ഗോവര്‍ധന്‍ യാത്ര തുടരുന്നു
”കല്ലുവിന്റെ മതില്‍ വീണ് ആട് ചത്ത കേസില്‍ ഗോവര്‍ധന്‍ പ്രതിയായതുകൊണ്ടായിരുന്നില്ല അവന് തൂക്കുകയര്‍ വിധിക്കപ്പെട്ടത്. കേസില്‍ വധശിക്ഷയ്ക്കു വിധിക്കപ്പെട്ട മറ്റൊരു നിരപരാധിയെ തൂക്കിലിടാന്‍ കൊണ്ട് വന്നപ്പോള്‍ തൂക്കു കയറിന്റെ കുരുക്കിനെക്കാള്‍ തടിച്ചതാണ് അയാളുടെ കഴുത്ത് എന്ന് കാണുകയും, ഒന്നുമറിയാതെ അത് വഴി വന്ന ഗോവര്‍ധന്റെ കഴുത്ത് കുരുക്കിനു പാകമാണെന്നു കണ്ട് ശിക്ഷ അയാള്‍ക്ക് വിധിക്കപ്പെടുകയുമായിരുന്നു. ആ അന്യായ വിധിയില്‍നിന്ന് നീതി തേടിയായിരുന്നു ഒരു രാത്രിയില്‍ തടവറയുടെ കാവല്‍ക്കാരന്‍ ജാഗ്രത കൈവിട്ട ഒരു വേളയില്‍ ഗോവര്‍ധന്‍ ഇരുളിന്റെ വഴികളിലൂടെ […]
”കല്ലുവിന്റെ മതില്‍ വീണ് ആട് ചത്ത കേസില്‍ ഗോവര്‍ധന്‍ പ്രതിയായതുകൊണ്ടായിരുന്നില്ല അവന് തൂക്കുകയര്‍ വിധിക്കപ്പെട്ടത്. കേസില്‍ വധശിക്ഷയ്ക്കു വിധിക്കപ്പെട്ട മറ്റൊരു നിരപരാധിയെ തൂക്കിലിടാന്‍ കൊണ്ട് വന്നപ്പോള്‍ തൂക്കു കയറിന്റെ കുരുക്കിനെക്കാള്‍ തടിച്ചതാണ് അയാളുടെ കഴുത്ത് എന്ന് കാണുകയും, ഒന്നുമറിയാതെ അത് വഴി വന്ന ഗോവര്‍ധന്റെ കഴുത്ത് കുരുക്കിനു പാകമാണെന്നു കണ്ട് ശിക്ഷ അയാള്‍ക്ക് വിധിക്കപ്പെടുകയുമായിരുന്നു. ആ അന്യായ വിധിയില്‍നിന്ന് നീതി തേടിയായിരുന്നു ഒരു രാത്രിയില്‍ തടവറയുടെ കാവല്‍ക്കാരന്‍ ജാഗ്രത കൈവിട്ട ഒരു വേളയില്‍ ഗോവര്‍ധന്‍ ഇരുളിന്റെ വഴികളിലൂടെ പുറത്തു കടന്നത്.
ആ യാത്രയില്‍ തന്റെ അതേ അനുഭവം പേറുന്ന എണ്ണമറ്റയാളുകളുടെ നിലവിളികള്‍ വഴിയിലുടനീളം ഗോവര്‍ധനെ കാത്തിരിപ്പുണ്ടായിരുന്നു. തൂക്കുകയറിന്റെ കുടുക്ക് പാകമാകുന്ന കഴുത്തുകള്‍ തേടി അലയുന്ന ആരാച്ചാര്‍മാരെ ഗോവര്‍ധന്‍ പിന്നെയും പിന്നെയും കണ്ടു. ആരാച്ചാരുടെ ജോലി കുറ്റവാളിയുടെ കഴുത്തിനു പറ്റിയ കുരുക്ക് ഉണ്ടാക്കലല്ലെന്നും കയ്യിലുള്ള കുരുക്കിനൊത്ത കുറ്റവാളിയെ കണ്ടു പിടിച്ചു തരാന്‍ രാജാവിനോട് അപേക്ഷിക്കലാണെന്നും അറിഞ്ഞ ഗോവര്‍ധനെ അലട്ടിയത് സ്വന്തം വിധിയിലുപരി ചരിത്രത്തിലുടനീളം ആരാച്ചാര്‍മാരുടെ കയറുകളില്‍ തൂങ്ങിക്കിടന്ന എണ്ണമറ്റ അസ്ഥികൂടങ്ങളുടെ ഏകഭാവമായിരുന്നു. കാലഗണനയുടെ പെരുക്കങ്ങള്‍ക്കപ്പുറത്തും ഇപ്പുറത്തും വേട്ടക്കാരുടെ ന്യായങ്ങളും ഇരകളുടെ രോദനവും മാറ്റമില്ലാത്തതായി തുടരുന്നത് അവന്‍ കണ്ടു.”
