നോട്ട് കൊണ്ട്‌പോകുന്ന തരത്തിലുള്ള നടപടികളാണ് കേരളമുള്‍പ്പെടെയുള്ള സംസ്ഥാന സര്‍ക്കാരുകള്‍ കൈക്കൊണ്ടിട്ടുള്ളത്. കേന്ദ്രത്തില്‍ തങ്ങള്‍ അധികാരത്തിലിരുന്നപ്പോള്‍ തുടങ്ങിവച്ച പല നയങ്ങളും ഉള്‍ക്കൊള്ളിച്ചുകൊണ്ട് വിദ്യാഭ്യാസ നയം രൂപീകരിച്ചതിതിനെ കോണ്‍ഗ്രസിലെ പല പ്രമുഖ നേതാക്കളും സമിതി ചെയര്‍മാനെ അഭിനന്ദിക്കുമ്പോള്‍, തങ്ങള്‍ മുന്നോട്ട് വച്ച 80% നിര്‍ദ്ദേശങ്ങളും വിദഗ്ധ സമിതി അംഗീകരിച്ചതായി ആര്‍.എസ്സ്.എസ്സ് നേതാവ് ബാലമുകുന്ദ് പാണ്ഡെ അഭിപ്രായപ്പെടുന്നു.

ഇത്തരത്തില്‍ ഇടത് -വലത് വ്യത്യാസങ്ങളില്ലാതെ, വ്യവസ്ഥാപിത രാഷ്ട്രീയ പാര്‍ട്ടികളെ സംബന്ധിച്ച് പുത്തന്‍ വിദ്യാഭ്യാസ നയം ഒരുപോലെ സ്വീകാര്യമാകുമ്പോള്‍, ഈ നയത്തെ ഗൗരവതരമായ ചര്‍ച്ചകള്‍ക്ക് വിധേയമാക്കേണ്ടത് ഇന്ത്യന്‍ ജനാധിപത്യത്തിന്റെ ഭാവിയില്‍ ആശങ്കയുള്ളവരെസംബന്ധിച്ച് അനിവാര്യമാണ്. രാജ്യത്തെ അംഗണവാടികള്‍ മുതല്‍ ഗവേഷണം വരെയുള്ള വിദ്യാഭ്യാസത്തിന്റെ സമസ്ത മേഖലകളെക്കുറിച്ചും പ്രതിപാദിക്കുന്നതാണ് പുത്തന്‍ വിദ്യാഭ്യാസ നയമെങ്കിലും, ഉന്നത വിദ്യാഭ്യാസ മേഖലയുമായി ബന്ധപ്പെട്ട് ഈ നയം മുന്നോട്ടുവയ്ക്കുന്ന പരിഷ്‌കാരങ്ങള്‍ ഇന്ത്യയെപ്പോലൊരു ബഹുസ്വര സമൂഹത്തില്‍ ഉണ്ടാക്കാന്‍ ഇടയുള്ള പ്രത്യാഘാതങ്ങള്‍ എന്തെല്ലാമെന്ന് പരിശോധിക്കുന്നതിനുള്ള ശ്രമമാണ് ഈ കുറിപ്പിലൂടെ നടത്തിയിട്ടുള്ളത്. ഇന്ത്യയില്‍ ഇതുവരെ നടപ്പാക്കിയ വിദ്യാഭ്യാസ നയങ്ങളുടെ പ്രധാന പോരായ്മയായി കസ്തൂരിരംഗന്‍ ചൂണ്ടിക്കാണിക്കുന്നത്, വിദ്യാഭ്യാസത്തിന്റെ ഗുണനിലവാരത്തേക്കാളുപരി പൊതുവെ ‘ലഭ്യത’യിലും (Access), ‘നീതി’യിലുമുള്ള (Equity) അവയുടെ ഊന്നലാണ്. എന്നാല്‍ അതില്‍നിന്നും തികച്ചും വ്യത്യസ്തമായി പുത്തന്‍ വിദ്യാഭ്യാസ നയം ശ്രദ്ധ കേന്ദ്രീകരിക്കുന്നത് ‘ഗുണമേന്മ’യുള്ള വിദ്യാഭ്യാസം വിദ്യാര്‍ത്ഥികള്‍ക്ക് ഉറപ്പ് നല്‍കുന്നതിനാണ് എന്ന് കസ്തൂരിരംഗന്‍ വാദിക്കുന്നു (രാജ്യത്ത് മുന്‍പ് നടപ്പാക്കിയിട്ടുള്ള വിദ്യാഭ്യാസ നയങ്ങള്‍ മെറിറ്റിന് പ്രാധാന്യം കല്പിച്ചിട്ടില്ല എന്നത് കസ്തൂരിരംഗന്റെ അതിവാദം മാത്രമാണ്).

മികച്ച പഠന നിലവാരമോ, മതിയായ വിദ്യാര്‍ത്ഥികളോ, ഗവേഷണ സാധ്യതകളോ ഇല്ലാതെ, അദ്ധ്യാപകരുടേയും, വിദ്യാര്‍ത്ഥികളുടെയും ആശയ പ്രകാശന സ്വാതന്ത്ര്യങ്ങളെ പൂര്‍ണ്ണമായും അടച്ചുകളയുന്ന തരത്തില്‍, രാജ്യത്താകമാനം ഏകദേശം അന്‍പതിനായിരത്തോളം വിദ്യാഭ്യാസ സ്ഥാപനങ്ങളിലായി ചിന്നിച്ചിതറിക്കിടക്കുകയാണ് ഇന്ത്യയിലെ ഉന്നത വിദ്യാഭ്യാസ രംഗം എന്നാണ് വിദഗ്ദ്ധ സമിതിയുടെ കണ്ടെത്തല്‍. മാത്രമല്ല രാജ്യ വ്യാപകമായി നിലവിലുള്ള വ്യാജ കോളേജുകളെ നിയന്ത്രിക്കുന്നതിലുള്ള വീഴ്ചയും, ബിരുദ കോളേജുകളുടെ അഫിലിയേഷന്‍ സമ്പ്രദായവും കുട്ടികളുടെ പഠനനിലവാരം താഴ്ത്തുന്നതില്‍ പ്രധാന പങ്ക് വഹിക്കുന്നുണ്ട് (NEP-p. 31). ആയതിനാല്‍, വിദ്യാഭ്യാസ മേഖലയുടെ ഇത്തരം പരാധീനതകള്‍ പരിഹരിക്കുന്നതിനായി, ഇന്ത്യയുടെ പ്രാചീനകാല പാരമ്പര്യങ്ങളില്‍ ഊന്നിനിന്നുകൊണ്ട് (മികച്ച രീതിയിലുള്ള ഉന്നത വിദ്യാഭ്യാസം പുതു തലമുറയ്ക്ക് ഉറപ്പ് വരുത്തക്കവിധം) നിലവിലെ ഉന്നത വിദ്യാഭ്യാസ മേഖലയെ പൂര്‍ണ്ണമായും ഉടച്ചുവാര്‍ക്കുകയാണ് പുത്തന്‍ വിദ്യാഭ്യാസ നയത്തിന്റെ ലക്ഷ്യമെന്ന് സമിതി അഭിപ്രായപ്പെടുന്നു (p.31). തന്നെയുമല്ല, ഉന്നത വിദ്യാഭ്യാസ മേഖലയുടെ ഈ ശോചനീയാവസ്ഥയ്ക്ക് പരിഹാരമെന്നോണം പുരാതന കാലത്തു് ഇന്ത്യയില്‍ നിലനിന്നിരുന്ന വിദ്യാഭ്യാസ സമ്പ്രദായം തിരികെ കൊണ്ടുവരേണ്ടതുണ്ടെന്നും, ഇരുപത്തൊന്നാം നൂറ്റാണ്ടിലെ ഇന്ത്യയെ സംബന്ധിച്ച് അത്തരമൊരു വിദ്യാഭ്യാസ രീതിയാണ് അഭികാമ്യമെന്നും കസ്തൂരിരംഗന്‍ വിലയിരുത്തുന്നു. ഈയൊരു ലക്ഷ്യം കൈവരിക്കുന്നതിനായി ഇന്ത്യയിലെ IIT -കള്‍ ഉള്‍പ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങളെയും പുതിയ രീതിയിലേക്ക് മാറ്റേണ്ടതുണ്ട് (p.34). തങ്ങള്‍ മുന്നോട്ട് വയ്ക്കുന്ന വിദ്യാഭ്യാസ പരിഷ്‌കാരങ്ങള്‍ നടപ്പാക്കപ്പെടുന്നതോടെ വിജ്ഞാനത്തിന്റെ കേന്ദ്രമെന്നനിലയില്‍ ലോക ഭൂപടത്തില്‍ ചരിത്രപരമായി ഇന്ത്യയ്ക്കുണ്ടായിരുന്ന നിര്‍ണ്ണായക സ്ഥാനം പുനഃസ്ഥാപിക്കാന്‍ സാധിക്കുമെന്നാണ് കസ്തൂരിരംഗന്‍ ആശിക്കുന്നത്. ഇതിനായി അടുത്ത ഇരുപത് വര്‍ഷങ്ങള്‍കൊണ്ട് ഇന്ത്യയിലെ വിദ്യാഭ്യാസ മേഖലയില്‍ നടപ്പാക്കേണ്ടുന്ന കര്‍മ്മപദ്ധതികളുടെ ഒരു നീണ്ട നിരതന്നെ വിദഗ്ധ സമിതി മുന്നോട്ട് വയ്ക്കുന്നു. അവയില്‍ പ്രധാനപ്പെട്ട ചില നിര്‍ദ്ദേശങ്ങള്‍ ഇവയാണ്:

