വിഷാദം : ഒരു വിയോജനക്കുറിപ്പ്
ഡിപ്രഷന്‍ അനുഭവിക്കുന്നവര്‍, സദാനേരവും വിഷാദം മുറ്റിയ കണ്ണുകളും കുനിഞ്ഞ ശിരസ്സുകളും നിര്‍വികാര സംഭാഷണങ്ങളുമായി പൊതുസമൂഹത്തിലും സൈബറിടങ്ങളിലും കരുണതേടി അലഞ്ഞു നടക്കും/നടക്കേണ്ടതാണ് എന്നാണ് പൊതു സമൂഹം കരുതുന്നതെന്നാണ് ഇത്തരം സാഹചര്യങ്ങളില്‍ നിന്നും അനുമാനിക്കാനാവുന്നത്. അത്തരം വിഷാദികള്‍ക്കായി കേരളത്തിന്റെ മുഖമുദ്രയായിക്കഴിഞ്ഞ ‘കരുതല്‍’ വാരിയൂട്ടാന്‍ സജ്ജരുമാണ് പൊതുസമൂഹം.
ബോളിവുഡ് നടന്‍ സുശാന്തിന്റെ മരണവുമായി ബന്ധപ്പെട്ട് വിഷാദത്തെ പ്രശ്‌നവല്‍കരിക്കാനുള്ള തീവ്ര ശ്രമങ്ങള്‍ സോഷ്യല്‍ മീഡിയയിലടക്കം നടന്നു വരികയാണ്. ക്ലിനിക്കല്‍ സൈക്കോളജിസ്റ്റുകള്‍ മുതല്‍ കവികളും അക്ടിവിസ്റ്റുകളും വരെ ഈ ഉദ്യമത്തില്‍ അണിനിരക്കുന്നതായും ശ്രദ്ധയില്‍ പെട്ടിരുന്നു. എന്നാല്‍ ഇവ എത്രമാത്രം കൃത്യമാണ്? വിഷാദമെന്ന വൈയക്തിക മാനസികാനുഭവത്തോട് ഇത്തരം ആള്‍ക്കൂട്ട ചര്‍ച്ചകള്‍ അവയര്‍ഹിക്കുന്ന നീതിപുലര്‍ത്തുന്നുണ്ടോ?
ദളിതരുടെ/സ്ത്രീകളുടെ പ്രശ്‌നങ്ങള്‍ ദളിതരോളം/സ്ത്രീകളോളം ഉള്‍ക്കൊള്ളാനോ വിശദീകരിക്കാനോ മറ്റാര്‍ക്കുമാവില്ല എന്നത് ഇന്ന് മിക്കവാറും എല്ലാവരും അംഗീകരിച്ചു കഴിഞ്ഞ വസ്തുതയാണ്. ദളിതരുടെയും സ്ത്രീകളുടേയും കൂട്ടായ്മകള്‍ ഈ ബോധ്യ നിര്‍മിതിക്ക് ഇക്കാലമത്രയും നേതൃത്വം നല്‍കുകയും ചെയ്തു. ദള്ത്/സ്ത്രീ പ്രശ്‌നങ്ങള്‍ അനുഭവപരമാണെന്നും, അവ പൂര്‍ണമായും വിശദീകരണക്ഷമവാവുക അതിനകത്തു നിന്നുള്ള അടയാളപ്പെടുത്തലുകളാലാണെന്നതുമാണ് ഈ തിരിച്ചറിവിന്റെ ആന്തരിക സാരമായി നിലകൊള്ളുന്നത്. എന്നാല്‍, മാനസിക വിമതത്വമുള്ള മനുഷ്യരിലേക്കു വരുമ്പോള്‍, മേല്‍പ്പറഞ്ഞ നിലയില്‍ കൂട്ടായ ഒരു സ്വരം ഓണ്‍ലൈന്‍ തലത്തില്‍ പോലും ഉയര്‍ന്നു വന്നിട്ടില്ല എന്നു കാണാം. അതിനാല്‍ത്തന്നെ ആ വിഭാഗത്തിന്റെ പിതൃത്വം ഏറ്റെടുക്കുകയെന്നത് ചെറുത്തുനില്‍പ്പിന്റെ ഒരു തരി പോലും നേരിടാതെ സാധ്യമാകുന്ന ഒന്നുമാണ്. ഡിപ്രഷന്‍ എന്നത് മറ്റേത് പതിതാവസ്ഥകളേയും പോലെ അനുഭവാധിഷ്ഠിതമായി മാത്രമുള്ള വിശദീകരണ സാധ്യതകളെ ഉള്‍ക്കൊള്ളുന്ന ഒന്നാണ്. അല്ലാതുള്ളവയെല്ലാം ഊഹാപോഹങ്ങളോ മഹത്വ/കാല്‍പനികവല്‍കരണങ്ങളോ മാത്രമായി ചുരുങ്ങുക തന്നെ ചെയ്യും.
