അരക്ഷിതമായ വാര്‍ദ്ധക്യത്തെ അടച്ചുപൂട്ടുമ്പോള്‍

ജനസംഖ്യാവിതരണത്തിന്റെ തോത് പരിശോധിച്ചാല്‍ കേരളത്തിന്റെ പോക്ക് വികസിത രാഷ്ട്രങ്ങള്‍ക്ക് സമാനമാണെന്ന് പറയാറുണ്ട്. കുട്ടികളുടേയും ചെറുപ്പക്കാരുടേയും എണ്ണം കുറയുകയും വൃദ്ധരുടെ എണ്ണം കൂടുകയും ചെയ്യുന്നു. ആരോഗ്യരംഗത്ത് കേരളം നേടിയ നേട്ടങ്ങളുടെ ഫലമായി ശരാശരി ആയുസ്സ് കൂടിയതാണ് ഇതിനു കാരണമെന്ന് വ്യക്തം. പക്ഷെ ആ നേട്ടം ഗുണകരമായി തീരണമെങ്കില്‍ മറ്റൊരുപാട് കാര്യങ്ങള്‍ കൂടി ബാക്കിയാണ്. വൃദ്ധജനങ്ങളുടെ അവസാനകാലഘട്ടം അല്ലലില്ലാതെയാവുക എന്നതാണ് അതില്‍ പ്രധാനം. അക്കാര്യത്തില്‍ കേരളത്തിന്റെ അവസ്ഥ മഹാമോശമാണ്.

കൊവിഡ് കാലഘട്ടം അത്രപെട്ടന്നൊന്നും അവസാനിക്കാന്‍ പോകുന്നില്ല എന്ന് ഏറെക്കുറെ ഉറപ്പായിരിക്കുകയാണല്ലോ. കൊവിഡിനൊപ്പം ജീവിക്കാന്‍ പഠിക്കുക എന്നതു മാത്രമാണ് മനുഷ്യസമൂഹത്തിനു മുന്നിലുള്ള ഏകമാര്‍ഗ്ഗം എന്നതിലും സംശയമില്ല. എന്നാല്‍ അതെങ്ങിനെ സാധ്യമാകും എന്ന ചോദ്യത്തിന് ഉത്തരം വൈദ്യശാസ്ത്രത്തില്‍ നിന്നു മാത്രം കിട്ടില്ല എന്നതാണ് വസ്തുത. നമുക്കു ചുറ്റുമുള്ള സാമൂഹ്യയാഥാര്‍ത്ഥ്യങ്ങളുമായി ബന്ധപ്പെട്ടേ അതിനുള്ള ഉത്തരം ലഭിക്കൂ.

റിവേഴ്‌സ് കോറന്റൈ എന്ന പദമാണ് ഈ വിഷയവുമായി ബന്ധപ്പെട്ട് ഇപ്പോള്‍ വ്യാപകമായി കേള്‍ക്കുന്നത്. പ്രായമായവരേയും കുട്ടികളേയും അസുഖങ്ങള്‍ ഉള്ളവരേയും ആരോഗ്യം കുറഞ്ഞവരേയും കോറന്റൈന്‍ ചെയത് ബാക്കിയുള്ളവര്‍ സാമൂഹ്യ അകലം പാലിച്ചും മാസ്‌കുകളും സാനിറ്റൈസറുകളും ഉപയോഗിച്ചും സാധാരണജീവിതത്തിലേക്കു മടങ്ങുക എന്നതാണ് അതിലൂടെ പ്രധാനമായും ഉദ്ദേശിക്കുന്നത്. കേള്‍ക്കുമ്പോള്‍ വളരെ ശരിയാണ്. എന്നാല്‍ അതിനുപുറകിലെ പച്ചയായ ചില യാഥാര്‍ത്ഥ്യങ്ങളുണ്ട്. കേരളം പോലുള്ള സമൂഹത്തിലാകട്ടെ അവയേറെ പ്രസക്തവുമാണ്.

