തരൂരിനൊപ്പം : മതരാഷ്ട്രവാദികളുടെ ശത്രു സെക്യുലറിസം
ടി എന്‍ പ്രസന്നകുമാര്‍ ശശി തരൂരിന്റെ പ്രസ്താവനയ്ക്ക് പൂര്‍ണ്ണ പിന്തുണ നല്‍ക്കുകയും ആ പ്രസ്താവന ആവര്‍ത്തിച്ച് പറയുകയും അതിനു പിന്നിലെ രാഷ്ട്രീയം ജനങ്ങളോട് വിശദീകരിക്കുകയും ചെയ്യേണ്ട സന്ദര്‍ഭത്തില്‍, കോണ്‍ഗ്രസ് നേതൃത്വം രാഷ്ട്രീയഭീരുത്വം കാണിക്കുന്നതാണ് പ്രതിഷേധത്തിന്റെ പേരില്‍ ബി.ജെ.പി. കാട്ടുന്ന കോമാളിത്തങ്ങളെക്കാള്‍ ലജ്ജാകരം. ബി.ജെ.പി.യുടെ അത്യന്തിക ലക്ഷ്യം ഇന്ത്യയെ ‘ഹിന്ദു പാകിസ്ഥാനാക്കി’ മാറ്റുക എന്നതുതന്നെയാണ്. ആ കാര്യം ദശകങ്ങളായി ഇന്ത്യയിലെ വിവേകമുള്ള മനുഷ്യരെല്ലാം പറഞ്ഞുകൊണ്ടിരുന്ന കാര്യവുമാണ്. ഹിന്ദുമതഭരണകൂടത്തെക്കുറിച്ച് മാനിഫെസ്റ്റോയില്‍ എഴുതിവെച്ചിട്ടില്ലെങ്കിലും, ബി.ജെ.പി.യും ആ പാര്‍ട്ടിയെ നിയന്ത്രിക്കുന്ന ആര്‍.എസ്.എസും ഉയര്‍ത്തിപ്പിടിക്കുന്ന […]
ടി എന്‍ പ്രസന്നകുമാര്‍
ശശി തരൂരിന്റെ പ്രസ്താവനയ്ക്ക് പൂര്‍ണ്ണ പിന്തുണ നല്‍ക്കുകയും ആ പ്രസ്താവന ആവര്‍ത്തിച്ച് പറയുകയും അതിനു പിന്നിലെ രാഷ്ട്രീയം ജനങ്ങളോട് വിശദീകരിക്കുകയും ചെയ്യേണ്ട സന്ദര്‍ഭത്തില്‍, കോണ്‍ഗ്രസ് നേതൃത്വം രാഷ്ട്രീയഭീരുത്വം കാണിക്കുന്നതാണ് പ്രതിഷേധത്തിന്റെ പേരില്‍ ബി.ജെ.പി. കാട്ടുന്ന കോമാളിത്തങ്ങളെക്കാള്‍ ലജ്ജാകരം.
ബി.ജെ.പി.യുടെ അത്യന്തിക ലക്ഷ്യം ഇന്ത്യയെ ‘ഹിന്ദു പാകിസ്ഥാനാക്കി’ മാറ്റുക എന്നതുതന്നെയാണ്. ആ കാര്യം ദശകങ്ങളായി ഇന്ത്യയിലെ വിവേകമുള്ള മനുഷ്യരെല്ലാം പറഞ്ഞുകൊണ്ടിരുന്ന കാര്യവുമാണ്. ഹിന്ദുമതഭരണകൂടത്തെക്കുറിച്ച് മാനിഫെസ്റ്റോയില്‍ എഴുതിവെച്ചിട്ടില്ലെങ്കിലും, ബി.ജെ.പി.യും ആ പാര്‍ട്ടിയെ നിയന്ത്രിക്കുന്ന ആര്‍.എസ്.എസും ഉയര്‍ത്തിപ്പിടിക്കുന്ന ഹിന്ദുത്വ സംസ്‌കാര രാഷ്ട്ര സങ്കല്പം ആധുനിക പൗരസമൂഹം ആര്‍ജ്ജിച്ച എല്ലാ ജനാധിപത്യ പൗരബോധത്തിനും എതിരാണ്. സര്‍വ്വമതസാഹോദര്യമെന്ന ആശയത്തെപോലും ഹിന്ദുത്വപരിവാരങ്ങള്‍ എത്ര നീചമായാണ് വെറുക്കുന്നത് എന്നതിന്റെ ഉദാഹരണമായിരുന്നു അവര്‍ ആസൂത്രണം ചെയ്ത് നടത്തിയ ഗാന്ധിവധം.
