ചെറുവള്ളി വിമാനത്താവള പദ്ധതി ഉപേക്ഷിക്കണം

എം.പി.കുഞ്ഞിക്കണാരന്‍ ബഹുമാനപ്പെട്ട കേരള മുഖ്യമന്ത്രി പിണറായി വിജയന് ഒരു തുറന്ന കത്ത്: ബഹുമാനപ്പെട്ട കേരള മുഖ്യമന്ത്രി അവര്‍കള്‍ക്ക്, കോട്ടയം ജില്ലയിലെ ഏരുമേലിക്കടുത്ത് ചെറുവള്ളിയില്‍ ആരംഭിക്കാന്‍ പോകുന്ന നിര്‍ദ്ദിഷ്ഠ വിമാനത്താവള പദ്ധതിക്കായുള്ള പരിസ്ഥിതി ആഘാത പഠനത്തിനു് അമേരിക്ക ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ലൂയി ബര്‍ഗ്ഗര്‍ കണ്‍സല്‍ടിങ് ലിമിറ്റഡ് എന്ന അമേരിക്കന്‍ കമ്പനിയെ 4.55 കോടി രൂപ ചെലവില്‍ ,നിയോഗിക്കുന്നതായ, മന്ത്രിസഭാ തീരുമാനം വാര്‍ത്ത മാധ്യമങ്ങളിലൂടെ അറിയാന്‍ കഴിഞ്ഞു. ഹാരിസണ്‍ മലയാളം അനധികൃതമായി കൈവശം വെച്ചതും നിയമവിരുദ്ധമായി ഗോസ്പല്‍ ഫോര്‍ ഏഷ്യ […]

VVVഎം.പി.കുഞ്ഞിക്കണാരന്‍

ബഹുമാനപ്പെട്ട കേരള മുഖ്യമന്ത്രി പിണറായി വിജയന് ഒരു തുറന്ന കത്ത്:

ബഹുമാനപ്പെട്ട കേരള മുഖ്യമന്ത്രി അവര്‍കള്‍ക്ക്,
കോട്ടയം ജില്ലയിലെ ഏരുമേലിക്കടുത്ത് ചെറുവള്ളിയില്‍ ആരംഭിക്കാന്‍ പോകുന്ന നിര്‍ദ്ദിഷ്ഠ വിമാനത്താവള പദ്ധതിക്കായുള്ള പരിസ്ഥിതി ആഘാത പഠനത്തിനു് അമേരിക്ക ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ലൂയി ബര്‍ഗ്ഗര്‍ കണ്‍സല്‍ടിങ് ലിമിറ്റഡ് എന്ന അമേരിക്കന്‍ കമ്പനിയെ 4.55 കോടി രൂപ ചെലവില്‍ ,നിയോഗിക്കുന്നതായ, മന്ത്രിസഭാ തീരുമാനം വാര്‍ത്ത മാധ്യമങ്ങളിലൂടെ അറിയാന്‍ കഴിഞ്ഞു.
ഹാരിസണ്‍ മലയാളം അനധികൃതമായി കൈവശം വെച്ചതും നിയമവിരുദ്ധമായി ഗോസ്പല്‍ ഫോര്‍ ഏഷ്യ മേധാവി കെ പി .യോഹന്നാന് വ്യാജ ആധാരങ്ങള്‍ ചമച്ചു കൊണ്ട് കൈമാറിയ ഭൂമിയുമാണല്ലോ നിര്‍ദ്ദിഷ്ഠ വിമാനത്താവളത്തിനായി ചൂണ്ടി കാണിക്കുന്ന സ്ഥലം.
ഹാരിസണ്‍ മലയാളം എന്ന വിദേശ തോട്ടം കുത്തക കേരളത്തില്‍ ഒരു ലക്ഷത്തില്‍പരം ഏക്കര്‍ തോട്ട ഭൂമി അനധികൃതമായി കൈവശം വെച്ച് കൊണ്ടിരിക്കുകയാണന്നും , ആയിരക്കണക്കിന് ഏക്കര്‍ ഭൂമി നിയമ വിരുദ്ധമായി കമ്പനി ഇതിനകം കൈമാറ്റം ചെയ്തു കഴിഞ്ഞു എന്നും സര്‍ക്കാര്‍ തന്നെ നിയോഗിച്ച നിരവധി കമ്മീഷനുകളുടെ അന്വേഷണത്തില്‍ വ്യക്തമായിക്കഴിഞ്ഞതാണു്..ഇങ്ങനെ ഹാരിസണ്‍ അനധികൃതമായി കൈമാറ്റം ചെയ്ത തോട്ട ഭൂമിയാണ് ചെറുവള്ളിയിലെ 2263 ഏക്കര്‍ ഭൂമിയെന്നും താങ്കള്‍ക്കും മറ്റ് മന്ത്രിസഭാംഗങ്ങള്‍ക്കും അറിവുള്ളതുമാണ്.
