വേണ്ട പോലീസില്‍ ആക്ഷന്‍ ഹീറോ ബിജുമാര്‍
സഹോദന്റെ മരണത്തില്‍ നീതി ആവശ്യപ്പെട്ട് രണ്ടുവര്‍ഷത്തില്‍ കൂടുതലായി ശ്രിജിത് എന്ന ചെറുപ്പക്കാരന്‍ സെക്രട്ടറിയേറ്റിനുമുന്നില്‍ തുടരുന്ന സമരം കേരള പോലീസിനെതിരെ നിരന്തരമായി ഉയരുന്ന വിമര്‍ശനങ്ങള്‍ക്ക് അടിവരയിടുകയാണ്. നീതിപാലകര്‍ കുറ്റവാളികളും കൊലപാതകികളുമൊക്കെയാകുമ്പോള്‍ ഭരണകൂടം സംരക്ഷിക്കുന്നു എന്നതുതന്നെയാണത്. പോലീസിന്റെ ആത്മവീര്യം തകരാതിരിക്കാന്‍ എന്ന ജനവിരുദ്ധമായ ഒരു സിദ്ധാന്തവും അതിനായി ഉണ്ടാക്കിയിട്ടുണ്ട്. ഒരുപക്ഷെ ദശകങ്ങള്‍ക്കുശേഷം കുറ്റബോധം കൊണ്ട് പോലീസുകാരനായിരുന്ന രാമചന്ദ്രന്‍ നായര്‍ നക്‌സലൈറ്റ് വര്‍ഗ്ഗീസിന്റെ വധവുമായി ബന്ധപ്പെട്ട സത്യങ്ങള്‍ തുറന്നു പറഞ്ഞതിനെ തുടര്‍ന്ന് ലക്ഷ്മണയെ പേരിനുമാത്രം ശിക്ഷിച്ച സംഭവമാണ് ഇതിനൊരു അപവാദം. തങ്ങള്‍ […]
സഹോദന്റെ മരണത്തില്‍ നീതി ആവശ്യപ്പെട്ട് രണ്ടുവര്‍ഷത്തില്‍ കൂടുതലായി ശ്രിജിത് എന്ന ചെറുപ്പക്കാരന്‍ സെക്രട്ടറിയേറ്റിനുമുന്നില്‍ തുടരുന്ന സമരം കേരള പോലീസിനെതിരെ നിരന്തരമായി ഉയരുന്ന വിമര്‍ശനങ്ങള്‍ക്ക് അടിവരയിടുകയാണ്. നീതിപാലകര്‍ കുറ്റവാളികളും കൊലപാതകികളുമൊക്കെയാകുമ്പോള്‍ ഭരണകൂടം സംരക്ഷിക്കുന്നു എന്നതുതന്നെയാണത്. പോലീസിന്റെ ആത്മവീര്യം തകരാതിരിക്കാന്‍ എന്ന ജനവിരുദ്ധമായ ഒരു സിദ്ധാന്തവും അതിനായി ഉണ്ടാക്കിയിട്ടുണ്ട്. ഒരുപക്ഷെ ദശകങ്ങള്‍ക്കുശേഷം കുറ്റബോധം കൊണ്ട് പോലീസുകാരനായിരുന്ന രാമചന്ദ്രന്‍ നായര്‍ നക്‌സലൈറ്റ് വര്‍ഗ്ഗീസിന്റെ വധവുമായി ബന്ധപ്പെട്ട സത്യങ്ങള്‍ തുറന്നു പറഞ്ഞതിനെ തുടര്‍ന്ന് ലക്ഷ്മണയെ പേരിനുമാത്രം ശിക്ഷിച്ച സംഭവമാണ് ഇതിനൊരു അപവാദം. തങ്ങള്‍ സംരക്ഷിക്കപ്പെടുമെന്ന ഉറപ്പാകാം പോലീസിന്റെ അതിക്രമങ്ങള്‍ വര്‍ദ്ധിക്കുകതന്നെയാണ്.