യഥാര്‍ത്ഥത്തില്‍ ഇന്ത്യന്‍ ഭരണഘടനയ്ക്ക് ഹിന്ദുത്വശക്തികള്‍ പ്രതിനിധീകരിക്കുന്ന ആശയങ്ങളുമായി ഒരുതരത്തിലും ബന്ധമില്ല. ഭരണഘടന വിഭാവന ചെയ്ത ജനാധിപത്യ-മതേതര മൂല്യങ്ങളും, പൗരാവകാശങ്ങളും, നിയമത്തിനു മുന്നിലുള്ള തുല്യതയും ഹിന്ദുത്വത്തിന്റെ സവര്‍ണ്ണ ഹൈന്ദവ പാരമ്പര്യങ്ങള്‍ക്കും ദേശത്തെക്കുറിച്ചുള്ള അതിന്റെ സാംസ്‌കാരിക നിര്‍വ്വചനങ്ങള്‍ക്കും അന്യമായിരുന്നു. നിയമവാഴ്ചയിലും, പൗരസ്വാതന്ത്ര്യത്തിലും അധിഷ്ഠിതമായ ആധുനിക പൗരസമൂഹത്തെയാണ് ഭരണഘടന വിഭാവന ചെയ്തതെങ്കില്‍ ഹിന്ദുത്വത്തിന് ജാതിഘടനയില്‍ നിന്ന് സ്വന്ത്രമായ ഒരു പൊതു ഇടം പോലുമില്ല. രാജ്യത്തെ മാതാവായി കാണുന്ന, രാഷ്ട്രത്തോട് ഭക്തിയും, വിധേയത്വവും ആവശ്യപ്പെടുന്ന ബി.ജെ.പി.യുടെ പ്രാകൃത ദേശ-രാഷ്ട്രസങ്കല്‍പത്തിന് നിയമവാവ്ചയില്‍ അധിഷ്ഠിതമായ ആധുനിക ജനാധിപത്യസമൂഹത്തെ ഉള്‍ക്കൊള്ളാന്‍തന്നെ ബുദ്ധിമുട്ടാണ്. യഥാര്‍ത്ഥത്തില്‍ ഭരണഘടനയും അത് സൃഷ്ടിച്ച ആറ് ദശകത്തിലേറെ പഴക്കമുള്ള ഭരണഘടനാസ്ഥാപനങ്ങളുമാണ്, എന്തൊക്കെ പരിമിതികളുണ്ടെങ്കിലും മാതാധിഷ്ഠിത ഭരണത്തില്‍നിന്ന് ഒരുപരിധിവരെ ഇന്ത്യയെ രക്ഷിച്ചുനിര്‍ത്തുന്നത്. ഇന്ത്യന്‍ ഭരണഘടന സംഘപരിവാരങ്ങള്‍ക്ക് പ്രതിബന്ധമാകുന്നതും അതുകൊണ്ടാണ്.
ദേശീയതയ്ക്ക് ഹിന്ദുത്വപരിവാരങ്ങള്‍ മാത്രമല്ല ഇസ്ലാമിക പരിവാരങ്ങളും നല്‍കിയ നിര്‍വ്വചനം മതത്തിന്റെതുമാത്രമായിരുന്നു. ഹിന്ദുക്കളും മുസ്ലീമുകളും വേറെ വേറെ രാഷ്ട്രങ്ങളാണെന്നായിരുന്നു ഇരുവശത്തുമുള്ള മതമൗലികവാദികള്‍ വാദിച്ചുറപ്പിച്ചത്. ദേശീയതയെക്കുറിച്ചുള്ള അത്തരം നിര്‍വ്വചനങ്ങളുടെ പുറത്തായിരുന്നു. പാക്കിസ്താനുണ്ടായത്. ബി.ജെ.പിയുടെയും ആര്‍.എസ്.എസിന്റെയും ‘ഹിന്ദുത്വരാഷ്ട്ര’ ആശയം പാകിസ്താന്‍ പുലര്‍ത്തുന്ന പ്രത്യയശാസ്ത്രത്തിന്റെ പ്രതിബിംബംതന്നെയാണ്. അത് തുറന്ന് പറയുകയാണ് ജനാധിപത്യ-മതേതരമൂല്യങ്ങളോട് പ്രതബന്ധതയുള്ള പാര്‍ട്ടികള്‍ ചെയ്യേണ്ടത്.
