ലോകം നടന്നുനീങ്ങുന്നത് ഫാസിസ്റ്റ് ദിനങ്ങളിലേക്കോ? ഇന്ത്യയും….
ആഗോളതലത്തില്‍ ഏറെ ശ്രദ്ധേയമായ വാരമാണ് കടന്നുപോയത്. പല രാജ്യങ്ങളില്‍ നിന്നും പ്രതീക്ഷ നല്‍കുന്ന വാര്‍ത്തകളുണ്ടെങ്കിലും മൊത്തത്തിലുള്ള ചിത്രം നിരാശാജനകമാണെന്നു പറയാതിരിക്കാനാവില്ല. ലോകരാഷ്ട്രീയം നീങ്ങുന്നത് പൊതുവില്‍ പുറകോട്ടാണെന്നു തന്നെ പറയേണ്ടിവരും. ഇന്ത്യയുടെ സ്ഥിതിയും വ്യത്യസ്തമല്ല
ഏറ്റവും പ്രധാന വാര്‍ത്ത ഉക്രൈയിനില്‍ തുടരുന്ന റഷ്യന്‍ അധിനിവേശം തന്നെ. യുദ്ധം അവസാനിപ്പിക്കാനായി ലോകമെങ്ങും ഉയരുന്ന ആവശ്യമംഗീകരിക്കാന്‍ ഇനിയും റഷ്യ തയ്യാറായിട്ടില്ല. യുഎനിനുപോലും ഒരു വിലയും കല്‍പ്പിക്കുന്നില്ല. പകരം ഇപ്പോള്‍ കയ്യേറിയിട്ടുള്ള ഭാഗങ്ങളില്‍ ജനഹിത പരിശോധന നടത്തി എന്നു പ്രഖ്യിപിച്ച് റഷ്യയോട് കൂട്ടിചേര്‍ക്കാനുള്ള നീക്കമാണ് നടക്കുന്നതെന്നാണ് വാര്‍ത്ത. മുമ്പും ഇതേ തന്ത്രം അവര്‍ പ്രയോഗിച്ചിട്ടുണ്ട്. മാത്രമല്ല ആണവായുധഭീഷണി പോലും റഷ്യ മുഴക്കിയിട്ടുണ്ടെന്നതാണ് കാര്യങ്ങളെ കൂടുതല്‍ ഗൗരവമാക്കുന്നത്. യുദ്ധം തുടങ്ങി ഇത്രയും കാലമായിട്ടും ഉക്രൈയ്ന്‍ നടത്തുന്ന ചെറുത്തുനില്‍പ്പ് റഷ്യ പ്രതീക്ഷിക്കാത്തതായിരുന്നു. അതേസമയം യുദ്ധത്തിനെതിരെ റഷ്യക്കകത്ത് പ്രതിഷേധം ശക്തമാകുന്നു എന്ന വാര്‍ത്ത സ്വാഗതാര്‍ഹമാണ്. നിര്‍ബന്ധിത സൈനികസേവനത്തിനായി സര്‍ക്കാര്‍ ആവശ്യപ്പെട്ടതോടെയാണ് പ്രതിഷേധം ശക്തമായത്. പ്രതിഷേധക്കാര്‍ക്കെതിരെ ശക്തമായ നടപടികളാണ് സര്‍ക്കാര്‍ സ്വീകരിക്കുന്നതെന്നും വാര്‍ത്തയുണ്ട്. മറുവശത്ത് ആയിരകണക്കിനു പേരാണ് രാജ്യത്തുനിന്നു പലായനം ചെയ്യുന്നതെന്നും മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. അധിനിവേശം നടത്തുന്ന രാജ്യത്തുനിന്ന് ഇത്തരത്തില്‍ പലായനമെന്നത് അസാധാരണമാണെന്നതും ഓര്‍ക്കാവുന്നതാണ്.
