പോലീസ് മോഷ്ടാക്കളായി മാറുമ്പോള്‍ ജനങ്ങള്‍ എന്തു ചെയ്യണം?

പ്രസന്നകുമാര്‍ ടി.എന്‍. കേരളാപോലീസില്‍ ക്രിമിനല്‍ സ്വഭാവമുള്ളവര്‍ ധാരാളമുണ്ടോയെന്ന് സംശയിക്കുന്നവര്‍ പോലീസ് അടിച്ചുതകര്‍ത്ത കാതിക്കുടത്തെ നിറ്റാ ജലാറ്റിന്‍ പരിസരത്തെ വീടുകള്‍ സന്ദര്‍ക്കുക. ക്രിമിനല്‍ സ്വഭാവമുള്ളവര്‍ കേരളപോലീസില്‍ ഇപ്പോഴും ധാരാളമുണ്ടെന്ന് ബോധ്യം വരും. ഐക്യകേരളത്തിനുശേഷം അരനൂറ്റാണ്ടിലേറെ കഴിഞ്ഞിട്ടും, പോലീസിനെ ജനകീയവല്‍ക്കരിക്കാനുള്ള നിരവധി ശ്രമങ്ങള്‍ക്കുശേഷവും ഇപ്പോഴും നമ്മുടെ പോലീസ് സംവിധാനം ഇത്രമാത്രം ജനവിരുദ്ധമാകുന്നതെന്തുകൊണ്ടാണ്? സമരങ്ങളില്‍ പോലീസ് നടത്തുന്ന ലാത്തിച്ചാര്‍ജുകളും പരിക്കുപറ്റലും പുതിയ സംഭവമല്ലെങ്കിലും ഒരു പ്രകോപനവുമില്ലാതെ ജനങ്ങളെ വൈരാഗ്യബുദ്ധിയോടെ തല്ലിച്ചതച്ചിട്ടും പോരാതെ പരിസരത്തുള്ള വീടുകളിലെ വാതിലുകള്‍ ചവിട്ടിത്തുറന്ന് വീട്ടിലുള്ളതെല്ലാം അടിച്ചുപൊട്ടിച്ചും, സ്ത്രീകളുടെ […]

64396_155683721291069_1734484152_n

പ്രസന്നകുമാര്‍ ടി.എന്‍.

കേരളാപോലീസില്‍ ക്രിമിനല്‍ സ്വഭാവമുള്ളവര്‍ ധാരാളമുണ്ടോയെന്ന് സംശയിക്കുന്നവര്‍ പോലീസ് അടിച്ചുതകര്‍ത്ത കാതിക്കുടത്തെ നിറ്റാ ജലാറ്റിന്‍ പരിസരത്തെ വീടുകള്‍ സന്ദര്‍ക്കുക. ക്രിമിനല്‍ സ്വഭാവമുള്ളവര്‍ കേരളപോലീസില്‍ ഇപ്പോഴും ധാരാളമുണ്ടെന്ന് ബോധ്യം വരും. ഐക്യകേരളത്തിനുശേഷം അരനൂറ്റാണ്ടിലേറെ കഴിഞ്ഞിട്ടും, പോലീസിനെ ജനകീയവല്‍ക്കരിക്കാനുള്ള നിരവധി ശ്രമങ്ങള്‍ക്കുശേഷവും ഇപ്പോഴും നമ്മുടെ പോലീസ് സംവിധാനം ഇത്രമാത്രം ജനവിരുദ്ധമാകുന്നതെന്തുകൊണ്ടാണ്?