1) രാജ്യത്തെ ഉന്നത വിദ്യാഭ്യാസ മേഖലയുടെ പ്രവര്‍ത്തനങ്ങള്‍ നിയന്ത്രിക്കാന്‍ ദേശീയ തലത്തില്‍ ഉന്നത വിദ്യാഭ്യാസ കമ്മീഷന്‍ രൂപീകരിക്കുക
2) ഇന്ത്യയിലെ മുഴുവന്‍ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളെയും ഗവേഷണ സര്‍വ്വകലാശാലകള്‍, അധ്യാപന സര്‍വ്വകലാശാലകള്‍, ഡിഗ്രി കോളേജുകള്‍ എന്നിങ്ങനെ മൂന്നായി തരം തിരിക്കുക
3) സര്‍വ്വകലാശാലകളുടെ അഫിലിയേഷന്‍ സമ്പ്രദായം അവസാനിപ്പിക്കുക
4) ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് സ്വയം ഭരണം നല്‍കുക
5) പൊതുമേഖലയ്ക്കൊപ്പം സ്വകാര്യമേഖലയുടെ പങ്കാളിത്തം വിദ്യാഭ്യാസത്തില്‍ ഉറപ്പാക്കുക
6) മികച്ച വിദേശ സര്‍വ്വകലാശാലകളെ ഇന്ത്യയില്‍ കാമ്പസുകള്‍ തുടങ്ങാന്‍ േ്രപരിപ്പിക്കുക
7) ഇന്ത്യയിലും വിദേശത്തുമുള്ള സര്‍വ്വകലാശാലകളെ സഹകരണാടിസ്ഥാനത്തില്‍ പ്രവര്‍ത്തിക്കാന്‍ അനുവദിക്കുക
8) ലോകത്തിന്റെ മറ്റ് ഭാഗങ്ങളില്‍ സര്‍വ്വകലാശാലകള്‍ ആരംഭിക്കാന്‍ ഇന്ത്യന്‍ സര്‍വ്വകലാശാലകളെ േ്രപാത്സാഹിപ്പിക്കുക
9) കലാലയങ്ങളിലെ വിദ്യാര്‍ത്ഥി പ്രവേശനം നിലവിലെ 26 .3 ശതമാനത്തില്‍നിന്നും 2035 ആകുമ്പോഴേയ്ക്ക് 50 ശതമാനമായി വര്‍ദ്ധിപ്പിക്കുക
10) ഏക-വൈജ്ഞാനിക കോഴ്സുകള്‍ക്ക് പകരം ബഹു-വൈജ്ഞാനിക കോഴ്സുകള്‍ (Multi-Disciplinary) ആരംഭിക്കുക
11) മൂന്ന് വര്‍ഷ ഡിഗ്രി കോഴ്സുകള്‍ക്ക് പകരം നാല് വര്‍ഷ ഡിഗ്രി കോഴ്സുകള്‍ ആരംഭിക്കുക
12) കോഴ്സുകള്‍ക്ക് പൊതു പ്രവേശന പരീക്ഷ ഏര്‍പ്പെടുത്തുക
13) പൊതു പ്രവേശന പരീക്ഷകളുടെ നടത്തിപ്പിനായി ദേശീയതലത്തില്‍ ഒരു ഏജന്‍സി രൂപീകരിക്കുക
14) എല്ലാ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളും ഓണ്‍ലൈന്‍ വിദ്യാഭ്യാസം ആരംഭിക്കുക
15) എം.ഫില്‍ കോഴ്സുകള്‍ നിര്‍ത്തലാക്കുക

ഘട്ടം ഘട്ടമായി പുതിയ വിദ്യാഭ്യാസ നയം നടപ്പാക്കാനാണ് കേന്ദ്ര സര്‍ക്കാര്‍ തീരുമാനിച്ചിരിക്കുന്നത്. രാജ്യത്തെ മികച്ച വിദ്യാഭ്യാസ സ്ഥാപനങ്ങളെയാവും നയപരിഷ്‌കാരങ്ങള്‍ നടപ്പാക്കാനായി പ്രാരംഭഘട്ടത്തില്‍ തിരഞ്ഞെടുക്കുക. നിരുപദ്രവമെന്ന് തോന്നുന്ന ഇത്തരം നയങ്ങള്‍ ഇന്ത്യയിലെ ഉന്നത വിദ്യാഭ്യാസ മേഖലയില്‍ ഉണ്ടാക്കാനിടയുള്ള പ്രശ്‌നങ്ങള്‍ എന്തൊക്കെയാണ്?

1) അധികാരത്തിന്റെ കേന്ദ്രീകരണവും വിദ്യാഭ്യാസത്തിന്റെ കാവിവല്‍ക്കരണവും:

പുത്തന്‍ വിദ്യാഭ്യാസ നയത്തിലെ സുപ്രധാന നിര്‍ദേശങ്ങളിലൊന്ന് വിദ്യാഭ്യാസ മേഖലയില്‍ കേന്ദ്ര ഗവണ്‍മെന്റിന് നല്‍കിയിരിക്കുന്ന കേന്ദ്രീകരണ അധികാരങ്ങളാണ്. രാജ്യത്തെ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ സ്വാശ്രയത്വവും, അക്കാദമിക നിലവാരവും മെച്ചപ്പെടുത്തുക എന്ന ലക്ഷ്യം മുന്‍നിര്‍ത്തിയാണ് ദേശീയ തലത്തില്‍ ഉന്നത വിദ്യാഭ്യാസ കമ്മീഷന്‍ രൂപീകരിക്കുന്നത് എന്ന് കസ്തൂരിരംഗന്‍ പറയുമ്പോഴും, ഇതിന് നേര്‍വിപരീതമായി, ദേശീയ ഉന്നത വിദ്യാഭ്യാസ കമ്മീഷന്‍ നിലവില്‍ വരുന്നതോടെ രാജ്യത്തെ വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ മുഴുവന്‍ പ്രവര്‍ത്തനങ്ങളെയും നേരിട്ട് നിയന്ത്രിക്കുവാനുള്ള അധികാരം കേന്ദ്ര ഗവണ്‍മെന്റിന് ലഭിക്കുമെന്നതാണ് വാസ്തവം. ഉന്നത വിദ്യാഭ്യാസ മേഖലയുടെ പ്രവര്‍ത്തനങ്ങളെ നിയന്ത്രിക്കാന്‍ ദേശീയതലത്തില്‍ ഒരു ഏജന്‍സി ആവശ്യമാണെന്ന നിര്‍ദ്ദേശം മുന്‍പും പല പഠന സമിതികളും മുന്നോട്ട് വച്ചിട്ടുണ്ടെങ്കിലും അവയില്‍ നിന്നും വ്യത്യസ്തമായി വിദ്യാഭ്യാസ കമ്മീഷഷന്റെ ”രൂപീകരണ രീതി” തന്നെയാണ് ഇത്തരമൊരു സാഹചര്യത്തിന് വഴിയൊരുക്കുന്നത്. ദേശീയതലത്തില്‍ ഉന്നത വിദ്യാഭ്യാസ കമ്മീഷന്‍ രുപീകരിക്കാനുള്ള ബില്ലിന് 2018-ല്‍ തന്നെ കേന്ദ്ര സര്‍ക്കാര്‍ പച്ചക്കൊടി കാട്ടിയിട്ടുണ്ട് എന്നത് ഇതുമായി ചേര്‍ത്ത് വായിക്കേണ്ടതാണ്. ബില്ലില്‍ നിശ്ചയിച്ചിരിക്കുന്ന വ്യവസ്ഥകളനുസരിച്ച്, കമ്മീഷനിലെ അദ്ധ്യക്ഷയും, ഉപ-അധ്യക്ഷയും ഉള്‍പ്പെടെയുള്ള സമിതിയിലെ മുഴുവന്‍ അംഗങ്ങളെയും കേന്ദ്ര ഗവണ്മെന്റ് നേരിട്ടാണ് നിയമിക്കുന്നത് (കമ്മീഷന്‍ അംഗങ്ങളെ ഒരു സ്വതന്ത്ര സമിതിയെക്കൊണ്ട് തിരഞ്ഞെടുപ്പ് നടത്തി നിയമനം നടത്തുന്ന രീതിയാണ് ഇതിന് മുന്‍പുള്ള പല വിദഗ്ധ സമിതികളും നിര്‍ദേശിച്ചിരുന്നത്). ഇതില്‍ അദ്ധ്യക്ഷയ്ക്കും, ഉപ-അധ്യക്ഷയ്ക്കും പുറമെയുള്ള 12 അംഗങ്ങളില്‍ കേന്ദ്ര ഗവണ്‍മെന്റിന്റെയും, സര്‍വ്വകലാശാലകളുടെയും പ്രതിനിധികളും, ഒരു വ്യവസായ പ്രമുഖനുംകൂടി ഉണ്ടായിരിക്കുമെന്നതാണ് പ്രത്യേകത. എന്നാല്‍ എടുത്ത് പറയേണ്ടുന്ന മറ്റൊരു കാര്യമെന്തെന്നാല്‍ സംസ്ഥാന ഗവണ്മെന്റുകള്‍ക്ക് കമ്മീഷനില്‍ പ്രാതിനിധ്യമില്ലായെന്നതാണ്. കമ്മീഷന്റെ ഉപദേശക സമിതിയില്‍ മാത്രമാണ് സംസ്ഥാനങ്ങള്‍ക്ക് പ്രാതിനിധ്യമുള്ളത്. എന്നാല്‍ എല്ലാ സംസ്ഥാനങ്ങള്‍ക്കും ഉപദേശക സമിതിയില്‍ അംഗത്വമുണ്ടാകുമോ എന്ന കാര്യത്തില്‍ ഇപ്പോഴും വ്യക്തതയില്ല. കൂടാതെ ഈ ഉപദേശക സമിതിയുടെ നിര്‍ദേശങ്ങളൊന്നും തന്നെ കമ്മീഷന്‍ അംഗീകരിക്കണമെന്ന് യാതൊരുവിധ നിബന്ധനകളുമില്ല (Antara Sengupta, The Higher Education Commission of India Bill: A Failure of Imagination, ORF Issue Brief, August, 2018).