ചൈനയില്‍ എന്തൊക്കെയോ നടക്കുന്നു എന്ന വാര്‍ത്തയാണ് മറ്റൊന്ന്. കമ്യൂണിസ്റ്റ് കോട്ടകൊണ്ട് അടച്ചുഭദ്രമാക്കിയ, ലോകത്തിനു മുന്നില്‍ സുതാര്യമാകാത്ത രാജ്യത്തുനിന്ന് ഒരു വിവരവും കൃത്യമായി പുറത്തുവരില്ലല്ലോ. അവിടെ സൈനിക അട്ടിമറി നടന്നെന്നും പ്രസിഡന്റ് ഷി ചിന്‍ പിങ് വീട്ടുതടങ്കലിലാണെന്നുമുള്ള വാര്‍ത്തയാണ് വ്യാപകമായി പ്രചരിച്ചത്. ഏതാനും ദിവസം ആകാംക്ഷയുടെ മുള്‍മുനയില്‍ നിര്‍ത്തിയെങ്കിലും പിന്നീട് പ്രസിഡന്റ് പൊതുവേദിയിലെത്തി. അദ്ദേഹം ക്വാറന്റൈയിനിലായിരുന്നത്രെ. അല്ലെങ്കിലും സാധാരണ നിലക്ക് ഇത്തരം വാര്‍ത്തകള്‍ സത്യമാകാനാണിട. കാരണം ജനാധിപത്യപരമായി കമ്യൂണിസ്റ്റ് രാഷ്ട്രങ്ങളിലെ ഭരണാധികാരികളെ മാറ്റുക എളുപ്പമല്ല എന്നതുപോലെതന്നെയാണ് സൈനികമായും എളുപ്പമല്ല എന്നത്. അത്രമാത്രം കരുത്തരാണ് അവിടത്തെ ഭരണാധികാരികള്‍. മരണംവരെയാണല്ലോ പൊതുവിലവരുടെ കാലാവധി. ചൈനയാകട്ടെ ഇക്കാര്യത്തില്‍ ഏറ്റവും ശക്തമാണ്. സാമ്പത്തികമായി മുതലാളിത്ത രാഷ്ട്രമായിട്ടും രാഷ്ട്രീയമായി കമ്യൂണിസ്റ്റ് ചട്ടക്കൂടിനകത്താണവരുടെ സ്ഥാനം. അതിനെ തകര്‍ക്കാന്‍ ശ്രമിക്കുന്നവര്‍ എന്നും ഭീതിയോടെ ഓര്‍ക്കുക തൊണ്ണൂറുകളിലെ വിദ്യാര്‍ത്ഥി കലാപവും ടാങ്കറുകളുമായിരിക്കും. ഇനിയഥവാ അങ്ങനെ സംഭവിച്ചാലും ഗുണകരമായ മാറ്റമൊന്നും ഉണ്ടാകുകയുമില്ല. മറുവശത്ത് തായ്‌വാനുമായി ബന്ധപ്പെട്ട് ചൈനയും അമേരിക്കയുമായുള്ള സംഘര്‍ഷത്തിനും അയവായിട്ടില്ല. ലോകാധിപത്യത്തിനായുള്ള ഇരുരാജ്യങ്ങളുടേയും മത്സരം വരുംകാലം രൂക്ഷമാകുമെന്നതും ഉറപ്പ്.
ദി ക്രിട്ടിക് ഫേസ് ബുക്ക് പേജ് ലൈക്ക് ചെയ്യുക
ആദ്യമായി ഒരു വനിത, ഇറ്റലിയുടെ പ്രധാനമന്ത്രിയാകുന്നു എന്ന വാര്‍ത്ത ലോകത്തിനാകെ ആവേശമാകേണ്ടതാണ്. എന്നാല്‍ അതങ്ങനെയല്ല എന്നതാണ് യാഥാര്‍ത്ഥ്യം. ഒരുപക്ഷെ മുസോളനിക്കുശേഷം തീവ്ര വലതുപക്ഷം ഇതി്‌ലൂടെ അധികാരത്തിലെത്തിയിരിക്കുകയാണ്. അതും തെരഞ്ഞെടുപ്പിലൂടെ. ബ്രദേഴ്‌സ് ഓഫ് ഇറ്റലി നേതാവ് ജോര്‍ജിയ മിലോണിയാണ് പ്രധാനമന്ത്രി. അഭയാര്‍ഥിത്വത്തെയും കുടിയേറ്റത്തെയും വെറുപ്പോടെ കാണുന്നവരാണിവര്‍. പ്രത്യേകിച്ച് മുസ്ലിം കുടിയേറ്റത്തെ. ലൈംഗിക ന്യൂനപക്ഷങ്ങളോടുള്ള നിലപാടും വെറുപ്പിന്റേതാണ്. ആശങ്കയിലാണ്. അമേരിക്കയുടെ മുന്‍പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ ആരാധിക കൂടിയാണ് നാല്‍പത്തിയഞ്ചുകാരിയായ മെലോനി. കടുത്ത ദേശീയ വാദം, ക്രിസ്ത്യന്‍ മതത്തിലൂന്നിയുള്ള പ്രചാരണ രീതി, ഫെമിനിസത്തെയും വനിതാ സംവരണത്തെയും നിരാകരിക്കുക, എല്‍ ജി ബി ടിക്യു സമൂഹത്തോട് രൂക്ഷമായ എതിര്‍പ്പ് എന്നിവയെല്ലാം ബ്രദേഴ്സ് ഇറ്റലി പാര്‍ട്ടിയുടെ പ്രത്യേകതയാണ്. തീവ്രയാഥാസ്ഥിതികത, കുടിയേറ്റവിരുദ്ധത, അക്രമോത്സുകദേശീയത, ന്യൂനപക്ഷവിദ്വേഷം എന്നീ നാല് തൂണുകള്‍ക്ക് മേലെയാണ് അവര്‍ തങ്ങളുടെ രാഷ്ട്രീയസാമ്രാജ്യം കെട്ടി ഉയര്‍ത്തിയിട്ടുള്ളത്.ഇത്തരം ഒരു പാര്‍ട്ടി ഇറ്റലിയില്‍ വീണ്ടും അധികാരത്തിലെത്തുന്നത് യൂറോപ്പിലെ മറ്റ് പല രാജ്യങ്ങളിലും നവ ഫാസിസ്റ്റ് സംഘടനകള്‍ക്ക് കരുത്തേകുമോയെന്ന ആശങ്കയും ശക്തമായിട്ടുണ്ട്്. വെറുപ്പിന്റെ പ്രത്യയശാസ്ത്രം എന്നുകണ്ട് മുഖ്യധാരയില്‍ നിന്ന് അകറ്റി നിര്‍ത്തപ്പെട്ട രാഷ്ട്രീയകക്ഷികള്‍ പലതും അധികാരം പിടിച്ചെടുത്ത് രാജ്യത്തിന്റെ ദേശീയതയുടെ പ്രോജ്വലമുഖമായി വിലസുന്ന പ്രതിഭാസം ഇപ്പോള്‍ ലോകമെമ്പാടും കണ്ടു വരികയാണ്. ഹങ്കറി, സ്വീഡന്‍, ഫ്രാന്‍സ്, ജര്‍മ്മനി, പോളണ്ട്, നെതര്‍ലന്‍ഡ്സ് തുടങ്ങി യൂറോപ്യന്‍ രാജ്യങ്ങളില്‍ വലതുതീവ്രനിലപാടുകാര്‍ ഈവിധം അധികാരത്തില്‍ എത്തുകയോ അവരുടെ നില ഗണ്യമായി മെച്ചപ്പെടുത്തുകയോ ചെയ്തിട്ടുണ്ട് എന്നതു കാണാതിരിക്കാനാവില്ലല്ലോ.
ഇറ്റലിയില്‍ നിന്ന് ഇറാനിലെത്തുമ്പോള്‍ മതതീവ്രവാദം ശക്തമാകുന്ന വാര്‍ത്തകളാണ് വരുന്നത്. വേണ്ട വിധം വസ്ത്രം ധരിച്ചില്ലെന്ന് ആരോപിച്ച് ഗഷ്‌തെ ഇര്‍ഷാദ് എന്ന മത പോലീസ് മഹ്സ അമിനി എന്ന വനിതയെ കൊലപ്പെടുത്തിയ സംഭവം സൃഷ്ടിച്ച കോലാഹലങ്ങള്‍ തുടരുകയാണ്. സംഭവത്തില്‍ പ്രതിഷേധിച്ച് സ്ത്രീകളുടെ നേതൃത്വത്തില്‍ നടക്കുന്ന പോരാട്ടം ശക്തമാകുകയാണ്. തലസ്ഥാനമായ തെഹ്റാന്‍ ഉള്‍പ്പെടെ മുപ്പതോളം നഗരങ്ങളിലേക്ക് സമരം ആളിപ്പടര്‍ന്നതായാണ് വാര്‍ത്ത. സമരം അടിച്ചൊതുക്കാനുള്ള നീക്കത്തിനിടെ അമ്പതോളം പേര്‍ മരിച്ചെന്നും റിപ്പോര്‍ട്ടുണ്ട്. പരസ്യമായി മുടി മുറിച്ചും ഹിജാബ് കത്തിച്ചും പര്‍ദ്ദ ധിക്കാതെ പൊതു നിരത്തില്‍ മുദ്രാവാക്യം വിളിച്ചുമാണ് യുവതികള്‍ പ്രതിഷേധിക്കുന്നത്. നിലനില്‍ക്കുന്ന സ്ത്രീ വിരുദ്ധമായ നിയമങ്ങള്‍ പരിഷ്‌കരിക്കണമെന്നും വസ്ത്രസ്വാതന്ത്ര്യം അനുവദിക്കണമെന്നും ഗൈഡന്‍സ് പെട്രോള്‍ എന്ന സദാചാര പോലീസിംഗ് അവസാനിപ്പിക്കണമെന്നും അവര്‍ ആവശ്യപ്പെടുന്നു. തീര്‍ച്ചയായും ഒരേസമയം ആശങ്കയും പ്രതീക്ഷയും നല്‍കുന്ന വാര്‍ത്തകളാണ് ഇറാനില്‍ നിന്നു കേള്‍ക്കുന്നതെന്നു സാരം.
