ഭൂമി – തൊഴില്‍ – വിദ്യഭ്യാസ മേഖലകള്‍ ഉടച്ചുവാര്‍ക്കണം

ഗാന്ധിയേയും നെഹ്‌റുവിനേയും ഗുരുവിനേയും കുറിച്ചൊക്കെ പഠിപ്പിക്കുന്നപോലെ അംബേദ്കറേയും അയ്യങ്കാളിയേയും പൊയ്കയില്‍ അപ്പച്ചനേയും കുറിച്ചെല്ലാം കുട്ടികളെ പഠിപ്പിക്കണം. അംബേദ്കറെ ഭരണഘടനാശില്‍പ്പി മാത്രമായും അയ്യങ്കാളിയെ പുലയരാജാവ് എന്നുമാത്രമായും പഠിപ്പിക്കുന്നതിനു പകരം അവരെല്ലാം നയിച്ച സാമൂഹ്യവിപ്ലവങ്ങള്‍ സിലബസില്‍ ഉള്‍പ്പെടുത്തണം. അവ കുട്ടികള്‍ക്ക് വരുംകാല മുന്നേറ്റങ്ങള്‍ക്ക് പ്രചോദനമാകണം. ഭൂമി സാമൂഹ്യമൂലധനമാകുന്നപോലെ വിദ്യാഭ്യാസം സംസ്‌കാരിക മൂലധനമാകണം.

കൊവിഡിനെ സാമാന്യം ഫലപ്രദമായി നേരിട്ട പ്രദേശമാണ് കേരളം എന്നതില്‍ സംശയമില്ല. ലോക് ഡൗണും മുന്‍കരുതല്‍ നടപടികളുമൊക്കെ ഏറെക്കുറെ ഭംഗിയായി ചെയ്തതിനാല്‍ രോഗത്തിന്റെ വന്‍തോതിലുള്ള വ്യാപനമുണ്ടായില്ല. മാത്രമല്ല ഏറ്റവും പ്രാദേശികമായ തലത്തില്‍ തന്നെ ഭക്ഷണവിതരണവും മറ്റും നടപ്പാക്കാന്‍ കഴിഞ്ഞതും നേട്ടമായി. അതേസമയം സാമൂഹ്യജീവിതത്തില്‍ വന്‍തോതില്‍ നിലനില്‍ക്കുന്ന അസമത്വം കൊവിഡ് കാലത്ത് എങ്ങനെയാണ് പ്രതിഫലിക്കുന്നതെന്ന വിഷയം ആരും കാര്യമായി പരിഗണിച്ചില്ല. ഉദാഹരണം വിദ്യാഭ്യാസമേഖല തന്നെ. പിന്നീട്, ഓണ്‍ലൈന്‍ ക്ലാസ്സുകള്‍ തുടങ്ങിയശേഷം ദേവിക എന്ന പെണ്‍കുട്ടി ആത്മഹത്യ ചെയ്യേണ്ടിവന്നു, ഈ വിഷയം അല്‍പ്പമെങ്കിലും കേരളീയസമൂഹം ചര്‍ച്ചചെയ്യാന്‍. ദേവികയുടെ മരണത്തെ ആത്മഹത്യയായല്ല, പ്രബുദ്ധമെന്നഹങ്കിരിക്കുന്ന കേരളീയ പൊതുസമൂഹം ചെയ്ത കൊലപാതകമായി തന്നെ കാണണം. എന്നാലതിനെ ടിവിയില്ലാത്തതിനാല്‍ നടന്ന ആത്മഹത്യയായി ലഘൂകരിക്കാനുള്ള ശ്രമമാണ് എവിടേയും കണ്ടത്. പലരും കാലാകാലങ്ങളായി തങ്ങളനുഭവിക്കുന്ന പ്രിവിലേജുകള്‍ക്കു മുകളിലിരുന്ന് ദേവികയെ കുറ്റുപ്പെടുത്തുന്നതും കണ്ടു.

