ഇന്ത്യ മറക്കാന്‍ പാടില്ല, അന്താരാഷ്ട്ര ജനാധിപത്യ ദിനം….

ഇന്ത്യയിലേക്കുവന്നാല്‍ പൊതുവില്‍ സ്വാതന്ത്ര്യത്തിനുശേഷം മെച്ചപ്പെട്ട ചരിത്രമായിരുന്നു ഇന്ത്യന്‍ ജനാധിപത്യത്തിന്റേത് എന്നുകാണാം. ഇത്രമാത്രം വൈവിധ്യങ്ങളുള്ള ഒരു രാജ്യത്ത് കാര്യമായ പ്രശ്നങ്ങളില്ലാതെ ജനാധിപത്യസംവിധാനം നിലനില്‍ക്കുന്നു എന്നത് അത്ഭുതകരം തന്നെയാണ്. ലോകത്തെ തന്നെ ഉന്നതനിലവാരം പുലര്‍ത്തുന്ന ഭരണഘടനയും നമുക്കുണ്ട്. ഇന്ത്യന്‍ ചരിത്രത്തിലാദ്യമായി എല്ലാവരും തുല്ല്യരാണെന്നു പ്രഖ്യാപിച്ച മഹത് ഗ്രന്ഥമാണ് ഇന്ത്യന്‍ ഭരണഘടന. ഒരിക്കല്‍ ജനാധിപത്യം നേരിട്ട വെല്ലുവിളിയെ ജനാധിപത്യപരമായി തന്നെ അതിജീവിക്കാനും നമുക്കായി. എന്നാല്‍ ഇപ്പോള്‍ സ്ഥിതിയാകെ മാറിയിരിക്കുന്നു.

ഐക്യരാഷ്ട്രസഭയുടെ നേതൃത്വത്തില്‍ ഒരുപാട് ദിനാചരണങ്ങള്‍ നടക്കാറുണ്ട്. പലതും നമ്മള്‍ കാര്യമായിതന്നെ ആചരിക്കാറുണ്ട്. എന്നാല്‍ പലതും അറിയാറുപോലുമില്ല. അത്തരത്തില്‍ എല്ലാ വര്‍ഷവുമെന്നപോലെ ഈ വര്‍ഷവും കാര്യമായി ആരും, പ്രത്യകിച്ച് കൂടുതല്‍ ഉത്തരവാദിത്തമുള്ള രാഷ്ട്രീയ നേതാക്കള്‍, അറിയാതെ പോയ ഒന്നാണ് കഴിഞ്ഞ ദിവസത്തെ അന്താരാഷ്ട്ര ജനാധിപത്യദിനം. മാത്രമല്ല, ജനാധിപത്യ സംവിധാനത്തിന് അനുഗുണമല്ലാത്ത പലതിനും നാം സാക്ഷ്യം വഹിക്കുകയും ചെയ്തു. ഓരോ വര്‍ഷവും ഈ ദിനത്തില്‍ വ്യത്യസ്തമായ ഒരു വിഷയം ഉയര്‍ത്തിപ്പിടിക്കാറുണ്ട്. മുന്‍ വര്‍ഷത്തെ വിഷയങ്ങളില്‍ ശക്തമായ ജനാധിപത്യങ്ങള്‍, സുസ്ഥിര വികസനത്തിനുള്ള 2030ലെ അജണ്ടയ്ക്കായുള്ള ജനാധിപത്യത്തിന്റെ പ്രസക്തി, വര്‍ദ്ധിച്ച പൊതു പങ്കാളിത്തം, അംഗീകരിക്കലുകളും ചര്‍ച്ചകളും, ഉത്തരവാദിത്തം, രാഷ്ട്രീയ സഹിഷ്ണുത എന്നിവ ഉള്‍പ്പെട്ടിരുന്നു. ഇത്തവണയത് മാധ്യമസ്വാതന്ത്ര്യത്തിന്റെ പ്രാധാന്യമാണ്.

