പ്ലാച്ചിമടയിലെ ഐതിഹാസികപോരാട്ടത്തിന് 20 വയസ്സ്
കമ്പനി വരുത്തിവെച്ച പാരിസ്ഥിതിക നാശങ്ങള്‍ക്ക് നഷ്ടപരിഹാരം വേണമെന്ന ശക്തമായ ആവശ്യമുയര്‍ന്നതിനെ തുടര്‍ന്ന് 2009ല്‍ കേരള സര്‍ക്കാര്‍ നിയോഗിച്ച ഉന്നതാധികാര സമിതി പ്ലാച്ചിമടയില്‍ തെളിവെടുപ്പ് നടത്തുകയും പ്രദേശവാസികള്‍ക്ക് 216 കോടി രൂപയുടെ നഷ്ടപരിഹാരം കൊക്കൊകോള കമ്പനിയില്‍ നിന്നും ഈടാക്കാവുന്നതാണെന്ന ശുപാര്‍ശ ചെകയും ചെയ്തു. റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ കേരള നിയമസഭ 2011ല്‍ പ്ലാച്ചിമട നഷ്ടപരിഹാര ട്രിബ്യൂണല്‍ ബില്ല് പാസ്സാക്കി രാഷ്ട്രപതിയുടെ അനുമതിക്കായി കേന്ദ്രത്തിലേക്ക് അയച്ചു. കൊക്കക്കോള കമ്പനിയുടെ പ്രവര്‍ത്തനം മൂലം സംഭവിച്ച പരിസ്ഥിതിനാശം, മലിനീകരണം, ആരോഗ്യനഷ്ടം തുടങ്ങിയവ കണക്കിലെടുത്ത് പ്രദേശവാസികള്‍ക്ക് കമ്പനിയില്‍ നിന്ന് 216.25 കോടി രൂപ നഷ്ടപരിഹാരമായി ഈടാക്കാന്‍ നിര്‍ദ്ദേശിക്കുന്നതാണ് ബില്‍. എന്നല്‍ ബില്ല് കേന്ദ്ര ആഭ്യന്തര വകുപ്പ് സംസ്ഥാന സര്‍ക്കാറിന് തിരിച്ചയക്കുകയായിരുന്നു.
ലോകത്തെ ഏറ്റവും വലിയ കുത്തകകളില്‍ ഒന്നായ കോക്കൊകോളയെ പാലക്കാട് ജില്ലയിലെ, വളരെ പിന്നോക്കമെന്നു പറയാവുന്ന, പ്രധാനമായും ദളിതരും ആദിവാസികളും ജീവിക്കുന്ന പ്ലാച്ചിമട എന്ന ഗ്രാമം മുട്ടുകുത്തിച്ച ഐതിഹാസിക പോരാട്ടത്തിന് ഏപ്രില്‍ 22ന് 20 വയസ്സു തികയുകയാണ്. കമ്പനി പൂട്ടിക്കാന്‍ കഴിഞ്ഞു എങ്കിലും ഇപ്പോഴും ആ ചരിത്രപോരാട്ടം പൂര്‍ണ്ണമായും വിജയിച്ചു എന്നു പറയാനാകില്ല. രണ്ടു പതിറ്റാണ്ടു കാലം പെരുമാട്ടി പഞ്ചായത്തിലെ കര്‍ഷകരും ആദിവാസി സമുദായാംഗങ്ങളും പൊതുജനങ്ങളും ഇന്ത്യയുടെ വിവിധ സംസ്ഥാനങ്ങളില്‍ നിന്നുള്ള സാമൂഹ്യപ്രവര്‍ത്തകരും ഒറ്റക്കെട്ടായി നിന്ന് നേടിയെടുത്ത, കേരള നിയമസഭ ഐകകണ്ഠമായി പാസ്സാക്കിയ പ്ലാച്ചിമട ട്രിബ്യുണല്‍ ബില്‍ ഇപ്പോഴും നടപ്പിലാക്കിയിട്ടില്ല എന്ന് മാത്രമല്ല അത് നിയമ കുരുക്കുകളിലുമാണ്. ഒരു ഗ്രാമത്തെ മലിനമാക്കിയ, കുടിവെള്ളവും വായുവും കൃഷിയും നശിപ്പിച്ച ബഹുരാഷ്ട്ര ഭീമനില്‍ നിന്നു നഷ്ടപരിഹാരം ലഭിച്ചാല്‍ മാത്രമേ സമരം പൂര്‍ണ്ണമായി വിജയിച്ചു എന്നു പറയാനാകൂ. എന്തായാലും കഴിഞ്ഞ മാസം ദേശീയ മനുഷ്യാവകാശ കമ്മീഷന്‍ നഷ്ടപരിഹാര കേസ് റീഓപ്പണ്‍ ചെയ്തിട്ടുണ്ട്. സംസ്ഥാന സര്‍ക്കാരിനോട് വിശദീകരണം ആവശ്യപ്പെടുകയും ചെയ്തു. പക്ഷെ സര്‍ക്കാര്‍ കുറ്റകരമായ മൗനം തുടരുകയാണ്.
