വിഎസ് മത്സരരംഗത്തുനിന്ന് വിരമിക്കുമ്പോള്‍

ചന്ദ്രശേഖരന്‍ താനിനി തിരഞ്ഞെടുപ്പു മത്സരരംഗത്തുണ്ടാകില്ല എന്ന് പ്രതിപക്ഷ നേതാവ് വിഎസ് അച്യുതാനന്ദന്റ സൂചന നല്‍കി. തീര്‍ച്ചയായും അത് അവസരോചിതം തന്നെ. പാര്‍ട്ടിക്കും എല്‍ഡിഎഫിനും വിഎസിനും നല്ലതു അതു തന്നെ. തൊണ്ണൂറാം പിറന്നാള്‍ ആഘോഷങ്ങളുമായി ബന്ധപ്പെട്ടാണ് വിഎസിന്റെ പ്രഖ്യാപനം. മാധ്യമങ്ങള്‍ മാത്രം ഏറെ കൊട്ടിഘോഷിച്ച ആഘോഷവേളയിലേക്ക് ഒരു പ്രധാന സിപിഎം നേതാവുപോലും എത്തിയില്ല എന്നതു തന്നെ മതിയല്ലോ വിഎസിന്റെ രാഷ്ട്രീയ ഭാവി എന്താണെന്ന് മനസ്സിലാക്കാന്‍. ഇനിയുമൊരങ്കത്തിനു ശ്രമിക്കാതെ മാറി നില്‍ക്കുന്നതു തന്നെയാണ് വിഎസിനു ഉചിതം എന്നതില്‍ സംശയം വേണ്ട. […]

V-S-Achuthanandan_0
ചന്ദ്രശേഖരന്‍
താനിനി തിരഞ്ഞെടുപ്പു മത്സരരംഗത്തുണ്ടാകില്ല എന്ന് പ്രതിപക്ഷ നേതാവ് വിഎസ് അച്യുതാനന്ദന്റ സൂചന നല്‍കി. തീര്‍ച്ചയായും അത് അവസരോചിതം തന്നെ. പാര്‍ട്ടിക്കും എല്‍ഡിഎഫിനും വിഎസിനും നല്ലതു അതു തന്നെ.
തൊണ്ണൂറാം പിറന്നാള്‍ ആഘോഷങ്ങളുമായി ബന്ധപ്പെട്ടാണ് വിഎസിന്റെ പ്രഖ്യാപനം. മാധ്യമങ്ങള്‍ മാത്രം ഏറെ കൊട്ടിഘോഷിച്ച ആഘോഷവേളയിലേക്ക് ഒരു പ്രധാന സിപിഎം നേതാവുപോലും എത്തിയില്ല എന്നതു തന്നെ മതിയല്ലോ വിഎസിന്റെ രാഷ്ട്രീയ ഭാവി എന്താണെന്ന് മനസ്സിലാക്കാന്‍. ഇനിയുമൊരങ്കത്തിനു ശ്രമിക്കാതെ മാറി നില്‍ക്കുന്നതു തന്നെയാണ് വിഎസിനു ഉചിതം എന്നതില്‍ സംശയം വേണ്ട. മാത്രമല്ല, ലാവ്‌ലിന്‍ കേസില്‍ പിണറായി വിജയന്‍ ഏറെക്കുറെ കുറ്റവിമുക്തനാകുമെന്ന ധാരണയാണ് പരന്നിരിക്കുന്നത്. എങ്കില്‍ എല്‍ഡിഎഫ് വിജയിച്ചാല്‍ അടുത്ത മുഖ്യമന്ത്രി ആരാകുമെന്നതിനെ കുറിച്ച് സംശയം വേണ്ടല്ലോ. 90 കഴിഞ്ഞ സ്ഥിതിക്ക് വിമരമിക്കുന്നതു തന്നെ ഉചിതം. വാര്‍ദ്ധക്യം വിശ്രമിക്കാനുള്ളതുകൊണ്ടാണല്ലോ എല്ലാ ജോലിയിലും റിട്ടയര്‍മെന്റ് ഉള്ളത്.
വിഎസിനെ കുറിച്ചുള്ള പ്രകീര്‍ത്തനങ്ങളായിരുന്നു കഴിഞ്ഞ ദിവസങ്ങളില്‍ മാധ്യമങ്ങള്‍ നിറയെ. നവതി ആഘോഷങ്ങളില്‍ വേറിട്ടു പറയണ്ട എന്ന നിലപാടിലായിരുന്നു പലരുമെന്നു തോന്നുന്നു. അപൂര്‍വ്വം ചിലര്‍ മാത്രമാണ് വിഎസിന്റെ രാഷ്ട്രീയ ജീവിതത്തെ സത്യസന്ധമായി വിശകലനം ചെയ്യാനൊരുങ്ങിയത്. അഴിമതി രഹിതമായ സംശുദ്ധവും ത്യാഗപൂര്‍ണ്ണവുമായ രാഷ്ട്രീയ ജീവിതത്തിനു ഉടമകളായ പഴയ തലമുറയില്‍ അവശേഷിക്കുന്നവരില്‍ ഒന്നാമനാണ് വിഎസ് എന്നതില്‍ സംശയമില്ല. അദ്ദേഹം ഇനിയും സ്വന്തം പ്രസ്ഥാനത്താല്‍ അപമാനിക്കപ്പെടുന്നതു കാണുമ്പോള്‍ വിഷമമുണ്ട്. എന്നാല്‍ പാര്‍ട്ടി നേതാവെന്ന രീതിയിലും ഭരണാധികാരി എന്ന നിലയിലും അദ്ദേഹത്തിനു ശോഭിക്കാന്‍ കഴിഞ്ഞോ? പ്രതിപക്ഷനേതാവ് എന്ന രീതിയിലെ പ്രവര്‍ത്തനമാകട്ടെ ഏറെക്കുറെ പബ്ലിസിറ്റി സ്റ്റണ്ടുകളായില്ലേ…

