ബഹിഷ്‌കരിക്കുക പരിസ്ഥിതിദിനം
പ്രകൃതിക്കെതിരായ കടന്നാക്രമങ്ങള്‍ക്കെതിരായ ബോധവല്‍ക്കരണ പ്രവര്‍ത്തനങ്ങളുടെ ഭാഗമായാണല്ലോ ജൂണ്‍ 5 പരിസ്ഥിതിദിനമായി ആചരിക്കാനാരംഭിച്ചത്. തീര്‍ച്ചയായും സമൂഹത്തില്‍ പാരിസ്ഥിതികാവബോധം സൃഷ്ടിക്കുന്നതില്‍ പരിസ്ഥിതി ദിനാചരണം നല്ല പങ്കു വഹിച്ചിട്ടുണ്ട്. എന്നാലത് പഴയ കഥ. ഇപ്പോഴത്തെ അവസ്ഥയെന്താണ്? ഭരണകൂടങ്ങളും പരിസ്ഥിതിക്കു ഭീഷണിയയുയര്‍ത്തുന്നവരും പരിസ്ഥിതി ദാനാചരണത്തിനു നേതൃത്വം നല്‍കാനാരംഭിച്ചതോടെ അതിന്റെ അന്തസത്ത ചോര്‍ന്നുകഴിഞ്ഞു. ഇപ്പോഴാവശ്യം പരിസ്ഥിതി ദിനാഘോഷങ്ങള്‍ ബഹിഷ്‌കരിക്കലാണ്. പരിസ്ഥിതി ദിനം ലോകവ്യാപകമായാണ് ആചരിക്കുന്നത്. അതിന്റെ സന്ദേശവും അതുതന്നെ. എന്നാല്‍ നമ്മുടെ കണ്ണിനുമുന്നിലെ യാഥാര്‍ത്ഥ്യം എന്താണ്? കേരളത്തിന്റെ സാഹചര്യം തന്നെ നോക്കുക. ഇവിടെ ആരാണ് […]
പ്രകൃതിക്കെതിരായ കടന്നാക്രമങ്ങള്‍ക്കെതിരായ ബോധവല്‍ക്കരണ പ്രവര്‍ത്തനങ്ങളുടെ ഭാഗമായാണല്ലോ ജൂണ്‍ 5 പരിസ്ഥിതിദിനമായി ആചരിക്കാനാരംഭിച്ചത്. തീര്‍ച്ചയായും സമൂഹത്തില്‍ പാരിസ്ഥിതികാവബോധം സൃഷ്ടിക്കുന്നതില്‍ പരിസ്ഥിതി ദിനാചരണം നല്ല പങ്കു വഹിച്ചിട്ടുണ്ട്. എന്നാലത് പഴയ കഥ. ഇപ്പോഴത്തെ അവസ്ഥയെന്താണ്? ഭരണകൂടങ്ങളും പരിസ്ഥിതിക്കു ഭീഷണിയയുയര്‍ത്തുന്നവരും പരിസ്ഥിതി ദാനാചരണത്തിനു നേതൃത്വം നല്‍കാനാരംഭിച്ചതോടെ അതിന്റെ അന്തസത്ത ചോര്‍ന്നുകഴിഞ്ഞു. ഇപ്പോഴാവശ്യം പരിസ്ഥിതി ദിനാഘോഷങ്ങള്‍ ബഹിഷ്‌കരിക്കലാണ്.
പരിസ്ഥിതി ദിനം ലോകവ്യാപകമായാണ് ആചരിക്കുന്നത്. അതിന്റെ സന്ദേശവും അതുതന്നെ. എന്നാല്‍ നമ്മുടെ കണ്ണിനുമുന്നിലെ യാഥാര്‍ത്ഥ്യം എന്താണ്? കേരളത്തിന്റെ സാഹചര്യം തന്നെ നോക്കുക. ഇവിടെ ആരാണ് പരിസ്ഥിതി ദിനം ആഘോഷിക്കാത്തത്? ഒരു ദിവസത്തെ ആഘോഷം. ചെയ്യുന്നതെന്താ? കുറെ മരം നടല്‍. ആ മരങ്ങള്‍ക്കെന്തു സംഭവിക്കുന്നു എന്നാരും അന്വേഷിക്കുന്നില്ല. ജൂണ്‍ 6 മുതല്‍ എല്ലാം പഴയപടി.