ശ്രീജിത്തിന്റെ സഹോദരന്‍ ശ്രീജിവ് ലോക്കപ്പില്‍ വിഷം കുടിച്ചു മരിച്ചു എന്ന പോലീസ് വാദം സത്യസന്ധമല്ലെന്നു ബോധ്യമാകാന്‍ സാമാന്യബോധം മാത്രം മതി. കേരളത്തിലെ ഒരു ലോക്കപ്പിലേക്കും പ്രതികള്‍ക്ക് വിഷവുമായി പോകാനാവില്ലെന്ന് ആര്‍ക്കുമറിയാം. സംഭവത്തെ കുറിച്ചന്വേഷിച്ച പോലീസ് കംപ്ലെയ്ന്‍സ് അതോറിട്ടി കുറ്റക്കാരെന്നു കണ്ടെത്തിയ പോലീസുകാരെ പേരിനെങ്കിലും സസ്‌പെന്റ് ചെയ്യാന്‍ സര്‍ക്കാര്‍ ഇനിയും തയ്യാറായിട്ടില്ല. സിബിഐ അന്വഷണത്തിലും ഇപ്പോഴും കൃത്യമായ തീരുമാനമായിട്ടില്ല. ശ്രീജിത്തിനേയും മാതാവിനേയും മറ്റും മുഖ്യമന്ത്രി സൗഹാര്‍ദ്ദപൂര്‍വ്വം സ്വീകരിച്ചു എന്നല്ലാതെ കൃത്യമായ ഒരുറപ്പും ലഭിക്കാത്തതിനാലാണ് അവര്‍ സമരം തുടരുന്നത്. മനുഷ്യാവകാശ കമ്മീഷനടക്കം വിഷയത്തില്‍ ഇടപെട്ടിട്ടുണ്ട്. നീതി ലഭിക്കുമെന്ന പ്രതീക്ഷയില്‍ തന്നെയാണ് ശ്രീജിത് സമരം തുടരുന്നത്. അതേസമയം സോഷ്യല്‍ മീഡിയയിലൂടെ ശക്തിയാര്‍ജ്ജിച്ച സമരത്തെ പിന്താങ്ങുന്നവരെ ട്രോളന്മാരെന്നും സംഘികളെന്നും ആരോപിക്കാനാണ് പതിവു ന്യായീകരണക്കാര്‍ ശ്രമിക്കുന്നതെന്നതാണ് കൗതുകകരം.
ഏതാനും വര്‍ഷങ്ങളായി പോലീസിനെതിരായ പരാതികള്‍ വര്‍ദ്ധിക്കുതായി കംപ്ലെയന്‍സ് അതോറിട്ടിയും മനുഷ്യാവകാസ കമ്മീഷനുമൊക്കെ സര്‍ക്കാരിനു മുന്നില്‍ ചൂണ്ടികാണിക്കാറുണ്ട്. എന്നാല്‍ ആത്മവീര്യത്തിന്റെ പേരിലാണ് സര്‍ക്കാര്‍ പോലീസിനു കവചമൊരുക്കുന്നത്. ‘…… രണ്ടുപേര്‍ ആദ്യറൌണ്ട് അടിച്ചു. രണ്ടുപേര്‍ മാത്രമായിട്ട് അടിക്കുന്നത് പോരെന്ന് അവര്‍ക്ക് തോന്നിയിട്ടുണ്ടായിരിക്കാം. വലിയ ഒരു സംഘം പൊലീസുകാര്‍ ലോക്കപ്പിനു മുമ്പില്‍ നില്‍ക്കുന്നുണ്ട്. സിഐ അടക്കം മൂന്നാളുകള്‍ പിന്നീട് കടന്നുവന്നു. അങ്ങനെ അഞ്ചുപേരായി. തല്ലലിന്റെ മാതിരി പറയേണ്ട ആവശ്യമില്ലാല്ലോ? ഏകദേശം കേരളത്തെപ്പറ്റി അറിയാവുന്നവര്‍ക്കൊക്കെ ഊഹിക്കാവുന്നതാണ്. അഞ്ചാളുകള്‍ ഇട്ടു തല്ലുകയാണ്. എല്ലാ രീതിയിലും തല്ലി. പല ഘട്ടങ്ങളിലായിട്ടു പല പ്രാവശ്യമായിട്ട് ഞാന്‍ വീഴുന്നുണ്ട്, എഴുന്നേല്‍ക്കുന്നുണ്ട്. അവര്‍ തല്ലുന്നതിനിടക്ക് പറഞ്ഞുകൊണ്ടിരിക്കുന്നുണ്ട്, ‘നീ ആഫീസര്‍ക്കെതിരായി പറയുന്നുണ്ട്, മന്ത്രിക്കെതിരായി