‘ഗ്രാമവൃക്ഷത്തിലെ കുയില്‍’ കൂകുമ്പോള്‍… – ജയരാജ് പുതുമഠം.

കവിയുടെ സര്‍ഗ്ഗാത്മകമായ സംഘര്‍ഷങ്ങളെ അവതരിപ്പിക്കാന്‍ ആശാന്‍ കവിതകളുടെ അന്തര്‍ഭാവങ്ങള്‍ ഹൃദയസ്പര്‍ശിയായ സംഗീത പശ്ചാത്തലത്തില്‍ ആലാപന മികവോടെ അവതരിപ്പിച്ച ദൃശ്യങ്ങള്‍ ഉള്ളുരുക്കത്തോടെയല്ലാതെ ഉള്‍ക്കൊള്ളാന്‍ പ്രയാസമായിരുന്നു.

കുയിലിന്റെ കുരവകള്‍ മയിലിന്റെ അരോചക ശബ്ദം പോലെയാകാറില്ല ഒരിക്കലും. അത് ശാന്തമായ ഒരു ചിന്താധാരയുടെ വിശുദ്ധമേടയിലിരുന്നാകുമ്പോള്‍ കുയില്‍നാദത്തിന് മാധുര്യമേറുകയും പതിവുതന്നെ.

കെ. പി. കുമാരന്‍ എന്ന സാന്ദ്രനായ കലാകാരന്റെ സൃഷ്ടിമഹത്വം കൊണ്ട് ചലച്ചിത്രലോകത്ത് മായാമുദ്ര നേടാനൊരുങ്ങുന്ന ഏറ്റവും പുതിയ ആവിഷ്‌ക്കാരമാണ് കുമാരനാശാനെക്കുറിച്ചുള്ള ‘ഗ്രാമവൃക്ഷത്തിലെ കുയില്‍’.

കേരളത്തില്‍ അവിവേകികള്‍ മാത്രമല്ല, മനുഷ്യരും ജീവിച്ചിരുപ്പുണ്ടെന്ന് അധികാരികളെ ബോധ്യപ്പെടുത്തിയ ശ്രീനാരായണ ഗുരുവിന്റെ ആശയദീപത്തിന്റെ പ്രകാശരശ്മിയില്‍ സാമൂഹ്യാന്ധകാരങ്ങളെ ഇല്ലായ്മചെയ്യാന്‍ തന്റെ സര്‍ഗ്ഗാത്മകമായ ഉള്‍ജ്ജ്വാലകളെ സംഭാവന നല്‍കിയ വിശിഷ്ട സേവകനായിരുന്നുവല്ലോ കുമാരകവി.

കവിയുടെ ശ്രീനാരായണ പ്രസ്ഥാനവുമായുള്ള ആത്മബന്ധങ്ങളും അതിനുള്ളില്‍ നിന്നുണ്ടായ നവോത്ഥാന വഴികളും ഇന്നത്തെ കേരളനാടിന്റെ ഉത്സാഹങ്ങളെ രൂപപ്പെടുത്തിയതിന്റെ അണിയറകളിലേക്ക് സിനിമ നമ്മെ കൂട്ടിക്കൊണ്ടുപോകുന്നതോടൊപ്പം പ്രസ്ഥാനത്തിനുള്ളില്‍ സ്വാഭാവികമായും മുളച്ചുപൊന്തിയ അന്തര്‍ച്ചിദ്രങ്ങളും ലളിതമായി വിശദീകരിക്കുന്നുണ്ട്. അക്കാലത്തെ വര്‍ണ്ണവ്യവസ്ഥയുടെ ദുരവസ്ഥകള്‍ മനുഷ്യരെ എത്രമാത്രം ഒറ്റപ്പെടുത്തിയിരുന്നുവെന്ന യാഥാര്‍ഥ്യവും നമ്മള്‍ തിരിച്ചറിയുന്നു.

