ചിത്രലേഖയെപ്പോലുള്ള അടിയാളരുടെ ഓര്‍മ്മകള്‍

മിശ്രവിവാഹം കഴിക്കുകയും ഓട്ടോ ഓടിച്ച് സ്വന്തംകാലില്‍ നിന്ന് ജീവിക്കാന്‍ ശ്രമിക്കുകയും ചെയ്തതിന്റെ പേരില്‍ വര്‍ഷങ്ങളോളം ശാരീരികമായും മാനസികമായും പീഡിപ്പിക്കപ്പെടുകയും എന്നാല്‍ അതിനെതിരെ ശക്തമായി പോരാടുകയും ഇപ്പോഴും പോരാടികൊണ്ടിരിക്കുകയും ചെയ്യുന്ന പയ്യന്നൂരിലെ ദളിത് യുവതി ചിത്രലേഖയുടെ ജീവിതപോരാട്ടത്തിന്റെ കഥ പറയുന്ന ‘KL 13L 8527 – ചിത്രലേഖയുടെ ചരിത്രം’ എന്ന പുസ്തകത്തില്‍ നിന്ന്. രൂപേഷ്‌കുമാറിന്റെ സഹായത്തോടെ തയ്യാറാക്കുന്ന പുസ്തകം ഗൂസ്‌ബെറി ബുക്‌സ് ആന്റ് പബ്ലിക്കേഷന്‍ ആണ് പ്രസിദ്ധീകരിക്കുന്നത്.

 

 

 

 

 

 

 

 