മതവികാരം ചൂഷണം ചെയ്തും, മറ്റു മതങ്ങളോടുള്ള വെറുപ്പ് വളര്‍ത്തിയുമാണ് ബി.ജെ.പി. എല്ലാ തെരഞ്ഞെടുപ്പുകളിലും മത്സരിച്ചിട്ടുള്ളത്. അതിനുവേണ്ടി അവര്‍ വര്‍ഗ്ഗീയ ലഹളകള്‍ സംഘടിപ്പിച്ച് നൂറുകണക്കിന് മനുഷ്യരെ കൊന്നിട്ടുണ്ട്. മറ്റു മതസ്ഥരുടെ ആരാധനാലയങ്ങള്‍ തകര്‍ത്തിട്ടുണ്ട്. കയ്യൂക്കും ഗുണ്ടായിസവും ഉപയോഗിച്ചിണ്ട്, വിവേകമില്ലാത്ത അവരുടെ സ്റ്റോം ട്രൂപ്പേഴ്സിനെകൊണ്ട് തെരുവില്‍ അക്രമണങ്ങള്‍ അഴിച്ചുവിട്ടിട്ടുണ്ട്. എത്രയോ മനുഷ്യരുടെ വീടും ജീവിതോപാധികളും അഗ്‌നിക്കിരയാക്കിയിട്ടുണ്ട്. വിയോജിക്കുന്നവരോട് പാകിസ്ഥാനിലേക്ക് പോകാന്‍ ആക്രോശിച്ചിട്ടുണ്ട്. ഭക്ഷണം, വേഷം, എഴുത്ത് തുടങ്ങി വ്യക്തിസ്വാതന്ത്ര്യത്തിന്മേല്‍ കടന്നുകയറിയിട്ടുണ്ട്. സ്വതന്ത്ര ചിന്തകരെ വെടിവെച്ച് കൊന്നിട്ടുണ്ട്. വിദ്യാഭ്യാസ-ശാസ്ത്ര സാങ്കേതിക സ്ഥാപനങ്ങളിലെല്ലാം മതമൗലികവാദ അജണ്ടകള്‍ നടപ്പിലാക്കാന്‍ ശ്രമിച്ചിട്ടുണ്ട്. ഭിന്നവീക്ഷണങ്ങളോടും ചിന്താഗതികളോടും അസഹിഷ്ണുത പ്രകടിപ്പിച്ചിട്ടുണ്ട്. സാംസ്‌കാരം എന്ന ആശയം തന്നെ മനുഷ്യരെ ഐക്യപ്പെടുത്തുന്നതിനേക്കാള്‍ വിഭാഗീയത വളര്‍ത്താനാണ് ബി.ജെ.പി. ഉപയോഗിച്ചിട്ടുള്ളത്. ദളിതര്‍ക്കും സ്ത്രീകള്‍ക്കും മതന്യൂനപക്ഷങ്ങള്‍ക്കും ഇന്ത്യന്‍ ഭരണഘടന ഉറപ്പുനല്‍കുന്ന സാമൂഹിക നീതി നിരവധി തവണ നിഷേധിക്കപ്പെട്ടിട്ടുണ്ട്. മതം കൊണ്ട് മാത്രമാണ് അത് രാഷ്ട്രീയത്തെ നിര്‍വ്വചിക്കാന്‍ ശ്രമിച്ചിട്ടുള്ളത്. ജനാധിപത്യത്തോടുള്ള അതിന്റെ കൂറ് ബാഹ്യമാണ്. നിയമവിധേയത്വമാകട്ടെ വെറും അഭിനയവും. അക്രമാസക്തമായ വര്‍ഗ്ഗീയ അജണ്ടകള്‍, അവസരം കിട്ടുമ്പോള്‍ അധികാരവും നിയമസംവിധാനവും ദുരുപയോഗം ചെയ്ത് നടപ്പിലാക്കാന്‍ ശ്രമിക്കുകയുമെന്ന തന്ത്രമാണ് ഹിന്ദുത്വപരിവാരങ്ങള്‍ ചെയ്തിട്ടുള്ളത്.