രാജ്യത്തെങ്ങുമുയര്‍ന്ന ശക്തമായ പ്രതിഷേധങ്ങളെ വക വെക്കാതെ യാക്കൂബ് മേമനെ തൂക്കിലേറ്റിയതാണ് ആനന്ദിന്റെ പ്രശസ്തനോവല്‍ ഗോവര്‍ദ്ധന്റെ യാത്രകളെ ഓര്‍മ്മിപ്പിച്ചത്. 1993 മുംബൈ സ്‌ഫോടനക്കേസിലെ പ്രതിയായ യാക്കൂബ് മേമന് 2007ല്‍ ടാഡ കോടതിയാണ് വധശിക്ഷ വിധിച്ചത്. ദാവൂദ് ഇബ്രാഹിം ടൈഗര്‍ മേമനിലൂടെ നടപ്പാക്കിയ സ്‌ഫോടനത്തിന് ഒത്താശ ചെയ്‌തെന്നാണ് യാക്കൂബ് മേമനു മേല്‍ ആരോപിക്കപ്പെട്ട കുറ്റം. സംഭവം നടക്കുന്നതിനു മുന്‍പ് പാകിസ്ഥാനിലേക്ക് രക്ഷപ്പെട്ട മേമന്‍ ഒരു കൊല്ലത്തിനു ശേഷം തിരിച്ചെത്തി കീഴടങ്ങുകയായിരുന്നു. പിതാവ് അബ്ദുറസാക്ക് മേമനും മാതാവും മറ്റു സഹോദരങ്ങളും ബന്ധുക്കളും കേസില്‍ പ്രതിയായ സാഹചര്യത്തിലാണ് യാക്കൂബ് കീഴടങ്ങിയത്. 21 കൊല്ലത്തെ ജയില്‍ ശിക്ഷക്ക് ശേഷമാണ് വധശിക്ഷ നടപ്പാക്കിയത്. മികച്ച ചാര്‍ട്ടേഡു അക്കൗണ്ടന്റ് ആയിരുന്ന യാക്കൂബ് മേമനാണ് ടൈഗര്‍ മേമന്റെ സാമ്പത്തിക ഇടപാടുകള്‍ നടത്തിയിരുന്നത്. സഹോദരന്‍ ചെയ്ത കുറ്റത്തിനാണ് താന്‍ ശിക്ഷിക്കപ്പെടുന്നതെന്ന് മേമന്‍ കോടതിയില്‍ പറഞ്ഞിരുന്നു. കേസില്‍ മാപ്പുസാക്ഷിയാകാമെന്ന പ്രതീക്ഷയിലാണ് മേമന്‍ കീഴടങ്ങിയതെങ്കിലും കൃത്യം നടത്തിയവര്‍ക്ക് സാമ്പത്തിക സഹായവും രക്ഷപ്പെടാനുള്ള യാത്രാ സഹായവും ചെയ്തതായി തെളിഞ്ഞ സാഹചര്യത്തില്‍ സി.ബി.ഐ അതിനു അനുവദിച്ചില്ല. 2013ല്‍ സുപ്രീംകോടതി വധശിക്ഷ ശരിവെച്ചു. ഒരു കുറ്റകൃത്യത്തിന് ജീവപര്യന്തവും പരമാവധി ശിക്ഷയും നല്‍കാന്‍ പാടില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് മേമന്‍ ദയാഹരജി നല്‍കിയത്. എന്നാല്‍ രാഷ്ട്രപതിയും സുപ്രിംകോടതിയും അതു തള്ളുകയായിരുന്നു. അതെ, മേമനില്‍ കുരുക്കിനു പാകമായ കഴുത്തു കണ്ടെത്തുകയായിരുന്നു.
