പ്രഖ്യാപനങ്ങളിലൊതുങ്ങുന്നോ ലോകകേരളസഭ….?
വളരെ ഗുണാത്മകമായ നിര്‍ദ്ദേശങ്ങള്‍ സമീപനരേഖയിലുണ്ട്. എന്നാല്‍ കഴിഞ്ഞ രണ്ടു സഭകളിലെടുത്ത തീരുമാനങ്ങള്‍ എത്രമാത്രം നടപ്പാക്കപ്പെട്ടിട്ടുണ്ട് എന്ന പരിശോധന നല്‍കുന്നത് നിരാശയായതിനാല്‍ അമിതപ്രതീക്ഷയില്‍ അര്‍ത്ഥമില്ല. അതേസമയം ലോകകേരളസഭയുടെ പ്രസക്തി നിഷേധിക്കാനാവുകയുമില്ല.,
പതിവുപോലെ ഏറെ വിവാദത്തോടെയാണ് ഇത്തവണയും ലോകകേരളസഭ കടന്നുപോയത്. സ്വര്‍ണ്ണകക്കള്ളകടത്തുമായി ബന്ധപ്പെട്ട വിവാദങ്ങളുടേയും സമരങ്ങളുടേയും പശ്ചാത്തലത്തില്‍ മുഖ്യമന്ത്രിക്കൊപ്പം വേദി പങ്കിടില്ലെന്നു പറഞ്ഞ് പ്രതിപക്ഷം സഭ ബഹിഷ്‌കരിച്ചതാണ് പ്രധാന വിവാദം. ഇതുമായി ബന്ധപ്പെട്ട് യൂസഫലി നടത്തിയ പ്രതികരണവും അതിനു പ്രതിപക്ഷം നല്‍കിയ മറുപടിയും ഏറെ ചര്‍ച്ചാവിഷയമായി. പുരാവസ്തുതട്ടിപ്പ് കേസിലെ മോണ്‍സന്‍ മാവുങ്കലിന്റെ ഇടനിലക്കാരിയെന്ന് പറയപ്പെടു്‌നന അനിത പുല്ലയിലിന്റെ സാന്നിധ്യവും കൊളുത്തിയ വിവാദങ്ങള്‍ അവസാനിച്ചിട്ടില്ല. ആര്‍ക്കും ഒരുഗുണവുമില്ലാത്ത ധൂര്‍ത്താണ് ലോകകേരളസഭയുടെ പേരില്‍ നടക്കുന്നതെന്ന ആരോപണവും സജീവമാണ്. വിവാദങ്ങള്‍ക്ക് പഞ്ഞമില്ലാത്ത നാടാണല്ലോ കേരളം. അത് അതിന്റെ വഴി നടക്കട്ടെ. അതല്ല ഈ കുറിപ്പില്‍ ചര്‍ച്ച ചെയ്യാനുദ്ദേശിക്കുന്നത്. മറിച്ച് മൂന്നു ലോകകേരളസഭകള്‍ നടന്നിട്ടും അതു മുന്നോട്ടുവെച്ച ലക്ഷ്യങ്ങള്‍ എത്രമാത്രം നേടാനായി എന്നതാണ്. തീര്‍ച്ചയായും അത്തരമൊരു പരിശോധന നല്‍കുന്നത് നിരാശ മാത്രമാണ്.
