തൃക്കാക്കരയില്‍ നിന്ന് സംവാദാത്മക രാഷ്ട്രീയ പ്രവര്‍ത്തനമോ…!!

സ്ഥാനാര്‍ത്ഥികളെ തീരുമാനിക്കുന്നതിനു മുന്നെ ഏതെങ്കിലും രീതിയില്‍ ജനങ്ങളുടെ അഭിപ്രായം ചോദിക്കുകയാണെങ്കില്‍ ജനാധിപത്യത്തിന്റെ ഉയര്‍ന്ന രൂപമായിരിക്കുമത്. എന്നാല്‍ സസ്‌പെന്‍സ് സിനിമകളെപോലെ ജനങ്ങളെ ആകാംക്ഷയില്‍ നിര്‍ത്താനാണ് നേതാക്കള്‍ക്ക് താല്‍പ്പര്യം. ഒന്നുറപ്പാണ്, ഇന്നല്ലെങ്കില്‍ നാളെ ഈ രീതി മാറ്റാന്‍ പ്രസ്ഥാനങ്ങള്‍ തയ്യാറാകേണ്ടി വരും. ഏതു വിഷയത്തിലും ജനാഭിപ്രായമറിഞ്ഞ് പ്രവര്‍ത്തിക്കേണ്ടിവരും. അല്ലാതെ അധികകാലം ജനങ്ങളെ വിഡ്ഢികളാക്കി തുടരാമെന്നു കരുതുന്നത് മൗഢ്യമാണ്. അന്തിമമായ വിധികര്‍ത്താക്കള്‍ പാര്‍ട്ടികളോ അതിന്റെ നേതാക്കളോ അല്ല, ജനങ്ങളാണെന്ന യാഥാര്‍ത്ഥ്യമെങ്കിലും തിരിച്ചറിയുകയാണെങ്കില്‍ അതുണ്ടാക്കുന്ന മാറ്റം ചെറുതായിരിക്കില്ല.

ഏറ്റവും രാഷ്ട്രീയ പ്രബുദ്ധമാണ് കേരളം എന്ന അവകാശവാദം നിരന്തരമായി നാം കേള്‍ക്കുന്നതാണ്. എന്നാല്‍ യാഥാര്‍ത്ഥ്യം മറിച്ചാണെന്ന് എല്ലാവര്‍ക്കും അറിയുകയും ചെയ്യാം. ഏറ്റവുമധികം കക്ഷിരാഷ്ട്രീയവല്‍ക്കരിക്കപ്പെട്ട പ്രദേശമാണ് കേരളം എന്നതാണ് യാഥാര്‍ത്ഥ്യം. ഒരു വിഷയത്തിലും സ്വന്തമായി ഒരു രാഷ്ട്രീയനിലപാടുമില്ലാതെ, വിശ്വസിക്കുന്ന പാര്‍ട്ടിയും നേതാക്കളും പറയുന്നതെന്തോ അതു വിഴുങ്ങുകയും ന്യായീകരിക്കുകയും ചെയ്യുന്നവരാണ് ഭൂരിഭാഗം മലയാളികളും. പാര്‍ട്ടിയിലും നേതാക്കളിലുമുള്ള വിശ്വാസത്തിനുള്ള കാരണവും മിക്കപ്പോഴും രാഷ്ട്രീയമല്ല, വൈയക്തിക നേട്ടങ്ങളും മറ്റു പരിഗണനകളുമാണ് താനും. നമ്മുടെ രാഷ്ട്രീയ പ്രവര്‍ത്തന ശൈലിയാകട്ടെ തികച്ചും പ്രാകൃതം. അവിടെ സംവാദങ്ങള്‍ക്കൊരു സ്ഥാനവുമില്ല, നടക്കുന്നത് കൊലപാതകമടക്കമുള്ള ജനാധിപത്യ സമൂഹത്തിനു വെല്ലുവിളിയായ കാര്യങ്ങളും.