ജനസംഖ്യാവിതരണത്തിന്റെ തോത് പരിശോധിച്ചാല്‍ കേരളത്തിന്റെ പോക്ക് വികസിത രാഷ്ട്രങ്ങള്‍ക്ക് സമാനമാണെന്ന് പറയാറുണ്ട്. കുട്ടികളുടേയും ചെറുപ്പക്കാരുടേയും എണ്ണം കുറയുകയും വൃദ്ധരുടെ എണ്ണം കൂടുകയും ചെയ്യുന്നു. ആരോഗ്യരംഗത്ത് കേരളം നേടിയ നേട്ടങ്ങളുടെ ഫലമായി ശരാശരി ആയുസ്സ് കൂടിയതാണ് ഇതിനു കാരണമെന്ന് വ്യക്തം. പക്ഷെ ആ നേട്ടം ഗുണകരമായി തീരണമെങ്കില്‍ മറ്റൊരുപാട് കാര്യങ്ങള്‍ കൂടി ബാക്കിയാണ്. വൃദ്ധജനങ്ങളുടെ അവസാനകാലഘട്ടം അല്ലലില്ലാതെയാവുക എന്നതാണ് അതില്‍ പ്രധാനം. അക്കാര്യത്തില്‍ കേരളത്തിന്റെ അവസ്ഥ മഹാമോശമാണ്. വൃദ്ധരില്‍ വലിയൊരു ഭാഗം കിടപ്പിലാണ്. വാര്‍ദ്ധക്യം തികച്ചും അന്തസ്സിലാത്ത അവസ്ഥ. കിടപ്പിലില്ലാത്തവരാണെങ്കിലും പലതരം രോഗങ്ങള്‍ക്ക് അടിമകളാണ് മറ്റൊരു വിഭാഗം. വിഷാദം, ഉന്മാദം, ഓര്‍മ നശിക്കല്‍, ആകാംക്ഷ എന്നീ മാനസിക രോഗങ്ങള്‍, ജീവിത ശൈലീരോഗങ്ങളായ രക്തസമ്മര്‍ദം, പ്രമേഹം, ഹൃദ്രോഗം എന്നിവ വൃദ്ധ ജീവിതത്തെ അലട്ടുന്നവയാണ്. ത്വക്ക്, കണ്ണ്, ശ്വാസകോശം, പാന്‍ക്രിയാസ്, മൂത്രാശയം, മലദ്വാരം, ആമാശയം, പ്രോസ്റ്റേറ്റ് ഗ്രന്ഥി, വന്‍കുടല്‍, സ്തനങ്ങള്‍, ഗര്‍ഭാശയം എന്നീ ശരീരഭാഗങ്ങള്‍ വൃദ്ധജനങ്ങളില്‍ അര്‍ബുദ ബാധയ്ക്ക് സാദ്ധ്യതയുള്ളതാകുന്നു. അന്ധത, ബധിരത എന്നിവ കൂടാതെ സാംക്രമിക രോഗങ്ങള്‍ ആദ്യം പകരുന്നതും വൃദ്ധര്‍ക്കാണ്. ഇവയെല്ലാം കേരളത്തില്‍ വളരെ കൂടുതലാണ്. ഇനി ഒരു രോഗവുമില്ലാത്തവരാണെങ്കിലും സ്വന്തമായി അഞ്ചിന്റെ പൈസക്കു വരുമാനമില്ലാതെ, എന്തിനും ഏതിനും മക്കളേയോ മറ്റുബന്ധുക്കളേയോ ആശ്രയിച്ച് അപമാനകരമായ ജീവിതമാണ് പലരുടേയും. സ്വന്തമായി പെന്‍ഷനുള്ള ഒരു ചെറിയ വിഭാഗത്തിന്റേയുമാത്രം അല്‍പ്പം വ്യത്യസ്ഥമായിരിക്കാം. ബാക്കിയെല്ലാ വൃദ്ധരും ആയുസ് വര്‍ദ്ധന ശാപമായി കാണുന്നവരാണ്. ആയുസ് വര്‍ദ്ധിച്ചപോലെ വൃദ്ധരോടുള്ള നമ്മുടെ കരുതല്‍ വര്‍ദ്ധിച്ചില്ല എന്നതാണ് യഥാര്‍ത്ഥ്യം. അക്കാര്യത്തില്‍ നമ്മള്‍ യൂറോപ്യന്‍ രാജ്യങ്ങളെ മാതൃകയാക്കിയില്ല.