2002 ഏപ്രില്‍ 22ന് ആദിവാസി നേതാവ് സി കെ ജാനുവാണ് സമരം ഉദ്ഘാടനം ചെയ്തത്. ലോകസമരചരിത്രത്തില്‍ തന്നെ രേഖപ്പെടുത്തിയ പ്ലാച്ചിമട സമരം കേവലമൊരു പരിസ്ഥിതി സമരമായിരുന്നില്ല. മറിച്ച് ചൂഷണത്തിലൂടെ തങ്ങളുടെ അടിസ്ഥാന അവകാശങ്ങള്‍ നിഷേധിച്ച ഒരു ആഗോള കുത്തക കമ്പനിക്കെതിരെ ഒരുപറ്റം പാവപ്പെട്ട മനുഷ്യരുടെ അവകാശപോരാട്ടമായിരുന്നു. ആ പോരാട്ടത്തിലൂടെ പ്ലാച്ചിമട എന്ന ഗ്രാമം ചരിത്രത്തിലിടം നേടി. ശിവഗംഗ, ഈറോഡ്, മെഹ്ദിഗഞ്ച്, പൂന, കാലെധാരെ തുടങ്ങി രാജ്യത്തെ നിരവധി പ്രദേശങ്ങളില്‍ കോളക്കെതിരായ സമരങ്ങള്‍ക്ക് പ്ലാച്ചിമട സമരം പ്രചോദനമായി. ശിവഗംഗയിലെ പ്ലാന്റ് പിന്നീട് പൂട്ടി. അതേസമയം കൊക്കക്കോള പ്ലാച്ചിമടയില്‍ നിന്നും പിന്‍വാങ്ങിയെങ്കിലും കമ്പനി അവിടത്തെ ജനങ്ങള്‍ക്കും പരിസ്ഥിതിക്കും വരുത്തിവെച്ച നഷ്ടങ്ങള്‍ ഇന്നും അതുപോലെ നിലനില്‍ക്കുന്നു എന്നതാണ് ദുരന്തം.
ദി ക്രിട്ടിക് ഫേസ് ബുക്ക് പേജ് ലൈക്ക് ചെയ്യുക
കമ്പനി വരുത്തിവെച്ച പാരിസ്ഥിതിക നാശങ്ങള്‍ക്ക് നഷ്ടപരിഹാരം വേണമെന്ന ശക്തമായ ആവശ്യമുയര്‍ന്നതിനെ തുടര്‍ന്ന് 2009ല്‍ കേരള സര്‍ക്കാര്‍ നിയോഗിച്ച ഉന്നതാധികാര സമിതി പ്ലാച്ചിമടയില്‍ തെളിവെടുപ്പ് നടത്തുകയും പ്രദേശവാസികള്‍ക്ക് 216 കോടി രൂപയുടെ നഷ്ടപരിഹാരം കൊക്കൊകോള കമ്പനിയില്‍ നിന്നും ഈടാക്കാവുന്നതാണെന്ന ശുപാര്‍ശ ചെകയും ചെയ്തു. റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ കേരള നിയമസഭ 2011ല്‍ പ്ലാച്ചിമട നഷ്ടപരിഹാര ട്രിബ്യൂണല്‍ ബില്ല് പാസ്സാക്കി രാഷ്ട്രപതിയുടെ അനുമതിക്കായി കേന്ദ്രത്തിലേക്ക് അയച്ചു. കൊക്കക്കോള കമ്പനിയുടെ പ്രവര്‍ത്തനം മൂലം സംഭവിച്ച പരിസ്ഥിതിനാശം, മലിനീകരണം, ആരോഗ്യനഷ്ടം തുടങ്ങിയവ കണക്കിലെടുത്ത് പ്രദേശവാസികള്‍ക്ക് കമ്പനിയില്‍ നിന്ന് 216.25 