സവര്‍ണ്ണഫാസിസം : കാഴ്ചക്കാരായി ‘പ്രബുദ്ധ’ കേരളം
ഹരികുമാര്‍ ഒരു വശത്ത് തങ്ങളുടെ ലക്ഷ്യം സംശയാതീതമായി സവര്‍ണ്ണഫാസിസ്റ്റുകള്‍ വിളിച്ചു പറയുന്നു. മറുവശത്ത് അവര്‍ക്കെതിരെ ശക്തമായ നിലപാടുകളോടെ ഇരകള്‍ ഉയര്‍ത്തെഴുന്നേല്‍ക്കുന്നു. ജനാധിപത്യവാദികള്‍ അവരോട് ഐക്യപ്പെടുന്നു. ലോകം മുഴുവന്‍ ഈ ജീവന്മരണ പോരാട്ടത്തെ ശ്രദ്ധിക്കുന്നു.. എന്നാല്‍ നിര്‍ഭാഗ്യമെന്നു പറയട്ടെ പ്രബുദ്ധരെന്ന് സ്വയം അഹങ്കരിക്കുന്ന മലയാളികള്‍ സൗകര്യപൂര്‍വ്വം തങ്ങളുടെ തല പ്രത്യയശാസ്ത്രങ്ങളിലും പ്രസ്ഥാനങ്ങളിലും പൂഴ്ത്തി ഒളിക്കുന്നു. അടിയന്തരാവസ്ഥകാലത്തെ അതേ കാപട്യം കേരളം ആവര്‍ത്തിക്കുന്നു. മുസ്ലിം ജനവിഭാഗങ്ങള്‍ക്കെതിരായ വ്യാപകമായ അക്രമങ്ങള്‍, ഭക്ഷണത്തിന്റെ പേരില്‍ പോലും കൊല, സംവരണം തകര്‍ക്കാനുള്ള നീക്കങ്ങള്‍, സര്‍വ്വകലാശാലകളും […]
ഒരു വശത്ത് തങ്ങളുടെ ലക്ഷ്യം സംശയാതീതമായി സവര്‍ണ്ണഫാസിസ്റ്റുകള്‍ വിളിച്ചു പറയുന്നു. മറുവശത്ത് അവര്‍ക്കെതിരെ ശക്തമായ നിലപാടുകളോടെ ഇരകള്‍ ഉയര്‍ത്തെഴുന്നേല്‍ക്കുന്നു. ജനാധിപത്യവാദികള്‍ അവരോട് ഐക്യപ്പെടുന്നു. ലോകം മുഴുവന്‍ ഈ ജീവന്മരണ പോരാട്ടത്തെ ശ്രദ്ധിക്കുന്നു.. എന്നാല്‍ നിര്‍ഭാഗ്യമെന്നു പറയട്ടെ പ്രബുദ്ധരെന്ന് സ്വയം അഹങ്കരിക്കുന്ന മലയാളികള്‍ സൗകര്യപൂര്‍വ്വം തങ്ങളുടെ തല പ്രത്യയശാസ്ത്രങ്ങളിലും പ്രസ്ഥാനങ്ങളിലും പൂഴ്ത്തി ഒളിക്കുന്നു. അടിയന്തരാവസ്ഥകാലത്തെ അതേ കാപട്യം കേരളം ആവര്‍ത്തിക്കുന്നു.
മുസ്ലിം ജനവിഭാഗങ്ങള്‍ക്കെതിരായ വ്യാപകമായ അക്രമങ്ങള്‍, ഭക്ഷണത്തിന്റെ പേരില്‍ പോലും കൊല, സംവരണം തകര്‍ക്കാനുള്ള നീക്കങ്ങള്‍, സര്‍വ്വകലാശാലകളും ചരിത്രസ്ഥാപനങ്ങളും സാംസ്‌കാരിക കേന്ദ്രങ്ങളും പിടിച്ചടക്കാനുള്ള ശ്രമങ്ങള്‍, ചരിത്രത്തെ മാറ്റിയെഴുതല്‍, സ്വതന്ത്രചിന്തകരുടെ കൊലപാതകങ്ങള്‍, ഭീ,ണികള്‍, രോഹിതിന്റെ മരണം, കനയ്യയുടെ അറസ്റ്റ് തുടങ്ങി സമീപകാലത്തു നടന്ന ഫാസിസ്റ്റ് കടന്നാക്രമങ്ങള്‍ക്കെതിരെ കാര്യമായ എന്തു പ്രതിരോധമാണ് കേരളത്തിലുണ്ടായത്? അവിടെയവിടെയുണ്ടായ ചില സെമിനാറുകളും സമ്മേളനങ്ങളുമല്ലാതെ…? നമ്മുടെ കലാലയങ്ങളും സര്‍വ്വകലാശാലകളും പോലും നിശബ്ദമാണ്.
