ഗുണ്ടാരാഷ്ട്രീയത്തെ ഒറ്റപ്പെടുത്തുക
കണ്ണൂര്‍ ഒരു കാലത്തും ശാന്തമാകില്ല എന്നുതന്നെ ഉറപ്പിക്കാം. ഇന്ത്യയില്‍തന്നെ ഏറ്റവുമധികം രാഷ്ട്രീയകൊലപാതകങ്ങള്‍ നടക്കുന്ന ജില്ലയാണ് കണ്ണൂര്‍. ഒരാള്‍ കൊല്ലപ്പെട്ടാല്‍ സംസ്‌കാരം കഴിയുന്നതിനുമുമ്പ് പകരം വീട്ടുന്ന രീതിയിലാണ് കാര്യങ്ങള്‍ നീങ്ങുന്നത്. കൊലകളാകട്ടെ ഏറ്റവും നിഷ്ഠൂരമായ രീതിയിലാണ് നടക്കുന്നത്. അതാകട്ടെ ഉറ്റവരുടെ രോദനങ്ങളെ സാക്ഷിനിര്‍ത്തിയും. തിങ്കളാഴ്ച പാതിരിയാട് വാളാങ്കിച്ചാലില്‍ സി.പി.എം ബ്രാഞ്ച് സെക്രട്ടറി കുഴിച്ചാല്‍ മോഹനന്‍ കൊല്ലപ്പെട്ടിരുന്നു. കൊന്നത് ബിജെപിയാണെന്നതില്‍ സാമാന്ടബുദ്ധിയുള്ളവര്‍ക്കാര്‍ക്കും സംശയമുണ്ടാകില്ല. ഇത് 48 മണിക്കൂറിനുള്ളില്‍ തന്നെ സിപിഎം പകരം വീട്ടിയിരിക്കുന്നു. അതാകട്ടെ സാക്ഷാല്‍ പിണറായിയില്‍ തന്നെ. ബി.ജെ.പി […]
കണ്ണൂര്‍ ഒരു കാലത്തും ശാന്തമാകില്ല എന്നുതന്നെ ഉറപ്പിക്കാം. ഇന്ത്യയില്‍തന്നെ ഏറ്റവുമധികം രാഷ്ട്രീയകൊലപാതകങ്ങള്‍ നടക്കുന്ന ജില്ലയാണ് കണ്ണൂര്‍. ഒരാള്‍ കൊല്ലപ്പെട്ടാല്‍ സംസ്‌കാരം കഴിയുന്നതിനുമുമ്പ് പകരം വീട്ടുന്ന രീതിയിലാണ് കാര്യങ്ങള്‍ നീങ്ങുന്നത്. കൊലകളാകട്ടെ ഏറ്റവും നിഷ്ഠൂരമായ രീതിയിലാണ് നടക്കുന്നത്. അതാകട്ടെ ഉറ്റവരുടെ രോദനങ്ങളെ സാക്ഷിനിര്‍ത്തിയും.
തിങ്കളാഴ്ച പാതിരിയാട് വാളാങ്കിച്ചാലില്‍ സി.പി.എം ബ്രാഞ്ച് സെക്രട്ടറി കുഴിച്ചാല്‍ മോഹനന്‍ കൊല്ലപ്പെട്ടിരുന്നു. കൊന്നത് ബിജെപിയാണെന്നതില്‍ സാമാന്ടബുദ്ധിയുള്ളവര്‍ക്കാര്‍ക്കും സംശയമുണ്ടാകില്ല. ഇത് 48 മണിക്കൂറിനുള്ളില്‍ തന്നെ സിപിഎം പകരം വീട്ടിയിരിക്കുന്നു. അതാകട്ടെ സാക്ഷാല്‍ പിണറായിയില്‍ തന്നെ. ബി.ജെ.പി പ്രവര്‍ത്തകന്‍ രമിത്താണ് കൊല്ലപ്പെട്ടത്. രമിത്തിന്റെ പിതാവ് ഉത്തമനും എട്ടുവര്‍ഷം മുമ്പ് ഇതേപോലെ രാഷ്ട്രീയ സംഘട്ടനത്തില്‍ കൊല്ലപ്പെട്ടിരുന്നു.
