ആദിവാസികളുടെ നില്‍പ്പുസമരം – ചരിത്രവും രാഷ്ട്രീയവും
എം ഗീതാനന്ദന്‍ സെക്രട്ടറിയേറ്റനുമുന്നില്‍ നടക്കുന്ന ആദിവാസികളുടെ നില്‍പ്പു സമരം അനശ്ചിതമായി നീളുന്ന സാഹചര്യത്തില്‍ മലയാളിക്കുമുന്നില്‍ സമരം ഉന്നയിക്കുന്ന ചോദ്യങ്ങളെ കുറിച്ച് എം ഗീതാനന്ദന്‍ വൈദേശികാധിപത്യ കാലഘട്ടത്തില്‍ തുടങ്ങിയ ചെറുത്തുനില്‍പ് സമരം ആദിവാസികള്‍ ഇപ്പോഴും തുടരുകയാണ്. വനമേഖലയിലേക്കുള്ള കടന്നുകയറ്റം, നാണ്യവിളകളുടെ വ്യാപനം, ബ്രിട്ടീഷ് വനനിയമങ്ങള്‍, ജന്മിത്തസമ്പ്രദായം തുടങ്ങിയ രീതികളിലൂടെ ആദിവാസികള്‍ ശിഥിലമാക്കപ്പെട്ടുകൊണ്ടിരുന്നു. ജനാധിപത്യ കേരളം നിലവില്‍വരുന്നതിന് മുന്‍പുതന്നെ കുടിയിറക്കുകളോടൊപ്പം അടിമത്തസമാനമായ സാഹചര്യത്തിനും ഒരു വിഭാഗം വിധേയമാക്കപ്പെട്ടു. സ്വാതന്ത്ര്യാനന്തര കേരളത്തിലും ആദിവാസികളുടെ സ്ഥിതിക്ക് മാറ്റംവന്നില്ല. ജനാധിപത്യ കേരളത്തിലും ബ്രിട്ടീഷ് വനനിയമങ്ങളും […]
സെക്രട്ടറിയേറ്റനുമുന്നില്‍ നടക്കുന്ന ആദിവാസികളുടെ നില്‍പ്പു സമരം അനശ്ചിതമായി നീളുന്ന സാഹചര്യത്തില്‍ മലയാളിക്കുമുന്നില്‍ സമരം ഉന്നയിക്കുന്ന ചോദ്യങ്ങളെ കുറിച്ച് എം ഗീതാനന്ദന്‍
വൈദേശികാധിപത്യ കാലഘട്ടത്തില്‍ തുടങ്ങിയ ചെറുത്തുനില്‍പ് സമരം ആദിവാസികള്‍ ഇപ്പോഴും തുടരുകയാണ്. വനമേഖലയിലേക്കുള്ള കടന്നുകയറ്റം, നാണ്യവിളകളുടെ വ്യാപനം, ബ്രിട്ടീഷ് വനനിയമങ്ങള്‍, ജന്മിത്തസമ്പ്രദായം തുടങ്ങിയ രീതികളിലൂടെ ആദിവാസികള്‍ ശിഥിലമാക്കപ്പെട്ടുകൊണ്ടിരുന്നു. ജനാധിപത്യ കേരളം നിലവില്‍വരുന്നതിന് മുന്‍പുതന്നെ കുടിയിറക്കുകളോടൊപ്പം അടിമത്തസമാനമായ സാഹചര്യത്തിനും ഒരു വിഭാഗം വിധേയമാക്കപ്പെട്ടു. സ്വാതന്ത്ര്യാനന്തര കേരളത്തിലും ആദിവാസികളുടെ സ്ഥിതിക്ക് മാറ്റംവന്നില്ല. ജനാധിപത്യ കേരളത്തിലും ബ്രിട്ടീഷ് വനനിയമങ്ങളും വനനശീകരണവും നിര്‍ബാധം തുടര്‍ന്നു. സംഘടിതമായ കുടിയേറ്റത്തെ സര്‍ക്കാര്‍തന്നെ പ്രോത്സാഹിപ്പിച്ചു. വികസനത്തിന്റെ പേരില്‍ പാരമ്പര്യ ആവാസ വ്യവസ്ഥകള്‍ തകര്‍ത്തു.
അധികാരത്തിലെ പങ്കാളിത്തത്തിനും അവസരസമത്വത്തിനുംവേണ്ടി 19-ാം നൂറ്റാണ്ടില്‍ സാമുദായിക നവോത്ഥാന പ്രസ്ഥാനങ്ങള്‍ ശക്തമായിരുന്നെങ്കിലും, ആദിവാസികള്‍ക്ക് ഒരു സംഘടിതശക്തിയാകാനോ നവോത്ഥാന പ്രസ്ഥാനത്തിന്റെ ഭാഗമാക്കാനോ കഴിഞ്ഞിരുന്നില്ല. വികസനത്തിന്റെയും കയ്യേറ്റത്തിന്റെയും കാലഘട്ടം അവരെ പ്രതിരോധത്തിലാക്കി. 1970കളില്‍ ഭൂപരിഷ്‌കരണ പ്രസ്ഥാനം കേരളത്തില്‍ ശക്തമായിരുന്നു. ഭരണഘടനയുടെ ശക്തമായ പിന്‍ബലമുണ്ടായിട്ടും ആദിവാസികളുടെ സ്വയംഭരണവും ഭൂമിയും സംസ്‌കാരവും സംരക്ഷിക്കാനുള്ള നിയമങ്ങള്‍ (ഭരണഘടനയുടെ 244ാം വകുപ്പ് 5ാം പട്ടിക/ 6ാം പട്ടിക എന്നിവ) കേരളത്തില്‍ ചര്‍ച്ചചെയ്യപ്പെട്ടില്ല. മാത്രമല്ല, വനമേഖലയില്‍ അധികാരം ഉറപ്പിച്ചവര്‍ പാരമ്പര്യവാസികളെ പാര്‍ശ്വവല്‍ക്കരിച്ചുകൊണ്ടിരുന്നു. നിയമത്തിന്റെ പരിരക്ഷകള്‍ അവര്‍ക്ക് നിഷേധിക്കുകയും ചെയ്തു.