നവതിയാഘോഷവേള വിഎസ് പ്രധാനമായും ഉപയോഗിച്ചത് പാര്‍ട്ടി സംസ്ഥാനനേതൃത്വത്തിനെതിരെ ആഞ്ഞടിക്കാന്‍ തന്നെ. കഴിഞ്ഞ രണ്ടുനിയമസഭാ തിരഞ്ഞെടുപ്പുകളിലും സംസ്ഥാന നേതൃത്വത്തില്‍ നിന്ന് തനിക്കു സീറ്റു നിഷേധിക്കാനുള്ള നീക്കമുണ്ടായെന്നും സ്ഥാനാര്‍ത്ഥി നിര്‍ണ്ണയത്തില്‍ മനപൂര്‍വ്വം പാളിച്ചകള്‍ വരുത്തി പരാജയമേറ്റുവാങ്ങി എന്നുമുള്ള വിഎസിന്റെ ആരോപണം അനവസരത്തിലാണെന്നാണ് പൊതുവിലയിരുത്തല്‍. ലാവ്‌ലിന്‍ കേസില്‍ പാര്‍ട്ടിയേക്കാള്‍ വിശ്വാസം കോടതിയെ, ടിപി വധം പാര്‍ട്ടിയുടെ പ്രതിഛായ തകര്‍ത്തു, ഗാഡ്ഗില്‍ റിപ്പോര്‍ട്ടിനോടുള്ള പാര്‍ട്ടി നിലപാട് തെറ്റ് തുടങ്ങി മറ്റനവധി പ്രഖ്യാപനങ്ങളും വിഎസ് നടത്തി. സാധാരണ ഗതിയില്‍ ഒരു കമ്യൂണിസ്റ്റ് പാര്‍ട്ടിയും വെച്ചുപൊറുപ്പിക്കാത്ത പ്രസ്താവനകള്‍. വിഎസിനെതിരെ ശക്തമായ നടപടി വേണമെന്ന ആവശ്യം ഈ സാഹചര്യത്തില്‍ ശക്തമായിട്ടുണ്ട്. അതു സ്വീകരിക്കാനുള്ള തയ്യാറെടുപ്പിലാണ് വിഎസ് എന്നു തോന്നുന്നു. ഇനി മത്സരരംഗത്തില്ല എന്ന പ്രഖ്യാപനം അതിന്റെ ഭാഗം തന്നെ.

