ഗാന്ധി സമകാലീന പ്രസക്തനോ?

ഇന്ത്യയുടെ സമകാലിക രാഷ്ട്രീയ സാഹചര്യത്തില്‍ ഗാന്ധി പ്രസക്തനാണോ? ആളിപടരുന്ന കര്‍ഷകസമരത്തിന്റെ കൂടി പശ്ചാത്തലത്തില്‍ പ്രസക്തനാണെന്നു പറയുന്നു, ഗാന്ധിയന്‍ ചിന്തകന്‍ കൂടിയായ കെ അരവിന്ദാക്ഷന്‍.. ഗാന്ധിയെ സാംസ്‌കാരികമായി വീണ്ടെടുത്ത് വ്യക്തിയുടെയും രാജ്യത്തിന്റേയും ഭൂമിയുടേയും അതിജീവനത്തിനുള്ള വഴികള്‍ കണ്ടെത്തേണ്ട സന്ദര്‍ഭമാണിത്. എന്നാല്‍ ജയന്തിയിലും ചരമദിനത്തിലും മാത്രമേ ഗാന്ധി പ്രസക്തനാകുന്നുള്ളു എന്നും രാജ്യത്തെ ഒരു ജനകീയപോരാട്ടത്തേയും ഗാന്ധി പ്രചോദിപ്പിക്കുന്നില്ലെന്നും യൂറോപ്പിലെ അപരജീവിതത്തെയാണ്, ഇന്ത്യയിലെ അപരജീവിതത്തെയല്ല അദ്ദേഹം പ്രതിനിധീകരിക്കുന്നതെന്നും അംബേദ്കറൈറ്റ് ചിന്തകനായ സണ്ണി എം കപിക്കാട് പറയുന്നു.

കര്‍ഷകരെ പ്രധാനമന്ത്രിയും മുഖ്യമന്ത്രിയുമാക്കാനാണ് ഗാന്ധി ആഗ്രഹിച്ചത്

കെ അരവിന്ദാക്ഷന്‍

മുമ്പെങ്ങുമില്ലാത്തവിധം സംസ്‌കാരികമായ ജീര്‍ണ്ണതയിലൂടെയാണ് നമ്മുടെ ലോകം കടന്നു പൊയ്‌ക്കൊണ്ടിരിക്കുന്നത്. ആഗോളീകരണത്തിന്റേയും നവലിബറലിസത്തിന്റേയും ഫലമായി ഗാന്ധി 1909ല്‍ നിശിതമായി വിമര്‍ശിച്ച ആധുനിക നാഗരികത പുതിയ മുതലാളിത്തമായി രൂപാന്തരപ്പെട്ട് അത്യാര്‍ത്തിയോടെ ഭൂമിയിലെ അവസാനത്തെ പച്ചപ്പ് പോലും തിന്നുതീര്‍ക്കുന്ന തിരക്കിലാണ്. ആധുനികശാസ്ത്രത്തിന്റെ വേഗതയിലും ആഡംബരങ്ങളിലും ഭ്രമിച്ചുവശായ മനുഷ്യന്‍ നൂറ്റാണ്ടുകളായി സൃഷ്ടിക്കപ്പെട്ടിട്ടുള്ള സംസ്‌കൃതികളെ അതിവേഗം നശിപ്പിച്ചുകൊണ്ടിരിക്കുന്നു. ഭൂമിയുടെയും മനുഷ്യന്റേയും ഇതരജീവികളുടെയും നിലനില്‍പ്പുതന്നെ അപകടത്തിലാണെന്ന് സത്യസന്ധരായ ശാസ്ത്രബോധമുള്ളവരും കാലാവസ്ഥാനിരീക്ഷകരും ഓര്‍മ്മപ്പെടുത്തുന്നു. ഇന്ത്യയും ഈ ദുരന്തമുഖത്തിനടുത്താണ് നില്‍ക്കുന്നത്.