പട്ടികവര്‍ഗക്കാരുടെ ദേശീയ സാഹചര്യത്തെക്കുറിച്ച് പഠിക്കാന്‍ നിയോഗിക്കപ്പെട്ട ധേബര്‍ കമ്മീഷന്റെ (Dhebar Commission) നിര്‍ദേശം പരിഗണിച്ചുകൊണ്ടാണ് ആദിവാസികളുടെ അന്യാധീനപ്പെട്ട ഭൂമി തിരിച്ചെടുക്കാന്‍ 1975ല്‍ കേരള നിയമസഭ ആദ്യമായി ഒരു നിയമം പാസാക്കിയത്. ഈ നിയമം നടപ്പാക്കികിട്ടാനുള്ള നീക്കമാരംഭിച്ചതോടെയാണ് ആദിവാസികള്‍ പുതിയ ഒരു മുന്നേറ്റത്തിന് തുടക്കം കുറിച്ചത്. 1990കളില്‍ പുതിയ മുന്നേറ്റമാരംഭിച്ചതോടെ നിയമം റദ്ദാക്കാനും ആദിവാസികളെ പാര്‍ശ്വവല്‍ക്കരിക്കാനും രാഷ്ട്രീയസംവിധാനം ഒറ്റക്കെട്ടായി അണിനിരന്നു. സ്വകാര്യവനം ദേശസാല്‍ക്കരിച്ചുകൊണ്ട് കേരള സര്‍ക്കാര്‍ പാസാക്കിയ
നിയമത്തില്‍ (Kerala Private Forest (Vesting & Assignment Act, 1971) ആദിവാസികളുടെ വനാവകാശം ഭാഗികമായി അംഗീകരിക്കപ്പെട്ടിരുന്നെങ്കിലും, പ്രസ്തുത നിയമവും കേരളത്തില്‍ ചര്‍ച്ചചെയ്യപ്പെടാതെപോയി. അന്യാധീനപ്പെട്ട ആദിവാസിഭൂമി തിരിച്ചെടുക്കാന്‍ ഡോ. നല്ലതമ്പി തേറയെപോലുള്ള പൗരാവകാശ പ്രവര്‍ത്തകര്‍ തുടങ്ങിവച്ച നിയമയുദ്ധവും ഭൂരഹിതര്‍ക്ക് ഭൂമി കിട്ടാന്‍ സി.കെ.ജാനുവിനെപ്പോലുള്ള നേതൃത്വങ്ങള്‍ 1990കളുടെ ആരംഭത്തില്‍ തുടക്കം കുറിച്ച പ്രക്ഷോഭങ്ങളുമാണ് ആദിവാസികളെ രാഷ്ട്രീയ സമൂഹവുമായി ഒരു സംവാദത്തിന് പ്രാപ്തമാക്കിയത്.
കേരളത്തിലെ ആദിവാസി സമൂഹത്തിന്റെ മുന്നേറ്റത്തില്‍ 1990 മുതലുള്ള രണ്ടു ദശകം സവിശേഷമായ ഘട്ടമായി കണക്കാക്കാം. ആദിവാസികളുടെ അന്യാധീനപ്പെട്ട ഭൂമി തിരിച്ചെടുക്കാനുള്ള നീക്കം തൊണ്ണൂറുകളുടെ തുടക്കത്തില്‍ കേരളത്തിലെമ്പാടും ഉയര്‍ന്നുവന്നു. അതോടൊപ്പം, നിയമപരമായി ഭൂമി തിരിച്ചുകിട്ടാന്‍ മതിയായ രേഖകളില്ലാത്ത ഭൂരഹിതരായ ആദിവാസികളെ പുനരധിവസിപ്പിക്കാനുള്ള പ്രക്ഷോഭങ്ങളും ശക്തമായി. 1990 ല്‍ നടന്ന സൗത്ത് ഇന്ത്യന്‍ ആദിവാസി ഫോറത്തിന്റെ സംഗമത്തിനുശേഷം, സി.കെ.ജാനുവിനെപ്പോലുള്ള പുതിയ നേതൃത്വങ്ങള്‍ ഉയര്‍ന്നുവന്നു. സി. കെ.ജാനുവിന്റെ നേതൃത്വത്തില്‍ അമ്പുകുത്തി, കോളിക്കംപാളി, പനവല്ലി, ചീങ്ങേരി തുടങ്ങിയ സ്ഥലങ്ങളില്‍ നടന്ന ഭൂസമരങ്ങള്‍ ശ്രദ്ധേയമായിരുന്നു. ഭൂമിയിലുള്ള വകാശസ്ഥാപനത്തോടൊപ്പം, നിരാഹാര സമരങ്ങള്‍ ഉള്‍പ്പെടെയുള്ള സഹനസമരം പ്രക്ഷോഭത്തിന്റെ രീതിയായി മാറി. സ്ത്രീശക്തിയുടെ സാന്നിധ്യവും പ്രക്ഷോഭങ്ങളുടെ പ്രതേ്യകതയായിരുന്നു.