2007 മുതലാണ് സെപ്റ്റംബര്‍ 15 അന്താരാഷ്ട്ര ജനാധിപത്യ ദിനമായി ആചരിക്കാന്‍ ആരംഭിച്ചത്. വിവിധ മാനദണ്ഡങ്ങളിലൂടെ ലോകരാഷ്ട്രങ്ങളിലെ ജനാധിപത്യത്തിന്റെ നിലവാരം എവിടെയെത്തി എന്ന പരിശോധന ഈ ദിനാചരണത്തിന്റെ ഭാഗമായി നടക്കാറുണ്ട്. അത്തരം പരിശോധനയില്‍ ജനാധിപത്യരാഷ്ട്രങ്ങളില്‍ ഏറെക്കുറെ അവസാന നിരയിലാണ് ഇന്ത്യയുടെ സ്ഥാനം. അതാകട്ടെ കൂടുതല്‍ കൂടുതല്‍ പുറകോട്ടുപോകുകയുമാണ്. വരുംകൊല്ലങ്ങളില്‍ പ്രശ്‌നം കൂടുതല്‍ രൂക്ഷമാകുമെന്നതില്‍ ഒരു സംശയവും വേണ്ട. അക്കാര്യം വളരെ പ്രകടമായിട്ടും ഈ ദിനത്തിന്റെ പ്രാധാന്യം പോലും വിസ്മരിക്കപ്പെടുന്നു എന്നതില്‍ നിന്ന് നാം എവിടെയെത്തിയിരിക്കുന്നു എന്നു വ്യക്തമാകുന്നു. Democracy is freedom with responsibiltiy എന്ന ആശയത്തെതന്നെയാണ് നാം കയ്യൊഴിയുന്നത് എന്നര്‍ത്ഥം. അതിന്റെ ഫലം വളരെ ഗുരുതരമാകുമെന്നതില്‍ സംശയം വേണ്ട. democracy is an illusion എന്ന അവസ്ഥയിലായിരിക്കും സമൂഹം എത്തിപ്പെടുക.

ദി ക്രിട്ടിക് യു ട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഒന്നുറപ്പാണ്. എല്ലാ അര്‍ത്ഥത്തിലും ശക്തിയുള്ളവരായിരിക്കുമല്ലോ ലോകചരിത്രത്തില്‍ ആദ്യഭരണാധികാരികളായത്. തുടര്‍ന്നും സമ്പത്തും അധികാരവും അവരില്‍ കേന്ദ്രീകരിക്കുന്നു. കുടുംബപരമായ തുടര്‍ച്ചയും അതിനുണ്ടാകുന്നു. അടിമത്തവും ജന്മിത്തവും രാജഭരണമൊക്കെയായി കാലക്രമേണ അത് പരിവര്‍ത്തനം ചെയ്യുന്നു. അതിലൊന്നും പക്ഷെ തങ്ങളെ ആരു ഭരിക്കണമെന്നു തീരുമാനിക്കാനുള്ള അവകാശം ആര്‍ക്കുമുണ്ടായിരുന്നില്ല. അവര്‍ കേവലം അടിമകളും പ്രജകളുമൊക്കെയായിരുന്നു. അതില്‍ നിന്നെല്ലാമുള്ള കുതിച്ചുചാട്ടമായിരുന്നു ജനാധിപത്യം. തത്വത്തിലെങ്കിലും എന്നെ ഭരിക്കേണ്ടവരെ ഞാന്‍ തെരഞ്ഞെടുക്കും, വേണ്ടിവന്നാല്‍ ഞാന്‍ തന്നെ ഭരണാധികാരിയാകും എന്ന മഹത്തായ ആശയം ലോക മാനവചരിത്രത്തിലെ വന്‍ കുതിച്ചുചാട്ടമാണ്. പ്രജയില്‍ നിന്ന് പൗരനിലേക്ക്. അവിടേയും ആരംഭത്തില്‍ ഏറെ വിവേചനങ്ങള്‍ ഉണ്ടായിരുന്നു. വോട്ടാവകാശം പുരുഷന്മാരോടൊപ്പം സ്ത്രീകള്‍ക്കു ലഭിച്ചത്, ബ്രിട്ടനില്‍ 1928-ലും, ഫ്രാന്‍സില്‍ 1946-ലും, സ്വിറ്റ്സര്‍ലണ്ടില്‍ 1971-ലും മാത്രമാണ്. അതേ സമയം പ്രാചീന ജനാധിപത്യം, മധ്യകാല ജനാധിപത്യം, ആധുനിക ജനാധിപത്യം. എന്നിങ്ങന ജനാധിപത്യത്തെ ഘട്ടങ്ങളായി വേര്‍തിരിക്കാറുണ്ട്. പ്രാചീന ഗ്രീസിലായിരുന്നു ജനാധിപത്യത്തിന്റെ ഉദ്ഭവം കാണാവുന്നതെങ്കിലും അത് പരിപക്വമാകുന്നത് 1789 ലെ ഫ്രഞ്ച് വിപ്ലവത്തെ തുടര്‍ന്നാണ്. ഇന്ത്യയിലാകട്ടെ ബുദ്ധന്റെ കാലത്തുതന്നെ ജനാധിപത്യത്തിന്റെ ആദ്യരൂപങ്ങള്‍ കാണാമെന്ന് ഗവേഷകര്‍ പറയുന്നു.