മനുഷ്യന്റെ സൃഷ്ടിപരമായ എല്ലാ തെളിവുകളും ഇന്ന് കൂറ്റന്‍ സ്ഥാപനങ്ങള്‍ കവര്‍ന്നെടുത്തു കഴിഞ്ഞു. നിങ്ങളും ഞാനും തന്നെയാണ് അതിന്റെ കുറ്റവാളികള്‍. കാരണം നാം തന്നെയാണ് നമ്മുടെ സഹജമായ അറിവുകളെയും കഴിവുകളെയും സ്ഥാപനങ്ങള്‍ക്ക് അടിമ പ്പെടുത്തിയിരിക്കുന്നത്. ചിലപ്പോള്‍ പ്രേരണ കൊണ്ട്, സമ്മര്‍ദ്ദം കൊണ്ട്, ഭയം കാരണം. ലോകത്തിന്റെ മുകിലും മൂലയിലും വേരുകളുള്ള ബഹുരാഷ്ട്ര കുത്തകകളാണ് നമ്മള്‍ എന്തു കുടിക്കണം, തിന്നണം, കാണണം, രുചിക്കണം, ശ്വസിക്കണം, ചിന്തിക്കണം, പ്രവര്‍ത്തിക്കണം എന്നെല്ലാം നിശ്ചയിക്കുന്നത്.് ലാഭം മാത്രമാണ് അവര്‍ക്ക് താല്പര്യം. ഭൂമി ഒരു ഒരു വലിയ വിപണിയായി മാറിയിരിക്കുന്നു. ജനാധിപത്യമടക്കമുള്ള എല്ലാ രാഷ്ട്രീയവ്യവസ്ഥകളും അറിഞ്ഞും അറിയാതെയും ഈ വന്‍വിപണിയുടെ കരുക്കളാണ്. ഇതില്‍നിന്നുള്ള സ്വാതന്ത്ര്യം ഗാന്ധിയുടെ സ്വരാജിലേക്കും സ്വദേശിയിലേക്കും യാത്രയാകുക എന്നതാണ്. ഇത് മനുഷ്യന്റെ തിരിച്ചുപോക്കല്ല. ആസന്നമരണയായ ഭൂമിയെ രക്ഷിക്കാനുള്ള ഉള്ള മനുഷ്യന്റെ അവസാനത്തെ സര്‍ഗാത്മകമായ ഇടപെടലാണ്. ഗാന്ധി ദക്ഷിണാഫ്രിക്കയിലും ഇന്ത്യയിലുമായി രൂപപ്പെടുത്തിയ ഫീനിക്‌സ് ആശ്രമവും ടോള്‍സ്‌റ്റോയ് ഫാമും സബര്‍മതിയും സേവാ ഗ്രാമും് അതിജീവനത്തിന്റെ പരീക്ഷണശാലകളായിരുന്നു. തന്റെ രാഷ്ട്രീയ സമരങ്ങള്‍െക്കാപ്പം ഗാന്ധി പ്രാമുഖ്യം നല്‍കിയത് ഈ പരീക്ഷണശാലകളിലെ പ്രവര്‍ത്തനങ്ങള്‍ക്കായിരുന്നു. ഈ പരീക്ഷണ ഭക്ഷണശാലകളില്ലെങ്കില്‍ ഗാന്ധിയന്‍ സത്യാഗ്രഹസമരങ്ങളില്ല. ഗാന്ധി ഇതിനെ constructive programe അഥവാ രചനാത്മകപദ്ധതികള്‍ എന്നു വിളിച്ചു.

1944 ഒക്‌ടോബര്‍ 22ന് സേവാഗ്രാമില്‍ വെച്ച് ഗാന്ധി പറഞ്ഞു പൂര്‍ണ്ണസ്വരാജ് അഥവാ പൂര്‍ണസ്വാതന്ത്ര്യം നേടാനുള്ള സത്യസന്ധമായ മാര്‍ഗമാണ് ് രചനാത്മക പദ്ധതി. സിവില്‍ നിസ്സഹകരണത്തിനുള്ള പരിശീലന പദ്ധതിയാണ് രചനാത്മക പദ്ധതി. ഇതിന്റെ സര്‍ഗ്ഗാത്മകമായ നിര്‍വ്വഹണത്തിലാണ് പൂര്‍ണ്ണ സ്വാതന്ത്ര്യം.

രചനാത്മക പദ്ധതിയില്‍ ആദ്യം വരുന്നത് കര്‍ഷകനാണ്. കര്‍ഷകത്തൊഴിലാളിയും സ്വന്തം കൃഷിയിടത്തില്‍ വേലയെടുക്കുന്ന കര്‍ഷകനും ഇതിലുള്‍പ്പെടും. കര്‍ഷകന്‍ മണ്ണിന്റെ മകനാണ്. മണ്ണ് അയാള്‍ക്ക് അവകാശപ്പെട്ടതാണ്. അല്ലെങ്കില്‍ അയാള്‍ക്കുള്ളതാകണം അധ്വാനിക്കാത്ത സെമിന്ദാര്‍ക്കോ ഭൂഉടമക്കോ അല്ല അതിന്റെ അവകാശം.

ദി ക്രിട്ടിക് ഫേസ് ബുക്ക് പേജ് ലൈക്ക് ചെയ്യുക

ഗാന്ധിയുടെ രചനാത്മക പ്രവര്‍ത്തനത്തിലെ പ്രധാനികളാണ് കര്‍ഷകര്‍. പൂര്‍ണ്ണ സ്വാതന്ത്ര്യം അഥവാ പൂര്‍ണസ്വരാജ് എന്ന വലിയ എടുപ്പ് കെട്ടിപ്പൊക്കുന്നതിലെ പങ്കാളികള്‍ ഇന്ത്യ മുഴുവനായി സ്വരാജ് കെട്ടിപ്പൊക്കുന്നു. കര്‍ഷകരുടെ അധ്വാനം കൊണ്ട്. അവര്‍ അവരുടെ അഹിംസാത്മക ഊര്‍ജ്ജത്തെപറ്റി ബോധവാന്മാരായാല്‍ യാതൊരു ശക്തിക്കും അവരെ തടയാനാവില്ല.

