സബാഷ് ബല്‍റാം…. പക്ഷെ…
പ്രിയ വി ടി ബല്‍റാം കേരളത്തിലെ ചെറുപ്പക്കാരായ രാഷ്ട്രീയ നേതാക്കളില്‍ പ്രതീക്ഷ നല്‍കുന്ന ഒരാളാണ് താങ്കള്‍. പരിസ്ഥിതി, സാമുദായികത, വികസനം തുടങ്ങിയ പല വിഷയങ്ങളിലും പാര്‍ട്ടി നേതൃത്വത്തിന്റെ തീരുമാനങ്ങളെ മറികടന്ന് സ്വന്തം നിലപാട് വ്യക്തമാക്കാന്‍ താങ്കള്‍ മടിക്കാറില്ല. യുവത്വത്തിന്റെ മനസ്സറിയുന്ന താങ്കള്‍ സോഷ്യല്‍ മീഡിയ രാഷ്ട്രീയ പ്രവര്‍ത്തനത്തിനു ഭംഗിയായി ഉപയോഗിക്കുന്നു. അതെല്ലാം വളരെ നന്ന്്. ‘ഹിന്ദു എം എല്‍ എ’എന്ന വിശേഷണത്തില്‍ അറിയപ്പെടാന്‍ ആഗ്രഹിക്കുന്നില്ല എന്ന് ദേവസ്വം ബോര്‍ഡ് തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് താങ്കള്‍ പറഞ്ഞതായി വാര്‍ത്തകള്‍ വന്നതിനുശേഷം […]
പ്രിയ വി ടി ബല്‍റാം
കേരളത്തിലെ ചെറുപ്പക്കാരായ രാഷ്ട്രീയ നേതാക്കളില്‍ പ്രതീക്ഷ നല്‍കുന്ന ഒരാളാണ് താങ്കള്‍. പരിസ്ഥിതി, സാമുദായികത, വികസനം തുടങ്ങിയ പല വിഷയങ്ങളിലും പാര്‍ട്ടി നേതൃത്വത്തിന്റെ തീരുമാനങ്ങളെ മറികടന്ന് സ്വന്തം നിലപാട് വ്യക്തമാക്കാന്‍ താങ്കള്‍ മടിക്കാറില്ല. യുവത്വത്തിന്റെ മനസ്സറിയുന്ന താങ്കള്‍ സോഷ്യല്‍ മീഡിയ രാഷ്ട്രീയ പ്രവര്‍ത്തനത്തിനു ഭംഗിയായി ഉപയോഗിക്കുന്നു. അതെല്ലാം വളരെ നന്ന്്.
‘ഹിന്ദു എം എല്‍ എ’എന്ന വിശേഷണത്തില്‍ അറിയപ്പെടാന്‍ ആഗ്രഹിക്കുന്നില്ല എന്ന് ദേവസ്വം ബോര്‍ഡ് തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് താങ്കള്‍ പറഞ്ഞതായി വാര്‍ത്തകള്‍ വന്നതിനുശേഷം സംഘപരിവാര്‍ ആഭിമുഖ്യമുള്ള ഹിന്ദുത്വവാദികള്‍ സൈബര്‍ ലോകത്ത് അതിരൂക്ഷമായ അസഭ്യവര്‍ഷങ്ങള്‍ ചൊരിയുകയുണ്ടായല്ലോ. അതിനെതിരെ താങ്കള്‍ ശക്തമായ ഭാഷയില്‍ രംഗത്തുവന്നത് നന്നായി. ആര്‍ഷ ഭാരത സംസ്‌ക്കാരത്തിന്റെ കാവലാളുകളായി നടിക്കുന്നവരുടെ യഥാര്‍ത്ഥ സംസ്‌ക്കാരം എന്തെന്ന് ഒറ്റനോട്ടത്തില്‍ത്തന്നെ വെളിപ്പെടുത്തുന്ന തരത്തിലുള്ള ഭാഷാപ്രയോഗങ്ങളാണ് അവയില്‍ ബഹുഭൂരിപക്ഷവുമെന്നും പേരിനോടൊപ്പം സവര്‍ണ്ണ ജാതിപ്പേരുകള്‍ കൂടി ചേര്‍ക്കുന്നവരാണ് ഇത്തരം കമന്റുകളിടുന്നവരില്‍ വലിയൊരു ശതമാനമെന്നും താങ്കള്‍ തിരിച്ചറിഞ്ഞതും നന്നായി. വിശ്വാസമെന്നത് സ്വകാര്യതയുടെ ഭാഗമാമെന്നും താങ്കള്‍ പറയുന്നു. തുടര്‍ന്ന് ഹിന്ദുത്വവാദികള്‍ക്കുംമറ്റു മതമൗലികവാദികള്‍ക്കുമെതിരെ താങ്കള്‍ ഇങ്ങനെ പറയുന്നു.
