ഇത് സുധീര നേതൃത്വമല്ല

കോണ്‍ഗ്രസ്സിനുവേണ്ടത് സുധീരനേതൃത്വമാണ് എന്ന് ഫെയ്‌സ്ബുക്കില്‍ കുറിച്ച വിടി ബല്‍റാം എംഎല്‍എക്കെതിരെ അച്ചടക്കനടപടിയെടുക്കുമെന്ന കെ പി സി സി പ്രസിഡന്റ് വി എം സുധീരന്റെ നിലപാട് ശരിയാണെന്ന് പറയാന്‍ കഴിയില്ല. കോണ്‍ഗ്രസ്സ് പോലുള്ള ഒരു പാര്‍ട്ടിയില്‍ പരമാവധി പ്രസിഡന്റ് പറയേണ്ടത് വിടിയുടെ നികൃഷ്ടജീവി എന്ന് പദം കോണ്‍ഗ്രസ്സ് അംഗീകരിക്കുന്നില്ല എന്നുമാത്രമാണ്. അതിലപ്പുറമുള്ള അച്ചടക്കത്തിന്റെ പടവാള്‍ കോണ്‍ഗ്രസ്സിനും സുധീരനും യോജിച്ചതല്ല. മാധ്യമപടയുമായി മുന്നണിവ്യത്യാസമില്ലാതെ കേരളത്തിലെ സാമുദായികനേതാക്കളെ കണ്ട് അനുഗ്രഹം തേടിപോയ ഇടുക്കി സീറ്റിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി ഡീന്‍ കുര്യാക്കോസിനെ കണക്കറ്റ് […]