ലോകം മുഴുവന്‍ വധശിക്ഷക്കെതിരായ പൊതുജനാഭിപ്രായം ശക്തിപ്പെടുന്ന സാഹചര്യത്തിലാണ് മറ്റൊരു നിയമവിധേയമായ കൊല ഇന്ത്യ നടത്തിയത്. അതാകട്ടെ വധശിക്ഷക്കെതിരെ നിലപാടെടുക്കുകയും താന്‍ രാഷ്ട്രപതിയായിരുന്നപ്പോള്‍ ലഭിച്ച ഏതാണ്ടെല്ലാ ദയാഹര്‍ജ്ജികളും അംഗീകരിക്കുകയും ചെയ്ത കലാമിന്റെ സംസ്‌കാരത്തിനു തൊട്ടുമുമ്പ്.
വൈകാരികമായ ഒരു തലത്തിലാണ് മിക്കവരും വധശിക്ഷയെ അനുകൂലിക്കുന്നത്. ദേശീയവികാരത്തിന്റെ പശ്ചാത്തലമൊരുക്കിയാണ് പലപ്പോഴും വധശിക്ഷ നടപ്പാക്കുന്നത്. അങ്ങനെയതിന് പൊതുസമ്മതിയുണ്ടെന്നു വരുന്നു. പൊതുസമ്മതിയെ നീതിന്യായവ്യവ്‌സ്തക്കുമുകളില്‍ പ്രതിഷ്ഠിച്ച കോടതിവിധി പോലും ഉണ്ടായത് അങ്ങനെയാണല്ലോ. ശശി തരൂര്‍ പറഞ്ഞ പോലെ സര്‍ക്കാര്‍ സ്‌പോണ്‍സേഡ് കൊലയായ വധശിക്ഷയെ എതിര്‍ക്കുന്നവര്‍ രാജ്യദ്രോഹികളാകുന്നത് അങ്ങനെയാണ്.
ലോകത്ത് പകുതിയിലധികം രാഷ്ട്രങ്ങള്‍ വധശിക്ഷ നിരോധിക്കുകയും ചെയ്തിട്ടുണ്ട്. അമേരിക്കയില്‍ അഞ്ഞൂറാമത്തെ വധശിക്ഷ നടപ്പാക്കിയപ്പോള്‍ വധിക്കപ്പെട്ടവരുടെ അവസാന വാക്കുകള്‍ അവര്‍ പുറത്തു വിട്ടിരുന്നു. അവരില്‍ വലിയൊരു വിഭാഗം പേര്‍ മരണത്തിനു തൊട്ടുമുമ്പും തങ്ങള്‍ കുറ്റവാളികളല്ല എന്നു ആണയിട്ടിരുന്നു. എന്റെ വാക്കുകള്‍ വിശ്വസിക്കൂ, ഞാന്‍ കുറ്റവാളിയല്ല എന്നു അവസാന നിമിഷവും പറഞ്ഞവര്‍ നിരവധിയാണ്. അവസാന മൊഴി സത്യമായിരിക്കുമെന്ന വിശ്വാസം ലോകത്തെ മുഴുവന്‍ അന്വേഷണ ഏജന്‍സികളും പിന്തുടരുന്നുണ്ട് എന്നോര്‍ക്കുക. നമ്മുടെ നാട്ടിലും ജഡ്ജിമാര്‍ തന്നെ നേരിട്ടെത്തി മരണമൊഴി എടുക്കുന്നതും ആ വിശ്വാസത്തിലാണല്ലോ.