കണ്ണൂരിനെ സംബന്ധിച്ചിടത്തോളം അക്രമിച്ചതാര്, കൊല്ലപ്പെട്ടതാര് എന്ന ചോദ്യത്തിനു വലിയ പ്രസക്തിയില്ല. കാരണം അതു മാറി മാറി വരും. ഇക്കുറി ബിജെപിക്കാരനാണ് കൊല്ലപ്പെട്ടതെങ്കില്‍ അടുത്തത് സിപിഎംകാരനാകാം. പരസ്പരം കൊന്നവരുടെ പേരെഴുതി സ്‌കോര്‍ ബോര്‍ഡ് വെച്ച സംഭവവും വര്‍ഷങ്ങള്‍ക്കുമുമ്പ് കണ്ണൂരിലുണ്ടായിട്ടുണ്ട്. പ്രത്യകിച്ച് തലശ്ശേരിയില്‍. സിപിഎമ്മും ബിജെപിയും മാത്രമല്ല, കോണ്‍ഗ്രസ്സും ലീഗുമെല്ലാം ഇതേപാതന്നെയാണ് കണ്ണൂരില്‍ പിന്തുടരുന്നത്. അല്ലെങ്കില്‍ നിലനില്‍ക്കാനാവില്ല എന്നാണ് അവരുടെ രഹസ്യമായ ന്യായീകരണം.
ഭയാനകമായ രീതിയിലുള്ള രാഷ്ട്രീയ കൊലകള്‍ കണ്ണൂരില്‍ ആരംഭിച്ച് ദശകങ്ങളായി. സംസ്ഥാനത്ത് പാര്‍ട്ടി ഗ്രാമങ്ങള്‍ നിലനില്‍ക്കുകയും അവയുടെ എണ്ണം പറഞ്ഞ് അഭിമാനം കൊള്ളുകയും ചെയ്യുന്ന പാര്‍ട്ടികളുടെ നാടാണിത്. അവിടങ്ങളില്‍ മറ്റു രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് പ്രവര്‍ത്തിക്കുക എളുപ്പമല്ല. എന്തിന് തിരഞ്ഞടുപ്പില്‍ പോളിംഗ് ഏജന്റാകാന്‍ പോലും പറ്റില്ല. ബൂത്ത് പിടിക്കലും പുതുമയല്ല. അവിടെ മറ്റുള്ളവരുടെ ജനാധിപത്യാവകാശങ്ങള്‍ പൂര്‍ണ്ണമായും തടയപ്പെടുന്നു. അതിനാരെങ്കിലും ശ്രമിച്ചാല്‍ ചിലപ്പോള്‍ തലപോകും. അല്ലെങ്കില്‍ ഊരുവിലക്ക്. ഇലയനങ്ങണമെങ്കില്‍ പാര്‍്ട്ടിയുടെ അനുമതി വേണം. പാമ്പുകളും മിണ്ടാപ്രാണികളും വരെ കൊല ചെയ്യപ്പെട്ടു. പാര്‍ട്ടിഗ്രാമങ്ങളിലെ വിവാഹങ്ങള്‍ പോലും തീരുമാനിക്കുന്നത് നേതാക്കളാണ്. കഴിഞ്ഞ ദിവസം കണ്ണൂരില്‍ നിന്ന് ഐസ് ബന്ധമാരംഭിച്ച് ഏതാനും പേരെ അരസ്റ്റ് ചെയ്തപ്പോള്‍ ഒരു സീനിയര്‍ നേതാവ് പറഞ്ഞത് അത് പാര്‍ട്ടി ഗ്രാമങ്ങള്‍ തകര്‍ക്കാനുള്ള നീക്കമാണെന്നായിരുന്നു. മറുവശത്ത് ബിജെപിയാകട്ടെ ഇവിടെ അക്രമങ്ങള്‍ അഴിച്ചുവിട്ട് ഡോല്‍ഹിയില്‍ സിപിഎം ഓഫീസിലേക്ക് ജാഥ നടത്തുന്നു…!! തമാശയെന്തെന്നുവെച്ചാല്‍ ഇങ്ങനെയൊക്കെയായിട്ടും എതിരാളികളെ ഇല്ലാതാക്കാന്‍ ഇരു കൂട്ടര്‍ക്കും കഴിഞ്ഞിട്ടില്ല എന്നതാണ്. മാത്രമല്ല തലേദിവസം വരെ എതിരാളികളായിരുന്നവര്‍ പിറ്റേന്നുമുതല്‍ സഹപ്രവര്‍ത്തകരായി മാറുന്നു. ഇത്രവ്യത്യാസമേ ഇവര്‍ തമ്മിലുള്ളു എന്നോര്‍ത്ത് ആരും മൂക്കത്തുവിരല്‍വെച്ചുപോകും.
