എന്‍ ഊരിലെ CEO നിയമനത്തില്‍ പണിയവിഭാഗത്തിന് അയിത്തം

നിയമനങ്ങളിലും പുനരധിവാസ പദ്ധതികളിലും വികസന പരിപാടികളിലും അതി പിന്നോക്കം നില്‍ക്കുന്ന ഗോത്രവര്‍ഗ്ഗക്കാര്‍ക്ക് പ്രാതിനിധ്യം ഉറപ്പാക്കാനുള്ള നടപടികള്‍ ഉണ്ടാകണം. ബഹുസ്വരത ഉറപ്പുവരുത്തുന്നതും നിസ്വരായവര്‍ക്ക് പ്രാതിനിധ്യം ഉറപ്പുവരുത്തുന്നതും ആണ് യഥാര്‍ത്ഥ ജനാധിപത്യം.

ടൂറിസം പ്രമോഷന്റെ ഭാഗമായി വയനാട് ജില്ലയിലെ വൈത്തിരിക്ക് അടുത്ത് പ്രവര്‍ത്തിച്ചുവരുന്ന ‘എന്‍ ഊര്’ എന്ന ടൂറിസം പ്രമോഷന്‍ പദ്ധതിയിലെ നിയമനങ്ങളില്‍ തദ്ദേശീയരും അതി പിന്നോക്കം നില്‍ക്കുന്നവരുമായ പണിയ, അടിയ, കാട്ടുനായിക്ക, വേട്ട കുറുമ തുടങ്ങിയ വിഭാഗങ്ങളോട് തുടര്‍ന്നുവരുന്ന അവഗണനയും വിവേചനവും സിഇഒ നിയമനത്തോടെ തുറന്നു കാട്ടപ്പെട്ടിരിക്കുകയാണ്. ആദിവാസി പുനരധിവാസത്തിന് വേണ്ടി കേന്ദ്രസര്‍ക്കാര്‍ കൈമാറിയ 19,000 ഏക്കര്‍ വരുന്ന നിക്ഷിപ്ത വനഭൂമിയിലാണ് ‘എന്‍ ഊര്’ സ്ഥാപിച്ചത്. 2011-12 കാലഘട്ടത്തില്‍ മന്ത്രി ജയലക്ഷ്മിയുടെ പ്രത്യേക താല്‍പര്യത്തോടെയാണ് ‘എന്‍ ഊര്’ സ്ഥാപിച്ചത്. ഭൂരഹിതരായ ആദിവാസികളെ പുനരധിവസിപ്പിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ കൈമാറിയ വൈത്തിരി മേഖലയിലെ നിക്ഷിപ്ത വനഭൂമിയില്‍ സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ സ്ഥാപിക്കുന്നതിനെതിരെ ആദിവാസികള്‍ രംഗത്ത് വന്നിരുന്നു. വന നിയമങ്ങള്‍ക്ക് വിരുദ്ധമായി നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ നടത്തില്ലെന്നും ആദിവാസികളുടെ സമ്പൂര്‍ണ്ണ നിയന്ത്രണത്തിലുള്ള ഒരു സൊസൈറ്റിയുടെ നേതൃത്വത്തില്‍ ടൂറിസം പ്രമോഷന്‍ മാത്രമേ ലക്ഷ്യം മുള്ളു എന്നുമാണ് ബന്ധപ്പെട്ട വകുപ്പ് വിശദീകരിച്ചത്. തൊഴിലുകള്‍ നല്‍കുന്നത് തദ്ദേശീയരായ ആദിവാസികള്‍ക്ക് മാത്രമായിരിക്കും എന്നും ഇതില്‍നിന്ന് ലഭിക്കുന്ന വരുമാനം ആദിവാസി ക്ഷേമത്തിന് വേണ്ടി വിനിയോഗിക്കുമെന്നും വ്യക്തമാക്കിയിരുന്നു.

