മണ്‍സൂണില്‍ വരാനിരിക്കുന്നത്
പഴയ മഴക്കാലത്തെ കാല്പ്പനികതയില്‍ ചാലിച്ചു ഗൃഹാതുരത്വത്തോടെ കാണുന്നവരുണ്ടാകാം. എന്നാല്‍, ഭൂരിഭാഗം ആളുകള്‍ക്കും അത് പട്ടിണിയുടെയും വറുതിയുടെയും കാലമായിരുന്നു; രോഗങ്ങളുടെ കാലമായിരുന്നു. വളരെ ചെറിയ ഒരു ന്യൂനപക്ഷത്തിനുമാത്രം അതു കായകല്‍പ്പം, ചവിട്ടിത്തടവല്‍ പോലുള്ള സുഖചികിത്സയുടെയും ആരോഗ്യ സംരക്ഷണത്തിന്റെയും കാലവും ആയിരുന്നു. താളും തവരയും ചുറ്റുനിന്നും പറിച്ചെടുക്കുന്ന മറ്റു പച്ചിലകളും ചേമ്പും കാച്ചിലും ചക്കയും മാങ്ങയും എല്ലാം ചേര്‍ന്ന് ഗുരുതരമായ പോഷണ വൈകല്യം ബാധിക്കാതെ സംരക്ഷിക്കുന്ന ഒരു ഭക്ഷ്യസംസ്‌കാരം നിലവിലുള്ളതു കാരണമാണ് സാധാരണക്കാര്‍ പലരും അന്ന് രക്ഷപ്പെട്ടു പോയത്
മഴ അന്ന്
സഹ്യനും അറബിക്കടലിനുമിടയിലെ കിടപ്പ് കൊണ്ടും, ഭൂമിശാസ്ത്രപരമായ സവിശേഷതകള്‍ കൊണ്ടും, തെക്ക് പടിഞ്ഞാറന്‍, വടക്കു കിഴക്കന്‍ എന്നീ കാലവര്‍ഷക്കാറ്റുകള്‍ കൊണ്ടും കേരളത്തിന്റെ വര്‍ഷപാതം നൂറ്റാണ്ടുകളായി ഏറെക്കുറെ വലിയ ഏറ്റക്കുറച്ചിലുകളില്ലാതെ തുടര്‍ന്നു പോന്നിരുന്ന ഒന്നാണ്. മഴയുടെ സമയകൃത്യതയും അളവും തീക്ഷ്ണതയും എല്ലാം മനസ്സിലാക്കിയതിന്റെ അടിസ്ഥാനത്തിലാണ് കൃഷി നടന്നു പോന്നിരുന്നത്. മഴയെ ആശ്രയിച്ചുള്ള ‘ഒരു ചൂതാട്ടമാണ് ഇന്ത്യയില്‍ കൃഷി’ എന്നൊക്കെ പാഠപുസ്തകങ്ങള്‍ പഠിപ്പിച്ചിരുന്നെങ്കിലും കേരളത്തില്‍ കാലാവസ്ഥ വലുതായി കര്‍ഷകരെ ചതിച്ചിരുന്നില്ല എന്ന് പഴമക്കാര്‍ പറയുന്നു. അതിന് സ്ഥിരതയും പ്രവചനക്ഷമതയും ഉണ്ടായിരുന്നു എന്നു പഴയ പല ആഖ്യാനങ്ങളും സാക്ഷ്യപ്പെടുത്തുന്നുണ്ട്. ഉദാഹരണത്തിന്, കേരളത്തില്‍ എടവപ്പാതി തുടങ്ങുന്നതിന്ന് നിലനിന്നുപോന്ന കൃത്യതയെക്കുറിച്ചു സാധാരണ മനുഷ്യര്‍ക്ക് പോലും ഉണ്ടായിരുന്ന ധാരണയെക്കുറിച്ചു വില്ല്യം ലോഗന്‍ 1887 ല്‍ പ്രസിദ്ധീകരിച്ച മലബാര്‍ മാന്വലില്‍ അത്ഭുതത്തോടെ വിവരിക്കുന്നുണ്ട്:
‘കാലാവസ്ഥയെ സംബന്ധിച്ചിടത്തോളം എടുത്തു പറയേണ്ടത് അതിന്റെ കൃത്യതയാണ്. ഈ ഗ്രന്ഥകര്‍ത്താവിനുണ്ടായ ഒരനുഭവം പറയാം. ഒരു ഫെബ്രുവരിമാസം അവസാനത്തിലോ മാര്‍ച്ച് ആദ്യത്തിലോ ആണ്, കാലവര്‍ഷം എപ്പോള്‍ ഉണ്ടാകുമെന്ന് ഒരാളോട് അന്വേഷിക്കുവാന്‍ ഇടയായി. അളന്നുമുറിച്ചതുപോലെ അപ്പോള്‍ തന്നെ മറുപടി കിട്ടി. മാര്‍ച്ച് 22 നു ഉച്ച തിരിഞ്ഞു രണ്ടുമണിക്ക് ആദ്യത്തെ മഴച്ചാറ്റല്‍ കിട്ടും. പറഞ്ഞതുപോലെ സംഭവിക്കുകയും ചെയ്തു. ഒരഞ്ചു മിനുട്ടിന്റെ വ്യത്യാസത്തില്!’