കോടി രൂപ നഷ്ടപരിഹാരമായി ഈടാക്കാന്‍ നിര്‍ദ്ദേശിക്കുന്നതാണ് ബില്‍. എന്നല്‍ ബില്ല് കേന്ദ്ര ആഭ്യന്തര വകുപ്പ് സംസ്ഥാന സര്‍ക്കാറിന് തിരിച്ചയക്കുകയായിരുന്നു. കേന്ദ്രം ഉന്നയിച്ച കാര്യങ്ങള്‍ക്ക് 2011ല്‍ തന്നെ സംസ്ഥാന സര്‍ക്കാര്‍ മറുപടി നല്‍കി. ഏപ്രില്‍, മെയ് മാസങ്ങളിലായി കേന്ദ്രഗ്രാമവികസന വകുപ്പ്, കൃഷിവകുപ്പ്, നിയമ വകുപ്പ്, പരിസ്ഥിതി വകുപ്പ് എന്നിവയെല്ലാം ബില്ലിന് അംഗീകാരം നല്‍കി. എന്നാല്‍ ആഭ്യന്തര വകുപ്പാണ് തടസ്സം നിന്നത്. ആഭ്യന്തര മന്ത്രിയായിരുന്ന പി. ചിദംബരത്തിനു കൊക്കകോളയുമായുള്ള ബന്ധം പരസ്യമാണ്. തുടര്‍ന്നുവന്ന അരുണ്‍ ജെറ്റ്ലിയും കോളകമ്പനികള്‍ക്കായി കേസുകള്‍ വാദിച്ചിട്ടുണ്ട്.
2011 ജൂലൈയില്‍ കൊക്കക്കോളയുടെ വാദങ്ങള്‍ ഉള്‍പ്പെടുത്തി കേന്ദ്ര ആഭ്യന്തരവകുപ്പ് ബില്‍ സംസ്ഥാന സര്‍ക്കാരിന് തിരിച്ചയക്കുകയായിരുന്നു. തുടര്‍ന്ന് ഇതിനുള്ള മറുപടിയും നല്‍കിയെങ്കിലും കേന്ദ്ര ആഭ്യന്തര വകുപ്പ് അംഗീകരിച്ചില്ല. ഒടുവില്‍ അംഗീകരിക്കാനാകില്ലെന്ന രാഷ്ട്രപതിയുടെ തീര്‍പ്പോടു കൂടി ബില്ല് 2015 ഡിസംബറില്‍ കേന്ദ്ര സര്‍ക്കാര്‍ സംസ്ഥാന സര്‍ക്കാരിന് തിരിച്ചയച്ചു. മാത്രമല്ല, പകരം കോളക്ക് 5.26 കോടി നികുതിയിളവ് നല്‍കുകയും ചെയ്തു. പിന്നീട് സംസ്ഥാനസര്‍ക്കാര്‍ ഇക്കാര്യം വീണ്ടും പരിഗണിക്കുകയോ ആവശ്യമായ ഭേദഗതികള്‍ ഉള്‍പ്പെടുത്തി പുനരവതരിപ്പിക്കുകയോ ചെയ്തിട്ടില്ല. രാഷ്ട്രപതി തിരിച്ചയച്ചതോടെ ബില്ലില്‍ ഭേദഗതി വരുത്തി നിയമസഭ വീണ്ടും പാസാക്കുകയാണ് ചെയ്യേണ്ടത്. എന്നാല്‍ സര്‍ക്കാര്‍ അനങ്ങാപ്പാറനയം തുടരുകയാണ്. എല്‍ഡിഎഫിന്റെ പ്രകടനപത്രികയില്‍ ട്രൈബ്യൂണല്‍ ബില്‍ വീണ്ടും പാസ്സാക്കുമെന്ന് ഉറപ്പ് നല്‍കിയിരുന്നു. എന്നാല്‍ ഈ ഉറപ്പില്‍ നിന്ന് സര്‍ക്കാര്‍ പിന്നോട്ട് പോവുകയാണുണ്ടായത്.