സമരങ്ങളില്‍ പോലീസ് നടത്തുന്ന ലാത്തിച്ചാര്‍ജുകളും പരിക്കുപറ്റലും പുതിയ സംഭവമല്ലെങ്കിലും ഒരു പ്രകോപനവുമില്ലാതെ ജനങ്ങളെ വൈരാഗ്യബുദ്ധിയോടെ തല്ലിച്ചതച്ചിട്ടും പോരാതെ പരിസരത്തുള്ള വീടുകളിലെ വാതിലുകള്‍ ചവിട്ടിത്തുറന്ന് വീട്ടിലുള്ളതെല്ലാം അടിച്ചുപൊട്ടിച്ചും, സ്ത്രീകളുടെ ആഭരണളും മൊബൈല്‍ ഫോണുകളും, ക്യാമറയും, പണവും അപഹരിക്കപ്പെട്ട വാര്‍ത്തകള്‍ അപൂര്‍വ്വമാണ്. വീട്ടിലുള്ളവരെ ലാത്തി ഒടിയുന്നതുവരെ തല്ലിച്ചതച്ച് വലിച്ചിഴച്ച കഥകള്‍, സ്്ത്രീകള്‍ കരഞ്ഞുപറഞ്ഞിട്ടും ചുമരില്‍ തൂക്കിയ ഫോട്ടോകള്‍പോലും നിലത്തിട്ടുചവിട്ടിത്തകര്‍ത്ത സംഭവങ്ങള്‍. പോലീസ് അതിക്രമങ്ങള്‍ക്ക് ഇരയായ വീടുകളിലെ സ്ത്രീകളുടെ അനുഭവവിവരണം കേള്‍ക്കുക. നമ്മുടെ ജനാധിപത്യത്തെക്കുറിച്ചോര്‍ത്ത് ലജ്ജിക്കേണ്ടിവരും. ജനങ്ങളുടെ ജീവനും സ്വത്തും സംരക്ഷിക്കാന്‍ ബാധ്യസ്ഥരായവരാണ് ശരിക്കും കൊള്ളക്കാരെപ്പോലെ പെരുമാറിയത്. ചില വിഷ്വല്‍ മീഡിയകളൊഴിച്ച് പത്രവാര്‍ത്ത കണ്ട് സ്വയം കേസെടുത്തെ മനുഷ്യാവകാശകമ്മീഷന്‍ അംഗങ്ങളാരും ഇതുവരെ ഈ വീടുകളോ, ആശുപത്രിയില്‍ മര്‍ദ്ദനമേറ്റവരെയോ സന്ദര്‍ശിച്ചിട്ടില്ല. പല സ്ത്രീകളും പോലീസ് മദ്യപിച്ചിരുന്നതായി സാക്ഷ്യപ്പെടുത്തുന്നു. കമ്പനിക്കുവേണ്ടി ജനങ്ങളെ തല്ലുമ്പോള്‍ തീര്‍ച്ചയായും അവരുടെ സല്‍ക്കാരം സ്വീകരിച്ചിട്ടുവേണമല്ലോ ജനതയെ തല്ലാനും കൊള്ളയടിക്കാനും.

‘ജനമൈത്രി’ പൊലീസിനെക്കുറിച്ചും നീതിയെക്കുറിച്ചുമൊക്കെ ഇടയ്ക്കിടയ് പ്രസംഗത്തില്‍ പറയുന്ന അഭ്യന്തരമന്ത്രിയും പരിവാരങ്ങളും കാതിക്കുടത്ത് പൊലീസ് തന്നെ കൊള്ളക്കാരായി മാറിയ കഥ അറിയണം. പഴത്തൊലിയും ബ്രഡ്ഡും പോലീസിനുനേരെ സമരക്കാര്‍ എറിഞ്ഞതുകാരണമാണ്, ലാത്തിച്ചാര്‍ജ്ജ് വേണ്ടിവന്നതെന്നെല്ലാം എഴുതിവിടുന്ന മുഖ്യധാരാ പത്രങ്ങളും ഈ സ്ത്രീകളോട് സംസാരിക്കണം. അവര്‍ നാളെ തൃശൂരില്‍ പത്രസമ്മേളനം നടത്തുന്നുണ്ട്. പോലീസ് സ്‌റ്റേഷനുമുന്നില്‍ ധര്‍ണ്ണയും നടത്താന്‍ ഉദ്ദേശിക്കുന്നുണ്ട്. തങ്ങളുടെ വീടുകളില്‍നിന്ന് പോലീസ് മോഷ്ടിച്ച സ്വര്‍ണ്ണവും പണവും, വസ്തുക്കളും തിരിച്ചുതരണമെന്ന് ആവശ്യപ്പെട്ട് ജനങ്ങള്‍ക്ക് മാതൃക പോലീസ് സ്റ്റേഷനുമുന്നില്‍ ഇരിക്കേണ്ടിവരുന്ന ഗതികെട്ട അവസ്ഥ, തങ്കമണിയിലെ അതിക്രമങ്ങള്‍ക്കുശേഷം കേരളപൊലീസിന്റെ ചരിത്രത്തിലെ വലിയ നാണക്കേടാവാന്‍ പോവുകയാണ്.