മാര്‍ച്ച് മുതല്‍ മേയ് വരെ വേനല്‍, ജൂണ്‍ തൊട്ട് ഏതാണ്ട് സപ്തംബര്‍ വരെ ഇടവപ്പാതി, ഒക്ടോബര്‍ മുതല്‍ ഡിസംബര്‍ വരെ തുലാവര്‍ഷം, പിന്നെ മഞ്ഞുകാലം എന്നിങ്ങനെയാണ് കേരളത്തിലെ കാലാവസ്ഥ. മഴയില്‍ 70 ശതമാനവും ലഭിക്കുന്നത് തെക്കു പടിഞ്ഞാറന്‍ കാലവര്‍ഷക്കാറ്റ് കൊണ്ടുവരുന്ന ഇടവപ്പാതി കാലവര്‍ഷത്തിലൂടെയാണ്. ശരാശരി 2250-2500 മി. മീ മഴ ഈ സമയത്ത് കിട്ടും. തുലാവര്‍ഷത്തിലാകട്ടെ, ശരാശരി 450-500 മി.മീ തോതിലാണ് കിട്ടുക. ബാക്കിയുള്ളത് വേനല്‍ മഴയായി കിട്ടും. ഇതില്‍ തന്നെ തെക്കും വടക്കുമുള്ള ജില്ലകളില്‍ പെയ്യുന്ന മഴയുടെ തോതില്‍ വ്യത്യാസവും പതിവുണ്ട്.
മഴ ഇന്ന്
എന്നാല്‍ ഏതാനും വര്‍ഷങ്ങളായി ഈ അളവുകളില്‍ പ്രകടമായ ഏറ്റക്കുറച്ചിലുകള്‍ ഉണ്ടായി. 2012ല്‍ മഴ കുറവുണ്ടായി പല ജില്ലകളിലും വരള്‍ച്ച വന്നു. 2013ല്‍ ഇടുക്കി ജില്ലയില്‍ മാത്രം അതിവര്‍ഷമുണ്ടായി. സാധാരണയില്‍ നിന്നും 26% കൂടുതല്‍ മഴ പെയ്തു. 2014ല്‍ വീണ്ടും സാധാരണ നിലയായി. എന്നാല്‍, 2014ല്‍ പതിവുള്ളതിലും 26% കുറവായിരുന്നു മഴ. 2016ല്‍ ഈ കുറവ് 34% ആയി ഉയര്‍ന്നു. 2017ലും കുറഞ്ഞ മഴയാണ് ലഭിച്ചത്.
എന്നാല്‍, 2018ല്‍ പതിവിലും മൂന്നു ദിവസം മുമ്പേ കാലവര്‍ഷം എത്തി. 2040 മി.മീ. മഴ പെയ്യുന്ന സ്ഥാനത്ത് 2515.7 മി. മീ. അതായത് 24% അധികം മഴ പെയ്തു. ഇതില്‍ത്തന്നെ ഇടുക്കി ജില്ലയില്‍ 67% മഴ അധികം പെയ്തു. അങ്ങനെയാണ് ആഗസ്ത് ആദ്യ പകുതിയില്‍ കഴിഞ്ഞ 100 കൊല്ലത്തിനിടയിലെ ഏറ്റവും വലിയ പ്രളയം ഉണ്ടായത്. 2019ല്‍ വീണ്ടും 12.8% മഴ കൂടുതല്‍ പെയ്തു. പല ജില്ലകളിലും നദികള്‍ കര കവിഞ്ഞു. പ്രളയക്കെടുതികള്‍ ആവര്‍ത്തിച്ചു. 2020ല്‍ 10.2% മഴ അധികമായിരുന്നു. കാസര്‍ഗോട്ടായിരുന്നു ഏറ്റവുമധികം മഴ പെയ്തത്. കണ്ണൂര്‍, കോഴിക്കോട് ജില്ലകളിലും അധികം മഴ പെയ്തു. എന്നാല്‍ പ്രളയക്കെടുതികള്‍ അധികമായി വടക്കന്‍ കേരളത്തില്‍ ഉണ്ടായില്ല. ഭൂവിനിയോഗത്തിന്റെയും പുഴകളിലെ ഒഴുക്കിന്റെയും കാര്യത്തില്‍ താരതമ്യേന തെക്കന്‍ കേരളത്തെ അപേക്ഷിച്ചു ഇവിടങ്ങളിലുണ്ടായ വ്യത്യാസമാണ് പ്രളയമുണ്ടാവുന്നത് തടഞ്ഞത്.
