ഊബര്‍ ടാക്‌സിയും ഓട്ടോസമരവും
ഊബര്‍ ടാക്‌സിയുമായി ബന്ധപ്പെട്ട തര്‍ക്കങ്ങളും വിവാദങ്ങളും തുടരുക തന്നെയാണ്. തങ്ങളുടെ തൊഴിലിനെ ബാധിക്കുമെന്നു പറഞ്ഞ് മുഖ്യമായും ഓട്ടോക്കാരും ടാക്‌സിക്കാരുമാണ് ഊബറിനെതിരെ രംഗത്തിറങ്ങിയിരിക്കുന്നത്. തങ്ങള്‍ വാങ്ങുന്ന ചാര്‍ജ്ജിനേക്കാള്‍ കുറഞ്ഞ ചാര്‍ജ്ജില്‍, ആഡംബരകാറുകളില്‍ യാത്രചെയ്യാന്‍ ഊബര്‍ ടാക്‌സികളില്‍ കഴിയുന്നു, അതിനാല്‍ തങ്ങളുടെ വരുമാനം കുറയുന്നു എന്നതാണവരുടെ സ്വാഭാവികമായ വാദഗതി. പലപ്പോഴും സംഘര്‍ഷങ്ങളിലേക്കും സമരങ്ങളിലേക്കും കാര്യങ്ങള്‍ നീങ്ങുന്നുമുണ്ട്. കഴിഞ്ഞ ദിവസം എറണാകുളം നോര്‍ത്ത് റയില്‍വെ സ്റ്റേഷനില്‍ ഗായിക സയനോര വിളിച്ച ഊബര്‍ ടാക്‌സി ഡ്രൈവറെ ഓട്ടോക്കാര്‍ ഭീഷണിപ്പെടുത്തിയിരുന്നു. ഒറ്റയ്ക്ക് യാത്ര ചെയ്ത […]
ഊബര്‍ ടാക്‌സിയുമായി ബന്ധപ്പെട്ട തര്‍ക്കങ്ങളും വിവാദങ്ങളും തുടരുക തന്നെയാണ്. തങ്ങളുടെ തൊഴിലിനെ ബാധിക്കുമെന്നു പറഞ്ഞ് മുഖ്യമായും ഓട്ടോക്കാരും ടാക്‌സിക്കാരുമാണ് ഊബറിനെതിരെ രംഗത്തിറങ്ങിയിരിക്കുന്നത്. തങ്ങള്‍ വാങ്ങുന്ന ചാര്‍ജ്ജിനേക്കാള്‍ കുറഞ്ഞ ചാര്‍ജ്ജില്‍, ആഡംബരകാറുകളില്‍ യാത്രചെയ്യാന്‍ ഊബര്‍ ടാക്‌സികളില്‍ കഴിയുന്നു, അതിനാല്‍ തങ്ങളുടെ വരുമാനം കുറയുന്നു എന്നതാണവരുടെ സ്വാഭാവികമായ വാദഗതി. പലപ്പോഴും സംഘര്‍ഷങ്ങളിലേക്കും സമരങ്ങളിലേക്കും കാര്യങ്ങള്‍ നീങ്ങുന്നുമുണ്ട്. കഴിഞ്ഞ ദിവസം എറണാകുളം നോര്‍ത്ത് റയില്‍വെ സ്റ്റേഷനില്‍ ഗായിക സയനോര വിളിച്ച ഊബര്‍ ടാക്‌സി ഡ്രൈവറെ ഓട്ടോക്കാര്‍ ഭീഷണിപ്പെടുത്തിയിരുന്നു. ഒറ്റയ്ക്ക് യാത്ര ചെയ്ത തനിക്ക് സ്ത്രീയെന്ന പരിഗണന പോലും നല്‍കാതെ കാറില്‍ നിന്ന് ഇറക്കിവിടാന്‍ ഓട്ടോക്കാര്‍ ശ്രമിച്ചതായി സയനോര പറഞ്ഞു. തുടര്‍ന്ന് ഓട്ടോക്കാരുടെ സമരവുമുണ്ടായി. ഊബര്‍ ടാക്‌സിക്കെതിരെ ഓട്ടോക്കാരുടെ സമരം ഒരു വശത്തു നടക്കുമ്പോള്‍ മറുവശത്ത് വേതനവര്‍ദ്ധനവിനെതിരായി ഊബര്‍ ടാക്‌സി ഡ്രൈവര്‍മാരുടെ സമരവുമുണ്ടായി എന്നത് വേറെ കാര്യം.