തീര്‍ച്ചയായും ഇതിനൊരു മറുവശമുണ്ട്. വൃദ്ധരെ പരിചരിച്ച് തകരുന്ന കുടുംബങ്ങള്‍ നിരവധിയുണ്ട്. അത്തരമൊരു സാഹചര്യത്തില്‍ മക്കളാണെങ്കിലും ആഗ്രഹിക്കുക മരണമായിരിക്കും. ഈ സാഹചര്യത്തെ കേവലം മക്കളുടെ വിഷയമായി എടുക്കുന്നതു തന്നെ തെറ്റാണ്. ഒരു സാമൂഹ്യപ്രശ്‌നമായി തന്നെ ഇതിനെ കാണണം. നിര്‍ദ്ധനരായ വൃദ്ധരുടെ പരിചരണം സ്റ്റേറ്റിന്റെ ഉത്തരവാദിത്തമാകണം. എങ്കിലേ ഔദാര്യങ്ങള്‍ക്കു പകരം വൃദ്ധരുടെ ആവശ്യങ്ങള്‍ അവകാശങ്ങളായി മാറൂ. പല രാജ്യങ്ങളിലും ഇത് യാഥാര്‍ത്ഥ്യമാണ്. വൃദ്ധരുടെ ചികിത്സ സൗജന്യമാണ്. എന്നാല്‍ ഇതൊക്കെ വിദൂരമായ സ്വപ്‌നങ്ങള്‍ മാത്രമായ കേരളത്തില്‍ കൊറോണയുടെ പേരില്‍ വൃദ്ധരെ മുറിയിലടച്ചാല്‍ സംഭവിക്കുന്നത് എന്തായിരിക്കുമെന്ന് ഊഹിക്കാവുന്നതാണ്. ഇപ്പോള്‍ തന്നെ സാമൂഹ്യജീവിതം നിഷേധിക്കപ്പെട്ടവരാണ് വലിയൊരു വിഭാഗം വൃദ്ധരും. ഈ സാഹചര്യത്തില്‍ റിവേഴ്‌സ് കോറന്റൈന്‍ കൂടിയാകുമ്പോള്‍ സംഭവിക്കുക എന്തായിരിക്കും എന്ന് ഊഹിക്കാവുന്നതേയുള്ളൂ.

ഇതിനൊരു മറുവശം കൂടിയുണ്ട്. 65 കഴിഞ്ഞവരെയാണല്ലോ അടച്ചിടണമെന്നു പറയുന്നത്. സര്‍ക്കാര്‍ ജീവനക്കാരുടെ പെന്‍ഷന്‍ പ്രായം 55ഉം 58ഉം 60ഉമൊക്കെയാകാം. എന്നാല്‍ 65നുശേഷവും എന്തെങ്കിലും ജോലിക്കുപോകുന്ന, അത്യാവശ്യം ആരോഗ്യമുള്ള ഒരു വലിയവിഭാഗം വൃദ്ധരും കേരളത്തിലുണ്ട്. അതുവഴി രണ്ട് ആശ്വാസമാണ് അവര്‍ക്കുള്ളത്. ഒന്ന് അങ്ങനെയെങ്കിലും വീടെന്ന തടവറയില്‍ നിന്നു പുറത്തുവരുക. രണ്ടാമത് ചെറുതെങ്കില്‍ ചെറിയ ഒരു വരുമാനം സ്വന്തമായി ഉണ്ടാകുക. അങ്ങനെ കഷ്ടപ്പട്ടാണെങ്കിലും സ്വന്തമായി ചായ കുടിക്കാനുള്ള വകയെങ്കിലുമുണ്ടാക്കുക. നിരവധി വൃദ്ധര്‍ കടകളിലെ കാഷിയറായും മറ്റും ജോലി ചെയ്യുന്നു. പലരും സ്വന്തമായി പെട്ടിക്കടകളോ ചെറുഹോട്ടലുകളോ നടത്തുന്നു. തൊഴിലുറപ്പുപദ്ധതിയില്‍ വലിയൊരു ഭാഗവും ഈ പ്രായപരിധി കഴിഞ്ഞവരാണ്. ഇത്തരത്തിലുള്ളവരെ എങ്ങനെയാണ് കോറന്റെന്‍ ചെയ്യുക? പ്രത്യേകിച്ച് ഭരണപക്ഷത്തായാലും പ്രതിപക്ഷത്തായാലും വൃദ്ധരായ നേതാക്കളാല്‍ നയിക്കപ്പെടുന്ന പ്രസ്ഥാനങ്ങള്‍ ഭരിക്കുന്ന ഒരു സംസ്ഥാനത്ത്.