ഈ നാടിന്റെ സംസ്‌ക്കാരമാണ് ‘ഹിന്ദു സംസ്‌ക്കാരം’എന്നതുകൊണ്ടുദ്ദേശിക്കുന്നതെങ്കില്‍ അതില്‍ ഞാനങ്ങേയറ്റം അഭിമാനിക്കുന്നു. എന്നാല്‍ അത് ഇന്ന് സംഘപരിവാര്‍ ഉയര്‍ത്തുന്ന ‘ഹിന്ദുത്വ’ത്തില്‍ നിന്ന് എത്രയോ വ്യത്യസ്തമാണ്. നമ്മുടെ യഥാര്‍ത്ഥ സംസ്‌ക്കാരത്തിന്റെ ഏറ്റവും വലിയ നന്മയായി കാണേണ്ടത് എല്ലാത്തരം അഭിപ്രായങ്ങളോടുമുള്ള സഹിഷ്ണുതയും അവയെ ഉള്‍ക്കൊള്ളുന്നതിനുള്ള കഴിവുമാണ്. ചാര്‍വാകരുടെ ദൈവ നിഷേധവും യുക്തിവാദവുമടക്കമുള്ള ഒരുപാട് വ്യത്യസ്ത ആശയങ്ങളുടെ സൌഹാര്‍ദ്ദപരമായ സമന്വയത്തെ നമ്മുടെ പഴമയില്‍ നിന്ന് കണ്ടെടുക്കാനാകും. ബ്രാഹ്മണ ഹൈന്ദവതയേയും യാഗങ്ങളടക്കമുള്ള യജ്ഞസംസ്‌ക്കാരത്തിലൂന്നിയ അതിന്റെ അധീശയുക്തിയേയും നിഷേധിച്ചുകൊണ്ട് വളര്‍ന്നുവന്ന ബൌദ്ധ, ജൈന പാരമ്പര്യവും നമ്മുടെ സംസ്‌ക്കാരത്തിന്റെ ഭാഗം തന്നെയാണ്. നമ്മുടെ സാംസ്‌ക്കാരിക പാരമ്പര്യത്തില്‍ നിന്ന് നാം ആവേശത്തോടെ സ്വീകരിക്കേണ്ടതും ഇന്നത്തെ സാഹചര്യത്തില്‍ ഉയര്‍ത്തിപ്പിടിക്കേണ്ടതും ബഹുത്വത്തെ അംഗീകരിക്കാനുള്ള ഈയൊരു മനോഭാവമാണ്. ഒരു ബഹുമതസമൂഹത്തില്‍ ഇക്കാര്യത്തില്‍ കൂടുതല്‍ ഉത്തരവാദിത്തം കാട്ടേണ്ടത് എണ്ണത്തില്‍ കൂടുതലുള്ളവര്‍ തന്നെയാണെന്ന കാര്യത്തില്‍ സംശയമില്ല.
എന്നാല്‍ മറ്റേതൊരു സംസ്‌ക്കാരത്തേയും പോലെ നമ്മുടേതിനും നല്ലതും ചീത്തയുമായ വശങ്ങളുണ്ട്. നമ്മുടേതെല്ലാം ശരി, പഴയതെല്ലാം മഹത്തരം എന്നൊക്കെയുള്ള മനോഭാവങ്ങള്‍ കപടവും അടിസ്ഥാന രഹിതവുമായ ചരിത്രനിഷേധങ്ങളാണ്. പഴമയെ കാല്‍പ്പനികവല്‍ക്കരിച്ച് അതിന്റെ മറവില്‍ ചരിത്രത്തിലെ ക്രൂരമായ നീതിനിഷേധങ്ങളെ മൂടിവെക്കാനുള്ള വ്യഗ്രത മതപുനരുത്ഥാനത്തിന്റെ സ്വഭാവമാണ്. നാം കൈവരിച്ച നവോത്ഥാനമൂല്യങ്ങളുടെ നേര്‍ എതിര്‍ദിശയിലാണ് ഈ പുനരുത്ഥാനത്തിന്റെ ഗതി. പഴമയുടെയും സംസ്‌ക്കാരത്തിന്റേയും പേരില്‍ അടിച്ചേല്‍പ്പിക്കപ്പെടുന്ന സവര്‍ണ്ണത തിരിച്ചറിയാന്‍ അവയുടെ ഇരകളായിരുന്ന അവര്‍ണ്ണ, പിന്നാക്ക സമുദായങ്ങളില്‍പ്പെട്ടവര്‍ക്കു പോലും കഴിയുന്നില്ല എന്നയിടത്താണ് മതവാദികള്‍ വിജയിക്കുന്നത്. അങ്ങനെയാണ് ‘വിശാല ഹിന്ദു ഐക്യം’ പോലുള്ള മുദ്രാവാക്യങ്ങള്‍ക്ക് സംഘപരിവാറിന്റേയും ജാതി സംഘടനകളുടേയും കാര്‍മ്മികത്വത്തില്‍ കളമൊരുങ്ങുന്നത്. ഹിന്ദു സംസ്‌ക്കാരത്തിന്റെ പേരില്‍ ആക്രമോത്സുക രാഷ്ട്രീയ പ്രത്യയശാസ്ത്രമായ ‘ഹിന്ദുത്വം’ പ്രചരിപ്പിക്കുന്ന മോഡിയിസ്റ്റുകളും ഇസ്ല്‌ലാമിന്റെ പേരില്‍ മതരാഷ്ട്രവാദം പ്രചരിപ്പിക്കുന്ന ഇസ്ലാമിസ്റ്റുകളും ഉയര്‍ത്തുന്ന ഇടുങ്ങിയതും കാലഹരണപ്പെട്ടതും അപകടകരവുമായ കാഴ്ചപ്പാടുകളെ തുറന്നെതിര്‍ക്കുക എന്നത് ജനാധിപത്യ, മതേതര വിശ്വാസങ്ങള്‍ പുലര്‍ത്തുന്ന ഏതൊരാളുടേയും ചുമതലയാണ്.
