പിണറായി ആഭ്യന്തര വകുപ്പ് ഒഴിയണം
പിണറായി വിജയന്‍ മുഖ്യമന്ത്രി സ്ഥാനവും ആഭ്യന്തരവകുപ്പും ഏറ്റെടുത്തപ്പോള്‍ കക്ഷിരാഷ്ട്രീയത്തിനതീതമായി പലരും പലതും പ്രതീക്ഷിച്ചു. കര്‍ക്കശക്കാരനെന്നറിയപ്പെടുന്ന അദ്ദേഹം പോലീസിന്റെ അതിക്രമങ്ങള്‍ക്ക് അറുതി വരുത്തുമെന്നതായിരുന്നു അതില്‍ പ്രധാനം. എന്നാല്‍ സംഭവിക്കുന്നതെല്ലാം തിരിച്ചാണ്. സംസ്ഥാനത്തു പോലീസ് അതിക്രമങ്ങള്‍ വളരെയധികം വര്‍ദ്ധിച്ചതായി പോലീസ് കംപ്ലെയ്ന്റ് അതോറിട്ടിയും മനുഷ്യാവകാശ കമ്മീഷനും പല തവണ ചൂണ്ടികാട്ടി കഴിഞ്ഞു. നിരന്തരമായി പോലീസിനു വീഴ്ച പറ്റി എന്നു പറയുന്ന മുഖ്യമന്ത്രി പക്ഷെ താഴെക്കിടയിലുള്ള ഏതാനും പേര്‍ക്കെതിരെ നടപടിയെടുത്ത് കൈ കഴുകുകയാണ്. ഫലപ്രദമായ നടപടികളൊന്നും അദ്ദേഹം സ്വീകരിക്കുന്നില്ല. മാത്രമല്ല പോലീസിന്റെ […]
പിണറായി വിജയന്‍ മുഖ്യമന്ത്രി സ്ഥാനവും ആഭ്യന്തരവകുപ്പും ഏറ്റെടുത്തപ്പോള്‍ കക്ഷിരാഷ്ട്രീയത്തിനതീതമായി പലരും പലതും പ്രതീക്ഷിച്ചു. കര്‍ക്കശക്കാരനെന്നറിയപ്പെടുന്ന അദ്ദേഹം പോലീസിന്റെ അതിക്രമങ്ങള്‍ക്ക് അറുതി വരുത്തുമെന്നതായിരുന്നു അതില്‍ പ്രധാനം. എന്നാല്‍ സംഭവിക്കുന്നതെല്ലാം തിരിച്ചാണ്. സംസ്ഥാനത്തു പോലീസ് അതിക്രമങ്ങള്‍ വളരെയധികം വര്‍ദ്ധിച്ചതായി പോലീസ് കംപ്ലെയ്ന്റ് അതോറിട്ടിയും മനുഷ്യാവകാശ കമ്മീഷനും പല തവണ ചൂണ്ടികാട്ടി കഴിഞ്ഞു. നിരന്തരമായി പോലീസിനു വീഴ്ച പറ്റി എന്നു പറയുന്ന മുഖ്യമന്ത്രി പക്ഷെ താഴെക്കിടയിലുള്ള ഏതാനും പേര്‍ക്കെതിരെ നടപടിയെടുത്ത് കൈ കഴുകുകയാണ്. ഫലപ്രദമായ നടപടികളൊന്നും അദ്ദേഹം സ്വീകരിക്കുന്നില്ല. മാത്രമല്ല പോലീസിന്റെ മനോവീര്യം തകര്‍ക്കരുതെന്ന പ്രസ്താവനയിലൂടേയും ഭീകരനിയമമായ യുഎപിഎ കേരളത്തില്‍ പ്രയോഗിക്കുന്നതിലൂടേയും അദ്ദേഹം പരോക്ഷമായി പോലീസിന്റെ അതിക്രമങ്ങള്‍ക്കു കൂട്ടുനില്‍ക്കുകയാണ്. ഈ അവസരത്തിലാണ് പിണറായി ആഭ്യന്തരവകുപ്പ് ഒഴിയുക എന്ന ആവശ്യം പ്രസക്തമാകുന്നത്.