ഗാന്ധി തന്റെ constructive programme വിശദീകരിച്ചു കര്‍ഷകര്‍ അധികാര രാഷ്ട്രീയത്തിനായി ഉപയോഗിക്കപ്പെടരുത്. ഇന്ത്യയില്‍ ആദ്യമായി സത്യാഗ്രഹം പരീക്ഷിച്ച ബീഹാറിലെ ചമ്പാരനില്‍ ഞാന്‍ അഹിംസാത്മക കര്‍ഷക സമരത്തിന്റെ വിത്തിട്ടു. കര്‍ഷകരെ സംഘടിപ്പിച്ചു. ചമ്പാരന്‍ സത്യാഗ്രഹം പഠിച്ചാല്‍ അക്രമരഹിതമായ കര്‍ഷക സമരങ്ങള്‍ എങ്ങനെ സാധിക്കുമെന്ന് മനസ്സിലാകും. അതൊരു ജനകീയ സമരമായിരുന്നു. തീര്‍ത്തും അക്രമരഹിതം. തുടക്കം മുതല്‍ മുതല്‍ അവസാനം വരെ. 20 ലക്ഷം കര്‍ഷകരെ സമരം സ്വാധീനിച്ചു. അത് ഒരൊറ്റ കാര്യത്തിന് വേണ്ടിയായിരുന്നു. നൂറ്റാണ്ടുകളായുള്ള പ്രശ്‌നത്തിന് പരിഹാരമാകാന്‍.

ഗാന്ധി തുടര്‍ന്നു – ചമ്പാരനിലെ കര്‍ഷകരുടെ മേല്‍ പതിഞ്ഞ ഇന്‍ഡിഗോ എന്ന എന്ന അടിമക്കറ ഇല്ലാതാക്കാന്‍ കര്‍ഷകര്‍ നിരവധി സമരങ്ങള്‍ നടത്തുകയുണ്ടായിട്ടുണ്ട്. കര്‍ഷകര്‍ അടിച്ചമര്‍ത്തപ്പെട്ടു. എന്നാല്‍ ആറുമാസത്തെ അക്രമരാഹിത്യ സമരം വിജയം കണ്ടു. നേരിട്ടുള്ള ശ്രമങ്ങളൊന്നും ഇല്ലാതെ തന്നെ എന്നെ ചമ്പാരനിലെ കര്‍ഷകന്‍ രാഷ്ട്രീയബോധമുള്ളവരായി.

ഖേദയിലെയും ബര്‍ദോലിയിലേയും ബൊര്‍സാദിലേയും കര്‍ഷക സമരങ്ങള്‍ വായിക്കുന്നത് ഗുണകരമായിരിക്കും. കര്‍ഷകന്റെ യഥാര്‍ത്ഥ പ്രശ്‌നങ്ങളില്‍ ഊന്നി, അവരെ രാഷ്ട്രീയ ലാഭങ്ങള്‍ക്കായി ഉപയോഗിക്കാതിരുന്നാല്‍ ഏതൊരു കര്‍ഷക സമരവും വിജയിക്കും. ഗാന്ധി ഉറപ്പിച്ചു പറഞ്ഞു.

കര്‍ഷകന് ബോധ്യമുള്ള, അവര്‍ നേരിട്ടനുഭവിക്കുന്ന പ്രശ്‌നത്തിന്റെ പേരിലായിരിക്കണം അവര്‍ സംഘടിതരാകേണ്ടത്. അക്രമരാഹിത്യത്തെപറ്റി പ്രഭാഷണങ്ങള്‍ ഒന്നും നടത്തേണ്ടതില്ല. ശരിയായ പരിഹാരത്തിനുള്ള മാര്‍ഗ്ഗം അവര്‍ സ്വയം കണ്ടെത്തും. പിന്നീടവര്‍ അത് അക്രമരാഹിത്യ സമരമാണെന്ന് അറിയുമ്പോള്‍ സര്‍വ്വാത്മനാ സ്വാഗതം ചെയ്യും.

കര്‍ഷകരുടെ പ്രശ്‌നങ്ങള്‍ മനസ്സിലാക്കാനും അവരെ സംഘടിപ്പിക്കാനും ശ്രമിക്കുന്നവര്‍ അക്രമരാഹിത്യത്തിന്റെ മൂല്യം മനസ്സിലാക്കണം. രചനാത്മക പദ്ധതി എന്ന കൈപ്പുസ്തകത്തില്‍ ഗാന്ധി എഴുതി – ഒരു രാഷ്ട്രീയ പാര്‍ട്ടിയുടെയും പേര്‍ അവര്‍ ഉപയോഗിക്കരുത്.

നൂറ്റാണ്ടുകളായുള്ള സഹജമായ ആയ അറിവ് അവരിലുണ്ട്. സത്യാഗ്രഹത്തിലൂടെ ആ അറിവിനെ മൂടിയിരിക്കുന്ന മാലിന്യങ്ങളെ നീക്കുകയേ വേണ്ടൂ. കര്‍ഷകര്‍ ഇന്ത്യയുടെ ഊര്‍ജ്ജമായി പ്രസരിക്കും.

ഗാന്ധിയുടെ കാലത്ത് ് രാജ്യത്തിന്റെ വിവിധഭാഗങ്ങളില്‍ നടന്ന കര്‍ഷകസമരങ്ങളെ പറ്റി ആരാഞ്ഞപ്പോള്‍ 1938 ഡിസംബര്‍ 22നുള്ള് അഭിമുഖത്തില്‍ ഗാന്ധി പറഞ്ഞു – സര്‍ക്കാര്‍ എന്തൊക്കെ ചെയ്താലും കര്‍ഷകരുടെ ഈ ഉയര്‍ത്തെഴുന്നേല്‍പ്പ് മരിക്കാന്‍ പോകുന്നില്ല. അത് നിലനില്‍ക്കുക തന്നെ ചെയ്യും. എനിക്ക് ഇക്കാര്യത്തില്‍ ഏറ്റവുമധികം താല്പര്യം ഉളവാക്കിയത് കര്‍ഷകസമരങ്ങളിലെല്ലാം വളരെക്കുറച്ച് ഹിംസയെ ഉള്ളൂ എന്നതാണ്. അത് അഹിംസാശക്തിയുടെ അബോധപൂര്‍വ്വമായ പ്രതിഫലനമാണ്.

