തെരഞ്ഞെടുപ്പിലെ തെരഞ്ഞെടുപ്പ്…
തീര്‍ച്ചയായും നിയമസഭാ തെരഞ്ഞെടുപ്പില്‍ രാഷ്ട്രീയം തന്നെയാണ് മുഖ്യം. എന്നാലത് പരിസ്ഥിതി സംരക്ഷിച്ചു കൊണ്ടുള്ള കേരളത്തിന്റെ വികസനത്തിന്റേയും പിന്നോക്കം നില്‍ക്കുന്ന വിഭാഗങ്ങളുടെ സാമൂഹ്യനീതിയുടേയും അക്രമരാഹിത്യത്തിന്റേയും സാമുദായിക ഐക്യത്തിന്റേയും അഴിമതി രഹിത ഭരണത്തിന്റേയും മൂല്യാധിഷ്ഠിത രാഷ്ട്രീയമായിരിക്കണം. നിര്‍ഭാഗ്യവശാല്‍ തെരഞ്ഞെടുപ്പില്‍ കൊമ്പുകോര്‍ക്കുന്ന മൂന്നു മുന്നണികള്‍ക്കും ഇത്തരത്തിലുള്ള വിശാലനിലപാടുകളില്ല. ഇത്തരം ഗൗരവമായ വിഷയങ്ങളില്‍ അല്‍പ്പസ്വല്‍പ്പം ഏറ്റക്കുറച്ചിലോടെ ഏറെക്കുറെ സമാനമായ നിലപാടാണ് മൂവ്വരുടേയും. ഏറ്റവും ലളിതമായി പറഞ്ഞാല്‍ അഴിമതിയും രാഷ്ട്രീയ ഫാസിസവും വര്‍ഗ്ഗീയ ഫാസിസവുമാണ് ഏറ്റുമുട്ടുന്നത്. മൂന്നും ജനാധിപത്യസംവിധാനത്തിനു ഭീഷണിതന്നെ. അതിനാല്‍ തന്നെ ഏതെങ്കിലുമൊരു […]
തീര്‍ച്ചയായും നിയമസഭാ തെരഞ്ഞെടുപ്പില്‍ രാഷ്ട്രീയം തന്നെയാണ് മുഖ്യം. എന്നാലത് പരിസ്ഥിതി സംരക്ഷിച്ചു കൊണ്ടുള്ള കേരളത്തിന്റെ വികസനത്തിന്റേയും പിന്നോക്കം നില്‍ക്കുന്ന വിഭാഗങ്ങളുടെ സാമൂഹ്യനീതിയുടേയും അക്രമരാഹിത്യത്തിന്റേയും സാമുദായിക ഐക്യത്തിന്റേയും അഴിമതി രഹിത ഭരണത്തിന്റേയും മൂല്യാധിഷ്ഠിത രാഷ്ട്രീയമായിരിക്കണം. നിര്‍ഭാഗ്യവശാല്‍ തെരഞ്ഞെടുപ്പില്‍ കൊമ്പുകോര്‍ക്കുന്ന മൂന്നു മുന്നണികള്‍ക്കും ഇത്തരത്തിലുള്ള വിശാലനിലപാടുകളില്ല. ഇത്തരം ഗൗരവമായ വിഷയങ്ങളില്‍ അല്‍പ്പസ്വല്‍പ്പം ഏറ്റക്കുറച്ചിലോടെ ഏറെക്കുറെ സമാനമായ നിലപാടാണ് മൂവ്വരുടേയും.
ഏറ്റവും ലളിതമായി പറഞ്ഞാല്‍ അഴിമതിയും രാഷ്ട്രീയ ഫാസിസവും വര്‍ഗ്ഗീയ ഫാസിസവുമാണ് ഏറ്റുമുട്ടുന്നത്. മൂന്നും ജനാധിപത്യസംവിധാനത്തിനു ഭീഷണിതന്നെ. അതിനാല്‍ തന്നെ ഏതെങ്കിലുമൊരു മുന്നണിയെ സമ്പൂര്‍ണ്ണമായി പിന്തുണക്കാനാകാത്ത അവസ്ഥയിലാണ് ജനാധിപതയവിശ്വാസികള്‍. ആരു ഭരിച്ചാലുമെന്താ എന്ന സാധാരണ ചോദ്യം അതിന്റെ പ്രതിഫലനമാണ്. അതിനെ അരാഷ്ട്രീയമെന്നു വിളിച്ചാക്ഷേപിക്കാന്‍ എളുപ്പമാണ്. എന്നാല്‍ അത്തരത്തില്‍ അരാഷ്ട്രീയവാദം വളരാന്‍ കാരണം രാഷ്ട്രീയക്കാര്‍ തന്നെ എന്നതാണ് സൗകര്യപൂര്‍വ്വം വിസ്മരിക്കുന്നത്.
