വെടിയുണ്ടകള്‍ക്കും തീപ്പാട്ടുകള്‍ക്കുമിടയിലായിരുന്നു ഗദ്ദര്‍

വിപ്ലവപ്പാതയില്‍ മുന്നേറുന്നതിന് തോക്കും പാട്ടും ഒരേ പോലെ ആവശ്യമാണെന്ന് അദ്ദേഹം വിശ്വസിച്ചിരുന്നു. ഇന്ത്യയിലെ ഏതു വന്‍ നഗര കേന്ദ്രത്തിലും അപ്രതീക്ഷിതമായി പ്രത്യക്ഷപ്പെട്ട് നിമിഷങ്ങള്‍ക്കകം തന്റെ ഗാന-നൃത്ത പ്രകടനം കൊണ്ട് ഉത്തേജിതരായ ഒരു ജനസഞ്ചയത്തെ സൃഷ്ടിയ്ക്കാനുള്ള ഗദ്ദറിന്റെ മാന്ത്രിക ശേഷിയെ ഭരണകൂടം എപ്പോഴും ഭയപ്പെട്ടു.

നക്‌സല്‍ബാരിയ്ക്കു ശേഷമുള്ള ഇന്ത്യയിലെ വിപ്‌ളവപ്രസ്ഥാനത്തിന്റെ ഏറ്റവും ജനവശ്യതയുള്ള ശബ്ദവും സാന്നിദ്ധ്യവുമായിരുന്നു ഗദ്ദര്‍ എന്ന പേരില്‍ വിഖ്യാതനായ തെലുഗു കവിയും ഗായകനും നര്‍ത്തകനുമായ ഗുമ്മഡി വിത്തല്‍ റാവു. ആയിരത്തിത്തൊള്ളായിരത്തി എണ്‍പതുകളിലും തൊണ്ണൂറുകളിലും സി.പി.ഐ (എം.എല്‍) – പീപ്പിള്‍സ് വാര്‍ ഗ്രൂപ്പിന്റെ സായുധ വിപ്ലവ പ്രവര്‍ത്തനങ്ങള്‍ക്ക് പോരാളിയായ ഗായകനെന്ന നിലയില്‍ ഇന്ത്യയിലാകമാനം വന്‍ സ്വീകാര്യത നേടിക്കൊടുക്കുന്നതില്‍ ഗദ്ദറിന്റെ തെരുവരങ്ങുകള്‍ വലിയ പങ്കു വഹിച്ചിരുന്നു.

വിപ്ലവപ്പാതയില്‍ മുന്നേറുന്നതിന് തോക്കും പാട്ടും ഒരേ പോലെ ആവശ്യമാണെന്ന് അദ്ദേഹം വിശ്വസിച്ചിരുന്നു. ഇന്ത്യയിലെ ഏതു വന്‍ നഗര കേന്ദ്രത്തിലും അപ്രതീക്ഷിതമായി പ്രത്യക്ഷപ്പെട്ട് നിമിഷങ്ങള്‍ക്കകം തന്റെ ഗാന-നൃത്ത പ്രകടനം കൊണ്ട് ഉത്തേജിതരായ ഒരു ജനസഞ്ചയത്തെ സൃഷ്ടിയ്ക്കാനുള്ള ഗദ്ദറിന്റെ മാന്ത്രിക ശേഷിയെ ഭരണകൂടം എപ്പോഴും ഭയപ്പെട്ടു. വ്യാജ ഏറ്റുമുട്ടലുകളില്‍ വധിയ്ക്കപ്പെട്ട വിപ്ലവകാരികളേയും ഗ്രാമീണരുടേയും മൃതശരീരങ്ങള്‍ ഉറ്റവര്‍ക്ക് വിട്ടു കൊടുക്കാത്ത സര്‍ക്കാരുകളുടേയും ജുഡീഷ്യറിയുടേയും ധാര്‍ഷ്ട്യത്തെ ഔദ്യോഗിക സ്ഥാപനങ്ങള്‍ക്കു (സെക്രട്ടേറിയറ്റ് / ഹൈക്കോര്‍ട്ട് ) മുന്നില്‍ നടത്തിയ കലാപ്രകടന – ഉപരോധം കൊണ്ടു തോല്പിച്ച സംഭവങ്ങള്‍ ഹൈദരാബാദിലും നാഗ്പൂരിലുമുണ്ടായി. അടിച്ചമര്‍ത്തപ്പെടുന്ന നിസ്സഹായരുടെ ജനാധിപത്യാവകാശങ്ങള്‍ക്കു വേണ്ടി പൊരുതാന്‍ തോക്കും നാക്കും ഒരുപോലെ രാഷ്ടീയായുധമാണെന്ന് അദ്ദേഹം തെളിയിയ്ക്കുകയായിരുന്നു.

