മഴ ശക്തം – പക്ഷെ

അടുത്തകാലത്തൊന്നും കാണാത്ത ശക്തിയോടെയാണ് ഇക്കുറി കേരളത്തില്‍ മഴ പെയ്യുന്നത്. മരങ്ങളില്ലെങ്കിലും മഴ പെയ്യുമെന്നതിനു ഇതിനേക്കാള്‍ വലിയ തെളിവുവേണോ എന്നുപോലും ചില വികസനവാദികള്‍ ചോദിക്കുന്നതുകേട്ടു. പക്ഷെ എന്തു ഗുണം? എത്ര മഴ പെയ്താലും ഒഴുകുന്ന വെള്ളത്തെ പിടിച്ചു നിര്‍ത്താന്‍ പ്രകൃതി തന്ന സംവിധാനങ്ങളെല്ലാം ഏറെക്കുറെ നമ്മള്‍ തകര്‍ത്തു കഴിഞ്ഞു. അതില്‍ മരങ്ങള്‍ മുതല്‍ നെല്‍വയലുകള്‍ വരെയുള്ളവ ഉള്‍പ്പെടുന്നു. ജലസംഭരണികളായ വയലുകളും നീര്‍ത്തടങ്ങളും നികത്തുന്നതു തടഞ്ഞുള്ള നിയമത്തില്‍ പോലും വെള്ളം ചേര്‍ത്താണ് നാം ഈ മഴയെ കുറിച്ച് ഊറ്റം കൊള്ളുന്നതും […]

