ഹനി ബാബു : മുഖ്യമന്ത്രി ഇടപെടണമെന്ന് സാംസ്‌കാരിക പ്രവര്‍ത്തകര്‍

ഭീമ കൊറേഗാവ് കേസില്‍ വിചാരണത്തടവുകാരനായി മഹാരാഷ്ട്ര ജയിലില്‍ കഴിയുന്ന ഡെല്‍ഹി സര്‍വ്വകലാശാലയിലെ അദ്ധ്യാപകനായ ഹനിബാബുവിന്റെ ആരോഗ്യസ്ഥിതി മോശമായ സാഹചര്യത്തില്‍ മുഖ്യമന്ത്രി ഇടപെടണമെന്നാവശ്യപ്പെട്ട് സാംസ്‌കാരിക പ്രവര്‍ത്തകര്‍ കത്തുനല്‍കി. നേരത്തെ അദ്ദേഹത്തിന്റെ കുടുംബാംഗങ്ങളും കത്തു നല്‍കിയിരുന്നു. വിഷയത്തില്‍ സാധ്യമായത് ചെയ്യുമെന്ന് മുഖ്യമന്ത്രി പത്രസമ്മേളനത്തില്‍ പറഞ്ഞു. കത്തിന്റെ പൂര്‍ണ്ണരൂപം ….

സര്‍,

ഭീമ കൊറേഗാവ് കേസില്‍ വിചാരണത്തടവുകാരനായി ജയിലില്‍ കഴിയുന്ന ഡെല്‍ഹി സര്‍വ്വകലാശാലയിലെ അദ്ധ്യാപകനായ ഹനിബാബു എം ടി കടന്നു പോകുന്ന ദുരിതസ്ഥിതിയെക്കുറിച്ച് അദ്ദേഹത്തിന്റെ കുടുംബാംഗങ്ങള്‍ ഒരു പത്രപ്രസ്താവന പുറപ്പെടുവിച്ചിട്ടുണ്ട്. അത് പ്രകാരം 2020 ജൂലൈ മാസം മുതല്‍ അദ്ദേഹം വിചാരണത്തടവുകാരനാണ്. പ്രസ്തുത കേസിന്റെ വിചാരണ ഇത് വരെ ആരംഭിച്ചിട്ടില്ല. മുംബൈയിലെ തലോജ ജയിലില്‍ ആണ് ഇപ്പോള്‍ അദ്ദേഹം കഴിയുന്നത്

ജയിലില്‍ വെച്ച് അദ്ദേഹത്തിന്റെ ഇടതു കണ്ണില്‍ അണുബാധയുണ്ടായി. അതിന്റെ ഫലമായി ഈ കണ്ണിന്റെ കാഴ്ച ഏതാണ്ട് നഷ്ടപ്പെട്ട നിലയിലാണ്. അതേ തുടര്‍ന്ന് അദ്ദേഹത്തിന്റെ കവിളിലേയ്ക്കും ചെവിയിലേയ്ക്കും നെറ്റിയിലേയ്ക്കും നീര്‍ക്കെട്ട് വ്യാപിച്ചിരിക്കുകയാണ്. ഇത് തലച്ചോറിലേയ്ക്ക് പടര്‍ന്നാല്‍ മറ്റ് അവയവങ്ങളുടെ പ്രവര്‍ത്തനങ്ങളെ ബാധിക്കാനും ജീവന് തന്നെ ഹാനികരമാകാനും സാധ്യതയുണ്ട്. ഉറങ്ങാനോ ദൈനംദിന കാര്യങ്ങള്‍ നടത്താനോ സാധിക്കാത്ത വിധം അതികഠിനമായ വേദനയിലാണ് ഹനിബാബുവിന്റെ ജീവിതം. തലോജ ജയിലിലെ രൂക്ഷമായ ജലക്ഷാമം മൂലം കണ്ണ് കഴുകാനോ ഡ്രസ്സ് ചെയ്യാനോ ആവശ്യമായ ശുദ്ധജലം ലഭിക്കുന്നുമില്ല.

2021 മെയ് 3 മുതല്‍ ഇടതു കണ്ണില്‍ വേദനയും നീര്‍ക്കെട്ടും ഹനിബാബുവിന് അനുഭവപ്പെടാന്‍ തുടങ്ങി. തുടര്‍ന്ന് കഠിനമായ വേദനയും ഇരട്ടക്കാഴ്ചയുടെ പ്രശ്‌നവും അദ്ദേഹത്തെ അലട്ടാനും. ഈ അവസ്ഥയെ ചികിത്സിച്ചു മാറ്റാനുള്ള സൗകര്യങ്ങള്‍ ജയിലില്‍ ഇല്ലെന്ന് ജയില്‍ മെഡിക്കല്‍ ഓഫീസര്‍ അറിയിച്ച ഉടന്‍ തന്നെ ഹനിബാബു ഒരു സ്‌പെഷലിസ്റ്റ് ഡോക്ടറെ കണ്ട് ചികിത്സിക്കാനുള്ള അപേക്ഷ സമര്‍പ്പിച്ചു .എന്നാല്‍ അകമ്പടി പോകാനുള്ള ഓഫീസര്‍ ലഭ്യമല്ലാത്തത് കൊണ്ട് അദ്ദേഹത്തിന് അത് അനുവദിച്ചു കിട്ടിയില്ല. 2021 മെയ് 6 ന് ഹനിബാബുവിന്റെ അഭിഭാഷകര്‍ തലോജ ജയില്‍ സൂപ്രണ്ടിന് ഇ – മെയ്ല്‍ അയച്ചതിന് ശേഷമാണ് മെയ് 7 ന് വാഷിയിലെ ഗവണ്മെന്റ് ആശുപത്രിയിലേയ്ക്ക് അദ്ദേഹത്തെ കൊണ്ടുപോയത്.

