ലോകനാടകങ്ങള്‍ക്കായി ഈ വാരം
ഐ ഗോപിനാഥ് കേരള സംഗീത നാടക അക്കാദമിയുടെ നേതൃത്വത്തില്‍ നടക്കുന്ന അന്താരാഷ്ട്ര നാടകോത്സവം ഇറ്റ്‌ഫോക് എട്ടാം എഡിഷനിലേക്ക് പ്രവേശിക്കുകയാണ്. പത്തുമുതല്‍ പതിനാറുവരെയുള്ള ദിവസങ്ങളില്‍ സാംസ്‌കാരികനഗരം ലോകനാടവേദിക്കായി സാംസ്‌കാരിക ജാലകങ്ങള്‍ തുറന്നിടുകയാണ്. നാഷണല്‍ സ്‌കൂള്‍ ഓഫ് ഡ്രാമ ഡെല്‍ഹിയില്‍ സംഘടിപ്പിക്കുന്ന നാടകോത്സവം കഴിഞ്ഞാല്‍ ഇന്ത്യയില്‍ നടക്കുന്ന ഏറ്റവും വലിയ നാടകമേളയാണ് ഇറ്റ്‌ഫോക്. പ്രശസ്ത നടന്‍ മുരളി അക്കാദമി ചെയര്‍മാനായിരുന്നപ്പോള്‍ ആരംഭിച്ച മേള ഇന്ന് ലോകനാടകവേദിയുടെ തന്നെ ഭാഗമായി മാറികഴിഞ്ഞു. ഉടല്‍, അധികാരം എന്നതാണ് ഇത്തവണ നാടകോത്സവത്തിന്റെ കേന്ദ്രപ്രമേയം. ഉടല്‍ […]
കേരള സംഗീത നാടക അക്കാദമിയുടെ നേതൃത്വത്തില്‍ നടക്കുന്ന അന്താരാഷ്ട്ര നാടകോത്സവം ഇറ്റ്‌ഫോക് എട്ടാം എഡിഷനിലേക്ക് പ്രവേശിക്കുകയാണ്. പത്തുമുതല്‍ പതിനാറുവരെയുള്ള ദിവസങ്ങളില്‍ സാംസ്‌കാരികനഗരം ലോകനാടവേദിക്കായി സാംസ്‌കാരിക ജാലകങ്ങള്‍ തുറന്നിടുകയാണ്. നാഷണല്‍ സ്‌കൂള്‍ ഓഫ് ഡ്രാമ ഡെല്‍ഹിയില്‍ സംഘടിപ്പിക്കുന്ന നാടകോത്സവം കഴിഞ്ഞാല്‍ ഇന്ത്യയില്‍ നടക്കുന്ന ഏറ്റവും വലിയ നാടകമേളയാണ് ഇറ്റ്‌ഫോക്. പ്രശസ്ത നടന്‍ മുരളി അക്കാദമി ചെയര്‍മാനായിരുന്നപ്പോള്‍ ആരംഭിച്ച മേള ഇന്ന് ലോകനാടകവേദിയുടെ തന്നെ ഭാഗമായി മാറികഴിഞ്ഞു. ഉടല്‍, അധികാരം എന്നതാണ് ഇത്തവണ നാടകോത്സവത്തിന്റെ കേന്ദ്രപ്രമേയം. ഉടല്‍ എങ്ങനെ അധികാരത്തിന്റെ പ്രതീകമാകുന്നു, അതോടൊപ്പം എങ്ങനെ അധികാരത്തെ പ്രതിരോധിക്കുന്നു എന്നതിന്റെ തിയറ്റര്‍ ആവിഷ്‌കാരങ്ങളാണ് മിക്കനാടകങ്ങളും. ലിംഗനീതിയും പല നാടകങ്ങളുടേയും പ്രമേയമാണ്. ഒരേസമയം വികസിത രാജ്യങ്ങളില്‍ നിന്നും മൂന്നാംലേകരാജ്യങ്ങൡ നിന്നുമുള്ള നാടകങ്ങള്‍ ഇക്കുറി അരങ്ങേറും. കഴിഞ്ഞ വര്‍ഷത്തെ പോലെ അറബ് രാജ്യങ്ങളിലെ സാംസ്‌കാരിക ചലനങ്ങളെ വിഷയമാക്കുന്ന നാടകങ്ങള്‍ കാണാനുള്ള അവസരവും ഇത്തവണ മേളയിലുണ്ടാകും.
