സവര്‍ണ്ണ പുരുഷത്വവും സമ്പൂര്‍ണ്ണ വിധേയത്വവും

ഭാസ്‌കരന്‍ റോബോട്ടിനെ ആദ്യമൊക്കെ ഉപദ്രവിച്ചു നോക്കുന്നുണ്ട്, ‘ഒരു റോബോട്ട് അതിന്റെ ഉടമസ്ഥനെ ഉപദ്രവിക്കില്ല’ എന്ന റോബോട്ടിന്റെ വാക്കുകളാണ് അയാളുടെ വിധേയത്വപരമായ ആശങ്കകളെ സാധൂകരിക്കുന്നത്. അയാളെ പരിചരിക്കാന്‍ മകന്‍ ഏര്‍പ്പെടുത്തിയവരില്‍ നിന്ന് അയാള്‍ക്ക് ലഭിക്കാതെ പോയതും സമ്പൂര്‍ണ്ണ വിധേയത്വമായിരുന്നു.


ആന്‍ഡ്രോയ്ഡ് കുഞ്ഞപ്പന്‍ എന്ന സിനിമയുടെ ഇന്ത്യന്‍ പരിസരം വിമര്‍ശനാത്മകമായി പരിശോധിക്കുമ്പോള്‍ അത് സമ്പൂര്‍ണ്ണ വിധേയത്വം ആഗ്രഹിക്കുന്ന സവര്‍ണ്ണ പുരുഷന്റെ സംതൃപ്തികളെ വൈകാരികമായി ആവിഷ്‌കരിക്കുന്നു എന്നു കാണാം.

മകന്‍ റഷ്യയിലായതിനാല്‍ തനിയെ നാട്ടില്‍ കഴിയേണ്ടിവരുന്ന ഭാസ്‌കരന്‍ എന്ന കഥാപാത്രത്തെ കേന്ദ്രമാക്കിയാണ് സിനിമ മുന്‍പോട്ടു പോകുന്നത്. ഭാസ്‌കരനെ പരിചരിക്കാനായി മകന്‍ നിരവധി ആളുകളെ നിയോഗിക്കുന്നുണ്ടെങ്കിലും അയാള്‍ പരിചാരകരുമായി യാതൊരു തരത്തിലും ഒത്തുപോകുന്നില്ല. ഇതിനു പരിഹാരമെന്നോണം മകന്‍ സുബ്രഹ്മണ്യന്‍ ഒരു റോബോട്ടിനെ ഇറക്കുമതി ചെയ്യുകയും അച്ഛന് സമ്മാനിക്കുകയും ചെയ്യുന്നു. തുടക്കത്തില്‍ ഭാസ്‌കരന്‍ റോബോട്ടുമായി ഇണങ്ങാന്‍ വിസമ്മതിക്കുന്നുണ്ടെങ്കിലും പിന്നീട് വേര്‍പിരിയാനാവാത്തവണ്ണം അടുക്കുന്നതായി കാണാം.

ഭാസ്‌കരന്‍ റോബോട്ടിനെ ആദ്യമൊക്കെ ഉപദ്രവിച്ചു നോക്കുന്നുണ്ട്, ‘ഒരു റോബോട്ട് അതിന്റെ ഉടമസ്ഥനെ ഉപദ്രവിക്കില്ല’ എന്ന റോബോട്ടിന്റെ വാക്കുകളാണ് അയാളുടെ വിധേയത്വപരമായ ആശങ്കകളെ സാധൂകരിക്കുന്നത്. അയാളെ പരിചരിക്കാന്‍ മകന്‍ ഏര്‍പ്പെടുത്തിയവരില്‍ നിന്ന് അയാള്‍ക്ക് ലഭിക്കാതെ പോയതും സമ്പൂര്‍ണ്ണ വിധേയത്വമായിരുന്നു. അയാള്‍ സൃഷ്ടിക്കുന്ന അനാവശ്യ തര്‍ക്കങ്ങളില്‍ പരിചാരകര്‍ പ്രതികരിക്കുന്നതും എതിര്‍ത്ത് സംസാരിക്കുന്നതുമാണ് അയാളെ ഏറ്റവുമധികം പ്രകോപിപ്പിച്ചിരുന്നത്. ഇതിനുള്ള സമ്പൂര്‍ണ്ണ പരിഹാരമാണ് റോബോട്ടിലൂടെ സാധ്യമാകുന്നത്.