ഇതൊക്കെയാണെങ്കിലും അമേരിക്കയില്‍ ഒരു ആധുനിക ഭരണഘടന രൂപം കൊണ്ടതോടെയാണ് പാര്‍ലിമെന്ററി ജനാധിപത്യരൂപങ്ങള്‍ രൂപം കൊണ്ടത്. തുടര്‍ന്നാണ് തെരഞ്ഞെടുപ്പിന്റെ രൂപങ്ങളും രാഷ്ട്രീയപാര്‍ട്ടികളുമൊക്കെ രൂപംകൊണ്ടത്. ജനങ്ങള്‍ക്ക് അധികാരത്തില്‍ പങ്കാളിത്തം നല്‍കുന്ന പ്രക്രിയ ഏറെക്കുറെ പരിപക്വമാകുകയായിരുന്നു. അതേസമയം അതിനെതിരെ നിരവധി വെല്ലുവിളികളുമുയര്‍ന്നു. പ്രധാനമായും അത് മതങ്ങളുടെ ഭാഗത്തുനിന്നായിരുന്നു. കൂടാതെ ഹിറ്റ്ലറെ പോലേയും മുസോളിനിയെ പോലേയുംമുള്ള ഫാസിസ്റ്റുകളില്‍ നിന്നും പിന്നീട് കമ്യൂണിസത്തിന്റെ പേരില്‍ നിലവില്‍ വന്ന സ്റ്റാലിനിസ്റ്റ് ഭരണകൂടങ്ങളില്‍ നിന്നും. പിന്നീട് ബര്‍ലിന്‍ മതിലിന്റെ തകര്‍ച്ച, യുഎസ്-റഷ്യ ശീതയുദ്ധത്തിന്റെ അവസാനം, ചൈനയിലെ വിദ്യാര്‍ത്ഥി കലാപം, ദക്ഷിണാഫ്രിക്കയിലെ വര്‍ണ്ണവിവേചനത്തിന്റെ അവസാനം എന്നിവയെല്ലാം ജനാധിപത്യത്തിന്റെ വികാസത്തില്‍ വലിയ പങ്കുവഹിച്ചു. ഇപ്പോഴും പൂര്‍ണ്ണമായി ജനാധിപത്യവല്‍ക്കരിക്കപ്പെട്ടിട്ടില്ലെങ്കിലും ഐക്യരാഷ്ട്രസഭക്കും ജനാധിപത്യത്തിന്റെ വികാസത്തില്‍ വലിയ പങ്കുണ്ട്.

ഒരു കാര്യത്തില്‍ സംശയമില്ല. ഏതൊരു ഭരണസംവിധാനത്തിനും, ജനാധിപത്യത്തിനും, ഫാസിസവല്‍ക്കരിക്കാനുള്ള പ്രവണത അന്തര്‍ലീനമാണ്. അതിനെതിരായ ജാഗ്രത എപ്പോഴുമുണ്ടാകണം. പക്ഷെ അത് അനിവാര്യവുമാണ്. അപ്പോള്‍ നമുക്കു ചെയ്യാനാവുക ഭരണകൂടാധികാരങ്ങളെ കുറച്ചുകൊണ്ടുവരുക, അധികാരത്തെ ജനങ്ങളിലേക്ക് തിരികെ സ്വാശീകരിക്കുന്ന പ്രക്രിയകള്‍ ശക്തമാക്കുക തുടങ്ങിയവയാണ്. തിരിച്ചുവിളിക്കാനുള്ള അവകാശം, ഭരണകൂടവും രാഷ്ട്രീയപാര്‍ട്ടികളെല്ലാം സുതാര്യമാകുക, പാര്‍ട്ടികള്‍ ജനപ്രതിനിധികള നിശ്ചയിക്കുമ്പോള്‍ തന്നെ ജനാഭിപ്രായം തേടുക തുടങ്ങി നിരവധി നിര്‍ദ്ദേശങ്ങള്‍ ഇതുമായി ബന്ധപ്പെട്ട് ഉയര്‍ന്നിട്ടുണ്ട്. ജനാധിപത്യം മറ്റു രാഷ്ട്രീയസംവിധാനങ്ങളെ പോലെ അടഞ്ഞ ഒന്നല്ല. തുറന്ന ഒന്നാണ്. അനുദിനം അതിനെ കൂടുതല്‍ ശക്തമാക്കാനും കൂടുതല്‍ കൂടുതല്‍ ജനകീയമാക്കാനും അധികാരത്തില്‍ പങ്കാളിത്തം ലഭിക്കാത്തവരിലേക്ക് എത്തിക്കാനും ശ്രമിക്കണം. കൂടാതെ ജനാധിപത്യമെന്നത് കേവലം ഭരണകൂടരൂപമല്ല എന്നും അതിന് രാഷ്ട്രീയത്തിനു പുറമെ സാമൂഹ്യമായ വശമുണ്ടെന്നും മനസ്സിലാക്കണം. കുടുംബവും നാട്ടിന്‍പുറത്തെ സംഘടനകളും മുതല്‍ പൊതുജീവിതത്തിലും വ്യക്തിജീവിതത്തിലുമെല്ലാം നാം പാലിക്കേണ്ടേ ജീവിതശൈലിയാണത്. ആ ദിശയിലുള്ള ബോധവല്‍ക്കരണ പ്രവര്‍ത്തനങ്ങളും അനിവാര്യമാണ്.