പറയുന്നുണ്ട്. അല്ലേടാ എന്നൊക്കെ. അതിനിടക്ക് തല്ലും നടന്നുകൊണ്ടിരിക്കുന്നു. പല പ്രാവശ്യം വീണു. പല പ്രാവശ്യം എഴുന്നേറ്റു. എഴുന്നേല്‍ക്കാന്‍ കഴിഞ്ഞപ്പോഴൊക്കെ എഴുന്നേറ്റു. അവസാനം എഴുന്നേല്‍ക്കാന്‍ വയ്യാത്ത അവസ്ഥയായി. പൂര്‍ണമായിട്ടും വീണു. എഴുന്നേല്‍ക്കാതായതോടുകൂടി അവരെല്ലാവരും മാറിമാറി പുറത്തു ചവുട്ടി. എത്രമാത്രം ചവിട്ടാന്‍ കഴിയുമോ അത്രമാത്രം ചവിട്ടി. അഞ്ചാളുകള്‍ മാത്രമേ തല്ലിയുള്ളു. അവര്‍ ക്ഷീണിക്കുന്നതുവരെ തല്ലി. പതിനഞ്ചു ഇരുപതുമിനിട്ടു സമയം. എന്നിട്ട് അവര്‍ പോയി. …’ അടിയന്തരാവസ്ഥകാലത്ത് തനിക്കേറ്റ മര്‍ദ്ദനത്തെ പറ്റി നിയമസഭയില്‍ പിണറായി വിജയന്‍ പറഞ്ഞ വാക്കുകളാണിത്. അദ്ദേഹമാണ് മുന്‍മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയെപോലെതന്നെ ആത്മവീര്യസിദ്ധാന്തം ഉരുവിടുന്നതെന്നതാണ് വൈരുദ്ധ്യം. ഇപ്പോഴിതാ പോലീസ് തന്നെ സൂര്യനെല്ലി മോഡല്‍ പെണ്‍വാണിഭത്തില്‍ പ്രതികളാകുന്ന സംഭവമാണ് ആലപ്പുഴയില്‍ നിന്ന് പുറത്തുവന്നിരിക്കുന്നത്. രണ്ടുപോലീസ് ഉദ്യോഗസ്ഥരാണ് ഇതുവരെ പിടിയിലായത്. ഡിവൈ.എസ്.പി അടക്കം കൂടുതല്‍ പോലീസുകാര്‍ക്ക് പങ്കുണ്ടെന്ന് ആരോപണമുണ്ട്.
അടുത്ത കാലത്തായി പോലീസിന്റെ ഭാഗത്തുനിന്നുണ്ടായ അതിക്രമങ്ങളുടെ ലിസ്റ്റ് ആരേയും ഞെട്ടിപ്പിക്കുന്നതാണ്. ഏതാനും ലോക്കപ്പ് കൊലപാതകങ്ങളടക്കം നിരവധി സംഭവങ്ങള്‍ പുറത്തുവന്നുകഴിഞ്ഞു. ലോക്കപ്പുകളില്‍ സി സി ടി വി കാമറ സ്ഥാപിക്കണമെന്ന ആവശ്യം പോലും ഇപ്പോഴും നടപ്പായിട്ടില്ല. ദളിതുകളും ദുര്‍ബ്ബലുമായവര്‍ തന്നെയാണ് പീഡനങ്ങള്‍ക്ക് ഏറ്റവും വിധേയരാകുന്നവര്‍. ട്രാന്‍സ്‌ജെന്റര്‍ സൗഹൃദ സംസ്ഥാനമെന്നു പറയുമ്പോഴും അവരെ കേരളത്തില്‍ വെച്ചേക്കില്ല എന്ന തീരുമാനത്തിലാണെന്നു തോന്നുന്നു പോലീസ്. ജനകീയ സമരങ്ങളോടുള്ള സമീപനം പുതുവൈപ്പിനിലും ജിഷ്ണുവിന്റെ അമ്മക്കുനേരെയുള്ള അക്രമത്തിലും മറ്രും പോലീസ് വ്യക്തമാക്കി കഴിഞ്ഞു. വര്‍ഗ്ഗീസ് വധത്തിനുശേഷം വീണ്ടും വ്യാജഏറ്റുമുട്ടല്‍ കൊല അരങ്ങേറി. ഇതിനൊക്കെ പുറമെയാണ് ആരുമറിയാതെ സ്റ്റേഷനുകളില്‍ അരങ്ങേറുന്ന പീഡനപരമ്പരകള്‍. ലോക്കപ്പ് മര്‍ദ്ദനവും പീഡനവും