എന്തുകൊണ്ടിങ്ങനെ? ഉത്തരം വളരെ വ്യക്തമാണ്. സവര്‍ണ്ണഫാസിസത്തിന്റെ യഥാര്‍ത്ഥസ്വഭാവം കേരളത്തിലെ രാഷ്ട്രീയനേതാക്കളും സാമൂഹ്യ – സാംസ്‌കാരിക പ്രവര്‍ത്തകരും എഴുത്തുകാരും തിരിച്ചറിയുന്നില്ല. തിരിച്ചറിയുന്നവര്‍ പോലും അതിനെതിരെ സംസാരിക്കുന്നില്ല. അതിനുള്ള പ്രധാന കാരണം അതു തങ്ങള്‍ കൊണ്ടുനടക്കുന്ന ‘അന്ധ’വിശ്വാസങ്ങളെ പ്രതികൂലമായി ബാധിക്കുമെന്നതുതന്നെ. അതിനാല്‍ പൊതുവായി ചില കാര്യങ്ങള്‍ പറഞ്ഞ്, എന്തെങ്കിലും ചടങ്ങുകള്‍ നടത്തി മുഖം രക്ഷിക്കുകയാണവര്‍ ചെയ്യുന്നത്.
ഇന്ത്യയില്‍ ശക്തമാകുന്ന ഫാസിസത്തിന് ഏറ്റവും അനുയോജ്യം സവര്‍ണ്ണ ഫാസിസം എന്ന പേരാണ്. ഹിറ്റലര്‍ മുതല്‍ ഇന്ദിരാഗാന്ധി വരെയുള്ളവരുടെ ഫാസിസത്തില്‍ നിന്ന് അതെത്രയോ വ്യത്യസ്ഥമാണ്. സാധാരണഗതിയില്‍ ഉപയോഗിക്കപ്പെടുന്ന മതഫാസിസം, വര്‍ഗ്ഗീയ ഫാസിസം എന്നീ പദങ്ങളിലും ഇവിടത്തെ ഫാസിസത്തെ നിര്‍വ്വചിക്കാനാവില്ല. സൂക്ഷ്മമായി പരിശോധിച്ചാല്‍ മനുസ്മൃതി തന്നെയാണ് ഇവരുടെ അടിസ്ഥാനവഴികാട്ടി. ദളിതരും സത്രീകളുമൊന്നും അവിടെ സ്വതന്ത്ര്യത്തിനര്‍ഹരല്ല. അത്തരമൊരു ഹിന്ദുരാഷ്ട്രമാണ് ഇവരുടെ ലക്ഷ്യം. അതിനായി ഒരു കാലത്തും തങ്ങളുടെ ഭാഗമായി അംഗീകരിക്കാത്തവരെപോലും കീഴില്‍ കൊണ്ടുവരിക എന്ന ലക്ഷ്യത്തോടെയാണ് മുസ്ലിം എന്ന ശത്രുവിനെ ഇക്കൂട്ടര്‍ കണ്ടെത്തിയിരിക്കുന്നത്. അത്തരമൊരു ശത്രുവിനെ മുന്‍നിര്‍ത്തി ധ്രുവീകരണം സൃഷ്ടിച്ച് അധികാരത്തിലെത്തുക എന്നതു തന്നെയാണ് തന്ത്രം. നഷ്ടപ്പെട്ടുകൊണ്ടിരിക്കുന്നു എന്നു തോന്നിയ സവര്‍ണ്ണ രാഷ്ട്രീയാധികാരം തിരിച്ചുപിടുക്കുക തന്നെയാണ് ലക്ഷ്യം.
