ചുംബനകൂട്ടായ്മ : ഇടതുപക്ഷവും സഭയും എന്തേ മിണ്ടുന്നില്ല?

കൊച്ചിയില്‍ നടന്ന ചുംബനസമരം പൊതുവില്‍ കേരളത്തില്‍ നിലനില്‍ക്കുന്ന സദാചാരഫാസിസത്തിന്റെ ഭയാനകമായ മുഖം പുറത്തു കൊണ്ടുവന്നു. വര്‍ഗ്ഗീയതയുടെ പേരില്‍ പരസ്പരം കൊല്ലാന്‍ നില്‍ക്കുന്നവര്‍ പോലും ചുംബിച്ചൊന്നായി. എന്നാല്‍ വളരെ ഗൗരവമായ ഒരു വിഷയം, പുത്തന്‍ രീതിയില്‍ സമൂഹത്തിലുന്നയിക്കാന്‍ പുതുതലമുറ തയ്യാറായപ്പോള്‍ കേരളത്തിലെ രണ്ടു പ്രമുഖ വിഭാഗങ്ങള്‍ തന്ത്രപൂര്‍വ്വമായ മൗനമവലംബിച്ചു. ഇടതുപക്ഷക്കാരും കൃസ്ത്യന്‍ സഭകളും. എം ബി രാജേഷിനെ പോലുള്ളവര്‍ സമരത്തെ പിന്തുണച്ച് പ്രസ്താവനയിറക്കിയെങ്കിലും സിപിഎമ്മോ സിപിഐയോ അവരുടെ ഏതെങ്കിലുമൊരു പോഷകസംഘടനയോ നിലപാടെടുക്കാന്‍ തയ്യാറായില്ല. അവരുടെ തന്നെ ഭാഷയില്‍ ഇതൊരു […]