മധുരക്കിഴങ്ങ് കൃഷി ചെയ്യുമ്പോള്‍ കിളച്ചെടുക്കുമ്പോള്‍ ഞങ്ങള്‍ കുട്ടികള്‍ക്ക് തരില്ല. പക്ഷെ രണ്ടു ദിവസം കഴിയുമ്പോള്‍ ചിലപ്പോള്‍ ചെറിയ മുള വരും. ചിലപ്പോള്‍ അതില്‍ നിന്നും ചെറുതും വലുതുമായ കിഴങ്ങുകള്‍ കിട്ടും. അത് കിട്ടിയാല്‍ അപ്പോള്‍ തന്നെ മണ്ണൊക്കെ തട്ടിക്കളഞ്ഞു തോലൊക്കെ കളഞ്ഞു കടിച്ചു തിന്നും. അതും പരസ്പരം തട്ടിപ്പറിക്കും. അവിടെയും അടി ആകും. വലിയ പശുവിന്റെ അടുത്ത് പോകാന്‍ വിടില്ല. കുഞ്ഞിപ്പശുവിനെക്കൊണ്ട് പുല്ലരിഞ്ഞു തീറ്റിക്കുന്നത് ഞങ്ങളാണ്. എന്റെ വീട്ടിലെ പശുവിനെ തീറ്റിക്കുന്നത് ഞാനാണ്. അനിയത്തിയെ ഒക്കത്ത് എടുത്താണ് പശുവിനെ പുല്ലു തീറ്റിക്കുന്നത്. അപ്പോഴേക്കും എനിക്ക് ഏഴു വയസ്സായിരുന്നു. സ്‌കൂള്‍ കഴിഞ്ഞിട്ടാണ് പുല്ലരിയാന്‍ പോക്കും പശുവിനെ തീറ്റിക്കലും. പുല്ലരിയാന്‍ പോകുമ്പോള്‍ ആരുടെ കൊട്ടയിലാണോ അധികം ഉണ്ടാവുക അവരില്‍ നിന്നും മറ്റുള്ളവര്‍ പുല്ലു തട്ടിപ്പറിക്കുകയും ചെയ്യും. ഞാനാണ് അപ്പൊ പോലീസുകാരി ആവുക. ഞാന്‍ ആരാണ് പുല്ലു കട്ടത് എന്ന് നോക്കും. കള്ളന്മാരെ പിടിച്ചു എന്നും ഞാന്‍ പറയും. അതിനും അടിയുണ്ടാക്കും. ആ സമയങ്ങളില്‍ തന്നെ പായ മെടയാനും ഓല മെടയാനും ഞാന്‍ പഠിച്ചിരുന്നു. ഞങ്ങളുടെ ഓലപ്പുരക്ക് മുന്നില്‍ തോടുണ്ട്. അമ്മമ്മ ഓല കെട്ടുകളാക്കി പൊതിര്‍ത്ത് വെള്ളത്തില്‍ ചീയാന്‍ ഇടും. സന്ധ്യക്ക് വിളക്ക് വെക്കുന്ന സമയത്ത് ചോറിന്റെ പണി നോക്കുമ്പോള്‍ ഈ ഓല എടുത്തു മെടയാന്‍ പഠിപ്പിക്കും. ഓലയുടെ നാലാമത്തെ ഈര്‍ക്കിലി ഒടിച്ചു വേണം മെടയാന്‍ തുടങ്ങാന്‍ എന്ന് പറഞ്ഞു തന്നത് അമ്മമ്മയാണ്. പിന്നെ രണ്ടാമത്തെ ഓല മടക്കിയിട്ടും അതിന്റെ അടുത്തത് നിവര്‍ത്തിയിട്ടും മെടയണം എന്ന് പറഞ്ഞു തരും. ചില സ്ഥലങ്ങളില്‍ ഇതിനു ചെറിയ വ്യത്യാസങ്ങളുമുണ്ടാകും. പായ മെടയലിന്റെ കാര്യത്തില്‍ ആദ്യമൊന്നും തുടക്കങ്ങള്‍ പഠിപ്പിച്ചിരുന്നില്ല. പായയുടെ നടുഭാഗം മടയുന്നതാണ് പഠിപ്പിച്ചു തന്നത്. പിന്നീട് ഒറ്റക്ക് തന്നെ മെടയാന്‍ പഠിച്ചു. ഏഴാം ക്ലാസില്‍ പഠിക്കുമ്പോള്‍ സ്‌കൂളില്‍ പായ മെടയലിനു പോയിട്ട് സമ്മാനവും കിട്ടിയിട്ടുണ്ട്. ഒരു മണിക്കൂറിനുള്ളില്‍ ഒരു കുട്ടിപ്പായ മൊടഞ്ഞാണ് ഞാന്‍ സമ്മാനം നേടിയത്.