ഞെട്ടിപ്പിക്കുന്ന കണക്കുകളും യാഥാര്‍ഥ്യങ്ങളുമാണ് അന്യാധീനപ്പെട്ട ആദിവാസി ഭൂമി തിരിച്ചെടുക്കാനുള്ള 1975 ലെ നിയമം വിവാദമായതോടെ പുറത്തുവന്നത്. ട്രൈബല്‍ ഡവലപ്‌മെന്റ ് വകുപ്പ് (ITDP) നടത്തിയ വിശദമായ സര്‍വെയില്‍ നിന്നും വ്യക്തമായത് 1960 നുശേഷം അട്ടപ്പാടി ബ്ലോക്കില്‍ മാത്രം 10,000 ഹെക്ടറിലധികം ആദിാസി ഭൂമി അന്യാധീനപ്പെട്ടു എന്നതാണ്. വ്യാജമായ രേഖകള്‍ നിര്‍മിച്ചും പ്രലോഭിപ്പിച്ചും ആദിവാസികളെ കബളിപ്പിച്ചും ഭൂമി തട്ടിയെടുത്ത കേസുകളാണ് ഏറെയും.
കേരളത്തിലെ ആദിവാസികളുടെ ഭൂമി സംരക്ഷിക്കാനുള്ള ഒരേ ഒരു നിയമം KST Act, 1975 [Kerala cheduled Tribes (Restriction on Transfer and Restoration of Alienated Land) Act, 1975] മാത്രമാണ്. നിയമത്തിന് ചട്ടങ്ങളുണ്ടാക്കിയത് 1986 ല്‍ മാത്രം. നിയമമനുസരിച്ച് നിരവധിപേര്‍ അന്യാധീനപ്പെട്ട ഭൂമി തിരിച്ചുകിട്ടാന്‍ അപേക്ഷനല്‍കിയെങ്കിലും, 4000ല്‍ ഏറെ പേരുടെ അപേക്ഷകള്‍ മാത്രമെ വ്യവഹാരത്തിന്റെ പരിഗണനയില്‍ കൊണ്ടുവന്നുള്ളൂ. ബന്ധപ്പെട്ട റവന്യൂ ഡിവിഷണല്‍ ഓഫീസര്‍മാര്‍ ഭൂമി തിരിച്ചെടുത്ത് നല്‍കാനുള്ള നടപടിക്രമം പൂര്‍ത്തീകരിച്ചിട്ടും സര്‍ക്കാര്‍ തുടര്‍ നടപടി എടുത്തില്ല. 1993ല്‍ പൗരാവകാശ പ്രവര്‍ത്തകനായ ഡോ: നല്ലതമ്പിതേറ ഹൈക്കോടതിയെ സമീപിച്ചു. നിയമാനുസൃതം ഭൂമി തിരിച്ചെടുത്തു കൊടുക്കാന്‍ കോടതി ഉത്തരവിട്ടു. തുടര്‍ന്ന് 1975ലെ നിയമം മറികടക്കാന്‍ കേരള സര്‍ക്കാര്‍ 1996ല്‍ ഒരു ഭേദഗതി ഓര്‍ഡിനന്‍സ് കൊണ്ടുവന്നു. ഓര്‍ഡിനന്‍സ് ഇന്ത്യന്‍ പ്രസിഡന്റ് തിരിച്ചയച്ചു. ഇടതുവലതു പ്രസ്ഥാനങ്ങള്‍ ഒറ്റക്കെട്ടായി ദേശീയതലത്തില്‍ കൊണ്ടുപോയ ഒരേ ഒരു വിഷയം ആദിവാസികളുടെ ഭൂമി സംരക്ഷിക്കാനുള്ള നിയമം റദ്ദാക്കുക എന്ന ആവശ്യമാണ്. 1996 ലെ ഭേദഗതിനിയമം പരാജയപ്പെട്ടപ്പോള്‍ 1999ലെ ഇടതുപക്ഷ സര്‍ക്കാര്‍ മറ്റൊരു ഭേദഗതി നിയമം കൊണ്ടുവന്നു. കയ്യേറ്റക്കാര്‍ കൈവശം വെക്കുന്ന ആദിവാസിഭൂമിക്ക് 5 ഏക്കര്‍വരെ സാധുത നല്‍കി പകരം ഭൂമി സര്‍ക്കാര്‍ നല്‍കാനും, 5 ഏക്കറില്‍ കൂടുതല്‍ ഉള്ളത് തിരിച്ചുപിടിച്ച് നല്‍കാനുമായിരുന്നു ഭേദഗതി നിര്‍ദേശിച്ചിരുന്നത്. അതോടെപ്പം, 1975 ലെ നിയമം റദ്ദാക്കാനും പുതിയ നിയമം നിര്‍ദേശിച്ചു. ഇടതുവലതു പാര്‍ട്ടികള്‍ ഒറ്റക്കെട്ടായി നിയമം പാസാക്കി. ശ്രീമതി ഗൗരിയമ്മ മാത്രം നിയമത്തെ എതിര്‍ത്തു. 1999 ലെ നിയമഭേദഗതി ഡോ: നല്ലതമ്പി തേറയും, പി.യു.സി.എല്‍. തുടങ്ങിയ സംഘടനകളും, ആദിവാസികളും ഹൈക്കോടതിയില്‍ ചോദ്യം ചെയ്തു. നിയമ ഭേദഗതി ഭരണഘടനാവിരുദ്ധമാണെന്ന് ഹൈക്കോടതി പ്രഖ്യാപിച്ചു. കേരള സര്‍ക്കാര്‍ സ്‌പെഷ്യല്‍ ലീവ് പെറ്റീഷനുമായിസുപ്രീം കോടതിയെ സമീപിച്ചു. സര്‍ക്കാര്‍ സുപ്രീംകോടതിയെ സമീപിക്കുന്നതുവരെ അന്യാധീനപ്പെട്ട ഭൂമി തിരിച്ചുകിട്ടാന്‍ കേരളത്തില്‍ ഒരു ദശകം നീണ്ടുനിന്ന പ്രക്ഷോഭം നടന്നു. (2009ല്‍ ഭേദഗതി നിയമം ഭാഗികമായി അംഗീകരി ച്ചുകൊണ്ട് സുപ്രീംകോടതി വിധിയുണ്ടായി. എന്നാല്‍ രാഷ്ട്രീയപാര്‍ട്ടികള്‍ സംയുക്തമായി അംഗീകരിച്ച ഭേദഗതിനിയമമോ, സുപ്രീംകോടതി നിര്‍ദേശങ്ങളോ നാളിതുവരെ നടപ്പാക്കിയിട്ടില്ല).