ദി ക്രിട്ടിക് ഫേസ് ബുക്ക് പേജ് ലൈക്ക് ചെയ്യുക

ആശാന്റെ പ്രസരിപ്പുകള്‍ കേരളത്തില്‍ നിറഞ്ഞാടിയിരുന്ന അനീതിയെ തുടച്ചുമാറ്റാനുള്ള തീവ്രമായ വേദനയില്‍നിന്നുതന്നെയാണ് വിടര്‍ന്നുവന്നത്. അത്തരം വികാരവായ്പ്പുകളുടെ ചിത്രീകരണം നിശബ്ദമായ ചാലനാത്മക തയോടെ ആവിഷ്‌കരിച്ച രംഗങ്ങള്‍ കാണികളില്‍ വാചാലതയുടെ തരംഗങ്ങള്‍ ഏല്‍പ്പിക്കാന്‍ ഏറെ സഹായകരമായി ഭവിച്ചിട്ടുണ്ട്.

ആശാന്‍ ഭാനുമതിയെ കണ്ടുമുട്ടുന്നതും പിന്നീട് ജീവിതപങ്കാളിയായി മാറുന്നതുമായ പ്രണയത്തിന്റെ പരിണാമഘട്ടങ്ങള്‍ നാം ഇതുവരെയും കണ്ടിട്ടില്ലാത്ത വിശുദ്ധമായ ആഖ്യാന വൈഭവംകൊണ്ട് മിഴിവുറ്റതാക്കുന്നു സംവിധായകന്‍. ആശാന്റെ ആത്മജന്യമായ കാവ്യാമൃതത്തിന്റെ ഓളങ്ങളുടെ പശ്ചാത്തലത്തില്‍ ആശാനും ഭാര്യ ഭാനുമതിയും തമ്മിലുള്ള ആഴത്തിലുള്ള പ്രണയത്തിന്റെ ആറാട്ടുകള്‍ എത്ര വശ്യമായാണ് അവതരിപ്പിച്ചിരിക്കുന്നത്.

കവിയുടെ സര്‍ഗ്ഗാത്മകമായ സംഘര്‍ഷങ്ങളെ അവതരിപ്പിക്കാന്‍ ആശാന്‍ കവിതകളുടെ അന്തര്‍ഭാവങ്ങള്‍ ഹൃദയസ്പര്‍ശിയായ സംഗീത പശ്ചാത്തലത്തില്‍ ആലാപന മികവോടെ അവതരിപ്പിച്ച ദൃശ്യങ്ങള്‍ ഉള്ളുരുക്കത്തോടെയല്ലാതെ ഉള്‍ക്കൊള്ളാന്‍ പ്രയാസമായിരുന്നു.

ഞാന്‍ ബാല്യകാലത്ത് ഏറ്റവുമാദ്യം ഹൃദിസ്തമാക്കിയ ‘ഈ വല്ലിയില്‍ നിന്ന് ചെമ്മേ പൂക്കള്‍ പോകുന്നിതാ പറന്നമ്മേ…’എന്ന് തുടങ്ങുന്ന മനോഹരമായ ആശാന്‍ കവിതാശകലം മുതല്‍, ‘ഇടമിതിഹ ലോകത്തിന്‍ പരമാവതിയാണൊരു ചുടുകാടാണത് ചൊല്ലാതറിയാമല്ലോ…’ എന്ന കാല്‍പ്പനികതയും, യാഥാര്‍ഥ്യങ്ങളും, തത്വശാസ്ത്ര സമൃദ്ധിയുമുള്ള ആശാന്‍കൃതികളുടെ മുഴുവന്‍ സത്തയും അനുയോജ്യമാംവണ്ണം തുന്നിച്ചേചേര്‍ത്തുകൊണ്ടാണ് അന്തസ്സാരപുഷ്ടിയുള്ള ഈ ചിത്രം സൃഷ്ടിച്ചെടുത്തിട്ടുള്ളത്.