കേരളത്തിലെ പ്രശ്‌നങ്ങള്‍ പഠിക്കാന്‍ വന്ന പൊളിറ്റ് ബ്യൂറോ കമ്മീഷന്റെ തെളിവെടുപ്പിലും ശക്തമായ ആരോപണങ്ങളായിരുന്നു വിഎസ് മുന്നോട്ടുവെച്ചത്. നയവ്യതിയാനം ചൂണ്ടിക്കാണിക്കുന്നവരെ പാര്‍ട്ടി നേതൃത്വം ഉന്മൂലനം ചെയ്യാന്‍ ശ്രമിക്കുന്നുവെന്ന വിഎസിന്റെ ആരോപണം സത്യത്തില്‍ തമാശയാണ്. ലോകത്തെമ്പാടുമുള്ള കമ്യൂണിസ്റ്റ് പ്രസ്ഥാനങ്ങളുടെ ചരിത്രം മറ്റെന്താണ്? വിഎസും അത്തരം നടപടികളില്‍ ഭാഗഭാക്കായിട്ടുണ്ടല്ലോ? അടിസ്ഥാനപരമായി ജനാധിപത്യ സംവിധാനത്തെ അംഗീകരിക്കാത്ത ഒരു പ്രസ്ഥാനത്തിന് സ്വന്തം സംഘടനാസംവിധാനത്തിനകത്തും അതിനു കഴിയില്ല എന്നത് രാഷ്ട്രീയ യാഥാര്‍ത്ഥ്യമാണ്. ജനാധിപത്യകേന്ദ്രീകരണം, ബോള്‍ഷേവിക് സംഘടനാ തത്വങ്ങള്‍, കേഡര്‍ പാര്‍ട്ടി എന്നെല്ലാം പറഞ്ഞ് നടപ്പാക്കിയ സംഘടനാ സംവിധാനം സ്വാഭാവികമായും ഇത്തരത്തിലേ എത്തിചേരൂ.
പ്രത്യയശാസ്ത്രത്തില്‍ നിന്നുള്ള വ്യതിയാനം ചൂണ്ടിക്കാട്ടിയപ്പോഴൊക്കെ തന്നെ ശത്രുവായി പാര്‍ട്ടി പ്രഖ്യാപിച്ചതായ ആരോപണവും അങ്ങനെതന്നെ. കാലത്തിനനുസരിച്ചും ദേശത്തിനനുസരിച്ചും മാറ്റങ്ങള്‍ക്കനുസരിച്ചും മാറാത്ത ഒന്നാണോ പ്രത്യശാസ്ത്രം? അങ്ങനെയാണ് പൊതുവില്‍ ലോകത്തെമ്പാടുമുള്ള കമ്യൂണിസ്റ്റ് പാര്‍ട്ടികള്‍ കരുതുന്നത്. കേരളത്തിലും അവസ്ഥ വ്യത്യസ്ഥമല്ല. അക്കാര്യത്തിലും നേതൃത്വപരമായ പങ്കായിരുന്നു വിഎസിന്റേതെന്നും മറക്കരുത്.
ചുരുക്കത്തില്‍ വിഎസിന്റെ അടുത്ത കാലത്തെ നിലപാടുമാറ്റങ്ങള്‍ ആശയപരമാണെന്നു കരുതാനാകില്ല. ആണെങ്കില്‍ ആ രീതിയില്‍ അതുന്നയിക്കുമായിരുന്നു. അടിസ്ഥാനപരമായി പാര്‍ട്ടിഘടനയില്‍ മാറ്റമുണ്ടാക്കണമെന്നോ പാര്‍ട്ടിയില്‍ ജനാധിപത്യവല്‍ക്കരണം വേണമെന്നോ ഉള്ള ആവശ്യം അദ്ദേഹത്തിനില്ല. പാര്‍ട്ടിയില്‍ താന്‍ നേരിടുന്ന പ്രശ്‌നങ്ങളുമായി ബന്ധപ്പെട്ട പോരാട്ടമാണ് അദ്ദേഹത്തിനു മുഖ്യം. ഉന്നയിക്കപ്പെടുന്ന പൊതുവിഷയങ്ങളിലും മുഖ്യം അതുതന്നെ. ഈ സാഹചര്യത്തില്‍ ഇനിയും വിഎസില്‍ പ്രതീക്ഷയര്‍പ്പിക്കുന്നത് അര്‍ത്ഥരഹിതമല്ലേ?

സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പന്ത്രണ്ടാം വര്‍ഷത്തേക്ക് കടക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2024 - 25 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in


ഞങ്ങളുടെ ഫേസ്ബുക് പേജ് ലൈക് ചെയ്യൂ..


Published On

Category: Politics | Comments: 0 |

'ക്രിട്ടിക്കില്‍ പ്രസിദ്ധീകരിക്കുന്ന ലേഖനങ്ങള്‍ ലേഖകരുടെ അഭിപ്രായങ്ങളാണ്.. അവ പൂര്‍ണ്ണമായും ക്രിട്ടിക്കിന്റെ അഭിപ്രായങ്ങളാകണമെന്നില്ല - എഡിറ്റര്‍'

Be the first to write a comment.

Leave a Reply