വിഎസ് വിശ്രമിക്കണം

പ്രായാധിക്യം കൊണ്ട് വിഎസിനു ഇനിയൊന്നും ചെയ്യാനാവില്ല എന്ന വീക്ഷണത്തില്‍ നിന്നല്ല അതു പറയുന്നത്. സിപിഎമ്മില്‍ ഇനിയദ്ദേഹത്തിന് ഒന്നും ചെയ്യാനില്ല. വേണമെങ്കില്‍ അടങ്ങിയൊതുങ്ങി കഴിഞ്ഞ്, അടുത്ത തെരഞ്ഞെടുപ്പില്‍ പ്രചരണത്തിന് നേതൃത്വം കൊടുത്ത് പാര്‍ട്ടിക്ക് മെച്ചമുണ്ടാക്കുന്നതില്‍ പങ്കു വഹിക്കാം. അതുകൊണ്ട് കേരളത്തിന് പ്രത്യകിച്ച് മെച്ചമൊന്നുമുണ്ടാകില്ല എ്ന്ന് മാത്രം. അഞ്ചുവര്‍ഷം എല്‍ഡിഎഫ് ഭരിക്കുമായിരിക്കും. എല്‍ഡിഎഫ് നേതാക്കള്‍ക്കും അണികള്‍ക്കും ഇടക്കിടക്ക് ഭരണത്തിന്റെ നേട്ടങ്ങള്‍ വേണല്ലോ. മറ്റെന്താണ് വിഎസിനു ചെയ്യാന്‍ കഴിയുക? തീര്‍ച്ചയായും പലപ്പോഴായി സിപിഎം വിട്ടവര്‍ പുറത്തുകാത്തുനില്‍പ്പുണ്ട്. തങ്ങള്‍ക്കു നേതൃത്വം നല്‍കാന്‍ വിഎസ് […]