കോണ്‍ഗ്രസ്സില്‍ പ്രവര്‍ത്തിച്ച്് താങ്കള്‍ ഇതു പറയുന്നത് അഭിനന്ദനാര്‍ഹമാണ്. അതിനുള്ള ഒരിടം കോണ്‍ഗ്രസ്സില്‍ എന്നുമുണ്ടായിട്ടുമുണ്ട്. ഹിന്ദുത്വവാദികളോട്ഇത്തരത്തില്‍ മറുപടി പറയുന്നതു നല്ലതുതന്നെ. എന്നല്‍ അതോടൊപ്പം ഒരു വസ്തുത മറക്കാതിരുന്നാല്‍ നന്ന്. ജനിച്ച ജാതിയും മതവുമൊക്കെ സ്വകാര്യപ്രശ്‌നമായി കാണാന്‍ കഴിയാത്ത ചില വിഭാഗങ്ങള്‍ ഇപ്പോഴും ഇവിടെയുണ്ട്. പ്രസ്തുത വിഭാഗത്തില്‍ ജനിച്ചു എന്നതുകൊണ്ടുമാത്രം പീഢിപ്പിക്കപ്പെടുന്നവര്‍. പേരിനുപിന്നാലെ ജാതിവെക്കാന്‍ ഭയപ്പെടുന്നവര്‍. അവര്‍ക്ക് ചിലപ്പോള്‍ ജാതിയും മതവുമൊക്കെ വിളിച്ചുപറയേണ്ടിവരും.അതായിരിക്കും അവരുടെ പോരാട്ടങ്ങള്‍ക്ക് ഊര്‍ജ്ജം നല്‍കുന്നത്. ഇന്ത്യയില്‍ നൂറ്റാണ്ടുകളായി നിലനില്‍ക്കുന്ന ഭയാനകമായ ജാതീയപീഡനത്തില്‍ നിന്നും ഇവരിന്നും വിമുക്തരല്ല. ഇന്ത്യയുടെ ഈ സവിശേഷ സാഹചര്യം കൃത്യമായി മനസ്സിലാക്കാതിരുന്ന രാഷ്ട്രീയ പ്രസ്ഥാനങ്ങളുടെ അജണ്ടയില്‍ അവരില്ല. ജാതി പറഞ്ഞുകൊണ്ടുതന്നെയായിരിക്കും അവര്‍ ജാതീയ വിരുദ്ധ പോരാട്ടത്തില്‍ പങ്കെടുക്കുക. അപ്പോള്‍ ജാതീയതയില്ലെന്നു പറയുന്നവര്‍ ഈ വ്യവസ്തയുടെ നേട്ടങ്ങള്‍ അനുഭവിക്കു്‌നനവരാണ്. ഈ വൈജാത്യങ്ങളെല്ലാം കണ്ടില്ലെന്നു നടിച്ചു വിശാല ഹിന്ദുവിനെ കുറിച്ചു പറയുന്നവരും ചെയ്യുന്നത് മറ്റൊന്നല്ല. മറുവശത്ത് ജനിച്ച മതം തിരി്ചചറിയുമെന്നതിനാല്‍ ചില വിഭാഗങ്ങള്‍ സ്വന്തം പേരുപോലും മറച്ചുവെക്കുന്ന അവസ്ഥയുമുണ്ട്. ദേവസ്വം ബോര്‍ഡ് തിരഞ്ഞെടുപ്പില്‍ താങ്കള്‍ക്കു വോട്ടുചെയ്യുകയോ ചെയ്യാതിരിക്കകയോ.. എന്നാല്‍ അതിന്റെ പേരില്‍ പച്ചയായ യാഥാര്‍ത്ഥ്യങ്ങള്‍ കണ്ടില്ലെന്നു നടിക്കരുത്.
സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പന്ത്രണ്ടാം വര്‍ഷത്തേക്ക് കടക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2024 - 25 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.
The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in