എന്നാല്‍ ‘എന്‍ ഊര്’ പദ്ധതി പ്രതീക്ഷിച്ചതിലും കൂടുതല്‍ ജനങ്ങളെ ആകര്‍ഷിച്ചെങ്കിലും നിയമനങ്ങളില്‍ ആദിവാസി പുനരധിവാസത്തിന് അര്‍ഹരും അതിപിന്നോക്കം നില്‍ക്കുന്നവരുമായ പണിയ, അടിയ, കാട്ടുനായ്ക്ക, വേട്ട കുറുമ തുടങ്ങിയ വിഭാഗങ്ങളില്‍ നിന്ന് ആരെയും പരിഗണിച്ചില്ല. ‘എന്‍ ഊര്’ ഭരണസമിതി ഒരു സൊസൈറ്റിയായി രജിസ്റ്റര്‍ ചെയ്യപ്പെട്ടതാണ്. കമ്മിറ്റി അംഗങ്ങളില്‍ 22- ഓളം പേര്‍ അതിപിന്നോക്കം നില്‍ക്കുന്ന ഗോത്രവര്‍ഗ്ഗവിഭാഗങ്ങളില്‍ പെട്ടവര്‍ ആണെങ്കിലും ‘എന്‍ ഊരി’ലെ ജീവനക്കാരില്‍ ഏഴുപേരും ആദിവാസികളില്‍ താരതമ്യേന വളര്‍ച്ച നേടിയ കുറിച്യ, കുറുമ വിഭാഗങ്ങളില്‍ നിന്നുമാണ്. സി.ഇ.ഒ തസ്തികയില്‍ ആകട്ടെ നായര്‍ സമുദായത്തില്‍ ഉള്‍പ്പെട്ട വ്യക്തിയും ആയിരുന്നു. നയപരമായ തീരുമാനങ്ങള്‍ എടുക്കാനുള്ള ഉപകരണമായി മാത്രമേ സൊസൈറ്റി അംഗങ്ങളെ ഉപയോഗിച്ചിരുന്നുള്ളൂ. സി.ഇ.ഒ തസ്തികയിലെ സ്ഥിരനിയമനം നീട്ടി കൊണ്ടുപോവുകയും ആദിവാസി അല്ലാത്ത വ്യക്തിയെ സ്ഥിരപ്പെടുത്താന്‍ നീക്കം തുടങ്ങിയതോടെ, ആദിവാസികളുടെ പ്രതിഷേധം ഉയര്‍ന്നു. അതോടുകൂടിയാണ് ഇപ്പോഴുള്ള സി.ഇ.ഒ നിയമനം നടക്കുന്നത്. സൊസൈറ്റി അംഗങ്ങളെ നോക്കുകുത്തിയാക്കി സബ് കളക്ടറും തിരുവനന്തപുരം കേന്ദ്രമായി പ്രവര്‍ത്തിച്ചിരുന്ന സി.എം. ഡി എന്ന സ്ഥാപനത്തിന്റെ പ്രതിനിധികളും ഉള്‍ക്കൊള്ളുന്ന ഒരു ഇന്റര്‍വ്യൂ ബോര്‍ഡ് ആണ് സി.ഇ.ഒ നിയമനത്തിനായി ഒരു പാനല്‍ തയ്യാറാക്കിയിരിക്കുന്നത്. എം. ബി. എ യോഗ്യതയുള്ള നാല് പേരില്‍ രണ്ടുപേര്‍ വയനാട്ടില്‍ നിന്നുള്ള അതിപിന്നോക്കം നില്‍ക്കുന്ന ഗോത്രവര്‍ഗ്ഗ വിഭാഗത്തില്‍ പെട്ടവരാണ്. രണ്ടുപേര്‍ ജില്ലയ്ക്ക് പുറത്തുള്ള വരും. യോഗ്യതയും ഇന്റര്‍വ്യൂവില്‍ ഉള്ള പെര്‍ഫോമന്‍സും പരിഗണിച്ച് വയനാട്ടില്‍ നിന്നുള്ള അതിപിന്നോക്കം നില്‍ക്കുന്ന പണിയ വിഭാഗത്തില്‍നിന്ന് നിയമനം നല്‍കുന്നതായിരുന്നു ആദിവാസി ക്ഷേമത്തിന് മുന്‍ഗണന നല്‍കുന്ന ഒരു സര്‍ക്കാര്‍ ചെയ്യേണ്ടിയിരുന്നത്. എന്നാല്‍ അത് ഒഴിവാക്കി പൂര്‍ണ്ണമായും രാഷ്ട്രീയ നിയമനം എന്ന നിലയില്‍ ജില്ലയ്ക്ക് പുറത്ത് നിന്നുള്ള വ്യക്തിക്ക് നിയമനം നല്‍കാനുള്ള ഒരു പാനലാണ് ഇപ്പോള്‍ നിര്‍ദ്ദേശിക്കപ്പെട്ടിരിക്കുന്നത്.

