ശ്രീലങ്ക: ഏകാധിപത്യത്തിനെതിരായ ജനവിധി
എം. രഘു ശ്രീലങ്കന്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ പ്രതിപക്ഷ സ്‌ഥാനാര്‍ഥിയായ മൈത്രിപാല സിരിസേന വിജയിച്ചു. ഒരു ദശകത്തിലധികകാലം നീണ്ടുനിന്ന, അഴിമതിയും സ്വജനപക്ഷപാതവും നിറഞ്ഞ മഹീന്ദ രാജപക്‌സെയുടെ ഏകാധിപത്യഭരണത്തിനെതിരായ ജനവിധിയാണിത്. രാജപക്‌സെയുടെ ഭരണത്തില്‍നിന്നും ഒരു മാറ്റം ശ്രീലങ്കയിലെ ജനങ്ങള്‍ ആഗ്രഹിച്ചിരുന്നു എന്നതാണ് തെരഞ്ഞെടുപ്പ് ഫലംവ്യക്‌തമാക്കുന്നത്. മൊത്തം സമ്മതിദായകരില്‍ 70 ശതമാനവും പങ്കെടുത്ത തെരഞ്ഞെടുപ്പിലെ ഭൂരിപക്ഷവും പ്രതിപക്ഷത്തിനൊപ്പമാണ്. 26 വര്‍ഷമായി നടന്ന ആഭ്യന്തര യുദ്ധത്തിലെ തമിഴ്‌വിഘടനവാദികളെ അടിച്ചൊതുക്കിയതിന്റെ തുടര്‍ച്ചയായി നടന്ന തെരഞ്ഞെടുപ്പില്‍ 2010ല്‍ 58 ശതമാനം വോട്ടു നേടിയ രാജപക്‌സെയുടെ മൂന്നാമതും […]
ശ്രീലങ്കന്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ പ്രതിപക്ഷ സ്‌ഥാനാര്‍ഥിയായ മൈത്രിപാല സിരിസേന വിജയിച്ചു. ഒരു ദശകത്തിലധികകാലം നീണ്ടുനിന്ന, അഴിമതിയും സ്വജനപക്ഷപാതവും നിറഞ്ഞ മഹീന്ദ രാജപക്‌സെയുടെ ഏകാധിപത്യഭരണത്തിനെതിരായ ജനവിധിയാണിത്. രാജപക്‌സെയുടെ ഭരണത്തില്‍നിന്നും ഒരു മാറ്റം ശ്രീലങ്കയിലെ ജനങ്ങള്‍ ആഗ്രഹിച്ചിരുന്നു എന്നതാണ് തെരഞ്ഞെടുപ്പ് ഫലംവ്യക്‌തമാക്കുന്നത്. മൊത്തം സമ്മതിദായകരില്‍ 70 ശതമാനവും പങ്കെടുത്ത തെരഞ്ഞെടുപ്പിലെ ഭൂരിപക്ഷവും പ്രതിപക്ഷത്തിനൊപ്പമാണ്.
26 വര്‍ഷമായി നടന്ന ആഭ്യന്തര യുദ്ധത്തിലെ തമിഴ്‌വിഘടനവാദികളെ അടിച്ചൊതുക്കിയതിന്റെ തുടര്‍ച്ചയായി നടന്ന തെരഞ്ഞെടുപ്പില്‍ 2010ല്‍ 58 ശതമാനം വോട്ടു നേടിയ രാജപക്‌സെയുടെ മൂന്നാമതും പ്രസിഡന്റ് പദത്തിലേക്കെത്താമെന്ന മോഹമാണ് പൊലിഞ്ഞിരിക്കുന്നത്. മൂന്നാം തവണയും അധികാരത്തിലെത്തുന്നതിനായി ഭരണഘടനാ ഭേദഗതി വരുത്തിയത് ഏകാധിപത്യ പ്രവണതയാണെന്ന് അന്നുതന്നെ വിമര്‍ശനമുയര്‍ന്നിരുന്നു. കാലാവധി പൂര്‍ത്തിയാക്കാന്‍ രണ്ടുവര്‍ഷക്കാലം കൂടിയുണ്ടായിരുന്നിട്ടും നേരത്തേ തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചത് വളര്‍ന്നു വരുന്ന ജനരോഷം കണക്കിലെടുത്താണ്. അടുത്തകാലത്തു നടന്ന പ്രവിശ്യാതെരഞ്ഞെടുപ്പുകളില്‍ രാജപക്‌സെയുടെ യുണൈറ്റഡ് പീപ്പിള്‍സ് ഫ്രീഡം അലയന്‍സിന്(യു.പി.എഫ്.