1975 ലെ നിയമം അട്ടിമറിക്കുന്നതോടെ കേരളത്തിലെ ആദിവാസി ഭൂസമരം അവസാനിക്കും എന്നാണ് ഭരണവര്‍ഗങ്ങള്‍ വിശ്വസിച്ചിരുന്നത്. എന്നാല്‍ കൂടുതല്‍ വ്യാപ്തിയോടെ ആദിവാസി ഭൂസമരം ശക്തിപ്പെടുകയാണുണ്ടായത്. സി.കെ.ജാനുവിന്റെ നേതൃത്വത്തില്‍ നടന്ന ഭൂസമരങ്ങള്‍ക്ക് ഭൂരഹിതരുടെയും ദലിതരും ജനാധിപത്യവിശ്വാസികളുടെയും വിശാലമായ പിന്തുണ ലഭിച്ചുതുടങ്ങി. 199798 കാലഘട്ടത്തില്‍ ആരംഭിച്ച കണ്ണൂര്‍ ജില്ലയിലെ തിരുവോണപ്പുറം ആറളം ഭൂസമരം, തുടര്‍ന്ന് കുണ്ടളയിലും അട്ടപ്പാടിയിലെ തൂവൈപ്പതിയിലും നടന്ന ഭൂസമരം തുടങ്ങിയവയെല്ലാം ഭൂസമരപ്രസ്ഥാനങ്ങളെ സമഗ്രമായ രൂപത്തില്‍ അവതരിപ്പിച്ചു തുടങ്ങി. 1999-2000 കാലഘട്ടത്തില്‍ കേരളത്തിലെമ്പാടും ആദിവാസി മേഖലയില്‍ ഉണ്ടായ പട്ടിണിമരണം അതിശക്തമായ ഒരു ഉയര്‍ത്തെഴുന്നേല്‍പ്പിന് കളമൊരുക്കി. 157 ആദിവാസികള്‍ പട്ടിണിമരണത്തിന് വിധേയരായി എന്നാണ് കണക്കാക്കപ്പെടുന്നത്. ‘സ്വന്തം മണ്ണില്‍ അഭയാര്‍ഥികളാകാന്‍ വിധിക്കപ്പെട്ടവരല്ല ആദിവാസികള്‍’ എന്ന പ്രഖ്യാപനവുമായി നൂറുകണക്കിന് ആദിവാസികള്‍ സെക്രട്ടേറിയറ്റ് പടിക്കലും മുഖ്യമന്ത്രിയുടെ വീട്ടുപടിക്കലും കുടില്‍കെട്ടി സമരം നടത്തി. 2001 ആഗസ്റ്റ് 29 ന് തുടങ്ങിയ പ്രക്ഷോഭം ഒക്‌ടോബര്‍ 16 വരെ നീണ്ടുനിന്നു. ‘പട്ടിണിമരണത്തിന് അറുതിവരുത്താന്‍ കൃഷിഭൂമി നല്‍കി പുനരധിവസിപ്പിക്കുക’ എന്നതായിരുന്നു ആവശ്യം.
1990 മുതലുള്ള ഒരു ദശകം നിയമപരമായ വ്യവഹാരങ്ങളിലൂടെ തിരിച്ചുകിട്ടേണ്ട അന്യാധീനപ്പെട്ട ഭൂമിയുടെ പ്രശ്‌നം മാത്രമായിരുന്നു പ്രക്ഷോഭ വിഷയമാക്കിയത്. 4000 ത്തോളം വരുന്ന കര്‍ഷകരായ ആദിവാസികുടുംബങ്ങളുടെ ഭൂമി പ്രശ്‌നമായി മാത്രമേസര്‍ക്കാര്‍ ഇതിനെ പരിഗണിച്ചിരുന്നുള്ളൂ. 2001 ലെ കുടില്‍കെട്ടല്‍ സമരത്തോടെ ആദിവാസി ഭൂമി 5 ാം പട്ടികയില്‍ ഉള്‍പ്പെടുത്തേണ്ട വിഷയങ്ങള്‍ക്കൊപ്പം കേരളത്തിലെ ഭൂരഹിതരായ മുഴുവന്‍ ഭൂരഹിതരുടെ പുനരധിവാസ പ്രശ്‌നവും ഉയര്‍ന്നു വ ന്ന ു . ്രപ േക്ഷ ാ ഭ ത്ത ി ന് ്‌രാഷ്ട്രീയമാനം കൈവന്നു. കേരള സര്‍ക്കാരിന്റെകയ്യില്‍ ലഭ്യമായ റവന്യൂഭൂമി, പ്ലാന്‍േറഷന്‍ കോര്‍പ്പറേഷന്‍ തുടങ്ങിയ പൊതുമേഖലാ സ്ഥാപനങ്ങള്‍ കൈവശം വെയ്ക്കുന്ന എസ്റ്റേറ്റ് ഭൂമി, ആദിവാസി പ്രോജക്ടുകള്‍, ടാറ്റാ ഹാരിസണ്‍ തുടങ്ങിയ വന്‍കിടക്കാര്‍ അനധികൃതമായി കൈവശംവെയ്ക്കുന്ന ഭൂമി, വനഭൂമി സര്‍ക്കാരില്‍ നിക്ഷിപ്തമാക്കുന്നതിന് നടപ്പാക്കിയ 1971 ലെ നിയമമനുസരിച്ച് കൊടുക്കാവുന്ന വനഭൂമി തുടങ്ങിയ മേഖലകളില്‍ നിന്നും കണ്ടെത്താവുന്ന ഭൂമിയുടെ കണക്കാണ് ഭൂരഹിതരെ പുനരധിവധിപ്പിക്കാനുള്ള സാധ്യതകളായി ചൂണ്ടിക്കാട്ടിയത്.