സാങ്കേതികവിദ്യ വികസിക്കുന്നതനുസരിച്ച് ഇത്തരം പ്രശ്‌നങ്ങള്‍ എന്നുമുണ്ടായിട്ടുണ്ട്. ഇനിയുമുണ്ടാകും. അതിനോട് സ്വീകരിക്കേണ്ട നിലപാടാണ് പ്രധാനം. തീര്‍ച്ചയായും ഒരു വിഭാഗത്തിന്റെ തൊഴിലിനേയും വരുമാനത്തേയും കുറച്ചുകാലം അത് പ്രതികൂലമായി ബാധിക്കും. അവിടെയാണ് സര്‍ക്കാരിന്റെ ഉത്തരവാദിത്തം. ഇത്തരത്തില്‍ പ്രശ്‌നങ്ങള്‍ നേരിടുന്നവര്‍ക്ക് താല്‍ക്കാലികമായി ആശ്വാസം നല്‍കേണഅട ഉത്തരവാദിത്തം സര്‍ക്കാരിനുണ്ട്. അതോടൊപ്പം സാങ്കേതികവികാസത്തെ ഉള്‍ക്കൊള്ളാനും അതനുസരിച്ച് മാറാനും എല്ലാവരും തയ്യാറാകണം. അതിനു സര്‍ക്കാരിന്റെ സഹായം വേണം. നിര്‍ഭാഗ്യവശാല്‍ പലപ്പോഴും നടക്കുന്നത് മറ്റൊന്നാണ്. മാറ്റങ്ങളെ സകലശക്തയുമുപയോഗിച്ച് ചെറുക്കാനാണ് സംഘടിതശക്തികള്‍ ശ്രമിക്കാറ്. മുഴുവന്‍ ജനങ്ങള്‍ക്കും ഗുണകരമായ മാറ്റങ്ങളെ ചെറു്തതുതോല്‍പ്പിക്കാന്‍ പരമാവധി ശ്രമിക്കും. അവസാനം സ്വീകരിക്കാന്‍ തയ്യാറാകുമ്പോഴേക്കും നാം കുറെ പുറകിലായിട്ടുണ്ടാകും.
ഇപ്പോള്‍ ഊബര്‍ ടാക്‌സിയെ എതിര്‍ക്കുന്ന ഓട്ടോക്കാരുടെ ചരിത്രമെന്താണ്? ഓട്ടോറിക്ഷകള്‍ വ്യാപകമായ സമയത്ത് ടാക്‌സിക്കാരും സൈക്കിള്‍ റിക്ഷക്കാരും സാദാ റിക്ഷക്കാരുമൊക്കെ അതിനെ എതിര്‍ത്തിരുന്നു. കാരണം ഇപ്പോള്‍ ഓട്ടോക്കാര്‍ പറയുന്നതുതന്നെ. പിന്നീടെന്താണ് സംഭവിച്ചതെന്നു വ്യക്തം. ഇപ്പോള്‍ ഓട്ടോക്കാര്‍ എതിര്‍ക്കുന്നത് ഊബറിനെ മാത്രമല്ല. വെള്ളിമൂങ്ങ എന്നു വിളിക്കപ്പെടുന്ന, വെയിലും മഴയുമേല്‍ക്കാതെ യാത്രചെയ്യാനാകുന്ന പുതിയ തരം ഓട്ടോകളേയും പലയിടത്തും ഇവരെതിര്‍ക്കുന്നു എന്നതാണ് തമാശ.