ഇക്കൊല്ലം, അതായത് 2021ല്‍ മെയ് 6 മുതല്‍ 12വരെയുള്ള ദിവസങ്ങളില്‍ 70% കൂടുതല്‍ ആണ് ഈ മഴ. ഒരാഴ്ചയ്ല്‍ 39.8% മഴയുടെ സ്ഥാനത്ത് 67.6% മഴയാണ് പെയ്തത്. കടലില്‍ രൂപം കൊണ്ട ടൌക്ടെ എന്ന കൊടുങ്കാറ്റാണ് ഇതിനു കാരണമായത്. നേരത്തെ, 2017 നവംബര്‍ 24നു 143 മത്സ്യ തൊഴിലാളികളുടെ ജീവനെടുത്ത ഓഖി എന്ന കൊടുങ്കാറ്റു കേരള തീരത്ത് നാശങ്ങള്‍ വിതച്ചത് ഈ സന്ദര്‍ഭത്തില്‍ ഓര്‍ക്കാം. കേരളതീരത്ത് ചുവപ്പ്, ഓറഞ്ച്, മഞ്ഞ ജാഗ്രതാ നിര്‍ദേശങ്ങള്‍ നല്‍കിയതിനാലാണ് ഇത്തവണ ജീവാപായം കുറഞ്ഞത്. ദുരന്ത നിവാരണത്തെക്കുറിച്ചു ജനങ്ങളില്‍ പുതുതായി ഉണ്ടായ അവബോധം, കാര്യങ്ങള്‍ കൂടുതല്‍ ഒരുങ്ങി നേരിടാനുള്ള ജാഗ്രതയുണ്ടാക്കിയിട്ടുണ്ട്. പ്രളയം, കൊടുങ്കാറ്റ് തുടങ്ങിയ പ്രതിഭാസങ്ങള്‍ മൂലം ദുരന്തങ്ങള്‍ അത്യപൂര്‍വമായി മാത്രമാണ് കേരളത്തില്‍ ഉണ്ടായിരുന്നത്. മഴ കൂടുതല്‍ പെയ്താല്‍പോലും അത് പ്രളയമായി മാറുന്ന ദുസ്ഥിതി മിക്കപ്പോഴും ഉണ്ടായിരുന്നില്ല എന്നാണു 19ാ-ം നൂറ്റാണ്ടിന്റെ ഒടുവില്‍ ലോഗന്‍ ചൂണ്ടിക്കാണിച്ചിട്ടുള്ളത്:
ദി ക്രിട്ടിക് ഫേസ് ബുക്ക് പേജ് ലൈക്ക് ചെയ്യുക
‘അതിവര്‍ഷവും വെള്ളപ്പൊക്കവും മലയാളക്കരയില്‍ അപൂര്‍വമല്ല. 1882 മെയ് 19,20 നു നടന്ന ഭയങ്കര വര്‍ഷപാതത്തില്‍ കോഴിക്കോട് മഴമാപിനികള്‍ 24 മണിക്കൂറിനുള്ളില്‍ 18 മുതല്‍ 25 വരെ ഇഞ്ച് മഴ പെയ്തതായി രേഖപ്പെടുത്തി. എന്നാല്‍ അതിവര്‍ഷം കൊണ്ടുണ്ടാവുന്ന പ്രളയജലം കൊണ്ട് പറയത്തക്ക ഭവിഷ്യത്തുകള്‍ നാട്ടില്‍ ഉണ്ടാവാറില്ല. അതിനു കാരണം, യുഗങ്ങളായി പ്രളയജലം ഉള്‍കൊള്ളാനുള്ള പരപ്പും ആഴവും നദികള്‍ ആര്‍ജിച്ചിട്ടുണ്ട് എന്നതാണ്. സാധാരണ വെള്ളപ്പൊക്കത്തില്‍ കരകള്‍ കവിഞ്ഞു ഒഴുകാറില്ല. ഭൂമിയുടെ ഉപരിതലത്തിലുള്ള അയവേറിയ മണ്ണിന് മഴവെള്ളം എളുപ്പം വലിച്ചെടുക്കാന്‍ കഴിയുന്നതുമൂലം ഒരു കനത്ത മഴ കഴിഞ്ഞ ഉടന്‍ നാട്ടുപാതയില്‍ ഇറങ്ങിനടക്കുന്ന ഒരാളിന് അങ്ങനെ ഒരു മഴ പെയ്തതായി തോന്നുകയില്ല. വെള്ളം വാര്‍ന്നൊലിച്ചു പോയിരിക്കും.’