പ്രക്ഷോഭം തകര്‍ക്കാന്‍ സര്‍ക്കാര്‍ ശ്രമിച്ചെങ്കിലും, ആദിവാസികള്‍ ഒറ്റക്കെട്ടായി ഉയര്‍ത്തെഴുന്നേറ്റു. കേരളത്തിലെ വൈവിധ്യമാര്‍ന്ന ഗോത്രവര്‍ഗ വിഭാഗങ്ങളെ ഒരു കുടക്കീഴില്‍ കൊണ്ടുവന്ന ‘ആദിവാസി ഗോത്രമഹാസഭ’ എന്ന പ്രസ്ഥാനവും രൂപംകൊണ്ടു. ഭരണകൂടത്തിന്റെ അധാര്‍മികതയെ വിചാരണയ്ക്ക് വിധേയമാക്കിയ പ്രക്ഷോഭത്തിന് പൗരസമൂഹത്തിന്റെ പൂര്‍ണമായ പിന്തുണ കിട്ടി. 2001 ഒക്‌ടോബര്‍ 16 ന് സര്‍ക്കാര്‍ ചില ഒത്തുതീര്‍പ്പ് വ്യവകളുണ്ടാക്കിയതോടെ പ്രഷോഭം അവസാനിപ്പിച്ചു.
2001 ല്‍ സര്‍ക്കാര്‍ അംഗീകരിച്ച വ്യവസ്ഥകള്‍ നടപ്പാക്കാന്‍ ആദിവാസിപുനരധിവാസമിഷന്‍ (Tribal Resettlement & Developmetn Mission) എന്ന സംവിധാനം നിലവില്‍ വരികയും ആദിവാസികള്‍ക്ക് ഭൂമി നല്‍കി പുനരധിവസിപ്പിക്കുന്നത് പട്ടികവര്‍ഗ ഉപപദ്ധതിയുടെ ഭാഗമായി മാറുകയും ചെയ്തിരുന്നു. 2002 ജനുവരി ഒന്നുമുതല്‍ പദ്ധതി നടപ്പാക്കിതുടങ്ങി. ഇടുക്കി ജില്ലയിലെ മറയൂര്‍, കുണ്ടള, ചിന്നക്കനാല്‍, പൂപ്പാറ തുടങ്ങിയ സ്ഥലങ്ങളിലും കണ്ണൂര്‍ ജില്ലയിലെ ചാവശ്ശേരി, കൊല്ലം ജില്ലയിലെ കുരിയോട്ടുമല തുടങ്ങിയ സ്ഥലങ്ങളിലും പുനരധിവാസം ആരംഭിച്ചു.
ഒരു മിഷന്‍ മാതൃകയില്‍ ആരംഭിച്ച പുനരധിവാസ പദ്ധതി ദുര്‍ബലപ്പെടുത്താന്‍ സര്‍ക്കാരിന്റെ ഉള്ളില്‍ വനം റവന്യൂ വകുപ്പുകളും ചില ഭരണകക്ഷി അംഗങ്ങളും ശക്തമായി ശ്രമിച്ചിരുന്നു. സര്‍ക്കാരിന് പുറത്ത് ഇടതുപക്ഷ പ്രസ്ഥാനവും ഇതേ നിലപാട് കൈക്കൊണ്ടു രംഗത്തുവന്നു. ഈ സാഹചര്യത്തിലാണ് ഭൂമിയിലുള്ള അവകാശസ്ഥാപന സമരത്തിന്റെ ഭാഗമായി കണ്ണൂര്‍ ജില്ലയിലെ ആറളംഫാം, വയനാട്ടിലെ മുത്തങ്ങ തുടങ്ങിയ സ്ഥലങ്ങളില്‍ ഭൂസമരത്തിന് തുടക്കം കുറിക്കുന്ന ത്. 2003 ജനുവരി 3 ന് നൂറുകണക്കിന് ആദിവാസികള്‍ വനഭൂമിയിലുള്ള അവകാശം ഉന്നയിച്ച് മുത്തങ്ങ വനഭൂമിയില്‍ കുടില്‍കെട്ടി. മുത്തങ്ങവനഭൂമിയിലെ 28 ഓളം ആദിവാസി സങ്കേതങ്ങളില്‍ ഭരണഘടനയും, നിലവിലുള്ള നിയമങ്ങളും അനുശാസിക്കുന്ന ആദിവാസി ഗ്രാമസഭകളാണ് രൂപംകൊണ്ടത്. എന്നാല്‍ 2003 ഫെബ്രുവരി 19 ന് പരിസ്ഥിതി പുന:സ്ഥാപനവും ആദിവാസി സ്വയംഭരണവും സ്വപ്നംകണ്ട ആദിവാസികളുടെ കുടിലുകളും വനഭൂമിയും അഗ്നിക്കിരയാക്കി. ആദിവാസികള്‍ക്കെതിരെ വെടിയുതിര്‍ത്ത ഭരണകൂടം ഒരു ശത്രുരാജ്യത്തെ ആക്രമിച്ചു കീഴടക്കുന്ന രീതിയില്‍ അവരെ തുരത്തുകയും ”മുത്തങ്ങയെ മോചിപ്പിക്കുക”യും ചെയ്തു! പോലീസ് വെടിവെപ്പില്‍ ആദിവാസിയായ ജോഗി കൊലചെയ്യപ്പെട്ടു. ഒരു പോലീസുകാരന്‍ മരണമടഞ്ഞു. നിരവധി പേര്‍ വേട്ടയാടപ്പെട്ടു. 1000 ത്തോളം വരുന്ന ആദിവാസികളെ ജയിലിലടക്കുകയും, മൃഗീയമായ അതിക്രമത്തിനിരയാക്കുകയും ചെയ്ത ഭരണാധികാരികള്‍, ഒരു ദശകം കഴിഞ്ഞിട്ടും നൂറുകണക്കിന് ആദിവാസികളെ കുറ്റവാളികളായി മുദ്രകുത്തി വിചാരണ നടപടിക്ക് വിധേയരാക്കിക്കൊണ്ടിരിക്കുന്നു.