പൊതുവായ ചില വിഷാദ ധാരണകളിലൊന്ന്, ‘ആരെങ്കിലുമൊക്കെ കൂടെ നിന്നിരുന്നെങ്കില്‍, ചായാനൊരു തോള്‍ തന്നിരുന്നെങ്കില്‍’ എന്നാഗ്രഹിച്ച് വലയുന്നവരാണ് ഡിപ്രസ്ഡ് പേര്‍സണ്‍സ് എന്നതാണ്. കൂടെ ‘ആരെങ്കിലും’ ഉണ്ടായാല്‍ സമരസപ്പെടുന്നതാണ് വിഷാദം എന്നാണ് ഈ അഭിപ്രായ പ്രകടനങ്ങളുടെ സാരാംശം. കൂടെ നില്‍ക്കാന്‍ അസംഖ്യം പേരുണ്ടായാലും; അതില്‍ ആശ്വാസമാകാന്‍ കഴിയുന്നതോ അംഗീകരിക്കാന്‍ കഴിയുന്നതോ ആയ ആളുകളെ കണ്ടെത്തുക എന്നത് ഒരു ഡിപ്രസ്ഡ് പേര്‍സണെ സംബന്ധിച്ച് ഒട്ടും എളുപ്പമല്ലെന്ന യാഥാര്‍ത്ഥ്യത്തെ ‘സാമൂഹിക തിരസ്‌കാരം’ എന്ന ലേബലില്‍ അപഹസിക്കുന്ന ഒന്നാണ് ഇത്തരം യുക്തിരഹിതമായ നിഗമനങ്ങള്‍. വിഷാദം വ്യക്തിയുടെ അഭിരുചികളെ സൂക്ഷമമാക്കുകയും കൂടുതല്‍ സെലക്ടീവ് ആക്കുകയും ചെയ്യുന്ന ഒരു അവസ്ഥാവിശേഷമാണ്. ‘സഹനം’ , ‘അച്ചടക്കം’ എന്നീ സര്‍വൈവല്‍ കാപട്യങ്ങളെ തിരസ്‌കരിക്കുന്ന ഒന്നുമാണത്. സ്ഥിതി ഇപ്രകാരം തുടരവേയാണ് വിഷാദം അപരാധിഷ്ഠിതം എന്ന നിലയില്‍ വ്യാഖ്യാനിക്കപ്പെടുന്നത്. ഡിപ്രഷന്‍ അനുഭവിക്കുന്നവര്‍ ദുരിതം മുറ്റിയതും ദയാര്‍ഹവുമായ ഒരു ജീവിതം ‘തള്ളിനീക്കുന്നു’ എന്നാതാണ് ഭൂരിപക്ഷത്തിന്റെ മറ്റൊരു ധാരണാ പ്രഖ്യാപനം.
‘തോട്ടിയുടെ മകന്‍’ എന്ന തകഴിയുടെ നോവലില്‍ ഇപ്രകാരമൊരു വരി കാണാം : ‘അത്തരമൊരു തോട്ടിയെ നിങ്ങള്‍ ഇഷ്ടപ്പെടില്ല. ദിവസവും രണ്ടു നേരം കുളിക്കുന്ന തോട്ടിയെ; വൃത്തിയുള്ള വസ്ത്രം ധരിക്കുന്ന തോട്ടിയെ. ‘അവനൊരു ശൃംഗാരിയാണ്’ – നിങ്ങളുടെ സ്ത്രീകള്‍ പറയും’ ഒരു തോട്ടിയെ/അതി ദരിദ്രനെ സംബന്ധിച്ച് സമൂഹം വച്ചു പുലര്‍ത്തുന്ന തീര്‍പ്പുകളാണ്, നോവലിലെ തോട്ടിയെ ഉപരിവര്‍ഗ സ്ത്രീകള്‍ ‘ശൃഗാരിയെന്ന്’ വിശേഷിപ്പിക്കുന്നതിന് കാരണമാകുന്നത്. കുളിക്കാത്ത, വൃത്തിയില്ലാത്ത, നാറുന്ന തോട്ടിയാണ് അവരുടെ മനസ്സിലെ ‘തോട്ടിമാതൃക’.