പതിറ്റാണ്ടുകളായി പതിനായിരക്കണക്കിനാളുകളുടെ കുടിവെള്ള ശ്രോതസ്സായ ചാലക്കുടി പുഴയിലേക്ക് രാസവിഷജലം തുറന്നുവിടുന്ന, അന്തരീക്ഷമലിനീകരണം നടത്തുന്ന നിറ്റാജലാറ്റിന്‍ എന്ന വിഷഫാക്ടറിക്കെതിരെയായിരായിരുന്നു കഴിഞ്ഞ അഞ്ചുവര്‍ഷങ്ങളായി ജനങ്ങളവിടെ സമരം ചെയ്തുവന്നിരുന്നത്. കാന്‍സറും ശ്വാസകോശ രോഗങ്ങളും പെരുകി സഹികെട്ട ഒരു ജനതയുടെ അന്തിമസമരത്തില്‍പോലും എടുത്തുപറയാവുന്ന ഒരു അതിക്രമം ആ ജനതയുടെ ഭാഗത്തുനിന്നുണ്ടായിട്ടില്ല. ഇത്രയും ക്രൂരമായ മര്‍ദ്ദനങ്ങള്‍ക്കുശേഷവും മലയാള മനോരമ പത്രത്തിലെ വാര്‍ത്തയില്‍ 27 പോലീസുകാരുടെ പരിക്കിനെക്കുറിച്ച് പറയുന്നുണ്ട്. ‘പോലീസിനെതിരെ സമരക്കാര്‍ തിരിഞ്ഞതാണ് പ്രശ്‌ന’മെന്ന വൃത്തികെട്ട നാടകത്തിനുവേണ്ടി കുറച്ചുപോലീസുകാര്‍ ചാലക്കുടി ഗവണ്‍മെന്റ് ആശുപത്രിയില്‍ കിടക്കുന്നുണ്ട്. മനോരമ ലേഖകന്‍ അവിടെ പോയി ഒന്നു നോക്കണം. അപ്പോള്‍ കാണാം ഒരു പരിക്കുമില്ലാത്ത പൊലീസുകാരുടെ ആശുപത്രി സുഖവാസജീവിതം. അതേ ഹോസ്പിറ്റലിലും, സെന്റ് ജെയിസ് ഹോസ്പിറ്റലിലും, അങ്കമാലി ലിറ്റില്‍ ഫഌവര്‍ ആശുപത്രിയിലും തലപൊട്ടി, കൈ ഒടിഞ്ഞ്, പുറവും കൈകാലുകളും ചോരകക്കിയ പാടുകളുമായി വേദനിച്ച് കഴിയുന്ന സമരത്തില്‍ പങ്കെടുത്ത അമ്പതിലേറെ ആളുകളുമുണ്ട്. അത് കേസിനുവേണ്ടിയുള്ള നാടകമായിരുന്നില്ലെന്ന് പറഞ്ഞുകൊടുക്കേണ്ട ധാര്‍മ്മിക ഉത്തരവാദിത്തമുണ്ടെന്ന് സമൂഹം ധരിക്കുന്ന പത്രപ്രവര്‍ത്തകരാണ് ഇത്തരം വൃത്തികേടുകള്‍ വാര്‍ത്തയായി എഴുതിവിടുന്നത്.
നമ്മുടെ സംഘടിത തൊഴിലാളിവര്‍ഗ്ഗത്തെക്കുറിച്ചും ലജ്ജിക്കേണ്ട അവസ്ഥയാണ്. വായുവിലും ജലത്തിലും വിഷം വിതക്കുന്ന ഈ ഫാക്ടറി സംരക്ഷിക്കുന്നത് മാനേജ് മെന്റിനൊപ്പം അവിടുത്തെ ‘ഇടതുപക്ഷ’മടക്കമുള്ള എല്ലാ തൊഴിലാളി യൂണിയനുകളും കൂടിയാണ്. സമരപ്രവര്‍ത്തകരുടെ വീടുകളും വാഹനങ്ങളും പോലീസിന് ചൂണ്ടിക്കാണിച്ചുകൊടുത്ത് അവരും ആ ജനവഞ്ചന ഭംഗിയായി നിര്‍വ്വഹിച്ചവരാണ്. എവിടെയാണ് അധികാരമില്ലാത്ത, അരികുവല്‍ക്കരണത്തിന് വിധേയരായ ജനത നടത്തുന്ന സമരങ്ങള്‍ക്കൊപ്പം ‘വിപ്ലവവര്‍ഗ്ഗ’മെന്ന് നാം കരുതുന്ന ഈ സംഘടിതവര്‍ഗ്ഗം അടുത്തകാലത്ത് നിന്നിട്ടുള്ളത്. കാതിക്കുടത്തെ മാത്രം അനുഭവമല്ല ഇത്. മുത്തങ്ങയിലും, ചങ്ങറയും, ഇപ്പോള്‍ നടക്കുന്ന അരിപ്പ സമരത്തിലും ഇവര്‍ സമരത്തിനെതിരായിരുന്നല്ലോ. പക്ഷേ ഈ മര്‍ദ്ദനങ്ങള്‍ക്കെല്ലാം ഒരു ഗുണമുണ്ടായി ആ പ്രദേശത്തെ ഒരു ജനത മുഴുവന്‍ കമ്പനിയ്‌ക്കെതിരായ സമരത്തില്‍ ഐക്യപ്പെട്ടു. ഇനി എന്തുവിലകൊടുത്തും ഈ കമ്പനി പ്രവര്‍ത്തിപ്പിക്കാന്‍ അനുവദിക്കില്ലെന്ന ഒരൊറ്റ തീരുമാനത്തിലേക്ക് അവരെല്ലാം എത്തിച്ചേര്‍ന്നു. അത്രവേഗം തോല്‍ക്കേണ്ട സമരങ്ങളിലൊന്നല്ല കാതിക്കുടം സരമം. നാം അതിനനുവദിക്കയുമരുത്. ജലത്തിനും ശുദ്ധവായുവിനും വേണ്ടി നടക്കുന്ന ജനതയുടെ അടിസ്ഥാന ആവശ്യത്തെ, നമ്മുടെ വികസന സങ്കല്‍പങ്ങളെ, സര്‍വ്വോപരി മനുഷ്യന്റെ നിലനില്‍പിന്റെ ഹരിത രാഷ്ട്രീയത്തെ ഈ സമരം അഭിസംബോധന ചെയ്യുന്നുണ്ട്.