കീഴാളരുടെ പൊതുധാരയിലേക്കുള്ള പ്രവേശനത്തിനെതിരെ വെടിയുതിര്‍ത്ത ചരിത്ര മുഹൂര്‍ത്തമാണ് മുത്തങ്ങ. ജന്മിത്തബോധവും, പാശ്ചാത്യ മാനേജ്‌മെന്റ ് മന ശ്ശാസ്ത്രവും, മാഫിയാ താല്‍പര്യവും സമന്വയിപ്പിച്ച ഒരു മലയാളി അധികാര രാഷ്ട്രീയത്തിന്റെ
കടന്നാക്രമണമായിരുന്നു മുത്തങ്ങയില്‍ കണ്ടത്. ആദിവാസികള്‍, ദലിതര്‍ തുടങ്ങിയ പാര്‍ശ്വവല്‍ക്കരിക്കപ്പെട്ടവരെ കേള്‍ക്കാനുള്ള ജനാധിപത്യ സാധ്യതകളെ
നിരോധിക്കുമെന്നും, അവരുടെ പൊതുധാരാ പ്രവേശനത്തിനുള്ള വാതിലുകള്‍ കൊട്ടിയടക്കുമന്നും ഈ ആക്രമണത്തിലൂടെ ഭരണകൂടം ലോകത്തിന് സന്ദേശം നല്‍കി. ജന്മിയുടെ കുടികിടപ്പുകാരനായ കീഴാളനെ കുടിയിറക്കി വിടുമ്പോഴുള്ള മനുഷ്യാവകാശ പ്രതികരണത്തിനപ്പുറം കേരളത്തിലെ പൗരസമൂഹവും ഇടതുപക്ഷ മനസ്സും മുത്തങ്ങ സംഭവത്തിന് രാഷ്ട്രീയ പ്രാധാന്യം കല്പിച്ചതായി
കാണുന്നില്ല. ആദിവാസികള്‍ ഉയര്‍ത്തിയ ഭരണഘടനാ പ്രശ്‌നങ്ങളെ ഭരണകൂടത്തിന്റെ തീവ്രവാദ നടപടിയും അക്രമാസക്തമായ നടപടിയും വഴി നിശബ്ദമാക്കി;
ആദിവാസി ക്ഷേമപ്രവര്‍ത്തനങ്ങളില്‍നിന്നും സര്‍ക്കാര്‍ പിന്മാറി. ആദിവാസി ഭൂമി, സ്വയംഭരണം, വനാവകാശം എന്നീ കാര്യങ്ങളില്‍ പൊതു സമൂഹത്തിന്റെ നിഷ്‌ക്രിയത്വം
ലക്ഷ്യംവെച്ച ഭരണകൂട നടപടി വലിയൊരളവുവരെ വിജയിച്ചു. അതിപ്പോഴും തുടരുന്നു.
എങ്കിലും ആദിവാസകളുടെ അതിജീവനസമരങ്ങള്‍ അനുസ്യൂതം തുടരുകയാണ്. ചെങ്ങറ സമരം, അരിപ്പ സമരം, ആറളം സമരം എന്നിങ്ങനെ പൊതു സമൂഹവുമായി കേരളത്തിലെ പാര്‍ശ്വവല്‍ക്കരിക്കപ്പെട്ടവര്‍ സംവദിച്ചുകൊണ്ടിരിക്കുന്നു. മുത്തങ്ങാ സംഭവത്തിനു ശേഷം
കേരളത്തിലെ ആദിവാസി പുനരധിവാസ പ്രവര്‍ത്തനങ്ങള്‍ ഒരു ഘട്ടത്തില്‍ വേഗത കൈവരിക്കുകയുണ്ടായി. ആദിവാസികളെ പുനരധിവസിപ്പിക്കാന്‍ കേന്ദ്രത്തില്‍നിന്നും 19,600 ഏക്കര്‍ ഭൂമി ലഭിച്ചു; 7500 ഏക്കര്‍ വരുന്ന ആറളം ഫാം കേന്ദ്രം വിലയ്ക്ക് നല്‍കി; മുത്തങ്ങ സമരത്തിനുശേഷം ദേശീയതലത്തില്‍ വനാവകാശനിയമം നിലില്‍വന്നു. എന്നാല്‍ കേരള സര്‍ക്കാര്‍ പുതിയ സാധ്യതകളെ ബോധപൂര്‍വം തിരസ്‌കരിക്കുന്നു.