വിദ്യാഭ്യാസ യോഗ്യതയുള്ള നൂറ് കണക്കിന് യുവതി യുവാക്കള്‍ അതിപിന്നോക്കം നില്‍ക്കുന്ന പണിയ, അടിയ, കാട്ടുനായിക്ക, വേട്ട കുറുമ തുടങ്ങിയ വിഭാഗങ്ങളില്‍ നിന്നും പുറത്തു വന്നിട്ടുണ്ട് എങ്കിലും ഇവര്‍ക്ക് യോഗ്യതയ്ക്ക് അനുസരിച്ചുള്ള തൊഴില്‍ നല്‍കാന്‍ സര്‍ക്കാരിന് പദ്ധതിയില്ല. സ്‌പെഷ്യല്‍ റിക്രൂട്ട്‌മെന്റുകള്‍ നടത്താറില്ല. താല്‍ക്കാലിക നിയമനങ്ങള്‍ നടത്തുന്ന പ്രമോട്ടര്‍മാര്‍, സോഷ്യല്‍ വര്‍ക്കര്‍മാര്‍, കമിറ്റഡ് സോഷ്യല്‍ വര്‍ക്കര്‍മാര്‍, മെന്റര്‍ ടീച്ചര്‍മാര്‍ തുടങ്ങിയ തസ്തികകളിലേക്ക് നിയമനം നടത്തുമ്പോള്‍ ലേബര്‍ വകുപ്പ് നിശ്ചയിച്ച മിനിമം ശമ്പളം ഇവര്‍ക്ക് കൊടുക്കാറില്ല. മാത്രമല്ല അത്തരം അവസരങ്ങളില്‍ നിന്നെല്ലാം പണിയ, അടിയ, കാട്ട്‌നായ്ക്ക, വേട്ട കുറുമ എന്നിവരെ ആസൂത്രിതമായി ഒഴിവാക്കുന്ന ഒരു തന്ത്രം ദശകങ്ങളായി ഇടത്-വലത് മുന്നണികള്‍ ചെയ്തു വരുന്നതാണ്. വംശീയമായ ഒഴിവാക്കല്‍ പദ്ധതിയുടെ മറ്റൊരു രീതിയാണ് ‘എന്‍ ഊരി’ന്റെ നിയമനങ്ങളില്‍ കാണുന്നത്. ഇപ്പോഴത്തെ സാഹചര്യത്തില്‍ ‘എന്‍ ഊരി’ലെ എല്ലാ തൊഴിലവസരങ്ങളില്‍ നിന്നും പണിയ, അടിയ, കാട്ടുനായ്ക്ക, വേട്ട കുറുമ തുടങ്ങിയവര്‍ ആസൂത്രിതമായി പുറന്തള്ളപ്പെട്ടിരുന്നു.

