കുന്തക്കാരന്‍ പത്രോസിനെ ആരും ഓര്‍ക്കാത്തതെന്ത്?
സിവിക് ചന്ദ്രന്‍ ഉയരും ഞാന്‍ നാടാകെ/ പടരും ഞാനൊരു പുത്ത/നുയിര്‍ നാട്ടിന്നേകിക്കൊ/ണ്ടുയരും വീണ്ടും/ ഉയരും ഞാന്‍ നാടാകെ/യുയരും ഞാന്‍ വീണ്ടുമ/ങ്ങുയരും ഞാന്‍/വയലാറലറിടുന്നു/അവിടത്തെ ധീരത/യിവിടെപ്പകര്‍ത്തുവാന്‍/കഴിവറ്റ തൂലികേ/ലജ്ജിക്കൂ നീ/പുകയുമാവെണ്ണീറില്‍ തൂലികകൊണ്ടൊന്നു/ചികയണേ നാടിന്‍/ചരിത്രകാരാ… (വയലാര്‍ ഗര്‍ജിക്കുന്നു – പി.ഭാസ്‌കരന്‍) മറ്റൊരു തുലാം പത്ത് കൂടി. പുന്നപ്ര – വയലാറിന്റെ അനുസ്‌മരണ വാരം നടക്കുമ്പോഴാണ് ഈ കുറിപ്പെഴുതുന്നത്. പുന്നപ്ര-വയലാറിന്റെ കുന്തക്കാരന്‍ കെ.വി പത്രോസിനെപ്പറ്റി ആരുമൊന്നും പരാമര്‍ശിക്കാത്തതെന്ത്? അവസാന അത്താഴവും കഴിച്ച് ആ കമ്മ്യൂണാഡുകള്‍… സര്‍ സി.പി.യുടെ റൈഫിളുകളെയും സ്റ്റെന്‍ഗണ്ണുകളേയും നേരിടാന്‍ കൊടി കെട്ടിയ […]
ഉയരും ഞാന്‍ നാടാകെ/ പടരും ഞാനൊരു പുത്ത/നുയിര്‍ നാട്ടിന്നേകിക്കൊ/ണ്ടുയരും വീണ്ടും/ ഉയരും ഞാന്‍ നാടാകെ/യുയരും ഞാന്‍ വീണ്ടുമ/ങ്ങുയരും ഞാന്‍/വയലാറലറിടുന്നു/അവിടത്തെ ധീരത/യിവിടെപ്പകര്‍ത്തുവാന്‍/കഴിവറ്റ തൂലികേ/ലജ്ജിക്കൂ നീ/പുകയുമാവെണ്ണീറില്‍ തൂലികകൊണ്ടൊന്നു/ചികയണേ നാടിന്‍/ചരിത്രകാരാ…
(വയലാര്‍ ഗര്‍ജിക്കുന്നു – പി.ഭാസ്‌കരന്‍)
മറ്റൊരു തുലാം പത്ത് കൂടി. പുന്നപ്ര – വയലാറിന്റെ അനുസ്‌മരണ വാരം നടക്കുമ്പോഴാണ് ഈ കുറിപ്പെഴുതുന്നത്. പുന്നപ്ര-വയലാറിന്റെ കുന്തക്കാരന്‍ കെ.വി പത്രോസിനെപ്പറ്റി ആരുമൊന്നും പരാമര്‍ശിക്കാത്തതെന്ത്?
അവസാന അത്താഴവും കഴിച്ച് ആ കമ്മ്യൂണാഡുകള്‍… സര്‍ സി.പി.യുടെ റൈഫിളുകളെയും സ്റ്റെന്‍ഗണ്ണുകളേയും നേരിടാന്‍ കൊടി കെട്ടിയ കമുകിന്‍ വാരിക്കുന്തങ്ങളാണവരുടെ വശമുണ്ടായിരുന്നത് ചൂട്ടുകറ്റകളുടെ വെളിച്ചവും. ഉരുക്കും രക്തവും തമ്മില്‍, വെടിയുണ്ടയും മാംസവും തമ്മിലുള്ള ഏറ്റുമുട്ടലിന്റെ ബാക്കിപത്രം മൂന്നു മണ്‍കൂമ്പാരങ്ങളായിരുന്നു എഴുന്നോറോ ഏഴായിരമോ രക്തസാക്ഷികള്‍. പെട്രോളൊഴിച്ച് തീ കൊളുത്തിയ ആ കൂനകള്‍ ദിവസങ്ങളോളം അണയാതെ കിടന്നു. അണയാത്ത ആ ചിതയില്‍ നിന്നാണ് വയലാര്‍ ഗര്‍ജ്ജിക്കുന്നു എന്ന കവിത പിറക്കുന്നത്..