കേരളത്തില്‍ വിദേശ തോട്ടം കുത്തകകള്‍ നിയമവിരുദ്ധവും ഭരണഘടനാവിരുദ്ധവുമായി കൈവശം വെച്ചു കൊണ്ടിരിക്കുന്ന അഞ്ചേകാല്‍ ലക്ഷം ഏക്കര്‍ ഭൂമി തിരിച്ചുപിടിച്ച് തോട്ടം തൊഴിലാളികളുടെ ഉടമസ്ഥതയില്‍ തോട്ടം പുന:സംഘടിപ്പിക്കാനും മണ്ണില്‍ പണിയെടുക്കുന്ന ദലിത് – ആദിവാസികള്‍ ഉള്‍പ്പെടെയുള്ള ഭൂരഹിത കര്‍ഷകര്‍ക്കും കര്‍ഷക തൊഴിലാളികള്‍ക്കും കൃഷിഭൂമി വിതരണം ചെയ്തു കൊണ്ട് കേരളത്തിന്റെ സ്വാശ്രിതമായ വികസനത്തിനും കാര്‍ഷിക പുരോഗതിക്കും അടിത്തറയിടാന്‍ കഴിയുമാറ് കാര്‍ഷിക-ഭൂ പരിഷ്‌കരണ നടപടികള്‍ ഒരു പരിധി വരെയെങ്കിലും മുന്നോട്ട് കൊണ്ടു പോകുന്നതിനു് പകരം ഇപ്പോള്‍ വികസനത്തിന്റെ പേരില്‍ കൈക്കൊള്ളുന്ന, അങ്ങേയറ്റം ജനവിരുദ്ധമായ തീരുമാനങ്ങളിലുള്ള ഉത്കണ്ഠ താങ്കളുമായി പങ്ക് വെക്കുക എന്നതാണു് ഈ കുറിപ്പുകൊണ്ട് ഉദ്ദേശിക്കുന്നതു്.
ലക്ഷക്കണക്കിനു് ഏക്കര്‍ ഭൂമി കേരളത്തിലെസര്‍ക്കാറിനും ജനങ്ങള്‍ക്കും നഷ്ടപ്പെടുത്താനിടയാകും വിധം ദൂരവ്യാപക ഫലങ്ങള്‍ ഉളവാക്കുന്നതാണു് ചെറുവള്ളിയില്‍ വിമാനത്താവളം നിര്‍മ്മിക്കിനുള്ള പദ്ധതിയെന്ന് തുടക്കത്തിലെ സൂചിപ്പിക്കട്ടെ.
നിലനില്ക്കുന്ന നീതിന്യായ-നിയമ വ്യവസ്ഥ യോടും ഭരണഘടനയോടും അല്പം പോലും നീതി പുലര്‍ത്താതെ ഒര് സ്വകാര്യ (?) വിമാനത്താവള നിര്‍മ്മാണത്തിന് ഇത്തരമൊരു ഭൂമി ,താങ്കളുടെ നേതൃത്വത്തിലുള്ള സര്‍ക്കാറിന് കോടതീയില്‍ വില കെട്ടി ഏറ്റെടുക്കേണ്ടി വരുന്നതിന്റെ പിന്നിലുള്ള ചേതോവികാരമെന്താണ്?
ലക്ഷക്കണക്കിനു് ഏക്കര്‍ ഭൂമി നിയമവിരുദ്ധമായി കൈവശം വെച്ചു കൊണ്ടിരിക്കുന്ന ഭൂ കുത്തകകള്‍ ആവിഷ്‌കരിച്ചു നടപ്പാക്കുന്ന ക്രിമിനല്‍ സ്വഭാവത്തോട് കൂടിയ ഗൂഡാലോചനയായെ ,ഒരു വന്‍ ഭൂമി കുംഭകോണത്തിനുള്ള കരുനീക്കങ്ങളായെ ഈ പദ്ധതിയെ ആര്‍ക്കും കാണാന്‍ കഴിയുകയുള്ളൂ എന്ന് താങ്കളെ വിനയപൂര്‍വ്വം അറിയിക്കട്ടെ.