ലോകകേരള സഭ രൂപീകരിക്കുന്നതുമായി ബന്ധപ്പെട്ട സര്‍ക്കാര്‍ നിലപാട് ഏറെക്കുറെ ഇങ്ങനെയായിരുന്നു. ‘കേരളസമൂഹവും സംസ്‌കാരവും ലോകമാകെ വ്യാപിക്കുകയാണ്. സംസ്ഥാനത്തിന്റെ ഔദ്യോഗിക അതിര്‍ത്തികള്‍ കടന്ന് ഇന്ത്യയിലെ ഇതര സംസ്ഥാനങ്ങളിലും, കേന്ദ്രഭരണ പ്രദേശങ്ങളിലും ലോകത്താകെത്തന്നെയും കേരളം വളരുകയാണ്. . അന്താരാഷ്ട്ര തലത്തില്‍ ശ്രദ്ധേയമായിക്കഴിഞ്ഞിരിക്കുന്ന ഒരു സംസ്‌ക്കാരമായി നമ്മുടെ കേരളീയത ഇന്നു വളര്‍ന്നിരിക്കുന്നു. ഈ തിരിച്ചറിവാണ് ലോക കേരളസഭ രൂപീകരിക്കുന്നതിനുള്ള പ്രേരണ. ലോക കേരളത്തിന് നേതൃത്വം കൊടുക്കുക എന്ന കടമ നിര്‍വഹിക്കുകയാണ് സഭ രൂപീകരണത്തിലൂടെ സംസ്ഥാന സര്‍ക്കാര്‍ ചെയ്യുന്നത്. കേരളത്തിനകത്തും വിദേശത്തും ഇന്ത്യയിലെ ഇതര സംസ്ഥാനങ്ങളിലും വസിക്കുന്ന ഇന്ത്യന്‍ പൗരന്മാരായ കേരളീയരുടെ പൊതുവേദിയാണ് ലോക കേരള സഭ. കൂട്ടായ്മയും സഹകരണവും പ്രോത്സാഹിപ്പിക്കുകയും കേരളീയ സംസ്‌കാരത്തിന്റെ വികസനത്തിനു പ്രവര്‍ത്തിക്കുകയുമാണ് ലോക കേരള സഭയുടെ ലക്ഷ്യം. ലോകത്താകെയുള്ള കേരളീയരുടെ കൂട്ടായ്മയും പരസ്പര സഹകരണവും പ്രോത്സാഹിപ്പിക്കുകയും, കേരള സംസ്‌കാരത്തിന്റെ പുരോഗമനപരമായ വികസനത്തിനു വേണ്ടി പ്രവര്‍ത്തിക്കുകയുമാണ് ലോക കേരള സഭയുടെ ലക്ഷ്യം.’ ലോക കേരളസഭ സമീപഭാവിയില്‍ നിയമപ്രകാരമുള്ള സഭയായി മാറുമെന്നും സഭയുടെ നിര്‍ദേശങ്ങള്‍ ഗൗരവത്തോടെ പരിഗണിച്ച് ആവശ്യമായ തീരുമാനമെടുക്കുമെന്നും ഇതില്‍ കേന്ദ്രവുമായി ആലോചിച്ച് നടപ്പാക്കേണ്ടവ അങ്ങനെയും സംസ്ഥാനം തീരുമാനമെടുക്കേണ്ടത് അത്തരത്തിലും പരിഗണിക്കുമെന്നും സര്‍ക്കാര്‍ അവകാശപ്പെടുന്നു.
ദി ക്രിട്ടിക് ഫേസ് ബുക്ക് പേജ് ലൈക്ക് ചെയ്യുക
തീര്‍ച്ചയായും മനോഹരമായ സ്വപ്‌നം തന്നെയാണിത്. എന്നാല്‍ ഇത്തരമൊരു ലക്ഷ്യവുമായി തട്ടിച്ചുനോക്കിയാല്‍ നമ്മള്‍ തുടങ്ങിയിടത്തുതന്നെ നില്‍ക്കുകയാണെന്നു പറയേണ്ടിവരും. മറിച്ച് രണ്ടുപ്രധാന വിഷയങ്ങളാണ് പ്രസക്തമാകുന്നത്. ഒന്ന് പ്രവാസികള്‍ നേരിടുന്ന രൂക്ഷമായ പ്രതിസന്ധികളില്‍ നമുക്കവരുടെ കൂടെനില്‍ക്കാനാവുന്നുണ്ടോ, പ്രവാസികള്‍ നാട്ടിലേക്കയക്കുന്ന പണം കേരളത്തിന്റെ വികസനപാതയിലേക്കു തിരിച്ചുവിടാന്‍ കഴിയുന്നുണ്ടോ എന്നിവയാണവ. ചില നേട്ടങ്ങളൊക്കെ ചൂണ്ടികാണിക്കാനാവുമായിരിക്കാം. എന്നാല്‍ ഇക്കാര്യങ്ങളിലും ലക്ഷ്യത്തിന്റെ അടുത്തൊന്നും നമ്മള്‍ എത്തുന്നില്ല എന്നതാണ് വസ്തുത.