ഡിപ്രഷന്റെ കാര്യത്തിലും സ്ഥിതി സമാനമാണ്. ഡിപ്രഷന്‍ അനുഭവിക്കുന്നവര്‍, സദാനേരവും വിഷാദം മുറ്റിയ കണ്ണുകളും കുനിഞ്ഞ ശിരസ്സുകളും നിര്‍വികാര സംഭാഷണങ്ങളുമായി പൊതുസമൂഹത്തിലും സൈബറിടങ്ങളിലും കരുണതേടി അലഞ്ഞു നടക്കും/നടക്കേണ്ടതാണ് എന്നാണ് പൊതു സമൂഹം കരുതുന്നതെന്നാണ് ഇത്തരം സാഹചര്യങ്ങളില്‍ നിന്നും അനുമാനിക്കാനാവുന്നത്. അത്തരം വിഷാദികള്‍ക്കായി കേരളത്തിന്റെ മുഖമുദ്രയായിക്കഴിഞ്ഞ ‘കരുതല്‍’ വാരിയൂട്ടാന്‍ സജ്ജരുമാണ് പൊതുസമൂഹം.
എന്നാല്‍ മറിച്ചായാല്‍ എന്തുണ്ടാകും?
സംതൃപ്തി തേടി പ്രണയങ്ങളില്‍ നിന്നും പ്രണയങ്ങളിലേക്ക് എടുത്തുചാടുന്ന ഒരുവളെ/ഒരുവനെ, ഉണ്ടെങ്കിലും ഇല്ലെങ്കിലും പണം മിതവ്യയം ചെയ്യാത്ത ഒരാളെ, കുടുംബത്തില്‍ ആവശ്യത്തിനും അനാവശ്യത്തിനും നിരന്തര സംഘര്‍ഷം തീര്‍ക്കുന്ന ഒരാളെ, പെട്ടെന്ന് ഹീറ്റാകുന്ന ഒരു സമാന്തര കലാകാരനെ/കലാകാരിയെ, ഒരു താല്‍ക്കാലിക ശാരീരിക ബന്ധത്തിനൊടുവില്‍ ഒഴിയാതെ പുറകേക്കൂടുന്ന പെണ്‍/ആണ്‍ കുട്ടിയെ, ഇത്തരത്തിലുള്ള മനുഷ്യരെ എങ്ങനെയാകും പൊതുസമൂഹം സ്വീകരിക്കുക? പൂര്‍വ്വ നിര്‍മിതമായ സ്റ്റീരിയോ ടൈപ്പുകളില്‍ ഒതുങ്ങുന്നില്ലെന്ന കാരണത്താല്‍, പ്രൊക്യൂറ്റസിന്റെ കട്ടിലുകളായി മാറുന്ന അഭിമുഖീകരണ സന്ദര്‍ഭങ്ങള്‍ അത്തരക്കാര്‍ക്ക് കാഴ്ചവക്കപ്പെടുകയല്ലേ ഉണ്ടാവുക?
ഈ വിഷയം ഇത്രമാത്രം ചര്‍ച്ചചെയ്യപ്പെടാനിടയാക്കിയ ‘വിഷാദിയുടെ ആത്മഹത്യ’ എന്ന പ്രഥമ പ്രശ്‌നത്തിന്‍മേലുള്ള ചര്‍ച്ചയിലും ഇതേ തരത്തിലുള്ള തെറ്റുദ്ധാരണാ പ്രവാഹങ്ങള്‍ കാണാം. ആത്മഹത്യയുടെ അദ്യത്തേതും അവസാനത്തേതുമായ കാരണം ‘വിഷാദമാണ്’ എന്ന വിലയിരുത്തല്‍ തന്നെയാണ് അതിലെ പ്രധാന തകരാര്‍. ‘തീവ്രമായ അസ്തിത്വ പ്രതിസന്ധി അനുഭവിക്കുന്ന ഒരാള്‍ ആത്മഹത്യ ചെയ്യുമ്പോള്‍ അയാളുടെ മരണകാരണം നൈരാശ്യം തന്നെ ആകണമെന്നില്ല. ഏറ്റവും പ്രതീക്ഷയര്‍പ്പിച്ചിരുന്ന ഒരാളില്‍ നിന്ന് അന്നേദിവസമുണ്ടായ അവഗണനയുമാകാം അതിന്റെ കാരണം’ -: ‘സിസിഫസ് പുരാണം’ എന്ന ദാര്‍ശനിക ഗ്രന്ഥത്തില്‍ ‘ആല്‍ബേര്‍ കാമു’ എഴുതിയ വരികളാണിത്.