കേരളത്തിലെ ആദിവാസികള്‍ ഇന്ന് മൂന്ന് മേഖലയിലെ പ്രശ്‌നങ്ങള്‍ക്ക് ഉത്തരം കാണേണ്ടതുണ്ട്. അന്യാധീനപ്പെട്ട ഭൂമി തിരിച്ചു കിട്ടാനുള്ള നിയമപരമായ നടപടി; ഭൂരഹിതരെ പുനരധിവസിപ്പിക്കല്‍; വനാവകാശ നിയമമനുസരിച്ച് വനഭൂമിയിലുള്ള അവകാശം സ്ഥാപിക്കല്‍ എന്നിവയാണവ. ഈ വിഷയങ്ങളുമായി ബന്ധപ്പെട്ട കാര്യങ്ങളില്‍ ഭരണകൂടവുമായുള്ള ഒരു സംവാദമാണ് നില്‍പ്പു സമരത്തിന്റെ ലക്ഷ്യം.
2001ലെ കുടില്‍കെട്ടല്‍ സമരത്തിന്റെ പര്യവസാവസാത്തില്‍ ആദിവാസികള്‍ക്ക് ചില ഉറപ്പുകള്‍ നല്‍കിയതായി ഏവര്‍ക്കുമറിയാം. ഒരു ജനാധിപത്യ സമൂഹത്തില്‍ ഭരണാധി
കാരികള്‍ നല്‍കിയ ഉറപ്പുകള്‍, കരാറുകള്‍, ഉത്തരവുകള്‍, വിജ്ഞാപനങ്ങള്‍ എന്നിവ പാലിക്കാനുള്ളതാണ്. അത് പാലിക്കുന്നത് ജനാധിപത്യമര്യാദയാണ്. ഭരണം എല്ലാവര്‍ക്കും വേണ്ടിയാകണം. ആദിവാസികള്‍ ദുര്‍ബലരായതുകൊണ്ടു മാത്രം അവര്‍ക്കുവേണ്ടി സല്‍ഭരണം വേണ്ടെന്ന് കരുതുന്നത് സാമാന്യ നീതിക്ക് നിരക്കുന്നതല്ലെന്നു മാത്രമല്ല, കുറ്റകരവുമാണത്.
2001ലെ ആദിവാസി കരാറനുസരിച്ച് ചില വ്യവസ്ഥകളുണ്ടാക്കിയിരുന്നു. കേരളത്തിലെ മുഴുവന്‍ ഭൂരഹിതരെയും പുനരധിവസിപ്പിക്കും, പുനരധിവാസം ഒരു മിഷന്‍ മാതൃകയില്‍ നടപ്പാക്കും, ആദിവാസി ഭൂമി സംരക്ഷിക്കാന്‍ ഭരണഘടനയുടെ 5ാം പട്ടികയില്‍ ഉള്‍പ്പെടുത്തി പട്ടികവര്‍ഗ മേഖല പ്രഖ്യാപിക്കും; ഭൂരഹിതരെ പുനരധിവസിപ്പിക്കാന്‍ വനഭൂമി പതിച്ചു നല്‍കും; പട്ടിണി മരണം തടയാന്‍ തൊഴിലും വരുമാനവും ഉറപ്പാക്കും; അന്യാധീനപ്പെട്ട ഭൂനിയമവുമായി ബന്ധപ്പെട്ട സുപ്രീം കോടതിവിധി മാനിക്കും; ഒരു ദൗത്യസംഘം (മിഷന്‍ മാതൃകയില്‍) നടപ്പാക്കുന്ന പുനരധിവാസ പദ്ധതിയില്‍ ആദിവാസികളെ പങ്കാളികളാക്കും തുടങ്ങിയ വ്യവസ്ഥകള്‍ അംഗീകരിച്ചിരുന്നു. എന്നാല്‍ ഇപ്പോള്‍ പുരധിവാസം അവസാനിപ്പിച്ച മട്ടാണ്; പുനരധിവാസത്തിന് വേണ്ടി ഏറ്റെടുത്ത ഏഷ്യയിലെ ബൃഹത്പദ്ധതിയായ ആറളം ഫാമില്‍ സ്വകാര്യ മുതലാളിമാരുടെ പൈനാപ്പിള്‍ കൃഷി വ്യാപിപ്പിച്ചിരിക്കയാണ്. ഭൂരഹിതരെ പുനരധിവസിപ്പിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ നല്‍കിയ വനഭൂമിയില്‍ (പൂക്കോട്ട് വനഭൂമിയില്‍) വനനിയമങ്ങള്‍ ലംഘിച്ച് വെറ്റിനറി യൂണിവേഴ്‌സിറ്റിയുടെ നിര്‍മാണ പ്രവര്‍ത്തനം നടക്കുന്നു; വംശഹത്യയെ നേരിടുന്ന അട്ടപ്പാടിയില്‍ ശിശുമരണം തുടര്‍ക്കഥയാകുന്നു; മുത്തങ്ങയിലെ ആദിവാസികള്‍ നീതിക്കുവേണ്ടി കോടതികള്‍ കയറുന്നു. കരാറിലെ കക്ഷിയായ ആദിവാസികള്‍ നില്‍പ്പുസമരവും ആവലാതികളുമായി ഭരണസിരാ കേന്ദ്രങ്ങള്‍ക്കു മുന്നില്‍ കാത്തു നില്‍ക്കേണ്ടിവരുന്നു. 2014 ജൂലൈ 9ന് സെക്രട്ടറിയറ്റ് പടിക്കല്‍ ആരംഭിച്ച നില്‍പ്പ് സമരത്തിലൂടെ പൊതു സമൂഹവുമായി ഒരു സംവാദത്തിന് വേണ്ടിയാണ് ആദിവാസികള്‍ വീണ്ടും എത്തിയിരിക്കുന്നത്. അവഗണിക്കപ്പെടുന്ന നിരവധി പേര്‍ സെക്രട്ടറിയേറ്റ്