വികസനത്തെ കുറിച്ച് നേരിട്ടുള്ള സംവാദത്തിനു എല്‍ ഡി എഫ് നേതാക്കളെ ക്ഷണിച്ചു കൊണ്ട് കെ പി സി സി പ്രസിഡന്റ് കെ സുധാകരന്റെ പ്രസ്താവനയുടെ പശ്ചാത്തലത്തിലാണ് ഈ കുറിപ്പെഴുതുന്നത്. ആ പ്രസ്താവനയില്‍ പോലും വെല്ലുവിളി, ചങ്കൂറ്റം തുടങ്ങിയ പദങ്ങളാണ് സുധാകരന്‍ ഉപയോഗിക്കുന്നത് എന്നത് വേറെ കാര്യം. അപ്പോഴും ഉദ്ദേശശുദ്ധിയുണ്ടെങ്കില്‍ സ്വീകാര്യമായ ഒന്നാണത്. കേരളം വളരെ ശ്രദ്ധേയമായ ഒരു ഉപതെരഞ്ഞെടുപ്പിനു പോകുന്ന വേളയില്‍ ഇരു മുന്നണികള്‍ക്കും പരീക്ഷ6ിക്കാവു ഒന്നാണ് ഈ നിര്‍ദ്ദേശം. പ്രത്യേകിച്ച് തെരഞ്ഞെടുപ്പു പ്രചാരണവേളയിലെ പ്രധാന വിഷയം കെ റെയിലായിരിക്കുമെന്നു ഇരു കൂട്ടരും പ്രഖ്യാപിച്ചിരിക്കുന്ന വേളയില്‍.

വാസ്തവത്തില്‍ നമ്മുടെ ചാനല്‍ ചര്‍ച്ചകളില്‍ ഇത്തരം സംവാദത്തിന്റെ പ്രാഥമിക രൂപം കാണുന്നുണ്ട്. പക്ഷെ പലപ്പോഴും അത് വിപരീത ഫലമാണുണ്ടാക്കുന്നത്. ഒന്നാമതായി അരിയാനും അറിയിക്കാനുമല്ല, വാദിക്കാനും ജയിക്കാനുമാണ് നേതാക്കള്‍ ചര്‍ച്ചക്കെത്തുന്നത് എന്നതുതന്നെ. സ്വന്തമായി അഭിപ്രായമി്‌ലലെങ്കിലും നേതൃത്വങ്ങളെ ന്യായീകരിക്കാനായി അവര്‍ നടത്തുന്ന അഭ്യാസങ്ങള്‍ കണ്ടാല്‍ പലപ്പോഴും തോന്നുന്നത് സഹതാപമാണ്. പൊതുവായ വിഷയങ്ങളില്‍ സ്വന്തം അഭിപ്രായം പറയാന്‍ ആര്‍ക്കും സാധ്യമാകുക എന്നത് ജനാധിപത്യത്തില്‍ അനിവാര്യമായ ഒന്നാണ്. എന്നാല്‍ നടക്കുന്നത് അതല്ല. മുമ്പൊക്കെ കോണ്‍ഗ്രസ്സില്‍ അത് കുറച്ചൊക്കെ സാധ്യമായിരുന്നു. എന്നാലവരും കേഡറാകാന്‍ പോകുന്നതിന്റെ ഭാഗമായി ആ സ്വാതന്ത്ര്യം പോലും നിഷേധിക്കുകയാണ്. ചാനല്‍ ചര്‍ച്ചകളില്‍ അവതാരകരുടെ അമിതമായ ഇടപെടലും ചര്‍ച്ചയുടെ ലക്ഷ്യത്തെ പരാജയപ്പെടുത്തുന്നു. അതില്‍ നിന്നു വ്യത്യസ്ഥമായി, ഗുരു പറഞ്ഞപോലെ അറിയാനും അറിയിക്കാനുമുള്ള സംവാദമാണ് നടക്കേണ്ടേത്. തെറ്റു ബോധ്യമായാല്‍ തിരുത്താനുള്ള ആര്‍ജ്ജവവും വേണം.