എക്‌സ്പ്രസ്സ് വേ;തീരദേശ പാത, ഹില്‍ ഹൈവേ: അതിവേഗ റയില്‍പ്പാത, വിഴിഞ്ഞം, IO C തുടങ്ങിയ പദ്ധതികള്‍ വികസനത്തിന്റെ മറവില്‍ അടിച്ചേല്പിക്കാനും, പ്രകൃതി വിഭവങ്ങളും സമ്പത്തും ഒരേ പോലെ കൊള്ള ചെയ്യുന്നതിനു് വന്‍കിട കോര്‍പ്പറേറ്റുകള്‍ക്ക് ചുവപ്പ് പരവതാനി ഒരുക്കുകയും ചെയ്യുന്ന അതേ ലാഘവത്തോടെ ഏരുമേലി വിമാനത്താവളത്തിനും പദ്ധതിയൊരു ക്കുമ്പോള്‍ കേരളത്തിന്റെ ഭാവി സാധ്യതകളെപ്പോലും കരിച്ചു കളയുന്ന ,ഞെട്ടിപ്പിക്കുന്ന ഒരു വന്‍ ഭൂമി കുംഭകോണത്തിനുള്ള കോര്‍പ്പറേറ്റ് ഭൂകുത്തകകളു ടെ താത്പര്യങ്ങളാണു് സംരക്ഷിക്കപ്പെടുന്നതെന്നു് ഒരിക്കല്‍ കൂടി വിനയപൂര്‍വ്വം അങ്ങയെ അറിയിക്കട്ടെ; ചരിത്രത്തിലേക്കും ചിലനിയമ വശങ്ങളിലേക്കും താങ്കളുടെ ശ്രദ്ധയെ ക്ഷണിക്കട്ടെ.
ബ്രട്ടീഷ് കൊളോണിയല്‍ ആധിപത്യ കാലത്ത് രാജ്യത്ത് വിദേശകമ്പനികള്‍ കൈവശം വെച്ച് കൊണ്ടിരിക്കുന്ന തോട്ടങ്ങള്‍ ഉള്‍പ്പെടെ ലക്ഷക്കണക്കിന് ഏക്കര്‍ ഭൂമിയുടെ ഉടമസ്ഥാവകാശം സ്വാതന്ത്ര്യാനന്തരം അതാത് സംസ്ഥാന / കേന്ദസര്‍ക്കാറുകളില്‍ നിക്ഷിപ്തമാക്കുന്ന നിയമമാണ്
ഗവര്‍മ്മേന്റ് ഓഫ് ഇന്‍ഡ്യാ ആക്ട്. ഭരണഘടനയുടെ പരിരക്ഷയുള്ള ഈ നിയമമനുസരിച്ചു നാടു വാഴിത്ത / രാജവാഴ്ചക്കാലത്ത് തിരുവിതാംകൂര്‍, കൊച്ചി, പഴയ മലബാറിലെ നാട്ടുരാജ്യങ്ങള്‍ എന്നിവയില്‍ നിന്നും ബ്രിട്ടീഷ് ഈസ്റ്ററ്റിന്ത്യ കമ്പനിയും തോട്ടം കമ്പനികളും ദീര്‍ഘകാല പാട്ടത്തിനെടുത്തതോ അല്ലാതേ യോകൈവശം വച്ചു വരുന്നതായ മുഴുവന്‍ സമ്പത്തുക്കളുടെയും ഉടമസ്ഥാവകാശം അതാത് സംസ്ഥാന സര്‍ക്കാറുകള്‍ക്കാണ്.ഈ നിയമമനുസരിച്ച് ഇത്തരം സ്വത്തുകള്‍ വില്പന നടത്തുന്നതോ കൈമാറ്റം ചെയ്യന്നതോ നിയമവിരുദ്ധമാണന്നു് പ്രഖ്യാപിച്ചിട്ടുള്ളതുമാണ്.