ഉല്‍പ്പാദനശക്തികളുടെ വികാസം ഉല്‍പ്പാദനബന്ധങ്ങളേയും മാറ്റുമെന്നും അത് വിപ്ലവത്തിനു അനിവാര്യമാണെന്നും വിശ്വസിക്കുന്ന ഒരു പ്രത്യയശാസ്ത്രത്തിനു കാര്യമായ സ്വാധീനമുള്ള കേരളത്തിലാണ് ഇത്തരത്തിലുള്ള പ്രതിഷേധങ്ങള്‍ ഏറ്റവും ശക്തമെന്നതാണ് തമാശ. അതാകട്ടെ മുഖ്യമായും ഇതേ ചിന്താഗതി ഉയര്‍ത്തിപിടിക്കുന്നു എന്നു പറയുന്നവരില്‍ നിന്നും. നെല്ലുകുത്തുന്ന മെഷിന്‍, കൊയ്ത്തുയന്ത്രം, മെതിയന്ത്രം, ട്രാക്ടര്‍, ടിപ്പര്‍ തുടങ്ങി കമ്പ്യൂട്ടര്‍ വരെ ഈ എതിര്‍പ്പ് നാം കണ്ടതാണ്. എത്രയോ കുറഞ്ഞ കാലം കൊണ്ട് കാര്യങ്ങള്‍ എവിടെയെത്തി. എന്നാല്‍ ഇപ്പോഴും നാം തുടരുന്നത് അതേ ചിന്താഗതി തന്നെ. തങ്ങളുടെ മേഖലയില്‍ കമ്പ്യൂട്ടര്‍ വേണ്ട എന്ന് ആധാരമെഴുത്തുകാര്‍ ഇപ്പോഴും പറയാറുണ്ട്. അതിന്റെയെല്ലാം തുടര്‍ച്ചയാണ് ഊബറിനെതിരായ പ്രതിഷേധവും. പിന്നെ കുത്തകക്കെതിര് എന്നൊക്കെ വെറുതെ പറയും. ഏതു കുത്തകക്കെതിരാണ് നമ്മള്‍..?
ഉപഭോക്താവിനുള്ള സൗകര്യങ്ങള്‍ കൂട്ടുകയും ചിലവു കുറക്കുകയും ചെയ്യുക എന്നതാണ് ഏതു സംരംഭത്തിന്റേയും വിജയത്തിന് അടിത്തറ. ഓണ്‍ലൈന്‍ ബുക്ക് ചെയ്യാനും നിരക്കുകള്‍ കൃത്യമായി അറിയാനും യാത്ര സമയം ക്രമപ്പെടുത്താനും ഒക്കെ സഹായിക്കുന്ന ടാക്‌സി സര്‍വീസാണ് ഊബര്‍. അതോടൊപ്പം കുറഞ്ഞ നിരക്കും. നഷ്ടത്തില്‍ ഒരു സംരംഭവും നിലനില്‍ക്കില്ല എന്നതില്‍ ആര്‍ക്കും സംശയമുണ്ടാകില്ലല്ലോ. ഉപഭോക്താവിനു സൗകര്യപ്രദമായി ക്രമീകരിച്ചാല്‍ എന്തും വിജയിക്കുമെന്നതിന് മൊബൈല്‍ ഫോണുകളുടെ ഉദാഹരണമുണ്ടല്ലോ. ഓട്ടോയെ അതുമായി താരതമ്യം ചെയ്യുകയല്ല. പക്ഷെ മീറ്ററില്‍ കാണുന്നതിനേക്കാള്‍ എത്ര ചാര്‍ജ്ജ് കൂടുതല്‍ കൊടുക്കേണ്ടിവരും, യാത്ര കഴിയുമ്പോള്‍ വഴക്കുണ്ടാകുമോ എന്നൊക്കെ ഭയന്നുള്ള യാത്ര എത്രമാത്രം അസഹനീയമാണ്. മീറ്ററിലെ ചാര്‍ജ്ജ് എന്ന ഉപഭോക്താവിന്റെ അവകാശം പോലും ഇനിയും നടപ്പാക്കപ്പെടുന്നില്ല. ചാര്‍ജ്ജ് തീരുമാനിക്കുന്നതില്‍ സമരമാകാം, എന്നാല്‍ വാങ്ങുന്നത് തീരുമാനിക്കുന്ന ചാര്‍ജ്ജാകണം എന്ന മിനിമം മര്യാദപോലും ഭൂരിഭാഗം ഓട്ടോക്കാര്‍ക്കുമില്ല. പണിയെടുക്കാതെ നോക്കുകൂലി വാങ്ങുന്നതിനു സമാനമാണിത്. സ്വയം മാറാതെ, മാറ്റങ്ങളെ ചെറുക്കുന്നതില്‍ എന്തര്‍ത്ഥമാണുള്ളത്?