അതേസമയം നമ്മുടെ ജനാധിപത്യവ്യവസ്ഥയുടെ സവിശേഷത അത് പാര്‍ട്ടികള്‍ക്കും രാഷ്ട്രീയത്തിനുമൊപ്പം വ്യക്തികള്‍ക്കും പ്രാധാന്യം നല്‍കുന്നു എന്നതാണ്. അതും രണ്ടും ചേര്‍ന്ന ചേരുവയാണ് നമ്മുടെ തെരഞ്ഞെടുപ്പ് സംവിധാനം. പാര്‍ട്ടിസ്വാധിനം കുറഞ്ഞ മേഖലകളിലും ചില വ്യക്തികള്‍ ജയിക്കുന്നതും സ്വാധീനം കൂടിയ മേഖലയില്‍ ചില വ്യക്തികള്‍ തോല്‍ക്കുന്നതും അതിനുദാഹരണമാണല്ലോ. പാര്‍ട്ടികളുടെ ജനവിരുദ്ധമായ നിലപാടുകളെ അതിജീവിക്കുന്ന ചിലരെങ്കിലും ഇപ്പോഴുമുണ്ട്. നേരത്തെ സൂചിപ്പിച്ച രീതിയില്‍ കേരളം നേരിടുന്ന ഗൗരവമായ വിഷയങ്ങളില്‍ ഗുണാത്മകമായി പ്രതികരിക്കുന്നവരും ഇല്ലാതില്ല. ഇത്തരമൊരു സാഹചര്യത്തില്‍ ജനാധിപത്യ വിശ്വാസികള്‍ക്ക് ചെയ്യാനാവുന്നത് ഒന്നാണ്. അത്തരത്തില്‍ ശക്തമായ നിലപാടുകളെടുക്കുന്നവരെ പിന്തുണക്കുകയും അത്തരക്കാര്‍ മത്സരിക്കാത്തയിടങ്ങൡ നോട്ടയെ പിന്തുണക്കുകയുമാണത്. നോട്ടക്കു കിട്ടുന്ന വോട്ടുകളുടെ വര്‍ദ്ധനവ് തീര്‍ച്ചയായും നമ്മുടെ പ്രസ്ഥാനങ്ങളെ പുനര്‍ചിന്തനത്തിനു പ്രേരിപ്പിക്കുമെന്നു കരുതാം.
ഇത്തരമൊരു നിലപാടില്‍നിന്ന് തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്ന ചില സ്ഥാനാര്‍ത്ഥികളെ പിന്തുണക്കാനാണ് ഈ കുറിപ്പില്‍ ഉദ്ദേശിക്കുന്നത്. അവരുടെ പാര്‍ട്ടിരാഷ്ട്രീയം ഇവിടെ പരിഗണിക്കുന്നതേയില്ല.
ഇത്തരമൊരു പരിശോധനയില്‍ ആദ്യം വരുന്ന പേര് പി ടി തോമസിന്റേതാണ്. ലോകം നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളിയായി ആഗോളതാപനവും കാലാവസ്ഥാ വ്യതിയാനവും മാറിയിട്ടും കൊടും ചൂടില്‍ മനുഷ്യര്‍ തളരുമ്പോഴും കുടിവെള്ളത്തിനുവേണ്ടി അലയുമ്പോഴും കേരളത്തിന്റെ അനുഗ്രഹമായ പശ്ചിമഘട്ടത്തെ തകര്‍ക്കാനുള്ള ശ്രമങ്ങള്‍ക്കെതിരെ ശക്തമായ നിലപാടെടുക്കുന്നത് അദ്ദേഹമാണ്. രാഷ്ട്രീയ ലാഭത്തിനായി ആരും എന്തും ചെയ്യുമ്പോള്‍ അതിനപവാദമാണ് പി ടി. തീര്‍ച്ചയായും പി ടി്കകെതിരെ മത്സരിക്കുന്ന സെബാസ്റ്റ്യന്‍ പോള്‍ പല കാരണങ്ങളാലും നിയംസഭയില്‍ വരേണ്ട വ്യക്തിയാണ്. എന്നാല്‍ പി ടിക്കുതന്നെയാണ് പ്രഥമ പരിഗണന.