ഈ വിഷയത്തിലും ലിംഗപരമായ ഒരു പ്രശ്‌നം അവശേഷിക്കുന്നുണ്ട്. ഏറ്റവും അവസാനത്തെ കണക്കനുസരിച്ച് കേരളത്തില്‍ പുരുഷന്മാരുടെ ആയുര്‍ദൈര്‍ഘ്യം 72 ഉം സ്തീകളുടേത് 77.8 ഉമാണ്. അതായത് വാര്‍ദ്ധക്യത്തിന്റെ പ്രശ്‌നം കൂടുതല്‍ രൂക്ഷം സ്ത്രീകള്‍ക്കാണെന്നര്‍ത്ഥം. മിക്കവാറും ഭാര്യമാര്‍ക്ക് ഭര്‍്ത്താക്കന്മാരേക്കാള്‍ എട്ടും പത്തും വയസ്സ് കുറവാണല്ലോ പതിവ്. ്തും കൂടി കണക്കിലെടുക്കുമ്പോള്‍ ഭര്‍ത്താവ് മരിച്ചതിനുശേഷവും ഏറെകാലം ഭാര്യമാര്‍ ജീവിക്കുന്ന സമൂഹമാണ് കേരളം. കേരളത്തിലിപ്പോള്‍ 60 വയസ്സിന് മുകളിലുള്ള സ്തീകളില്‍ 60 ശതമാനത്തിലേറെ പേര്‍ വിധവകളാണ്, അതേയവസരത്തില്‍ ഇതേ പ്രായത്തിലുള്ള പുരുഷന്മാരില്‍ കേവലം 12 ശതമാനം പേര്‍ മാത്രമാണ് വിഭാര്യര്‍ എന്ന കണക്കും പുറത്തുവന്നിട്ടുണ്ട്. ഇതെല്ലാം പരിഗണിച്ചാവണം റിവേഴ്‌സ് കോറന്റൈന്‍ എന്ന ആശയത്തെ കുറിച്ച് ചര്‍ച്ച ചെയ്യാന്‍.