ആയിരം കുറ്റവാളികള്‍ രക്ഷപ്പെട്ടാലും ഒരു നിരപരാധി പോലും ശിക്ഷിക്കപ്പെടരുതെന്ന നീതിന്യായ വ്യവസ്ഥയിലെ അടിസ്ഥാന തത്വമാണ് ഇവിടെ ബലി കഴിക്കപ്പെടുന്നത്. മറ്റേതു ശിക്ഷയാണെങ്കിലും പിന്നീട് നിരപരാധിയാണെങ്കില്‍ ഒരു പരിധിവരെ നഷ്ടപരിഹാരം നല്‍കാന്‍ കഴിഞ്ഞെന്നു വരാം. എന്നാല്‍ വധശിക്ഷയില്‍ അതു സാധ്യമല്ലല്ലോ. ഏതു രാജ്യത്തെ ഏതു കോടതിക്കും തെറ്റു പറ്റാമെന്നതും യാഥാര്‍ത്ഥ്യം. ഇന്ത്യയിലും അങ്ങനെ സംഭവിച്ചിട്ടുണ്ട്. അതുകൊണ്ടാണല്ലോ അപ്പീല്‍ സംവിധാനവും മറ്റും നിലനില്‍ക്കുന്നത്. സുപ്രിം കോടതിക്കും പറ്റാമല്ലോ തെറ്റ്.
ഇവിടെതന്നെ സ്‌ഫോടനത്തില്‍ പങ്കെടുത്തില്ലെന്നും ഗൂഢാലോചനക്കുറ്റം ചുമത്തിയാണ് തന്നെ അറസ്റ്റ് ചെയ്തതെന്നും മേമന്‍ ദയാഹരജിയില്‍ പറയുന്നു. നേരിട്ടുപങ്കെടുത്തവരെയൊന്നും തൂക്കിക്കൊല്ലുന്നില്ലതാനും.
ഇന്ത്യയില്‍ നടപ്പാക്കിയ ചില വധശിക്ഷകളിലും പ്രതികള്‍ അതര്‍ഹിക്കുന്നവരല്ല എന്ന ശക്തമായ വാദമുണ്ട്. പൊതുജനതാല്‍പ്പര്യാര്‍ത്ഥം വധശിക്ഷ നല്‍കുന്നു എന്നു കോടതി പ്രസ്താവിച്ച സംഭവവും ഉണ്ടായല്ലോ. രാഷ്ട്രീയ ലക്ഷ്യങ്ങള്‍ക്ക് ഇന്ത്യയടക്കം മിക്ക രാജ്യങ്ങളും വധശിക്ഷ ഉപയോഗിച്ചിട്ടുണ്ട്. വധശിക്ഷക്കു വിധിക്കപ്പെട്ട രാഷ്ട്രതലവന്മാരുടെ നീണ്ട നിരതന്നെയുണ്ടല്ലോ. അവരില്‍ മിക്കവര്‍ക്കും ന്യായമായ രീതിയില്‍ കേസ് വാദിക്കാനുള്ള അവസരം പോലും ലഭിച്ചിട്ടില്ല. വധശിക്ഷ കൊണ്ട് കുറ്റകൃത്യങ്ങള്‍ കുറഞ്ഞതായും കണക്കുകളില്ല.