എന്നാല്‍ സ്വാതന്ത്ര്യാനന്തരം ലക്ഷക്കണക്കിന് ഏക്കര്‍ ഭൂമി ഇന്ത്യയില്‍ റജിസ്‌ട്രേlഷന്‍ പോലുമില്ലാത്ത കമ്പനികള്‍, അതേ പോലെ തന്നെ കയ്യാളുകയോ ഇന്‍ന്ത്യന്‍ ബിനാമികള്‍ക് നിയമ വിരുദ്ധമായി കൈമാറുകയോ ചെയ്തു. 1956 ല്‍ അവിഭക്ത കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ തൃശൂര്‍ സമ്മേളനം പാസ്സാക്കിയ പ്രമേയത്തില്‍ ,ഈ തോട്ട ഭൂമിയുടെ ചരിത്രം വിശകലനം ചെയ്യുന്നുണ്ട്. അടിയന്തിരമായും വിദേശ തോട്ടമുടമകള്‍ കൈവശം വെക്കുന്ന ലക്ഷക്കണക്കിനു് ഏക്കര്‍ വരുന്ന ഇത്തരം തോട്ട ഭൂമി ദേശസാല്‍ക്കരിക്കണമെന്ന പാര്‍ട്ടി സംസ്ഥാന സമ്മേളന പ്രമേയം ഇത്തരമൊരു സന്ദര്‍ഭത്തില്‍ താങ്കളെ ഓര്‍മ്മപ്പെടുത്തട്ടെ.
എന്നാല്‍ പ്രമേയം പാസ്സാക്കി,പ്രക്ഷോഭങ്ങള്‍ നയിച്ച് , ഒരുവര്‍ഷത്തിനള്ളില്‍ പാര്‍ടി സംസ്ഥാനത്ത് അധികാരത്തില്‍ വന്ന് ഭൂപരിഷ്‌കരണ നടപടികള്‍ക്ക് ശ്രമം നടത്തിയപ്പോള്‍ ബാഹ്യമായ ഇടപെടലുകള്‍ കാരണം തോട്ട ഭൂമിയുടെ ദേശസാല്‍ക്കരണം മാറ്റിവെക്കപ്പെട്ടു. പിന്നീട് അധികാരത്തില്‍ വന്ന എല്ലാ സര്‍ക്കാറുകളും ഇക്കാര്യത്തില്‍ നിശബ്ദത പാലിച്ചത് കാരണം ടാറ്റ, ഗോയങ്ക തുടങ്ങിയ ഇന്ത്യന്‍ കുത്തകളുടെ കമ്പനികളെ ബിനാമികളാക്കി തോട്ട ഭൂമി മുഴുവന്‍ , നിയമവിരുദ്ധമായി രാജ്യത്തിലെ ഭരണഘടനാപരിരക്ഷയുള്ള നിയമങളെ പോലും കാറ്റില്‍ പറത്തി കൊണ്ട് , കൈവശം വെച്ച് കൊണ്ടിരിയ്ക്കയായിരുന്നു വിദേശതോട്ടം കമ്പനികള്‍.
ഇടുക്കി ജില്ലയില്‍ മാത്രമായി ഒര് ലക്ഷത്തി എണ്‍പത്തി ആറായിരം ഏക്കര്‍ ഭൂമിയാണ് ടാറ്റ ടീ, കണ്ണന്‍ ദേവന്‍ എന്ന ബ്രട്ടീഷ് കമ്പനിയുടെ ബിനാമിയായും വ്യാജ രേഖ ചമച്ച് കൈമാറ്റം ചെയ്തും നിയമവിരുദ്ധമായി ഇപ്പോള്‍ കൈവശം വെച്ചു കൊണ്ടിരിക്കുന്നത്.