എഞ്ചിനീയറിങ്ങ് പഠനമുപേക്ഷിച്ച് വിപ്ലവ പ്രസ്ഥാനത്തില്‍ ചേര്‍ന്ന ഗദ്ദര്‍ ഒരു ദശകത്തിലേറെ വനാന്തരങ്ങളില്‍ ഗ്വറില്ലാ സ്‌ക്വാഡുകള്‍ക്കൊപ്പമാണു ജീവിച്ചത്. ഇതിനിടയില്‍ വാമൊഴിയായി പ്രചരിച്ച അദ്ദേഹത്തിന്റെ പാട്ടുകള്‍ ഗദ്ദറിനെ ജീവിയ്ക്കുന്ന ഐതിഹ്യമാക്കി മാറ്റിയിരുന്നു. തെലുഗിലെ പാട്ടു കെട്ടലിന്റെ നാട്ടുപാരമ്പര്യത്തിലേയ്ക്ക് ജനകീയപ്പോരാട്ടത്തിന്റെ സമകാലീന പ്രമേയങ്ങളെ സ്വാംശീകരിച്ച് ഗദ്ദര്‍ തന്റെ കവിതയെ രാഷ്ട്രീയാഖ്യാനങ്ങളാക്കി മാറ്റി.

വിപ്‌ളവ കലാപാരമ്പര്യത്തിലേയ്ക്ക് ഗദ്ദറിന്റേതു മാത്രമായ ഒരു തനതു കാലം അങ്ങനെ കടന്നു വന്നു. അധികാര ശക്തികള്‍ അടിച്ചമര്‍ത്തുകയും കൊന്നുവീഴ്ത്തുകയും ചെയ്ത ഓരോ മനുഷ്യനില്‍ നിന്നും ഗദ്ദറിന്റെ പാട്ട് തീ പാറുന്ന വാക്കുകള്‍ കൊണ്ട് വിപ്ലവത്തിന്റെ പന്തം കൊളുത്തി. ഇന്ത്യയിലെ എല്ലാ ഭാഷകളിലും ഈ പാട്ടുകളുടെ പകര്‍പ്പുകളുണ്ടായി; ഒപ്പം അനുഗായകരുമുണ്ടായി. പോപ്പുലര്‍ സിനിമകളില്‍ ഗദ്ദറിന്റെ രൂപഭാവങ്ങളിലും കോസ്റ്റ്യൂമുകളിലും കഥാപാത്രങ്ങളുണ്ടായി. ലക്ഷക്കണക്കിന് കേസറ്റുകള്‍ ഗദ്ദറിന്റെ പാട്ടുകളുമായി ഗ്രാമഗ്രാമാന്തരങ്ങളിലേയ്ക്ക് സഞ്ചരിച്ചു. അദ്ദേഹം നേതൃത്വം നല്കിയിരുന്ന ‘ജനനാട്യമണ്ഡലി’ രാജ്യത്തുടനീളം വിപ്ലവ ഗായകര്‍ക്കും കലാകാരന്മാര്‍ക്കും വേണ്ടി വര്‍ക്ക് ഷോപ്പുകള്‍ നടത്തി. 1990 ഒക്ടോബറില്‍ , തൃശൂരില്‍ നടന്ന AILRC യുടെ നാലാം കോണ്‍ഫറന്‍സിന്റെ റാലിയുടെ മുന്നില്‍ അദ്ദേഹവും വിവിധ സംസ്ഥാനങ്ങളില്‍ നിന്നുള്ള കലാകാരന്മാരും നടത്തിയ പ്രകടനം കേരളത്തെ പ്രകമ്പനം കൊള്ളിച്ചിരുന്നു.

1990 കളുടെ അവസാന കാലമാവുമ്പോഴേയ്ക്കും പീപ്പിള്‍സ് വാര്‍ ഗ്രൂപ്പിന്റെ രാഷ്ട്രീയവുമായി ഗദ്ദര്‍ വഴി പിരിയാന്‍ തുടങ്ങിയിരുന്നു. അംബേദ്കറൈറ്റ് ആയി സ്വയം പ്രഖ്യാപിച്ച് അതിനു മുമ്പു തന്നെ സ്വന്തം മുന്‍കയ്യില്‍ അദ്ദേഹം പ്രവര്‍ത്തനം തുടങ്ങിക്കഴിഞ്ഞിരുന്നു. സ്വന്തം നാട്ടില്‍ അദ്ദേഹമാരംഭിച്ച ഒരു സ്‌കൂളിന്റെ ധനസമാഹരണം, കേസറ്റു വില്പനയുടെ ക്രയവിക്രയക്കണക്കുകളിലെ നിരുത്തരവാദിത്തം തുടങ്ങിയ ആരോപണ ളുന്നയിച്ച് പാര്‍ട്ടി അദ്ദേഹത്തിനെതിരെ നടപടികള്‍ ആരംഭിയ്ക്കുകയും ചെയ്തിരുന്നു. എങ്കിലും ജനനാട്യമണ്ഡലിയുടെ പ്രവര്‍ത്തനങ്ങളുമായി വിപ്ലവ പ്രസ്ഥാനത്തിന്റെ പരസ്യമുഖമായി 2010 വരെ അദ്ദേഹം തുടര്‍ന്നു.