ഉന്നത വിദ്യാഭ്യാസ മേഖലയില്‍ നടപ്പില്‍ വരുത്തേണ്ടുന്ന പരിഷ്‌കാരങ്ങളെ സംബന്ധിച്ച്, യശ:ശരീരനായ െ്രപാഫ. യശ്പാല്‍ അധ്യക്ഷനായി രൂപീകരിച്ച വിദഗ്ധ സമിതി 2009 -ല്‍ കേന്ദ്ര ഗവണ്‍മെന്റിന് സമര്‍പ്പിച്ച പഠന റിപ്പോര്‍ട്ടിലെ നിര്‍ദ്ദേശങ്ങള്‍ ഈ അവസരത്തില്‍ ഓര്‍ക്കാവുന്നതാണ്. കസ്തൂരിരംഗന്‍ കമ്മിറ്റി പോലെതന്നെ രാജ്യത്ത് ഒരു ഉന്നത വിദ്യാഭ്യാസ കമ്മീഷന്‍ വേണമെന്നനുള്ള ആശയം യശ്പാല്‍ കമ്മിറ്റിയും ഉന്നയിച്ചിരുന്നുവെങ്കിലും, ഇന്നത്തേതില്‍നിന്ന് തികച്ചും വ്യത്യസ്തമായ രീതിയില്‍ ചെയര്‍പേഴ്‌സണും, വൈസ് -ചെയര്‍പേഴ്‌സണും ഉള്‍പ്പെടെ കമ്മീഷന്റെ മുഴുവന്‍ അംഗങ്ങളെയും പ്രധാനമന്ത്രിയും, പ്രതിപക്ഷനേതാവും, സുപ്രീം കോടതി ചീഫ് ജസ്റ്റിസും അടങ്ങുന്ന സമിതിയായിരിക്കണം നിയമിക്കേണ്ടത് എന്ന ഏറ്റവും ജനാധിപത്യപരമായ നിര്‍ദ്ദേശമാണ് യശ്പാല്‍ മുന്നോട്ടുവച്ചത്. എന്ന് മാത്രമല്ല, കമ്മീഷന്‍ തങ്ങളുടെ പ്രവര്‍ത്തനങ്ങള്‍ക്ക് പൂര്‍ണ്ണമായും ഉത്തരവാദിത്വപ്പെട്ടിരിക്കേണ്ടത് പാര്‍ലമെന്റിനോടായിരിക്കണമെന്നും, കമ്മീഷന് ഭരണഘടനാപദവി നല്‍കണമെന്നും യശ്പാല്‍ കമ്മിറ്റി നിര്‍ദ്ദേശിക്കുകയുണ്ടായി.

ഇന്ത്യയില്‍ വിദ്യാഭ്യാസം എന്നത് കണ്‍കറണ്ട് ലിസ്റ്റില്‍ വരുന്ന വിഷയമായിട്ടുകൂടി സംസ്ഥാന ഗവണ്മെന്റുകളുടെ താല്പര്യങ്ങളെ പൂര്‍ണ്ണമായും അവഗണിക്കുന്ന തരത്തിലുള്ള കേന്ദ്ര സര്‍ക്കാര്‍ -കസ്തൂരിരംഗന്‍ കമ്മിറ്റി സമീപനം ഇന്ത്യയുടെ ഫെഡറല്‍ സംവിധാനത്തിനുതന്നെ വലിയ ഭീഷണിയാണുയര്‍ത്തുന്നത്. ഇന്ത്യയില്‍ സംഘപരിവാറിനെ സംബന്ധിച്ച് രാഷ്ട്രീയ അധികാരമെന്നത് തങ്ങളുടെ വര്‍ഗ്ഗീയ അജണ്ട മുന്നോട്ട് കൊണ്ടുപോകുന്നതിനുള്ള ഉപകരണമാണ് എന്നത് ഏവര്‍ക്കും അറിവുള്ള കാര്യമാണ്. രാജ്യത്തെ ഭരണഘടനാ സ്ഥാപനങ്ങളായ തിരഞ്ഞെടുപ്പ് കമ്മീഷനുകള്‍ മുതല്‍ സംസ്ഥാന ഗവര്‍ണര്‍ പദവികള്‍വരെ അതാത് സമയങ്ങളില്‍ എടുത്തുപയോഗിക്കാന്‍ തങ്ങള്‍ മടിക്കില്ല എന്നതിന് സമീപകാല ഉദാഹരണങ്ങള്‍ തന്നെ നിരവധിയാണ്. ഈ നിലയ്ക്ക് വിദ്യാഭ്യാസ മേഖലയില്‍ തങ്ങള്‍ക്ക് ലഭിക്കുന്ന കേന്ദ്രീകരണ അധികാരങ്ങള്‍ മറ്റൊരുതരത്തില്‍ ഇവര്‍ വിനിയോഗിക്കുമെന്ന് കരുതാന്‍ നിര്‍വ്വാഹമില്ല.

വിദ്യാഭ്യാസത്തെ രാഷ്ട്രനിര്‍മ്മാണ പ്രക്രിയയുടെ അടിസ്ഥാനശിലയായി കണക്കാക്കുന്ന സംഘപരിവാര്‍ ആത്മീയാചാര്യന്‍ എം.എസ്സ്. ഗോള്‍വാക്കറെ സംബന്ധിച്ച് ഇന്ത്യയുടെ ചരിത്ര പാരമ്പര്യങ്ങളില്‍ അടിസ്ഥാനപ്പെടുത്താത്ത വിദ്യാഭ്യാസം വിദ്യാഭ്യാസമേ അല്ല. ഇന്ത്യയുടെ ഹിന്ദു മത പാരമ്പര്യങ്ങളില്‍ അധിഷ്ഠിതമായ ചരിത്രാവബോധം കുട്ടികളില്‍ വളര്‍ത്തിയെടുക്കുക വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ ഉത്തരവാദിത്വമാണ്. ഗോള്‍വാക്കര്‍ വിദ്യാഭ്യാസത്തെക്കുറിച്ച് തന്റെ വിഖ്യാതകൃതിയായ ‘വിചാര ധാര’യില്‍ പറഞ്ഞിരിക്കുന്നത് ഇപ്രകാരമാണ്: ‘നമ്മുടെ കുട്ടികള്‍ മഹത്തായ പാരമ്പര്യമുള്ള ഋഷിമാരുടെയും, യോഗികളുടെയും പിന്മുറക്കാരാണെന്നതില്‍ അഭിമാനിക്കണം. അവരുടെ പാരമ്പര്യങ്ങള്‍ക്ക് യോജിച്ചവരായി നമ്മുടെ കുട്ടികള്‍ മാറണമെങ്കില്‍ നമ്മള്‍ ഹിന്ദുക്കളായി ജീവിക്കുകയും, ഹിന്ദുക്കളായി അറിയപ്പെടുകയും, ലോകം മുഴുവന്‍ നമ്മെ ഹിന്ദുക്കളായിത്തന്നെ തിരിച്ചറിയേണ്ടതുമുണ്ട്.’ നിര്‍ഭാഗ്യവശാല്‍ വിദേശീയരുടെ പ്രചാരണ തന്ത്രങ്ങളില്‍ വീണ് ചരിത്രബോധം നഷ്ടപ്പെട്ടവരായി നാം മാറിയിരിക്കുന്നു. ഈ അവസ്ഥയ്ക്ക് മാറ്റം വരാതെ ഒരു ശക്തമായ രാഷ്ട്രമായി മാറാന്‍ ഇന്ത്യയ്ക്ക് സാധിക്കില്ല. നിലവില്‍ വിദ്യാര്‍ത്ഥികള്‍ അനുഭവിക്കുന്ന അരക്ഷിതാവസ്ഥയ്ക്കും, അച്ചടക്ക രാഹിത്യത്തിനും കാരണം അവരുടെ ചരിത്രബോധമില്ലായ്മയാണ്. ഇന്ത്യയുടെ ഉദാത്തമായ ചരിത്ര പാരമ്പര്യങ്ങളില്‍ അടിയുറപ്പിച്ചുള്ള വിദ്യാഭ്യാസത്തിലൂടെ മാത്രമേ ഇന്ത്യയ്ക്ക് ശോഭനമായ ഭാവി സ്വപ്നം കാണാന്‍ സാധിക്കുകയുള്ളൂ (ഗോള്‍വാക്കര്‍, വിചാരധാര). ”ഹിന്ദു ചരിത്രമല്ലാത്തതൊന്നും ചരിത്രമല്ല” എന്ന സംഘപരിവാര്‍ കഴിപ്പാടിന്റെ ഉറവിടം ഗോള്‍വാക്കറുടെ ‘വിചാര ധാര’യില്‍ കണ്ടെത്താവുന്നതാണ്. ഗോള്‍വാക്കറുടെ ‘വിചാരധാരയെ’ പിന്തുടരുന്ന സംഘപരിവാറിനെ സംബന്ധിച്ച് വിദ്യാഭ്യാസത്തിന്റെ ലക്ഷ്യം മറിച്ചാവാന്‍ തരമില്ല.

2) വിദ്യാഭ്യാസത്തിന്റെ ശ്രേണീവല്‍ക്കരണം:

ഇന്ത്യയില്‍ നിലവിലുള്ള മുഴുവന്‍ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളെയും കാലക്രമേണ ”ഗവേഷണ സര്‍വ്വകലാശാലകള്‍”, അദ്ധ്യാപനത്തിന് പ്രാമുഖ്യം നല്‍കുന്ന സര്‍വ്വകലാശാലകള്‍, അദ്ധ്യാപനത്തില്‍ ശ്രദ്ധ കേന്ദ്രീകരിച്ചുകൊണ്ട് സ്വതന്ത്രമായി പ്രവര്‍ത്തിക്കുന്ന ബിരുദ കോളേജുകള്‍ (Autonomous colleges) എന്നിങ്ങനെ മൂന്നായി തരം തിരിക്കണമെന്നുള്ളതാണ് കസ്തൂരിരംഗന്‍ മുന്നോട്ടുവയ്ക്കുന്ന മറ്റൊരു പ്രധാന നിര്‍ദ്ദേശം (p.32). എന്നാല്‍ ഉന്നത വിദ്യാഭ്യാസ രംഗത്ത് ഗവേഷണം പ്രോത്സാഹിപ്പിക്കുന്നതിന് ഇത്തരമൊരു തരംതിരിവ് ആവശ്യമാണെന്ന വിദഗ്ധ സമിതി വാദത്തിന് ഉപോല്‍ബലകമായ യാതൊരുവിധ തെളിവുകളും രാജ്യത്ത് നിലവിലില്ല. എന്ന് മാത്രമല്ല മികച്ച രീതിയില്‍ സര്‍ക്കാര്‍ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന ഗവേഷണ സ്ഥാപനങ്ങളെ തകര്‍ക്കാനും, അവയുടെ സ്ഥാനത്ത് സ്വകാര്യ മേഖലയ്ക്ക് കടന്നുകയറാനുമുള്ള അവസരം സര്‍ക്കാരുകള്‍തന്നെ ഒരുക്കിക്കൊടുക്കുന്നുമുണ്ട്. ഇന്ത്യയിലെ സര്‍വ്വകലാശാല റാങ്കിങ്ങില്‍ എല്ലായിപ്പോഴും മുന്‍പന്തിയില്‍ നില്‍ക്കുന്ന ജെ.എന്‍.യു., ഹൈദരാബാദ് സെന്‍ട്രല്‍ യൂണിവേഴ്‌സിറ്റി തുടങ്ങിയ കലാലയങ്ങളോടുള്ള സര്‍ക്കാര്‍ സമീപനം ഇതിനുദാഹരണമാണ്. കൂടാതെ, ‘അധ്യാപനത്തിന് പ്രാധാന്യം നല്‍കുന്നതാവണം ഡിഗ്രീ -കോളേജുകള്‍’ എന്ന് വിദഗ്ദ്ധ സമിതി പറയുമ്പോള്‍, ഗവേഷണത്തിന് പ്രാധാന്യം കല്പിക്കേണ്ടതില്ല എന്ന ദുസ്സൂചന അത്തരമൊരു നിര്‍ദ്ദേശത്തില്‍ അന്തര്‍ലീനമാണ്. ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ വിദ്യാര്‍ത്ഥികളേയും, അദ്ധ്യാപകരേയും ഉള്‍ക്കൊള്ളുന്ന ഡിഗ്രി കോളേജുകളെ സര്‍ട്ടിഫിക്കറ്റ് കോഴ്സുകള്‍ക്കുള്ള മൂന്നാംകിട സ്ഥാപനങ്ങളായി തരംതാഴ്ത്തുകകൂടിയാണ് ഇതിലൂടെ കസ്തൂരിരംഗന്‍ ചെയ്തിരിക്കുന്നത്.

ഇവിടെയും യശ്പാല്‍ കമ്മിറ്റി നിര്‍ദ്ദേശങ്ങള്‍ പ്രസക്തമാണ്. കാരണം രാജ്യത്തെ ഉന്നത വിദ്യാഭ്യാസ സ്ഥാപങ്ങളെ പല കള്ളികളിലാക്കി വേര്‍തിരിച്ചുനിര്‍ത്തുന്നതിന് പകരം, ഇവ തമ്മിലുള്ള പരസ്പര സഹകരണവും, ഏകോപനവുമാണ് (ഡോ. കസ്തൂരിരംഗനില്‍ നിന്ന് വ്യത്യസ്തളമായി) പ്രൊഫ.യശ്പാല്‍ മുന്നോട്ടുവച്ചത്. മാത്രമല്ല നിലവില്‍ ഗവേഷണമെന്നത് സമൂഹത്തില്‍ വരേണ്യ വര്‍ഗ്ഗത്തിന് മാത്രം അവകാശപ്പെട്ടതാണെന്ന കാഴ്ചപ്പാട് ശക്തമാണെന്നും, ഈ മനോഭാവമാണ് ”തരംതിരിച്ചുള്ള” നയരൂപീകരണത്തിന് വഴിവയ്ക്കുന്നതെന്നും യശ്പാല്‍ കമ്മിറ്റി നിരീക്ഷിച്ചു. ഗവേഷണവും, വിദ്യാഭ്യാസവും രണ്ടാണെന്ന കാഴ്ചപ്പാട് ഉപേക്ഷിക്കുന്നതിലൂടെ മാത്രമേ ഈ അവസ്ഥയ്ക്ക് മാറ്റം വരികയുള്ളൂ എന്നാണ് യശ്പാല്‍ കമ്മിറ്റി അഭിപ്രായപ്പെട്ടത് (യശ്പാല്‍ കമ്മിറ്റി റിപ്പോര്‍ട്ട് -p. 14). യാഥാര്‍ഥ്യം ഇതായിരിക്കേ മൂന്ന് തരം ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ എന്ന കസ്തൂരിരംഗന്‍ നിര്‍ദ്ദേശം, ഇത്തരം സ്ഥാപനങ്ങള്‍ തമ്മില്‍ നിലവിലുള്ള അന്തരം സ്ഥാപനവല്‍ക്കരിക്കാനേ ഉപകരിക്കൂ.

ഇന്ത്യയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങളെ വര്‍ഗ്ഗീകരിക്കുന്ന രീതിപോലെ കലാലയ പ്രവേശനത്തിനുള്ള ഏക ചാലക പരീക്ഷാ സമ്പ്രദായമെന്നതും വിദ്യാഭ്യാസ നയത്തിലെ മറ്റൊരു പ്രധാന നിര്‍ദ്ദേശമാണ്. സാമൂഹ്യ/പ്രാദേശിക വ്യത്യാസങ്ങളുടെ അടിസ്ഥാനത്തില്‍ പലതരം അസമത്വങ്ങളുള്ള, വിദ്യാഭ്യാസമെന്നത് നഗര/ഉപരിവര്‍ഗ്ഗ കേന്ദ്രിതമായി നിലനില്‍ക്കുന്ന ഇന്ത്യപോലൊരു രാജ്യത്ത്, പിന്നോക്ക പ്രദേശ/വിഭാഗങ്ങളില്‍ നിന്നുവരുന്ന വിദ്യാര്‍ത്ഥികളെ സംബന്ധിച്ചും മികച്ച വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ ഉപരിപഠനമെന്ന തങ്ങളുടെ മോഹം ഏറെ ദുഷ്‌കരമാക്കുന്നതാവും ഏക ചാലക പ്രവേശന പരീക്ഷാ സമ്പ്രദായം. ദുര്‍ബല വിഭാഗങ്ങളുടെ സാമൂഹ്യ മുന്നേറ്റത്തിനുള്ള ഏക ചവിട്ടുപടിയാണ് വിദ്യാഭ്യാസം എന്നത് കൊണ്ട് തന്നെ, അവരുടെ വിദ്യാഭ്യാസത്തിനുള്ള അവസരനിഷേധം രാജ്യത്ത് നിലവിലുള്ള സാമൂഹ്യ അന്തരം വരും നാളുകളില്‍ വര്‍ദ്ധിപ്പിക്കുമെന്ന കാര്യത്തില്‍ സംശയമില്ല.

3) ബഹു-വൈജ്ഞാനിക പഠന രീതിയും ക്ലസ്റ്റര്‍ സംവിധാനവും:

ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ പഠന സമ്പ്രദായങ്ങളുമായി ബന്ധപ്പെട്ട് സമിതി മുന്നോട്ടുവയ്ക്കുന്ന സുപ്രധാന നിര്‍ദ്ദേശങ്ങളിലൊന്ന്, വിദ്യാഭ്യാസം ഏക-വൈജ്ഞാനിക (Single Disciplinary) പഠന രീതിയില്‍നിന്നും ബഹു-വൈജ്ഞാനിക (Multi-Disciplinary) പഠന രീതിയിലേക്ക് മാറുക എന്നതാണ് – അത് നിലവിലുള്ള സ്ഥാപനങ്ങള്‍ വഴിയോ, സ്ഥാപനങ്ങളുടെ കൂട്ടായ പ്രവര്‍ത്തനങ്ങളിലൂടെയോ (Cluster) ആവാമെന്നും സമിതി നിര്‍ദ്ദേശിക്കുന്നു. ഒരേ സമയം ഒന്നിലധികം വിഷയങ്ങള്‍ പഠിക്കാനുള്ള അവസരം വിദ്യാര്‍ത്ഥികള്‍ക്ക് നല്‍കുക എന്നതാണ് ബിരുദ തലത്തില്‍ത്തന്നെ ഏക-വൈജ്ഞാനിക പഠന സമ്പ്രദായത്തിനു പകരം ബഹു-വൈജ്ഞാനിക പഠനരീതി ആരംഭിക്കാന്‍ കസ്തൂരിരംഗനെ പ്രേരിപ്പിക്കുന്നത്. ഇതിനായി അദ്ദേഹം കൂട്ടുപിടിക്കുന്നത് പ്രാചീന ഇന്ത്യയില്‍ വിദ്യാഭ്യാസത്തെക്കുറിച്ച് നിലനിന്നിരുന്ന വളരെ അയഞ്ഞ കാഴ്ചപ്പാടുകളെയാണ് (പ്രാചീനകാല ഇന്ത്യയില്‍ 64 കലകള്‍ ഒരേസമയം പഠിക്കാനുള്ള അവസരം കലാലയങ്ങളില്‍ ഉണ്ടായിരുന്നുവെന്നാണ് സമിതി കണ്ടെത്തുന്നത്). ഇത്തരത്തില്‍ ഒരേ സമയം ധാരാളം വിഷയങ്ങള്‍ പഠിക്കാനുള്ള അവസരം വിദ്യാര്‍ത്ഥികള്‍ക്ക് ഉണ്ടാക്കിക്കൊടുക്കുയാണ് 21 -ാം നൂറ്റാണ്ടിലും കലാലയങ്ങള്‍ ചെയ്യേണ്ടതെന്നാണ് അദ്ദേഹം അഭിപ്രായപ്പെടുന്നത് (p. 33).