ഒരു കാലത്ത് തകര്‍ന്നു തരിപ്പണമാകുമായിരുന്ന കേരള സമ്പദ് ഘടനയെ പിടിച്ചു നിര്‍ത്തിയത് പ്രവാസികളാണെന്ന കാര്യത്തില്‍ ആര്‍ക്കും തര്‍ക്കമുണ്ടാകുമെന്നു തോന്നുന്നില്ല. കേരളമോഡലിനെ ചൂണ്ടികാട്ടി, ഉല്‍പ്പാദനമേഖലകള്‍ വികസിക്കാതേയും ഒരു സമൂഹത്തിനു മുന്നോട്ടുപോകാനാവുമെന്നു ലോകമാകെ കൊട്ടിഘോഷിക്കപ്പെട്ട ഒരു കാലമുണ്ടായിരുന്നു. എന്നാല്‍ അതിനെല്ലാം ഒരു പരിധി ഉണ്ടാകുമല്ലോ. കേരളത്തിലേക്ക് പുറത്തുനിന്നൊഴുകിയ പണം ബാങ്കുകളിലൂടേയും സ്റ്റോക്ക് എക്‌സ്‌ചേഞ്ചുകളിലൂടേയും അവശ്യവസ്തുക്കള്‍ മുതല്‍ ഉപഭോഗവസ്തുക്കള്‍ വാങ്ങുന്നതിനായുമൊക്കെ പുറത്തേക്ക് ഒഴുകുകയായിരുന്നു. കേരളത്തിന്റെ ഉല്‍പ്പാദനമേഖലയുടെ വികാസത്തിനു അവ ഉപയോഗിക്കുന്ന സമീപനവും ശക്തമായ നടപടികളും ഉണ്ടായില്ല. പല മേഖലകളിലും ഗള്‍ഫ് പണത്തിന്റെ ഒഴുക്ക് വിപരീതഫലം ഉണ്ടാക്കിയതായും വിലയിരുത്തലുകളുണ്ടല്ലോ. പലപല കാരണങ്ങളാലും സംരംഭകത്വത്തെ പ്രോത്സാഹിപ്പിക്കുന്ന ഒരു സമീപനം നമ്മുടെ സംസ്ഥാനത്തില്ല എന്നതാണ് വസ്തുത. അത്തരത്തില്‍ ശ്രമിക്കുന്ന പലര്‍ക്കും സര്‍ക്കാരില്‍ നിന്നും രാഷ്ട്രീയപ്രസ്ഥാനങ്ങളില്‍ നിന്നും ബ്യൂറോക്രസിയില്‍ നിന്നും യൂണിയനുകളില്‍ നിന്നും ഗുണകരമായ സമീപനമല്ല ലഭിക്കുന്നത്. സമീപകാലത്തും അത്തരത്തില്‍ പല സംഭവങ്ങളും നടന്നല്ലോ. പെട്ടിക്കടക്കാരനെപോലും. ആറക്കവേതനം വാങ്ങുന്നവര്‍ ബൂര്‍ഷ്വാസി എന്നാക്ഷേപിക്കുന്ന ഒരു സംസ്‌കാരം ഇവിടെ സൃഷ്ടിച്ചിട്ടുമുണ്ട്. എന്നാല്‍ മറുവശത്ത് വിരലിലെണ്ണാവുന്ന ഏതാനും വന്‍കിട പ്രവാസി സംരംഭകര്‍ ഉയര്‍ന്നു വന്നു. അവര്‍ക്കാകട്ടെ ഇത്തരം പ്രശ്‌നങ്ങള്‍ കാര്യമായി നേരിടേണ്ടിവരുന്നില്ല. മറിച്ച് എല്ലാവരില്‍ നിന്നും ലഭിക്കുന്നത് സഹകരണം തന്നെയാണ്. തീര്‍ച്ചയായും അതില്‍ തെറ്റില്ല. എന്നാല്‍ ചെറുകിട, ഇടത്തരം സംരംഭകരോടും ആ സമീപനം ഉണ്ടാകണം. അക്കാര്യത്തില്‍ കാര്യമായ ഇടപെടലുകളൊന്നും ലോകകേരളസഭയില്‍ ഉണ്ടായതായി അരിയില്ല. പല പ്രവാസി സംരംഭകരുടേയും അനുഭവങ്ങളൊക്കെ ആഘോഷിക്കപ്പെടുന്നു എങ്കിലും ഇത്തരത്തില്‍ ഗൗരവമായ വിഷയങ്ങളില്‍ ശക്തമായ തീരുമാനങ്ങളെടുത്ത് നടപ്പാക്കാത്തിടത്തോളം ഇങ്ങോട്ടൊഴുകുന്ന പ്രവാസപണത്തിന്റെ നേട്ടം കേരളത്തിനു ലഭിക്കില്ല. നിര്‍മ്മാണമേഖലകളില്‍ മാത്രമായി അവ ഒതുങ്ങും. ലക്ഷകണക്കിനു വീടുകളും ഫ്‌ളാറ്റുകളും പൂട്ടികിടക്കുന്ന പ്രദേശമായി കേരളം മാറിയതിനു കാരണം മറ്റൊന്നല്ല.