പ്രകൃതിയുടെ വികൃതിയോ സ്വയംകൃതാനര്‍ത്ഥമോ?
ഏതാണ്ട് 130 കൊല്ലം മുമ്പുണ്ടായ അതിവൃഷ്ടിയുടെ സന്ദര്‍ഭത്തില്‍ ലോഗന്‍ കുറിച്ച വാക്കുകള്‍ അതേപടി ഇവിടെ പകര്‍ത്തിയത് അന്നും ഇന്നുമുള്ള അവസ്ഥകളെ ഒന്ന് മനസ്സില്‍ താരതമ്യം ചെയ്യാനുള്ള സൗകര്യത്തിനാണ്. തെറ്റായ ഭൂവിനിയോഗം, കൃഷിയില്‍ വരുത്തിയ മാറ്റങ്ങള്‍, പുഴകളെയും തണ്ണീര്‍ തടങ്ങളെയും നശിപ്പിച്ചത്, ജലനിര്‍ഗമന മാര്‍ഗങ്ങളെ തടസ്സപ്പെടുത്തിയത്, പാരിസ്ഥിതിക പരിഗണനകള്‍ ഏതുമില്ലാതെ ‘വികസനം’ പൊടിപൊടിച്ചത് ഇതൊക്കെയാണ് മഴയുടെ അളവില്‍ വരുന്ന നേരിയ ഒരു വര്‍ദ്ധനവുപോലും ഇന്ന് കൊടിയ പ്രളയങ്ങള്‍ക്കും ദുരിതങ്ങള്‍ക്കും ഇടയാക്കുന്നത്. കഴിഞ്ഞ ഒന്നേകാല്‍ നൂറ്റാണ്ടുകൊണ്ട് നമ്മള്‍ നേടിയ വികസനത്തിലുള്ള അപാകതകള്‍ എന്ത് എന്ന ആത്മപരിശോധന നടത്താനുള്ള വിവേകം നമ്മുടെ ഭരണാധികാരികള്‍ക്ക് ഉണ്ടാകുമോ?
പ്രകൃതിയുടെ വികൃതികളായി മാത്രം ഈ ദുരന്തങ്ങളെ അവതരിപ്പിക്കുമ്പോള്‍ നമുക്ക് സ്വസ്ഥമായി നമ്മുടെ വികസന സങ്കല്‍പങ്ങള്‍ തന്നെ പിന്തുടരാം, പ്രശ്‌നങ്ങള്‍ക്ക് അതേ തരത്തിലുള്ള ‘പരിഹാര’ങ്ങളും ആവര്‍ത്തിക്കാം! കരിങ്കല്ല് കൊണ്ടുവന്നു കടലിനു മതിലും പുലിമുട്ടും നിര്‍മിക്കുന്നത് കടല്‍ കരയിലേക്ക് കടന്നുകയറുന്നതിനു പരിഹാരമല്ല. മറിച്ചു അതിന് കാരണമാണ് എന്ന് പലതവണ തെളിഞ്ഞുകഴിഞ്ഞിട്ടും നമ്മള്‍ അതുതന്നെ ചെയ്യുന്നു. എന്നിട്ട് കടലിനെ പഴിക്കുന്നു, കാലാവസ്ഥയെ പഴിക്കുന്നു. കേരളത്തിന്റെ കടല്‍ത്തീരം മുഴുവന്‍ ഇടവപ്പാതിക്ക് മുമ്പേ വന്ന ഒറ്റ ചുഴലിക്കാറ്റിന്റെ ഫലമായ തിരകള്‍ കാര്‍ന്നെടുത്തിരിക്കുന്നു. മണ്‍സൂണില്‍ ഇനി വരാനിരിക്കുന്നതെന്ത് എന്ന് നെഞ്ഞിടിപ്പോടെ നമുക്ക് കാത്തിരിക്കാം.