ഹാരിസണ്‍ മലയാളം എന്ന വിദേശ കമ്പനിയാകട്ടെ R P ഗോയങ്കെ എന്ന ബിനാമിയെ വച്ച് ഏഴ് ജില്ലകളിലായി ഒരു ലക്ഷത്തില്‍പരം ഏക്കര്‍ ഭൂമി കൈവശപ്പെടുത്തിയിരിക്കുന്നു. ഇതില്‍ പലതും നിയമവിരുദ്ധമായി മുറിച്ച് വില്പന നടത്തികൊണ്ടിരിക്കുന്നു. മാത്രമല്ല TRആന്റ് T, Av T, തുടങ്ങിയ കമ്പനികളും കേരള ഭൂപരിഷ്‌കരണ നിയമങള്‍ ,കേരള ഭൂസംരക്ഷണ നിയമങള്‍, ഗവ: ഓഫ് ഇന്ത്യാ ആക്ട് ,ഫെറ നിയമങ്ങള്‍ ,വിദേശ നാണയ വിനിമയ നിയന്ത്രണ ചട്ടങ്ങള്‍ തുടങ്ങി നിരവധി നിയമങ്ങളെ മറികടന്നു കൊണ്ടാണു് സംസ്ഥാനത്തെ ജനങള്‍ക്കവകാശപ്പെട്ട ഭൂമി കൈവശം വെച്ച് കൊണ്ടിരിക്കുന്നതു്.
ഇക്കാര്യങളെല്ലാം വസ്തുതാപരമായി പ്രതിപാദിച്ചുകൊണ്ട് സര്‍ക്കാര്‍ തന്നെ നിയോഗിച്ച സ്‌പെഷ്യല്‍ ഓഫീസര്‍ Dr. MG രാജമാണിക്യം IAS
2016 ജൂണ്‍ 4 ന് മുഖ്യമന്ത്രി എന്ന നിലക്ക് താങ്കള്‍ക്ക് സമര്‍പ്പിച്ചിട്ടുള്ള
റിപ്പോര്‍ട്ടില്‍ ചൂണ്ടി’ കാണിച്ചിട്ടുള്ളതാണല്ലോ.
ഇത്തരമൊരു കണ്ടെത്തലിന്റെ വെളിച്ചത്തിലാണല്ലോ സംസ്ഥാന ലാന്റ് ബോര്‍ഡ് സ്‌പെഷ്യല്‍ ഗവ: പ്ലീഡര്‍ സുശീല ആര്‍.ഭട്ട്, തോട്ടത്തില്‍ സി.രാധാകൃഷ്ണന്‍ വി പി രാമകൃഷ്ണപ്പിള്ള എന്നിവരടങ്ങുന്ന ഡിവിഷന്‍ ബഞ്ച് 2013 ഫെബ്രുവരി 28നു് ഹാരിസണ്‍ മലയാളം കൈവശം വെച്ചിരിക്കുന്ന ഭൂമി സര്‍ക്കാര്‍ ഏറ്റെടുക്കണമെന്നു് ഉത്തരവിട്ടതു. ഡോ.രാജമാണിക്യം സ്‌പെഷ്യല്‍ ഓഫീസര്‍ എന്ന നിലയില്‍ ചില തോട്ടങ്ങള്‍ ഏറ്റെടുത്ത് സര്‍ക്കാറില്‍ നിക്ഷിപ്തമാക്കി ക്കൊണ്ടുള്ള നടപടികള്‍ക്ക് തുടക്കം കുറിക്കൂന്നതും ഇതിനെ തുടര്‍ന്നാണു്. ഇത്തരം നീക്കങ്ങള്‍ മറികടന്നു കൊണ്ട് കൊള്ള മുതല്‍ സംരക്ഷിക്കുവാനുള്ള ഗൂഡാലോചനകള്‍ കോര്‍പ്പറേറ്റു കേമ്പുകളില്‍ ഇന്ന്‌സജീവമാണന്ന കാര്യം താങ്കളുടെ അറിവിലും പെട്ടിരിക്കുമല്ലോ?
മാത്രമല്ല, കേരളത്തിലെ തോട്ടം തൊഴില്‍ മേഖലയില്‍ ഉയര്‍ന്നു് വന്ന ചില സമരങ്ങളും (പെമ്പിളൈ ഒരുമൈയുടെ മൂന്നാര്‍ സമരം) തോട്ട ഭൂമി തിരിച്ചുപിടിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് കേരളത്തില്‍ നടന്നു് കൊണ്ടിരിക്കുന്ന ഭൂസമരങ്ങളും ഇന്ന് എത്രമാത്രം ചെറുതാണങ്കില്‍ പോലും നാളെ കേരളത്തിന്റെ വിധി നിര്‍ണ്ണായകമായ ജനകീയ പ്രക്ഷോഭങ്ങളായി രൂപാന്തരപ്പെടാതെ വയ്യ. തോട്ടം കുത്തകകളെ അത് ഇപ്പോള്‍ തന്നെ ഭീതിയിലാഴ്ത്തിയിരിക്കുന്നു. അതിന്റെ സൂചനകൂടിയാണ് ചെറുവള്ളി വിമാനത്താവള നിര്‍മ്മാണത്തിന്റെ പിന്നില്‍ ഒളിഞ്ഞിരിക്കുന്ന കോര്‍പ്പറേറ്റ് അജണ്ടയെന്ന് കണ്ടെത്താന്‍ പ്രയാസമില്ല.