കഴിഞ്ഞ ദിവസത്തെ ചില വാര്‍ത്തകള്‍ തന്നെ നോക്കൂ. തിരൂരില്‍ പുലര്‍ച്ചെ വീട്ടില്‍ക്കയറി ദളിത് യുവതിയെ വെടിവച്ചു കൊല്ലുമെന്ന് എസ്.ഐ. ഭീഷണിപ്പെടുത്തിയിരിക്കുന്നു. യുവതിയുടെ നെഞ്ചില്‍ റിവോള്‍വര്‍ ചൂണ്ടി വെടിവച്ചു കൊല്ലുമെന്നു ഭീഷണിപ്പെടുത്തി. ബൂട്‌സിട്ട കാലുകൊണ്ട് യുവതിയുടെ പുറംകാല്‍ ചവിട്ടിയരച്ചു. തടയാനെത്തിയ സഹോദരന്റെ ഭാര്യയെ പുറത്തു തൊഴിച്ചുവീഴ്ത്തി. പരുക്കേറ്റവരെ തിരൂര്‍ ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സി.പി.എം. പ്രവര്‍ത്തകര്‍ക്കു വെട്ടേറ്റതുമായി ബന്ധപ്പെട്ട കേസിലെ പ്രതികളെ തേടിയായിരുന്നു നാടുവിറപ്പിച്ച് പോലീസ് എത്തിയത്. വാതില്‍ തുറക്കാനാവശ്യപ്പെട്ടപ്പോള്‍ ഭയംനിമിത്തം പുഷ്പ തുറന്നില്ല. ക്ഷുഭിതരായ പോലീസുകാര്‍ വീടിന്റെ പിന്‍വാതില്‍ തകര്‍ത്ത് അകത്തു കടന്നു യുവതികളെ ആക്രമിക്കുകയായിരുന്നു. ഉറങ്ങിക്കിടന്ന ഭര്‍ത്താവ് ശശിയെയും സഹോദരപുത്രന്മാരായ സനീഷിനെയും സഖിലിനെയും കസ്റ്റഡിയിലെടുത്തു. അസഭ്യം പറഞ്ഞും അട്ടഹസിച്ചുമെത്തിയ പോലീസിനെ കണ്ട് അയല്‍ക്കാരും ഭയചകിതരായി. പോലീസ് മടങ്ങിപ്പോയശേഷം നാട്ടുകാരാണ് പരുക്കേറ്റവരെ ആശുപത്രിയിലെത്തിച്ചത്. കസ്റ്റഡിയിലെടുത്തവര്‍ക്ക് പടിഞ്ഞാറെക്കര സംഭവത്തില്‍ യാതൊരു പങ്കുമില്ലെന്നും നാട്ടുകാര്‍ പറയുന്നു. പോലീസിന്റെ ആത്മവീര്യത്തിന് അവസാനത്തെ ഉദാഹരണം മാത്രമാണിത്. കഴിഞ്ഞ ദിവസം രാത്രിതന്നെ തൃശൂരില്‍ ട്രാന്‍സ്‌ജെന്റര്‍ വിഭാഗത്തില്‍ പെട്ടവരെ പോലീസ് തല്ലിച്ചതക്കുകയുണ്ടായി. ട്രാന്‍സ്‌ജെന്റേഴ്‌സിനെമുഖ്യധാരയിലേക്കും കൊമഅടുവരുമെന്നവകാശപ്പെട്ട് നിരവധി നടപടികള്‍ സര്‍ക്കാര്‍ പ്രഖ്യാപിച്ചിരിക്കുമ്പോഴാണ് ഈ ക്രൂരമായ നടപടി ഉണ്ടായിരിക്കുന്നത്. മാസങ്ങള്‍ക്കുമുമ്പ് എറണാകുളത്തും ഇത്തരം സംഭവം അരങ്ങേറിയിരുന്നു.