ഗാഡ്ഗില്‍ റിപ്പോര്‍ട്ടിനോട് പി ടിയെ പോലെ നിലപാടെടുക്കുന്നില്ലെങ്കിലും ഡോ തോമസ് ഐസക് പ്രതീക്ഷ നല്‍കുന്ന സ്ഥാനാര്‍ത്ഥി തന്നെയാണ്. ഐസക് ഊന്നുന്നത് ജൈവകൃഷിയിലാണ്. തീര്‍ച്ചയായും കേരളം ആവശ്യപ്പെടുന്ന ഒന്നു തന്നെയാണത്. ഉയര്‍ന്ന നേതാവായിട്ടും പാര്‍ട്ടി നിലപാടുകളെ ന്യായീകരിക്കാനോ വിവാദവിഷയങ്ങളല്‍ അഭിപ്രായം പറയാനോ ഐസക് രംഗത്തുവരുന്നില്ല എന്നത് ശ്രദ്ധേയമാണ്.
പുതുക്കാട് എം എല്‍ എ സി രവീന്ദ്രനാഥ് ജനപ്രതിനിധികള്‍ക്കൊരു മാതൃകയാണ്. അദ്ദേഹവും സാധാരണ അര്‍ത്ഥത്തിലുള്ള രാഷ്ട്രീയക്കാരനല്ല. തന്റെ മണ്ഡലത്തിന്റെ സര്‍വ്വതോന്മുഖമായ പുരോഗതിയെ ലക്ഷ്യമിട്ടുള്ള അദ്ദേഹത്തിന്റെ പ്രവര്‍ത്തനങ്ങള്‍ മറ്റു എം എല്‍ എമാര്‍ വന്നു പഠിക്കേണ്ടതാണ്.
പരമ്പരാഗത രാഷ്ട്രീയക്കാരില്‍ നിന്നു വ്യത്യസ്ഥരായി ചില ചെറുപ്പക്കാര്‍ കേരളരാഷ്ട്രീയത്തില്‍ ഉയര്‍ന്നു വന്നിട്ടുണ്ട്. വി ടി ബല്‍റാമാണ് ഏറ്റവും പ്രധാന ഉദാഹരണം. കേരളം നേരിടുന്ന പുത്തന്‍ വിഷയങ്ങളോടും നവസാമൂഹ്യപ്രസ്ഥാനങ്ങളോടും ശക്തമായ നിലപാടെടുക്കുന്ന ബല്‍റാം ശക്തിപ്പെടുന്ന സവര്‍ണ്ണ രാഷ്ട്രീയത്തോടും രൂക്ഷമായി പ്രതികരിക്കുന്നു. വടക്കാഢ്‌ചേരിയില്‍ നിന്നു മത്സരിക്കുന്ന അനില്‍ അക്കരയും ഈ ഗണത്തില്‍ പെടുത്താവുന്ന സ്ഥാനാര്‍ത്ഥിയാണ്.
രാജ്യത്തെ സര്‍വ്വകലാശാലകളെല്ലാം രാഷ്ട്രീയമുഖരിതമാണ്. വിദ്യാര്‍ത്ഥികള്‍ മുതിര്‍ന്നവര്‍ക്കു വഴികാട്ടികളാവുകയാണ്. അത്തരമൊരു മുന്നേറ്റത്തിന്റെ പ്രതിനിധിയാണ് മുഹമ്മദ് മൊഹ്‌സിന്‍. തീര്‍ച്ചയായും അദ്ദേഹത്തെ വിജയിപ്പിച്ച് ഇത്തരമൊരു മുന്നേറ്റത്തോട് ഐക്യദാര്‍ഢ്യം പ്രഖ്യാപിക്കേണ്ടത് നമ്മുടെ രാഷ്ട്രീയ ഉത്തരവാദിത്തമാണ്. അതുപോലെതന്നെയാണ് ഈ മുന്നേറ്റങ്ങളോട് ഐക്യപ്പെടുന്ന റോജി എം ജോണിന്റെ വിജയവും.