ഇതേതുടര്‍ന്ന് കൊക്കകോളവിരുദ്ധ സമരസമിതി 2017 ഏപ്രില്‍ 22 മുതല്‍ പാലക്കാട് അനിശ്ചിതകാല സത്യഗ്രഹം നടത്തിയിരുന്നു. പ്ലാച്ചിമട നഷ്ടപരിഹാര ട്രൈബ്യൂണല്‍ രൂപീകരിക്കാനുള്ള നടപടികള്‍ സ്വീകരിക്കുക, പ്ലാച്ചിമടയിലെ ഇരകള്‍ക്കു സര്‍ക്കാര്‍ അടിയന്തരമായി ഇടക്കാല സാമ്പത്തികസഹായം അനുവദിക്കുക, പട്ടികജാതി-വര്‍ഗ അതിക്രമം തടയല്‍ നിയമപ്രകാരം എടുത്ത കേസില്‍ കോളക്കമ്പനി ഉടമകളെ അറസ്റ്റ് ചെയ്യുകയും കൊക്കകോളയുടെ ആസ്തികള്‍ കണ്ടുകെട്ടുകയും ചെയ്യുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് പ്ലാച്ചിമട സമരത്തിന്റെ 15ാം വാര്‍ഷികദിനമായ ഏപ്രില്‍ 22ന് സമരമാരംഭിച്ചത്. ആവശ്യം പരിഗണിക്കാമെന്ന ഉറപ്പില്‍ പിന്നീട് സമരം പിന്‍വലിക്കുകയായിരുന്നു. എന്നാലിതുവരേയും അതിലൊരു തീരുമാനമായിട്ടില്ല. ഭോപ്പാലില്‍ കൂട്ടക്കൊല നടത്തി യൂണിയന്‍ കാര്‍ബൈഡും മാവൂരില്‍ ആദിത്യബിര്‍ളയും രക്ഷപ്പെട്ട പോലെ കൊക്കകോള ഭീമന്‍ രക്ഷപ്പെടാന്‍ അനുവദിച്ചുകൂട എന്നാണ് പ്ലാച്ചിമട നിവാസികള്‍ പറയുന്നത്. അതിനിടയിലുള്ള മനുഷ്യാവകാശ കമ്മീഷന്റെ ഇടപെടല്‍ ഗുണം ചെയ്യുമെന്ന പ്രതീക്ഷയലാണവര്‍. എന്തായാലും കമ്പനിയില്‍ നിന്നുള്ള നഷ്ടപരിഹാരം കിട്ടുന്നതുവരേയും സമരം ശക്തമായി തന്നെ തുടരാനാണ് സമര സമിതിയും, ഐക്യദാര്‍ഢ്യ സമിതിയും തിരുമാനിച്ചിരിക്കുന്നത്. അതിനായി സമര പ്രവര്‍ത്തകര്‍ പോരാട്ടത്തിന്റെ 20-ാം വാര്‍ഷികത്തില്‍ പ്ലാച്ചിമട സമരപന്തലില്‍ വീണ്ടും കൂടിയിരിക്കുകയാണ്.
ദി ക്രിട്ടിക് യു ട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
2000 മാര്‍ച്ച് പകുതിയോടെയാണ് കമ്പനി പ്രവര്‍ത്തനമാരംഭിച്ചത്. ആറുമാസങ്ങള്‍ക്കുള്ളില്‍ തന്നെ തങ്ങളുടെ കിണറുകളിലേയും കുളങ്ങളിലേയും ജലനിരപ്പു താഴുന്നത് ഗ്രാമവാസികള്‍ തിരിച്ചറിഞ്ഞു. ചില കിണറുകള്‍ വറ്റിവരളുകയും ഉപയോഗ ശൂന്യമാവുകയും ചെയ്തു. വറ്റാതെ അവശേഷിച്ച കിണറുകളിലെ വെള്ളം മലിനവും ഉപയോഗശൂന്യവുമായി. അത് കുടിക്കാനും കുളിക്കാനും ഉപയോഗിച്ചവരില്‍ വയറിളക്കവും തലകറക്കവും മറ്റസുഖങ്ങളും കാണപ്പെട്ടു. കൂടാതെ വളം എന്ന പേരില്‍ വിതരണം ചെയ്ത രാസമാലിന്യങ്ങള്‍ ഉപയോഗിച്ച