തീര്‍്ച്ചയായും സര്‍ക്കാരിന് ഇവിടെയൊരു റോളുണ്ട്. കുട്ടികള്‍ കുറയുമ്പോള്‍ തൊഴില്‍ നഷ്ടപ്പെടുന്ന അധ്യാപകരെ പ്രൊട്ടക്ടഡ് അധ്യാപകരെന്ന പേരു നല്‍കി അവരുടെ തൊഴില്‍ സംരക്ഷിക്കുകയും മറ്റു മേഖലകളിലേക്ക് വിന്യസിക്കുകയും ചെയ്യുന്നുണ്ടല്ലോ. വേണമെങ്കില്‍ അധ്യാപകരും നോക്കുകൂലി വാങ്ങുകയാണെന്നു പറയാമല്ലോ. പക്ഷെ ആരും പറയുന്നില്ല, അതുപോലെ നേരിട്ട് സര്‍ക്കാരിന്റെ നിയന്ത്രണത്തിലുള്ള കാര്യമല്ല എങ്കിലും സമൂഹത്തിലെ മാറ്റങ്ങളുടെ ഫലമായി പ്രതിസന്ധി നേരിടുന്നവര്‍ക്ക് താല്‍ക്കാലികമായി സഹായങ്ങള്‍ നല്‍കാനും പെട്ടെന്നുതന്നെ പുതിയ മാറ്റങ്ങള്‍ ഉള്‍ക്കാള്ളാന്‍ അവരെ പ്രാപ്തരാക്കാനും ജനകീയ സര്‍ക്കാരിന് ഉത്തരവാദിത്തമുണ്ട്. ഇവിടേയും അതാണ് ചെയ്യേണ്ടത്. ഓട്ടോക്കാരുടെ പ്രശ്‌നങ്ങള്‍ പഠിക്കാനും അവരെ കാലത്തിനനുസരിച്ച് മാറ്റാനും ആധുനിക സാങ്കേതിക വിദ്യകള്‍ സ്വീകരിക്കാനും ഉപഭോക്താവിനോട് നീതി പുലര്‍ത്താനും അവരെ ശക്തരാക്കാനും സര്‍ക്കാരിന്റെ ഇടപെടലുകള്‍ അനിവാര്യമാണ്. അതിനാണ് സംഘടിത പ്രസ്ഥാനങ്ങളും ശ്രമിക്കേണ്ടത്. അല്ലാതെ സാങ്കേതികവികാസത്തെ തടയാമെന്ന ധാരണ വെച്ചു വുലര്‍ത്തുന്നവര്‍ ജീവിക്കുന്നത് വിഡ്ഢികളുടെ സ്വര്‍ഗ്ഗത്തിലാണെന്നു പറയേണ്ടിവരും.
സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പന്ത്രണ്ടാം വര്‍ഷത്തേക്ക് കടക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2024 - 25 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.
The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in