vsപ്രായാധിക്യം കൊണ്ട് വിഎസിനു ഇനിയൊന്നും ചെയ്യാനാവില്ല എന്ന വീക്ഷണത്തില്‍ നിന്നല്ല അതു പറയുന്നത്. സിപിഎമ്മില്‍ ഇനിയദ്ദേഹത്തിന് ഒന്നും ചെയ്യാനില്ല. വേണമെങ്കില്‍ അടങ്ങിയൊതുങ്ങി കഴിഞ്ഞ്, അടുത്ത തെരഞ്ഞെടുപ്പില്‍ പ്രചരണത്തിന് നേതൃത്വം കൊടുത്ത് പാര്‍ട്ടിക്ക് മെച്ചമുണ്ടാക്കുന്നതില്‍ പങ്കു വഹിക്കാം. അതുകൊണ്ട് കേരളത്തിന് പ്രത്യകിച്ച് മെച്ചമൊന്നുമുണ്ടാകില്ല എ്ന്ന് മാത്രം. അഞ്ചുവര്‍ഷം എല്‍ഡിഎഫ് ഭരിക്കുമായിരിക്കും. എല്‍ഡിഎഫ് നേതാക്കള്‍ക്കും അണികള്‍ക്കും ഇടക്കിടക്ക് ഭരണത്തിന്റെ നേട്ടങ്ങള്‍ വേണല്ലോ.
മറ്റെന്താണ് വിഎസിനു ചെയ്യാന്‍ കഴിയുക? തീര്‍ച്ചയായും പലപ്പോഴായി സിപിഎം വിട്ടവര്‍ പുറത്തുകാത്തുനില്‍പ്പുണ്ട്. തങ്ങള്‍ക്കു നേതൃത്വം നല്‍കാന്‍ വിഎസ് വരുമെന്ന പ്രതീക്ഷയിലാണവര്‍. എന്നാല്‍ ഈ വിഭാഗങ്ങള്‍ അഴിമതിക്കാരൊന്നുമല്ലെങ്കിലും അടിസ്ഥാനപരമായി കമ്യൂണിസ്റ്റുകാര്‍ നേരിടുന്ന സൈദ്ധാന്തികവിഷയങ്ങളെ അഭിമുഖീകരിക്കാത്തവരാണ്. സൈദ്ധാന്തികമായും സംഘടനാപരമായും കാലഹരണപ്പെട്ട ഫാസിസ്റ്റ് ആശയങ്ങള്‍ തന്നെയാണവരുടേതും. തീര്‍ച്ചയായും വിഎസിനവരോട് യോജിക്കാന്‍ കഴിയും. എന്നാല്‍ വളരാന്‍ സാധ്യതയില്ലാത്ത ചെറിയ പ്രസ്ഥാനമായി അദ്ദേഹം നിലനില്‍ക്കുമോ? നിന്നാലും കേരളത്തിനു മെച്ചമുണ്ടാകുമോ?
കഴിഞ്ഞില്ല. വിഎസ് പുതിയ പാര്‍ട്ടിയുണ്ടാക്കുകയും സിപിഐ, ആര്‍എംപി, ജനതാദള്‍, ആര്‍എസ്പി തുടങ്ങി വിവിധ പാര്‍ട്ടികളെ ഏകോപിപ്പിച്ച് മൂന്നാം മുന്നണിയുണ്ടാക്കണമെന്ന് കിനാവുകാണുന്നവരും ഉണ്ട്.  കേരളരാഷ്ട്രീയത്തെ ജീര്‍ണ്ണിപ്പിക്കുന്ന ഇന്നത്തെ മുന്നണി സംവിധാനത്തിന് മാറ്റമുണ്ടാകുന്നത് നല്ലതാണ്. എന്നാല്‍ അതിനുള്ള വസ്തുനിഷ്ഠ സാഹചര്യമില്ല എന്നതാണ് സത്യം. പിന്നെയുള്ളത് ആം ആദ്മിയാണ്. ജീവിതം മുഴുവന്‍ കമ്യൂണിസ്റ്റുകാരനായ വിഎസ് അതിനും തയ്യാറാകുമെന്ന് കരുതാന്‍ വയ്യ. മാത്രമല്ല, ആം ആദ്മിഎന്ന പദം വിവക്ഷിക്കു്‌നന നവരാഷ്ട്രീയം ഉള്‍ക്കൊള്ളാന്‍ അദ്ദേഹത്തിനു കഴിയുമെന്നും തോന്നുന്നില്ല. കേരളത്തിലെ ജനകീയ സമരങ്ങളില്‍ ഐക്യപ്പെട്ട് അവയെ വികസിപ്പിക്കാന്‍ വിഎസ് തയ്യാറാകുമെന്ന് പ്രതീക്ഷിക്കുന്നവരും ഉണ്ട്. അതുണ്ടായാല്‍തന്നെ താല്‍ക്കാലിക പ്രതിഭാസമാണല്ലോ. ദീര്‍ഘകാല പ്രവര്‍ത്തനപദ്ധതിയാകില്ലല്ലോ. ഈ സാഹചര്യത്തില്‍ വിശ്രമജീവിതം തന്നെയല്ലേ വിഎസിനു ഉചിതമാകുക?