മറ്റൊരു ചോദ്യത്തിനുള്ള ഉത്തരമായി അതേ അഭിമുഖത്തില്‍ ഗാന്ധി പറഞ്ഞു – ഇടനിലക്കാര്‍ ഭൂമി കൈവശം വെക്കുന്നത് തെറ്റാണ്. മണ്ണില്‍ പണിയെടുക്കുന്ന യഥാര്‍ത്ഥ കര്‍ഷകന്റെ താല്‍പ്പര്യങ്ങള്‍ നാം സംരക്ഷിക്കണം. അയാള്‍ മറ്റു തൊഴിലാളികളെ പണിയാവശ്യത്തിനായി വച്ചേക്കാം. പക്ഷേ അയാള്‍ സ്വയം പണിയെടുത്തു കൊണ്ടാകണം അങ്ങനെ ചെയ്യുന്നത്.

1944 ഒക്ടോബര്‍ 22ന് സേവാഗ്രാമില്‍ വെച്ച് ഗാന്ധി ഭൂ നിയമങ്ങള്‍ പരിശോധിക്കപ്പെടണമെന്ന ആവശ്യപ്പെട്ടു. കര്‍ഷകന്റെ കടക്കെണിയെ പറ്റിയും അദ്ദേഹം ബോധവാനായിരുന്നു. അന്തമറ്റ ഗവേഷണം ആവശ്യപ്പെടുന്ന ഒരു മേഖലയാണത്. കര്‍ഷകനെ കടക്കെണിയില്‍ നിന്ന് രക്ഷിക്കാന്‍ ഉചിതമായ നടപടികള്‍ കൂടിയാലോചനകളിലൂടെ കണ്ടെത്തണം.

കാലിപ്രശ്‌നം ഇന്ത്യയില്‍ കൃഷിയുമായി ആയി ബന്ധപ്പെട്ടതാണ് – ഗാന്ധി ഓര്‍മിപ്പിച്ചു. വിദഗ്ധരുടെ ശ്രദ്ധ സങ്കീര്‍ണവും കുഴക്കുന്നതുമായ ഇത്തരം പ്രശ്‌നത്തില്‍ ഉണ്ടാകണം. കാര്‍ഷികവൃത്തി വ്യവസായിക തൊഴിലുമായി ഗാന്ധി ബന്ധപ്പെടുന്നുണ്ട്. ഈ മൂന്ന് മേഖലകളും സമന്വയിക്കുന്നതില്‍ നിന്നാണ് ഇന്ത്യയുടെ സാമ്പത്തികവും സാംസ്‌കാരികവുമായ ശക്തി സൃഷ്ടിക്കപ്പെടുന്നതെന്ന് ഗാന്ധി ഉറച്ചു വിശ്വസിച്ചു.

വിനായക് നാഥുറാം ഗോഡ്‌സെയുടെ മുന്ന് വെടുയുണ്ടകളേറ്റ് വധിക്കപ്പെടുന്നതിന്റെ തലേദിവസം അതായത് 1948 ജനുവരി 29 ന് പ്രാര്‍ത്ഥനായോഗത്തില്‍ ഗാന്ധി അസന്നിഗ്ധമായി പറഞ്ഞു – എനിക്ക് അധികാരമുണ്ടായിരുന്നെങ്കില്‍ ഇന്ത്യയുടെ ഗവര്‍ണര്‍ ജനറല്‍ ഒരു കര്‍ഷകനായിരിക്കും. പ്രധാനമന്ത്രി ഒരു കര്‍ഷകനായിരിക്കും. കൃഷിക്കാരനാണ് രാജാവ്. ഈ ലോകത്തിന്റെ അധികാരി. കര്‍ഷകന്‍ ഭക്ഷണം ഉല്‍പ്പാദിപ്പിച്ചില്ലെങ്കില്‍ നാം എന്തു ഭക്ഷിക്കും? ഗാന്ധി തുടര്‍ന്ന് പറഞ്ഞു – പക്ഷേ ഇന്ന് നാം കര്‍ഷകനെ അടിമയാക്കിയിരിക്കുകയാണ്. കര്‍ഷകന് ഇന്ന് എന്ത് ചെയ്യാന്‍ കഴിയും? അയാള്‍ എം എയും ബിഎയും പോലുള്ള അക്കാദമിക് ബിരുദങ്ങള്‍ എടുക്കണോ? അങ്ങനെ ചെയ്യുകയാണെങ്കില്‍ അതോടെ അയാള്‍ നശിപ്പിക്കപ്പെടും. പിക്കാസ് എടുക്കാനുള്ള കഴിവ് അയാള്‍ക്കുണ്ടാവില്ല. ഭക്ഷ്യധാന്യം ഉല്‍പ്പാദിപ്പിക്കുന്ന കര്‍ഷകന്‍ നമ്മുടെ പ്രധാനമന്ത്രിയും മുഖ്യമന്ത്രിയും ആകുകയാണെങ്കില്‍ ഇന്ത്യയുടെ മുഖച്ഛായ മാറും.