കേരളാസ്റ്റാലിന്‍ എന്നറിയപ്പെട്ടിരുന്ന കെ.വി.പത്രോസായിരുന്നു ആ ഉയിര്‍ത്തെഴുന്നേല്‍പ്പിന്റെ നായകന്‍. ആരാ, ഇക്കാണുന്ന മനുഷ്യനെല്ലാം ചോറുണ്ടാക്കിക്കൊടുക്കുന്നേ, പറേനും പെലേനുമാ, ഫൂ! കുനിഞ്ഞിരുന്നു കണക്കുനോക്കുന്ന പിശാചേ, നിന്റെ കഴുത്തു പിടിച്ചുഞെരിച്ച് തിരിച്ച് – അല്ലെങ്കിലൊരു കുറ്റിച്ചൂട്ടാല്‍ നിന്റെ മാളിക… `രണ്ടിടങ്ങഴി’യിലെ കോരനെപ്പോലൊരു കഥാപാത്രമായിരുന്നു പത്രോസ്. ഇനിയൊരൊറ്റ തൊഴിലാളിയെ തൊട്ടാല്‍ ആലപ്പുഴ ഒരറ്റം മുതല്‍ മറ്റേ അറ്റം വരെ കത്തിക്കുമെന്ന് സര്‍ സി.പിയെ താക്കീതു ചെയ്‌ത പത്രോസ്. സര്‍ സി.പി യുടെ ഭക്തിവിലാസത്തിനു മുകളില്‍ പാറിയിരുന്ന മഹാരാജാവിന്റെ ശംഖടയാളമുള്ള കൊടിയഴിച്ച് ചെമ്പതാക ഉയര്‍ത്താന്‍ ഉയര്‍ന്ന ആ കൈകള്‍… പത്രോസിനെ പിടികിട്ടിയാല്‍ ഇടിവണ്ടീടെ പിറകെ കെട്ടി വലിച്ചിഴച്ച് ആ അസ്ഥി തനിക്ക് കാണാനെത്തിക്കണം എന്നാണ് സി.പി ഉത്തരവിട്ടത്.
ഈ തുലാപ്പത്തിനും പുന്നപ്ര വയലാറിന്റെ യഥാര്‍ത്ഥ കുന്തക്കാരന്‍ പത്രോസിനെ ആരും അനുസ്‌മരിക്കാത്തതെന്ത്? പഴയ പത്രവും പാത്രങ്ങളും വീടുകള്‍ നടന്നു കയറി ശേഖരിച്ച് കയറ്റുചവിട്ടികള്‍ പകരം വിറ്റ് ഉപജീവനം നയിച്ചിരുന്ന ഒരനന്തര കാലത്തേക്ക് പത്രോസിനെ തള്ളിയകറ്റിയതാര്? പിന്നീട് ഇ.എം.എസ്സും എകെ.ജിയും പോലെ രൂപപ്പെട്ട ഒരിടംകൈ വലംകൈ സൗഹൃദമാണ് പി.കൃഷ്‌ണപിള്ളയും കെ.വി.പത്രോസും തമ്മിലുണ്ടായിരുന്നതെന്ന് രേഖപ്പെടുത്തപ്പെട്ടിട്ടുണ്ട്. പത്രോസിന്റെ ഓലക്കൂരയില്‍ അലൂമിനിയം പാത്രത്തില്‍ അമ്മ വിളമ്പുന്ന കപ്പപ്പുഴുക്കും ചമ്മന്തിയും കഴിക്കാന്‍ എത്തുമായിരുന്നു കൃഷ്‌ണപിള്ളയും കെ.ദാമോദരനും ആര്‍.സുഗതനും ഉണ്ണിരാജയും. മിക്കവാറും എ.കെ.ജി, ചിലപ്പോള്‍ ഇ.എം.എസ്… പത്രോസിന്റെ അമ്മയെ മാക്‌സിം ഗോര്‍ക്കിയുടെ അമ്മയോട് താരതമ്യപ്പെടുത്തിയത് മറ്റാരുമല്ല, സാക്ഷാല്‍ എ.കെ.ജി!