എന്റെ സഹോദരങ്ങള്‍ വേറെ അച്ഛന്റെ മക്കളാണ് എന്ന ചിന്ത എന്നെ അലട്ടിയിരുന്നില്ല. എനിക്ക് അച്ഛന്‍ ഇല്ല, അവര്‍ എന്റെ അമ്മയുടെ മക്കളാളെന്നെ കരുതിയുള്ളൂ. ഞങ്ങളുടെ അമ്മ ഒന്നാണ് എന്നാണ് ഞാന്‍ ചിന്തിച്ചത്. എനിക്കെന്റെ അച്ഛനെ കണ്ട ഓര്‍മ്മയില്ല. എന്റെ നാലാം വയസ്സിലാണ് അനിയത്തി മായ ജനിക്കുന്നത്. അനിയന്റെ പേര് മഹേഷ് എന്നാണ്. ആ സമയത്ത് അവള്‍ക്ക് നാല് വയസ്സ് പ്രായമുള്ളപ്പോള്‍ മുതല്‍ അമ്മ പണിക്ക് പോയി തുടങ്ങുമ്പോള്‍ ഞാന്‍ തന്നെ ആണ് അവരുടെ കാര്യങ്ങള്‍ നോക്കിയത്. പിന്നെ അനിയത്തിക്ക് ഒരു സ്വഭാവമുണ്ട്. അമ്മ എവിടെക്കെങ്കിലും പോകുമ്പോള്‍ ”ആ……….” എന്ന് നിലവിളിച്ചു കൊണ്ടേ ഇരിക്കും. ഒറ്റ കരച്ചിലാണ്. ഇത് രാവിലെ തുടങ്ങിയാല്‍ വൈകുന്നേരം വരെ കരഞ്ഞോണ്ടിരിക്കും. അതിന്റെ ഇടയില്‍ അതിനെ ഒന്ന് ചിരിപ്പിക്കാന്‍ വലിയ കഷ്ടമാണ്. അമ്മ വരുമ്പോള്‍ പിന്നെയും കരച്ചിലുണ്ടാകും.. പക്ഷെ ആങ്ങളയെക്കൊണ്ട് എനിക്ക് വലിയ ബുദ്ധിമുട്ടൊന്നുമില്ല. അവന്‍ എന്റെ പെറ്റിക്കോട്ടും എന്റെ പവാടയുമെല്ലാം ഉടുത്തു ഒറ്റക്കറക്കമാണ്. സിനിമയിലൊക്കെ നായികമാര്‍ വലിയ ഡ്രസ്സ് ഉടുത്തു കറങ്ങുന്നതുപോലെ അവന്‍ കറങ്ങും. എന്റെ എന്ത് ഡ്രസ്സ് കണ്ടാലും അപ്പോള്‍ അവനും വേണം. സ്‌കൂളില്‍ പോയി തുടങ്ങി നാലാം ക്ലാസ് വരെയും അവന്‍ അങ്ങനെയാണ് നടക്കുക. എല്ലാ കാര്യത്തിലും അവന്‍ എന്റെ കൂടെ കട്ടക്ക് നിക്കും. അനിയത്തി അങ്ങനെ അല്ല. അവള്‍ നല്ല മടിച്ചിയാണ്. അനിയത്തിയെ എപ്പോഴും എടുത്തോണ്ട് നടക്കണം. അവള്‍ തടിച്ചിട്ടും ഞാന്‍ മെലിഞ്ഞിട്ടുമാണ്. എടുക്കാന്‍ ബുദ്ധിമുട്ടാണ്. എന്നാലും ഞാന്‍ അവളെ എടുത്തു ഒക്കത്ത് വെച്ചു നടക്കും. അപ്പോള്‍ അനിയന്‍ പറയും, അവനെയും എടുക്കണമെന്ന്. അപ്പോള്‍ ഞാന്‍ രണ്ടാളും എന്റെ കയ്യും പിടിച്ചു നടന്നോള്ളാന്‍ പറയും. ഞാന്‍ നാലാം ക്ലാസില്‍ പഠിക്കുമ്പോഴാണ് അനിയത്തിയെ ഒന്നാം ക്ലാസ്സില്‍ ചേര്‍ക്കുന്നത്. സ്‌കൂളില്‍ പോകുമ്പോള്‍ റോഡ് മുറിച്ചു കടക്കണം. ഒരു ദിവസം അവള്‍ എന്റെ കൈ വിടുവിച്ചു റോഡിലൂടെ ഒറ്റ ഓട്ടമായിരുന്നു. അവള്‍ ഒരു കാറിന്റെ മുന്നിലൂടെ ആണ് ഓടിയത്. ഞാന്‍ പേടിച്ചു കരഞ്ഞു വീട്ടില്‍ പോയി. അമ്മയോടു പറഞ്ഞപ്പോള്‍ അമ്മയുടെ കയ്യില്‍ നിന്നും പൊതിരെ തല്ലു കിട്ടിയത് എനിക്കാണ്. ഞാന്‍ ഇവളെ നോക്കിയില്ല എന്ന് പറഞ്ഞായിരുന്നു തല്ലു കിട്ടിയത്. പിന്നെ ഒരു മൂന്നാല് കൊല്ലം അവളെ സ്‌കൂളില്‍ വിട്ടില്ല. അതിനു ശേഷം അവള്‍ വീണ്ടും സ്‌കൂളില്‍ പോയി തുടങ്ങിയപ്പോള്‍ അമ്മ തന്നെ ആയിരുന്നു അവളെ കൊണ്ട് വിടലും കൂട്ടിക്കൊണ്ട് വരലും.