തീരശോഷണം
സാധാരണഗതിയില്‍ ഇന്ത്യയുടെ കിഴക്കന്‍ തീരത്തെ അപേക്ഷിച്ച് സ്ഥിരതയുള്ള കടല്‍ത്തീരമാണ് പടിഞ്ഞാറന്‍ തീരം. എന്നാല്‍, കേരളത്തിന്റെ 590 കി.മീ. നീളമുള്ള കടല്‍ത്തീരം ഇതിനു അപവാദമാണ്. കേരളതീരത്തിന്റെ 60%വും മണ്ണൊലിപ്പ് നേരിടുന്നു. ഏറ്റവും കൂടുതല്‍ മണ്ണൊലിപ്പ് (23%) നേരിടുന്നത് 35 കി.മീ. നീണ്ട തിരുവനന്തപുരത്തെ കടല്‍ത്തീരമാണ്. 2004 ലെ സുനാമിക്കും 2014ലെ ഓക്ഖിക്കും 2021 മേയ്മാസത്തിലെ ടൌക്ടെക്കും ശേഷം ശംഖുമുഖത്തിനു വന്ന മാറ്റങ്ങള്‍ അത് ശ്രദ്ധിച്ചവര്‍ക്കറിയാം. അമ്പത് കൊല്ലം മുമ്പ് തലസ്ഥാനത്തെ സായാഹ്നങ്ങളെ ശാന്തവും സന്തോഷകരവുമാക്കിയിരുന്ന ആ വിശാലമായ ബീച്ച് ചുരുങ്ങി ചുരുങ്ങി ഏതാണ്ട് അപ്രത്യക്ഷമാവുകയാണ്. കടുത്ത കാറ്റും മഴയും മാത്രമല്ല, ഇതിന്റെ 18 കി.മീ. തെക്ക് പണിതുകൊണ്ടിരിക്കുന്ന വിഴിഞ്ഞം പദ്ധതിയാണ് ഇത്ര ദയനീയമായ അവസ്ഥയില്‍ ശംഖുമുഖത്തെ എത്തിച്ചത് എന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നുണ്ട്.
ദി ക്രിട്ടിക് യു ട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
കേരള കടല്‍തീരത്തില്‍ 310 കി.മീ (ഉദ്ദേശം 60%) കടല്‍ഭിത്തിയും പുലിമുട്ടും കെട്ടി ‘സംരക്ഷിച്ചി’ട്ടുണ്ട്. പുലിമുട്ട് സമുദ്രത്തിലെ ഒഴുക്കിനെയും തീരത്തുള്ള തിരയടിയുടെ തീവ്രതയെയും ബാധിക്കുന്നുണ്ട് എന്നും അത് ഒരുവശത്ത് കരയിടിച്ചിലിനും മറുവശത്ത് മണ്ണ് നിക്ഷേപത്തിനും കാരണമാവുന്നുണ്ട് എന്നും വിദഗ്ധര്‍ പറയുന്നു. ഈ നൂറ്റാണ്ടു പകുതിയാവുമ്പോഴേക്കും കേരളത്തിന്റെ കടലില്‍ ജലനിരപ്പ് 15 മുതല്‍ 38 വരെ സെന്റിമീറ്റര്‍ ഉയരും എന്ന് കണക്കാക്കപ്പെട്ടിരിക്കുന്നു. ഇത് വരുത്തിയേക്കാവുന്ന വിപത്തുകള്‍ പ്രവചനാതീതമാണ്. കടലോരം മുഴുവന്‍ അസ്വസ്ഥമാണ്. മത്സ്യത്തൊഴിലാളികള്‍ കടുത്ത ദുരിതത്തിലാണ്. അവരുടെ ആവാസവ്യവസ്ഥ തന്നെ തകരുകയാണ്. ചെല്ലാനത്തും വലപ്പാട്ടും വിഴിഞ്ഞത്തും വലിയതുറയിലും എല്ലാം കൊര്‍പ്പറേറ്റ് വികസന പരിപാടികള്‍ക്കെതിരെ നടക്കുന്ന സമരങ്ങള്‍ അധികാരികള്‍ ഗൌനിക്കുന്നില്ലെങ്കിലും, എല്ലാം കടല്‍ നിഷ്‌കരുണം അവതാളത്തിലാക്കുന്നു എന്ന വസ്തുത വൈകാതെ വികസന തീവ്രവാദികള്‍ക്ക് അംഗീകരിക്കേണ്ടി വരും. തീരദേശ ഹൈവേയും വിഴിഞ്ഞം തുറമുഖവുമെല്ലാം നിത്യദുരിതത്തിലേക്കാണ് മനുഷ്യരെ വലിച്ചിഴയ്ക്കുക, വികസനത്തിലേക്കല്ല എന്ന് സാമാന്യ വിവേകമുള്ള മനുഷ്യര്‍ക്കെല്ലാം ഇതിനോടകം ബോദ്ധ്യമായിട്ടുണ്ട്.