ദി ക്രിട്ടിക് ഫേസ് ബുക്ക് പേജ് ലൈക്ക് ചെയ്യുക

ഇന്ത്യയിലേക്കുവന്നാല്‍ പൊതുവില്‍ സ്വാതന്ത്ര്യത്തിനുശേഷം മെച്ചപ്പെട്ട ചരിത്രമായിരുന്നു ഇന്ത്യന്‍ ജനാധിപത്യത്തിന്റേത് എന്നുകാണാം. ഇത്രമാത്രം വൈവിധ്യങ്ങളുള്ള ഒരു രാജ്യത്ത് കാര്യമായ പ്രശ്നങ്ങളില്ലാതെ ജനാധിപത്യസംവിധാനം നിലനില്‍ക്കുന്നു എന്നത് അത്ഭുതകരം തന്നെയാണ്. ലോകത്തെ തന്നെ ഉന്നതനിലവാരം പുലര്‍ത്തുന്ന ഭരണഘടനയും നമുക്കുണ്ട്. ഇന്ത്യന്‍ ചരിത്രത്തിലാദ്യമായി എല്ലാവരും തുല്ല്യരാണെന്നു പ്രഖ്യാപിച്ച മഹത് ഗ്രന്ഥമാണ് ഇന്ത്യന്‍ ഭരണഘടന. ഒരിക്കല്‍ ജനാധിപത്യം നേരിട്ട വെല്ലുവിളിയെ ജനാധിപത്യപരമായി തന്നെ അതിജീവിക്കാനും നമുക്കായി. എന്നാല്‍ ഇപ്പോള്‍ സ്ഥിതിയാകെ മാറിയിരിക്കുന്നു. ഭരണഘടനതന്നെ മാറ്റിയെഴുതാവുന്ന അവസ്ഥയിലേക്കാണ് രാഷ്ട്രം നീങ്ങുന്നത്. സ്വാതന്ത്ര്യത്തിന്റെ 75ാം വാര്‍ഷികവുമായി ബന്ധപ്പെട്ട് ദേശീയതയേയും ദേശീയപതാകയേയും കുറിച്ചുള്ള നിരവധി പര്‍വ്വതീകരിച്ച ചര്‍ച്ചകളൊക്കെ നാം കേട്ടു. എന്നാലവര്‍ ഭരണഘടനയെ കുറിച്ച് കാര്യമായൊന്നും പറയഞ്ഞില്ല. മാത്രമല്ല, പലരും പറയുന്നത് ഭരണഘടനയുടെ കാലാവധി കഴിഞ്ഞു എന്നാണ്. ഭരണഘടന വൈദേശികമാണെന്നും ഇന്ത്യന്‍ മൂല്യങ്ങളിലേക്ക് മാറണമെന്നും അത് മനുസ്മൃതിയില്‍ അധിഷ്ഠിതമാകണമെന്നുമുള്ള വാദങ്ങള്‍ ശക്തമായിരിക്കുന്നു. ഹിന്ദുത്വരാഷ്ട്രത്തിലെ ഭരണഘടനക്കായുള്ള നീക്കങ്ങള്‍ അണിയറയില്‍ തയ്യാറായെന്ന പത്രവാര്‍ത്തയും കണ്ടു. അതില്‍ ന്യൂനപക്ഷങ്ങള്‍ക്ക് ഇവിടെ പ്രത്യേക അവകാശമൊന്നുമില്ലാതെ ജീവിക്കാം, പക്ഷെ വോട്ടാവകാശമുണ്ടാകില്ല എന്ന വകുപ്പടക്കം ഉണ്ടത്രെ. പൗരത്വ ഭേദഗതി നിയമം കൊണ്ടുവന്നവരില്‍ നിന്ന് അതു പ്രതീക്ഷിക്കാവുന്നതാണ്. ജനാധിപത്യസംവിധാനത്തിനകത്ത് മതരാഷ്ട്രമെന്ന സങ്കല്‍പ്പത്തിനു ഒരു സ്ഥാനവുമില്ല എന്ന യാഥാര്‍ത്ഥ്യമാണ് വിസ്മരിക്കപ്പെടുന്നത്.