ദി ക്രിട്ടിക് യു ട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഭൂമി സ്റ്റേറ്റിന്റേതായിരിക്കണം. 1947 ഫെബ്രുവരി 13ന്റെ പ്രാര്‍ത്ഥനാ യോഗത്തില്‍ ഗാന്ധി വിശദീകരിച്ചു. സഹകരണ വ്യവസ്ഥയാണ് ഇന്ത്യയിലെ കര്‍ഷകര്‍ക്ക് അഭികാമ്യം. സഹകരണാടിസ്ഥാനത്തില്‍ കൃഷിപ്പണി ചെയ്താല്‍ വിളവ് വര്‍ദ്ധിക്കും. പക്ഷേ സഹകരണ വ്യവസ്ഥ കര്‍ശനമായും അക്രമരഹിതമാകണം. അടിച്ചേല്‍പ്പിക്കുന്ന സഹകരണത്തിന്റെ പ്രശ്‌നം ഉദിക്കുന്നില്ല. ഇക്കാര്യത്തില്‍ ഗാന്ധി ഹിറ്റ്‌ലറുടെ സ്വേച്ഛാധിപത്യ വ്യവസ്ഥ ഉദാഹരിച്ചു. യാതൊന്നും ജനങ്ങളുടെ മേല്‍ അടിച്ചേല്‍പ്പിക്കരുത്. ഗാന്ധിജിയുടെ കാലത്തെ ജര്‍മ്മനി അതിനുദാഹരണമാണ്. ഇന്ത്യ ഹിംസയുടെ അടിത്തറയില്‍ പുത്തന്‍ സമൂഹം കെട്ടിപ്പടുക്കുകയാണെങ്കില്‍ അതൊരു ദുഃഖകരമായ കാര്യമായിരിക്കും. അത് നമ്മുടെ വ്യക്തിത്വത്തെ, സ്വാതന്ത്ര്യത്തെ നശിപ്പിക്കും. അഹിംസയാണ് വ്യക്തിയുടെ അടിസ്ഥാനബിന്ദു. അക്രമരാഹിത്യത്തിലൂന്നിയ സഹകരണാടിസ്ഥാനത്തിലുള്ള കാര്‍ഷികവൃത്തി മൂലധനം ജനങ്ങളുടെ കൈകളിലൂടെ കടന്നുപോകുന്നതിന് സഹായമാകും. വന്‍ ശക്തികള്‍ക്ക് അവിടെ സ്ഥാനം ഉണ്ടാകില്ല. നമ്മുടെ രാജ്യത്തിന്റെ മുഖച്ഛായ മാറും. 1947 ഫെബ്രുവരി 15ന്റെ പ്രാര്‍ത്ഥനായോഗത്തില്‍ ഗാന്ധി പറഞ്ഞു – നമുക്കിടയിലുള്ള ദാരിദ്ര്യവും അലസതയും ഇല്ലാതാകും. ഇതൊക്കെ സാധിക്കണമെങ്കില്‍ ജനങ്ങള്‍ പരസ്പരം മിത്രങ്ങളാകണം. വര്‍ഗീയ പ്രശ്‌നങ്ങള്‍ പോലും ഇതിലൂടെ പരിഹരിക്കപ്പെടും.

കാര്‍ഷികവൃത്തിയും കാലിവൃത്തിയും വ്യവസായവും അക്രമരഹിതമായ ഒരു വ്യവസ്ഥയില്‍ സമന്വയിക്കുന്ന സാമ്പത്തിക പരിപ്രേക്ഷ്യത്തില്‍, വ്യക്തിയുടെ രാഷ്ട്രീയ സ്വാതന്ത്ര്യം ഒരു യാഥാര്‍ത്ഥ്യമാകും. സാംസ്‌കാരികവും ധാര്‍മികവും ആത്മീയവുമായി ഇന്ത്യ പ്രകാശിക്കും.

ഇന്ന് നമ്മുടെ കര്‍ഷകന്‍ നമ്മെപ്പോലെതന്നെ നൂറായിരം സ്ഥാപനങ്ങളുടെ അടിമയാണ്. അവന്റെ / അവളുടെ സ്വാതന്ത്ര്യം അപകടത്തിലാണ്. കര്‍ഷകന്റെ സ്വാതന്ത്ര്യത്തിനൊപ്പം നമ്മുടെ പരിസ്ഥിതിയുടെയും പ്രകൃതിയുടേയും സ്വരാജ് അപകടത്തിലാണ്. ഗാന്ധിയെ സാംസ്‌കാരികമായി വീണ്ടെടുത്ത് വ്യക്തിയുടെയും രാജ്യത്തിന്റേയും ഭൂമിയുടേയും അതിജീവനത്തിനുള്ള വഴികള്‍ കണ്ടെത്തേണ്ട ആപല്‍ നിമിഷമാണിത്.