kiss(2)കൊച്ചിയില്‍ നടന്ന ചുംബനസമരം പൊതുവില്‍ കേരളത്തില്‍ നിലനില്‍ക്കുന്ന സദാചാരഫാസിസത്തിന്റെ ഭയാനകമായ മുഖം പുറത്തു കൊണ്ടുവന്നു. വര്‍ഗ്ഗീയതയുടെ പേരില്‍ പരസ്പരം കൊല്ലാന്‍ നില്‍ക്കുന്നവര്‍ പോലും ചുംബിച്ചൊന്നായി. എന്നാല്‍ വളരെ ഗൗരവമായ ഒരു വിഷയം, പുത്തന്‍ രീതിയില്‍ സമൂഹത്തിലുന്നയിക്കാന്‍ പുതുതലമുറ തയ്യാറായപ്പോള്‍ കേരളത്തിലെ രണ്ടു പ്രമുഖ വിഭാഗങ്ങള്‍ തന്ത്രപൂര്‍വ്വമായ മൗനമവലംബിച്ചു. ഇടതുപക്ഷക്കാരും കൃസ്ത്യന്‍ സഭകളും.
എം ബി രാജേഷിനെ പോലുള്ളവര്‍ സമരത്തെ പിന്തുണച്ച് പ്രസ്താവനയിറക്കിയെങ്കിലും സിപിഎമ്മോ സിപിഐയോ അവരുടെ ഏതെങ്കിലുമൊരു പോഷകസംഘടനയോ നിലപാടെടുക്കാന്‍ തയ്യാറായില്ല. അവരുടെ തന്നെ ഭാഷയില്‍ ഇതൊരു നിഷ്പക്ഷ നിലപാടുപോലുമാകുന്നില്ല. കാരണം വളരെ ഗൗരവമായ ഒരു വിഷയം സമൂഹത്തില്‍ ഉയര്‍ന്നുവരുമ്പോള്‍ നിഷ്പക്ഷത നടിക്കുന്നത് തികഞ്ഞ പക്ഷപാതിത്വമാണെന്ന് ഇവരെന്നും പ്രസംഗിക്കാറുള്ളതാണ്. ഇവിടെയാകട്ടെ ഇവരുടെ രാഷ്ട്രീയ ശത്രുക്കള്‍ തന്നെയാണ് സദാചാരഗുണ്ടായിസത്തിന്റെ വാളുമായി ഉറഞ്ഞുതുള്ളിയത്. എന്നിട്ടും വ ിഷയത്തില്‍ ഗൗരവമായി പ്രതികരിക്കാന്‍ കേരളത്തിലെ ഏറ്റവും വലിയ പ്രസ്താനത്തിന്റെ അവാന്തവിഭാഗങ്ങളൊന്നും തയ്യററായില്ല എന്നത് നിസ്സാരകാര്യമല്ല. ഇവരും പലപ്പോഴും സദാചാര പോലീസ് ചമയാറുണ്ട്. പല കലാലയങ്ങളിലും ഇപ്പോഴുമത് നിലനില്‍ക്കുന്നുണ്ട്. എ പി അബ്ദുള്ളക്കുട്ടി ഒരു വീട്ടില്‍ സ്ത്രീക്കൊപ്പം കയറിപോകുന്നു എന്നാരോപിച്ച് അക്രമണം നടത്തി അധികകാലമായില്ല. എങ്കിലും പുതിയ സാഹചര്യത്തില്‍ ഒരു പുനപരിശോധനക്കവര്‍ തയ്യാറാകുമെന്നു കരുതിയവര്‍ക്കുതെറ്റി. യുവജനങ്ങളെ മനസ്സിലാക്കാന്‍ തങ്ങള്‍ക്ക് കഴിയുന്നില്ല എന്ന് അടുത്തയിടെ സിപിഎം സ്വയം വിമര്‍ശനം നടത്തിയതായി വാര്‍ത്തയുണ്ടായിരുന്നു. എന്നാല്‍ അതെല്ലാം വെറുതെയെന്ന് ഇപ്പോള്‍ വ്യക്തമായി. അവസാനം ചുംബനസമരത്തെ പോലീസ് നേരിട്ട രീതിയെ മാത്രം പിണറായി വിമര്‍ശിച്ചിരിക്കുന്നു. അതാകട്ടെ കോണ്‍ഗ്രസ്സ് വര്‍ഗ്ഗീയ ശക്തികളുമായി കൂട്ടുചേരുന്നു എന്നാരോപിക്കാന്‍ മാത്രം. അതേസമയം ഭേദപ്പെട്ട രീതിയില്‍ പ്രതികരിച്ചത് പോളിറ്റ് ബ്യൂറോ അംഗം എസ് രാമചന്ദ്രന്‍ പിള്ളയാണ്. കുടുംബമൂല്യങ്ങളും സദാചാരബോധവുമെല്ലാം കാലത്തിനനുസരിച്ച് മാറുന്നതാണെന്നും യുവജനങ്ങളുടെ കൂട്ടായ്മയുടെ നിലപാടാ അക്കാര്യത്തില്‍ പ്രധാനമെന്നും അദ്ദേഹം കൂട്ടിചേര്‍ത്തു. സിപിഐയുടെ ഏക എംപി ജയദേവന് സമരം കേരളത്തിനു ഭീഷണിയാണ്.