എ.) തിരിച്ചടി നേരിട്ടതും കാലാവധിക്കു മുമ്പു തെരഞ്ഞെടുപ്പു നടത്താന്‍ നിര്‍ബന്ധിതനാക്കി. കണക്കുകള്‍ സൂചിപ്പിക്കുന്ന സാമ്പത്തികവളര്‍ച്ച ഗ്രാമീണമേഖലയിലേക്ക് എത്തിയില്ല എന്നത് രാജപക്‌സെയ്‌ക്ക് തിരിച്ചടിയായി. അതോടൊപ്പം പണവും അധികാരവും ഉപയോഗിച്ച് പാര്‍ലമെന്റ് അംഗങ്ങളെപ്പോലും കൂടെ നിര്‍ത്താനുള്ള ശ്രമം പാളി, മന്ത്രിമാരും പാര്‍ലമെന്റ് അംഗങ്ങളും കൂറുമാറി സിരിസേനയെ പിന്തുണച്ചു. തികഞ്ഞ അഴിമതിയും സ്വജനപക്ഷപാതവും രാജപക്‌സെ ഭരണത്തിന്റെ മുഖമുദ്രയായിരുന്നു. കുടുംബാംഗങ്ങള്‍ സുപ്രധാന സ്‌ഥാനത്ത് ഉണ്ടായിരുന്നു. സ്‌പീക്കര്‍, സാമ്പത്തികവികസന മന്ത്രി, പ്രതിരോധ സെക്രട്ടറി എന്നിവരെല്ലാം രാജപക്‌സെയുടെ സഹോദരന്മാരാണ്. തമിഴ് ന്യൂനപക്ഷത്തോടുള്ള കടുത്ത എതിര്‍പ്പും വിഭാഗീയസംഘര്‍ഷങ്ങള്‍ വ്യാപകമായതും നിഷ്‌പക്ഷ വോട്ടര്‍മാരില്‍ തന്നെ എതിര്‍പ്പുണ്ടാക്കി. ആഭ്യന്തര യുദ്ധത്തെത്തുടര്‍ന്നുള്ള കുറ്റകൃത്യങ്ങളും മനുഷ്യാവകാശലംഘനങ്ങളും അന്താരാഷ്‌ട്രതലത്തില്‍ വലിയ വിമര്‍ശനങ്ങള്‍ നേരിട്ടു. തെരഞ്ഞെടുപ്പിനു മുമ്പ് വോട്ട് കിട്ടാനായി നടപ്പിലാക്കിയ ജനപ്രിയ നടപടികള്‍ കാര്യമായിസഹായിച്ചില്ല.
ഗ്യാസിനും ഡീസലിനുമുള്ള സബ്‌സിഡി വര്‍ധിപ്പിച്ചു, വൈദ്യുതി നിരക്ക് കുറച്ചു, കര്‍ഷക സബ്‌സിഡികള്‍ വര്‍ധിപ്പിച്ചു, സര്‍ക്കാര്‍ജീവനക്കാരുടെ ശമ്പളം വര്‍ധിപ്പിച്ചു എന്നിങ്ങനെ പോവുന്നു ആനുകൂല്യങ്ങള്‍. പ്രതിപക്ഷ സ്‌ഥാനാര്‍ഥിയായ മൈത്രിപാല സിരിസേന, രാജപക്‌സെ മന്ത്രിസഭയില്‍ ആരോഗ്യവകുപ്പ് മന്ത്രിയായിരുന്നു. ശ്രീലങ്ക ഫ്രീഡം പാര്‍ട്ടി (എസ്.എല്‍.എഫ്.പി.)യുടെ ജനറല്‍സെക്രട്ടറിയുമായ സിരിസേന തെരഞ്ഞെടുപ്പു പ്രഖ്യാപിച്ചതിനു ശേഷമാണ് മന്ത്രിസഭയില്‍ നിന്നും രാജിവച്ചത്. പ്രതിപക്ഷം മുന്‍പ്രസിഡന്റ് ചന്ദ്രികകുമാരതുംഗെ, മുന്‍ പ്രധാനമന്ത്രി റെനില്‍വിക്രമസിംഗെ തുടങ്ങി പലരെയും സ്‌ഥാനാര്‍ഥിയാക്കാന്‍ ആലോചിച്ചിരുന്നു. എന്നാല്‍, സിരിസേനയ്‌ക്കാണ് നറുക്കുവീണത്. കര്‍ഷകകുടുംബത്തില്‍ ജനിച്ചു വളര്‍ന്ന സിരിസേന വിഘടിച്ചുനിന്ന പ്രതിപക്ഷ കക്ഷികളെ ഒന്നിപ്പിക്കുന്നതില്‍ വിജയിച്ചു. അഴിമതിയും ജനവിരുദ്ധ ഭരണഘടനാ പരിഷ്‌ക്കാരങ്ങളിലൂടെ പ്രസിഡന്റില്‍ മാത്രം അധികാരം കേന്ദ്രീകരിക്കുന്നതും പിഴുതെറിയുമെന്ന് സിരിസേന തെരഞ്ഞെടുപ്പു പ്രചാരണവേളയില്‍ പറഞ്ഞിരുന്നു. തെരഞ്ഞെടുക്കപ്പെട്ടാല്‍ 100 ദിവസങ്ങള്‍ക്കുള്ളില്‍ എക്‌സിക്യൂട്ടീവ് പ്രസിഡന്റ് പദവി ഇല്ലാതാക്കും. യു.എന്‍.പി. നേതാവ് റെനില്‍ വിക്രമസിംഗെയെ പ്രധാനമന്ത്രിയാക്കും എന്നെല്ലാം സിരിസേന പ്രഖ്യാപിച്ചിരുന്നു.