mmm

അടുത്തകാലത്തൊന്നും കാണാത്ത ശക്തിയോടെയാണ് ഇക്കുറി കേരളത്തില്‍ മഴ പെയ്യുന്നത്. മരങ്ങളില്ലെങ്കിലും മഴ പെയ്യുമെന്നതിനു ഇതിനേക്കാള്‍ വലിയ തെളിവുവേണോ എന്നുപോലും ചില വികസനവാദികള്‍ ചോദിക്കുന്നതുകേട്ടു. പക്ഷെ എന്തു ഗുണം? എത്ര മഴ പെയ്താലും ഒഴുകുന്ന വെള്ളത്തെ പിടിച്ചു നിര്‍ത്താന്‍ പ്രകൃതി തന്ന സംവിധാനങ്ങളെല്ലാം ഏറെക്കുറെ നമ്മള്‍ തകര്‍ത്തു കഴിഞ്ഞു. അതില്‍ മരങ്ങള്‍ മുതല്‍ നെല്‍വയലുകള്‍ വരെയുള്ളവ ഉള്‍പ്പെടുന്നു. ജലസംഭരണികളായ വയലുകളും നീര്‍ത്തടങ്ങളും നികത്തുന്നതു തടഞ്ഞുള്ള നിയമത്തില്‍ പോലും വെള്ളം ചേര്‍ത്താണ് നാം ഈ മഴയെ കുറിച്ച് ഊറ്റം കൊള്ളുന്നതും ആശ്വസിക്കുന്നതും.
ജലം സംരക്ഷിക്കുക എന്നാല്‍ ജലസ്രോതസ്സുകളെ സംരക്ഷിക്കലാണ്. അവിടെതന്നെയാണ് നമ്മള്‍ കത്തിവെക്കുന്നത്. 44 നദികള്‍ ഒഴുകുന്ന കേരളത്തിലാണ് വേനല്‍കാലത്ത് രൂക്ഷമായ കുടിവെള്ള ക്ഷാമം അനുഭവപ്പെടുന്നത്. അണക്കെട്ടുകളില്‍ വെള്ളമില്ലാതാകുന്നു. കുളങ്ങളും കിണറുകളും വറ്റുന്നു. തോടുകളും കായലുകളും നമുക്ക് നഷ്ടപ്പെട്ടു. അവ മലിനീമസമായി. ജലസ്രോതസ്സുകളെ തണ്ണീര്‍ത്തടങ്ങളെ നീര്‍ത്തടങ്ങളെ ജനകീയ പരിപാടികളിലൂടെ തിരിച്ചു കൊണ്ടുവരികയാണ് ഹരിത കേരളം എന്ന പദ്ധതിയുടെ ലക്ഷ്യമെന്നു സര്‍ക്കാര്‍ പറയുമ്പോള്‍ തന്നെയാണ് ഇത്തരത്തിലുള്ള നിയമഭേദഗതികളും വരുന്നത്.
കഴിഞ്ഞ വര്‍ഷം വേനല്‍കാലത്ത് ജലക്ഷാമം രൂക്ഷമായ സമയത്ത് സംസ്ഥാനത്ത് പലഭാഗത്തും മഴക്കുഴി നിര്‍മ്മാണവും ജലാശയങ്ങള്‍ തിരിച്ചുപിടിക്കലുമെല്ലാം ആരംഭിച്ചിരുന്നു. എന്നാല്‍ മഴയാരംഭിച്ചപ്പോള്‍ അത്തരം നീക്കങ്ങളുടെ വേഗത കുറഞ്ഞു. മഴ പെയ്യുമ്പോഴാണ് വെള്ളം സംഭരിക്കേണ്ടതെന്ന പ്രാഥമിക അറിവുപോലും നമുക്കില്ലാതായി. ഭാഗ്യവശാല്‍ ഇക്കുറി കാലവര്‍ഷം നേരത്തെ എത്തി. കഴിഞ്ഞ വര്‍ഷത്തെ പോലെ രൂക്ഷമായ കുടിവെള്ള ക്ഷാമം ഉണ്ടായില്ല. എന്നാല്‍ അതോടൊപ്പം ജലസംരക്ഷണ നടപടികളും നമ്മള്‍ ഉദാസീനമാക്കി. അതിന്റെ തികതഫലം അനുഭവിക്കാന്‍ പോകുന്നതേയുള്ളു.
ജലസാക്ഷരതയില്‍ കേരളം വളരെ പുറകിലാണ്. എല്ലാം അറിയുന്നവരാണെന്ന മലയാളിയുടെ അഹന്ത എത്രയോ പൊള്ളയാണെന്ന് ജലത്തോടുള്ള സമീപനത്തില്‍ നിന്നുതന്നെ വ്യക്തം. പ്രായമായവര്‍ ഇനി നന്നാകുമെന്ന് കരുതുക വയ്യ. കുട്ടികളിലാണ് ശ്രദ്ധ കേന്ദ്രീകരിക്കേണ്ടത്. ഈ വിഷയം വളരെ പ്രാധാന്യത്തോടെ പാഠ്യപദ്ധതിയില്‍ തന്നെ ഉള്‍പ്പെടുത്തേണ്ടതാണ്. ജലമാണ് ജീവന്റെ അടിസ്ഥാനമെന്നും അമ്മയുടെ ഉദരത്തില്‍ നമ്മുടെ ആരംഭം ജലത്തിലാണെന്നും . ജലം ഇറക്കിത്തന്നെയാണ് നമ്മുടെ അവസാനമെന്നും ശരീരത്തിന്റെ 72% ജലമാണെന്നുഭക്ഷണമില്ലാതെ 30 ദിവസം കഴിയാമെങ്കില്‍ ജലമില്ലാതെ മൂന്നു ദിവസം പോലും കഴിയാന്‍ സാധ്യമല്ലെന്നും കുട്ടികളെ ബോധ്യപ്പെടുത്തണം. എന്നാല്‍ സ്വന്തം വീട്ടിലെ കിണര്‍ പോലും മൂടിയ അധ്യാപകര്‍ക്ക് അതെങ്ങിനെ ആത്മാര്‍ത്ഥമായി പറയാനാകും?