കൊറോണ മാനവരാശിക്കുമുന്നില്‍ ഉയര്‍ത്തുന്ന വെല്ലുവിളികള്‍ ചെറുതാക്കി കാണുകയല്ല ഈ കുറിപ്പിലൂടെ ഉദ്ദേശിക്കുന്നത്. അതിനെതിരായ സുരക്ഷാ നടപടികള്‍ വേണ്ട എന്നുമല്ല പറയുന്നത്. അപ്പോഴും സമൂഹത്തില്‍ വലിയൊരു വിഭാഗം വരുന്ന വൃദ്ധജനങ്ങളെ തടവിലാക്കി ചെയ്യാവുന്ന ഒന്നല്ല അത്. തുടക്കത്തില്‍ പറഞ്ഞപോലെ അവരുടെ ജീവിതം അന്തസ്സുള്ളതാക്കി നിലനിര്‍ത്തിവേണം അത് ചെയ്യാന്‍. അതിനേറ്റവും പ്രധാനം സ്വന്തമായ വരുമാനം തന്നെയാണ്. അവിടെയാണ് സാര്‍വ്വത്രികപെന്‍ഷന്‍ എന്ന ആശയം പ്രസക്തമാകുന്നത്. സര്‍ക്കാര്‍ ജീവനക്കാരനെന്നോ കര്‍ഷകന്‍ എന്നോ കര്‍ഷക തൊഴിലാളിയെന്നോ സ്വകാര്യ സ്ഥാപനങ്ങളിലെ ജീവനക്കാരനെന്നോ മത്സ്യതൊഴിലാളിയെന്നോ കച്ചവടക്കാരനെന്നോ മന്ത്രിയെന്നോ അധ്യാപകനെന്നോ വ്യത്യാസമില്ലാതെ 60 കഴിഞ്ഞ എല്ലാവര്‍ക്കും സാമാന്യം ഭേദപ്പെട്ട, തുല്യപെന്‍ഷന്‍ നല്‍കുന്ന സംവിധാനമാണ് നമുക്കാവശ്യം. അതിലാര്‍ക്കൊക്കെ തൊഴില്‍ ചെയ്ത സ്ഥാപനം നല്‍കണം, സര്‍ക്കാര്‍ നല്‍കണം എന്നൊക്കെ ചര്‍ച്ച ചെയ്ത് തീരുമാനിക്കാം. എന്നാല്‍ എല്ലാവര്‍ക്കും ജീവിക്കാന്‍ ആവശ്യമായ പെന്‍ഷന്‍ ഉറപ്പാക്കേണ്ടത് ഏതൊരു ജനകീയ സര്‍ക്കാറിന്റെയും ഉത്തരവാദിത്വമായി മാറണം. ജോലി ചെയ്യുമ്പോള്‍ ഓരോ ജീവനക്കാരും ചെയ്യുന്ന ജോലികള്‍ വ്യത്യസ്തമായതിനാല്‍ വേതനവും വ്യത്യസ്ഥമായിരിക്കാം. എന്നാല്‍ ജോലിയില്‍ നിന്നും വിരമിക്കുന്നതോടെ എല്ലാവരും തുല്ല്യരാണ്. അതിനാല്‍ എല്ലാവര്‍ക്കും തുല്ല്യപെന്‍ഷനാണ് നല്‍കേണ്ടത്. അതാകട്ടെ അയാളുടെ/അവരുടെ സ്വസ്ഥജീവിതത്തിനുള്ളതായിരിക്കണം. കുടംബം പോറ്റാനുള്ളതായിരിക്കരുത്. മക്കളും മറ്റു കുടുംബാംഗങ്ങളും മാതാപിതാക്കളുടെ പെന്‍ഷനായി കാത്തിരിക്കുന്ന അവസ്ഥ മാറുകയും വേണം. അവരുടെ ജീവിതത്തിനാവശ്യമായ തൊഴില്‍ അവര്‍ കണ്ടെത്തട്ടെ. ചുരുക്കത്തില്‍ വളരെ വിശദമായ ചര്‍ച്ചകളിലൂടെ പ്രായോഗികമായ തീരുമാനങ്ങളെടുത്തുവേണം ഈ ദിശയില്‍ മുന്നോട്ടുപോകാന്‍ എന്നര്‍ത്ഥം.

സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പന്ത്രണ്ടാം വര്‍ഷത്തേക്ക് കടക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2024 - 25 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in


ഞങ്ങളുടെ ഫേസ്ബുക് പേജ് ലൈക് ചെയ്യൂ..


Published On

Category: Culture | Tags: , | Comments: 0 |

'ക്രിട്ടിക്കില്‍ പ്രസിദ്ധീകരിക്കുന്ന ലേഖനങ്ങള്‍ ലേഖകരുടെ അഭിപ്രായങ്ങളാണ്.. അവ പൂര്‍ണ്ണമായും ക്രിട്ടിക്കിന്റെ അഭിപ്രായങ്ങളാകണമെന്നില്ല - എഡിറ്റര്‍'

Be the first to write a comment.

Leave a Reply