ഇതിന്റെ മറുവശമാണ് പാവപ്പെട്ട പ്രവാസികള്‍ നേരിടുന്ന വിഷയങ്ങളോട് ക്രിയാത്മകമായി പ്രതികരിക്കാന്‍ നമുക്കാവുന്നുണ്ടോ എന്നത്? തീര്‍ച്ചയായും ഇല്ല എന്നു തന്നെയാണ് മറുപടി. എല്ലാവര്‍ക്കുമറിയാവുന്നപോലെ ഗള്‍ഫിലും മറ്റുമുള്ള പ്രവാസികളില്‍ വലിയൊരു വിഭാഗത്തിന്റേയും അവസ്ഥ വളരെ മോശമാണ്. പ്രവാസജീവിതത്തിനുശേഷം തിരിച്ചുവരുന്ന അവരോട് നീതിപുലര്‍ത്തുന്ന നടപടികള്‍ സ്വീകരിക്കാന്‍ മാറിമാറിവന്ന സര്‍ക്കാരുകള്‍ക്ക് ഇപ്പോഴും കഴിഞ്ഞിട്ടില്ല. പ്രഖ്യാപിക്കപ്പെടുന്ന പദ്ധതികള്‍ മിക്കവയും കടലാസിലൊതുങ്ങുന്നു. ഈ വിഷയത്തിലും പ്രഖ്യാപനങ്ങളല്ലാതെ കാര്യമായ നടപടികളൊന്നും മൂന്നു സഭകള്‍ കഴിഞ്ഞിട്ടും ഉണ്ടായിട്ടില്ല. ആദ്യസഭയില്‍ 20 രാജ്യത്തുനിന്നായിരുന്നു പങ്കാളിത്തമെങ്കില്‍ രണ്ടാംസഭയില്‍ 40ഉം ഇത്തവണ 62ഉം എത്തി എന്ന് സര്‍ക്കാര്‍ അവകാശപ്പെടുമ്പോള്‍ ഔട്ട് പുട്ട് കൂടി പരിശോധിക്കണം എന്നാണ് സൂചിപ്പിക്കാനുള്ളത്.
ഇത്തവണയും ലോകകേരളസഭയില്‍ വലിയ പ്രഖ്യാപനങ്ങളൊക്കെ ഉണ്ടായിട്ടുണ്ട്. ഈവര്‍ഷം കേരള മൈഗ്രേഷന്‍ സര്‍വേ നടത്തി പ്രവാസി മലയാളികളുടെ വിവരശേഖരം വിപുലീകരിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. ഇതിനായി പ്രവാസി ഡാറ്റാ പോര്‍ട്ടല്‍ ഒരുക്കും. വിപുലമായ ആഗോള രജിസ്‌ട്രേഷന്‍ പ്രചാരണം നടത്തും. സമഗ്ര കുടിയേറ്റനിയമ നിര്‍മാണത്തിന് കേന്ദ്ര സര്‍ക്കാര്‍ തയ്യാറാകണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. മാറിയ ലോക കുടിയേറ്റ ഭൂപടത്തിന് അനുസൃതമായ എമിഗ്രേഷന്‍ നിയമവും കുടിയേറ്റ നിയമവും കാലഘട്ടം ആവശ്യപ്പെടുന്നു. പുതിയ കുടിയേറ്റ നിയമത്തിന്റെ കരട് ബില്‍ 2019ല്‍ പുറത്തിറക്കിയിട്ടും ഇതുവരെ പാര്‍ലമെന്റില്‍ അവതരിപ്പിക്കാനായിട്ടില്ലെന്ന് മുഖ്യമന്ത്രി ചൂണ്ടികാട്ടി. പ്രവാസി വിവരശേഖരം സംസ്ഥാനങ്ങളുമായി പങ്കുവയ്ക്കാന്‍പോലും തയ്യാറാകുന്നുമില്ല. അത് സംസ്ഥാന പദ്ധതികളെ വലിയ തോതില്‍ പ്രയാസപ്പെടുത്തുന്നു. കുടിയേറ്റ കാര്യങ്ങള്‍ തൊഴില്‍ മന്ത്രാലയത്തില്‍നിന്ന് അടര്‍ത്തിമാറ്റി വിദേശ മന്ത്രാലയത്തിനുകീഴിലേക്ക് കൊണ്ടുവരുന്നു. കേന്ദ്ര ഭരണനിര്‍വഹണത്തിലെ അപാകതകളും പ്രവാസികാര്യ വകുപ്പിന്റെ അഭാവവും പ്രവാസി ക്ഷേമപ്രവര്‍ത്തനങ്ങളെ ബാധിക്കുന്നു എന്നും മുഖ്യമന്ത്രി ചൂണ്ടികാട്ടി.