ദി ക്രിട്ടിക് യു ട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
ഇതുമായി ബന്ധപ്പെട്ടുതന്നെ ക്യൂബയില്‍ നിന്നുള്ള വാര്‍ത്തയും പരിശോധിക്കാവുന്നതാണ്. അവിടെ ജനഹിതപരിശോധനയിലൂടെ വന്‍സാമൂഹ്യവിപ്ലവം നടക്കുന്നതായാണ് വാര്‍ത്ത. കുടുംബവുമായി ബന്ധപ്പെട്ട നിയമങ്ങളിലെ ഉടച്ചുവാര്‍ക്കലാണ് പ്രധാനം. സ്ത്രീകള്‍ക്കും കുഞ്ഞുങ്ങള്‍ക്കും ലൈംഗിക ന്യൂനപക്ഷങ്ങള്‍ക്കും കൂടുതല്‍ അവകാശങ്ങളും പരിഗണനയും നല്‍കുന്നതാണ് പുതിയ നിയമം. കൂടാതെ സ്വവര്‍ഗ വിവാഹത്തിന് അനുമതി നല്‍കിയിട്ടുണ്ട്. അവര്‍ക്ക് കുട്ടികളെ ദത്തെടുക്കാം. ശൈശവ വിവാഹ നിരോധനം, വിവാഹമോചനത്തിന്റെ സാഹചര്യത്തില്‍ കുട്ടികളുടെ സംരക്ഷണം തുടങ്ങിയവ ഉറപ്പാക്കുന്ന വകുപ്പുകളും നിയമത്തിലുണ്ട്. വൃദ്ധര്‍ക്കും സ്ത്രീകള്‍ക്കും കൂടുതല്‍ സംരക്ഷണം ലഭിക്കും. ശിശു-വയോജന പരിപാലനത്തിലടക്കം എല്ലാ മേഖലയിലും ജോലിഭാരത്തില്‍ സമത്വം ഉറപ്പു വരുത്തുന്നു. ജനാധിപത്യത്തില്‍ വിശ്വസിക്കാത്ത കമ്യൂണിസ്റ്റ് പാര്‍ട്ടിയാണ് ഭരിക്കുന്നതെങ്കിലും ജനഹിതപരിശോധനയിലൂടെയാണ് നിയമം നടപ്പിലാകുന്നത് എന്നത് എടുത്തു പറയേണ്ടതാണ്. ശക്തമായി രംഗത്തിറങ്ങിയ കൃസ്ത്യന്‍ സഭകളുടെ നിലപാടുകളെയും പ്രചാരണങ്ങളേയും ജനം തള്ളുകയായിരുന്നു.
ഇന്ത്യയിലേക്കു വരുകയാണെങ്കില്‍ ഇറ്റലിയില്‍ ഇപ്പോള്‍ സംഭവിച്ചതിനു സമാനമാണ് ഇവിടത്തെ കുറെ കാലമായുള്ള രാഷ്ട്രീയാവസ്ഥ എന്നതു പ്രകടമാണ്. എല്ലാ മാര്‍ഗ്ഗങ്ങളുമുപയോഗിച്ച് വ്യത്യസ്ഥ നിലപാടുള്ളവരെ അടിച്ചമര്‍ത്തുന്ന നയം തന്നെയാണ് സര്‍ക്കാര്‍ സ്വീകരിക്കുന്നത്. അതിന്റെ അവസാനത്തെ ഉദാഹരണം മാത്രമാണ് പോപ്പുലര്‍ ഫ്രണ്ട് നിരോധനം. ലോകത്തെ ഏറ്റവും ശക്തമായ ഭീകരസംഘടനയാണെന്നു വിശേഷിപ്പിക്കാവുന്നവര്‍ നിയന്ത്രിക്കുന്ന ഭരണകൂടമാണ് ഇതു ചെയ്യുന്നതെന്നതാണ് തമാശ. 2025ല്‍ തങ്ങളുടെ സാമ്രാജ്യം സ്ഥാപിക്കുമെന്നാണല്ലോ ഇവര്‍ പ്രഖ്യാപിച്ചിരിക്കുന്നത്. അതിന്റെ ഭരണഘടനപോലും തയ്യാറായതായി വാര്‍ത്തയുണ്ട്. ന്യൂനപക്ഷങ്ങള്‍ക്ക് വോട്ടാവകാശം നിഷേധിക്കലാണത്രെ അതിലേറ്റവും പ്രധാനം. ആര്‍.എസ്സ്.എസ്സിന്റെ പ്രാരംഭ കാലത്ത് ഡോ.