നമ്മുടെ രാഷ്ട്രീയപാര്‍ട്ടികളെല്ലാം ഏറ്റവും വലിയ കാപട്യം കാണിക്കുന്നത് സ്ത്രീകളെ മത്സരിപ്പിക്കുന്ന വിഷയത്തിലാണ്. മുസ്ലിംലീഗ്, കേരള കോണ്‍ഗ്രസ്സ് പോലുള്ള പാര്‍ട്ടികള്‍ മാത്രമല്ല, പ്രമുഖരായ പാര്‍ട്ടികള്‍ പോലും ഇക്കാര്യത്തില്‍ വളരെ പുറകിലാണ്. ഈ സാഹചര്യത്തില്‍ മത്സരിക്കുന്ന വനിതകളെ മുഴഉവന്‍ വിജയിപ്പിക്കുക എന്നതാണ് പൊതുവില്‍ എടുക്കേണ്ട സമീപനം. അപ്പോഴും ചിലരെ മാത്രം ചൂണ്ടികാട്ടട്ടെ. എത്രയോ കാലമായി കേരള രാഷ്ട്രീയത്തില്‍ തന്റഎ സാന്നിധ്യം ശക്തമായി രേഖപ്പെടുത്തയിട്ടും അവഗണിക്കപ്പെടുന്ന ഷാനിമോള്‍ ഉസ്മാനെ വിജയിപ്പിക്കേണ്ടത് ജനാധിപത്യാദികളുടെ കര്‍ത്തവ്യമാണ്. അതുപോലെതന്നെ പാര്‍ട്ടി നിലപാടുകളെ മറികടന്നും പലപ്പോഴും സ്ത്രീകളുടെ അവകാശങ്ങള്‍ക്കായി നിലകൊള്ളുന്ന ടി എന്‍ സീമയേയും. ഏതൊരു പുരുഷനേയും വെല്ലുവിളിക്കാനുള്ള കരുത്തുള്ള ബിജിമോളും ഒരവസരം കൂടി അര്‍ഹിക്കുന്നു.
വിജയിക്കേണ്ട മറ്റൊരാള്‍ ആദിവാസി വിഭാഗത്തില്‍ നിന്നുള്ള പി കെ ജയലക്ഷ്മിയാണ്. 18 മന്ത്രിമാര്‍ക്കെതിരേയും നിര്‍ലോഭം അഴിമതിയാരോപണങ്ങള്‍ ഉന്നയിക്കുന്ന വി എസ് അച്യുതാനന്ദന്‍ പോലും ജയലക്ഷ്മിക്കെതിരെ അത്തരം ആരോപണമൊന്നും ഉന്നയിക്കാത്തതുമാത്രം മതി അവരുടെ സ്ഥാനാര്‍ത്ഥിത്വം അംഗീകരിക്കപ്പെടാന്‍. തീര്‍ച്ചയായും തന്റെ സമൂഹം നേരിടുന്ന വിഷയങ്ങളില്‍ അവര്‍ കൂടുതല്‍ ജാഗരൂഗയാകേണ്ടതുണ്ട്.
ഇരുമുന്നണികളിലും പെടാത്ത രണ്ടു സ്ത്രീ സ്ഥാനാര്‍ത്ഥികളെ കൂടി ചൂണ്ടികാട്ടട്ടെ. ഒന്ന് സി കെ ജാനുതന്നെ. എന്‍ ഡി എയിലേക്കുള്ള ജാനുവിന്റെ കുടിയേറ്റം എല്ലാവരേയും ഞെട്ടിപ്പിച്ച എന്നത് ശരിതന്നെ. എന്നാല്‍ അതിനെ യാഥാര്‍ത്ഥ്യബോധത്തോടെ വിലയിരുത്തിയാല്‍ അതിനു കാരണം മുഖ്യധാരാ മലയാളി സമൂഹവും രണ്ടു പ്രമുഖമുന്നണികളുമാണെന്നു കാണാം. അതേ കുറിച്ച് കൂടുതല്‍ വിശദീകരണം അനിവാര്യമാണെന്നു തോന്നുന്നില്ല. എന്തായാലും ഇപ്പോള്‍ മുഖ്യം ആദിവാസികളുടെ യഥാര്‍ത്ഥപ്രതിനിധിയുടെ പ്രാതിനിധ്യം നിയമസഭയില്‍ ഉറപ്പു വരുത്തുക എന്നതു തന്നെയാണ്. മറ്റാരും അവര്‍ക്കുവേണ്ടി വാദിക്കില്ല എന്നതിന് സമീപകാല ചരിത്രം തന്നെ ഉദാഹരണം. കുടിയേറ്റക്കാരുടെ വോട്ടുബാങ്കാണല്ലോ എല്ലാവരുടേയും പരിഗണന. അതു കിട്ടില്ല എന്നതുകൊണ്ടായിരിക്കാം എന്‍ ഡി എ ജാനുവിനെ പിന്തുണക്കുന്നത്. അപ്പോഴും അവരുടെ വിജയം അനിവാര്യമാണ്.
രണ്ടാമത്തയാള്‍ കെ കെ രമ തന്നെയാണ്. കേരളത്തിലെ അക്രമരാഷ്ട്രീയത്തിന്റെ യഥാര്‍ത്ഥബലിയാടുകളായ നിരവധി സ്ത്രികളുടെ പ്രതിനിധിയായി വേണം അവരെ കണക്കാക്കാന്‍. അവരുടെ ജയം അതിനാല്‍ തന്നെ കൊലകത്തിരാഷ്ട്രീയ്തതിനെതിരായ വിധിയെഴുത്താകും.