ആഗോളാടിസ്ഥാനത്തിലുള്ള താലിബാന്‍ – ഐ എസ് സംഘടനകളേയും ഇനിയും സംഘര്‍ഷഭരിതമായ ഇന്ത്യ – പാക് ബന്ധത്തേയും ചൂണ്ടികാട്ടി മുസ്ലിം ജനങ്ങളെ ഒന്നടങ്കം രാജ്യദ്രോഹികളും ഭീകരന്മാരുമായി ചിത്രീകരിക്കുക എന്ന വൈകാരികമായ സമീപനമാണ് സമീപകാലത്ത് ഇവര്‍ ശക്തമാക്കിയിരിക്കുന്നത്. ഏതൊരു മുസ്ലിമിനും എപ്പോഴും താനൊരു രാജ്യസ്‌നേഹിയാണെന്ന് തെളിയിച്ചുകൊണ്ടേയിരിക്കേണ്ടിവരുന്ന അവസ്ഥ. മുസ്ലിം ലീഗ് പോലും വര്‍്ഗഗീയ സംഘടനയാകുന്നു. ഈ പ്രചരണം വന്‍തോതില്‍ വിജയിക്കുന്നു എന്നു തന്നെ കരുതാം. കാരണം ഫാസിസത്തെ എതിര്‍ക്കുന്നു എന്നവകാശപ്പെടുന്നവര്‍ പോലും ഈ പ്രചരണം വിഴുങ്ങുന്ന അവസ്ഥയിലാണ്. സംഘപരിവാറിനേക്കാ്ള്‍ ശക്തമായാണ് നമ്മുടെ പല മതേതരവാദികളും യുക്തിവാദികളും മുസ്ലിമുകളെ അക്രമിക്കുന്നത്. ഇരുവിഭാഗങ്ങളും ഒരുപോലെ എന്നു സമീകരിച്ച് ഫലത്തില്‍ സംഘപരിവാറിന് അനുകൂലമായ നിലപാട് സ്വീകരിക്കുന്നത്.
ഇന്ത്യന്‍ ഫാസിസത്തിന്റെ സവിശേഷമായ ഈ സ്വഭാവത്തെ പ്രതിരോധിക്കാന്‍ സാധാരണരീതിയില്‍ ജനാധിപത്യവും മതേതരത്വവും സോഷ്യലിസവും മറ്റും പറഞ്ഞതുകൊണ്ട് കാര്യമില്ല. കൃത്യമായ പക്ഷം തന്നെയാണ് അവിടെ വേണ്ടത്. ഫാസിസത്തിന്റെ മുഖ്യഇരകളായ മുസ്ലിമുകളുടേയും ദളിതരുടേയും ആദിവാസികളുടേയും സ്ത്രീകളുടേയും മറ്റു ലിംഗവിഭാഗങ്ങളുടേയും മറ്റും നേതൃത്വത്തിലുള്ള വിശാലമായ രാഷ്ട്രീയമുന്നേറ്റത്തിനേ അതിനു കഴിയൂ. അത്തരമൊരു മുന്നേറ്റത്തിന്റെ ഊര്‍ജ്ജം അംബേദ്കറല്ലാതെ മറ്റാരുമല്ല. ഗാന്ധിക്കോ മാര്‍ക്‌സിനോ നെഹ്‌റുവിനോ നാരായണഗുരുവിനു പോലുമോ അതിനു കഴിയുമെന്ന് കരുതാനാകില്ല. കാരണം ഇവരൊന്നും നൂറ്റാണ്ടുകളായി അടിമകളായവരുടെ രാഷ്ട്രീയാധികാരത്തെ കുറിച്ചല്ല സംസാരിച്ചത് എന്നതുതന്നെ. ഈ യാഥാര്‍ത്ഥ്യം ഇന്ത്യയിലെ വലിയൊരു വിഭാഗം തിരിച്ചറിഞ്ഞു കഴിഞ്ഞിരിക്കുന്നു. പല സംസ്ഥാനങ്ങളിലും ഇത്തരം രാഷ്ട്രീയമുന്നണി സംഘപരിവാറിന് വെല്ലുവിളിയുയര്‍ത്തുന്നു. പുതിയ തലമുറയും അംബേദ്കറെ തിരിച്ചുപിടിക്കുന്നു. രോഹിതിന്റെ ഹൈദരാബാദ് സര്‍വ്വകലാശാലയും മറ്റും ഇതു നേരത്തെ തിരിച്ചറിഞ്ഞിരുന്നെങ്കില്‍ ജെഎന്‍യുവും ഇപ്പോഴതു മനസ്സിലാക്കുന്നു. കനയ്യ മാര്‍ക്‌സിനേക്കാള്‍ കൂടുതല്‍ അംബേദ്കറെ കുറിച്ച് സംസാരിക്കുന്നതിനു കാരണം മറ്റൊന്നല്ല.