ദി ക്രിട്ടിക് യു ട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
പ്രവാസി കൂട്ടായ്മയ്ക്ക് മികച്ച ഉന്നതവിദ്യാഭ്യാസ സ്ഥാപനം കേരളത്തില്‍ സ്ഥാപിക്കാനാകും. ഇതിന് എല്ലാ പിന്തുണയും സര്‍ക്കാര്‍ നല്‍കും. വികസിത മധ്യവരുമാന രാജ്യങ്ങളുടെ നിലവാരത്തിലേക്ക് കേരളത്തെ ഉയര്‍ത്താനാണ് ശ്രമം. 25 വര്‍ഷത്തിനുള്ളില്‍ ഈ സ്ഥിതിയിലെത്തുന്നതിനുള്ള പദ്ധതിക്ക് രൂപം നല്‍കി. ഇതിനാവശ്യമായ നിര്‍ദേശങ്ങള്‍ പ്രവാസികളും നല്‍കണമെന്നും മുഖ്യമന്ത്രി ആവശ്യപ്പെട്ടു. കോവിഡുമൂലം തൊഴില്‍ നഷ്ടപ്പെട്ട് സ്വദേശങ്ങളിലേക്ക് മടങ്ങിയ പ്രവാസികളെ സഹായിക്കാന്‍ കേന്ദ്ര സര്‍ക്കാരിന് സമഗ്ര നയമുണ്ടായില്ല. പ്രഖ്യാപിച്ച ഏക പദ്ധതി സ്വദേശി സ്‌കില്‍ കാര്‍ഡായിരുന്നു. തിരികെയെത്തിയവരുടെ നൈപുണ്യ വിവരങ്ങള്‍ ശേഖരിച്ച് തൊഴില്‍ദാതാക്കള്‍ക്ക് കൈമാറുകയായിരുന്നു ലക്ഷ്യം. രണ്ടുവര്‍ഷം പിന്നിട്ടിട്ടും കാര്യമായ ചലനമുണ്ടാക്കാന്‍ പദ്ധതിക്കായില്ല. കേരളം മുന്നോട്ടുവച്ച 2000 കോടി രൂപയുടെ പ്രത്യേക പാക്കേജ് ആവശ്യവും നിരാകരിച്ചു. കോവിഡ്കാലത്തിനുശേഷമുള്ള ലോകക്രമത്തിലെ പ്രധാന ആവശ്യം ആരോഗ്യരംഗത്തെ വിദഗ്ധരെയാണ്. ഈ രംഗത്ത് ആയിരക്കണക്കിന് മലയാളികള്‍ക്ക് അവസരമൊരുക്കാനാകുമെന്നാണ് വിലയിരുത്തലെന്നും അദ്ദേഹം കൂട്ടിചേര്‍ത്തു. തൊഴില്‍നിയമ ലംഘനം, ഉയര്‍ന്ന തൊഴില്‍ സമയവും കുറഞ്ഞ വേതനവും, മറ്റുവിധത്തിലുള്ള വേതന ചൂഷണം, അര്‍ഹിക്കുന്ന ആനുകൂല്യങ്ങളും ശമ്പള കുടിശ്ശികയും നല്‍കാതെയുള്ള പിരിച്ചുവിടല്‍ തുടങ്ങിയ കോവിഡുകാലത്ത് വലിയതോതില്‍ ഉയര്‍ന്നുവന്ന പ്രശ്നങ്ങളില്‍ കോണ്‍സുല്‍ സംവിധാനങ്ങള്‍ക്ക് കാര്യമായ ഇടപെടലിന് കഴിഞ്ഞിട്ടില്ല. പ്രവാസികളുടെ യാത്രാപ്രശ്നം, വിദേശത്ത് മരിച്ചാല്‍, മൃതദേഹം സൗജന്യമായി നാട്ടിലെത്തിക്കല്‍ തുടങ്ങിയ വിഷയങ്ങളില്‍ സജീവമായി ഇടപെടുമെന്നും