രണ്ടുവര്‍ഷം മുമ്പ് നാസ കേരളത്തിലെ ജലസ്രോതസ്സുകളുടെ വിഭവ ഭൂപടം തയ്യാറാക്കിയപ്പോള്‍ മനസ്സിലായത് കണ്ടല്‍ കാടുകളുടെ നശീകരണം, കടല്‍ക്ഷോഭങ്ങള്‍, നീര്‍ത്തടങ്ങള്‍ നശിപ്പിക്കല്‍, നദീതിര കൈയേറ്റം, നദികളുടെ ശോച്യാവസ്ഥ, പശ്ചിമഘട്ട നശീകരണം, കുളങ്ങള്‍, കിണറുകള്‍ എന്നിവയുടെ തിരോധാനം എന്നിവ മൂലം ജലക്ഷാമം അപകടകരമാം വണ്ണം കൂടുന്നു എന്നായിരുന്നു.കേരളത്തിലെ ഭൂഗര്‍ഭ ജലനിരപ്പ് മഴക്കാലത്തുപോലും അപകടകരമായി താഴുന്നതായി കേന്ദ്ര ഭൂജലപഠനകേന്ദ്രം ആവര്‍ത്തിച്ച് വ്യക്തമാക്കിയിട്ടുള്ളതാണ്. അത് മഴക്കാലത്തുപോലും റീചാര്‍ജ്ചെയ്യപ്പെടുന്നില്ല. ഭാവിയിലേക്ക് അവശേഷിച്ചിട്ടുള്ള ഭൂഗര്‍ഭ ജലം ഊറ്റുന്നതും കൂടുന്നു. ജലത്തിന്റെ ക്രമരഹിതമായ വ്യാപനം, ശാസ്ത്രീയമായ ജലമാനേജ്മെന്റിന്റെ അപര്യാപ്തത, മലിനീകരണം, കാലാവസ്ഥാ വ്യതിയാനം, വന നശീകരണം. നീര്‍ത്തട നശീകരണം, ജലം അന്യസംസ്ഥാനങ്ങള്‍ക്ക് ഷെയര്‍ ചെയ്യുന്നതില്‍ അപാകത, ജലസ്രോതസ്സുകളുടെ സ്വകാര്യവത്കരണം തുടങ്ങിയവയൊക്കെ ഈ അവസ്ഥക്ക് കാരണമാണ്. മഴയുടെ ക്രമരഹിതമായ വ്യാപനം തടയുന്നതില്‍ നേരിട്ട് നമുക്ക് ഒന്നും ചെയ്യാന്‍ സാധിക്കുകയില്ല. പക്ഷേ വിദഗ്ദ്ധമായ ജലമാനേജ്മെന്റിലൂടെ അതിനെ മറികടക്കാനാകും. അത്തരം നടപടി ഹരിത കേരളത്തില്‍ വിഭാവനം ചെയ്തിട്ടുണ്ട്. പക്ഷെ നടപ്പാകുന്നത് വിപരീതമാണെന്നുമാത്രം. ഇക്കാര്യങ്ങളെല്ലാം ഘോരഘോരം പ്രസംഗിക്കുന്ന കൃഷിമന്ത്രി വി എസ് സുനില്‍ കുമാര്‍ പോലും കൊട്ടിഘോഷിക്കപ്പെട്ട നെല്‍വയല്‍ – നീര്‍ത്തട സംരക്ഷണ നിയമത്തില്‍ വെള്ളം ചേര്‍ത്തപ്പോള്‍ നിശബ്ദനായിരുന്നു എന്നതില്‍ നിന്നു നമ്മളെവിടെ എത്തിയിരിക്കുന്നു എന്നു വ്യക്തം.
മഴവെള്ള സംഭരണത്തെ കുറിച്ച് വാ തോരാതെ പറയുമ്പോഴും അതൊന്നും നടപ്പാക്കപ്പെടുന്നില്ല. എല്ലാ കെട്ടിടങ്ങളിലും അതിനുള്ള സംവിധാനം വേണമെന്നൊക്കെ പറയുന്നുണ്ട്. എന്നാല്‍ യാഥാര്‍ത്ഥ്യം എന്താണ്? 3000 മി.മി. മഴപെയ്യുന്ന കേരളത്തില്‍ ഒഴുകിയോടുന്ന ജലത്തെ, നടത്തി, ഇരുത്തി, കിടത്തി, ഉറക്കുന്ന പ്രക്രിയയാണ് മഴവെള്ളസംഭരണം. പ്രതിവര്‍ഷം 77900 ദശലക്ഷം ഘനമീറ്റര്‍ വെള്ളമാണ് നമ്മുടെ പുഴകളിലൂടെ ഒഴുകുന്നത്. ഇതില്‍ 42,700 ദശലക്ഷം ഘനമീറ്റര്‍ വെള്ളം മാത്രമേ നാം ഉപയോഗിക്കുന്നുള്ളൂ അതായത് ഒഴുകുന്നതിന്റെ 60% പാഴായിപ്പോകുന്നു. 