എന്നാല്‍, പരമ്പരാഗത കോഴ്സുകള്‍ കലാലയങ്ങളില്‍ നിന്നും ഒഴിവാക്കുകയും അവയുടെ സ്ഥാനത്ത് സാങ്കേതിക -തൊഴിലധിഷ്ഠിത കോഴ്സുകള്‍ ആരംഭിക്കുന്നതിനുമുള്ള കുറുക്കുവഴിയെന്ന നിലയില്‍ കണ്ടുപിടിച്ച ആശയമാണ് മള്‍ട്ടി-ഡിസിപ്ലിനറി കോഴ്സുകള്‍ എന്ന്, ‘ഇന്ത്യയിലെ വിദ്യാഭ്യാസം സിദ്ധാന്തങ്ങള്‍ക്ക് മാത്രമാണ് പ്രാധാന്യം കൊടുക്കുന്നതെന്നും മറിച്ച് നമുക്കാവശ്യം ‘പ്രായോഗിക പരിജ്ഞാന’മാണെന്നും’ കസ്തൂരിരംഗന്‍ നടത്തുന്ന അഭിപ്രായ പ്രകടനത്തിലൂടെ വ്യക്തമാണ്. കമ്പോള താല്പര്യങ്ങളെ തങ്ങളാലാവുംവിധം പ്രോത്സാഹിപ്പിക്കുന്ന കേന്ദ്ര സര്‍ക്കാരിനെ സംബന്ധിച്ച് കുറഞ്ഞ വേതനത്തിന് കൂടുതല്‍ തൊഴില്‍സേനയെ സൃഷ്ടിക്കുന്ന സാങ്കേതിക പരിജ്ഞാനം മാത്രമാണ് ഉന്നത വിദ്യാഭ്യാസമെന്ന ആശയം സ്വീകാര്യമാണുതാനും. വിദ്യാര്‍ത്ഥികള്‍ക്ക് സ്വന്തം താല്പര്യങ്ങളനുസരിച്ച് കോഴ്സുകള്‍ തിരഞ്ഞെടുക്കുവാനുള്ള അവസരം മള്‍ട്ടി-ഡിസിപ്ലിനറി കോഴ്സുകള്‍ക്കുണ്ട് എന്ന വാദത്തിന്റെ അടിസ്ഥാനം തന്നെ കമ്പോളാധിഷ്ഠിത സമൂഹത്തില്‍ വിദ്യാര്‍ത്ഥികള്‍ കമ്പോള സാധ്യതകളെ മുന്‍നിര്‍ത്തി മാത്രമേ തങ്ങളുടെ പഠന മേഖലകള്‍ തിരഞ്ഞെടുക്കൂ എന്ന ലളിത യുക്തിയാണ്.
വിദ്യാഭ്യാസ മേഖലയുള്‍പ്പെടെയുള്ള സാമൂഹ്യക്ഷേമ പ്രവര്‍ത്തനങ്ങളില്‍നിന്നും രാഷ്ട്രം പിന്മാറുന്ന സാഹചര്യത്തില്‍, അതാത് വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ പശ്ചാത്തല സൗകര്യം വികസിപ്പിക്കുന്നതിന് സര്‍ക്കാര്‍ സഹായം നല്‍കുന്നത് ഒഴിവാക്കാന്‍ കണ്ടുപിടിച്ച മറ്റൊരു മാര്‍ഗ്ഗമാണ് കസ്തൂരിരംഗന്‍ മുന്നോട്ടുവയ്ക്കുന്നതും, കേരളമുള്‍പ്പെടെയുള്ള സംസ്ഥാനങ്ങളില്‍ പല സര്‍വ്വകലാശാലകളും ഇതിനോടകംതന്നെ തുടങ്ങിവച്ചിട്ടുള്ളതുമായ ക്ലസ്റ്റര്‍ സംവിധാനം. പുതിയ വിദ്യാഭ്യാസ നയമനുസരിച്ച്, പൊതുമേഖലയോടൊപ്പം സ്വകാര്യമേഖലയ്ക്ക് വിദ്യാഭ്യാസത്തില്‍ ലഭിക്കുന്ന ”തുല്യ പങ്കാളിത്തവും”, സ്വകാര്യ -പൊതു മേഖലകളുടെ ഒരുമിച്ചുള്ള പ്രവര്‍ത്തനങ്ങളും കൂടിയാകുമ്പോള്‍ പൊതുമേഖലയുടെ ചിലവില്‍ സ്വകാര്യമേഖലയുടെ വളര്‍ച്ചയ്ക്ക് ആക്കംകൂട്ടാനേ ഇത്തരം സമ്പ്രദായങ്ങള്‍ ഉപകരിക്കൂ.

4) ബഹുനില ആഗമന -നിര്‍ഗ്ഗമനങ്ങള്‍ (Multiple Entry and Exit Points):

ഒരു വിദ്യാര്‍ത്ഥി ഒരു കോഴ്‌സിന് ചേര്‍ന്നുകഴിഞ്ഞാല്‍ തന്റെ പഠന കാലയളവിനുള്ളില്‍ എപ്പോള്‍വേണമെങ്കിലും പഠനം നിര്‍ത്തി പുറത്തുപോകാനും, പിന്നീട് തിരികെ വന്ന് കോഴ്‌സ് പുനഃരാരംഭിക്കാനുമുള്ള സൗകര്യമാണ് മള്‍ട്ടിപ്പിള്‍ എന്‍ട്രി-എക്‌സിറ്റ് പോയിന്റ് എന്നതുകൊണ്ട് കസ്തൂരിരംഗന്‍ ഉദ്ദേശിക്കുന്നത് (p.35). പുതിയ വിദ്യാഭ്യാസ നയത്തിലെ ഏറ്റവും മഹത്തരമെന്ന് മാധ്യമങ്ങളും, അക്കാദമിക പണ്ഡിതരും വാഴ്ത്തുന്ന, എന്നാല്‍ ഏറ്റവും പ്രതിലോമകരമായ നിര്‍ദ്ദേശങ്ങളിലൊന്നാണിത്. കാരണം ഇതുവരെയുള്ള വിദ്യാഭ്യാസ രീതിയനുസരിച്ച് പാതിവഴിയില്‍ പഠനം ഉപേക്ഷിച്ച് പോകുന്നതിനെ വിദ്യാര്‍ത്ഥികളുടെ കൊഴിഞ്ഞുപോക്കായാണ് (Drop Out) കണക്കാക്കിയിരുന്നതെങ്കില്‍, ഇനി മുതല്‍ ഓരോ വര്‍ഷവും പഠനം നിര്‍ത്തി സര്‍ട്ടിഫിക്കറ്റും വാങ്ങി പ്പോകുന്ന വിദ്യാര്‍ത്ഥികളെ കൊഴിഞ്ഞുപോക്കിന്റെ ഗണത്തില്‍പ്പെടുത്തുമോ എന്ന് വിദ്യാഭ്യാസ നയം വ്യക്തമാക്കുന്നില്ല. തന്നെയുമല്ല വിദ്യാര്‍ത്ഥികളുടെ കൊഴിഞ്ഞുപോക്ക് തടയുന്നതിനാവശ്യമായ നടപടികള്‍ സ്വീകരിക്കുന്നതിന് പകരം അതുവരെ പഠിച്ചതിനുള്ള സര്‍ട്ടിഫിക്കറ്റുകള്‍കൂടി നല്‍കാനാണ് സമിതി നിര്‍ദ്ദേശങ്ങള്‍ അംഗീകരിച്ചതിലൂടെ സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്. ഇതിലൂടെ ഏതൊരു വിദ്യാര്‍ത്ഥിയുടെയും പഠനം വിജയകരമായി പൂര്‍ത്തിയാക്കുന്നതില്‍ തങ്ങള്‍ക്കുള്ള ഉത്തരവാദിത്വത്തില്‍ നിന്നും ഭരണകൂടത്തിന് പൂര്‍ണ്ണമായും ഒഴിയുവാനും, പഠനം പൂര്‍ത്തിയാക്കുക എന്നത് വിദ്യാര്‍ത്ഥിയുടെ മാത്രം ഉത്തരവാദിത്വമായി മാറാനും പരിഷ്‌കരണം കാരണമാകും.

ഇന്ത്യയില്‍ ഉന്നത വിദ്യാഭ്യാസ രംഗത്തേക്ക് കടന്നുവരാന്‍ ഭൂരിപക്ഷം വരുന്ന വിദ്യാര്‍ത്ഥികള്‍ക്ക് സാധിക്കാത്ത അതേ കാരണങ്ങള്‍ തന്നെയാണ് കലാലയങ്ങളില്‍ നിന്നും വലിയൊരു പരിധിവരെ കുട്ടികളുടെ കൊഴിഞ്ഞുപോക്കിനും ഉള്ളതെന്ന് മനസ്സിലാക്കാന്‍ റോക്കറ്റ് സയന്‍സ് പഠിക്കേണ്ട ആവശ്യമില്ല. അതുകൊണ്ട് തന്നെ പഠനം പാതിവഴിയില്‍ ഉപേക്ഷിച്ച് സര്‍ട്ടിഫിക്കറ്റും വാങ്ങിപ്പോകുന്നവര്‍ പിന്നീട് തിരികെവന്ന് തങ്ങളുടെ പഠനം പൂര്‍ത്തിയാക്കുമെന്ന് വിശ്വസിക്കുന്നവര്‍ മൂഢസ്വര്‍ഗ്ഗത്തിലാണെന്ന് പറയാതെ വയ്യ.

5) വിദ്യാഭ്യാസത്തിന്റെ കച്ചവടവല്‍ക്കരണവും പാര്‍ശ്വവല്‍കൃത ജന സമൂഹങ്ങളും:

രാജ്യത്തെ ഉന്നത വിദ്യാഭ്യാസ മേഖലയില്‍ സര്‍ക്കാര്‍ സേവനങ്ങള്‍ ഗണ്യമായികുറയ്ക്കണമെന്നും, സ്വദേശത്തും വിദേശത്തുമായുള്ള കോര്‍പ്പറേറ്റുകള്‍ക്കായി വിദ്യാഭ്യാസ മേഖലയെ തുറന്നുകൊടുക്കണമെന്നുമുള്ള ആവശ്യം കോര്‍പ്പറേറ്റ് വക്താക്കള്‍ ദീര്‍ഘകാലമായി ഉന്നയിച്ചുകൊണ്ടിരിക്കുന്നതാണ്. ഇന്ത്യയില്‍ ആഗോളവല്‍ക്കരണ നയങ്ങള്‍ നടപ്പാക്കിയ 1990 -കള്‍ മുതല്‍തന്നെ ഈ രീതിയിലുള്ള നയപരിപാടികള്‍ കേന്ദ്ര -സംസ്ഥാന സര്‍ക്കാരുകള്‍ വിദ്യാഭ്യാസ മേഖലയില്‍ ആവിഷ്‌കരിച്ച് നടപ്പാക്കിയിട്ടുണ്ട്. ഇന്ത്യയിലെ പ്രമുഖ കോര്‍പറേറ്റ് സംരംഭകരായ മുകേഷ് അംബാനി കണ്‍വീനറും, കുമാരമംഗലം ബിര്‍ള അംഗവുമായി കേന്ദ്ര ഗവണ്മെന്റ് രൂപീകരിച്ച ‘വിദഗ്ദ്ധ സമിതി’ രണ്ടായിരാമാണ്ടില്‍ പ്രധാന മന്ത്രിക്ക് സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ (A Policy Framework for Reforms in Education- April 2000) ഉന്നയിച്ച മൂന്ന് പ്രധാന ആവശ്യങ്ങള്‍ ഇന്ത്യയുടെ ഗ്രാമവികസനം, ആരോഗ്യപരിപാലനം, വിദ്യാഭ്യാസം എന്നീ മേഖലകളില്‍ സ്വകാര്യ നിക്ഷേപം അനുവദിക്കണമെന്നതായിരുന്നു. ഇത്തരം നിര്‍ദ്ദേശങ്ങള്‍ക്ക് അനുയോജ്യമാം വിധം, രാജ്യത്തെ വിദ്യാഭ്യാസ മേഖലയില്‍ പൊതുവിലും ഉന്നത വിദ്യാഭ്യാസ മേഖലയില്‍ പ്രത്യേകിച്ചും കോര്‍പറേറ്റ് വല്‍ക്കരണത്തെ പ്രോത്സാഹിപ്പിക്കുന്ന ഒട്ടനവധി നിര്‍ദ്ദേശങ്ങള്‍ പുതിയ വിദ്യാഭ്യാസ നയത്തിലും കാണാവുന്നതാണ്.

വിദ്യാഭ്യാസ മേഖലയുടെ വളര്‍ച്ചയ്ക്കായി സര്‍ക്കാരുകള്‍ പരിശ്രമിക്കുമ്പോള്‍ സ്വകാര്യ മേഖലയെ മാറ്റിനിര്‍ത്തേണ്ടതില്ല എന്നും, പൊതു വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നല്‍കുന്ന എല്ലാ പരിഗണനകളും സ്വകാര്യമേഖലയില്‍ പ്രവര്‍ത്തിക്കുന്ന വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും നല്‍കേണ്ടതുണ്ട് എന്ന് ബിര്‍ളയെയും, അംബാനിയെയും പോലെതന്നെ കസ്തൂരിരംഗനും ആവശ്യപ്പെടുന്നുണ്ട് (Treatment of private HEIs on par with government institutions) (p. 33). കൂടാതെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ധനസഹായം നല്‍കുമ്പോള്‍ അത്തരം പ്രവര്‍ത്തനങ്ങളില്‍ സ്വാകാര്യ മേഖലയുടെ പങ്കാളിത്തം കൂടി ഉറപ്പുവരുത്തുന്ന വിധമായിരിക്കണം സര്‍ക്കാര്‍ പ്രവര്‍ത്തിക്കേണ്ടത് എന്നുകൂടി സമിതി നിര്‍ദ്ദേശിക്കുന്നു (PPP മോഡല്‍) (p.48-49). ഫണ്ടിങ്ങിലും, ഭരണപരമായ കാര്യങ്ങളിലും സ്വകാര്യ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ലഭിക്കുന്ന പൂര്‍ണ്ണ സ്വാതന്ത്ര്യവും, സ്വകാര്യ സ്ഥാപനങ്ങളുടെ എല്ലാത്തരം പ്രവര്‍ത്തനങ്ങളില്‍നിന്നും (ഓട്ടോണമിയുടെപേരില്‍) സര്‍ക്കാര്‍ മാറി നില്‍ക്കുന്നതും, മികച്ച വിദ്യാഭ്യാസം നല്‍കുന്നുവെന്ന വാദത്തിന്റെ പിന്‍ബലത്തില്‍ വിദ്യാര്‍ഥികളില്‍നിന്ന് അമിതമായ ഫീസ് ഈടാക്കാനുള്ള അവസരം മാനേജുമെന്റുകള്‍ക്ക് ഉണ്ടാക്കിക്കൊടുക്കുകയാണ് ചെയ്യുന്നത്.

അടുത്ത ഇരുപത് വര്‍ഷങ്ങള്‍കൊണ്ട് ഉന്നത വിദ്യാഭ്യാസ മേഖലയില്‍ രാജ്യം കൈവരിക്കേണ്ടുന്ന ലക്ഷ്യങ്ങള്‍ എന്ന് സമിതി മുന്നോട്ട് വയ്ക്കുന്ന നിര്‍ദ്ദേശങ്ങളും, വിദ്യാഭ്യാസ മേഖലയുടെ സ്വകാര്യവല്‍ക്കരണവും തമ്മില്‍ അഭേദ്യമായ ബന്ധമുണ്ട്. ഉദാഹരണമായി 2040 -ആകുമ്പോഴേയ്ക്ക് എല്ലാ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളിലേയും വിദ്യാര്‍ത്ഥിപ്രവേശനം ആയിരങ്ങളായി മാറണമെന്നും, കൂടുതല്‍ ”സ്ഥല സൗകര്യങ്ങളുള്ള” വിദ്യാഭ്യാസ സ്ഥാപങ്ങള്‍ക്ക് നയത്തിന്റെ ലക്ഷ്യങ്ങള്‍ നേടിയെടുക്കുന്നതിനാവശ്യമായ പ്രോത്സാഹനങ്ങള്‍ നല്‍കേണ്ടത് സര്‍ക്കാരുകളുടെ ഉത്തരവാദിത്വമാണ് എന്നും സമിതി റിപ്പോര്‍ട്ടില്‍ പറയുന്നു (p.32). കൂടുതല്‍ വിദ്യാര്‍ത്ഥി പ്രവേശനം സാധ്യമല്ലാത്ത, പശ്ചാത്തല സൗകര്യങ്ങള്‍ കുറഞ്ഞ വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ നിലനില്‍പ്പ് തന്നെ അവതാളത്തിലാക്കുന്നതാണ് ഇത്തരമൊരു നിര്‍ദേശം. ക്ഷേമ പ്രവര്‍ത്തനങ്ങളില്‍ നിന്നും ഒരേ സമയം രാഷ്ട്രം പിന്മാറുകയും, സ്വകാര്യ മേഖലയ്ക്ക് വിദ്യാഭ്യാസമുള്‍പ്പെടെയുള്ള സമസ്തമേഖലകളിലും സര്‍വ്വ സ്വാതന്ത്ര്യങ്ങളും നല്‍കുകയും ചെയ്യുമ്പോള്‍, ഇത്തരമൊരു നിര്‍ദ്ദേശത്തിന്റെ സ്വാഭാവിക ഇരകളെന്നത് രാജ്യത്തെ പൊതുമേഖലാ വിദ്യാഭ്യാസ സ്ഥാപനങ്ങളാകുമെന്ന കാര്യത്തില്‍ സംശയമില്ല (പൊതുമേഖലാ സ്ഥാപനങ്ങളെ തോന്നിയപോലെ സ്വകാര്യമേഖലയ്ക്ക് തീറെഴുതിക്കൊടുക്കുക എന്നത് ഇന്ത്യയില്‍ ആഗോളവല്‍ക്കരണ നയങ്ങള്‍ നടപ്പാക്കിയതുമുതല്‍ കണ്ട് വരുന്ന പ്രതിഭാസമായതിനാല്‍ വിദ്യാഭ്യാസമേഖലയെ മാത്രം ഇത് ബാധിക്കില്ല എന്ന് കരുതാനാവില്ല).

അതേസമയം, രാജ്യത്തെ ഉന്നത വിദ്യാഭ്യാസ മേഖലയുടെ നിയന്ത്രണം സമൂഹത്തിലെ വരേണ്യ വര്‍ഗ്ഗത്തിന്റെ കൈവശമാണ് ഉള്ളതെന്നും, ആയതിനാല്‍ സമൂഹത്തിലെ പാര്‍ശ്വവല്‍കൃത ജനവിഭാഗങ്ങള്‍ക്ക് പ്രത്യേക പരിഗണന നല്‍കേണ്ടതുണ്ടെന്ന് പറയുമ്പോഴും, സ്വകാര്യമേഖലയ്ക്ക് കൂടുതല്‍ പങ്കാളിത്തം ലഭിക്കുന്ന ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ വിദ്യാര്‍ത്ഥി പ്രവേശനത്തിന് സംവരണ മാനദണ്ഡങ്ങള്‍ പാലിക്കണമെന്ന് സമിതി നിര്‍ദ്ദേശിക്കുന്നില്ല. മാത്രമല്ല നിലവില്‍ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ പിന്നോക്ക വിഭാഗങ്ങളില്‍ നിന്നുള്ള വിദ്യാര്‍ത്ഥികള്‍ അനുഭവിക്കുന്ന വിവേചനങ്ങളും, പീഡനങ്ങളും അവസാനിപ്പിക്കാന്‍ വേണ്ട മാര്‍ഗ്ഗ നിദ്ദേശങ്ങള്‍ നല്‍കാനും കസ്തൂരിരംഗന്‍ തയ്യാറല്ല. ഇന്ത്യയിലെ അരികുവല്‍ക്കരിക്കപ്പെട്ട വിദ്യാര്‍ത്ഥികള്‍ ജാതി-മത-വംശ -ലിംഗ വ്യത്യാസങ്ങളുടെ പേരില്‍ കലാലയങ്ങളില്‍ നേരിടുന്ന അതിക്രമങ്ങളെക്കുറിച്ച് മൗനംപാലിക്കുകയാണ് കസ്തൂരിരംഗന്‍ ചെയ്തിരിക്കുന്നത്. അധഃസ്ഥിത വിഭാഗങ്ങളെക്കുറിക്കാന്‍ ഇന്ത്യന്‍ ഭരണഘടന ഉപയോഗിച്ചിട്ടുള്ള ‘പട്ടിക-ജാതി -പട്ടിക വര്‍ഗ്ഗമെന്ന’ പദങ്ങളേക്കാള്‍ കൂടുതലായി, കസ്തൂരിരംഗന്‍ രൂപകല്‍പ്പന ചെയ്ത ‘SEDG’ (Socio-Economically Disadvantaged Groups) എന്ന പദമാണ് വ്യാപകമായി ഉപയോഗിച്ചിരിക്കുന്നത്. ‘മികച്ച വിദ്യാഭ്യാസം’ ഉറപ്പാക്കുക എന്നപേരില്‍, സാമൂഹ്യ നീതിയുമായി ബന്ധപ്പെട്ട് വിദ്യാഭ്യാസ മേഖലയില്‍ നിരന്തരം ഉന്നയിക്കാറുള്ള കാതലായ പല പ്രശ്‌നങ്ങളെയും സമര്‍ത്ഥമായി മൂടിവയ്ക്കാന്‍ പുതിയ വിദ്യാഭ്യാസ നയത്തിന് സാധിച്ചിട്ടുണ്ട്. അതുകൊണ്ട് തന്നെ, ഏതൊക്കെ ലക്ഷ്യങ്ങള്‍ മുന്‍നിര്‍ത്തിയാണ് തങ്ങള്‍ നയരൂപീകരണം നടത്തിയതെന്ന് കസ്തൂരിരംഗന്‍ അവകാശപ്പെടുന്നുവോ, അതിന് നേര്‍ വിപരീത ദിശയില്‍ സര്‍ക്കാരുകള്‍ക്ക് പ്രവര്‍ത്തിക്കാനുള്ള നിര്‍ദേശങ്ങളാണ് പുത്തന്‍ വിദ്യാഭ്യാസ നയത്തില്‍ ഉള്ളടങ്ങിയിരിക്കുന്നത്.