ദി ക്രിട്ടിക് ഫേസ് ബുക്ക് പേജ് ലൈക്ക് ചെയ്യുക

നിര്‍ഭാഗ്യവശാല്‍ തൃക്കാക്കര ഉപതെരഞ്ഞെടുപ്പിലും കാര്യങ്ങള്‍ പഴയപോലെതന്നെയാകാനാണ് സാധ്യത. സ്ഥാനാര്‍ത്ഥി നിര്‍ണ്ണയം മുതലെ അത് വ്യക്തമാണ്. തെരഞ്ഞെടുപ്പില്‍ ആര്‍ക്കും മത്സരി്ക്കാമെന്നതു ശരിതന്നെ. എന്നാല്‍ അല്‍പ്പകാലമെങ്കിലും ജനങ്ങള്‍ക്കിടയില്‍ പ്രവര്‍ത്തിച്ച് പരിചയമെന്ന യോഗ്യതയെങ്കിലും ഇല്ലാത്തവരെ മത്സരിപ്പിക്കുന്നത് രാഷ്ട്രീയമായി ശരിയാണോ? എന്നാല്‍ ഇരുമുന്നണികളും ചെയ്തത് അതാണ്. ഉമ തോമസ് കാമ്പസ് രാഷ്ട്രീയത്തില്‍ സജീവമായിരുന്നിരിക്കാം. എന്നാലതെല്ലാം കഴിഞ്ഞ് ദശകങ്ങള്‍ എത്ര കഴിഞ്ഞു. പി ടി തോമസിന്റെ ഭാര്യയായിരുന്നു എന്ന ഒറ്റ പരിഗണനയില്‍ അവര്‍ക്ക് സീറ്റു നല്‍കിയ നടപടി ന്യായീകരിക്കത്തക്കതല്ല. സംവാദാത്മക രാഷ്ട്രീയ പോരാട്ടത്തിനു പകരം സഹതാപതരംഗത്തില്‍ ജയിക്കുക എന്നതു തന്നെയാണ് ിതിലൂടെ ലക്ഷ്യമിടുന്നത്.

മറുവശത്ത് എല്‍ഡിഎഫ് ചെയ്തത് അതിനേക്കള്‍ മോശമായ ഒന്നാണ്. കെ റെയില്‍ പദ്ധതിയുടെ പശ്ചാത്തലത്തില്‍ അതായിരിക്കും പ്രചാരണത്തിലെ പ്രധാനവിഷയമെന്നും വികസനത്തിന്റെ രാഷ്ട്രീയം ചര്‍ച്ച ചെയ്യുന്ന വേദിയാക്കി തെരഞ്ഞെടുപ്പു പ്രചാരണം മാറ്റുമെന്നും അവര്‍ പ്രഖ്യാപിച്ചിരിക്കുന്നു. അരുണ്‍ കുമാറാണ് സ്ഥാനാര്‍ത്ഥിയെന്ന വാര്‍ത്ത വന്നപ്പോള്‍ അതേറെക്കുറ ശരിയാകുമെന്ന പ്രതീതിയുമുണ്ടായി. എന്നാല്‍ ഡോ ജോ ജോസഫിനെ സ്ഥാനാര്‍ത്ഥിയാക്കുക വഴി സംവാദമൊന്നും വേണ്ട, എങ്ങനെയെങ്കിലും ജയിച്ചാല്‍ മതി എന്ന ലക്ഷ്യം മാത്രമേ തങ്ങള്‍ക്കുള്ളു എന്നവര്‍ വ്യക്തമാക്കിയിരിക്കുന്നു. എങ്ങനെ നിഷേധിച്ചാലും ഈ തെരഞ്ഞെടുപ്പിനു പുറകിലെ സാമുദായിക രാഷ്ട്രീയം പ്രകടമാണ്. പ്രത്യേകിച്ച് പലപ്പോഴും സഭക്കെതിരെ നിലപാടെടുക്കുകയും സഭ തിരിച്ചും അതേനിലപാടെടുക്കുകയും മിശ്രവിവാഹം നടത്തുകയും ചെയ്ത പി ടി തോമസിന്റെ ഭാര്യയാണ് യു ഡി എഫ് സ്ഥാനാര്‍ത്ഥിയായി രംഗത്തുളളപ്പോള്‍. അതിന്റെ തുറന്ന പ്രഖ്യാപനം തന്നെയാണ് പുരോഹിതനെ കൂടെയിരുത്തിയുള്ള സ്ഥാനാര്‍ത്ഥി പ്രഖ്യാപനം.