ഇവിടെയാണ് നിര്‍ദ്ദിഷ്ഠ ചെറുവള്ളി വിമാനത്താവളം വന്‍ ഭൂമി കുംഭകോണത്തിനുള്ള മറയായി മാറുന്നത്.
ഭൂസമര മുന്നണിയുടെ നേതൃത്വത്തില്‍ ചെറുവള്ളിയില്‍ നടക്കുന്ന സമരവുമായി ബന്ധപ്പെട്ട് ആ പ്രദേശത്ത് കുറച്ച് ദിവസങ്ങള്‍ ചെലവഴിച്ച ഒരാളെന്ന നിലയില്‍, ചെറുവള്ളിയിലും എരുമേലിയിലും പരിസര പ്രദേശങ്ങളിലും താങ്കളുടെ ചിത്രം ആലേഖനം ചെയ്ത വലിയ ഫളക്‌സ് ബോര്‍ഡുകള്‍ കാണാനിടയായി. വികസനത്തിന്റെ അവധൂതനായി താങ്കള്‍ അതില്‍ ചിത്രീകരിക്കപ്പെട്ടിരിക്കുന്ന സാഹചര്യത്തില്‍ ചില സംശയങള്‍ ഇവിടെ ഉന്നയിക്കുകയാണ്.
1.ഹാരിസണ്‍ കമ്പനി നടത്തിയിട്ടുള്ള ഭൂമി തിരിമറി, കള്ള പ്രമാണങ്ങള്‍ ചമയ്കല്‍, വിദേശനാണയ വിനിമയ നിയമ ലംഘനം: തുടങ്ങി നിരവധി കുറ്റങ്ങളുടെ പേരില്‍ ക്രൈം ബ്രാഞ്ച്, വിജിലന്‍സ്, എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് തുടങ്ങി നിരവധി സര്‍ക്കാര്‍ ഏജന്‍സികളുടെ അന്വേഷണത്തെ അഭിമുഖീകരിക്കുന്ന ഭൂമിയാണിത്.നിരവധി കേസ്സുകളില്‍ സര്‍ക്കാറിന് അനുകൂലമായി വിധികള്‍ വന്നിട്ടുള്ളതുമാണ്. ഇത്തരമൊരു ഭൂമി തന്നെ എന്തുകൊണ്ട് വിമാനത്താവള നിര്‍മ്മാണത്തിനായി നിര്‍ദ്ദേശിക്കപ്പെട്ടു.
2. സര്‍ക്കാര്‍ ഭൂമി കയ്യേറ്റം, ഗൂഡാലോചന, സര്‍ക്കാറിനു് കോടികളുടെ നഷ്ടം വരുത്തല്‍ തുടങ്ങി നിരവധി കേസ്സുകളില്‍ പ്രതിയാണ് വിദേശത്ത് സ്ഥിരതാമസമാക്കിയ ഗോ സ്‌പെല്‍ ഓഫ് ഏഷ്യായുടെ മേധാവിയായ ഫാദര്‍ കെ.പി.യോഹന്നാന്‍ ‘ ‘ പല കേസ്സുകളിലും ഇയാള്‍ക്കെതിരെ വിധികള്‍ വന്നിട്ടു മുണ്ട്.രാജ്യദ്രോഹകരമായ പ്രവര്‍ത്തനത്തിലേര്‍പ്പെടുന്ന ഇദ്ദേഹത്തെ പോലെയുള്ളവരുടെ താല്പര്യങ്ങള്‍ സംരക്ഷിക്കുന്നതിനു് വേണ്ടിയാണു് ചെറുവള്ളിവിമാനത്താവള പദ്ധതിയെന്നു് ആരെങ്കിലും ആരോപിച്ചാല്‍ അതിലെന്താണു് തെറ്റ്?