സര്‍ക്കാരിന്റെ പോലീസ് നയമല്ല എന്ന പതിവുപല്ലവിയാണ് സര്‍ക്കാരിനുവേണ്ടി രംഗത്തിറങ്ങിയിരിക്കുന്നവരുടെ വാദം. സര്‍ക്കാരിന്റെ പോലീസ് നയം എന്താണെന്നത് ഇവിടെ പ്രസക്തമല്ല. ഇന്ത്യന്‍ ഭരണഘടന അനുശാസിക്കുന്ന മനുഷ്യാവകാശങ്ങള്‍ ഓരോ പൗരനും ലഭ്യമാക്കാന്‍ സര്‍ക്കാര്‍ ബാധ്യസ്ഥമാണ്. അതാണിവിടെ നിഷേധിക്കപ്പെടുന്നത്. ഏറെ വിവാദമായ വിനായകന്റെ മരണത്തില്‍ പോലും ഇനിയും നീതി ലഭിച്ചിട്ടില്ല. സദാചാരപോലീസിംഗ് അനുവദിക്കില്ല എന്നു പറയുമ്പോഴും പോലീസ് തന്നെ സദാചാരപോലീസാകുന്ന സംഭവങ്ങളും നിരന്തരം അരങ്ങേറുന്നു. യുഎപിഎക്ക് എതിരാണെന്നു അവകാശപ്പെടുമ്പോഴും രാഷ്ട്രീയതാല്‍പ്പര്യത്തോടെ അത് പ്രയോഗിക്കുന്നു. വേണ്ടിവന്നാല്‍ പോലീസ് സ്‌റ്റേഷനിലും ബോംബുണ്ടാക്കുമെന്നു പ്രസംഗിക്കുകയും സ്റ്റേഷന്റെ മതില്‍ ചാടിക്കടക്കുകയും ചെയ്ത പാര്‍ട്ടിയാണ് ഇപ്പോള്‍ ഭരിക്കുന്നതെന്നത് മറ്റൊരു വൈരുദ്ധ്യം. ആഭ്യന്തരത്തിനു മുഴുവന്‍ സമയ മന്ത്രിപോലുമില്ലാത്ത അവസ്ഥയാണ് തുടരുന്നത്. പലപ്പോഴും പോലീസിനു വീഴ്ച പറ്റി എന്നു പറയുന്ന മുഖ്യമന്ത്രി പക്ഷെ ഫലപ്രദമായ നടപടികളൊന്നും അദ്ദേഹം സ്വീകരിക്കുന്നില്ല.
ഇവിടെ നിലനില്‍ക്കുന്നത് രാജ്യഭരണമല്ല, ജനാധിപത്യമാണെന്ന വസ്തുതയാണ് അതിന്റെ തലപ്പത്തിരിക്കുന്നവര്‍ തന്നെ മറക്കുന്നത്. ഇന്ത്യക്കാരെ ഭയപ്പെടുത്തി ഭരിക്കാനായി ബ്രിട്ടീഷുകാര്‍ രൂപം കൊടുത്ത പോലീസ് ആക്ടിലും മറ്റു സംവിധാനങ്ങളിലും ഇപ്പോഴും കാര്യമായ മാറ്റമൊന്നുമില്ല. ഇന്നും പോലീസ് സ്റ്റേഷനില്‍ ഭയത്തോടെയല്ലാതെ കയറി പോകുവാന്‍ ധൈര്യമുള്ളവര്‍ കുറയും. ബ്രിട്ടനില്‍ അതെല്ലാം മാറിയെന്നത് വേറെ കാര്യം. പോലീസ് ജനങ്ങളുടെ സുഹൃത്താകണം, സഹായിയാകണം എന്നൊക്കെ പറയുമ്പോഴും നിര്‍ഭാഗ്യവശാല്‍ അങ്ങനെ മാറ്റാന്‍ കമ്യൂണിസ്റ്റ് നേതൃത്വത്തിലുള്ള സര്‍ക്കാരിനുപോലും താല്‍പ്പര്യമില്ല എന്നതാണ് യാഥാര്‍ത്ഥ്യം. വിമോചനസമരകാലത്ത് പോലീസ് നടത്തിയ ഒരു വെടിവെപ്പ് തെറ്റായിരുന്നു എന്നു പാര്‍ട്ടിക്കു ബോധ്യമായിട്ടും അതിനെ ന്യായീകരിക്കാന്‍ തീരുമാനിച്ച അനുഭവം കെ ദാമോദരന്‍ തന്റെ ആത്മകഥയില്‍ വിശദീകരിക്കുന്നുണ്ട്. ആ അവസ്ഥ തന്നെയാണ് ഇപ്പോഴും. പോലീസില്‍ വലിയൊരു ഭാഗം ക്രിമിനലുകളാണെന്നു മുന്‍ ഡിജിപി സെന്‍കുമാര്‍ പരസ്യമായി തന്നെ പറഞ്ഞിട്ടുണ്ട്. സ്വാധീനമില്ലാത്തവരുടെ കേസുകളോട് പലപ്പോഴും പോലീസ് ഉദാസീനരാണെന്ന് വാളയാര്‍ സംഭവവുമായി ബന്ധപ്പെട്ട് ശ്രീലേഖ ഐ പി എസും പറയുന്ന കേട്ടു. എന്നാല്‍ അതിനൊരു മാറ്റമുണ്ടാക്കാന്‍ സര്‍ക്കാരിനാകുന്നില്ല. ജിഷ സംഭവത്തില്‍ മുന്‍സര്‍ക്കാരിന്റെ പോലീസിനു പറ്റിയ വീഴ്ചയായിരുന്നു എല്‍ഡിഎഫിന്റെ പ്രധാന തെരഞ്ഞെടുപ്പു പ്രചാരണ വിഷയം എന്നു കൂടി ഓര്‍ക്കണം. എ കെ ആന്റണിയുടെ കാലത്താണ് ലോകത്തുതന്നെ അപൂര്‍വ്വമായ രീതിയില്‍ ആദിവാസികള്‍ക്കുനേരെ വെടിയുയര്‍ത്തിയത്. അടിയന്തരാവസ്ഥയിലെ അതിക്രമങ്ങളും മറക്കാറായിട്ടില്ലല്ലോ. മകന്റെ ജഡത്തിനെന്തുപറ്റി എന്നറിയാന്‍ ദശകങ്ങള്‍ അലഞ്ഞിട്ടും മറുപടി ലഭിക്കാതെ വിടപറഞ്ഞ ആ പിതാവിനെ മറക്കാന്‍ അത്രപെട്ടന്നു കഴിയുമോ? പിണറായിക്കുപുറമെ അന്നു മര്‍ദ്ദനമേറ്റ എത്രയോ പേര്‍ ഇപ്പോഴും ജീവിച്ചിരിക്കുന്നു.
മുത്തങ്ങയില്‍ ആദിവാസികളെ മര്‍ദ്ദിക്കുന്നതു കണ്ട് വേദനിച്ച ഐസക് ആന്റണി എന്ന പോലീസുകാരന്‍ ജനാധിപത്യത്തിലെ പോലീസ് എന്ന ഒരു പുസ്തകം രചിച്ചിട്ടുണ്ട്. പോലീസിന്റെ ഉദ്ഭവം മുതല്‍ ഇന്നു നിലനില്‍ക്കുന്ന പോലീസ് ആക്ടിന്റെ പരിമിതികള്‍ വരെയുള്ള മുഴുവന്‍ കാര്യങ്ങളും ഈ പുസ്തകം ചര്‍ച്ച ചെയ്യുന്നു. അതെങ്കിലും ഒന്നു വായിച്ചു നോക്കാന്‍ മുഖ്യമന്ത്രിയും ഉന്നതപോലീസ് ഉദ്യാഗസ്ഥരും തയ്യാറാകണം. നിലനില്‍ക്കുന്ന ആക്ടില്‍ കാര്യമായ മാറ്റം വരാതെ പോലീസിനെ നവീകരിക്കല്‍ അസാധ്യമാണെന്ന് ഈ പുസ്തകം സമര്‍ത്ഥിക്കുന്നു. ഇനിയെങ്കിലും അക്കാര്യമാണ് സര്‍ക്കാര്‍ പരിഗണിക്കേണ്ടത്. ആക്ഷന്‍ ഹീറോ ബിജുമാര്‍ പോലീസില്‍ ഉണ്ടാകാന്‍ പാടില്ല. അതിനനുസൃതമായി ജനാധിപത്യസംവിധാനത്തിനനുസൃതമായി പോലീസ് ആക്ട് പൊളിച്ചെഴുതുകയാണ് ഉടന്‍ ചെയ്യേണ്ടത്.
സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പന്ത്രണ്ടാം വര്‍ഷത്തേക്ക് കടക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2024 - 25 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.
The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in