ഇന്ത്യയിലെയല്ല, യൂറോപ്പിലെ അപരജീവിതത്തെയാണ് ഗാന്ധി പ്രതിനിധീകരിച്ചത്

സണ്ണി എം കപിക്കാട്

ഗാന്ധിയുടെ ജീവിതത്തിന്റേയും നിലപാടുകളുടേയും സത്യസന്ധത ആര്‍ക്കും നിഷേധിക്കാനാവില്ല. വിശ്വസിക്കുന്ന കാര്യങ്ങള്‍ ഉറക്കെ പറയാനും പറയുന്ന കാര്യങ്ങള്‍ ചെയ്യാനുമുള്ള അദ്ദേഹത്തിന്റെ ധൈര്യവും അപാരം തന്നെ. എന്നാല്‍ ഗാന്ധി സൃഷ്ടിക്കപ്പെട്ട ചരിത്രസാഹചര്യം വിലയിരുത്തുമ്പോള്‍ കാണാന്‍ കഴിയുക യൂറോപ്പിലെ അപരജീവിതത്തില്‍ നിന്നാണ് അദ്ദേഹം തന്റെ ആശയലോകം കരുപിടിപ്പിച്ചതെന്നാണ്. ഇന്ത്യയുടെ സോഷ്യോ പോളിറ്റിക്കല്‍ സാഹചര്യം എന്താണെന്നു തിരിച്ചറിഞ്ഞുള്ള പ്രവര്‍ത്തനമായിരുന്നു ഗാന്ധിയുടേത് എന്നു വിശ്വസിക്കാനാവില്ല. മാത്രമല്ല താനാരു സനാതനഹിന്ദവാണെന്ന പ്രഖ്യാപനത്തോടെ അദ്ദേഹം ആധുനികകാലത്തിന് അപ്രസക്തമായി. ഒരേ നിലപാട് എങ്ങനെ ഓപ്പറേറ്റ് ചെയ്യണം എന്നതില്‍ മാത്രമാണ് ഗാന്ധിയും സവര്‍ക്കറും തമ്മില്‍ ഭിന്നതയുള്ളു എന്നതാണ് വസ്തുത. ഫലത്തില്‍ അദ്ദേഹവും ഹിന്ദുത്വഫിലോസഫിയുടെ വക്താവായി. ഒരു സനാതനഹിന്ദുവിനെ സംബന്ധിച്ചിടത്തോളം ഹിന്ദുത്വമല്ലാതെ മറ്റെന്ത് ധാര്‍മ്മികതയാണുള്ളത്? ആദ്യമധ്യാന്തമില്ലാതെ അനസ്യൂതമായി തുടരുന്ന ഒന്നാണ് ഇന്ത്യയെന്നും അതിന്റെ അടിത്തറ ഹിന്ദുത്വമാണെന്നും തന്നെയാണ് അദ്ദേഹം വിശ്വസിച്ചത്. അദ്ദേഹവും പറഞ്ഞത് രാമരാജ്യമെന്നാണ്. റഹിം രാജ്യമെന്നല്ല.

വിവേകാനന്ദന്റ ഏറെ പ്രകീര്‍ത്തിക്കപ്പെടുന്ന ചിക്കാഗോ പ്രസംഗം പോലെ യുക്തിഭംഗമുള്ളതാണ് ഗാന്ധിയുടെ നിലപാടുകളും. ലോകത്ത് ഒരുപാട് മതങ്ങളുണ്ടെന്നും എന്നാല്‍ അവക്കെല്ലാം ലയിക്കാവുന്ന മാതാവ് ഹിന്ദുമതമാണെന്നുമായിരുന്നു അദ്ദേഹത്തിന്റെ പ്രസംഗത്തിന്റെ രത്‌നചുരുക്കം. എല്ലാ മതങ്ങളും പ്രത്യശാസ്ത്രങ്ങളും തുല്ല്യതയെ കുറിച്ച് പറയാറെങ്കിലുമുണ്ട്. എന്നാല്‍ മനുഷ്യര്‍ ജന്മം കൊണ്ടുതന്നെ തുല്ല്യരല്ലെന്നും ചിലര്‍ ഉന്നതരും മഹാഭൂരിപക്ഷവും താഴ്ന്നവരാണെന്നും വിശ്വസിക്കുകയും പ്രചരിപ്പിക്കുകയും ചെയ്യുന്ന ഒരു മതം എങ്ങനെയാണ് മഹത്തരമാകുന്നത്? അതില്‍ വിശ്വസിക്കുകയും താനൊരു സനാതനഹിന്ദുവാണെന്നു പറയുന്ന ഗാന്ധിക്ക് എങ്ങനെ മനുഷ്യരെയെല്ലാം തുല്ല്യരായി കാണാന്‍ കഴിയും? അങ്ങനെ കാണാത്ത ഒരാള്‍ക്ക് രാഷ്ട്രപിതാവാകാന്‍ കഴിയുമോ? പിന്നെയുള്ളത് ഒരു വലിയ വിഭാഗത്തോട് ചെയ്ത ക്രൂരതകളുടെ പേരിലുള്ള കുറ്റബോധവും പ്രായശ്ചിത്തവുമാണ്. കൃസ്തുവിനെപോലെ പാപങ്ങള്‍ ഏറ്റെടുത്ത് സ്വയം പീഡനത്തിനു വിധേയനാകുകയായിരുന്നു അദ്ദേഹം. അതിനാലായിരുന്നു പാക്കിസ്ഥാന് പണം നല്‍കാന്‍ തയ്യാറായതും അയിത്തം കല്‍പ്പിക്കപ്പെട്ട് അകറ്റി നിര്‍ത്തപ്പെട്ടവരെ ഹരിജനങ്ങള്‍ എന്നു വിശേഷിപ്പിച്ച് ഉദ്ധാരണപ്രവര്‍ത്തനങ്ങളില്‍ അദ്ദേഹം ഊന്നിയതും. അപ്പോഴും ആ ക്രൂരതകളുടെ അടിത്തറയായ സനാതനഹിന്ദു എന്നതില്‍ അദ്ദേഹം അടിയുറച്ചു നില്‍ക്കുകും ചെയ്തു. ഇക്കാര്യത്തില്‍ അദ്ദേഹവും അംബേദ്കറും തമ്മിലുള്ള വ്യത്യാസം ഇരുവരും തമ്മിലുള്ള സംവാദങ്ങളില്‍ നിന്നു വ്യക്തമാണ്. ജന്മനാ മനുഷ്യര്‍ തുല്ല്യരല്ല എന്നതായിരുന്നില്ല, തുല്ല്യരാണ്, ആകണമെന്നതായിരുന്നു അംബേദ്കറുടെ നിലപാട്. ആ ദിശയില്‍ അദ്ദേഹം മുന്നോട്ടുവെച്ച പ്രത്യേക നിയോജക മണ്ഡലമെന്ന ആശയത്തെ എങ്ങനെയാണ് ഗാന്ധി തകര്‍ത്തതെന്നത് ചരിത്രമാണല്ലോ. ഗാന്ധി മരണംവരെ നിരാഹാരസമരം നടത്തിയ ഏകസന്ദര്‍ഭം അതായിരുന്നു എന്നതും അങ്ങനെയാണ് പൂനാപാക്ട് രൂപം കൊണ്ടതെന്നും ഇന്ന് എല്ലാവര്ക്കുമറിയാം. സനാതന ഹിന്ദുമതം തകരുമെന്ന ഭയമായിരുന്നു അദ്ദേഹത്തിന്.