മറ്റൊരു വിഷയം കൂടി ഈ തീരുമാനത്തിനു പുറകിലുണ്ടെന്നു സംശയിക്കേണ്ടിയിരിക്കുന്നു. അതു മറ്റൊന്നുമല്ല, ക്രിസ്ത്യന്‍ വിഭാഗങ്ങളിലേക്ക് സ്വാധീനവം വ്യാപിപ്പിക്കാനുള്ള ബിജെപി നീക്കം വളരെ പ്രകടമാണല്ലോ. അവസാനമുണ്ടായ പി സി ജോര്‍ജ്ജ് സംഭവമടക്കം അതിന്റെ തെളിവാണ്. അത്തരമൊരു രാഷ്ട്രീയ നീക്കത്തിന്റെ പരീക്ഷണം തൃക്കാക്കരയില്‍ നടത്താന്‍ ബി ജെ പി ശ്രമിക്കുമെന്ന വാര്‍ത്ത കണ്ടിരുന്നു. അതിനുമുന്നെ ഓടുന്ന നായക്കു ഒരു മുഴം മുന്നെ എറിയുകയാണ് സിപിഎം ചെയ്തിരിക്കുന്നത് എ്ന്നാക്ഷേപിക്കുന്നവരെ കുറ്റപ്പെടുത്താനാവില്ല.

ദി ക്രിട്ടിക് യു ട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

എന്തായാലും സംവാദാത്മകമായ ഒരു രാഷ്ട്രീയാന്തരീക്ഷം സൃഷ്ടിക്കാന്‍ ഈ ഉപതെരഞ്ഞെടുപ്പ് സഹായിക്കുമെന്ന പ്രതീക്ഷയില്‍ വലിയ അര്‍ത്ഥമൊന്നുമില്ല. രാഷ്ട്രീയ പ്രവര്‍ത്തനത്തില്‍ ഏറ്റവും പ്രാകൃതമായ ശൈലിയാണ് ഇപ്പോഴും കേരളത്തില്‍ നിലനില്‍ക്കുന്നത്. അടിച്ചേല്‍പ്പിക്കുന്ന ഹര്‍ത്താലുകള്‍, ഏറെ നേരം പൊതുനിരത്തുകള്‍ സ്തംഭിപ്പിച്ചുള്ള പ്രകടനങ്ങളും സമ്മേളനങ്ങളും സമരങ്ങളും, കക്ഷിരാഷ്ട്രീയത്തിന്റെ പേരിലുള്ള സംഘര്‍ഷങ്ങളും കൊലപാതകങ്ങളും, നേതാക്കളോടുള്ള അന്ധമായ ആരാധനയും സ്വന്തം ചിന്താശേഷി അവര്‍ക്കടിയറ വെച്ച് ന്യായീകരണ തൊഴിലാളികളുടെ വേഷം കെട്ടലും, പൊതുമുതല്‍ നശിപ്പിക്കല്‍, മുഴുവന്‍ സമയ പ്രവര്‍ത്തകാരണെന്ന അവകാശവാദത്തില്‍ തൊഴിലെടുക്കാതെ ജീവിക്കല്‍ തുടങ്ങി കാലഹരണപ്പെട്ട നമ്മുടെ പ്രവര്‍ത്തനശൈലികള്‍ അടിയന്തിരമായി മാറേണ്ടിയിരിക്കുന്നു.

മുഷ്ടിചുരുട്ടിയുള്ള പ്രകടനങ്ങളും ഗതാഗതം സ്തംഭിപ്പിച്ചുള്ള സമ്മേളനങ്ങളും സംസ്ഥാന മാര്‍ച്ചുകളും സംഘട്ടനങ്ങളും കൊലപാതകപരമ്പരകളുമൊക്കെ നടത്തുന്നത് എന്തിനാണ് ? ജനത്തെ ബോധവല്‍ക്കരിക്കാനോ? അത്തരത്തില്‍ ബോധവല്‍ക്കരിക്കേണ്ടവിധം ബുദ്ധിശൂന്യരാണോ ജനം? പത്രങ്ങളും ചാനലുകളും സോഷ്യല്‍ മീഡിയയുമെല്ലാം സജീവമായ ഒരു പ്രദേശത്താണ് ഈ രാഷ്ട്രീയാഭാസങ്ങള്‍ നടക്കുന്നത്. ഇത്തരം മാധ്യമങ്ങളില്‍ മുഖാമുഖം വന്നിരുന്ന് രാഷ്ട്രീയസംവാദം നടത്തുകയല്ലേ വേണ്ടത്? ജനത്തിനും ഇടപെടാവുന്ന രീതിയിലുള്ള ചര്‍ച്ചകളാണ് ഉണ്ടാകേണ്ടത്. അതില്‍ നിന്ന് ഏതാണ് ശരിയെന്ന് ജനങ്ങള്‍ തന്നെ തീരുമാനിക്കട്ടെ. അങ്ങനെ എല്ലാവരും ജനാധിപത്യപ്രക്രിയകളില്‍ സജീവപങ്കാളികളാകട്ടെ. ആധുനിക സാങ്കേതികവിദ്യയും വാര്ത്താവിനിമയ സംവിധാനങ്ങളും ഇത്രമാത്രം വളര്‍ന്ന ഒരു സാഹചര്യത്തില്‍ മുഴുവന്‍ സമയവും രാഷ്ട്രീയപ്രവര്‍ത്തനം നടത്തേണ്ടവരുടെ ആവശ്യവുമില്ല.