വിഎസിനെ ഇന്നു ശരാശരി മലയാളി പോരാളിയായി കാണുന്നു. പലരും സിപിഎം അപചയത്തിനെതിരെ പോരാടുന്ന പോരാളിയായും. സത്യം എത്രയോ അകലെയാണ്? സിപിഎം രൂപീകരണം മുതല്‍ അതിലവശേഷിക്കുന്ന ഏകനേതാവായ വിഎസിനല്ലേ അതിന്റെ അപചയത്തില്‍ ഏറ്റവും ഉത്തരവാദിത്തം? അടുത്തകാലത്ത് പാര്‍ട്ടിയുടെ അപചയത്തിനെതിരെ രംഗത്തിറങ്ങി എന്നതുകൊണ്ട് ആ പാപക്കറ ഇല്ലാതാകുമോ? മാത്രമല്ല, പാര്‍ട്ടി സംഘടനാ ചട്ടക്കൂട് ഇത്തരത്തില്‍ ഫാസിസ്റ്റാകുന്നതിന്റെ കാരണങ്ങളിലേക്ക് എപ്പോഴെങ്കിലും വിഎസ് കടന്നു പോയിട്ടുണ്ടോ? പിണറായിയുടെ കസേരയില്‍ വിഎസ് ഇരുന്നപ്പോഴും അവസ്ഥ വ്യത്യസ്ഥമായിരുന്നല്ലോ. ടിപി ഇരുന്നാലും വ്യത്യസ്ഥമാകില്ല. എം എന്‍ വിജയന്‍ സൂചിപ്പിച്ചപോലെ ജനാധിപത്യത്തിന്റെ കാറ്റ് ഈ പാര്‍്ട്ടിയില്‍ ഒരിക്കലും വീശിയിട്ടില്ലല്ലോ. വിജയന്‍ മാഷ് അതങ്ങനെതന്നെ വേണം എന്നാണ് ആവശ്യപ്പെട്ടത് എന്നതവിടെ നില്ക്കട്ടെ.
ഇപ്പോള്‍ ഇരുകൂട്ടരും പരസ്പരം ആരോപിക്കുന്നുണ്ടല്ലോ, സംഘടനാ ചട്ടക്കൂട് ലംഘിക്കുന്നു എന്ന്. വിഎസ് നിരന്തരം ലംഘിക്കുന്നു എന്ന് പാര്‍ട്ടി. ഈ സമ്മേളനത്തിനുമുമ്പ് പ്രമേയം പുറത്തുവിടുക വഴി പിണറായി ലംഘിച്ചു എന്ന് വിഎസ്. സത്യത്തില്‍ ആ സംഘടനാ ചട്ടക്കൂടാണ് തെറ്റ്. വിപ്ലവപൂര്‍വ്വകാലത്ത് ലെനിന്‍ വിഭാവനം ചെയ്ത ആ ചട്ടക്കൂട് ജനാധിപത്യസംവിധാനത്തില്‍ വലിച്ചെറിയേണ്ടതാണ്. കാലഹരണപ്പെട്ട ആ സംഘടനാചട്ടക്കൂടുവെച്ചാണ് ഇരുകൂട്ടരും പരസ്പരം ആരോപിക്കുന്നത് എന്നതാണ് തമാശ. സുതാര്യതയാണ് ജനാധിപത്യത്തിന്റെ അടിത്തറ. ഒരു ജില്ലാ സമ്മേളനത്തിലും മത്സരമുണ്ടായില്ല എന്നത് മേന്മയായി അവകാശപ്പെടുന്നത് എത്രയോ ജനാധിപത്യവിരുദ്ധമാണ്. വിഭാഗീയതയില്ലാതായി എന്ന് നേതൃത്വം പറയുമ്പോള്‍ ജനാധിപത്യവും ഇല്ലാതായി എന്നാണര്‍ത്ഥം. വിരുദ്ധാഭിപ്രായങ്ങളെല്ലാം ഏറെക്കുറെ ഇല്ലാതായി. ഇനി വിഎസ് മാത്രം. വ്ിഎസിനെ എങ്ങനെയെങ്കിലും അനുനയിപ്പിച്ച് ഇനിയും കൊണ്ടുപോകാം. വിഎസാകട്ടെ ഇന്ന് പാര്ട്ടിക്കൊരു സേഫ്റ്റിവാല്‍വുമാണ്.