രണ്ടു വിഷയങ്ങളിലേക്ക് മാത്രം ശ്രദ്ധ ക്ഷണിക്കാം. സാധാരണ പരിസ്ഥിതി ദിനാഘോഷവുമായി ബന്ധപ്പെട്ട് പറയാത്തവ ഒന്ന് കേരളത്തില്‍ പുതിയ റോഡുകള്‍ക്കായി സ്ഥലമേറ്റെടുക്കലുകളും അതിനെതിരായ സമരങ്ങളും സജീവമാണല്ലോ. എന്തിനാണ് പുതിയ റോഡ്? പെരുകുന്ന വാഹനങ്ങള്‍ക്കായി. വാഹനങ്ങളുടെ ആധിക്യം സൃഷ്ടിക്കുന്ന ആഗോളതാപനമടക്കമുള്ള പാരിസ്ഥിതിക പ്രശ്‌നങ്ങള്‍ നമുക്കറിയാത്തതല്ലല്ലോ. എന്നാല്‍ ചുരുങ്ങിയപക്ഷം ഒരു വീട്ടില്‍ പരമാവധി ഒരു കാര്‍ എന്നെങ്കിലും തീരുമാനമെടുക്കാന്‍ എന്തേ നമുക്കാവുന്നില്ല? അതുപോലെ തന്നെ കെട്ടിടങ്ങളും. കെട്ടിടങ്ങള്‍ക്കായാണല്ലോ പ്രധാനമായും മല തുരന്ന് ക്വാറികളും പുഴയെ മാന്തി മണലുമൂറ്റുന്നത്? കേരളത്തില്‍ സ്വന്തമായി വീടില്ലാത്തവരുടെ എണ്ണത്തേക്കാള്‍ കൂടുതല്‍ വീടുകളും ഫഌറ്റുകളും പൂട്ടികിടക്കുന്നുണ്ട്. എന്നിട്ടും ഇക്കാര്യത്തിലും ഒരു നിയന്ത്രണം കൊണ്ടുവരാനാകാത്തതെന്തേ? ചര്‍ച്ചയില്‍ പോലും അക്കാര്യം വരുന്നില്ലല്ലോ.
തീര്‍ച്ചയായും ക്വാറികളെ കുറിച്ചും പുഴകളെ കുറിച്ചും പാടങ്ങളെ കുറിച്ചും കരിമണല്‍ – കളിമണ്‍ ഘനനത്തെ കുറിച്ചും വനസംരക്ഷണത്തെ കുറിച്ചും നഗരമാലിന്യത്തെ കുറിച്ചും ഫാക്ടറികള്‍ സൃഷ്ടിക്കുന്ന മലിനീകരണത്തെ കുറിച്ചും പ്ലാസ്റ്റിക്കിനെ കുറിച്ചും പരിസ്ഥിതി ദിനത്തില്‍ ചര്‍ച്ച ചെയ്യാറുണ്ട്. അതുതുടങ്ങി കാലമേറെയായി. എന്നാല്‍ എടുത്തുപറയത്തക്ക നടപടികളൊന്നും ഈ വിഷയങ്ങളില്‍ ഉണ്ടായിട്ടില്ല. പശ്ചിമഘട്ടമേഖല ഇന്ന് ക്വാറി മാഫിയയുടെ പിടിയിലാണ്. അതേസമയത്ത് ഗാഡ്ഗില്‍ റിപ്പോര്‍ട്ടിനെിരെ അതിശക്തമായി രംഗത്തുവന്ന വിശാലമായ സഖ്യത്തെ കുറിച്ച് നമുക്കറിയാം. മലയോരങ്ങളെ കാര്‍ന്നുതിന്നുന്ന ക്വാറികള്‍ മുഖ്യമായും പ്രവര്‍ത്തിക്കുന്നത് അവിടങ്ങളിലെ നിര്‍മ്മാണപ്രവര്‍ത്തനങ്ങള്‍ക്കായല്ല എന്നതും മറക്കരുത്. കേരളത്തിലെമ്പാടും നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ പരിധിവിട്ട രീതിയിലാണ് നടക്കുന്നത്. നാമെല്ലാം അതിനുത്തരവാദികളാണ്.