ഇത്തരമൊരു യാഥാര്‍ത്ഥ്യമാണ് കേരളം ഇനിയും തിരിച്ചറിയാത്തത്. നമ്മുടെ പ്രധാനപ്പെട്ട രണ്ടുപാര്‍ട്ടികളായ സിപിഎമ്മിനും കോണ്‍ഗ്രസ്സിനും അവരോടൊട്ടി നില്‍ക്കുന്ന ജനവിഭാഗങ്ങളും ഇക്കാര്യം മനസ്സിലാക്കുന്നതേയില്ല. അക്രമം നടത്തുകയും വര്‍ഗ്ഗിയത പ്രചരിപ്പിക്കുകയും ചെയ്യുന്ന ഒരു പാര്‍ട്ടി മാത്രമാണവര്‍ക്ക് ബിജെപി. അതിനപ്പുറം സംഘപരിവാറിന്റെ പ്രത്യശാസ്ത്രത്തെ സ്പര്‍ശിക്കാന്‍ ഇവര്‍ക്കാകുന്നില്ല. ഇരു മുന്നണി രാഷ്ട്രീയവും ശക്തമായ കേരളത്തില്‍ പെട്ടന്നൊന്നും അധികാരത്തിലെത്താന്‍ ബിജെപിക്കാവില്ല എന്നുമവര്‍ കരുതുന്നു. സിപിഎമ്മാകട്ടെ ഒരു പടി കൂടി മുന്നോട്ടുപോയി കണ്ണൂര്‍ മോഡലിലൂടെ അവരെ തളര്‍ത്താമെന്നും കരുതുന്നു. സത്യത്തില്‍ ഇവരുടെ നേതാക്കളായ സീതാറാം യെച്ചൂരിയും രാഹുല്‍ ഗാന്ധിയും പോലും മനസ്സിലാക്കുന്ന കാര്യങ്ങള്‍ പോലും ഇവര്‍ ഉള്‍ക്കൊള്ളുന്നില്ല. അതിനാല്‍ തന്നെ അംബേദ്കര്‍ വിഭാവനം ചെയ്യുകയ.ും രാജ്യത്ത് പലയിടത്തും ശക്തമാകുകയും ചെയ്ത ബഹുജന്‍ രാഷ്ട്രീയം കേരളത്തിലേക്ക് കടന്നു വരാത്തത്. അതിനെ തടയുന്നതില്‍ ഇരു കൂട്ടരും ഐക്യപ്പെടുകയാണെന്നു വേണം കരുതാന്‍. ഇപ്പോഴത്തെ സംഭവവികാസങ്ങളുമായി ബന്ധപ്പെട്ട് കേരളത്തില്‍ കാര്യമായ അനക്കമുണ്ടാകാത്തതിനു കാരണവും മറ്റൊന്നല്ല. കക്ഷിരാഷ്ട്രീയത്തിന്റെ പേരിലുണ്ടാകുന്ന ചെറിയൊരു കയ്യാങ്കളിയുടെ പേരില്‍ പോലും ജനജീവിതം സ്തംഭിപ്പിക്കുന്നവരുടെ നാടായിട്ടുകൂടി… കനയ്യ തങ്ങളുടെ പാര്‍ട്ടിക്കാരനായതിനാല്‍ മാത്രം സിപിഐക്കാര്‍ അല്‍പ്പം രംഗത്തുണ്ട്. എന്നാല്‍ മാര്‍ക്‌സ് – അംബേദ്കര്‍ ഐക്യമെന്ന കനയ്യ പറയുന്ന മിനിമം രാഷ്ട്രീയം പോലും അവരും പറയുന്നില്ല. തെരഞ്ഞെടുപ്പു പ്രചരണത്തിനു കനയ്യയെ കൊണ്ടുവരുന്നതാണ് പ്രധാന ചര്‍ച്ച.