പ്രചാരണം ചൂടുപിടിച്ച അവസരത്തില്‍തന്നെ രാജ്യാന്തര നിരീക്ഷകര്‍ രാജപക്‌സെയുടെ പരാജയം പ്രവചിച്ചിരുന്നു. കടുത്ത സിംഹളബുദ്ധമത അനുയായികള്‍പോലും രാജപക്‌സെയുടെ വിജയത്തില്‍ സംശയംപ്രകടിപ്പിച്ചിരുന്നു. സിംഹളദേശീയത ഇളക്കിവിട്ട് വോട്ടു നേടാനുള്ള ശ്രമംരാജപക്‌സെ നടത്തിയതായി രാഷ്‌ട്രീയ നിരീക്ഷകര്‍ വ്യക്‌തമാക്കിയിരുന്നു. ഒരുതരത്തിലും യോജിച്ചുപോവാത്ത കക്ഷികള്‍ ഒരു മാറ്റത്തിനായി ഒന്നിച്ചു എന്നതാണ് സിരിസേനയുടെ വിജയം. തമിഴ്‌വംശജര്‍ ഏറെയുള്ള വടക്കന്‍മേഖലകളിലും മുസ്ലിം ഭൂരിപക്ഷ പ്രദേശങ്ങളിലും സിരിസേനയ്‌ക്ക് വലിയ പിന്തുണ ലഭിച്ചു. കിള്ളിനോച്ചിപോലുള്ള ചില പ്രദേശങ്ങളില്‍ സിരിസേനയ്‌ക്ക് മൂന്നില്‍ രണ്ടു വോട്ടുകള്‍ ലഭിച്ചു. ഈ ജനസമ്മതിക്കൊത്ത് ഭരിക്കുക എന്നതാണ് പുതിയ പ്രസിഡന്റ് ഏറ്റെടുക്കേണ്ടുന്ന വെല്ലുവിളി.
ഇന്ത്യയെ സംബന്ധിച്ചിടത്തോളം ശ്രീലങ്കയിലെ തെരഞ്ഞെടുപ്പു ഫലം നിര്‍ണായകമാണ്. ഇന്ത്യന്‍ മഹാസമുദ്രത്തിലെ തന്ത്രപ്രധാനസ്‌ഥാനത്ത് സ്‌ഥിതിചെയ്യുന്ന ശ്രീലങ്കയോട് വന്‍ശക്‌തികള്‍ അടുപ്പത്തിലാകുന്നത് ഇന്ത്യക്ക് വെല്ലുവിളിയാണ്. ചൈനയുമായി സമീപകാലത്ത് സാമ്പത്തികസൈനിക ഇടപാടുകള്‍ നടത്തുന്ന ശ്രീലങ്ക, അമേരിക്കയടക്കമുള്ള പാശ്‌ചാത്യശക്‌തികളുമായി കൂടുതല്‍ അടുക്കുന്നതാണ് അനുഭവം. ഈ സഖ്യങ്ങള്‍ക്കൊപ്പം അവിടത്തെ തമിഴ് വംശജരുടെ കാര്യങ്ങളും ഇന്ത്യയെ സംബന്ധിച്ച് സുപ്രധാനമാണ്. ഇത്തരമൊരു പശ്‌ചാത്തലത്തില്‍ ശ്രീലങ്കയിലെ ഭരണമാറ്റം ഗൗരവമായ പ്രാധാന്യമര്‍ഹിക്കുന്നു.
സിരിസേനയും സിംഹളവിഭാഗത്തില്‍ നിന്നുള്ളതായതിനാല്‍ തമിഴ്‌വംശജരോടുള്ള പെരുമാറ്റം തന്റെ മുന്‍ഗാമിയില്‍നിന്ന് എങ്ങനെ വ്യത്യാസപ്പെട്ടിരിക്കും എന്ന് ഇതുവരെ വെളിപ്പെടുത്തിയിട്ടില്ല. കാത്തിരുന്നു കാണേണ്ടുന്ന കാര്യം. തെരഞ്ഞെടുപ്പ് വിജയത്തിനു പിന്നില്‍ പ്രവര്‍ത്തിച്ച മത, വംശീയ, ഇടതു, വലതുപക്ഷ കക്ഷികളുടെ സഖ്യത്തെ പുതിയ പ്രസിഡന്റ് എങ്ങനെ യോജിപ്പിച്ച് മുന്നോട്ടുകൊണ്ടു പോകുമെന്നതാണ്.
(കോട്ടയം മഹാത്മാഗാന്ധി സര്‍വകലാശാലയില്‍ രാജ്യാന്തര പഠനവിഭാഗത്തില്‍ ഗവേഷക വിദ്യാര്‍ഥിയാണ് ലേഖകന്‍)
മംഗളം
സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പന്ത്രണ്ടാം വര്‍ഷത്തേക്ക് കടക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2024 - 25 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.
The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in