 

 

 

 

 

 

 

 

അവരുടെ അച്ഛന്‍ രാവിലെ പണിക്ക് പോയി രാത്രി ആണ് വരിക. അവര്‍ വരുമ്പോഴേക്കും ഞങ്ങള്‍ കുട്ടികള്‍ ഉറങ്ങും. അദ്ദേഹം അയാളുടെ മക്കള്‍ക്ക് തുണിയും എല്ലാം വാങ്ങിച്ചു കൊടുക്കുമായിരുന്നു. പക്ഷെ എനിക്കൊന്നും കിട്ടിയില്ലായിരുന്നു. പക്ഷെ അതൊന്നും ഞാന്‍ ചോദിയ്ക്കാന്‍ നിന്നിട്ടില്ല. ചിലപ്പോള്‍ പുള്ളിക്ക് സിഗററ്റ് വാങ്ങിക്കാന്‍ പോകുമ്പോള്‍ നാരങ്ങ മുട്ടായി വാങ്ങിക്കാന്‍ പത്ത് പൈസയോ ഇരുപതു പൈസയോ തരും. മുട്ടായി കൊതി കൊണ്ട് സിഗററ്റ് വാങ്ങിച്ചു കൊടുക്കും. എന്നോട് വിവേചനം കാണിച്ചെങ്കിലും ഞാന്‍ അങ്ങോട്ട് സ്‌നേഹക്കുറവില്‍ പെരുമാറിയിട്ടില്ല. ഇതൊക്കെ വേര്‍തിരിവ് ആണ് എന്നത് പിന്നീടാണ് മനസ്സിലാക്കിയത്. അയാള്‍ അമ്മയെ ഉപേക്ഷിച്ചു പോയതിനു ശേഷമാണ് ഇതൊക്കെ ഞാന്‍ ചിന്തിച്ചത്. പിന്നീട് ഞാന്‍ അതൊന്നും അമ്മയോട് സംസാരിച്ചില്ല. അമ്മയോട് എനിക്ക് വല്യ കൂട്ടൊന്നുമുണ്ടായിരുന്നില്ല. അമ്മമ്മയോടായിരുന്നു എന്റെ കൂട്ട്. അമ്മയും അനിയനും അനിയത്തിയും അവരുടെ അച്ഛനും, സിനിമക്കും ബസാറിലും പോകുമ്പോള്‍ എന്നെ കൂട്ടില്ല. ഞാന്‍ അമ്മമ്മയുടെ കൂടെ ഇരിക്കും. അമ്മമ്മയുടെ കൂടെ കൂടുമ്പോള്‍ ഒരു വിഷമവും ഉണ്ടാകില്ല.
ക്രിസ്ത്യാനി ആയ രാജന്‍ എന്ന ഒരു മാമന്‍ ആണ് എന്നെ ആദ്യമായി സ്‌കൂളില്‍ കൊണ്ട് പോയത്. ജോസഫ് എന്നോ മറ്റോ ആണ് പുള്ളിയുടെ ക്രിസ്ത്യന്‍ പേര്. മാമന്റെ സൈക്കിളില്‍ ആണ് ഞാന്‍ ആദ്യം സ്‌കൂളില്‍ പോയത്. എടനാട്ട് എല്‍.പി സ്‌കൂളിലെ ഒന്നാം ക്ലാസില്‍ ആദ്യത്തെ ദിവസം എനിക്ക് ഇരിക്കാന്‍ പറ്റിയില്ല. ഞാന്‍ മാമന്റെ കൂടെ സൈക്കിളില്‍ മുന്നിലിരുന്നു പോകുമ്പോള്‍ എന്റെ കാലു സൈക്കിളിന്റെ റിമ്മില്‍ കുടുങ്ങി എല്ല് തിരിഞ്ഞു പോയി. അത് പിന്നെ വൈദ്യരുടെ അടുത്ത് പോയി തടവേണ്ടി വന്നു. പിറ്റേ ദിവസം മാമന്‍ തന്നെ എന്നെ സൈക്കിളില്‍ കൊണ്ട് ചെന്നാക്കി. സ്‌കൂളില്‍ പിന്‍ബെഞ്ചിലാണ് ഇരുന്നതെങ്കിലും അത്ര വലിയ വിഷമം ഒന്നും