വിഎസ് പറയുന്നത് ശരിയായാലും തെറ്റായാലും ജനാധിപത്യസംവിധാനത്തോടുള്ള നിലപാടുതന്നെയാണ് കാതലായ വിഷയം. വിഎസിനു മുമ്പും എത്രയോ നേതാക്കളെ പുറത്താക്കിയിരിക്കുന്നു. വ്യക്തിയേക്കാള്‍ വലുതാണ് പാര്‍ട്ടി എന്ന നേതൃത്വത്തിന്റെ വാക്കുകള്‍ അണികള്‍ വിഴുങ്ങുകയായിരുന്നു. ജനാധിപത്യവ്യവസ്ഥയിലൂടെ ആദ്യമായി അധികാരത്തിലേറിയ കമ്യൂണിസ്റ്റ് പാര്‍ട്ടിയാണല്ലോ നമ്മുടേത.് എന്നാല്‍ ആ ആര്‍ജ്ജവം നിലനിര്‍ത്താനും മുന്നോട്ടുപോകാനും അവര്‍ക്കായില്ല. അകത്തും പുറത്തും അതങ്ങനെയായിരുന്നു. ജനാധിപത്യവ്യവസ്ഥയില്‍ പങ്കെടുക്കുമ്പോഴും അണികളോട് സത്യസന്ധമായി കാര്യങ്ങള്‍ അവതരിപ്പിക്കാതിരിക്കുകയായിരുന്നു പാര്‍ട്ടി ചെയ്തത്. മാത്രമല്ല, സായുധസമരം തങ്ങള്‍ കൈവിട്ടിട്ടില്ല എന്ന് ഇടക്കിടെ പറയുകയും ചെയ്തു. മറുവശത്ത് സായുധസമരത്തില്‍ വിശ്വസിച്ചിരുന്ന നക്‌സല്‍ ഗ്രൂപ്പുകളെ മുഖ്യശത്രുക്കളായി കാണുകയും ചെയ്തു.
ലോകത്തെങ്ങും സോഷ്യലിസ്റ്റ് രാഷ്ട്രങ്ങളില്‍ ജനാധിപത്യാവകാശങ്ങള്‍ക്കായി നടന്ന പോരാട്ടങ്ങളില്‍ നിന്നും ഈ പാര്‍ട്ടികള്‍ ഒന്നും പഠിച്ചില്ല. തൊഴിലാളി വര്‍ഗ്ഗ സര്‍വ്വാധിപത്യം എന്ന പദത്തിനുള്ളില്‍തന്നെ അടങ്ങിയിരിക്കുന്ന ഫാസിസ്റ്റ് ശൈലി ഉപേക്ഷിക്കാന്‍ അവര്‍ തയ്യാറായില്ല. അടവ്, തന്ത്രം എന്നീ 2 വാക്കുകളില്‍ എല്ലാം ഒതുക്കി. പാര്‍ട്ടിക്കകത്താകട്ടെ ജനാധിപത്യകേന്ദ്രീകരണം എന്നപേരില്‍ ജനാധിപത്യവിരുദ്ധമായ സ്റ്റാലിനിസ്റ്റ് ചട്ടക്കൂട് ശക്തമാക്കി. വിപ്ലവതീച്ചൂളയില്‍ ലെനിനാവിഷ്‌കരിച്ച സംഘടനാരീതി ജനാധിപത്യവ്യവസ്ഥയില്‍ അനുയോജ്യമാണോ എന്നുപോലും പരിശോധിക്കപ്പെട്ടില്ല. വ്യത്യസ്ഥ അഭിപ്രായക്കാരെ പുറത്താക്കുക മാത്രമല്ല, കൊല്ലാന്‍ പോലും മടിച്ചില്ല. ട്രോട്‌സ്‌കി മുതല്‍ ടിപി വരെ അതുതന്നെ വീണ്ടും ആവര്‍ത്തിക്കുന്നു. ഈ ശൈലിമാറ്റുകയും അകത്തും പുറത്തും ജനാധിപത്യത്തെ സത്യസന്ധമായി ഉള്‍ക്കൊള്ളുകയും ചെയാതെ ഈ പാര്‍ട്ടി രക്ഷപ്പെടുമെന്ന് തോന്നുന്നില്ല.