വാസ്തവത്തില്‍ ഓണ്‍ലൈന്‍ ക്ലാസ്സുകള്‍ തുടങ്ങുന്നതിനു മുമ്പേ ആയിരകണക്കിനുള്ള ദളിത് – ആദിവാസി കോളനികളില്‍ അതു പ്രാവര്‍ത്തികമാകില്ല എന്ന് ചൂണ്ടികാട്ടിയ നിരവധി വ്യക്തകളും സംഘടനകളുമുണ്ടായിരുന്നു. എല്ലാ കോളനികളിലും ബന്ധപ്പെട്ട് സൗകര്യമൊരുക്കണമെന്ന് ബന്ധപ്പെട്ടവരോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നായിരുന്നു അധികൃതരുടെ മറുപടി. എന്നാലെതാന്നും നടന്നില്ല. ദേവികയുടെ മരണശേഷം ടിവിയി്ല്ലാത്തതാണ് കോളനി നിവാസികള്‍ അഭിമുഖീകരിക്കുന്ന പ്രശ്‌നം എന്ന് ധരിച്ച് നാടെങ്ങും ടിവി, മൊബൈല്‍ ഫോണ്‍ വിതരണം നടക്കുന്നതും അതെല്ലാം മാധ്യമങ്ങളിലൂടെ കൊട്ടിഘോഷിക്കുന്നതും നമ്മള്‍ കണ്ടു.

ടിവിയോ മൊബൈല് കൊണ്ടോ പരിഹരിക്കാവുന്നതാണോ ദളിത് – ആദിവാസി വിഭാഗങ്ങളുടെ വിദ്യാഭ്യാസമടക്കമുള്ള പ്രശ്‌നങ്ങള്‍? കാലങ്ങളായി അവരനുഭവിക്കുന്ന നീതിനിഷേധങ്ങളുടെ ഒരു പ്രതിഫലനം മാത്രമാണ് ദേവികയിലൂടെ പുറത്തുവന്നത്. വിദ്യാഭ്യാസത്തിലും തൊഴിലിലും ഭൂമിയിലുമെല്ലാം ഈ അനീതി പ്രകടമാണ്. 4664ഓളം വരുന്ന കോളനികളില്‍ 21696 സെറ്റില്‍മെന്റുകളിലായി ജീവിക്കുന്ന ആദിവാസികളുടെ കാര്യം തന്നെ നോക്കുക. നൂറുകണക്കിനു ആദിവാസികുട്ടികള്‍ പഠിക്കുന്നത് പുറത്തുപോയി ഹോസ്റ്റലുകളില്‍ താമസിച്ചാണ്. എന്നാല്‍ വാസ്തവത്തില്‍ സംഭവിക്കുന്നത് എന്താണ്? മഹാഭൂരിപക്ഷംപേരും drop out ആകുന്നു എന്നതാണ് സത്യം. 85.19 ശതമാനം കുട്ടികളും പലപ്പോഴായി കൊഴിഞ്ഞുപോകുന്നു. 49.27 ശതമാനം കുട്ടികള്‍ക്കും പ്രാഥമിക വിദ്യാഭ്യാസം മാത്രമേയുള്ളു. ബിരുദം നേടിയവര്‍ രണ്ടു ശതമാനത്തിനുതാഴെ.

പതിനായിരകണക്കിനു വരുന്ന ദളിത് കോളനികളുടെ അവസ്ഥയും വ്യത്യസ്ഥമല്ല. രണ്ടും മൂന്നും നാലും സെന്റ് ഭൂമിയാണ് ശരാശരി കോളനി നിവാസികള്‍ക്കുള്ളത്. അഞ്ചുലക്ഷത്തോളം പേര്‍ക്ക് അതുമില്ല. കൊട്ടിഘോഷിക്കുന്ന കേരളാമോഡലിന്റെ ഇപ്പോഴും മറച്ചുവെക്കപ്പെടുന്ന യാഥാര്‍ത്ഥ്യമാണിത്. ആധുനികകാലത്ത് ഭൂമി ഒരു സാമൂഹ്യമൂലധനമാണ്. അതുപയോഗിച്ചാണ് മിക്കവരും ഉന്നതവിദ്യാഭ്യാസവും സ്വയം തൊഴില്‍സംരംഭങ്ങളും പ്രവാസജീവിതവും നേടുന്നത്. അതാണ് ദളിത് – ആദിവാസി വിഭാഗങ്ങള്‍ക്ക നിഷേധിക്കുന്നത്. അതുകൊണ്ടുകൂടിയാണല്ലോ കൊവിഡ് കാലത്ത് വിദേശരാജ്യങ്ങളില്‍പെട്ട വിദ്യാര്‍ത്ഥികളിലും തൊഴിലാളികളിലുമൊന്നും ദളിതരും ആദിവാസികളും ഇല്ലാതിരുന്നത്.