കൃസ്ത്യന്‍ സഭകളുടെ കാര്യം മറ്റൊന്നാണ്. ബുദ്ധിമാന്മാരായ അവര്‍ മൗനമാണ്. സത്യത്തില്‍ കേരളത്തില്‍ കപടമായ സദാചാരബോധം വളര്‍ത്തിയെടുക്കുന്നതില്‍ മുഖ്യപങ്കുവഹിച്ചത് മറ്റാരുമല്ല. ലൈംഗികതയുടെ കാര്യത്തില്‍ എത്രയോ അയഞ്ഞ നിലപാടായിരുന്നു പൊതുവില്‍ ഇന്ത്യയില്‍ നിലനിന്നിരുന്നത്. കേരളത്തിലും സ്തിതി വ്യത്യസ്ഥമല്ല. അതേകുറിച്ച് ഒരു വിശദീകരണം ആവശ്യമില്ലല്ലോ. നമ്മുടെ ക്ഷേത്രചുവരെഴുത്തുകളും കാമസൂത്രയുമൊക്കെ എല്ലാവര്‍ക്കുമറിയാവുന്ന കാര്യങ്ങള്‍. തീച്ചയായും എല്ലാ വിഷയത്തിലുമെന്ന പോലെ പല വിഭാഗങ്ങളും ഇതുമൂലം പീഢിപ്പിക്കപ്പെട്ടിരുന്നു. സ്ത്രീകള്‍ തന്നെയായിരുന്നു അതില്‍ മുഖ്യം. അതിനെതിരായി അവരുടെ പോരാട്ടങ്ങള്‍ക്കാണ് കഴിഞ്ഞ നൂറ്റാണ്ടിന്റെ ആദ്യപകുതി സാക്ഷ്യം വഹിച്ചത്. എന്നാല്‍ അധികം താമസിയാതെ അവയെല്ലാം ഹൈജാക് ചെയ്യപ്പെട്ടു. വിക്ടോറിയന്‍ സദാചാരത്തിലേക്കവ വഴി മാറി. അതിനു കാരണം കൃസ്ത്യന്‍ സഭകളും അവരുടെ കോണ്‍വെന്റ് വിദ്യാഭ്യാസവുമായിരുന്നു. ആണ്‍കുട്ടികളേയും പെണ്‍കുട്ടികളേയും ഒന്നിച്ചിരുത്തി പഠിപ്പിക്കാന്‍ പോലും അവര്‍ ഭയപ്പെട്ടു. അവരുണ്ടാക്കിയെടുത്ത പാപബോധം തന്നെയാണ് ഇന്ന് കേരളം പിന്തുടരുന്നത്. പൊതുവില്‍ എല്ലാ പ്രസ്ഥാനങ്ങളും പിന്തുടരുന്നത് അതേ സദാചാരബോധമാണ്. പല ഹൈന്ദവ, മുസ്ലിം സംഘടനകളും കൃസ്ത്യന്‍ സഭകളെ പോലും പുറകിലാക്കി മുന്നോട്ടുപോയി. അവരുടെ താണ്ഡവമായിരുന്നു മറൈന്‍ ഡ്രൈവില്‍ കണ്ടത്. അവരെ നിലക്കുനിര്‍ത്താന്‍ ഭയപ്പെട്ട ഭരണകൂടം അവര്‍ക്ക് ചുംബനം നല്‍കുകയും സദാചാരഗുണ്ടായിസത്തിനെതിരെ രംഗത്തുവന്ന ചെറുപ്പക്കാരെ അക്രമിക്കുകയുമായിരുന്നു.
തീര്‍ച്ചയായും ഈ അസാധാരണ പോരാട്ടം പ്രതീക്ഷിച്ചതിനേക്കാള്‍ വിജയം നേടിയെന്നതില്‍ സംശയമില്ല. അതിന്റെ അലയൊലികള്‍ വരുംദിവസങ്ങളില്‍ ഉണ്ടാകുമെന്നതിലും സംശയമില്ല. അപ്പോഴെങ്കിലും നിലപാടെടുക്കാന്‍ കേരളത്തെ നിയന്ത്രിക്കുന്ന ഈ രണ്ടുവിഭാഗങ്ങളും തയ്യാറാകുമോ? കാത്തിരുന്നു കാണാം.

സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പന്ത്രണ്ടാം വര്‍ഷത്തേക്ക് കടക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2024 - 25 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in


ഞങ്ങളുടെ ഫേസ്ബുക് പേജ് ലൈക് ചെയ്യൂ..


Published On

Category: Latest news | Comments: 0 |

'ക്രിട്ടിക്കില്‍ പ്രസിദ്ധീകരിക്കുന്ന ലേഖനങ്ങള്‍ ലേഖകരുടെ അഭിപ്രായങ്ങളാണ്.. അവ പൂര്‍ണ്ണമായും ക്രിട്ടിക്കിന്റെ അഭിപ്രായങ്ങളാകണമെന്നില്ല - എഡിറ്റര്‍'

Be the first to write a comment.

Leave a Reply