അദ്ദേഹം പറഞ്ഞു. വൈജ്ഞാനിക സമ്പദ്വ്യവസ്ഥയ്ക്ക് കരുത്ത് പകരാന്‍ പ്രവാസിയുടെ പങ്കാളിത്തം ആവശ്യപ്പെട്ടുള്ള സമീപന രേഖയും സഭയില്‍ അവതരിക്കപ്പെട്ടു. കേരള നോളജ് ഇക്കോണമി മിഷന്‍വഴി 20 ലക്ഷം അഭ്യസ്തവിദ്യര്‍ക്ക് തൊഴില്‍ ഉറപ്പാക്കുന്ന പദ്ധതി പ്രവാസികള്‍ക്കും പ്രയോജനപ്പെടുത്താം, ഒപ്പം തൊഴില്‍ ദാതാക്കളുമാകാം എന്ന് രേഖയില്‍ പറയുന്നു.
വളരെ ഗുണാത്മകമായ നിര്‍ദ്ദേശങ്ങള്‍ സമീപനരേഖയിലുണ്ട്. എന്നാല്‍ കഴിഞ്ഞ രണ്ടു സഭകളിലെടുത്ത തീരുമാനങ്ങള്‍ എത്രമാത്രം നടപ്പാക്കപ്പെട്ടിട്ടുണ്ട് എന്ന പരിശോധന നല്‍കുന്നത് നിരാശയായതിനാല്‍ അമിതപ്രതീക്ഷയില്‍ അര്‍ത്ഥമില്ല. അതേസമയം ലോകകേരളസഭയുടെ പ്രസക്തി നിഷേധിക്കാനാവുകയുമില്ല., അതേകുറിച്ച് എഴുത്തുകാരന്‍ എന്‍ എസ് മാധവന്‍ പറഞ്ഞത് കൂടി കുറിക്കട്ടെ. ‘ബഹുസ്വര വൈവിധ്യമുള്ള ഇന്ത്യന്‍ സമൂഹത്തെ കഴിഞ്ഞ കുറച്ചുവര്‍ഷമായി രാജ്യത്തിനു പുറത്ത് അവതരിപ്പിക്കുന്നത് ചില ഭാഗങ്ങളുടെമാത്രം സംസ്‌കാമായാണ്.. ഇന്ത്യയെ ലോക രാഷ്ട്രങ്ങളുടെ മുന്നില്‍ അവതരിപ്പിക്കുന്നത് കേന്ദ്ര സര്‍ക്കാരും അവരുടെ ഏജന്‍സികളുമാണ്. വിദേശങ്ങളില്‍ ഇപ്പോള്‍ ഇന്ത്യ സമം യോഗ എന്ന മട്ടിലേക്ക് മാറി. ഒരു പ്രത്യേക സാംസ്‌കാരികവശത്തെ ഊന്നിക്കൊണ്ടുള്ള പ്രചാരണമാണ് സര്‍ക്കാരിന്റെ നേതൃത്വത്തില്‍ നടക്കുന്നത്. കേരളം, തമിഴ്നാട് തുടങ്ങിയ സംസ്ഥാനങ്ങള്‍ തങ്ങളുടെ വൈവിധ്യമുള്ള സംസ്‌കാരങ്ങള്‍ ലോകത്തിനുമുന്നില്‍ എങ്ങനെ പങ്കുവയ്ക്കണം എന്നതിനെക്കുറിച്ച് ആലോചിക്കണം’
സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പന്ത്രണ്ടാം വര്‍ഷത്തേക്ക് കടക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2024 - 25 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.
The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in