കഴിഞ്ഞ ദിവസം തന്നെ അയല്‍വാസി വീട്ടില്‍ അതിക്രമിച്ചു കയറി കത്തികാട്ടി ഭീഷണിപ്പെടുത്തി പീഡിപ്പിച്ച സംഭവം ബാഹ്യസമ്മര്‍ദ്ദത്താല്‍ പോലീസ് ഒതുക്കിയെന്ന പരാതിയുമായി ആലപ്പുഴയില്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടി രംഗത്ത് വന്നു. സംഭവംനടന്നു മാസങ്ങള്‍ക്കുശേഷം പെണ്‍കുട്ടി ആത്മഹത്യയ്ക്കു ശ്രമിച്ചതോടെ വിവാദമായ സംഭവത്തില്‍ പ്രതി അറസ്റ്റിലായെങ്കിലും പോലീസിനെ പ്രതിക്കൂട്ടിലാക്കുന്ന പരാതി, സംസ്ഥാന ബാലാവകാശ സംരക്ഷണ കമ്മിഷനും ആലപ്പുഴ ജില്ലാ ശിശുസംരക്ഷണ ഓഫീസര്‍ക്കുമാണു ലഭിച്ചിരിക്കുന്നത്. ആലപ്പുഴ ജില്ലയിലെ തൃക്കുന്നപ്പുഴ പോലീസ് സ്‌റ്റേഷന്‍ പരിധിയിലായിരുന്നു സംഭവം. വീട്ടില്‍ മറ്റാരുമില്ലാത്ത സമയത്ത് എത്തിയ അയല്‍വാസിയായ യുവാവ് കത്തികഴുത്തില്‍വച്ചു ഭയപ്പെടുത്തിയശേഷം പീഡിപ്പിച്ചെന്നാണു പതിനാറുകാരിയുടെ പരാതി.വനിതാ പോലീസ് മൊഴിയെടുത്തു. എന്നാല്‍ ചില രാഷ്ട്രീയ നേതാക്കളുടെയും സമുദായ നേതാക്കളുടെയും താല്‍പര്യപ്രകാരം പോലീസ് ഉദ്യോഗസ്ഥര്‍ കേസെടുക്കാതെ ഒത്തുതീര്‍പ്പു ചര്‍ച്ചകള്‍ക്ക് മുന്‍കൈയെടുത്തു. പ്രായപൂര്‍ത്തിയായശേഷം ആരോപണവിധേയനെക്കൊണ്ടു പെണ്‍കുട്ടിയെ വിവാഹം ചെയ്യിപ്പിക്കാമെന്നായിരുന്നു ഒത്തുതീര്‍പ്പ് ധാരണ. ഇതിനുള്ള അധികാരം പോലീസിനു ആരാണ് നല്‍കിയതാവോ?
കുണ്ടറയില്‍ സഭവം അതിനേക്കാളറെ ഭീകരമാണ്. രണ്ടുമാസം മുമ്പു ദുരൂഹസാഹചര്യത്തില്‍ മരിച്ച പത്തുവയസുകാരി ഒന്നിലധികം തവണ ലൈംഗികമായി പീഡിപ്പിക്കപ്പെട്ടിരുന്നെന്നു പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്. മൃതദേഹത്തില്‍ 22 മുറിവുകളുണ്ടായിരുന്നു. എന്നാല്‍, തുടരന്വേഷണം നടത്താതെ റിപ്പോര്‍ട്ട് പോലീസ് മുക്കി. വീട്ടുകാര്‍ സഹകരിക്കുന്നില്ല എന്ന വാദമാണ് ന്യായീകരണമായി പോലീസ് ഉയര്‍ത്തിയത്്. അവസാനം ഏറെവൈകി മുത്തച്ഛനെ പിടികൂടേണ്ടിവന്നു. കുണ്ടറ സി.ഐ: സാബുവിനെ തിരുവനന്തപുരം റേഞ്ച് ഐ.ജി. സസ്‌പെന്‍ഡ് ചെയ്തിട്ടുണ്ട്.