ഞാറ്റുവേലകളും കൃഷിയും
കേരളത്തില്‍ നെല്ലും കുരുമുളകും വര്‍ഷകാല പച്ചക്കറികളുമെല്ലാം കൃഷി ചെയ്യുന്നത് എടവപ്പാതിയുടെ ഗതിവിഗതികള്‍ക്കനുസരിച്ചായിരുന്നു. ഇതില്‍ തിരുവാതിര ഞാറ്റുവേല (ജൂണ്‍ 21 മുതല്‍ ജൂലൈ 6 വരെയുള്ള ദിവസങ്ങള്‍) പഴമക്കാരെ സംബന്ധിച്ചിടത്തോളം അതി പ്രധാനമായ സന്ദര്‍ഭമായിരുന്നു. ശക്തമായ മഴയും ഇടയ്ക്ക് വെയിലും ലഭിക്കുന്ന ഈ സമയത്താണ് കുരുമുളക് പോലുള്ള കൃഷികള്‍ തുടങ്ങാന്‍ അനുയോജ്യമായ സമയം. എന്നാല്‍ കാലാവസ്ഥയില്‍ സംഭവിച്ചുകൊണ്ടിരിക്കുന്ന മാറ്റങ്ങള്‍ ഞാറ്റുവേലയിലും പ്രകടമാണ്; അതിന് സ്ഥിരതയില്ലാതായിരിക്കുന്നു. 500കൊല്ലം മുമ്പ് വാസ്‌കോഡഗാമയോടൊപ്പം വന്ന പോര്‍ച്ചുഗീസുകാര്‍ ഇവിടെനിന്നു കുരുമുളകുതൈകള്‍ വിദേശത്തേക്ക് കടത്തുന്നതില്‍ ആശങ്ക പ്രകടിപ്പിച്ച മാങ്ങാട്ടച്ഛനെ ‘കുരുമുളക് തൈയല്ലേ കൊണ്ടുപോകാന്‍ പറ്റൂ; തിരുവാതിര ഞാറ്റുവേല കൊണ്ടുപോവാന്‍ കഴിയില്ലല്ലോ!’ എന്ന് സാമൂതിരി ആശ്വസിപ്പിച്ചതായുള്ള കഥ പ്രശസ്തമാണ്. എന്നാല്‍ ഇന്ന്, പരിസ്ഥിതി പരിഗണിക്കാതെയുള്ള വികസനത്തിലൂടെ തിരുവാതിര ഞാറ്റുവേലയിലും മാറ്റമുള്ള അവസ്ഥയില്‍ നാം എത്തിപ്പെട്ടിരിക്കുന്നു എന്നത് ഗൗരവത്തോടെ കാണണം.
കള്ളക്കര്‍ക്കടകം
പഴയ മഴക്കാലത്തെ കാല്പ്പനികതയില്‍ ചാലിച്ചു ഗൃഹാതുരത്വത്തോടെ കാണുന്നവരുണ്ടാകാം. എന്നാല്‍, ഭൂരിഭാഗം ആളുകള്‍ക്കും അത് പട്ടിണിയുടെയും വറുതിയുടെയും കാലമായിരുന്നു; രോഗങ്ങളുടെ കാലമായിരുന്നു. വളരെ ചെറിയ ഒരു ന്യൂനപക്ഷത്തിനുമാത്രം അതു കായകല്‍പ്പം, ചവിട്ടിത്തടവല്‍ പോലുള്ള സുഖചികിത്സയുടെയും ആരോഗ്യ സംരക്ഷണത്തിന്റെയും കാലവും ആയിരുന്നു. താളും തവരയും ചുറ്റുനിന്നും പറിച്ചെടുക്കുന്ന മറ്റു പച്ചിലകളും ചേമ്പും കാച്ചിലും ചക്കയും മാങ്ങയും എല്ലാം ചേര്‍ന്ന് ഗുരുതരമായ പോഷണ വൈകല്യം ബാധിക്കാതെ സംരക്ഷിക്കുന്ന ഒരു ഭക്ഷ്യസംസ്‌കാരം