 

സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പന്ത്രണ്ടാം വര്‍ഷത്തേക്ക് കടക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2024 - 25 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in


ഞങ്ങളുടെ ഫേസ്ബുക് പേജ് ലൈക് ചെയ്യൂ..


Published On

Category: Kerala | Comments: 1 |

'ക്രിട്ടിക്കില്‍ പ്രസിദ്ധീകരിക്കുന്ന ലേഖനങ്ങള്‍ ലേഖകരുടെ അഭിപ്രായങ്ങളാണ്.. അവ പൂര്‍ണ്ണമായും ക്രിട്ടിക്കിന്റെ അഭിപ്രായങ്ങളാകണമെന്നില്ല - എഡിറ്റര്‍'

Feedback

One thought on “പോലീസ് മോഷ്ടാക്കളായി മാറുമ്പോള്‍ ജനങ്ങള്‍ എന്തു ചെയ്യണം?

  1. Avatar for Critic Editor

    Sekharan Athanikal

    പോലീസുണ്ടായ കാലം മുതല്‍ പോലീസിന്റെ സ്വഭാവം ഇതുതന്നെയാണ്. ഇത് മേല്‍ഘടകത്തിന്റെ ആവശ്യപ്രകാരമാണ് പോലീസ് ചെയ്യാറുള്ളു. ബലാല്‍സംഗം നടക്കാതിരുന്നെങ്കില്‍ ഭാഗ്യം. തങ്കമണിസംഭവത്തിലും അതിനു മുന്‍പും പിന്പും പോലീസ് പരിപാടി ഇതൊക്കെയാണ്. അടുത്ത ഒരു ആക്രമണം ഭയന്ന് സ്ത്രീകളും കുട്ടികളും ഭാവിയിലെങ്കിലും സമരത്തിനു വരാതിരിക്കാന്‍ ഇതു സഹായിക്കുമെന്നാണ് പോലീസിന്റെ കണക്കുകൂട്ടല്‍ . കോടതികള്‍ക്കിതറിയാം. ഒരു കോടതിയും ഫലപ്രദമായി പോലീസിന്റ ഈ പേക്കൂത്തിനെതിരെ ഫലപ്രദമായി എന്തെങ്കിലും ചെയ്ത ചരിത്രമില്ല. ഒരേ തൂവല്‍ പക്ഷകളല്ലേ!

Leave a Reply