ഇടത്-വലതു മുന്നണികളുടെ ഭരണത്തില്‍ ദുര്‍ബല വിഭാഗങ്ങളുടെ ബഹുഭൂരിപക്ഷം വരുന്ന ആദിവാസികളെ ശാശ്വതമായി അടിച്ചമര്‍ത്തി നിര്‍ത്താനും ജാതി മേധാവിത്വം നിലനിര്‍ത്താനും വയനാട്ടിലും ഇതര മേഖലകളിലും ദുര്‍ബലരായ ഗോത്രവര്‍ഗ്ഗക്കാരുടെ തൊഴിലവസരങ്ങള്‍, കൃഷിഭൂമി, വികസന ഫണ്ട് വിനിയോഗം, ഭരണത്തിലെ പ്രാതിനിധ്യം എന്നീ മേഖലകളില്‍ നിന്നെല്ലാം ആസൂത്രിതമായി മാറ്റിനിര്‍ത്തുന്ന ഒരു തന്ത്രമാണ് നടത്തിവരുന്നത്. പണിയ, അടിയ, കാട്ടുനായ്ക്ക, വേട്ടക്കുറുമ തുടങ്ങിയ വിഭാഗക്കാര്‍ കൃഷിഭൂമി, തൊഴില്‍ അവസരം, ഭരണത്തിലെ പ്രാതിനിധ്യം എന്നിവയില്‍ നിന്നെല്ലാം പുറന്തള്ളപ്പെട്ടവരാണ്. എന്നാല്‍ കുറിച്യര്‍,കുറുമര്‍ തുടങ്ങിയവര്‍ ചരിത്രപരമായി വിഭവാധികാരം താരതമ്യേന നിലനിര്‍ത്താനും സംരക്ഷിക്കാനും കഴിഞ്ഞവരാണ്. രാഷ്ട്രീയ മണ്ഡലത്തിലും സ്വാഭാവികമായി ഇവര്‍ക്ക് പ്രതിനിധീകരിക്കാന്‍ ആകുന്നുണ്ട്. മേല്‍പ്പറഞ്ഞ വിഭാഗങ്ങള്‍ക്ക് അവസരങ്ങള്‍ ഉറപ്പുവരുത്തുകയും ഭൂരിപക്ഷമായ പണിയ, അടിയ, കാട്ടുനായിക്ക, വേട്ട കുറുമ തുടങ്ങിയവരെ ഒഴിവാക്കി നിര്‍ത്തുകയും ആണ് ജാതി മേധാവിത്വം ഉറപ്പാക്കാന്‍ ഭരണവര്‍ഗങ്ങള്‍ കണ്ടെത്തിയ ഒരു തന്ത്രം. ആദിവാസികള്‍ക്ക് പ്രാതിനിധ്യം ഉണ്ടെന്ന് വരുത്തി തീര്‍ക്കുകയും എന്നാല്‍ അവരില്‍ മഹാഭൂരിപക്ഷത്തെ നിദാന്തമായി അടിച്ചമര്‍ത്തി നിര്‍ത്തുന്നതിനുള്ള ഒരു സവര്‍ണ്ണ തന്ത്രമാണിത്. അസംഘടിതരും അതിദുര്‍ബലരും ആയ വലിയൊരു വിഭാഗത്തിന്റെമേല്‍ വിഭവകൊള്ള നടത്താനും ജാതി മേധാവിത്വത്തെ ശാശ്വതമായി നിലനിര്‍ത്താനും ഇതുവഴി കഴിയുമെന്നാണ് ഭരണവര്‍ഗങ്ങള്‍ കരുതുന്നത്. രാഷ്ട്രീയമണ്ഡലത്തിലും ഈ സ്ഥിതി തുടരുന്നത് കാണാം ഉദാഹരണത്തിന് വയനാട് ജില്ലയിലെ രണ്ട് നിയമസഭാ മണ്ഡലങ്ങള്‍ പട്ടികവര്‍ഗ്ഗ മണ്ഡലങ്ങളാണ്. ഇടത് വലത് മുന്നണികള്‍ സ്ഥാനാര്‍ത്ഥികളെ നിര്‍ത്തുമ്പോള്‍ കുറിച്ചിയ കുറുമ വിഭാഗത്തിന് മാത്രം അവസരം കൊടുക്കുന്നത് കാണാം. പഞ്ചായത്ത് ഭരണസമിതികളിലും ഉപദേശക സമിതികളും മറ്റ് അവസരങ്ങളിലും ഇതേ രീതിയില്‍ അവലംബിക്കുന്നു. ഫലത്തില്‍ ബഹുസ്വരതയുള്ള പട്ടികവര്‍ഗ്ഗക്കാരില്‍ മഹാഭൂരിപക്ഷത്തിന്റെയും ജനാധിപത്യപരമായ പ്രാതിനിധ്യം അട്ടിമറിക്കപ്പെടുന്നു.