സി.പി.ഐയുടേയും സി.പി.ഐ.എമ്മിന്റെയും ഏതാണ്ട് മുഴുവന്‍ നേതാക്കളും എത്തിച്ചേരുന്ന അനുസ്‌മരണ ചടങ്ങുകള്‍ ഒരിക്കല്‍ക്കൂടി നടക്കുമ്പോള്‍ ആരെങ്കിലുമൊരാള്‍ എണീറ്റുനിന്ന് സഖാവ് കെ.വി.പത്രോസിനുവേണ്ടി കൈപൊക്കുമെന്ന് ഞാനാശിക്കുന്നു. പത്രോസെന്ന പാറമേലായിരുന്നു കേരളത്തിലെ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനം കെട്ടിപ്പടുക്കപ്പെട്ടത്. പത്രോസിനെ തള്ളിപ്പറഞ്ഞതോടെ പത്രോസ് മാത്രമല്ല പത്രോസ് പ്രതിനിധീകരിച്ചിരുന്ന പറയനും പുലയനുമടക്കമുള്ള അധഃസ്ഥിതരെയാണ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടി തള്ളിപ്പറഞ്ഞത്. അങ്ങനെയാണത് ശങ്കരന്‍ നമ്പൂതിരിപ്പാടുമാരുടേയും അച്ചുതമേനോന്മാരുടേയും പാര്‍ട്ടിയായത്. ഒരു പിണറായി വിജയനു പോലും സെക്രട്ടറി ജനറലാവാന്‍ കഴിയുംവിധം ജീര്‍ണ്ണിച്ചുപോയതും മറ്റൊന്നും കൊണ്ടല്ല. സഖാവ് പത്രോസ്, നിങ്ങളുടെ ഓര്‍മ്മയ്‌ക്കുമുന്നില്‍ ഇങ്ങനെയൊരു കുറിപ്പെങ്കിലുമെഴുതി തല കുനിച്ചുനില്‍ക്കാന്‍ അനുവദിക്കുക.
സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പന്ത്രണ്ടാം വര്‍ഷത്തേക്ക് കടക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2024 - 25 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.
The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in
ചെറായി രാമദാസ്
October 27, 2016 at 6:32 pm
കേരളത്തിലുണ്ടായ ഏറ്റവും തീക്ഷ്ണമായ രാഷ്ട്രീയ നാടകങ്ങളില്‍ ഒന്ന് ( രണ്ടു പതിറ്റാണ്ടു മുന്‍പ് പുറത്തുവന്ന ” നിങ്ങളാരെ കമ്യൂണിസ്റ്റാക്കി ” ) എഴുതിയ അതേ സിവിക് ചന്ദ്രന്‍റേതാണ് ഈ ലേഖനം . അന്ന് ആ നാടകത്തെ വിലയിരുത്തിയപ്പോഴുണ്ടായിരുന്ന അതേ വൈകാരിക വിക്ഷോഭം ഇപ്പോഴും എന്നില്‍ വന്നു നിറയുന്നുണ്ട് . ഞങ്ങള്‍ ഇവിടെ തോറ്റുപോയി എന്നു വിലപിച്ച നാടകത്തിലെ മാലയുടെ വര്‍ഗം ഇന്നുയര്‍ത്തുന്ന രോഷപ്രതിരോധങ്ങള്‍ക്ക് ഒരു നിമിത്തമാകാന്‍ ആ നാടകത്തിനു കഴിഞ്ഞു . അന്നു നാടകകൃത്തിനെതിരെ ” നിന്‍റെ തന്തയെ കമ്യൂണിസ്റ്റാക്കി ” എന്നു കൊലവിളി മുഴക്കിയവന്‍റെ പാര്‍ട്ടിക്കാര്‍ ഇന്നും ജീവിച്ചിരിപ്പുണ്ടെങ്കിലും അക്ഷരം മിണ്ടാന്‍ പോലും ധൈര്യമില്ലല്ലോ പുതിയ ജനകീയ വിചാരണകള്‍ക്കെതിരെ .
ഈ ലേഖനത്തിലെ ” അതിഭാവുകത്വം ” കലര്‍ന്ന ചില നിരീക്ഷണങ്ങളെ വകവയ്ക്കുന്നില്ല ഞാന്‍ . പക്ഷേ നാളെയെ പ്രവചിച്ച നാടകകാരനെ ഞാന്‍ അഭിവാദ്യം ചെയ്യുന്നു ; കാലത്തിനു മുന്നില്‍ ധന്യനായെന്ന് അങ്ങ് തെളിയിച്ചുകഴിഞ്ഞു .