12 അന്താരാഷ്ട്ര നാടകങ്ങള്‍, 5 ദേശീയ നാടകങ്ങള്‍, 4 മലയാള നാടകങ്ങള്‍ എന്നിവയാണ് ഇക്കുറി നാടകോത്സവത്തില്‍ അവതരിപ്പിക്കപ്പെടുന്നത്. മലേഷ്യ, ലബനോണ്‍, ഇറാന്‍, ജപ്പാന്‍, ടര്‍ക്കി, ജര്‍മ്മനി, സിംഗപ്പൂര്‍, ഇറാഖ്, ബല്‍ജിയം എന്നീ രാജ്യങ്ങളില്‍ നിന്നുള്ള നാടകങ്ങളാണ് ഇറ്റ്‌ഫോക്കിന്റെ എട്ടാം എഡിഷനെ സമ്പന്നമാക്കുന്നത്. ഒപ്പം പൂന, ഡെല്‍ഹി, ചെന്നൈ എന്നിവിടങ്ങളില്‍ നിന്നുള്ള തിയറ്റര്‍ ഗ്രൂപ്പുകളും തൃശൂരിലെത്തുന്നു.
മലേഷ്യയില്‍ നിന്നുള്ള ബാലിംഗ് ആയിരിക്കും വിദേശനാടകങ്ങളില്‍ ഏറ്റവും ശ്രദ്ധേയമാകുക എന്നു കരുതപ്പെടുന്നു. 1955 ഡിസംബര്‍ 28ന് മലയയിലെ ഒരു സ്‌കൂള്‍ റൂമില്‍ നടന്ന ചര്‍ച്ച പുനരാവിഷ്‌കരിക്കുകയാണ് നാടകം. യുദ്ധത്തില്‍ തകര്‍ന്ന രാജ്യത്ത് സമാധാനം പുനസ്ഥാപിക്കുന്നതിനായുള്ള ശ്രമങ്ങളോടൊപ്പം രാഷ്ട്രം, ഭീകരത, രാജ്യസ്‌നേഹം, ത്യാഗം, കീഴടങ്ങല്‍, സ്വാതന്ത്ര്യം തുടങ്ങിയവയെല്ലാം ചര്‍ച്ച ചെയ്യപ്പെടുന്ന നാടകം അക്ഷരാര്‍ത്ഥത്തില്‍ സമകാലിക പ്രസക്തിയുള്ള രാഷ്ട്രീയനാടകമായിരിക്കുമെന്നാണ് നാടകപ്രേമികള്‍ കരുതുന്നത്. ലബനോണില്‍ നിന്നുള്ള സില്‍ക്ക് ത്രെഡും ഏറെ പ്രതീക്ഷകള്‍ ഉയര്‍ത്തിയിട്ടുണ്ട്. സമകാലികാവസ്ഥയില്‍ പൗരുഷത്തെ നിര്‍വ്വചിക്കാനുള്ള ശ്രമമാണ് ഈ നാടകം. മിത്തോളജിയിലൂടേയും ആധുനിക ചിന്തകളിലൂടേയും സമകാലികസംഭവങ്ങളിലൂടേയും ഭരണസംവിധാനത്തെ ചോദ്യം ചെയ്യുന്ന നാടകത്തിന്റെ അന്തര്‍ധാര ലിംഗനീതി തന്നെയാണ്. യാഥാര്‍ത്ഥ്യവം സങ്കല്‍പ്പവും ഇടകലര്‍ന്ന ആവിഷ്‌കാരീതിയാണ് നാടകത്തിന്റേത്. ലബനണില്‍ നിന്നുള്ള ദി ബാറ്റില്‍ സീന്‍ എന്ന നാടകത്തിലും പ്രേക്ഷകര്‍ക്കു പ്രതീക്ഷയുണ്ട്. .