ക്ലിനിക്കല്‍ ഡിപ്രഷന്‍ അനുഭവിക്കുന്ന ഒരു മനുഷ്യന്റെ ആത്മഹത്യക്കു പുറകിലെ കാരണം ‘വിഷാദമാണ്’ എന്നത്; Sanity അവകാശപ്പെടുന്ന ഭൂരിപക്ഷത്തിന്റെ ധാരണാപ്പിശകോ കവടിനിരത്തലോ മാത്രമാണ്. പ്രണയമില്ലാത്ത ഒരു വാഷാദിയുടെ മരണത്തിന് കാരണം അതായിരിക്കാം. പണമില്ലാത്ത ഒരാളെ സംബന്ധിച്ച് പണമാകാം കാരണം.തുറന്നു സംസാരിക്കാന്‍ ഒരാളില്ലാതെ ഒടുവില്‍ തെറാപ്പിസ്റ്റിനരികില്‍ എത്തുമ്പോള്‍ അയാള്‍ ഓതുന്ന പൊതുബോധ സൂത്രങ്ങളോടുള്ള മടുപ്പാകാം ചിലപ്പോഴതിലേക്ക് നയിക്കുന്നത്. പെങ്ങളുടെ നിരന്തരമായ പുച്ഛമോ പങ്കാളികളെ ശാരീരികമായി തൃപ്തരാക്കാന്‍ കഴിയാഞ്ഞതോ ആകാം. ‘ഓര്‍മയളക്കുന്ന’ വിദ്യാഭ്യാസ സംവിധാനത്തിനകത്തെ, ശേഷി തെളിയിക്കലെന്ന അനുവാര്യതക്ക് കഴിഞ്ഞതാകാം. തുടര്‍ച്ചയായി വായിച്ച കാഫ്കയുടെ നോവലുകളാകാം. കഞ്ചാവോ മറ്റു ലഹരികളോ ആകാം അതങ്ങനെ എന്തുമാകാം. ഇത്തരത്തില്‍, അതിസങ്കീര്‍ണവും വൈവിധ്യമാര്‍ന്നതുമായ മാനസിക സവിശേഷാവസ്ഥയാണ് ഇതുവരെയും നിരത്തിയ ആള്‍ക്കൂട്ട അസംബന്ധങ്ങളാല്‍ ലളിതവത്കരിക്കപ്പെടുന്നത്. അവഹസിക്കപ്പെടുന്നത്.