കൊവിഡാനന്തരകാലത്തെ ദളിത് – ആദിവാസി ജീവിതത്തെ കുറിച്ച് പറയുമ്പോള്‍ ഉന്നയിക്കാനുള്ളത് പ്രധാനമായും ഭൂമിയുടെ പ്രശ്‌നം തന്നെയാണ്. സംസ്ഥാനത്ത് ലാന്റ് ബാങ്കില്‍ ഒരുപാട് ഭൂമിയുണ്ട്. കുത്തകകള്‍ കയ്യടക്കിയ ലക്ഷകണക്കിന് ഏക്കര്‍ ഭൂമി പിടിച്ചെടുത്ത് ഭൂരഹിതര്‍ക്ക് വിതരണം ചെയ്യണമെന്ന് രാജമാണിക്യമടക്കമുള്ള കമ്മീഷനുകള്‍ ആവശ്യപ്പെട്ടിട്ടുണ്ട്. ചുരുങ്ങിയത് 25 സെന്റ് ഭൂമിയെങ്കിലും ഓരോ കുടുംബത്തിനും ഉടമസ്ഥാവകാശമടക്കം നല്‍കണം. എന്നാല്‍ അതിനുപകരം അവരെ ലൈഫ് പദ്ധതിയുടെ പേരില്‍ കൊച്ചുകൊച്ചു ഫ്‌ളാറ്റുകളിലൊതുക്കാനാണ് പദ്ധതി. അതുവഴി നിഷേധിക്കപ്പെടുന്നത് ഭൂമിയെന്ന സാമൂഹ്യമൂലധനമാണ്. ഭൂപരിഷ്‌കരണകാലത്തെ വഞ്ചന ആവര്‍ത്തിക്കുകയാണ്. അതവസാനിപ്പിച്ച് ഭൂവിതരണമാണ് സര്‍ക്കാര്‍ ആദ്യം ചെയ്യേണ്ടത്.

വിദ്യാഭ്യാസവുമായി ബന്ധപ്പെട്ട് ദളിത് വിഭാഗങ്ങള്‍ ഇപ്പോള്‍ നേരിടുന്ന പ്രധാന വിഷയം ഫെലോഷിപ്പുകളും സ്‌കോളര്‍ഷിപ്പുകളും വൈകുന്നതാണ്. പലപ്പോഴും കൊഴിഞ്ഞുപോക്കിനു പ്രധാന കാരണം അതാണ്. കൃത്യമായി അവ വിതരണം ചെയ്യാന്‍ നടപടിയെടുക്കണം. പ്രാഥമിക വിദ്യാഭ്യാസം മുതല്‍ ഉന്നത വിദ്യാഭ്യാസം വരെ ദളിത്, ആദിവാസി വിഭാഗങ്ങള്‍ കൊഴിഞ്ഞുപോകുന്നില്ല എന്നുറപ്പുവരുത്തണം. അതൊടൊപ്പം പറയാനുള്ള ഒന്നാണ് കരിക്കുലം പരിഷ്‌കരിക്കുന്ന കാര്യവും. ഗാന്ധിയേയും നെഹ്‌റുവിനേയും ഗുരുവിനേയും കുറിച്ചൊക്കെ പഠിപ്പിക്കുന്നപോലെ അംബേദ്കറേയും അയ്യങ്കാളിയേയും പൊയ്കയില്‍ അപ്പച്ചനേയും കുറിച്ചെല്ലാം കുട്ടികളെ പഠിപ്പിക്കണം. അംബേദ്കറെ ഭരണഘടനാശില്‍പ്പി മാത്രമായും അയ്യങ്കാളിയെ പുലയരാജാവ് എന്നുമാത്രമായും പഠിപ്പിക്കുന്നതിനു പകരം അവരെല്ലാം നയിച്ച സാമൂഹ്യവിപ്ലവങ്ങള്‍ സിലബസില്‍ ഉള്‍പ്പെടുത്തണം. അവ കുട്ടികള്‍ക്ക് വരുംകാല മുന്നേറ്റങ്ങള്‍ക്ക് പ്രചോദനമാകണം. ഭൂമി സാമൂഹ്യമൂലധനമാകുന്നപോലെ വിദ്യാഭ്യാസം സംസ്‌കാരിക മൂലധനമാകണം.