ഏതോ സാഹചര്യത്തില്‍ കെ സുധാകരന്‍ എല്‍ഡിഎഫിനെ സംവാദത്തിനായി ക്ഷണിച്ചെങ്കിലും അതൊന്നും പ്രായോഗികമായി നടക്കാവുന്ന അവസ്ഥയിലേക്കും രാഷ്ട്രീയ വിവേകത്തിലേക്കും കേരളം എത്തിയിട്ടില്ല എന്നു തന്നെ വേണം കരുതാന്‍. സ്ഥാനാര്‍ത്ഥികളെ തീരുമാനിക്കുന്നതിനു മുന്നെ ഏതെങ്കിലും രീതിയില്‍ ജനങ്ങളുടെ അഭിപ്രായം ചോദിക്കുകയാണെങ്കില്‍ ജനാധിപത്യത്തിന്റെ ഉയര്‍ന്ന രൂപമായിരിക്കുമത്. എന്നാല്‍ സസ്‌പെന്‍സ് സിനിമകളെപോലെ ജനങ്ങളെ ആകാംക്ഷയില്‍ നിര്‍ത്താനാണ് നേതാക്കള്‍ക്ക് താല്‍പ്പര്യം. ഒന്നുറപ്പാണ്, ഇന്നല്ലെങ്കില്‍ നാളെ ഈ രീതി മാറ്റാന്‍ പ്രസ്ഥാനങ്ങള്‍ തയ്യാറാകേണ്ടി വരും. ഏതു വിഷയത്തിലും ജനാഭിപ്രായമറിഞ്ഞ് പ്രവര്‍ത്തിക്കേണ്ടിവരും. അല്ലാതെ അധികകാലം ജനങ്ങളെ വിഡ്ഢികളാക്കി തുടരാമെന്നു കരുതുന്നത് മൗഢ്യമാണ്. അന്തിമമായ വിധികര്‍ത്താക്കള്‍ പാര്‍ട്ടികളോ അതിന്റെ നേതാക്കളോ അല്ല, ജനങ്ങളാണെന്ന യാഥാര്‍ത്ഥ്യമെങ്കിലും തിരിച്ചറിയുകയാണെങ്കില്‍ അതുണ്ടാക്കുന്ന മാറ്റം ചെറുതായിരിക്കില്ല. അതിന്റെ തുടക്കം തൃക്കാക്കരയിലായാല്‍ അത്രയും നന്നായിരുന്നു. അതാകട്ടെ കെ റെയിലുമായി ബന്ധപ്പെട്ട വികസനവിഷയങ്ങളായാലും നന്ന്. എന്നാല്‍ അത്തരമൊരു സാധ്യത വിദൂരമാണെന്നുതന്നെ കരുതാം.

സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പന്ത്രണ്ടാം വര്‍ഷത്തേക്ക് കടക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2024 - 25 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in


ഞങ്ങളുടെ ഫേസ്ബുക് പേജ് ലൈക് ചെയ്യൂ..


Published On

Category: The Critic | Tags: , | Comments: 0 |

'ക്രിട്ടിക്കില്‍ പ്രസിദ്ധീകരിക്കുന്ന ലേഖനങ്ങള്‍ ലേഖകരുടെ അഭിപ്രായങ്ങളാണ്.. അവ പൂര്‍ണ്ണമായും ക്രിട്ടിക്കിന്റെ അഭിപ്രായങ്ങളാകണമെന്നില്ല - എഡിറ്റര്‍'

Be the first to write a comment.

Leave a Reply