6) അഫിലിയേഷന്‍ സമ്പ്രദായത്തിന്റെ അവസാനം; അക്കാദമിക സ്വാതന്ത്ര്യത്തിന്റെയും:

കലാലയങ്ങളുടെ അഫിലിയേഷന്‍ സമ്പ്രദായം നിര്‍ത്തലാക്കുകയും, പകരം അവയ്ക്ക് സ്വയംഭരണ അധികാരങ്ങള്‍ നല്‍കുകയും ചെയ്യുക എന്നത് ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ പഠന നിലവാരം മെച്ചപ്പെടുത്തുന്നതിന് വിദ്യാഭ്യാസ നയം മുന്നോട്ടുവയ്ക്കുന്ന രണ്ട് പ്രധാന നിര്‍ദ്ദേശങ്ങളാണ്. കലാലയങ്ങളുടെ നഷ്ട്ടപ്പെട്ട സര്‍ഗാത്മകത തിരിച്ച് പിടിക്കുന്നതിനും, മാറിയ കാലത്തിന്റെ വെല്ലുവിളികളെ ഏറ്റെടുക്കാന്‍ വിദ്യാര്‍ത്ഥികളെ പ്രാപ്തരാക്കാനും ഇത് അത്യന്താപേക്ഷിതമാണ് എന്നാണ് കസ്തൂരിരംഗന്റെ വാദം. വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ അതിന്റെ എല്ലാ തലങ്ങളിലും സ്വാശ്രയത്വം കൈവരിക്കുന്നതിലൂടെ മാത്രം സാധ്യമാകുന്ന ഒന്നാണ് സര്‍ഗ്ഗാത്മകതയെന്നും, അതിനെ പരിപോഷിപ്പിക്കുകയാണ് പുതിയ വിദ്യാഭ്യാസ നയംകൊണ്ട് ഉദ്ദേശിക്കുന്നത് എന്നും സമിതി അഭിപ്രായപ്പെടുന്നു. ശാസ്ത്രീയവും, വിമര്‍ശനാത്മകവുമായ ഉന്നതവിദ്യാഭ്യാസം സമൂഹത്തിന്റെ നാനാവിധത്തിലുള്ള പ്രശ്‌നങ്ങളെ അഭിമുഖീകരിക്കുന്നതിന് ആവശ്യമാണ് (p.45). എന്നാല്‍ ഈയൊരു ലക്ഷ്യം നേടിയെടുക്കാന്‍ കലാലയങ്ങള്‍ക്ക് വിലങ്ങുതടിയായി നില്‍ക്കുന്നത് അവയുടെ നിലവിലെ അഫിലിയേഷന്‍ സമ്പ്രദായമാണ്. ബിരുദ-കോളേജുകളുടെ പഠന നിലവാരത്തെ പിന്നോട്ടടിക്കുന്ന ഒരു പ്രധാന പ്രശ്‌നദവും ഇതുതന്നെയാണ് (p.33). അതിനാല്‍ അടുത്ത പതിനഞ്ച് വര്‍ഷങ്ങള്‍ക്കുള്ളില്‍ രാജ്യത്തെ മുഴുവന്‍ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളുടെയും അഫിലിയേഷന്‍ സമ്പ്രദായം പൂര്‍ണ്ണമായും നിര്‍ത്തലാക്കുകയും അവയെ സ്വയംഭരണ സ്ഥാപനങ്ങളാക്കി മാറ്റുകയും വേണം. ഇങ്ങനെ സ്വയംഭരണ സ്ഥാപനങ്ങളായി മാറുന്ന കലാലയങ്ങള്‍ക്ക് (സര്‍ക്കാര്‍ കലാലയങ്ങളുള്‍പ്പെടെ) അക്കാദമികവും, ഭരണപരവുമായ എല്ലാ പ്രവര്‍ത്തന സ്വാതന്ത്ര്യങ്ങളും ഉണ്ടായിരിക്കും. എന്ന് മാത്രമല്ല സ്വയംഭരണ സ്ഥാപനങ്ങളാകുവാന്‍ വേണ്ടുന്ന നാനാവിധ സഹായങ്ങളും, മാര്‍ഗ്ഗനിര്‍ദ്ദേശങ്ങളും ദേശീയതലത്തില്‍നിന്ന് ഉണ്ടാവുകയും ചെയ്യും (p.36). ഇങ്ങനെ ഇന്ത്യയിലെ മുഴുവന്‍ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളും സ്വയംഭരണ സ്ഥാപനങ്ങളായി മാറുന്നതോടെ, രാജ്യത്തെ ഉല്കൃ്ഷ്ടവും, നൂതനവുമായ ആശയങ്ങളുടെ വിളനിലങ്ങളായി ഇവ മാറുമെന്നാണ് കസ്തൂരിരംഗന്‍ അവകാശപ്പെടുന്നത് (p.49). അതേസമയം അടുത്ത പതിനഞ്ച് വര്‍ഷങ്ങള്‍ക്കുള്ളില്‍ പഠന മികവ് തെളിയിക്കാന്‍ സാധിക്കാത്ത വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ അടച്ചു പൂട്ടണമെന്ന്കൂടി കസ്തൂരിരംഗന്‍ അഭിപ്രായപ്പെടുകയുണ്ടായി.

ഇത്തരത്തില്‍ കലാലയങ്ങളുടെ പ്രവര്‍ത്തന സ്വാതന്ത്ര്യത്തെ മുന്‍നിര്‍ത്തി പലതരം ലക്ഷ്യ പ്രഖ്യാപനങ്ങള്‍ നടത്തുമ്പോഴും, രാജ്യത്തെ മുഴുവന്‍ കലാലയങ്ങളിലെയും പാഠ്യപദ്ധതിയുള്‍പ്പെടെയുള്ള കാര്യങ്ങളില്‍ ഭരണകൂടത്തിന് നേരിട്ടിടപെടാന്‍ അവസരം ഒരുക്കുന്ന പ്രവര്‍ത്തന പദ്ധതിയാണ് കസ്തൂരിരംഗന്‍ ആവിഷികരിച്ചിരിക്കുന്നത്. ഉന്നത വിദ്യാഭ്യാസ മേഖലയെ നിയന്ത്രിക്കുന്ന കാര്യത്തില്‍ കേന്ദ്ര ഏജന്‍സികള്‍ സ്വീകരിക്കുന്ന സമീപനത്തെ ‘ലളിതവും എന്നാല്‍ ശക്തവും’ (Simple but Strict) എന്നാണ് വിദ്യാഭ്യാസ നയം വിശേഷിപ്പിക്കുന്നത് . മാത്രമല്ല രാജ്യത്തെ മുഴുവന്‍ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളിലെയും ഫീസ് മാനദണ്ഡങ്ങള്‍ നിശ്ചയിക്കുവാനുള്ള അധികാരംകൂടി കേന്ദ്ര ഏജന്‍സിയായ ഉന്നത വിദ്യാഭ്യാസ കമ്മീഷനില്‍ നിക്ഷിപ്തമാണ്. വ്യവസായ പ്രമുഖര്‍ക്കുകൂടി പ്രാതിനിധ്യമുള്ള, കേന്ദ്ര സര്‍ക്കാരിന്റെ നേരിട്ടുള്ള നിയന്ത്രണത്തില്‍ പ്രവര്‍ത്തിക്കുന്ന ഉന്നത വിദ്യാഭ്യാസ കമ്മീഷന്‍, വിദ്യാഭ്യാസ രംഗത്ത് ആരുടെ താല്പര്യങ്ങള്‍ക്കാവും മുന്‍തൂക്കം നല്‍കുക എന്നതിന് രാജ്യത്തെ മികച്ച വിദ്യാഭ്യാസ സ്ഥാപനങ്ങളായിട്ടുള്ള IIT-IIM ഉള്‍പ്പെടെയുള്ള കലാലയങ്ങളില്‍ അടിക്കടി ഉണ്ടായിക്കൊണ്ടിരിക്കുന്ന ഫീസ് വര്‍ധനയിലും, അതിനെതിരെയുള്ള വിദ്യാര്‍ത്ഥി സമരങ്ങളിലും കാണാവുന്നതാണ്. വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ ഫണ്ടിങ് ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ കേന്ദ്ര സര്‍ക്കാരിന്റെ നേരിട്ടുള്ള നിയന്ത്രണത്തില്‍ വരികയും, പാഠ്യ പദ്ധതികള്‍ നിശ്ചയിക്കുന്നതുള്‍പ്പെടെയുള്ള കാര്യങ്ങളില്‍ കമ്മീഷന് ഇടപെടാനുള്ള അവസരം ഉണ്ടാക്കിക്കൊടുക്കുകയും ചെയ്യുന്നതോടെ കലാലയങ്ങളുടെ സ്വാശ്രയത്വം എന്നത് വെറും കടലാസില്‍ മാത്രമായി ഒതുങ്ങിപ്പോകുകയാണ് ചെയ്യുന്നത്.