ഇറാനില്‍ നിന്നുള്ള ഐ കാണ്‍ട് ഇമാജിന്‍ ടുമാറോ എന്ന നാടകം ആത്മവിശ്വാസമില്ലാത്ത ഒരു അധ്യാപകനും സുഹൃത്തായ സ്ത്രീയും തമ്മിലുള്ള ബന്ധത്തിലൂടെ മനുഷ്യബന്ധങ്ങളെ അനാവരണം ചെയ്യുന്നു. ജപ്പാനില്‍ നിന്നുള്ള കളര്‍ ഓഫ് അവര്‍ ബ്ലഡാകട്ടെ ഭാവിയല്‍ ജീവിക്കുന്ന മനുഷ്യനെയാണ് പ്രമേയമാക്കുന്നത്. സാങ്കിതകവിദ്യയും ശാസ്ത്രവുമെല്ലാം ഇനിയുമേറെ വികസിച്ച കാലത്തെ മനുഷ്യന്റെ പ്രശ്‌നങ്ങളും വികാരങ്ങളും വിചാരങ്ങളും ഏകാന്തതുമെല്ലാം ചിത്രീകരിക്കാനുള്ള ശ്രമംമാണ് ഈ നാടകം. ചരിത്രത്തെ സംഖ്യകളാക്കുമ്പോള്‍ നഷ്ടപ്പെടുന്ന മനുഷ്യനെ കണ്ടെത്താനുള്ള ശ്രമമാണ് ഹെവണ്‍സ് എന്ന ലബനോണ്‍ നാടകം. ജര്‍മ്മന്‍ നാടകമായ തലാമസ് ആകട്ടെ സംഗീതത്തിലൂടേയും നൃത്തത്തിലൂടേയും ജിീവിതത്തെ മനസിലാക്കാന്‍ ശ്രമിക്കുമ്പോള്‍ ടര്‍ക്കിയില്‍ നിന്നുള്ള മാജിക് ട്രീ രണ്ടു കഥാപാത്രങ്ങള്‍ തമ്മിലുള്ള സംഘര്‍ഷത്തിലൂടെയാണ് അതിനു ശ്രമിക്കുന്നത്. യൂറോപ്പ് നേരിടുന്ന സാമ്പത്തിക പ്രശ്‌നങ്ങള്‍, തൊഴില്‍ പ്രശ്‌നങ്ങള്‍, കുടിയേറ്റ ഭയങ്ങള്‍ തുടങ്ങിയ പ്രശ്‌നങ്ങളാണ് ചിയര്‍ ലീഡര്‍ ഓഫ് യൂറോപ്പ് എന്ന സിംഗപ്പൂര്‍ നാടകത്തിന്റെ പ്രമേയം. പലതരം കാത്തിരിപ്പുകളുമായുള്ള മനുഷ്യരെയാണ് വെയ്റ്റിംഗ് എന്ന ഇറാഖ് നാടകം അവതരിപ്പിക്കുന്നത്.
ചെന്നൈ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ചന്ദ്രലേഖ തിയറ്റര്‍ ഗ്രൂപ്പിന്റെ ‘ശരീര’ യാണ് ഉദ്ഘാടനനാടകം. ശരീരം തന്നെയാണ് നാടകത്തിന്റെ പ്രമേയം. ചെന്നൈയില്‍ നിന്നുതന്നെയുള്ള ലീവിംഗ് സ്‌മൈലില്‍ ട്രൂപ്പിന്റെ കളര്‍ ഓഫ് ട്രാന്‍സ് 2.0. എന്ന നാടകം ലൈംഗികന്യൂനപക്ഷങ്ങളുടെ പ്രശ്‌നങ്ങളാണ് അവതരിപ്പിക്കുന്നത്. ട്രാന്‍സ്‌ജെന്റര്‍ വിഭാഗത്തില്‍ നിന്നുള്ളവര്‍ തന്നെയാണ് ഈ നാടകത്തില്‍ അഭിനയിക്കുന്നത്. ഡെല്‍ഹിയില്‍ നിന്നുള്ള മെയില്‍ ആന്റ് ഹാസ് സ്‌ട്രേയ്റ്റ് ആന്റീന പൗരുഷത്തെയാണ് വിശകലനം ചെയ്യുന്നത്. മുഖ്യമായും നൃത്തത്തിലൂടെയാണ് നാടകാവിഷ്‌കാരം. ഡല്‍ഹിയില്‍ നിന്നുള്ള ധോടാ ദിന്‍ സേ നാടകത്തിന്റെ പ്രമേയവും സ്ത്രീപീഡനം തന്നെ.
മലയാള സാഹിത്യചരിത്രത്തിലെ നാഴികക്കല്ലായ രണ്ട് രചനകളുടെ രംഗാവിഷ്‌കാരമാണ് എട്ടാം ഇറ്റ്‌ഫോക്കിന്റെ ഏറ്റവും ആകര്‍ഷണീയമാക്കുന്നത്. മലയാളത്തിലെ ആദ്യത്തെ സ്ത്രീനാടകമായ ‘മറിയാമ്മ’യും, ഒ വി വിജയന്റെ ഖസാക്കിന്റെ ഇതിഹാസത്തിന്റെ നവ രംഗാവിഷ്‌കാരവുമാണവ. സ്ത്രീനാടകങ്ങളിലെ നാഴികക്കല്ലെന്ന് വിശേഷിപ്പിക്കാവുന്ന ‘മറിയാമ്മ’, ശ്രീനാഥ് നായരാണ് അരങ്ങിലെത്തിക്കുന്നത്. 1878 ല്‍ കൊച്ചീപ്പന്‍ തരകന്‍ രചിച്ച മറിയാമ്മ എന്ന നാടകത്തെ വിസ്മൃതിയില്‍ നിന്ന് വീണ്ടെടുക്കുകയാണ് ശ്രീനാഥ് നായര്‍. ഇരുപത്തിയൊന്നാം നൂറ്റാണ്ടില്‍ മറിയാമ്മ വീണ്ടും രംഗത്തെത്തുമ്പോള്‍ സ്ത്രീകളുടെ സാമൂഹ്യാവസ്ഥക്ക് കാര്യമായ മാറ്റം സംഭവിച്ചിട്ടില്ലെന്ന യാഥാര്‍ത്ഥ്യം കൂടി മറിയാമ്മ പങ്കു വയ്ക്കുന്നു.