ബ്രിട്ടനിലെ ജീവിതകാലത്ത് മദ്യാപാനമടക്കമുള്ള എല്ലാ ”ദുശ്ശീല” ങ്ങള്‍ക്കും ഗാന്ധി ശ്രമിച്ചിരുന്നു. പക്ഷെ പരാജയപ്പെടുകയായിരുന്നു. പിന്നീട് അവിടെതന്നെ അപരജീവിതം നയിക്കുന്ന, വെജിറ്റേറിയന്‍സായ ഒരു സംഘത്തെ അദ്ദേഹം കണ്ടുമുട്ടുകയായിരുന്നു. ബ്രിട്ടനിലെ ഈ അപരജീവിതമാണ് അദ്ദേഹം ജീവിതമാകെ തുടര്‍ന്നത്. അദ്ദേഹത്തിന്റെ ഹിന്ദു സ്വരാജ് എന്ന സങ്കല്‍പ്പം അഭിസംബോധന ചെയ്യുന്നത് ഈ അപരജീവിതത്തെയാണ്. ഇവിടത്തെ ഒരു മധ്യവര്‍ഗ്ഗ പുരുഷനുമാത്രം സ്വീകരിക്കാവുന്ന ഒന്നാണത്. അതുപക്ഷെ ഇന്ത്യയിലെ അപരജീവിതമല്ല,. ഇവിടത്തെ അപരജീവിതം അടിമുടി വ്യത്യസ്ഥമാണ്. അത് ജാതിയും മതവുമൊക്കെയായി ബന്ധപ്പെട്ടാണ്. അതു തിരിച്ചറിയാത്തതായിരുന്നു അദ്ദേഹത്തിനു പറ്റിയ തെറ്റ്. അതിനാലാണ്. എന്തിനേറെ തന്റെ ഗുരുവായി അദ്ദേഹം കണ്ടത് ഒരു ഇന്ത്യന്‍ സന്യാസിയെപോലുമായിരുന്നില്ല. മറിച്ച് ടോള്‍സ്‌റ്റോയിയെ ആയിരുന്നു. അദ്ദേഹത്തിന്റെ ടോള്‍സ്‌റ്റോയ് ഫാമും പ്രശസ്തമാണല്ലോ.