കൃഷിഭൂമി മുഴുവന്‍ തരിശായി. ഇതോടെയാണ് ഇവിടം സമരഭൂമിയായത്. കമ്പനിയുടെ കൂറ്റന്‍ മതിലിനോട് ചേര്‍ന്നുകിടക്കുന്ന വിജയനഗര്‍ കോളനി, പ്ലാച്ചിമട കോളനി, മാധവന്‍ നായര്‍ കോളനി, വേലൂര്‍ കോളനി, രാജീവ്‌നഗര്‍ കോളനി, കുഞ്ചിമേനോന്‍ പതി കോളനി, തൊട്ടിച്ചിപ്പതി കോളനി എന്നീ പ്രദേശങ്ങളാണ് പ്രധാനമായും വെള്ളം കിട്ടാതെ വലഞ്ഞത്. ഏകദേശം 2000 കുടുംബങ്ങളെ ഇതു ബാധിച്ചു. നിലക്കടല, കോറ, ചാമ, തിന, പരുത്തി, മുതിര, ചോളം എന്നിവയെല്ലാം കൃഷി ചെയ്തിരുന്ന ഭൂമിയാണ് കൊക്കകോള ചെറിയ വിലയ്ക്കു തട്ടിയെടുത്തത്. 48 ഏക്കര്‍ ഭൂമിയിലാണ് 24 കുഴല്‍ കിണറുകള്‍ തുരന്നു വെള്ളം ഊറ്റിയെടുത്തത്. കൂടാതെ നാലുസെന്റ് വീതമുള്ള രണ്ടു കുളങ്ങളും കമ്പനിക്കകത്തു കുഴിച്ചിരുന്നു. പ്രതിദിനം 561000 ലിറ്റര്‍ വെള്ളമാണ് കമ്പനി ഉപയോഗിച്ചത്. 1 ലിറ്റര്‍ കോള ഉത്പ്പാദിപ്പിക്കാന്‍ ശരാശി 4 ലിറ്ററോളം വെള്ളം ആവശ്യമാണ്. കേവലം 135 സ്ഥിരം തൊഴിലാളികളും 300 ദിവസവേതന തൊഴിലാളികളുമാണ് കമ്പനിയില്‍ ജോലി ചെയ്തുവന്നത്.
കുടിവെള്ള ചൂഷണത്തിന്റേയും മലിനീകരണത്തിന്റേയും വാര്‍ത്തകള്‍ വന്നതോടെ ഡോ സതീഷ് ചന്ദ്രനെ പോലുള്ള വിദഗ്ധര്‍ പ്ലാച്ചിമടയിലെത്തി. അദ്ദേഹത്തിന്റെ പഠനം കമ്പനിക്കെതിരായ ആരോപണങ്ങള്‍ ശരിവെച്ചു. എന്നാല്‍ ജനങ്ങള്‍ക്കുള്ള കുടിവെള്ളം നല്‍കാമെന്ന് പറഞ്ഞ് കമ്പനി രംഗം തണുപ്പിച്ചു. പക്ഷെ വാക്കുപാലിച്ചില്ല. തുടര്‍ന്ന് അമേരിക്ക ആസ്ഥാനമായുള്ള കോര്‍പ്പ് വാച്ച് സംഘടനയുടെ ഇന്ത്യന്‍ കോഡിനേറ്റര്‍ നിത്യാനന്ദ് ജയരാമനും മനുഷ്യാവകാശ പ്രവര്‍ത്തകനായ സി ആര്‍ ബിജോയും സ്ഥലത്തെത്തി. സമീപപ്രദേശങ്ങളിലെ കിണറുകളിലെ വെള്ളം പരിശോധിച്ചപ്പോള്‍ അവ മലിനമാണെന്ന് ബോധ്യപ്പെട്ടു. പാലക്കാട് ഡി എം യും അതു ശരിവെച്ചു. തുടര്‍ന്നാണ് പ്ലാച്ചിമടയില്‍ ഐതിഹാസിക സമരം ആരംഭിച്ചത്. വളമെന്ന പേരില്‍ പ്രദേശത്തെ കര്‍ഷകര്‍ക്ക് കമ്പനി വിതരണം ചെയ്ത ഖരമാലിന്യത്തില്‍ ബിബിസി ചാനല്‍ അടക്കമുള്ള സംഘങ്ങള്‍ മാരകവിഷ പദാര്‍ഥങ്ങളായ കാഡ്മിയം, ലെഡ് എന്നതിന്റെ അംശങ്ങള്‍ കണ്ടെത്തിയത് സമരത്തിന് വമ്പിച്ച പിന്തുണ ലഭിക്കാന്‍ സഹായകമായി. പ്ലാച്ചിമട സമരചരിത്രത്തില്‍ സെന്റര്‍ ഫോര്‍ സയന്‍സ് ആന്റ് എന്‍വിറണ്‍മെന്റ് ഡയറക്ടര്‍ സുനിത നരെയ്‌ന്റെ സംഭാവന സമാനതകളില്ലാത്തതാണ്. കൊക്കക്കോളയിലും പെപ്‌സിയിലും കീടനാശിനി സാന്നിധ്യം കണ്ടെത്തിയത് അവരായിരുന്നു. യൂറോപ്യന്‍ എക്കണോമിക് കമ്മീഷന്‍ അംഗീകരിച്ചതിന്റെ 30 മടങ്ങ് കീടനാശിനി സാന്നിധ്യം ഈ പാനീയങ്ങളിലുള്ളതായി അവര്‍ ഡൗണ്‍ ടു എര്‍ത്ത് മാസികയിലൂടെ ലോകത്തെ അറിയിച്ചു. തുടര്‍ന്ന് കേന്ദ്രം ശരത് പവാറിന്റെ നേതൃത്വത്തില്‍ ജെ പി സി അന്വഷണം പ്രഖ്യാപിച്ചു. സുനിതയുടെ കണ്ടെത്തല്‍ ശരിയാണെന്നു കമ്മിറ്റി കണ്ടെത്തി.
ഇതിന്റെയെല്ലാം ഫലമായി സമരം ആളികത്തി. തുടക്കത്തില്‍ സമരത്തിനെതിരായിരുന്ന മുഖ്യധാരാപ്രസ്ഥാനങ്ങളില്‍ പലതും പിന്തുണയുമായെത്തി. 2004 ജനുവരി 21, 22, 23 തിയതികളില്‍ പ്ലാച്ചിമടയിലും പുതുശ്ശേരിയിലുമായി നടന്ന ലോകജലസമ്മേളനം സമരത്തിന്റെ സന്ദേശം ലോകത്തിന്റ വിവിധഭാഗങ്ങളിലെത്തിച്ചു. ജലനിയമം, പരിസ്ഥിതി നിയമം, ഫാക്ടറി ആക്ട്, മാലിന്യം കൈകാര്യം ചെയ്യല്‍ നിയമം, പട്ടികജാതി/വര്‍ഗ്ഗ പീഢന നിരോധന നിയമം, ഇന്ത്യന്‍ പീനല്‍ കോഡ്, ജലവിനിയോഗ ഉത്തരവ്, ഭൂജലആക്ട്, ഇന്ത്യന്‍ ഈസ്‌മെന്റ് ആക്ട് തുടങ്ങിയവയെല്ലാം ലംഘിച്ചായിരുന്നു കമ്പനി പ്രവര്‍ത്തിച്ചിരുന്നത്. സമരത്തിനൊപ്പം നിയമയുദ്ധവും സജീവമായി. 2004 ഫെബ്രുവരി 21ന് സര്‍ക്കാര്‍ പാലക്കാട് ജില്ല വരള്‍ച്ച ബാധിതമെന്നു പ്രഖ്യാപിച്ചു. അതോടെ കമ്പനിക്കു പ്രവര്‍ത്തനം തുടരാനായില്ല. തുടര്‍ന്ന് വര്‍ഷങ്ങള്‍ നീണ്ടുനിന്ന നിയമപോരാട്ടത്തിനുശേഷമാണ് കമ്പനി എന്നെന്നേക്കുമായി പൂട്ടാനുള്ള സുപ്രിംകോടതി വിധിയുണ്ടായത്. സമരത്തെ കുറിച്ച് ആയിരം ദിനങ്ങളും ഒരു സ്വപ്നവും (1000 days and a Dream) എന്ന പേരില്‍ പി ബാബുരാജിനോടൊപ്പം അന്തരിച്ച ശരത്ചന്ദ്രന്‍ സംവിധാനം ചെയ്ത ഡോക്യുമെന്ററി ലോകശ്രദ്ധ നേടി.
സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പന്ത്രണ്ടാം വര്‍ഷത്തേക്ക് കടക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2024 - 25 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.
The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in