പീപ്പിള്‍സ് വാര്‍ ഗ്രൂപ്പിലെ ആന്തര ശൈഥില്യങ്ങള്‍ പ്രസ്ഥാനത്തെ പ്രക്ഷീണമാക്കിയ സാഹചര്യത്തില്‍ 1997 ല്‍ പോലീസ് ഏര്‍പ്പാടു ചെയ്ത കൊലയാളിസംഘം ഹൈദരബാദിലെ വീട്ടില്‍ അതിക്രമിച്ചു കയറി അദ്ദേഹത്തിനു നേരെ വെടിയുതിര്‍ത്തു . ജീവന്‍ രക്ഷപ്പെട്ടെങ്കിലും മരണം വരെ നട്ടെല്ലിനോടു ചേര്‍ന്ന് തറച്ച നീക്കം ചെയ്യാനാവാത്ത ഒരു വെടിയുണ്ടയുമായാണ് അദ്ദേഹം ജീവിച്ചത്.

ജനകീയ കലാസാഹിത്യവേദി വിപ്ലവ സാംസ്‌കാരിക സംഘടനാ ലീഗിന്റെ (AlLRC – All India League for Revolutionary Culture) ഭാഗമായിരുന്ന കാലത്ത് ഒരു ചെറിയ കാലം ഗദ്ദര്‍ സെക്രട്ടറിയായി. അക്കാലം പക്ഷേ, അദ്ദേഹം പ്രത്യയ ശാസ്ത്രപരമായും സംഘടനാപരമായും നിഷ്‌ക്രിയനായിരുന്നു. പില്‍ക്കാലം ഗദ്ദര്‍ തെലങ്കാന വിഘടന പ്രക്ഷോഭ പ്രസ്ഥാനത്തിലെത്തുകയും 2012 ല്‍ തെലങ്കാന പ്രജാമുന്നണിയുടെ സ്ഥാപനത്തിലെത്തുകയും ചെയ്തു.

ഇന്ത്യന്‍ വിപ്‌ളവകലയുടെ ആകാശത്തില്‍ തിളങ്ങുന്ന ചെന്താരകമായി ചരിത്രം ഗദ്ദറിനെ സ്ഥാനപ്പെടുത്തും. ഒപ്പം, രാഷ്ട്രീയത്തിനു മേല്‍ ഏകപക്ഷീയമായി തോക്കിനെ പ്രതിഷ്ഠിയ്ക്കുന്ന അയഥാര്‍ത്ഥതയില്‍ ഏതു നായക പ്രഭാവനും സ്വത്വ-ജാതി രാഷ്ട്രീയത്തിന്റെ ഒരെളുപ്പവഴിയിലേക്കെത്താവുന്ന വിപരീത യുക്തി കൂടി ഉള്‍ക്കൊള്ളുന്നു എന്ന് ഈ ഐതിഹാസിക ജീവിതം ഓര്‍മ്മിപ്പിയ്ക്കുകയും ചെയ്യുന്നു.

കെ. എ. മോഹന്‍ദാസ് (പ്രസിഡന്റ്)
പി.കെ. വേണുഗോപാലന്‍ (സെകട്ടറി)
ജനകീയ കലാ സാഹിത്യ വേദി.

സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പന്ത്രണ്ടാം വര്‍ഷത്തേക്ക് കടക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2024 - 25 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in


ഞങ്ങളുടെ ഫേസ്ബുക് പേജ് ലൈക് ചെയ്യൂ..


Published On

Category: Current News | Tags: , | Comments: 0 |

'ക്രിട്ടിക്കില്‍ പ്രസിദ്ധീകരിക്കുന്ന ലേഖനങ്ങള്‍ ലേഖകരുടെ അഭിപ്രായങ്ങളാണ്.. അവ പൂര്‍ണ്ണമായും ക്രിട്ടിക്കിന്റെ അഭിപ്രായങ്ങളാകണമെന്നില്ല - എഡിറ്റര്‍'

Be the first to write a comment.

Leave a Reply