വാഷി ഗവണ്മെന്റ് ആശുപത്രിയിലെ ഒരു നേത്രരോഗ ചികിത്സകന്‍ അദ്ദേഹത്തെ പരിശോധിക്കുകയും ബാക്ടീരിയാബാധയ്‌ക്കെതിരായ ചില ചികിത്സാവിധികള്‍ നല്‍കുകയും ചെയ്തു. അതോടൊപ്പം രണ്ടു ദിവസം കഴിഞ്ഞ് തുടര്‍ ചികിത്സക്കായി വന്നു കാണണമെന്നും ആവശ്യപ്പെട്ടു. ഹനിബാബുവിന്റെ കണ്ണിന്റെ അവസ്ഥ വളരെ മോശമായിട്ടു പോലും രണ്ട് ദിവസം കഴിഞ്ഞ് ആശുപത്രിയിലേയ്ക്ക് കൊണ്ടുപോകാന്‍ ജയില്‍ അധികൃതര്‍ തയ്യാറായില്ല . നേരത്തേ പറഞ്ഞ പോലെ, അകമ്പടിയ്ക്കുള്ള ഉദ്യോഗസ്ഥരുടെ അഭാവമാണ് അവര്‍ കാരണമായി പറഞ്ഞത്.

മെയ് 10 ന് ഹനിബാബുവിന്റെ അഭിഭാഷകന്‍ പയോഷി റോയ് ,സൂപ്രണ്ടിനോട് സംസാരിക്കുന്നതിനായി 8 പ്രാവശ്യം ജയിലിലേയ്ക്ക് വിളിക്കുകയുണ്ടായി . എന്നിട്ടും ഫോണ്‍ അറ്റന്റ് ചെയ്തില്ല. അവിടുത്തെ ജയിലര്‍ അന്ന് രാത്രി 8.30 ന് പിറ്റേന്ന് അദ്ദേഹത്തെ ആശുപത്രിയിലേയ്ക്ക് കൊണ്ടു പോകും എന്നറിയിച്ചു. ഇതിനെ തുടര്‍ന്ന് ഹനിബാബുവിന്റെ അഭിഭാഷകര്‍ ഇക്കാര്യത്തില്‍ അലംഭാവം അരുതെന്ന് അഭ്യര്‍ത്ഥിച്ച് സൂപ്രണ്ടിന് ഒരു ഇ – മെയ്ല്‍ അയക്കുകയുണ്ടായി. ഒരു ദിവസത്തെ അലംഭാവം പോലും കാഴ്ചയെ ഭാഗികമായോ പൂര്‍ണ്ണമായോ ഇല്ലാതാക്കിയേക്കാമെന്നും തലച്ചോറിലേയ്ക്ക് വ്യാപിച്ചാല്‍ ജീവനെത്തന്നെ ബാധിച്ചേക്കാമെന്നും പ്രസ്തുത ഇ- മെയ് ലില്‍ ചൂണ്ടിക്കാണിച്ചിരുന്നു. എന്നിട്ടും മെയ് 11ന് പോലും അദ്ദേഹത്തെ ആശുപതിയിലേയ്ക്ക് കൊണ്ടു പോയിട്ടില്ല. ഇപ്പോള്‍ കുടുംബത്തിന്റെ അഭ്യര്‍ത്ഥന വന്നതിനെ തുടര്‍ന്ന് വിവിധ കോണുകളില്‍ നിന്നുയര്‍ന്ന സമ്മര്‍ദ്ദം മൂലമാണെന്ന് വിചാരിക്കാം , മെയ് 12 ന് അദ്ദേഹത്തെ ആശുപത്രിയില്‍ കൊണ്ടുപോയതായി അറിയുന്നു.