തൃശൂര്‍ നെഹ്‌റു കോളജില്‍ മരിച്ച വിഷ്ണു പ്രണോയിയുടെയും വാളയാറില്‍ നിഷ്ഠൂരമായി കൊലചെയ്യപ്പെട്ട പെണ്‍കുട്ടികളുടെയും കൊച്ചിയില്‍ ദുരൂഹസാഹചര്യത്തില്‍ മരിച്ച മിഷേലിന്റേയും വിഷയങ്ങളിലും പോലീസ് പ്രതിക്കൂട്ടില്‍ തന്നയാണ്. ഇടതുപക്ഷക്കാരായ വിഷ്ണുവിന്റഎ വീട്ടുകാര്‍ ഡിജിപിയുടെ ഓഫീസിനുമുന്നില്‍ സമരമാരംഭിക്കാന്‍ പോകുന്നു. ഇവരുടെ വീട്ടുകാരെല്ലാം പോലീസിനെതിരെ വിമര്‍ശനമുന്നയിച്ചിട്ടുണ്ട്. കൊട്ടിയൂരിലെ വൈദികന്‍ നടത്തിയ ബലാല്‍സംഗകേസിലും പോലീസിനു വീഴ്ചപറ്റിയെന്നതും അംഗീകരിക്കപ്പെട്ടുകഴിഞ്ഞു.
സദാചാരോ പോലീസിംഗിനെതിരെ കര്‍ശന നടപടിയെടുക്കുമെന്ന് സര്‍ക്കാര്‍ ശക്തമായിതന്നെ പ്രഖ്യാപിച്ചിട്ടുണ്ട്. അതുമായി ബന്ധപ്പെട്ട് സര്‍ക്കുലറും നിലവിലുണ്ട്. എന്നാല്‍ യൂണിവേഴ്‌സിറ്റി കോളേജിലും മറൈന്‍ഡ്രൈവിലുമുണ്ടായി സംഭവങ്ങളില്‍ പോലീസ് നിഷ്‌ക്രിയമായിരുന്നു. കൊച്ചിയില്‍ ചെറിയൊരു സസ്‌പെന്‍ഷന്‍ നല്‍കിയെന്നുമാത്രം. സ്ത്രീ സുരക്ഷക്കായി രൂപീകരിച്ച പിങ്ക് പോലീസിന്റെ മുഖ്യപരിപാടി സദാചാരപോലീസിംഗാണെന്നും പരാതിയുണ്ട്. ഇതിനെല്ലാം പുറമെയാണ് യു എ പി എയും രാജ്യദ്രോഹ കുറ്റവും ചുമത്തലും വ്യാജഏറ്റുമുട്ടല്‍ കൊലപാതകവും മറ്റും സംസ്ഥാനത്ത് അരങ്ങേറുന്നത്. ആരോപണവിധേയനായ ഡിജിപിയെ സംരക്ഷിക്കുന്ന മുഖ്യമന്ത്രി അക്രമിക്കുന്നത് മുന്‍ ഡിജിപി സെന്‍കുമാറിനെയാണെന്നതാണ് കൗതുകകരം.
പൊതുജനമധ്യത്തില്‍ ഇക്കാര്യങ്ങള്‍ ചര്‍ച്ച ചെയ്ത് പോലീസിന്റെ മനോവീര്യം തകര്‍ക്കുന്നതിനോട് യോജിക്കാനാവില്ലെന്ന മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെ നിലപാടുതന്നെയാണ് പിണറായിയും സ്വീകരിക്കുന്നത്. ഇത് രാജ്യഭരണമല്ല, ജനാധിപത്യമാണെന്നും ജനങ്ങളില്‍ നിന്ന് ഒന്നും ഒളിക്കാനുള്ള അവകാശം പോലീസിനോ രാഷ്ട്രീയനേതൃത്വങ്ങള്‍ക്കോ ഇല്ല എന്ന അടിസ്ഥാനതത്വമാണ് ഈ നിലപാടുവഴി തള്ളിക്കളയുന്നത്. ഇന്ത്യക്കാരെ ഭയപ്പെടുത്തി ഭരിക്കാനായി ബ്രിട്ടീഷുകാര്‍ രൂപം കൊടുത്ത പോലീസ് ആക്ടിലും മറ്റു സംവിധാനങ്ങളിലും ഇപ്പോഴും കാര്യമായ മാറ്റമൊന്നുമില്ലല്ലോ. ബ്രിട്ടനില്‍ അതെല്ലാം മാറിയെന്നത് വേറെ കാര്യം. ചേട്ടാ എന്നു വിളിച്ചതിന് ഒരു കൗമാരക്കാരനെ ക്രൂരമായി മര്‍ദ്ദിച്ച സംഭവവും