തൊഴില്‍ മേഖലയുമായി ബന്ധപ്പെട്ട പ്രധാന വിഷയം സംവരണ അട്ടിമറിയാണ്. സംസ്ഥാനത്തെ സര്‍ക്കാര്‍, പൊതുമേഖലാ സ്ഥാപനങ്ങളില്‍ അര്‍ഹതപ്പെട്ട തൊഴിലവസരങ്ങള്‍ അവര്‍ക്ക ലഭിക്കുന്നില്ല. ഉദ്യോഗസ്ഥരംഗത്തെ ജാതിതിരിച്ചുള്ള കണക്ക് പ്രസിദ്ധീകരിക്കണമെന്നാവശ്യമുയര്‍ന്ന് വര്‍ഷങ്ങളായിട്ടും അത് പരിഗണിക്കപ്പെടുന്നില്ല. സത്യം പുറത്തുവരുമെന്ന ഭീതിതന്നെയാണ് അതിനുപുറകില്‍. സര്‍ക്കാര്‍ വേതനം കൊടുക്കുന്ന എയ്ഡഡ് മേഖലയില്‍ നടക്കുന്നത് തികച്ചും ഭരണഘടനാവിരുദ്ധമായ സംവരണനിഷേധമാണ്. നാല്പതും അമ്പതും ലക്ഷം കൊടുത്ത് ദളിതര്‍ക്കവിടെ ജോലി നേടാനാകുമോ? എയ്ഡഡ് മേഖലയിലെ നിയമനങ്ങള്‍ പി എസ് സിക്കുവിടാന്‍ ഇനിയും വൈകരുത്. നിര്‍ഭാഗ്യവശാല്‍ ആദ്യം ദേവസ്വം സ്ഥാപനങ്ങളിലും പിന്നീട് മറ്റുമേഖലകളിലും സാമ്പത്തിക സംവരണം അഥവാ സവര്‍ണ സംവരണം നടപ്പാക്കുകയാണ് ചെയ്തിരിക്കുന്നത്.

മറ്റൊന്ന് അസംഘടിതമേഖലയിലെ പ്രശ്‌നങ്ങളാണ്. കൊവിഡ് മൂലം തകര്‍ന്നടിയുന്ന മേഖലകളില്‍ പ്രധാനമായും തൊഴില്‍ ചെയ്യുന്നത് ദളിതരാണന്നു കാണാം. ലോട്ടറിയായാലും നിര്‍മ്മാണമേഖലയായാലും മറ്റേതു മേഖലയായലും അതാണവസ്ഥ. റേഷനും കിറ്റും 1000 രൂപയും നല്‍കിയാല്‍ പരിഹരിക്കാവുന്നതല്ല അവരുടെ പ്രശ്‌നങ്ങള്‍. പുതിയ സാഹചര്യത്തില്‍ തൊഴില്‍ മേഖലകള്‍ പുനസംഘടിപ്പിക്കണം. ഉദാരമായ വ്യവസ്ഥകളില്‍ ലോണുകള്‍ നല്‍കണം.