ഹനിബാബു കടന്നു പോകുന്ന ദുരന്ത സ്ഥിതിയുടെ ചിത്രം കുടുംബാംഗങ്ങള്‍ വരച്ചു കാണിക്കുന്നത് ഇങ്ങനെയാണ്. ഇത് ശരിയെങ്കില്‍ ഗുരുതരമായ മനുഷ്യാവകാശ ലംഘനമാണ് ഹനിബാബുവിന്റെ കാര്യത്തില്‍ നടന്നു കൊണ്ടിരിക്കുന്നത്. തുടര്‍ ചികിത്സ അദ്ദേഹത്തിന് ലഭ്യമാക്കുക എന്നത് മാനുഷികമായും നിയമപരമായും അനുഷ്ഠിക്കേണ്ട കര്‍ത്തവ്യമാണ്. ഒരു അദ്ധ്യാപകനെന്ന നിലയിലും ഭാഷാശാസ്ത്രജ്ഞന്‍ എന്ന നിലയിലും ലോകമെങ്ങും അറിയപ്പെടുന്ന ഒരു മലയാളിയാണ് വിചാരണ തുടങ്ങാത്ത ഒരു കേസില്‍ ഈ ദുരിതത്തിലൂടെ കടന്നുപോകുന്നത്. ഈ കേസ് തന്നെ കംപ്യൂട്ടറുകള്‍ ഹാക്ക് ചെയ്ത് നിര്‍മ്മിച്ചെടുത്തതാണെന്നുള്ള ആരോപണം നിലനില്‍ക്കേ , ഒരു വിചാരണത്തടവുകാരന്റെ പൗരാവകാശം ,അതും അടിയന്തിരമായി ചികിത്സ ലഭിക്കേണ്ട കാര്യത്തില്‍ , നിഷേധിക്കപ്പെടുന്നത് സങ്കടകരമാണ്. അതിനാല്‍ ഹനിബാബു എന്ന മലയാളി പൗരന് ആവശ്യമായ തുടര്‍ ചികിത്സ എത്രയും പെട്ടെന്ന് ഉറപ്പു വരുത്തേണ്ടതുണ്ട്. കോവിഡ് – 19 അതിവേഗത്തില്‍ വ്യാപിച്ചു കൊണ്ടിരിക്കുന്ന ഈ ഘട്ടത്തില്‍ ശാരീരികമായ ദുര്‍ബലാവസ്ഥയിലൂടെ കടന്നുപോകുന്ന അദ്ദേഹത്തിന് വാക്‌സിനേഷന്‍ ഉള്‍പ്പെടെയുള്ള ആരോഗ്യ സുരക്ഷാ നടപടികള്‍ താമസം വിനാ ലഭിക്കേണ്ടതുണ്ട്. അത്തരം മനുഷ്യാവകാശ നടപടികള്‍ ഉറപ്പു വരുത്താന്‍ കേരള മുഖ്യമന്ത്രി സദയം ഇടപെടണം എന്ന് ഹനിയുടെ ഉമ്മയും മറ്റു ബന്ധുക്കളും താങ്കള്‍ക്ക് എഴുതിയതായി അറിയുന്നു..

ജയിലധികൃതരുടെ ഭാഗത്തു നിന്നും ഇനിയും അലംഭാവം തുടരാനുള്ള സാധ്യത ഉള്‍ക്കൊണ്ട് ഡോക്ടര്‍മാര്‍ ആവശ്യപ്പെടുകയാണെങ്കില്‍ ഹോസ്പിറ്റലൈസേഷന്‍ ഉള്‍പ്പെടെയുള്ള നടപടികള്‍ ഉറപ്പാക്കാനും കോവി ഡിനെതിരെയുള്ള വാക്‌സിനേഷന്‍ ലഭ്യമാക്കാനും അങ്ങ് ശക്തമായി ഇടപെടണമെന്ന് അഭ്യര്‍ത്ഥിക്കുന്നു

കെ.ജി. ശങ്കരപ്പിള്ള
സച്ചിദാനന്ദന്‍
സാറ ജോസഫ്
ബി. ആര്‍. പി. ഭാസ്‌കര്‍
സക്കറിയ
സുനില്‍ പി. ഇളയിടം
വി.കെ. ശ്രീരാമന്‍
രാജീവ് രവി
പി .ടി . കുഞ്ഞുമുഹമ്മദ്
പി.പി.രാമചന്ദ്രന്‍
റഫീക് അഹമ്മദ്
അന്‍വറലി
മനോജ് കുറൂര്‍
എസ്. ഹരീഷ്
സുജ സൂസന്‍ ജോര്‍ജ്ജ്
ഹരീഷ് വാസുദേവന്‍
എം.വി. നാരായണന്‍
പി.എന്‍. ഗോപീകൃഷ്ണന്‍
അനില്‍ വേങ്കോട്
വി എ ബാലകൃഷ്ണന്‍

സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പന്ത്രണ്ടാം വര്‍ഷത്തേക്ക് കടക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2024 - 25 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in


ഞങ്ങളുടെ ഫേസ്ബുക് പേജ് ലൈക് ചെയ്യൂ..


Published On

Category: Human rights | Tags: , | Comments: 0 |

'ക്രിട്ടിക്കില്‍ പ്രസിദ്ധീകരിക്കുന്ന ലേഖനങ്ങള്‍ ലേഖകരുടെ അഭിപ്രായങ്ങളാണ്.. അവ പൂര്‍ണ്ണമായും ക്രിട്ടിക്കിന്റെ അഭിപ്രായങ്ങളാകണമെന്നില്ല - എഡിറ്റര്‍'

Be the first to write a comment.

Leave a Reply