നിലവിലുള്ളതു കാരണമാണ് സാധാരണക്കാര്‍ പലരും അന്ന് രക്ഷപ്പെട്ടു പോയത്. ഉത്കണ്ഠകളുടെ കാലമായിരുന്നു കള്ളക്കര്‍ക്കിടകം. ഇടിയും മിന്നലും കാറ്റും മഴയും തിമര്‍ക്കുമ്പോള്‍ ഇവയില്‍ നിന്നും ഭാഗികമായി മാത്രം സംരക്ഷണം നല്‍കുന്ന വാസസ്ഥലങ്ങളില്‍ ഇവയ്‌ക്കെതിരെ പിടിച്ചുനില്‍ക്കാന്‍ പാടുപെടുന്ന പട്ടിണിക്കോലങ്ങളായ മനുഷ്യര്‍ ഞങ്ങളുടെയൊക്കെ ബാല്യകാലാനുഭവങ്ങളുടെ ഭാഗമാണ്. സത്യജിത് റായുടെ പഥേര്‍ പാഞ്ചലിയില്‍ കാണുന്ന ദാരിദ്ര്യത്തിന്റെയും കാലവര്‍ഷത്തിന്റെ സംഹാര താണ്ഡവത്തിന്റെയും ചിത്രങ്ങള്‍ ഒരു ഉള്‍നാടന്‍ ബംഗാള്‍ ഗ്രാമത്തിലേത് മാത്രമായിരുന്നില്ല; മറിച്ചു കേരളത്തിലും ആവര്‍ത്തിച്ച് സംഭവിക്കുന്നതിന്റെ നേര്‍ക്കാഴ്ചകള്‍ തന്നെയായിരുന്നു. സാഹിത്യത്തിലൂടെയും സിനിമയിലൂടെയും മാത്രമേ പുതിയ തലമുറയ്ക്ക് ഈ അവസ്ഥകള്‍ പരിചയമുണ്ടാവൂ. ‘കള്ളക്കര്‍ക്കടക’ത്തെ തുടര്‍ന്നു വരുന്നത് കൊയ്ത്തു തുടങ്ങുന്ന പ്രസന്ന കാലമായതുകൊണ്ടാണ് അത് ‘പൊന്നിന്‍ ചിങ്ങം’ ആയിത്തീര്‍ന്നത്; ആ പൊന്നിന്‍ ചിങ്ങത്തില്‍ ഓണം ആഘോഷമായത്. കാര്‍ഷികവൃത്തിയുമായി ബന്ധപ്പെട്ട ഓണാഘോഷം ഇന്ന് ഉപഭോഗ സംസ്‌കാരത്തിന്റെയും കമ്പോളത്തിന്റെയും ആഘോഷമായി തുടരുന്നത് അതിന്റെ ചരിത്രപരമായ പ്രസക്തി ഒട്ടും ഇല്ലാതെയാണ് എന്ന് ഓര്‍ക്കാം.
ഇനി എങ്ങോട്ട് ?
കാലാവസ്ഥയില്‍ വരുന്ന ഓരോ വ്യതിയാനത്തെയും ഏറ്റവും ഭീഷണമാക്കുന്നത് അതിന്റെ പ്രത്യാഘാതങ്ങളെ തടഞ്ഞുനിര്‍ത്താനോ ഒഴിവാക്കാനോ ഉള്ള ശേഷി നമ്മുടെ സ്ഥല ജല വിനിയോഗരീതികള്‍ക്ക് ഇന്നില്ല എന്നതാണ്. പശ്ചിമഘട്ടത്തിനും അറബിക്കടലിനും മദ്ധ്യേ കിടക്കുന്ന നീണ്ടു വീതികുറഞ്ഞ ഈ ഭൂമി പാരിസ്ഥിതികമായി അതീവ ദുര്‍ബലമാണെന്ന വസ്തുത കണക്കിലെടുക്കാതെയുള്ള വികസന യത്‌നങ്ങള്‍ നമ്മുടെ അതിജീവന സാധ്യതയെപ്പോലും അപകടപ്പെടുത്തുമെന്ന് തിരിച്ചറിയാന്‍ വൈകിയിരിക്കുന്നു.