x

കോണ്‍ഗ്രസ്സിനുവേണ്ടത് സുധീരനേതൃത്വമാണ് എന്ന് ഫെയ്‌സ്ബുക്കില്‍ കുറിച്ച വിടി ബല്‍റാം എംഎല്‍എക്കെതിരെ അച്ചടക്കനടപടിയെടുക്കുമെന്ന കെ പി സി സി പ്രസിഡന്റ് വി എം സുധീരന്റെ നിലപാട് ശരിയാണെന്ന് പറയാന്‍ കഴിയില്ല. കോണ്‍ഗ്രസ്സ് പോലുള്ള ഒരു പാര്‍ട്ടിയില്‍ പരമാവധി പ്രസിഡന്റ് പറയേണ്ടത് വിടിയുടെ നികൃഷ്ടജീവി എന്ന് പദം കോണ്‍ഗ്രസ്സ് അംഗീകരിക്കുന്നില്ല എന്നുമാത്രമാണ്. അതിലപ്പുറമുള്ള അച്ചടക്കത്തിന്റെ പടവാള്‍ കോണ്‍ഗ്രസ്സിനും സുധീരനും യോജിച്ചതല്ല.
മാധ്യമപടയുമായി മുന്നണിവ്യത്യാസമില്ലാതെ കേരളത്തിലെ സാമുദായികനേതാക്കളെ കണ്ട് അനുഗ്രഹം തേടിപോയ ഇടുക്കി സീറ്റിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി ഡീന്‍ കുര്യാക്കോസിനെ കണക്കറ്റ് ശകാരിച്ച ബിഷപ്പ് മാര്‍ മാത്യു ആനിക്കുഴിക്കാട്ടിലിന്റെ നടപടി ഒറ്റവാക്കില്‍ പറഞ്ഞാല്‍ വളരെ ധാര്‍ഷ്ട്യമായിപോയി. കോണ്‍ഗ്രസ്സിനെ മുള്‍മുനയില്‍ നിര്‍ത്തി ഹൈക്കമാന്റിന്റെ റാങ്കിങ്ങില്‍ ഒന്നാം സ്ഥാനത്തുണ്ടായിരുന്ന പി ടി തോമസിന്റെ പേര്‍വെട്ടിച്ചതിനുശേഷമാണ് പകരമെത്തിയ ഡീനിനോട് ബിഷപ്പ് തട്ടിക്കയറിയത്. വോട്ടിനു വേണ്ടി മാത്രമാണ് നേതാക്കള്‍ തങ്ങളെ കാണാനെത്തുന്നതെന്നും സ്ഥാനമാനങ്ങള്‍ കിട്ടിക്കഴിഞ്ഞാല്‍ എല്ലാവരും തങ്ങളെ മറക്കുമെന്നും അദ്ദേഹം പറഞ്ഞത്രെ. ഏതൊരു പൗരനേയും പോലെയാണ് തെരഞ്ഞെടുപ്പു പ്രക്രിയയില്‍ താനുമെന്നതാണ് ബിഷപ്പ് മറക്കുന്നത്. പകരം തങ്ങള്‍ക്കുമീതെ ഒരു പാര്‍ട്ടിയും പറക്കേണ്ട എന്ന നിലപാടും ആ ധാര്‍ഷ്ട്യത്തിലുണ്ട്.
ജനങ്ങള്‍ക്കൊപ്പം നില്‍ക്കാതെ പി.ടി. തോമസിന്റെ ഗതി കണ്ടില്ലെ എന്ന് ബിഷപ്പ് ഡീന്‍ കുര്യാക്കോസിനെ ഓര്‍മ്മിപ്പിച്ചു. പട്ടയ പ്രശ്‌നത്തില്‍ ജനങ്ങള്‍ക്കൊപ്പം നില്‍ക്കാത്ത റവന്യൂമന്ത്രി അടൂര്‍ പ്രകാശിനെ മന്ത്രിസഭയില്‍ നിന്ന് പറിച്ചെറിയണമെന്നും ബിഷപ്പ് ആവശ്യപ്പെട്ടു. സ്വാഭാവികമായും എല്ലാം കേട്ട്, അനുഗ്രഹം വാങ്ങി തിരിച്ചുപോന്നു ചെറുപ്പക്കാരനായ ഡീന്‍. തന്നെ വിമര്‍ശിക്കാന്‍ ബിഷപ്പിന് അവകാശമുണ്ടെന്ന് ഡീന്‍ പ്രതികരിച്ചു.
എന്നാല്‍ അടുത്തകാലത്തായി പല വിഷയങ്ങലിലും രൂക്ഷമായി ഇടപെടുന്ന ബല്‍റാം അതിനു തയ്യാറായില്ല.താന്‍ നായന്മാരുടെ പോപ്പാണെന്നു പറഞ്ഞ സുകുമാരന്‍ നായരെ കോപ്പാണെന്നാണ് ബല്‍റാം വിശേഷിപ്പിച്ചത്. അതിന്റഎ തുടര്‍ച്ചതന്നെയിതും. തീര്‍ച്ചയായും വിവാദപദം ഒഴിവാക്കാമായിരുന്നു.
വര്‍ഷങ്ങള്‍ക്കുമുമ്പ് ആദര്‍ശധീരരെന്ന വിശേഷത്തോടെയാണ് എ കെ ആന്റണി, വയലാര്‍രവി, ഉമ്മന്‍ചാണ്ടി, വിഎം സുധീരന്‍ തുടങ്ങിയ യുവതുര്‍ക്കികള്‍ കോണ്‍ഗ്രസ്സിലേക്ക് കടന്നുവന്നത്. കേരളത്തില്‍ കോണ്‍ഗ്രസ്സിനെ ശക്തമാക്കി നിര്‍ത്തിയതില്‍ ഇവര്‍ക്കുള്ള പങ്ക് വളരെ വലുതാണ്. കെ കരുണാകരനുനേരെ ഒരുപാടുകാലം ഇവര്‍ കലാപകൊടിയുയര്‍ത്തി. ഇവരില്‍ സംഘടനയിലും ഭരണത്തിലും ഉന്നത സ്ഥാനങ്ങളില്‍ എത്താത്തതിനാലായിരിക്കാം സുധീരനാണ് ഇപ്പോഴും ആ പാരമ്പര്യം കുറച്ചൊക്കെ ഉയര്‍ത്തിപിടിക്കുന്നത്. ഉത്തരവാദിത്തം കൂടുമ്പോള്‍ ഒത്തുതീര്‍പ്പുകളും കൂടും. അതിന്റെ സൂചനകള്‍ ഇപ്പോള്‍ കാണുന്നുണ്ട്. സ്ഥാനാര്‍ത്ഥി നിര്‍ണ്ണയത്തിലും മറ്റും നാമത് കണ്ടു. അതേസമയം എന്‍എസ്എസ് ആസ്ഥാനത്തുപോയപ്പോഴുണ്ടായ അനുഭവത്തില്‍ അദ്ദേഹം താണുകൊടുത്തില്ല. ബല്‍റാമിനെപോലെ കടുത്ത ഭാഷ ഉപയോഗിച്ചില്ല എന്നുമാത്രം.
മേല്‍സൂചിപ്പിച്ചവരുടെ പിന്‍ഗാമികളായി ചില ചെറുപ്പക്കാര്‍ ഇപ്പോള്‍ കോണ്‍ഗ്രസ്സിലുണ്ട്. മൈനര്‍ സുധീരന്മാര്‍ എന്ന് പലരും അവരെ വിശേഷിപ്പിക്കാറുണ്ട്. അതിലൊരാളാണ് ബല്‍റാം. തീര്‍ച്ചയായും പുതുതലമുറ അല്‍പ്പസ്വല്‍പ്പം മൂല്യങ്ങള്‍ ഉയര്‍ത്തിപിടിക്കുന്നതില്‍ അവരെ പിന്തുണക്കുകയാണ് സുധീരന്‍ ചെയ്യേണ്ടത്. ഇരിക്കുന്ന സ്ഥാനത്തിന്റെ ഉത്തരവാദിത്തം മാനിച്ച് വിവാദമായ പദം പിന്‍വലിക്കാന്‍ മാത്രമാണ് ആവശ്യപ്പെടേണ്ടത്. അച്ചടക്കനടപടിയെന്ന വാളിനൊന്നും ഇനിയുള്ള കാലം മൂര്‍ച്ചയുണ്ടാകാന്‍ പോകുന്നില്ല.

സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പന്ത്രണ്ടാം വര്‍ഷത്തേക്ക് കടക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2024 - 25 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in


ഞങ്ങളുടെ ഫേസ്ബുക് പേജ് ലൈക് ചെയ്യൂ..


Published On

Category: open | Comments: 1 |

'ക്രിട്ടിക്കില്‍ പ്രസിദ്ധീകരിക്കുന്ന ലേഖനങ്ങള്‍ ലേഖകരുടെ അഭിപ്രായങ്ങളാണ്.. അവ പൂര്‍ണ്ണമായും ക്രിട്ടിക്കിന്റെ അഭിപ്രായങ്ങളാകണമെന്നില്ല - എഡിറ്റര്‍'

Feedback

One thought on “ഇത് സുധീര നേതൃത്വമല്ല

  1. ….ഇങ്ങനെയെങ്കില്‍ , അനുയോജ്യമായ മറ്റൊരു പദം കണ്ടെത്തുന്നത് വരെയെങ്കിലും , സുധീരനെ ഈ പദം കൊണ്ട്തന്നെ വിശേഷിപ്പിക്കേണ്ടി വരില്ലേ , എന്നാണെന്റെ പേടി…

Leave a Reply