ഭരണഘടനക്കും ജനാധിപത്യത്തിനും മതേതരത്വത്തിനും നേരെ ഉയരുന്ന വെല്ലുവിളികളെ എങ്ങനെ നേരിടാമെന്നതാണ് ജനാധിപത്യദിനത്തോടനുബന്ധിച്ച സ്വാഭാവികമായും ഉയരുന്ന ചോദ്യം. മാധ്യമങ്ങടക്കം ജനാധിപത്യത്തിന്റെ നാലുതൂണുകളിലും ഇനിയും കാര്യമായ പ്രതീക്ഷ വേണ്ട എന്നാണ് സമീപകാല സംഭവങ്ങള്‍ നല്‍കുന്ന സൂചന. പിന്നെയുള്ളത് തെരഞ്ഞെടുപ്പു കമ്മീഷനും തെരഞ്ഞെടുപ്പുമാണ്. ജനാധിപത്യം നിലനില്‍ക്കുന്നത് തന്നെ തെരഞ്ഞെടുപ്പു പ്രക്രിയയിലൂടെയാണ്. പക്ഷെ ഹിറ്റ്‌ലര്‍ മുതല്‍ മോദിവരെയുള്ളവര്‍ അധികാരത്തിലെത്തിയതും അതിലൂടെതന്നെയാണ്. ജനാധിപത്യത്തിന്റെ ഗുണനിലവാരത്തിന്റേതാണ് പ്രശ്‌നം. നമ്മുടെ ഭരണാധികാരികളെ നാം തെരഞ്ഞെടുക്കുമെന്നു പറയുമ്പോള്‍, ആ തെരഞ്ഞെടുപ്പിനെ മറ്റു ഘടകങ്ങള്‍ സ്വാധീനിക്കുന്നു എന്നതാണ് പ്രശ്‌നം. ഇന്ത്യയിലത് എന്താണെന്നത് പ്രകടമാണ്. അതിനാലാണ് ജനാധിപത്യത്തിന്റെ ഗുണമേന്മയില്‍ നമ്മള്‍ പുറകോട്ടുപോകുന്നു എന്നു പറയുന്നത്. അതിനുള്ള പരിഹാരമാണ് ഉണ്ടാകേണ്ടത്. മതേതരത്വത്തിലും സാമൂഹ്യനീതിയിലും ഫെഡറലിസത്തിലും അധിഷ്ഠിതമായ ഇന്ത്യന്‍ ജനാധിപത്യവും ഭരണഘടനയും സംരക്ഷിക്കാന്‍, ഡോ സെബാസ്റ്റിയന്‍ പോള്‍ പറയുന്നപോലെ ‘We the people of India’ രംഗത്തിരങ്ങേണ്ട അവസാന അവസരമാണിത്. എങ്കില്‍ മാത്രമേ വരാന്‍ പോകുന്ന ലോകസഭാ തെരഞ്ഞെടുപ്പുപ്രക്രിയയിലൂടെ ജനാധിപത്യസംവിധാനത്തെ സംരക്ഷിക്കാന്‍ ഇന്ത്യന്‍ ജനതക്കാവൂ. ഇപ്പോഴും ഒറ്റക്ക് ഭൂരിപക്ഷമില്ലാത്ത സംഘപരിവാറിനെ തളക്കാന്‍ പ്രതിപക്ഷപ്രസ്ഥാനങ്ങളുടെ ഐക്യത്തിനു കഴിയും. ഐക്യത്തിനു മാത്രമേ കഴിയൂ. അതിനു പ്രേരകമാകാന്‍ ഇപ്പോള്‍ നടക്കുന്ന ഭാരത് ജോഡോ യാത്രക്കു കഴിയുമോ എന്ന ചോദ്യമാണ് ഈ ജനാധിപത്യദിനാചരണത്തില്‍ ഏറ്റവും പ്രസക്തം.

സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പന്ത്രണ്ടാം വര്‍ഷത്തേക്ക് കടക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2024 - 25 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in


ഞങ്ങളുടെ ഫേസ്ബുക് പേജ് ലൈക് ചെയ്യൂ..


Published On

Be the first to write a comment.

Leave a Reply