ക്യാമറകൊണ്ടും കവിത രചിക്കാമെന്ന് ഒന്നുകൂടി ബോധ്യപ്പെടുത്തുകയാണ് വിഖ്യാതനായ കെ. ജി. ജയന്‍. ദൃശ്യ ചാരുതകൊണ്ട് എത്രയോ ചിത്രങ്ങള്‍ക്ക് ജീവന്റെ സ്ഫുരണങ്ങള്‍ ചാര്‍ത്തിയിട്ടുള്ള ഈ ഛായാഗ്രാഹകന്റെ ഉള്ളിലെ വര്‍ണ്ണപ്രപഞ്ചങ്ങള്‍ ഈ ചിത്രത്തിന്റെ പ്രമേയ കെട്ടുറപ്പിന്മേല്‍ വിസ്മയകരമായ മാനങ്ങള്‍ ചാര്‍ത്തിയിട്ടുണ്ട്.

ഓരോ ഫ്രെയ്മുകളും അടര്‍ത്തിയെടുത്ത് ഗൃഹാന്തരീക്ഷത്തില്‍ അലങ്കാര പീഠമാക്കാന്‍ കൊതിക്കുന്നതരം കയ്യൊപ്പുകള്‍ തീര്‍ത്താണ് ഒപ്പിയെടുത്തിട്ടുള്ളത്.

ദി ക്രിട്ടിക് യു ട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ചരിത്രപ്രധാനമായ കരളുരുക്കുന്ന ദുരന്തകഥയുടെ പരിണാമഗുപ്തിയിലേക്ക് പ്രേക്ഷകമനസ്സിനെ പടിപടിയായി ഉയര്‍ത്തികൊണ്ടുവന്ന് ഒഴുകുന്ന പുഴയില്‍ കുതിക്കുന്ന ബോട്ടിന്റെ താളത്തിനൊത്ത് ഹൃദയമിടിപ്പുകളെ ഒരുക്കിയെടുത്ത് അപകടശബ്ദം മുഴങ്ങുന്നതോടെ നെഞ്ചുപ്പൊട്ടുന്ന വികാരവായ്പ്പിലേക്ക് നനവുതിര്‍ന്ന മിഴിയോടെ പ്രേക്ഷകന്‍ വീണുടയുന്ന സിനിമാ പരിസമാപ്തി ഈ കലാശില്‍പ്പം എത്രമാത്രം സൂക്ഷ്മതയോടെ നിര്‍മ്മിച്ചെടുത്തതാണെന്ന് നമ്മെ ബോധ്യപ്പെടുത്തുന്നു.

ഇന്ദ്രന്‍സ് ജയന്‍,പട്ടണം റഷീദ്, ശ്രീവത്സന്‍ ജെ മേനോന്‍, ബി. അജിത് കുമാര്‍, ടി. കൃഷ്ണനുണ്ണി തുടങ്ങി അണിയറ വിദഗ്ധരെല്ലാംതന്നെ മികച്ച അറിവുകള്‍ ചേര്‍ത്തുവെച്ചതിന്റെ ഉത്തമ ദൃഷ്ടാന്തം കൂടിയാണ് കെ. പി. കുമാരന്റെ ‘ഗ്രാമവൃക്ഷം…’

കാലം വീണ്ടും പരിണമിച്ചൊഴുകിയെങ്കിലും കാലക്കേടിന്റെ കുസൃതികളില്‍പ്പെട്ട് രാജ്യം ഇപ്പോഴും ചാതുര്‍വര്‍ണ്ണ്യത്തിന്റെ കാല്‍ക്കീഴില്‍നിന്ന് മോചിതമായിട്ടില്ല. ഇനിയും അനേകം ഗുരുക്കന്മാരും, ആശാന്മാരും അവതാരമെടുക്കേണ്ട അവസ്ഥയില്‍ കൂടിയാണ് രാജ്യം കിതച്ചുകൊണ്ടിരിക്കുന്നത്. അത്തരം ദിശകളിലേക്ക് വിരല്‍ചൂണ്ടുവാന്‍ ഈ ‘…കുയിലി’ന്റെ നാദം മാലോകര്‍ക്ക് പ്രചോദനമാകട്ടെ എന്ന് ആശംസിക്കുന്നു.

സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പന്ത്രണ്ടാം വര്‍ഷത്തേക്ക് കടക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2024 - 25 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in


ഞങ്ങളുടെ ഫേസ്ബുക് പേജ് ലൈക് ചെയ്യൂ..


Published On

Be the first to write a comment.

Leave a Reply