44 നദികള്‍, 29 ശുദ്ധജല തടാകങ്ങള്‍, 70 ലക്ഷത്തിലധികം കിണറുകള്‍. കുഴല്‍ക്കിണറുകളും കൂടാതെ കുളങ്ങളും ചാലുകളും വേറെയും. നദികളില്‍നിന്ന് കിട്ടുന്ന വെള്ളത്തിന്റെ രണ്ടര ഇരട്ടി മഴയായും ലഭിക്കുന്നു. ഇവയെല്ലാംകൊണ്ട് സമ്പന്നമായ നാട്ടിലാണ് ഈ ദുരവസ്ഥ എന്നതാണ് കൗതുകകരം. ജലലഭ്യത കുറഞ്ഞ സംസ്ഥാനങ്ങള്‍ വളരെ ശ്രദ്ധയോടെ ഈ വിഷയം കൈകാര്യം ചെയ്യുമ്പോഴാണ് നമ്മുടെ ഈ അഹങ്കാരം എന്നതാണ് തമാശ. ഇനിയെങ്കിലും ഈ വിഷയം ഗൗരവത്തോടെ കാണാന്‍ നാം തയ്യാറാകണം. മഴവെള്ള സംഭരണം, കിണര്‍ റീചാര്‍ജ്ജിങ്ങ്, മഴക്കുഴി നിര്‍മ്മാണം, വനവല്‍ക്കരണം, വയല്‍ കൃഷി, കിണറിന്റെ പൂരിത മേഖലകളുടെ സംരക്ഷണം തുടങ്ങിയവയെല്ലാം ജലസാക്ഷരതയുമായി ബന്ധപ്പെട്ടവയാണ്. മണ്ണില്‍ ജലാംശം നിലനിര്‍ത്താന്‍ മഴക്കുഴി നിര്‍മ്മാണം കൂടാതെ മണ്‍ കയ്യാലകള്‍, കല്ല് കയ്യാലകള്‍, എന്നിവയുടെ നിര്‍മ്മാണവും ചെക്ക് ഡാമുകള്‍ നിര്‍മ്മിക്കല്‍, ജലാശയങ്ങളുടെ സംരക്ഷണം, തലക്കുള സംരക്ഷണം, പുഴ, തോട് സംരക്ഷണം, കുളം നിര്‍മ്മിക്കല്‍ തുടങ്ങിയവ സഹായിക്കും. മണ്ണൊലിപ്പ് തടയുന്നതിനും, മണ്ണിന്റെ ജലസംഭരണ ശേഷി വര്‍ദ്ധിപ്പിക്കുന്നതിനും, ജൈവ വൈവിധ്യം നിലനിര്‍ത്തുന്നതിനും, കാര്‍ഷിക വിളകളുടെ സംരക്ഷണത്തിനും മണ്ണില്‍ മഴവെള്ളം റീചാര്‍ജ്ജ് ചെയ്യുന്നതിലൂടെ സാധിക്കും. ഇക്കാര്യങ്ങളെല്ലാം കാര്യക്ഷമമായി നടപ്പായാല്‍ ഭൂഗര്‍ഭ ജലത്തിന്റെ തോത് വര്‍ദ്ധിക്കും. നദീതീര സംരക്ഷണവും പ്രധാന കാര്യമാണ്. നദികളുടെ ഉത്ഭവ സ്ഥാനം, നദീതീര സംരക്ഷണം, മണല്‍ തിട്ടകളുടെ സംരക്ഷണം, മണല്‍ വാരല്‍ നിയന്ത്രണം, നീരൊഴുക്ക് വര്‍ദ്ധിപ്പിക്കല്‍, ഉപരിതല ഭൂഗര്‍ഭ ജല ലഭ്യത വര്‍ദ്ധിപ്പിക്കല്‍, മാലിന്യ നിക്ഷേപം തടയല്‍, വ്യവസായ മാലിന്യങ്ങള്‍, ഗാര്‍ഹിക മാലിന്യങ്ങള്‍ എന്നിവ നിക്ഷേപിക്കുന്നത് ഒഴിവാക്കല്‍ തുടങ്ങിയവയെല്ലാം ഇതിന്റെ ഭാഗമാണ്. മഴയനുഗ്രഹിച്ച ഈ വര്‍ഷമെങ്കിലും ഇത്തരമൊരു മുന്‍കൈ ഉണ്ടായില്ലെങ്കില്‍ ഭാവിയില്‍ നാം ദുഖിക്കുമെന്നുറപ്പ്.

സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പന്ത്രണ്ടാം വര്‍ഷത്തേക്ക് കടക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2024 - 25 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in


ഞങ്ങളുടെ ഫേസ്ബുക് പേജ് ലൈക് ചെയ്യൂ..


Published On

Category: Latest news | Comments: 0 |

'ക്രിട്ടിക്കില്‍ പ്രസിദ്ധീകരിക്കുന്ന ലേഖനങ്ങള്‍ ലേഖകരുടെ അഭിപ്രായങ്ങളാണ്.. അവ പൂര്‍ണ്ണമായും ക്രിട്ടിക്കിന്റെ അഭിപ്രായങ്ങളാകണമെന്നില്ല - എഡിറ്റര്‍'

Be the first to write a comment.

Leave a Reply