ഹിന്ദുത്വ മതരാഷ്ട്രവാദികളുടെയും ഇസ്ലാമിക മതരാഷ്ട്രവാദികളുടെയും മുഖ്യശത്രു സെക്യുലറിസമാണ്. വ്യത്യസ്ത മതവിശ്വാസികള്‍ക്ക് തുല്യപൗരത്വത്തോടെ ഒരു രാജ്യത്തിനകത്ത് വസിക്കുവാന്‍ കഴിയുമെന്ന ആശയം മാത്രമാണ് മതേതരത്വം. എല്ലാ മതങ്ങള്‍ക്കും തുല്യമായ പ്രവര്‍ത്തനസ്വാതന്ത്ര്യമുണ്ടായിരിക്കുന്ന, മതങ്ങള്‍ക്ക് തുല്യപരിഗണന നല്‍കുകയും എന്നാല്‍ രാഷ്ട്രത്തിന് സ്വന്തമായി ഒരു മതമില്ലാതിരിക്കുകയും ചെയ്യുന്ന അവസ്ഥയാണത്. മതത്തിന്റെ പേരില്‍ ഒരുതരത്തിലുള്ള വിവേചനങ്ങളുമില്ലാതിരിക്കുക എന്നതാണ്. മതസ്വാതന്ത്ര്യത്തിനും, മതവിമര്‍ശനത്തിനും, മതപരിഷ്‌കരണത്തിനും, മതനിഷേധത്തിനും, സ്വമേധയാ മതം മാറുന്നതിനും ഒരേ അവകാശമുള്ള സമൂഹങ്ങളാണ് ജനാധിപത്യ സമൂഹങ്ങള്‍. മതവിമര്‍ശനത്തിന് സ്വാതന്ത്ര്യമില്ലാത്തതിനാലും സ്റ്റേറ്റിന് സ്വന്തമായി ഒരു മതമുള്ളതുകൊണ്ടുമാണ് ഇസ്ലാമിക മതരാഷ്ട്രങ്ങള്‍ക്കൊന്നും ജനാധിപത്യം അവകാശപ്പെടാന്‍ കഴിയാത്തത്.
സെകുലര്‍ പാര്‍ട്ടികള്‍ മതവിഭജനങ്ങളെ അധികാരത്തിനുവേണ്ടി പ്രീണിപ്പിക്കാനും ഉപയോഗിക്കാനും ശ്രമിച്ചതാണ് ഇന്ത്യയില്‍ വര്‍ഗ്ഗീയതയുടെ വളര്‍ച്ചയ്ക്ക് കാരണമായിട്ടുള്ളത്. ഏറിയും കുറഞ്ഞും എല്ലാ പാര്‍ട്ടികളും മതവിഭജനങ്ങളെ വോട്ടുബാങ്ക് രാഷ്ട്രീയത്തിനുവേണ്ടി ഉപയോഗിച്ചിട്ടുണ്ട്. ഷബാനുകേസിനെ തുടര്‍ന്ന് മുസ്ലീം സ്ത്രീകള്‍ക്കനുകൂലമായ സുപ്രീംകോടതി വിധിയെ അട്ടിമറിക്കാന്‍ പാര്‍ലമെന്റില്‍ നിയമമുണ്ടാക്കിയതും, അതിനെ ബാലന്‍സ് ചെയ്യാനായി ബാബറി മസ്ജിദിന്റെ പൂട്ടിക്കിടന്ന താഴ് തുറുകൊടുത്തതുമെല്ലാം ബി.ജെ.പിയുടെ വളര്‍ച്ചയ്ക്ക് എത്രമാത്രം സഹായിച്ചുണ്ടെന്ന ചരിത്രം കോണ്‍ഗ്രസിന് ഇത്രയായിട്ടും മനസ്സിലായിട്ടില്ലെങ്കില്‍ മതേതര ജനാധിപത്യ രാഷ്ട്രീയം കൂടുതല്‍ ദുര്‍ബലമാവുകയേയുള്ളൂ.
സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പന്ത്രണ്ടാം വര്‍ഷത്തേക്ക് കടക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2024 - 25 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.
The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in