3. സര്‍ക്കാര്‍ തന്നെ നിയോഗിച്ച സ്‌പെഷ്യല്‍ ഓഫീസറായ രാജമാണിക്യം 2015 മെയ് 28ന് ഒര് ഉത്തരവിലൂടെ തിരിച്ചുപിടിച്ചു സര്‍ക്കാറില്‍ നിക്ഷിപ്തമാക്കിയ ഭൂമിയാണിത്. ഇതിനെ ചോദ്യം ചെയ്തു കൊണ്ട് യോഹന്നാന്‍ കൊടുത്ത ഹരജിയില്‍ തീര്‍പ്പ് കോടതിയില്‍ നിന്നും വന്നിട്ടില്ല. എന്നിട്ടും എന്തേ ഇത്ര തിടുക്കപ്പെട്ട് ഒരു വിമാനത്താവള പദ്ധതി ?
4.2005 ഓഗസ്റ്റില്‍ ഏരുമേലി സബ് രജിസ്റ്റര്‍ ആപ്പീസില്‍ ,ഇന്ത്യന്‍ കമ്പനി റജിസ്‌ടേഷന്‍ ആക്ട് പ്രകാരം രജിസ്റ്റര്‍ ചെയ്യാത്ത ഹാരിസണ്‍ കമ്പനി (1906 ലെ ലണ്ടന്‍ റജിസ്‌ടേഷന്‍ മാത്രമാണ് ഹാരിസണ്‍ കമ്പനിക്കുള്ളത്) വ്യാജരേഖകളുടെ പിന്‍ബലത്തിലാണ് 22 63 ഏക്കര്‍ ഭൂമി 23429/2005 ആധാര പ്രകാരം റജിസ്റ്റര്‍ ചെയ്യുന്നത്. തൃശൂര്‍ കൊല്ലം: വയനാട്, കോട്ടയം ,ഇടുക്കി ജില്ലകളില്‍ തങ്ങളുടെ കൈവശമിരിക്കുന്ന ഭൂമിയുടെ ഉടമസ്ഥാവകാശം തെളിയിക്കാനായി ഹാരിസണ്‍ ഹാജരാക്കിയ കൊല്ലം റജിസ്റ്റര്‍ ആഫീസില്‍ 1923 ല്‍ റജിസ്ട്രര്‍ ചെയ്തു എന്നു പറയുന്ന 1600/1923 നമ്പര്‍ ആധാരം വ്യാജമാണന്നു് സര്‍ക്കാര്‍ അന്വേഷണത്തില്‍ തെളിഞ്ഞു കഴിഞ്ഞതാണ്. വ്യാജമായ ഈ മുന്നാധാരം കാണിച്ചു കൊണ്ടാണു് ഏരുമേലി റജിസ്റ്റര്‍ ഓഫീസില്‍ 22 63 ഏക്കര്‍ ഭൂമി 2 3 429/2005 ആധാര പ്രകാരം കൈമാറുന്നത്. അത് മാത്രമല്ല 369/1,369/2,369/3 തുടങ്ങി 369/7 വരെ എന്ന് സര്‍വ്വേ നമ്പറുകളില്‍ പറയുന്ന ഭൂമി സര്‍ക്കാര്‍ കൈവശമുള്ള സെറ്റില്‍മെന്റ്‌റജിസ്റ്ററുകളില്‍ സര്‍ക്കാര്‍ ഭൂമിയാണന്നാണ് രേഖപ്പെടുത്തിയിട്ടുള്ളത്.
ഇങ്ങനെ നിരവധി കാരണങ്ങളാല്‍ സര്‍ക്കാറില്‍ നിക്ഷിപ്തമാക്കേണ്ട ഭൂമിയില്‍ കോര്‍പ്പറേറ്റുകള്‍ക്ക് വേണ്ടി കോടതിയില്‍ തുക കെട്ടിവെച്ച് വിമാനത്താവള നിര്‍മ്മിതിക്ക് ഒരുങ്ങുമ്പോള്‍ സ്വാഭാവികമായി ഉയര്‍ന്നു് വരുന്ന നിരവധി ചോദ്യങ്ങളുണ്ട്.

ബഹുമാനപ്പെട്ട മുഖ്യ മന്ത്രി ,
സര്‍ക്കാറിന്റെ ഇത്തരമൊരു നീക്കം സൃഷ്ടിക്കാന്‍ പോകുന്ന ദൂരവ്യാപക ഫലങ്ങളെക്കുറിച്ച് താങ്കളും താങ്കളുടെ മന്ത്രിസഭയിലെ അംഗങ്ങളും ബോധവാന്മാരാണോ?