ദി ക്രിട്ടിക് ഫേസ് ബുക്ക് പേജ് ലൈക്ക് ചെയ്യുക

ഇടതു സര്‍ക്കാരിന്റെ ജാതി-വംശീയതന്ത്രം അടുത്തകാലത്ത് തുറന്നുകാട്ടപ്പെട്ടുകൊണ്ടിരുന്നത് ആറളം ഫാം പുനരധിവാസ മേഖലയിലാണ്. പാര്‍ട്ടി ആശ്രിതരെ കയ്യേറ്റം ചെയ്യിച്ച് ആറളം ഫാമില്‍ പട്ടയം കിട്ടിയ പണിയാ അടിയ തുടങ്ങിയ ദുര്‍ബല വിഭാഗങ്ങളുടെ പുരയിടങ്ങളില്‍ കുടിയിരുത്തി യഥാര്‍ത്ഥ പട്ടയ ഉടമകളുടെ പട്ടയം റദ്ദാക്കിയാണ് മേല്‍പ്പറഞ്ഞ ജാതി-വംശീയ തന്ത്രം നടപ്പിലാക്കുന്നത്. ആറളം പഞ്ചായത്തിലും പേരാവൂര്‍ നിയോജകമണ്ഡലത്തിലും ഭൂരിപക്ഷം നേടാന്‍ 2006 മുതല്‍ ആറളം ഫാമില്‍ കുടിയിരുത്തിയ 3400-ഓളം വരുന്ന ആദിവാസികളില്‍ രണ്ടായിരത്തോളം പേരുടെ പട്ടയം റദ്ദാക്കുമെന്ന് ഇരട്ടിയില്‍ നടന്ന നവകേരള സദസ്സില്‍ മുഖ്യമന്ത്രി പ്രഖ്യാപിച്ചിരുന്നു. റദ്ദാക്കപ്പെടുന്ന രണ്ടായിരത്തോളം വരുന്ന പട്ടയ ഉടമകളില്‍ ഭൂരിപക്ഷം പേരും പണിയെ വിഭാഗത്തില്‍ പെട്ടവരാണെന്നും പകരം പട്ടയം നല്‍കാന്‍ ഉദ്ദേശിക്കുന്നത് പാര്‍ട്ടി ബന്ധുക്കള്‍ക്കും ആദിവാസി പുനരധിവാസ പദ്ധതിക്ക് അര്‍ഹരല്ലാത്തവര്‍ക്കും ആണെന്ന വസ്തുത മറച്ചുവെക്കപ്പെട്ടു. കുടിയിറക്കപ്പെടുന്നവരില്‍ ഭൂരിപക്ഷം പേരും ആറളം ഫാമിലും പരിസരപ്രേദേശങ്ങളിലും നൂറ്റാണ്ടുകളായി ജീവിക്കുന്നവരാണെന്നുള്ള വസ്തുതയും മറച്ചുവെക്കപ്പെട്ടു. കണ്ണൂര്‍ ജില്ലയിലെ അതിപിന്നോക്കം നില്‍ക്കുന്ന ഗോത്രവര്‍ഗ്ഗക്കാരായ പണിയരെ പുനരധിവസിപ്പിക്കാനാണ് 2004-ല്‍ കേന്ദ്രസര്‍ക്കാരില്‍ നിന്നും ആറളം ഫാം വിലയ്ക്ക് വാങ്ങുന്നത്. 2006-ലും 2019-ലും നടന്ന പട്ടയമേളകള്‍ നിയമാനുസൃതം ഗുണഭോക്താക്കളുടെ ലിസ്റ്റ് പരിഗണിച്ചായിരുന്നു. തുടര്‍ന്നിങ്ങോട്ട് സിപിഎം നേതൃത്വത്തില്‍ വിദൂര മേഖലകളില്‍ നിന്നും പാര്‍ട്ടി ബന്ധുക്കളെ കയ്യേറ്റം ചെയ്യിക്കുന്ന പദ്ധതി നടപ്പാക്കപ്പെട്ടു. ആസൂത്രിതമായി ഒരു വംശീയ ഉന്മൂലന പദ്ധതിയായി ഇത് രൂപാന്തരപ്പെട്ടു. കയ്യേറ്റം ചെയ്യുന്നവരെ വോട്ടര്‍ പട്ടികയില്‍ ഉള്‍പ്പെടുത്തി ആറളം പഞ്ചായത്തില്‍ ഭൂരിപക്ഷം ഉണ്ടാക്കി. ഈ വംശീയ കുടിയിരുത്തലിന്റെ ഭാഗമായി പേരാവൂര്‍ മണ്ഡലത്തില്‍ ഉറച്ച ഭൂരിപക്ഷം നേടാന്‍ ആകുമെന്നും സിപിഎം കണക്കുകൂട്ടുന്നു. ഈ പദ്ധതിയിലൂടെ ബലിയാട് ആകുന്നത് സമൂഹത്തിലെ ഏറ്റവും ദുര്‍ബലരായ ആദിവാസികളും, അട്ടിമറിക്കപ്പെടുന്നത് ഏഷ്യയിലെ ബൃഹത്തായ ആദിവാസി പുനരധിവാസ പദ്ധതിയും ആണ്.