നാഷണല്‍ സ്‌കൂള്‍ ഓഫ് ഡ്രാമയിലെ അധ്യാപകനും സ്‌പൈനല്‍ കോഡ് എന്ന നാടകത്തിലൂടെ ശ്രദ്ധേയനുമായ ദീപന്‍ ശിവരാമനാണ് മലയാളി വായിച്ച ഏറ്റവും വലിയ ഇതിഹാസത്തിന് പുതിയ രംഗഭാഷ്യം ചമയ്ക്കുന്നത്. തൃക്കരിപ്പൂര്‍ ഗ്രാമത്തിലെ ജനങ്ങളുടെ സഹകരണത്തോടെയാണ് ദീപന്‍ നാടകത്തിന് രംഗാവിഷ്‌കാരം ഒരുക്കിയത്. കൂട്ടായ്മയുടെ ഈ നാടകം തൃക്കരിപ്പൂരില്‍ 9 തവണ അരങ്ങേറിയപ്പോഴും പ്രേക്ഷകരുടെ നിറഞ്ഞ സാന്നിധ്യമുണ്ടായിരുന്നു. അദ്ദേഹവും മൃതദേഹവും (ഗോപാല്‍ജി, ഫ്‌ളോട്ടിംഗ് ഐലന്റ് ഗ്രൂപ്പ് കൊച്ചി) മത്തി (ജിനോ ജോസഫ്, മലയാള കലാനിലയം നാടകവേദി, കണ്ണൂര്‍) എന്നിവയാണ് മറ്റു മലയാള നാടകങ്ങള്‍. നാടകോല്‍സവ ദിനങ്ങളില്‍ മീറ്റ് ദ ആര്‍ട്ടിസ്റ്റ്, ഡയറക്ടേഴ്‌സ് റൗണ്ട് ടേബിള്‍ എന്നീ പരിപാടികളും ഉണ്ടായിരിക്കും.
ഇതൊക്കെയാണെങ്കിലും നാടകപ്രേമികളെ നിരാശരാക്കുന്ന സംഭവങ്ങളും ഉണ്ടാകുന്നുണ്ട്. നാടകോത്സവത്തിനു കൂടുതല്‍ ഫണ്ടനുവദിക്കാത്തതിനാലും ഉള്ള ഫണ്ടുതന്നെ വെട്ടിക്കുറച്ചതിനാലും ലോകനാടകവേദിയിലെ മഹത്തായ പരീക്ഷണങ്ങള്‍ പലതും മേളക്കെത്തുന്നില്ല എന്നതാണതില്‍ മുഖ്യം.. ചിലവു ചുരുക്കാനായി അംഗങ്ങള്‍ കുറഞ്ഞ ടീമുകളുടെ നാടകങ്ങളാണ് മുഖ്യമായും അവതരിക്കപ്പെടുന്നത്. കേരളത്തിലെ നാടകപ്രവര്‍ത്തകര്‍ക്ക് നാടകോത്സവത്തിന്റെ സംഘാടനത്തില്‍ നല്‍കിയിരുന്ന പങ്കാളിത്തവും മലയാളത്തിലെ ലഘുനാടകങ്ങള്‍ക്ക് നല്‍കിയിരുന്ന അവസരങ്ങളും മേളയുടെ ഭാഗമായ സെമിനാറുകളും ഓപ്പണ്‍ ഫോറങ്ങളുമെല്ലാം നിര്‍ത്തലാക്കിയതുമെല്ലാം വ്യാപകമായ പ്രതിഷേധങ്ങള്‍ക്ക് കാരണമായിട്ടുണ്ട്.
സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പന്ത്രണ്ടാം വര്‍ഷത്തേക്ക് കടക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2024 - 25 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.
The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in