രണ്ടുസാധാരണ ഗുണ്ടാസംഘങ്ങളാണെങ്കില്‍ കൊന്നുതിന്നട്ടെ എന്നു വെക്കാമായിരുന്നു. എന്നാല്‍ അതിന്റെ പേരില്‍ സംസ്ഥാനം മുഴുവന്‍ സ്തംഭിപ്പിക്കുന്ന മുഷ്‌കാണ് ഇരുവരും കാണിക്കുന്നത്. അതിനാല്‍തന്നെ കേരളം നേരിടുന്ന ഏറ്റവും ഗുരുതരമായ രാഷ്ട്രീയപ്രശ്‌നമാണ് ഇന്നിത്. തങ്ങള്‍ നിസ്സഹായരാണെന്ന് പോലീസ് മേധാവി പോലും പറയുന്നു. വെറും ഗുണ്ടകളാണെങ്കില്‍ പോലീസിനിത് തടയാനാകും. എന്നാല്‍ ഒരു വശത്ത് ഹൈന്ദവഫാസിസവും മറുവശത്ത് രാഷ്ട്രീയഫാസിസവും ഉയര്‍ത്തിപിടിക്കുന്ന ജനാധിപത്യവിരുദ്ധശക്തികളാണ് ഏറ്റുമുട്ടുന്നത്. മാത്രമല്ല ഒരു കൊല ശരിയും മറ്റെ കൊല തെറ്റുമാണെന്നു പറയുന്ന, അടിമത്തം ആന്തരവല്‍ക്കരിച്ചവരുടെ എണ്ണം കൂടുന്നതും ഈ കൊലകള്‍ക്ക് ശക്തിയേകുന്നു. അവരില്‍ ബുദ്ധിജീവികളും പുരോഗമവാദികളുമായി നടിക്കുന്നവരും നിരവധിയാണ്.
കണ്ണൂരിലൂടെ യാത്ര ചെയ്യുമ്പോള്‍ എത്രയോ ബലികുടീരങ്ങള്‍. എതിരാളികളാല്‍ കൊല്ലപ്പെട്ടവര്‍ മാത്രമല്ല, ബോംബുണ്ടാക്കുമ്പോള്‍ പൊട്ടിത്തെറിച്ച് കൊല്ലപ്പെട്ടവരും അതിലുണ്ട്. കൊല നടത്തുന്നവരല്ല പലപ്പോഴും ജയിലില്‍ പോകുക. ആ ലിസ്റ്റ് പാര്‍ട്ടികള്‍ തന്നെയുണ്ടാക്കി പോലീസിനു നല്‍കാറാണു പതിവ്. അടുത്തകാലം വരെ ഇത്തരത്തില്‍ ജയിലില്‍ പോകാന്‍ ആളുകര്‍ തയ്യാറായിരുന്നു. ജയിലില്‍ പോകുന്നവരുടെ കുടുംബം പാര്‍ട്ടികള്‍ പുലര്‍ത്തും. എങ്കിലും അടുത്തയിടെ കാര്യങ്ങളില്‍ ചെറിയ മാറ്റങ്ങള്‍ വരാന്‍ ആരംഭിച്ചു. കുറ്റമേല്‍ക്കാന്‍ വിസമ്മതിക്കുന്നവര്‍ ധാരാളം. അങ്ങനെയാണ് ക്വട്ടേഷന്‍ സംഘങ്ങള്‍ രംഗത്തുവരാന്‍ തുടങ്ങിയത്.