മറുവശത്ത് ഏറെ കൊട്ടിഘോഷിച്ച നെല്‍വയല്‍ – നീര്‍ത്തട സംരക്ഷണ നിയമത്തെ അട്ടിമറിക്കാനുള്ള നീക്കം ശക്തമാണ്. അതു തടഞ്ഞേതീരു. അപ്പോഴും ഇതിനൊരു മറുവശമുണ്ട്. നെല്‍വയലുകളും നീര്‍ത്തടങ്ങളും സംരക്ഷിക്കാനുള്ള ബാധ്യത കര്‍ഷകരുടേതാണ് എന്ന ധാരണയാണത്. ബാക്കിയുള്ളവര്‍ക്ക് ഭൂമിയടക്കം എന്തും കച്ചവടം ചെയ്യാം. എല്ലാവര്‍ക്കും ഭക്ഷണം നല്‍കാനുളള ബാധ്യത കര്‍ഷകരുടേതും. അതു മാറിയേ തീരു കൃഷിഭൂമി സംക്ഷിക്കേണ്ട ഉത്തരവാദിത്തം കര്‍ഷകന്റെ മാത്രമല്ല, സമൂഹത്തിന്റെ മൊത്തമാകണം. അതില്ലാത്തതിനാലായിരുന്നു നെല്‍വയലുകളും തണ്ണീര്‍ത്തടങ്ങളും ഇല്ലാതായി വന്നത്. ഇനിയെങ്കിലും ആ തെറ്റുതിരുത്തണം. കൃഷി സംരക്ഷിക്കലാണ് വികസനത്തിന്റെ ഏറ്റവും പ്രധാനപ്പെട്ട മുഖം എന്ന് അംഗീകരിക്കലാണ് മുഖ്യം. അതില്ലാത്തതിനാലാണ് വിമാനത്താവളവും മെട്രോയും ഫഌറ്റ് സമുച്ചയങ്ങളും മറ്റും പ്രധാനമാകുന്നത്.
മറ്റെല്ലാ മേഖലകളിലും ഇതു തന്നെ അവസ്ഥ. വാസസ്ഥലം നഷ്ടപ്പെട്ട പുലികളും കടുവകളും ആനകളും നാട്ടിലെത്തി മനുഷ്യനെ അക്രമിക്കുന്നു. പ്ലാസ്റ്റിക് നിരോധനം ഫലിക്കുന്നില്ല. നിറ്റാ ജലാറ്റിനുകള്‍ പ്രവര്‍ത്തനം ഭംഗിയായി തുടരുന്നു. മണല്‍ മാഫിയ അക്രമാസക്തമാകുന്നു. നഗരമാലിന്യം ഗ്രാമീണര്‍ തന്നെ ചുമക്കുണു. പുഴകള്‍ മരിക്കുന്നു. ചൂടുകൂടുന്നു. കൊച്ചി മുങ്ങാന്‍ പോകുന്നു. കൂടംകുളവും കണികാപരീക്ഷണവും സജീവമാകുന്നു. പട്ടിക എത്രവേണമെിലും നീട്ടാം.
തീര്‍ച്ചയായും ഒരു വശത്ത് പരിസ്ഥിതി മൗലികവാദവും വളരുന്നുണ്ട്. വികസനമൗലികവാദം ശക്തമാകുമ്പോള്‍ അത് സ്വാഭാവികം. പലരാജ്യത്തും പരിസ്ഥിതി തീവ്രവാദം ശക്തമാണെന്ന് മറക്കരുത്. ഇത്തരെ സാഹചര്യത്തില്‍ ഒരു ദിവസത്തെ വാചകമടിയില്‍ ഒരര്‍ത്ഥവുമില്ല. പരിസ്ഥിതിയെ സ്‌നേഹിക്കുന്നവര്‍ ചെയ്യേണ്ടത് പരിസ്ഥിതി ദിനാഘോഷം ബഹിഷ്‌കരിക്കുകയാണ്.
സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പന്ത്രണ്ടാം വര്‍ഷത്തേക്ക് കടക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2024 - 25 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.
The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in