ഉണ്ടായിരുന്നില്ല. അപ്പോള്‍ പിന്‍ബെഞ്ച് എന്നത് ഒരു വിവേചനം ആണ് എന്നൊന്നും ചിന്തിക്കുന്നില്ലല്ലോ. ”തറ പറ” എന്നൊക്കെ എഴുതാനായിരുന്നു ആദ്യം പഠിപ്പിച്ചത്. അത് സ്ലേറ്റില്‍ എഴുതിക്കും. വീട്ടില്‍ പോയി സ്ലേറ്റില്‍ മുഴുവനും അത് എഴുതിക്കൊണ്ട് വരാന്‍ പറഞ്ഞു. രാവിലെ സ്‌കൂളില്‍ പോകുന്നതിനു മുമ്പേ ഭക്ഷണം ഒന്നുമുണ്ടാകില്ല. ചായ കാപ്പി എന്നത് ഒരു ഗ്ലാസ് ഉണ്ടാകും. കടി ഒന്നും ഉണ്ടാകില്ല. മൂന്നാം ക്ലാസ് മുതല്‍ ആണ് ഉപ്പുമാവ് കിട്ടാന്‍ തുടങ്ങിയത്. ഉപ്പുമാവ് വാങ്ങിക്കാന്‍ പാത്രം ഒന്നും ഉണ്ടാകില്ല. ജാതി മരത്തിന്റെ ഇല പറിച്ചാണ് ഉപ്പുമാവ് വാങ്ങിക്കുക. ഇല പറിക്കാന്‍ പോകുമ്പോള്‍ മണിയാണി പിള്ളേര്‍ ”തൊടല്ലേ തൊടല്ലേ” എന്ന് പറഞ്ഞു പുലയ പിള്ളേരെ മാറ്റി നിര്‍ത്തും. അവര്‍ പറിച്ചു കഴിഞ്ഞു മാത്രമേ ഞങ്ങള്‍ക്ക് ഇല പറിക്കാന്‍ പറ്റൂ. ഇന്റര്‍വെല്ലിന്റെ സമയത്ത് കളിയ്ക്കാന്‍ പോകുമ്പോള്‍ വേഗം മൂത്രം ഒഴിച്ചു വന്നു തൊട്ടു കളിക്കും. തൊട്ടു കളിക്കുമ്പോള്‍ ഒന്നാം ക്ലാസ്സില്‍ വെച്ചുപോലും ഞങ്ങളെ കൂട്ടില്ല. ഞങ്ങള്‍ അടിയാര്‍ ആണെന്ന ബോധം അന്ന് തന്നെ ആ കുട്ടികള്‍ക്ക് ഉണ്ടായിരുന്നു. ”ഒരു വട്ടം കൂടി കേരളത്തില്‍ ഓര്‍മ്മകള്‍ മേയുന്ന” സ്‌കൂളുകളിലെ ചിത്രലേഖയെപ്പോലുള്ള അടിയാളരുടെ ഓര്‍മ്മകള്‍ ഇങ്ങനെ കൂടി ആണ്.

സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പന്ത്രണ്ടാം വര്‍ഷത്തേക്ക് കടക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2024 - 25 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in


ഞങ്ങളുടെ ഫേസ്ബുക് പേജ് ലൈക് ചെയ്യൂ..


Published On

Category: Literature | Tags: , | Comments: 0 |

'ക്രിട്ടിക്കില്‍ പ്രസിദ്ധീകരിക്കുന്ന ലേഖനങ്ങള്‍ ലേഖകരുടെ അഭിപ്രായങ്ങളാണ്.. അവ പൂര്‍ണ്ണമായും ക്രിട്ടിക്കിന്റെ അഭിപ്രായങ്ങളാകണമെന്നില്ല - എഡിറ്റര്‍'

Be the first to write a comment.

Leave a Reply