ചുരുക്കത്തില്‍ പുത്തന്‍ വിദ്യാഭ്യാസ നയത്തിലൂടെ അഫിലിയേറ്റഡ് സമ്പ്രദായം നിര്‍ത്തലാക്കപ്പെടുകയും, സ്വാശ്രയത്വം (autonomy) എന്ന ആശയം നടപ്പില്‍ വരികയും ചെയ്യുന്നതോടെ രാജ്യത്തെ വിവിധ സര്‍വ്വകലാശാലകള്‍ക്ക് കീഴില്‍ പ്രവര്‍ത്തിക്കുന്ന ആയിരക്കണക്കിന് ബിരുദ കോളേജുകള്‍തന്നെ (ബിരുദ കോഴ്സുകള്‍ മാത്രമല്ല) അപ്രത്യക്ഷമാകാനുള്ള സാധ്യതയാണ് തെളിഞ്ഞുവരുന്നത്. മാത്രമല്ല കമ്പോള യുക്തിയെ അടിസ്ഥാനപ്പെടുത്തി, സ്വകാര്യമേഖലയോട് മത്സരിച്ചുകൊണ്ട് മാത്രമേ പൊതു വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ നിലനില്‍പ്പ് സാധ്യമാവൂ എന്ന തലത്തിലേക്കാണ് വിദ്യാഭ്യാസ മേഖലയെ പുതിയ വിദ്യാഭ്യാസ നയം കൊണ്ടെത്തിക്കുന്നത്. സ്വകാര്യ മേഖലയെ പ്രോത്സാഹിപ്പിക്കുന്ന സര്‍ക്കാര്‍ സമീപനം കൂടിയാകുമ്പോള്‍ ഈ പ്രക്രിയയുടെ ആക്കം കൂടുകയും സമീപ ഭാവിയില്‍ത്തന്നെ വിദ്യാഭ്യാസ മേഖല പൂര്‍ണ്ണമായും സ്വകാര്യമേഖല കയ്യടക്കുകയും ചെയ്യും. സ്വാതന്ത്ര്യം ലഭിച്ച് ഏഴ് പതിറ്റാണ്ടിനിപ്പുറവും വിദ്യാഭ്യാസം എന്നത് ബഹുഭൂരിപക്ഷം വരുന്ന ഇന്ത്യന്‍ ജനതയ്ക്ക് ഒരു കടുത്ത വെല്ലുവിളിയായി നിലനില്‍ക്കുമ്പോള്‍, ‘പതിനഞ്ച് വര്‍ഷത്തിനുള്ളില്‍ ഉന്നത വിദ്യാഭ്യാസ കമ്മീഷന്‍ നിശ്ചയിക്കുന്ന തരത്തിലുള്ള ‘പഠന മികവ്’ തെളിയിക്കാത്ത വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ അടച്ചു പൂട്ടണമെന്ന’ വിദഗ്ദ്ധ സമിതി ചെയര്‍മാനായ റോക്കറ്റ് സയിന്റിസ്റ്റിന്റെ നിര്‍ദ്ദേശം ഇതിന് തെളിവാണ് (മാതൃഭൂമി ദിനപ്പത്രം, 01-08-2020).

കമ്പോള -ഭരണകൂട താല്പര്യങ്ങള്ക്ക് വഴങ്ങാത്ത അദ്ധ്യാപകരെയും, വിദ്യാര്‍ത്ഥികളെയും രാജ്യദ്രോഹികളായി മുദ്രകുത്തി നിരന്തരം വേട്ടയാടുകയും, ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ തന്നെ ഭരണകൂടത്തിന്റെ നേരിട്ടുള്ള നിയന്ത്രണത്തില്‍ മാത്രം പ്രവര്‍ത്തിക്കാന്‍ നിര്‍ബന്ധിതമാവുകയും ചെയ്യുന്ന സാഹചര്യത്തില്‍ സര്‍ഗാത്മകതയും, ശാസ്ത്രീയ അവബോധവും, വിമര്‍ശനചിന്താഗതികളുടെ പ്രോത്സാഹനവുമൊക്കെ എത്രത്തോളം സാധ്യമാണെന്ന് കലാലയ സ്വശ്രയത്തെക്കുറിച്ച് വാചാലനാവുന്ന കസ്തൂരിരംഗന്‍ വ്യക്തമാക്കുന്നില്ല.

തത്വത്തില്‍ വിദ്യാഭ്യാസ സ്ഥാപങ്ങള്‍ക്ക് സ്വാശ്രയത്വം നല്‍കുന്നു എന്ന് പറയുമ്പോഴും, രാജ്യത്തെ വിദ്യാഭ്യാസ മേഖലയെ ഒന്നാകെ കേന്ദ്ര ഗവണ്മെന്റിന്റെ നേരിട്ടുള്ള നിയന്ത്രണത്തിലും, കമ്പോളയുക്തിയിലും കൊണ്ടെത്തിക്കുകയാണ് പുതിയ വിദ്യാഭ്യാസ നയം ചെയ്യുന്നത്. ആയതിനാല്‍, ‘ഒരു രാജ്യം – ഒരു നികുതി – ഒരു തിരഞ്ഞെടുപ്പ് – ഒരു ഭാഷ’ എന്നിവയില്‍ തുടങ്ങി, ഏകശിലാത്മകമായ ”ഹിന്ദുരാഷ്ട്ര”ത്തില്‍ അവസാനിക്കുന്ന സംഘപരിവാര്‍ പ്രത്യയശാസ്ത്ര പദ്ധതിയുടെ ഭാഗമായി ‘ഒരു രാജ്യം -ഒരു വിദ്യാഭ്യാസ നയം’ എന്ന ആശയത്തെ കാണാവുന്നതാണ്. ഇന്ത്യയില്‍ മതേതര-ജനാധിപത്യ- ക്ഷേമരാഷ്ട്ര സങ്കല്പങ്ങളെ ‘പൂര്‍ണ്ണമായും കയ്യൊഴിഞ്ഞുകൊണ്ട്’ കേന്ദ്ര ഗവണ്മെന്റ് നടപ്പാക്കുന്ന ആദ്യ വിദ്യാഭ്യാസ നയമാണ് കസ്തൂരിരംഗന്‍ കമ്മിറ്റിയുടെ നിര്‍ദ്ദേശങ്ങള്‍ എന്ന വിമര്‍ശനം രാജ്യത്തിന്റെ പലകോണുകളില്‍ നിന്നും ഇതിനോടകം തന്നെ ഉയര്‍ന്ന് കഴിഞ്ഞു. എന്നാല്‍ പാര്‍ലമെന്ററി ജനാധിപത്യത്തിന്റെ സാമാന്യ മര്യാദകളെ ലവലേശം കൂട്ടാക്കാത്ത സംഘപരിവാറിനാല്‍ നിയന്ത്രിക്കുന്ന കേന്ദ്ര ഗവണ്‍മെന്‍ടാകട്ടേ ഇത്തരം വിമര്‍ശനങ്ങളെ മുഖവിലയ്ക്കെടുക്കാന്‍ തയ്യാറല്ല എന്നത് പാര്‍ലമെന്റില്‍ ചര്‍ച്ചയ്ക്ക്‌പോലും മിനക്കെടാതെ നയം അംഗീകരിച്ചതില്‍നിന്നും വ്യക്തമാണ്.

നവമാര്‍ക്‌സിസ്റ്റ് ചിന്തകനായ അന്റോണിയോ ഗ്രാംഷിയെ തുറുങ്കിലടച്ചുകൊണ്ട് ഇരുപതാം നൂറ്റാണ്ടിലെ ഇറ്റാലിയന്‍ ഭരണകൂടംപറഞ്ഞത്, ‘അടുത്ത ഇരുപത് വര്‍ഷത്തേക്ക് ഈ തലച്ചോറിനെ പ്രവര്‍ത്തിക്കാന്‍ നാം അനുവദിച്ചുകൂടാ’ എന്നാണെങ്കില്‍, അതേ ഫാസിസ്റ്റ് ഇറ്റലിയില്‍ നിന്നും പ്രചോദനം ഉള്‍ക്കൊണ്ട് ലോകത്തിന്റെ മറ്റൊരുകോണില്‍ പ്രവര്‍ത്തിക്കുന്ന സംഘപരിവാര്‍ ലക്ഷ്യമിടുന്നത്, അടുത്ത ഇരുപത് വര്‍ഷങ്ങള്‍കൊണ്ട് ഇന്ത്യയിലെ യുവതലമുറയുടെ ചിന്തകളെ തങ്ങള്‍ ആഗ്രഹിക്കുന്ന രീതിയില്‍ രൂപപ്പെടുത്താനാണ്. ആഗോള മുതലാളിത്ത താല്പര്യങ്ങളുടെ ഓരം ചേര്‍ന്നുകൊണ്ട്, സംഘപരിവാര്‍ രാഷ്ട്രീയ അജണ്ട രാജ്യത്തെ വിദ്യാഭ്യാസ മേഖലയില്‍ നടപ്പാക്കുക എന്നതാണ് കേന്ദ്ര ഗവണ്മെന്റ് അംഗീകാരം നല്‍കിയ 2020-ലെ പുതിയ വിദ്യാഭ്യാസ നയത്തിന്റെ ലക്ഷ്യം.

സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പന്ത്രണ്ടാം വര്‍ഷത്തേക്ക് കടക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2024 - 25 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in


ഞങ്ങളുടെ ഫേസ്ബുക് പേജ് ലൈക് ചെയ്യൂ..


Published On

Category: analysis | Comments: 0 |

'ക്രിട്ടിക്കില്‍ പ്രസിദ്ധീകരിക്കുന്ന ലേഖനങ്ങള്‍ ലേഖകരുടെ അഭിപ്രായങ്ങളാണ്.. അവ പൂര്‍ണ്ണമായും ക്രിട്ടിക്കിന്റെ അഭിപ്രായങ്ങളാകണമെന്നില്ല - എഡിറ്റര്‍'

Be the first to write a comment.

Leave a Reply