അടുത്തുണ്ടായല്ലോ. പോലീസ് ജനങ്ങളുടെ സുഹൃത്താകണം, സഹായിയാകണം എന്നൊക്കെ പറയുമ്പോഴും നിര്‍ഭാഗ്യവശാല്‍ അങ്ങനെ മാറ്റാന്‍ കമ്യൂണിസ്റ്റ് നേതൃത്വത്തിലുള്ള സര്‍ക്കാരിനുപോലും താല്‍പ്പര്യമില്ല എന്നതാണ് യാഥാര്‍ത്ഥ്യം. വിമോചനസമരകാലത്ത് പോലീസ് നടത്തിയ ഒരു വെടിവെപ്പ് തെറ്റായിരുന്നു എന്നു പാര്‍ട്ടിക്കു ബോധ്യമായിട്ടും അതിനെ ന്യായീകരിക്കാന്‍ തീരുമാനിച്ച അനുഭവം കെ ദാമോദരന്‍ തന്റെ ആത്മകഥയില്‍ വിശദീകരിക്കുന്നുണ്ട്. ആ അവസ്ഥ തന്നെയാണ് ഇപ്പോഴും. മാത്രമല്ല, പിണറായി മുഖ്യമന്ത്രിയായതിനുശേഷം മൂന്നു ലോക്കപ്പ് കൊലപാതകങ്ങളും നടന്നു കഴിഞ്ഞു. ലോക്കപ്പ് മര്‍ദ്ദനങ്ങള്‍ക്കും ഒരു കുറവുമില്ല. മുന്‍ വി എസ് സര്‍ക്കാരിന്റഎ കാലത്ത് ആഭ്യന്തരമന്ത്രിയായിരുന്ന കോടിയേരി ബാലകൃഷ്ണന്‍ വരുത്തിയ മാറ്റങ്ങളില്‍ നിന്ന് പുറകിലേക്കാണ് ഇപ്പോള്‍ കേരള പോലീസ് പോകുന്നത്. പോലീസില്‍ വലിയൊരു ഭാഗം ക്രിമിനലുകളാണെന്നു സെന്‍കുമാര്‍ പരസ്യമായി തന്നെ പറഞ്ഞിട്ടുണ്ട്. സ്വാധീനമില്ലാത്തവരുടെ കേസുകളോട് പലപ്പോഴും പോലീസ് ഉദാസീനരാണെന്ന് വാളയാര്‍ സംഭവവുമായി ബന്ധപ്പെട്ട് ശ്രീലേഖ ഐ പി എസും പറയുന്ന കേട്ടു. എന്നാല്‍ അതിനൊരു മാറ്റമുണ്ടാക്കാന്‍ സര്‍ക്കാരിനാകുന്നില്ല. ജിഷ സംഭവത്തില്‍ മുന്‍സര്‍ക്കാരിന്റെ പോലീസിനു പറ്റിയ വീഴ്ചയായിരുന്നു എല്‍ഡിഎഫിന്റെ പ്രധാന തെരഞ്ഞെടുപ്പു പ്രചാരണ വിഷയം എന്നു കൂടി ഓര്‍ക്കണം.
ഇത്തരമൊരു സാഹചര്യത്തിലാണ് എം വി ജയരാജനെ മുഖ്യമന്ത്രി തന്റെ പ്രൈവറ്റ് സെക്രട്ടറിയാക്കിയിരിക്കുന്നത്. ആഭ്യന്തരവകുപ്പിനെ സജീവമാക്കാനാണ് ഈ നിയമനമെന്ന സംസാരം തിരുവനന്തപുരത്തുണ്ട്. പോലീസ് സ്‌റ്റേഷന്‍ മതിലെല്ലാം ചാടികടന്ന് പരിചയമുള്ള ജയരാജന് എന്തെങ്കിലും ചെയ്യാന്‍ കഴിയുമെങ്കില്‍ നല്ലത്. എന്നാല്‍ ആഭ്യന്തരവകുപ്പിന് ഒരു മുഴുവന്‍ സമയ മന്ത്രിയെ നിയമിക്കുന്നതാണ് ഉചിതം. ജി സുധാകരനേയോ മറ്റൊ പരിഗണിക്കാവുന്നതാണ്.
സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പന്ത്രണ്ടാം വര്‍ഷത്തേക്ക് കടക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2024 - 25 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.
The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in