വിമാനത്താവള പദ്ധതിക്ക് വേണ്ടിയുള്ള ഈ നടപടികള്‍ സര്‍ക്കാറിന് ഏറ്റെടുക്കാന്‍ കോടതി വിധികള്‍ പോലും വന്നിട്ടുള്ള കേസ്സുകളില്‍ പ്രതികൂലമാകുമെന്ന് ഏതൊരു സാധാരണക്കാരന് പോലും ഇന്ന് മനസ്സിലാക്കാന്‍ കഴിയും.ലക്ഷക്കണക്കിനു് ഏക്കര്‍ ഭൂമി ,സംസ്ഥാനത്തിന് തിരിച്ചുപിടിക്കാന്‍ കഴിയുന്ന ഭൂമി നഷ്ടപ്പെടുന്നതിനു് ഇത് ഇടയാക്കും.
ടാറ്റ, ഹാരിസണ്‍ ഉള്‍പ്പെടെയുള്ള തോട്ടം കുത്തകകള്‍ കേരളത്തില്‍ കയ്യടക്കിയിട്ടുള്ള ഭൂമി തിരിച്ചുപിടിക്കാനുള്ള നടപടികളെ ദുര്‍ബ്ബലപ്പെടുത്തുകയും എന്നന്നേക്കുമായി ഈ ഭൂമിയത്രയും കേരള ജനതക്കു് നഷടപ്പെടുകയും ചെയ്യും. അത് കൊണ്ട് തന്നെ ചെറുവള്ളി ഭൂമിയിലെ വിമാനത്താവള നിര്‍മ്മാണ പദ്ധതി കേരളത്തിന്റെ ഭാവിയെ ഓര്‍ത്തെങ്കിലും ഉപേക്ഷിക്കണമെന്ന് വിനീതമായി അഭ്യര്‍ത്ഥിക്കുകയാണ്.
വിമാനത്താവള നിര്‍മ്മാണവുമായി ബന്ധപ്പെട്ട ഭൂമിയുടെ നിയമപരമായ ചില വശങള്‍ മാത്രമെ ഇവിടെ പരാമര്‍ശിച്ചിട്ടൂള്ളൂ. വിമാനത്താവളം പദ്ധതിയിലൂടെ സൃഷ്ടിക്കപ്പെടുന്ന പാരിസ്ഥിതികമായ ആഘാതം തോട്ടം തൊഴിലാളി വിഭാഗങ്ങള്‍ നേരിടുന്ന പ്രശ്‌നങ്ങള്‍ പ്രദേശത്തെ ഭൂരഹിതരായ ജനവിഭാഗങ്ങള്‍ നേരിടുന്ന പ്രശ്‌നങ്ങള്‍ തുടങ്ങി നിരവധി കാര്യങ്ങള്‍ ഇതു് മായി ബന്ധപ്പെട്ട് ഇനിയും ചര്‍ച്ച ചെയ്യപ്പെടേണ്ടതുണ്ടന്ന് തന്നെയാണ് കരുതുന്നതു്. അത് പിന്നീടൊരിക്കല്‍ ആവാം.

അഭിവാദനങ്ങളോടെ .
എം.പി.കുഞ്ഞിക്കണാരന്‍
സിക്രട്ടറി, AIKKS, സംസ്ഥാന കമ്മിറ്റി.

സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പന്ത്രണ്ടാം വര്‍ഷത്തേക്ക് കടക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2024 - 25 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in


ഞങ്ങളുടെ ഫേസ്ബുക് പേജ് ലൈക് ചെയ്യൂ..


Published On

Category: Kerala | Comments: 0 |

'ക്രിട്ടിക്കില്‍ പ്രസിദ്ധീകരിക്കുന്ന ലേഖനങ്ങള്‍ ലേഖകരുടെ അഭിപ്രായങ്ങളാണ്.. അവ പൂര്‍ണ്ണമായും ക്രിട്ടിക്കിന്റെ അഭിപ്രായങ്ങളാകണമെന്നില്ല - എഡിറ്റര്‍'

Be the first to write a comment.

Leave a Reply