കണ്ണിനു കണ്ണ്, കാതിനു കാത്, തലക്കു തല തുടങ്ങിയവയൊക്കെ കാലഹരണപ്പെട്ട നീതിയാണ്. ഒരു ജനാധിപത്യ വ്യവസ്ഥയില്‍ അതു ഭൂഷണമല്ല. ഭീകരന്മാര്‍ ചെയ്യുന്നതിനു പകരം അതുമാകാം എന്ന ന്യായീകരണവും ശരിയല്ല. ഭീകരസംഘടനയല്ലല്ലോ ജനാധിപത്യ ഭരണ കൂടം. ഗോവിന്ദച്ചാമിയെ പോലുള്ളവരെയും ഡെല്‍ഹിയിലെ പെണ്‍കുട്ടിയെ മൃഗീയമായി കൊന്നവരേയും നിരപരാധികളെ കൂട്ടക്കൊല ചെയ്യുന്ന ഭീകരരേയും മറ്റും പിന്നെന്തു ചെയ്യും എന്ന ചോദ്യവും സ്വാഭാവികം. കോടതിനടപടികള്‍ അതിവേഗമാക്കി വധശിക്ഷ ഒഴികെയുള്ള കഠിന ശിക്ഷ നടപ്പാക്കുക മാത്രമാണ് ശരി. കാരണം നിയമം ഉണ്ടെങ്കില്‍ ചിലര്‍ക്കു മാത്രമായി നടപ്പാക്കാനാവില്ലല്ലോ. വധശിക്ഷ നിലവിലുണ്ടെങ്കില്‍ എപ്പോഴും അത് പ്രഖ്യാപിക്കാമല്ലോ. എപ്പോഴും തെറ്റുപറ്റാനുള്ള സാധ്യതയുമുണ്ട്. കുറ്റവാളിയെ മാറ്റിയെടുക്കലാണ് ഏതൊരു ശിക്ഷയുടേയും അടിസ്ഥാന ലക്ഷ്യം എന്നതും ഓര്‍ക്കേണ്ടതാണ്. അതിനായി അവരെ സമൂഹത്തില്‍ നിന്ന് മാറ്റി നിര്‍ത്തുക. ചലന സ്വാതന്ത്ര്യം നിഷേധിക്കുക. അതുതന്നെയാണ് ഏറ്റവും വലിയ ശിക്ഷ.
അമേരിക്ക, ചൈന, മതരാഷ്ട്രങ്ങള്‍ തുടങ്ങി ഒരു തരത്തിലല്ലെങ്കില്‍ മറ്റൊരു തരത്തില്‍ ഏകാധിപത്യം നിലനില്‍ക്കുന്ന രാഷ്ട്രങ്ങളാണ് മുഖ്യമായും ഇന്ന് വധശിക്ഷ നടപ്പാക്കുന്നത്. ഏതൊരു രാജ്യത്തേയും കടന്നാക്രമിക്കുന്ന അമേരിക്കയിലാണ് ഏറ്റവും കൂടുതല്‍ ജയിലുകള്‍ ഉള്ളത്. ഭീകരസംഘടനകളും വധശിക്ഷ നടപ്പാക്കാറുണ്ട്. (കേരളത്തില്‍ രാഷ്ട്രീയ പ്രസ്ഥാനങ്ങളും വധശിക്ഷ നടപ്പാക്കുന്നു.) ജനാധിപത്യ രാഷ്ട്രങ്ങള്‍ മിക്കവാറും അത് നിരോധിച്ചു കഴിഞ്ഞു. ഐക്യരാഷ്ട്രസഭയും ശക്തമായി ഈ ആവശ്യം ഉന്നയിച്ചിട്ടുണ്ട്. ഒരു മതവിശ്വാസവും കൊലയെ പ്രോത്സാഹിപ്പിക്കുന്നില്ല. എന്നാല്‍ അഹിംസയുടെ പ്രവാചകനെ രാഷ്ട്രപിതാവെന്നു വിളിക്കുന്ന, ബുദ്ധന്റെ നാടെന്ന് അഭിമാനിക്കുന്ന ഇന്ത്യയടക്കം പല രാഷ്ട്രങ്ങളും അത് ചെവികൊണ്ടിട്ടില്ല. ഇനിയെങ്കിലും ആ ദിശയില്‍ ചിന്തിച്ചില്ലെങ്കില്‍ ഏറ്റവും വലിയ ജനാധിപത്യരാഷ്ട്രം എന്ന നമ്മുടെ അഹങ്കാരത്തിന് അര്‍ത്ഥമില്ലാതാകും. പ്രമുഖ പാര്‍ട്ടികളില്‍ സിപിഎം മാത്രമാണ് വധശിക്ഷക്കെതിരെ നിലപാടെടുത്തിരിക്കുന്നത്. മറ്റു പ്രസ്ഥാനങ്ങളും ആ പാത സ്വീകരിക്കണം. അല്ലാത്തപക്ഷം ഗോവര്‍ധന്റെ യാത്രകള്‍ അവസാനിക്കാന്‍ പോകുന്നില്ല.
സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പന്ത്രണ്ടാം വര്‍ഷത്തേക്ക് കടക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2024 - 25 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.
The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in