ഇനി കക്ഷിരാഷ്ട്രീയത്തിനപ്പുറം നില്‍ക്കുന്നു എന്നവകാശപ്പെടുന്ന കേരളത്തിലെ എഴുത്തുകാരും സാംസ്‌കാരികപ്രവര്‍ത്തകരുമടങ്ങുന്ന ബുദ്ധിജീവി വിഭാഗങ്ങളുടെ നിലപാടോ? അഴകൊഴമ്പന്‍ മട്ടില്‍ പൊതുവായ ചില കാര്യങ്ങള്‍ പറയുക എന്നതല്ലാതെ സവര്‍ണ്ണഫാസിസത്തിന്റെ കടക്കല്‍ കത്തിവെക്കാന്‍ അവരില്‍ ബഹുഭൂരിഭാഗവും തയ്യാറല്ല. അല്ലെങ്കില്‍ എം മുകുന്ദന്‍ പറയുന്ന പോലെ അവര്‍ക്കതിനുള്ള ധൈര്യമില്ല. സവര്‍ണ്ണ ഫാസിസം, എന്താണ് തങ്ങളെന്നു സ്വയം വ്യക്തമാക്കി പത്തി വിടര്‍ത്തി ചീറ്റുമ്പോഴും ഫാസിസത്തെ കുറിച്ചുള്ള പൊതുവായ ചില കാര്യങ്ങളും എല്ലാ മതങ്ങളും മതവിശ്വാസങ്ങളും അപകടകരമാണെന്നും ഒഴുക്കന്‍ മട്ടില്‍ പ്രസംഗിക്കുകയാണവര്‍. ബീഫിനെ പറ്റി പറയുമ്പോള്‍ കയ്യോടെ പന്നി, ആര്‍എസ്എസിനെ പറ്റി പറയുമ്പോള്‍ ഐസ്, സംഘപരിവാറിനെ പറ്റി പറയുമ്പോള്‍ ഇസ്ലാമിക പരിവാര്‍, കല്‍ഡബുര്‍ഗ്ഗിയെ പറ്റി പറയുമ്പോള്‍ തസ്ലീമ നസ്രീന്‍ എന്നിങ്ങനെ ഓരോനിമിഷവും ‘ബാലന്‍സ്’ ചെയ്യുന്ന കാര്യത്തില്‍ അവര്‍ ബദ്ധശ്രദ്ധാലുക്കളാണ്. മുസ്ലിംപേരു കേള്‍ക്കുമ്പോഴേക്കും ഇവരും സമീകരിക്കുന്നത് ഐസും കൈവെട്ടുകാരുമായാണ്. മദനി മുതല്‍ ഉമര്‍ ഖാലിദ് വരെയുള്ളവരുടെ മനുഷ്യാവകാശങ്ങള്‍ ഇവരുടെ അജണ്ടയില്‍ കാണില്ല. യു എ പി എയെ കുറിച്ച് ഇവര്‍ മിണ്ടുന്നില്ല. ഇന്ത്യയില്‍ ന്യൂനപക്ഷവര്‍ഗ്ഗീയവാദികള്‍ക്ക് വേണമെങ്കില്‍ കുറെ പ്രശ്‌നങ്ങള്‍ സൃഷ്ടിക്കാന്‍ കഴിയും, എന്നാല്‍ മതരാഷ്ട്രം സ്ഥാപിക്കാനാവില്ല എന്നു പറയുന്ന സച്ചിദാനന്ദന്‍ മുതല്‍ കെ ഇ എന്‍, പി സുരേന്ദ്രന്‍, കെ പി രാമനുണ്ണി, ഗ്രോ വാസു, കെ പി ശശി തുടങ്ങിയവരൊക്കെ മുസ്ലിം തീവ്രവാദികളുടെ പേ റോള്‍ ലിസ്റ്റില്‍ പെടുന്നവരാണെന്നു അടുത്തയിടെ ഒരു മതേതരവാദി പറഞ്ഞതു കേട്ടിരുന്നു. ഇനി ഇവരെയൊക്കെ രാജ്യദ്രോഹികളും പാക് ചാരന്മാരുമാക്കും. അതല്ലേ സംഘപരിവാറിനും ആവശ്യം? ഈ ബുദ്ധിജീവികള്‍ സംഘപരിവാര്‍ പേ റോളില്‍ പെട്ടവരാണെന്നാരോപിച്ചാല്‍ അവരെ കുറ്റപ്പെടുത്താന്‍ കഴിയുമോ? തര്‍ക്കമന്ദിരം എന്നതു വെട്ടി ബാബറി മസ്ജിദ് എന്നാണ് എന്‍ എസ് മാധവന്‍ തിരുത്തിയതെങ്കില്‍ ഇവരതിനെ വീണ്ടും തിരുത്തുകയാണ്.