‘എന്‍ ഊരി’ലെ നിയമന രീതി ഒറ്റപ്പെട്ടതല്ല ഇതിനെതിരെ ഒരു ജനാധിപത്യ സാമൂഹിക ഇടപെടല്‍ അനിവാര്യമാണ് നിയമനങ്ങളിലും പുനരധിവാസ പദ്ധതികളിലും വികസന പരിപാടികളിലും അതി പിന്നോക്കം നില്‍ക്കുന്ന ഗോത്രവര്‍ഗ്ഗക്കാര്‍ക്ക് പ്രാതിനിധ്യം ഉറപ്പാക്കാനുള്ള നടപടികള്‍ ഉണ്ടാകണം. ബഹുസ്വരത ഉറപ്പുവരുത്തുന്നതും നിസ്വരായവര്‍ക്ക് പ്രാതിനിധ്യം ഉറപ്പുവരുത്തുന്നതും ആണ് യഥാര്‍ത്ഥ ജനാധിപത്യം.

സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പന്ത്രണ്ടാം വര്‍ഷത്തേക്ക് കടക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2024 - 25 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in


ഞങ്ങളുടെ ഫേസ്ബുക് പേജ് ലൈക് ചെയ്യൂ..


Published On

Category: Current News | Tags: , | Comments: 0 |

'ക്രിട്ടിക്കില്‍ പ്രസിദ്ധീകരിക്കുന്ന ലേഖനങ്ങള്‍ ലേഖകരുടെ അഭിപ്രായങ്ങളാണ്.. അവ പൂര്‍ണ്ണമായും ക്രിട്ടിക്കിന്റെ അഭിപ്രായങ്ങളാകണമെന്നില്ല - എഡിറ്റര്‍'

Be the first to write a comment.

Leave a Reply