മകന്‍ തന്നെ പരിചരിക്കാനായി കൊണ്ടുവരുന്ന ജോലിക്കാര്‍ സവര്‍ണ്ണന്‍ ആണെന്നത് പലരീതിയില്‍ ഭാസ്‌കരന്‍ ഉറപ്പുവരുത്തുന്നതായി സിനിമയുടെ തുടക്കത്തില്‍ ചിത്രീകരിച്ചിരിക്കുന്നു. റോബോട്ട് ആദ്യമായി ചായ നല്‍കുമ്പോള്‍ വാങ്ങാന്‍ മടിക്കുന്ന അച്ഛനോട് മകന്‍ പറയുന്ന വാക്കുകളും ശ്രദ്ധയര്‍ ഷിക്കുന്നുണ്ട് : ‘റഷ്യയിലെ ഉന്നതകുലജാതനാണ്. മടിക്കാതെ വാങ്ങി കുടിച്ചോളൂ’ എന്നാണ് മകന്‍ അയാളെ സമാധാനിപ്പിക്കുന്നത്.
ഒരു സവര്‍ണ്ണ വൃദ്ധന്റെ ശുദ്ധിയില്‍ പൊതിഞ്ഞുവെക്കുന്ന ജാതീയതയാണ് ഈ ഭാഗങ്ങളില്‍ വ്യക്തമാകുന്നത്. അതുകൊണ്ടുതന്നെ സവര്‍ണ്ണരായ പരിചാരകരുടെ ജാത്യാധിഷ്ഠിതമായ തുല്യതാ ബോധങ്ങളുടെ പ്രകടനമായി ഭാസ്‌കരനുമായുള്ള അവരുടെ വാദപ്രതിവാദങ്ങളെയും പ്രതികരണങ്ങളെയും കാണാം.

സിനിമയുടെ അവസാനത്തില്‍ റോബോട്ടിനെ തിരികെ കൊണ്ടു പോവുക എന്നത് അനുവാര്യമാകുമ്പോള്‍ അത് ഭാസ്‌കരനെ തകര്‍ക്കുന്നുണ്ട്.
അവിടെ അയാളില്‍ തിളങ്ങുന്ന വൈകാരിക പ്രപഞ്ചം ദീര്‍ഘനാളത്തെ സഹവാസത്തിന്റേതു മാത്രമല്ല ഫ്യൂഡല്‍ അവശേഷിപ്പുകളെല്ലാം തികഞ്ഞ ഒരു സവര്‍ണ്ണ പുരുഷന്റെ; വിധേയ നിരോധനത്തെ പ്രതിയുള്ള തീവ്രമായ നഷ്ടബോധം കൂടിയാണത്. വ്യവസ്ഥാപിത വിദ്യാഭ്യാസത്തിലും ജീവിത നിലവാരത്തിലും താരതമ്യേന ഉയര്‍ന്ന ഒരു സംസ്ഥാനത്തില്‍ തീര്‍ത്തും ദുര്‍ബലമായിക്കൊണ്ടിരിക്കുന്ന ‘സമ്പൂര്‍ണ്ണ വിധേയത്വം’ ഫ്യൂഡല്‍ പുരുഷനെ സംബന്ധിച്ച് അത്രമേല്‍ അമൂല്യമായ സംതൃപ്തിയുടെ പാനപാത്രമാണ്.

സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പന്ത്രണ്ടാം വര്‍ഷത്തേക്ക് കടക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2024 - 25 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in


ഞങ്ങളുടെ ഫേസ്ബുക് പേജ് ലൈക് ചെയ്യൂ..


Published On

Category: Cinema | Tags: | Comments: 2 |

'ക്രിട്ടിക്കില്‍ പ്രസിദ്ധീകരിക്കുന്ന ലേഖനങ്ങള്‍ ലേഖകരുടെ അഭിപ്രായങ്ങളാണ്.. അവ പൂര്‍ണ്ണമായും ക്രിട്ടിക്കിന്റെ അഭിപ്രായങ്ങളാകണമെന്നില്ല - എഡിറ്റര്‍'

Feedback

2 thoughts on “സവര്‍ണ്ണ പുരുഷത്വവും സമ്പൂര്‍ണ്ണ വിധേയത്വവും

  1. ഒരു സിനിമയിൽ പറയാതെ പറയുന്ന ആശയങ്ങൾ മനസ്സിലാക്കുകയും, മനസ്സിലാക്കിയതിനെ ആസ്വാദകരിലേക്ക് എത്തിക്കുക എന്നതും പ്രശംസനീയമായ കാര്യമാണ്. അത് ആസ്വാദകരിൽ സിനിമയുടെ പ്രമേയത്തെ വളരെയധികം ആഴത്തിൽ എത്തിക്കാനും സാധിക്കും. പ്രിയ സുഹൃത്ത് സനൽ ഹരിദാസിന്റെ എഴുത്ത് മനോഹരം. എല്ലാ ആശംസകളും.

  2. നിരൂപണം ഇഷ്ടമായി.
    സിനിമ കാണാഞ്ഞതിൽ
    ഖേദം തോന്നുന്നു. കാണാൻ ശ്രമിക്കുന്നതാണ്.

Leave a Reply