ഹെഡ്‌ഗേവാര്‍ അക്കാലത്ത് യൂറോപ്പില്‍ വംശീയ ഉന്മൂലനത്തിന്റെ നൂതന പരീക്ഷണങ്ങള്‍ വിജയകരമായി നടത്തി വന്നിരുന്ന മുസ്സോളിനിയുടെയും ഹിറ്റ്‌ലറുടെയും കടുത്ത ആരാധകനായിരുന്നല്ലോ. തന്റെ ആരാധ്യപുരുഷുക്കളെ നേരില്‍ക്കണ്ട് വിജയരഹസ്യങ്ങള്‍ അറിഞ്ഞുവരാന്‍ ഹെഡ്‌ഗേവാര്‍ യുറോപ്പിലേയ്ക്ക് ഗുരുവും ഹിന്ദുമഹാസഭ നേതാവുമായിരുന്ന ഡോ.മുഞ്ചേയെ അയച്ചിരുന്നതും ചരിത്രം. യുറോപ്യന്‍ ഫാഷിസ്റ്റുകള്‍ പിന്തുടര്‍ന്ന obedience to one leader എന്ന ആശയം അതേപടി പകര്‍ത്തിയതാണ് ‘ഏക് ചാലക് അനുവര്‍ത്തിത്വ’ എന്ന ആര്‍.എസ്സ്.എസ്സിന്റെ സംഘടനാ നേതൃത്വസംവിധാനമെന്ന് ചൂണ്ടികാട്ടപ്പെട്ടുട്ടുണ്ട്. പട്ടാളച്ചിട്ടയിലുള്ള അച്ചടക്കം, ആക്രമണോത്സുകമായ രാഷ്ട്രാഭിമാനം, പാരമ്പര്യത്തോടും ചരിത്രകാല മഹിമകളോടുമുള്ള അഭിനിവേശം, സ്ത്രീകളെ രാഷ്ട്രീയമായി പിന്നോട്ട് നിര്‍ത്തുന്ന ഭരണസംവിധാനം തുടങ്ങിയ ആശയങ്ങള്‍ ആര്‍.എസ്സ്.എസ്സ്. മുസ്സോളിനിയുടെ ബലീല, അവന്‍ഗാദുസ്തി എന്നീ യുവമിലീഷ്യകളില്‍ നിന്ന് കടമെടുത്തതാണെന്ന് മരിയ കസലോറി, ക്രിസ്റ്റഫര്‍ ജെഫ്റിലോട്ട് തുടങ്ങിയ ചരിത്രകാരന്മാര്‍ സാക്ഷ്യപ്പെടുത്തിയിട്ടുമുണ്ട്. ഇറ്റലിയിലെയും ജര്‍മ്മനിയിലെയും ഫാഷിസ്റ്റുകളോടുള്ള തങ്ങളുടെ ആദരവും അഭിനിവേശവും ഹെഡ്‌ഗേവാര്‍, ഗോള്‍വാള്‍ക്കര്‍, സവര്‍ക്കര്‍ തുടങ്ങിയ സംഘ്പരിവാര്‍ സൈദ്ധാന്തികര്‍ തന്നെ വെളിവാക്കിയിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ ഇന്ത്യയുടെ യാത്രയും ഫാസിസത്തിന്റെ നാളുകളിലേക്കാമെന്നു തന്നെ പറയേണ്ടിവരും. ചുരുക്കത്തില്‍ കാലത്തിനനുസരിച്ച് കൂടുതല്‍ ജനാധിപത്യത്തിലേക്കും വ്യക്തിസ്വാതന്ത്ര്യത്തിലേക്കും സാമൂഹ്യനീതിയിലേക്കും മതേതരത്വത്തിലേക്കും നീങ്ങുന്നതിനുപകരം നേരെ തിരിച്ചുള്ള ദിശയിലാണ് ലോകത്തിന്റെ പൊതുവിലുള്ള പ്രയാണം എന്നതാണ് പച്ചയായ യാഥാര്‍ത്ഥ്യം.
സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പന്ത്രണ്ടാം വര്‍ഷത്തേക്ക് കടക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2024 - 25 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.
The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in