പ്രൊഫഷണല്‍സിന്റെ ആധികാരികമായ അഭിപ്രായ പ്രകടനങ്ങള്‍ പോലും ഇതേ നിലയിലുള്ള പരിമിതികള്‍ വച്ചു പുലര്‍ത്തുന്നവയാണ്. ഡിപ്രഷന്റെ പൊതു സവിശേഷതകളെ സംബന്ധിച്ചുള്ള വിലയിരുത്തലുകള്‍ എന്നതിനുപരിയായി വൈവിധ്യപൂര്‍ണമാര്‍ന്ന ആതുരാവസ്ഥകളെ സംബന്ധിച്ചുള്ള തീര്‍പ്പുകളായി അവ മാറുന്നിടത്താണ് അതിന്റെ ഹിംസാത്മക സ്വഭാവം വെളിപ്പെടുന്നത്. (ലിംഗം, പ്രായം, നിറം, വര്‍ഗം, പ്രദേശം, വിദ്യാഭ്യാസം, തൊഴില്‍, കുടുംബം തുടങ്ങിയ അനേകം ഘടകങ്ങള്‍ ഒരേ മാനസികാവസ്ഥയെത്തന്നെ അനുഭവപരമായ ശൈഥില്യത്തിലേക്ക് നയിക്കുന്നുണ്ട്)
മേല്‍പ്പറഞ്ഞ, വിഷാദത്തിന്റെ വൈവിധ്യകാരണങ്ങളിലൊന്നായ ജെന്‍ഡറിനെ ഉദാഹരണമെന്ന നിലയില്‍ ഇവിടെ വിശദീകരിക്കാം. സ്ത്രീകള്‍ക്കുണ്ടാകുന്ന Depression/Mood Swings/Anxiety എന്നിവയേക്കാളേറെ ദുരിതപൂര്‍ണമാണ് അവ പുരുഷനുണ്ടാകുമ്പോള്‍ എന്നത് ഒരു സാമൂഹിക യാഥാര്‍ത്ഥ്യമാണ്. സാമൂഹികാംഗീകാരവും ദൃശ്യതയുമായി ബന്ധപ്പെട്ടാണ് ഈ ഏറ്റക്കുറച്ചിലുകള്‍ നിശ്ചയിക്കപ്പെടുന്നതെന്ന് ആദ്യമേ പറയട്ടെ.
ഒരു പുരുഷന്‍ എങ്ങനെയായിരിക്കണം, ഒരു സ്ത്രീ എങ്ങനെയായിരിക്കണം എന്നിവയെ സംബന്ധിച്ച് വ്യക്തവും അടഞ്ഞതുമായ സമീപനം പുലര്‍ത്തിപ്പോരുന്ന ഒരു രാജ്യമാണല്ലോ നമ്മുടേത്. ഇതില്‍ പുരുഷനെ സംബന്ധിച്ച് ഇവിടെ നിലനില്‍ക്കുന്ന പൊതുധാരണകള്‍ ‘ശക്തന്‍’, ‘ധീരന്‍’, ‘അചഞ്ചലന്‍’ എന്നിങ്ങനെയുള്ള മാസ്‌കുലിന്‍ ആരോപിതങ്ങളാല്‍ സമൃദ്ധവുമാണ്. അതുകൊണ്ടു തന്നെ; കരയുന്ന, കൈമുറിക്കുന്ന, പരിഭ്രമിക്കുന്ന, പകക്കുന്ന, വിഷാദം സ്ഥായീഭാവമാക്കിയ ഒരു പുരുഷനെ, ആണും പെണ്ണുമടങ്ങുന്ന ‘ആണധികാര പൊതുബോധം’ അംഗീകരിക്കുക സാധ്യമല്ലെന്നു വരുന്നു. മൃദുല വൈകാരികതകള്‍ ആണിനു ചേര്‍ന്നതല്ലെന്ന നിലയിലുള്ള ആരോപിത സ്വത്വ നിര്‍മിതിയാണ് ഇതിനു കാരണമാകുന്നത്. മറുപുറത്ത്, സ്ത്രീയില്‍ അടിച്ചേല്‍പിക്കപ്പെട്ട വൈകാരിക സ്വത്വം, അവളുടെ വിഷാദ പ്രകടനങ്ങളെ സംശയലേശമന്യേ സാധൂകരിക്കുന്നു. ലിംഗപരമെന്നതുപോലെ മറ്റെല്ലാ സാമൂഹിക-വൈയക്തിക കാരണങ്ങളും ഇത്തരത്തില്‍ ബഹുസ്വരമായ അനുഭവ സൃഷ്ടിയിലേക്ക് നയിക്കുന്നതുകാണാം. അതുകൊണ്ടുതന്നെയാണ് മാനസിക വിമതത്വങ്ങളെ സംബന്ധിച്ച മെഡിസിനല്‍ വാര്‍പ്പു മാതൃകകളുടേതടക്കമുള്ള വിമര്‍ശനം അനുവാര്യമാകുന്നത്. അതിസങ്കീര്‍ണമായ മാനസിക സവിശേഷാവസ്ഥയാണ് ആള്‍ക്കൂട്ട അസംബന്ധങ്ങളാല്‍ ലളിതവത്കരിക്കപ്പെടുന്നത്.
സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പന്ത്രണ്ടാം വര്‍ഷത്തേക്ക് കടക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2024 - 25 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.
The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in