കൊവിഡാനന്തര കാലത്ത് ദളിത് – ആദിവാസി ജീവിതങ്ങള്‍ നിലനിര്‍ത്താനാവശ്യമായ ചില നിര്‍ദ്ദേശങ്ങള്‍ മാത്രമാണിവ. ഏറ്റവും പ്രാഥമികമായ വിഷയങ്ങളെന്ന രീതിയിലാണ് ഭൂമിയുടേയും തൊഴിലിന്റേയ.ും വിദ്യാഭ്യാസത്തിന്റേയും കാര്യങ്ങള്‍ പറഞ്ഞത്. വേറേയും നിരവധി വിഷയങ്ങളുണ്ട്. അവയെന്തൊക്കെ എന്ന് പരിശോധിക്കാനും ആവശ്യമായ നടപടികള്‍ നിര്‍ദ്ദേശിക്കാനുമായി ദളിത് – ആദിവാസി ആക്ടിവിസ്റ്റുകളെയടക്കം ഉള്‍പ്പെടുത്തിയുള്ള സമിതികള്‍ക്ക് സര്‍ക്കാര്‍ രൂപം കൊടുക്കണം. വിശദമായ പഠനങ്ങളിലൂടെ ഈ സമിതി നിര്‍ദ്ദേശിക്കുന്ന നടപടികള്‍ സ്വീകരിക്കാന്‍ സര്‍ക്കാര്‍ തയ്യാറാകണം. അത്തരമൊരു നീക്കമാണ് ഈ മഹാമാരി കാലത്തെങ്കിലും, ജനകീയസര്‍ക്കാരുകളില്‍ നിന്ന് സാമൂഹ്യജീവിതത്തിന്റെ ഓരങ്ങളിലേക്ക് മാറ്റപ്പെട്ടവര്‍ പ്രതീക്ഷിക്കുന്നത്.

(ഇന്‍സ്റ്റിട്യൂട്ട് ഫോര്‍ സോഷ്യല്‍ & ഇക്കോളജിക്കല്‍ സ്റ്റഡീസ് സംഘടിപ്പിച്ച പ്രഭാഷണത്തില്‍ നിന്ന്)

സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പന്ത്രണ്ടാം വര്‍ഷത്തേക്ക് കടക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2024 - 25 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in


ഞങ്ങളുടെ ഫേസ്ബുക് പേജ് ലൈക് ചെയ്യൂ..


Published On

Feedback

One thought on “ഭൂമി – തൊഴില്‍ – വിദ്യഭ്യാസ മേഖലകള്‍ ഉടച്ചുവാര്‍ക്കണം

  1. ഇതൊരു ദളിത് ആദിവാസി പ്രശ്നമല്ല, ജാതിഭേദമന്യേ കേരളത്തിന്റെ പൊതുവായ പ്രശ്നമാണ്, തൊഴിലില്ലായ്മ. ഒരു വിദ്യാഭ്യാസവും ഇല്ലാത്ത ലക്ഷക്കണക്കിന് ആളുകൾ കേരളം വിട്ട് പുറത്ത് പോയി പണിയെടുത്താണ് ഭൂമിയും വീടും ഒക്കെ ഉണ്ടാക്കുന്നത്. അപേക്ഷ വച്ച് വർഷങ്ങളോളം കാത്തിരുന്ന മണ്ണിൽ പണിയെടുക്കുന്നവർക്ക് പട്ടയ വിതരണം എല്ലാ വർഷവും നടക്കുന്നുമുണ്ട്. ദളിത് ആദിവാസികൾക്ക് ഭൂമി വെറുതേ കിട്ടണം എന്ന് പറയുന്നതിന്റെ യുക്തി കൂടി വ്യക്തമാക്കിയിരുന്നെങ്കിൽ കൊള്ളാമായിരുന്നു! ഇവരെയൊക്കെ ആരെങ്കിലും കോളനികളിൽ തടങ്കലിൽ വച്ചിരിക്കുകയാണോ? ശരാശരി മലയാളിക്ക് ഒന്നും മനസ്സിലാവുന്നില്ല!!!

Leave a Reply