സി എം പിയായതിനാല്‍ മാത്രം അര്‍ഹിക്കുന്ന അംഗീകാരം നാം കൊടുക്കാതിരുന്ന സി പി ജോണും നിയമസഭയിലെത്തേണ്ട വ്യക്തിയാണ്. കഴിഞ്ഞ തവണ അദ്ദേഹത്തെ തോല്‍പ്പിച്ചത് അപരനായിരുന്നു. അതുപോലെതന്നെ വി ഡി സതീശന്‍, വി എസ് സുനില്‍ കുമാര്‍, എം കെ മുനീര്‍, കെ രാജന്‍, ഷാഫി പറമ്പില്‍, പി സി വിഷ്ണുനാഥ് തുടങ്ങിയ ഏതാനും സ്ഥാനാര്‍ത്ഥികളും വിജയിക്കേണ്ടവര്‍ തന്നെ.
സിനിമാ നടന്മാരുടെ രംഗപ്രവേശവും ഇക്കുറി സജീവചര്‍ച്ചയാണല്ലോ. രാഷ്ട്രീയപ്രവേശനം ജനപ്രതിനിധിയായിട്ടുതന്നെ വേണം എന്ന ധാരണ ജനാധിപത്യത്തിനു ഭൂഷണമല്ല. 5 വര്‍ഷമെങ്കിലും പൊതുപ്രവര്‍ത്തനം നടത്താത്തവര്‍ ജനപ്രതിനിധിയാകുന്നതില്‍ എന്തര്‍ത്ഥം? അതിനാല്‍തന്നെ ജഗദീഷിനേക്കാള്‍ വിജയിക്കേണ്ടത് ഗണേഷ് കുമാര്‍തന്നെ. മെച്ചപ്പെട്ട ഭരണാധികാരിയാണ് താനെന്ന് അദ്ദഹം തെളിയിട്ടുമുണ്ട്. ഇക്കാരണത്താല്‍ തന്നെ മാധ്യമപ്രവര്‍ത്തനത്തില്‍ നിന്നുവരുന്ന നികേഷ് കുമാറിനേക്കാള്‍ പിന്തുണക്കപ്പെടേണ്ടത് ഭേദപ്പെട്ട എം എല്‍ എയായ കെ എം ഷാജി തന്നെയാണ്.
ജയിക്കില്ലെന്നു ഉറപ്പായിട്ടും പ്രസക്തമായ ചില വിഷയങ്ങള്‍ സമൂഹത്തില്‍ ഉന്നയിക്കുന്നതിനായി മത്സരിക്കുന്ന ചിലര്‍ ഇത്തവണയുമുണ്ട്. പെരുമ്പാവൂരില്‍ മതസരിക്കുന്ന ജോണ്‍ പെരുവന്താനം പതിറ്റാണ്ടുകളായി പാരിസ്ഥിതി സംരക്ഷണത്തിനായി പോരാടുന്ന വ്യക്തിയാണ്. ലോകത്തിന്റെ മറ്റു ഭാഗങ്ങളോടൊപ്പം കേരളവും നേരിടുന്ന ഏറ്റവും ഗുരുതരമായ പരിസ്ഥിതി വിഷയത്തോട് ഇനിയും ഗൗരവമായ നിലപാടെടുക്കാന്‍ പ്രമുഖ മുന്നണികള്‍ തയ്യാറാകാത്ത സാഹചര്യത്തിലാണ് പെരുവന്താനത്തിന്റെ സ്ഥാനാര്‍ത്ഥിത്വം പ്രസക്തമാകുന്നത്. മറ്റൊരാള്‍ തിരുവവന്തപുരത്ത് ബി എസ് പി സ്ഥാനാര്‍ത്ഥിയായി മത്സരിക്കുന്ന ചിത്രലേഖയാണ്. സ്വന്തം കാലില്‍ നിന്നു ജീവിക്കാന്‍ ശ്രമിച്ചതിന്റെ ഒരു ദളിത് സ്ത്രീക്കു നേരിടേണ്ടിവന്ന പീഡനങ്ങളാണ് അവര്‍ തന്റെ സ്ഥാനാര്‍ത്ഥത്തിലൂടെ കേരളീയ സമൂഹത്തിനു മുന്നില്‍ അവതരിപ്പിക്കുന്നത്.
സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പന്ത്രണ്ടാം വര്‍ഷത്തേക്ക് കടക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2024 - 25 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.
The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in