ദളിതുകളോടും സ്ത്രീകളോടും കുറെകൂടി പോസറ്റീവ് ആയ സമീപനമാണ് ഇക്കൂട്ടര്‍ സ്വീകരിക്കുന്നതെങ്കിലും അപ്പോഴും ഒരു രക്ഷാകര്‍ത്താവ് മനോഭാവമാണ് കേരളത്തിലെ സാംസ്‌കാരിക ലോകത്തെ പൊതുവില്‍ നയിക്കുന്നത്. അവരില്‍ മിക്കവരുമാകട്ടെ സിപിഎമ്മിന്റെ വണ്ടിയില്‍ കേറിപറ്റാന്‍ ശ്രമിക്കുന്നവരുമാണ്. അതാണല്ലോ രോഹിതിനേയും കനയ്യയേയും കുറിച്ചു പറയുമ്പോഴും ചിത്രലേഖയെ കുറിച്ച് ഇവര്‍ അജ്ഞരായിരിക്കുന്നത്.
കേരളത്തിന്റെ മുന്‍കാല അനുഭവങ്ങള്‍ നോക്കിയാല്‍ ഇതിലല്‍ഭുതമൊന്നുമില്ല. കഴിഞ്ഞ നൂറ്റാണ്ടിലെ ആദ്യകാല നവോത്ഥാന മുന്നേറ്റങ്ങള്‍ക്കുശേഷം അത്തരമൊരു ചരിത്രവും നമുക്കില്ലല്ലോ. സ്വതന്ത്ര്യ ഇന്ത്യ കണ്ട രണ്ടു വന്‍ മുന്നേറ്റങ്ങളിലും കേരളം നിശബ്ദമായിരുന്നു. അടിയന്തരാവസ്ഥക്കെതിരായ മുന്നേറ്റങ്ങളും മണ്ഡല്‍ കമ്മീഷനുമായി ബന്ധപ്പെട്ടുണ്ടായ രാഷ്ട്രീയ മാറ്റങ്ങളുമാണ് ഉദ്ദേശിച്ചത്. അതുതന്നെ ഇപ്പോഴും ആവര്‍ത്തിക്കുന്നു എന്നു തന്നെ കരുതാം. സവര്‍ണ്ണഫാസിസത്തിനെതിരെ മറ്റു ഭാഗങ്ങളില്‍ നടക്കുന്ന മുന്നേറ്റങ്ങള്‍ക്ക് കാഴ്ചക്കാരായി ആരെങ്കിലും വേണ്ടേ?
സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പന്ത്രണ്ടാം വര്‍ഷത്തേക്ക് കടക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2024 - 25 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.
The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in
K M Venugopalan
March 8, 2016 at 7:25 am
https://www.facebook.com/photo.php?fbid=10207627350855565&set=a.1738244969671.98898.1045045402&type=3