തീര്‍ച്ചയായും ഇക്കാര്യത്തില്‍ ഇഎംഎസും പിണറായിയും പോലുള്ളവര്‍ മാത്രമല്ല, എംവിആറും ഗൗരിയമ്മയും  ടിപിയുമടക്കമുള്ളവര്‍ ഉത്തരവാദികള്‍തന്നെ. വൈയക്തികവിഷയങ്ങള്‍ക്കല്ലാതെ ശരിയായ ജനാധിപത്യവല്ക്കരണത്തിനായി ഇവരാരും വാദിച്ചിട്ടില്ല. ഇപ്പോള്‍ വിഎസും ചെയുന്നത് അതുതന്നെ. അതിനാല്‍തന്നെ ഈ സംഭവവികാസങ്ങളിലും അടിസ്ഥാനപരമായ ഒരു മാറ്റവും പ്രതീക്ഷിക്കാനില്ല.
ആരും പാര്‍ട്ടിക്ക് അതീതരല്ല. എന്ന  നിലപാടില്‍ നിന്നാണ് കമ്യണിസ്റ്റ് പാര്‍്ട്ടികള്‍ നേതൃത്വത്തിന്റെ തീരുമാനം എന്നും അടിച്ചേല്പ്പിക്കുന്നത്. ജനാധിപത്യകേന്ദ്രീകരണം എന്ന ഓമനപേരില്‍.
വേണ്ടത് മുകളില്‍ സൂചിപ്പിച്ച സുതാര്യതയാണ്. ജനാധിപത്യവ്യവസ്ഥയില്‍ പ്രവര്‍ത്തിക്കുന്ന ഒരു പാര്‍ട്ടിക്ക് എന്താണ് ജനങ്ങളില്‍ നിന്ന് മറച്ചുവെക്കാനുള്ളത്? അധികാരകേന്ദ്രങ്ങലെപോലെ അവയെ നിയന്ത്രിക്കുന്ന പാര്‍ട്ടികളും സുതാര്യമാകണം. വിവരാവകാശത്തിനു കീഴിലാകണം. പാര്‍ട്ടി സമ്മേളനങ്ങള്‍ പോലും തത്സമയം ജനങ്ങള്‍ക്കുമുന്നില്‍ പ്രദര്ശിപ്പിക്കണം. അതിനുപക്ഷെ ജനാധിപത്യത്തെ അടവും തന്ത്രവുമായി കാണുന്ന മനോഭാവം മാറ്റണം. സ്വന്തം പാര്‍ട്ടിക്കകത്ത് ജനാധിപത്യം സംരക്ഷിക്കാത്ത ഒരു പാര്‍ട്ടിക്ക് സമൂഹത്തില്‍ ജനാധിപത്യത്തിനായി ശബ്ദിക്കാനാകുന്നതെങ്ങിനെ? വിഷയം വിഎസും പിണറായിയുമല്ല എന്നു സാരം.

സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പന്ത്രണ്ടാം വര്‍ഷത്തേക്ക് കടക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2024 - 25 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in


ഞങ്ങളുടെ ഫേസ്ബുക് പേജ് ലൈക് ചെയ്യൂ..


Published On

Category: open | Comments: 0 |

'ക്രിട്ടിക്കില്‍ പ്രസിദ്ധീകരിക്കുന്ന ലേഖനങ്ങള്‍ ലേഖകരുടെ അഭിപ്രായങ്ങളാണ്.. അവ പൂര്‍ണ്ണമായും ക്രിട്ടിക്കിന്റെ അഭിപ്രായങ്ങളാകണമെന്നില്ല - എഡിറ്റര്‍'

Be the first to write a comment.

Leave a Reply