ഇന്നത്തെ ഇന്ത്യന്‍ സാഹചര്യത്തില്‍ ഗാന്ധിക്ക് എന്തു പ്രസക്തിയാണുള്ളത്? ഏതെങ്കിലും സാമൂഹ്യവിഭാഗത്തെ പ്രചോദിപ്പിക്കാന്‍ ഗാന്ധിക്കാവുന്നുണ്ടോ? ഹിന്ദുത്വ അധികാര പ്രഭവകാലത്ത് ഗാന്ധിയെന്ന നാണയത്തിന് ഒരു വിലയുമില്ലാതായിരിക്കുന്നു. ഏതെങ്കിലും ജനകീയപോരാട്ടങ്ങളില്‍ ഗാന്ധിയുടെ മുഖം കാണാനുണ്ടോ? മറിച്ച് അവിടെയെല്ലാം അംബേദ്കറെ കാണാം. ഇന്ത്യയിലെ യുവതലമുറയെ മുഴുവന്‍ പ്രചോദിപ്പിക്കുന്നത് ഇന്ന് അംബേദ്കറാണ്. കാരണം ഇന്ത്യയിലെ അപരജീവിതത്തെ അഭിമുഖീകരിക്കാന്‍ തയ്യാറായത് അദ്ദേഹമായിരുന്നു എന്നതുതന്നെ. രാഷ്ട്രത്തെ സംബന്ധിച്ചും പൗരനെ കുറിച്ചും അവരുടെ അവകാശങ്ങളെ കുറിച്ചെല്ലാമുള്ള ഇരുവരുടേയും സംവാദങ്ങള്‍ പരിശോധിച്ചാല്‍ തന്നെ അത് ബോധ്യമാകും. ഗ്രാമത്തെ ഉദാത്തവല്‍ക്കരിക്കുന്ന ഗാന്ധിയുടെ നിലപാടുതന്നെ ചാതുര്‍വര്‍ണ്യത്തില്‍ അധിഷ്ഠിതമായിരുന്നു. തുല്ല്യതയില്‍ വിശ്വസിച്ചിരുന്ന അംബേദ്കര്‍ക്ക അതു തള്ളാതിരിക്കാനാവില്ല. ഇന്ന് ജയന്തി ദിനത്തിലും കൊല്ലപ്പെട്ട ദിനത്തിലും മാത്രമാണ് ഗാന്ധി ഓര്‍മ്മിക്കപ്പെടുന്നത്. ബാക്കിദിവസങ്ങളില്‍ എവിടെയെങ്കിലുമൊക്കെ ഓര്‍മ്മിക്കപ്പെടുന്നത് അംബേദ്കറാണ്. ഇപ്പോള്‍ സജീവമായിരിക്കുന്ന കര്‍ഷകപ്രക്ഷോഭത്തില്‍ പോലും ഗാന്ധിയുടെ സാന്നിധ്യമോ സ്വാധീനമോ ഇല്ലല്ലോ. ഒരുപക്ഷെ അധികം താമസിയാതെ സംഘപരിവാര്‍ ശക്തികള്‍ തന്നെ ഗാന്ധിയെ ഏറ്റെടുത്തേക്കാം. കാരണം തുടക്കത്തില്‍ പറഞ്ഞപോലെ സവര്‍ക്കറുടേയും ഗാന്ധിയുടേയും സനാതനഹിന്ദുത്വമെന്നു പറയുന്നത് ആശയപരമായി ഒന്നുതന്നെയാണ്.

ഗാന്ധിയുടെ വ്യക്തിശുദ്ധിയെ കുറിച്ചൊക്കെ പറഞ്ഞോളൂ. ലളിത ജീവിതത്തെ കുറിച്ചും പറഞ്ഞോളൂ. ബ്രാഹ്മണന്റെ കുറ്റബോധം മാത്രമാണ് ഗാന്ധിയുടെ ഒറ്റമുണ്ട്. ലളിതജീവിതമെന്നത് നേരത്തെ പറഞ്ഞ യൂറോപ്പിലെ അപരജീവിതവും. ഇതിലെല്ലാം കൃസ്ത്യന്‍ പാപബോധ സങ്കല്‍പ്പവും പ്രകടമാണ്. ഇന്ന് ഗാന്ധിയെ പിന്തുടര്‍ന്ന് ചെരിപ്പിടാതെയും ഷര്‍ട്ടിടാതേയും നടന്നാല്‍ പണമില്ലാതെയാണെന്നു ധരിച്ച് ആരെങ്കിലും അവ വാങ്ങിതരും. അത്രയേയുള്ളു. ഗാന്ധിയെ വേണമെങ്കില്‍ കള്‍ച്ചറല്‍ സിംബലായും കൊണ്ടുനടക്കാം. രാഷ്ട്രനിര്‍മ്മാണത്തിനു പക്ഷെ ഗാന്ധിപോര. എന്തിനേറെ, നെഹ്‌റുപോലും അതു മനസ്സിലാക്കിയിരുന്നു. വാസ്തവത്തില്‍ നെഹ്‌റു തന്നെയാണ് അന്നും ഇന്നും ഗാന്ധിയേക്കാള്‍ രാഷ്ട്രത്തിന് സ്വീകാര്യന്‍. എന്തായാലും സമകാലിക ഇന്ത്യന്‍ രാഷ്ട്രീയ സാഹചര്യത്തില്‍ ഗാന്ധി അപ്രസക്തനാണെന്നു പറയാതിരിക്കാനാവില്ല.

സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പന്ത്രണ്ടാം വര്‍ഷത്തേക്ക് കടക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2024 - 25 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in


ഞങ്ങളുടെ ഫേസ്ബുക് പേജ് ലൈക് ചെയ്യൂ..


Published On

Category: Culture | Tags: , , , | Comments: 0 |

'ക്രിട്ടിക്കില്‍ പ്രസിദ്ധീകരിക്കുന്ന ലേഖനങ്ങള്‍ ലേഖകരുടെ അഭിപ്രായങ്ങളാണ്.. അവ പൂര്‍ണ്ണമായും ക്രിട്ടിക്കിന്റെ അഭിപ്രായങ്ങളാകണമെന്നില്ല - എഡിറ്റര്‍'

Be the first to write a comment.

Leave a Reply