മറ്റു പ്രദേശങ്ങളല്‍ നിന്ന് വ്യത്യസ്ഥമായ രീതിയില്‍ കണ്ണൂരിലെ ഈ സവിശേഷതയെ കുറിച്ച് പലരും പഠനങ്ങള്‍ നടത്തിയിട്ടുണ്ട്. അങ്കചേകവന്മാരിലും സര്‍ക്കസിലും കളരിയിലുമൊക്കെ അതിന്റെ ഉത്ഭവം തിരയുന്ന നരവംശ ഗവേഷകരുണ്ട്. കളരികളിലും നടന്നിരുന്നത് ഇത്തരത്തിലുള്ള ബലികളാണ്‌ലലോ. അതേസമയം കൊല്ലപ്പെടുന്നവരെല്ലാം, ഏതു പാര്‍ട്ടിയായാലും പിന്നോക്കക്കാരാണെന്ന വസ്തുതയും ശ്രദ്ധിക്കപ്പെട്ടിട്ടുണ്ട്. വെള്ളാപ്പള്ളി തന്നെ അതിന്റെ കണക്കുകള്‍ പറഞ്ഞിട്ടുമുണ്ട്.
വര്‍ഷങ്ങള്‍ക്കുമുമ്പ് അണികള്‍ക്കെതിരെ ഉണ്ടാകാറുള്ള അക്രമങ്ങള്‍ നേതാക്കള്‍ക്കെതിരെ തിരിഞ്ഞപ്പോഴാണ് കണ്ണൂരില്‍ ചെറിയ ഒരു ശാന്തതയുണ്ടായത്. ജയകൃഷ്ണന്‍ മാസ്റ്ററുടെ വധവും ജയരാജന്‍മാര്‍ക്കെതിരായ അക്രമവും മറ്റും നടന്നപ്പോഴായിരുന്നു അത്. ടിപി വധത്തെ തുടര്‍ന്നും രാഷ്ട്രീയകൊലകള്‍ക്കറുതി വരുമെന്നു കരുതിയവര്‍ക്കുതെറ്റി. അക്രമങ്ങള്‍ വീണ്ടും തുടര്‍ന്നു. മുതിര്‍ന്ന നേതാക്കള്‍തന്നെ ഗൂഢോലോചനകളില്‍ പ്രതികളായി. കണ്ണൂര്‍ ഒരിക്കലും ശാന്തമാകുന്നില്ല എന്നതിന്റെ ഒടുവിലത്തെ തെളിവാണ് ഇപ്പോഴത്തെ കൊലകള്‍..
കണ്ണൂരിനെ ശാന്തമാക്കാനുള്ള മുഖ്യ ഉത്തരവാദിത്തം ബിജെപിക്കും സിപിഎമ്മിനുമാണ്. ഒരുകൂട്ടര്‍ കേന്ദ്രത്തിലും ഒരു കൂട്ടര്‍ സംസ്ഥാനത്തും ഭരണത്തിലുമാണ്. എന്നാല്‍ ഇരുകൂട്ടരും പരസ്പരമാക്രോശിച്ച് അക്രമത്തിന്റെ പാത തുടരുകയാണ്. പരസ്പരം കുറ്റപ്പെടുത്തുമ്പോഴും നിഷ്പക്ഷമതികളെ സംബന്ധിച്ചിടത്തോളം ഇരുകൂട്ടര്‍ക്കും തുല്ല്യഉത്തരവാദിത്തമാണ്. ഇപ്പോഴാകട്ടെ ഇരുകൂട്ടരും സംസ്ഥാനതലത്തില്‍ തന്നെ കണ്ണൂര്‍ മോഡലില്‍ പാര്‍ട്ടിയെ കെട്ടിപ്പടുക്കാനുള്ള ശ്രമത്തിലാണ്. ബിജെപി മോഡലില്‍ സിപിഎമ്മും മാര്‍ച്ചുകളില്‍ ലാത്തി ഉപയോഗിക്കാനും തുടങ്ങിയിട്ടുണ്ട്. എത്രമാത്രം ഭയാനകമായ അവസ്ഥയിലേക്കാണ് കാര്യങ്ങള്‍ നീങ്ങുന്നതെന്നും അത് ജനാധിപത്യത്തിനുയര്‍ത്തുന്ന ഭീഷണി എത്രമാത്രം ഗൗരവമുള്ളതാണെന്നും തിരിച്ചറിയാനും ഈ ഫാസിസ്റ്റ് സംഘടനകളെയും ഗണ്ടാസംഘങ്ങളേയും ഒറ്റപ്പെടുത്താനും തയ്യാറാകുകയാണ് ഇപ്പോള്‍ ജനാധിപത്യവാദികള്‍ ചെയ്യേണ്ടത്.
സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പന്ത്രണ്ടാം വര്‍ഷത്തേക്ക് കടക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2024 - 25 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.
The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in