പശ്ചിമഘട്ടത്തിലെ മലനിരകളും അതിലെ വനങ്ങളും താഴോട്ടൊഴുകുന്ന നദികളും അത് ചെന്നുചേരുന്ന കടലും തമ്മിലുള്ള സങ്കീര്‍ണമായ പരസ്പര ബന്ധങ്ങളെന്തെന്നും കേരളത്തിന്റെ പാരിസ്ഥിതിക സന്തുലനത്തില്‍ ഇവ നിര്‍വഹിക്കുന്ന പരമപ്രധാനമായ പങ്കു എന്തൊക്കെയെന്നും പഠിക്കുകയും അതിനനുസരിച്ചു സ്ഥായിയായ വികസനത്തിനുള്ള പദ്ധതികള്‍ നടപ്പിലാക്കുകയും വേണം. പുതിയ പദ്ധതികളുടെ കാര്യത്തില്‍ കര്‍ശനമായ പാരിസ്ഥിതിക പ്രത്യാഘാത നിര്‍ണയം നടത്തേണ്ടിവരും. ദുരന്തങ്ങള്‍ കഴിയാവുന്നത്ര തടയുവാനും ലഘൂകരിക്കുവാനുമായിരിക്കണം ഏറ്റവും മുന്‍ഗണന നല്‍കേണ്ടത്. പശ്ചിമഘട്ടത്തിലെ ആയിരക്കണക്കിന് വരുന്ന പാറമടകള്‍ക്ക് നിയന്ത്രണമേര്‍പ്പെടുത്തിയേ മതിയാവൂ. സ്‌ഫോടനം നടത്തിയും കുഴിച്ചും കുന്നുകളുടെ ജലസംഭരണശേഷി തകര്‍ത്തും ഉരുള്‍പൊട്ടലുകള്‍ പോലുള്ള ദുരന്തങ്ങള്‍ നിരവധി സൃഷ്ടിച്ചു കഴിഞ്ഞിട്ടും നമ്മള്‍ ഒന്നും പഠിച്ചില്ലേ? പരിസ്ഥിതിക്കാരെ പരിഹസിച്ചും ഗാഡ്ഗിലിനെ അധിക്ഷേപിച്ചും വസ്തുതകള്‍ക്ക് നേരെ കണ്ണടച്ചും എത്ര നാള്‍ ഇത് നീട്ടിക്കൊണ്ടുപോകാന്‍ കഴിയും ?പശ്ചിമഘട്ടവും പടിഞ്ഞാറന്‍ തീരവും ഗുരുതരമായ ഭീഷണികളാണ് നേരിടുന്നത്. അതിന്റെ രണ്ടിന്റെയും ഇടയിലുള്ള എല്ലാ പ്രദേശങ്ങളും കഴിഞ്ഞ ഏതാനും വര്‍ഷങ്ങളില്‍ ആവര്‍ത്തിക്കുന്ന പ്രളയങ്ങളിലൂടെ തുടരെത്തുടരെ അനുഭവിച്ച ദുരിതങ്ങള്‍ നമുക്കറിയാം.
ഇടിച്ചുകളഞ്ഞ മലകളെത്ര എന്നും തുടര്‍ച്ചയായി കടലെടുത്ത കരയെത്രയെന്നും ഒന്ന് കണ്ണ് തുറന്നു കാണാന്‍ തയ്യാറാകുമെങ്കില്‍ നമ്മള്‍ അകപ്പെട്ടിരിക്കുന്ന പ്രതിസന്ധിയുടെ ആഴം ബോധ്യമാവും. പശ്ചിമഘട്ട സംരക്ഷണത്തിനും തീരദേശ പരിപാലനത്തിനും തണ്ണീര്‍തട സംരക്ഷണത്തിനുമുള്ള നിയമങ്ങള്‍ കര്‍ശനമാക്കുന്നതിനു പകരം ‘വികസന’ത്തിന് തടസ്സമെന്നു കണ്ടു അവയെ ഇനിയും അവഗണിക്കാന്‍ തന്നെയാണ് ശ്രമിക്കുന്നതെങ്കില്‍ അത് ആത്മഹത്യാപരമാണ്. ഈ മേഖലയിലെ കടുത്ത അപായ സാധ്യതകള്‍ ലഘൂകരിക്കാനെങ്കിലും നമ്മുടെ ദുരന്ത നിവാരണ പദ്ധതികള്‍ക്ക് കെല്‍പ്പുണ്ടോ എന്നും നമ്മുടെ ശ്രമങ്ങള്‍ ഇവ നേരിടുന്നതില്‍ വിജയിക്കുമോ എന്നും ആണ് ഇനി നാം ഉന്നയിക്കേണ്ട ഒരു പ്രധാന ചോദ്യം.
താത്കാലിക പരിഹാര നടപടികള്‍ പോര; വെറും അഞ്ചു വര്‍ഷത്തേക്കുള്ള ആലോചനകളും പോര; ദീര്‍ഘകാലാടിസ്ഥാനത്തിലുള്ള ആസൂത്രണ പരിപ്രേക്ഷ്യം ആവശ്യമാണ്. സാമ്പത്തിക വളര്‍ച്ചയുടെ വേഗത കൂട്ടുന്ന പ്രവര്‍ത്തികളാവില്ല പാരിസ്ഥിതിക പുനരുദ്ധാരണത്തിനു വേണ്ടി നടത്തേണ്ടിവരിക എന്നത് അധികൃതരുടെ കാഴ്ച്ചപ്പാടിലുണ്ടാവേണ്ട അടിസ്ഥാനപരമായ ഈ മാറ്റത്തെ കൂടുതല്‍ ദുഷ്‌കരമാക്കുന്നു.
(കടപ്പാട് – പാഠഭേദം)
സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പന്ത്രണ്ടാം വര്‍ഷത്തേക്ക് കടക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2024 - 25 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.
The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in