പടിക്കലുണ്ട്. ഹൈടെക് സമരങ്ങള്‍ക്ക് അനുമതി നല്കുന്ന ഭരണാധികാരികള്‍ പാവപ്പെട്ടവരുടെ സമരങ്ങളെ രു ക്രമിനല്‍ കുറ്റമായാണ് കണ്ടുവരുന്നത്; മാര്‍ഗതടസ്സം സൃഷ്ടിക്കുന്നതിന്റെ പേരില്‍ തടയാറുമുണ്ട്. സഹനസമരപരമ്പരകളുടെ ചരിത്രത്തില്‍ ഇടംനേടിക്കൊണ്ട് നില്‍പ്പുസമരം സെക്രട്ടറിയറ്റ് പടിക്കല്‍ സമരവേദി എന്ന ആവശ്യം കൂടി ഉന്നയിക്കുകയാണ്. പൊതുസമൂഹവുമായി സംവാദം നടത്താനുള്ള ഈ ചങ്ങലയില്‍ ആര്‍ക്കും കണ്ണിചേരാം. തെരുവുകളുടെ എല്ലാ കോണുകളിലും മനുഷ്യരും വ്യവസ്ഥകളുമായി സംവാദം ആഗ്രഹിക്കുന്നവര്‍ക്ക് കണ്ണിചേരാം. ദശകങ്ങളായി ആദിവാസികള്‍ തുടരുന്ന ഹനസമരത്തില്‍ പങ്കാളികളാകാം.
ആദിവാസി ഊര്ഭൂമി സംരക്ഷിക്കാന്‍ പട്ടികവര്‍ഗ്ഗ മേഖല പ്രഖ്യാപിക്കുക, വംശഹത്യയില്‍ നിന്നും രക്ഷിക്കാന്‍ ഭൂമിയും സംസ്‌ക്കാരം സംരക്ഷിക്കുക, ശിശുമരണവും പട്ടിണിമരണവും തുടരുന്ന അട്ടപ്പാടിയില്‍ കാര്‍ഷികപദ്ധതിയും ആദിവാസിഗ്രാമസഭാനിയമവും നടപ്പാക്കുക, വനാവകാശനിയമം നടപ്പാക്കുക വനവാസികളുടെ ഭൂമിയും സംസ്‌ക്കാരവും സംരക്ഷിക്കാന്‍ ഗ്രാമസഭകളെ പ്രവര്‍ത്തനക്ഷമമാക്കുക. പണിയ അടിയ മുതുവാന്‍ മന്നാന്‍ മലമ്പണ്ടാരം തുടങ്ങിയ ആദിവാസികളുടെ ഭൂമി, സംസ്‌കാരം എന്നിവ സംരക്ഷിക്കാന്‍ പ്രത്യേക പാക്കേജ് നടപ്പാക്കുക, കുണ്ടള മറയൂര്‍ ചിന്നക്കനാല്‍ ആറളംഫാം അട്ടപ്പാടി തുടങ്ങിയ ഭൂമിയിലെ കയ്യേറ്റങ്ങളും വിഭവകൊളളയും അവസാനിപ്പിക്കുക, അന്യാധീനപ്പെട്ട ഭൂമി തിരിച്ചെടുക്കുക, ആറളം ഫാമിലെ വിഷമാലിന്യ പൈനാപ്പിള്‍ കൃഷി അവസാനിപ്പിക്കുക ആറളം കമ്പനി പിരിച്ച് വിട്ട് ആദിവാസികള്‍ക്ക് ഭൂമി നല്‍കുക. കേന്ദ്രസര്‍ക്കാര്‍ അനുമതി നല്‍കിയ വനഭൂമി പതിച്ചു നല്‍കുക; വനഭൂമിയില്‍ പണിയുന്ന വെറ്റിനറി യൂണിവേഴ്‌സിറ്റി മാറ്റി സ്ഥാപിക്കുക, 2001ലെ ആദിവാസി കരാര്‍ നടപ്പാക്കുക, മാവോവാദിവേട്ടയുടെ പേരില്‍ ആദിവാസിമേഖലയില്‍ നടപ്പാക്കുന്ന പോലീസ് രാജ് അവസാനിപ്പിക്കുക പട്ടികവര്‍ഗ്ഗ വകുപ്പിനെ ശക്തപ്പെടുത്തുക. മുത്തങ്ങയില്‍ നിന്നും കുടിയിറക്കപ്പെട്ടവര്‍ക്ക് നഷ്ടപരിഹാരവും പുനരധിവാസവും ഉറപ്പാക്കുക. വേടന്‍ ഗോത്രത്തിന് പട്ടികവര്‍ഗ്ഗപദവി ല്‍കുക പുനരധിവാസ പാക്കേജ് നടപ്പാക്കുക തുടങ്ങിയവയാണ് ഈ സമരത്തിന്റെ മുഖ്യ ആവശ്യങ്ങള്‍.
സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പന്ത്രണ്ടാം വര്‍ഷത്തേക്ക് കടക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2024 - 25 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.
The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in