പുതിയ കേരളം സൃഷ്ടിക്കണമെങ്കില്‍

പോയദിവസങ്ങളില്‍ ഏറ്റവുമധികം കേള്‍ക്കുകയും വായിക്കുകയും ചെയ്ത വാചകമാണ് കേരളം അതിജീവിക്കും എന്നത്. തീര്‍ച്ചയായും ദുരിതാശ്വാസ പ്രവര്‍ത്തനവേളയില്‍ ഒരു നാടിന്റെ ആത്മവിശ്വാസം വര്‍ദ്ധിപ്പിക്കാന്‍ ഇത്തരം പ്രഖ്യാപനങ്ങള്‍ അനിവാര്യമാണ്. ഇപ്പോിതാ മുഖ്യമന്ത്രി പറയുന്നു, തകര്‍ന്നവ പുനസൃഷ്ടിക്കലല്ല, പുതിയ കേരളം സൃഷ്ടിക്കലാണ് ലക്ഷ്യമെന്ന്. ശരിയാണ്. അതുതന്നെയാണ് വേണ്ടത്. ദുരന്തത്തിന്റെ ഏറ്റവും ഭയാനകമായ മുഖം ഒഴിയുകയും ആളപായം പോലുള്ളവ ഇനിയുണ്ടാകില്ല എന്നു ഉറപ്പാകുകയും ചെയ്ത വേളയില്‍ ഈ ദിശയില്‍ തന്നെയാണ് ചിന്തിക്കേണ്ടത്. തീര്‍ച്ചയായും സംസ്ഥാനത്തെ ദുരിതാശ്വാസപ്രവര്‍ത്തനങ്ങള്‍ ഭംഗിയായി മുന്നോട്ടുപോകുന്നുണ്ട്. സര്‍ക്കാരിനൊപ്പവും സ്വതന്ത്രമായും മിക്കവാറും […]

pp

പോയദിവസങ്ങളില്‍ ഏറ്റവുമധികം കേള്‍ക്കുകയും വായിക്കുകയും ചെയ്ത വാചകമാണ് കേരളം അതിജീവിക്കും എന്നത്. തീര്‍ച്ചയായും ദുരിതാശ്വാസ പ്രവര്‍ത്തനവേളയില്‍ ഒരു നാടിന്റെ ആത്മവിശ്വാസം വര്‍ദ്ധിപ്പിക്കാന്‍ ഇത്തരം പ്രഖ്യാപനങ്ങള്‍ അനിവാര്യമാണ്. ഇപ്പോിതാ മുഖ്യമന്ത്രി പറയുന്നു, തകര്‍ന്നവ പുനസൃഷ്ടിക്കലല്ല, പുതിയ കേരളം സൃഷ്ടിക്കലാണ് ലക്ഷ്യമെന്ന്. ശരിയാണ്. അതുതന്നെയാണ് വേണ്ടത്. ദുരന്തത്തിന്റെ ഏറ്റവും ഭയാനകമായ മുഖം ഒഴിയുകയും ആളപായം പോലുള്ളവ ഇനിയുണ്ടാകില്ല എന്നു ഉറപ്പാകുകയും ചെയ്ത വേളയില്‍ ഈ ദിശയില്‍ തന്നെയാണ് ചിന്തിക്കേണ്ടത്. തീര്‍ച്ചയായും സംസ്ഥാനത്തെ ദുരിതാശ്വാസപ്രവര്‍ത്തനങ്ങള്‍ ഭംഗിയായി മുന്നോട്ടുപോകുന്നുണ്ട്. സര്‍ക്കാരിനൊപ്പവും സ്വതന്ത്രമായും മിക്കവാറും ജനങ്ങളെല്ലാം അതില്‍ പങ്കാളികളാണ്. വളരെ സജീവമായി രംഗത്തിറങ്ങിയ മത്സ്യത്തൊഴിലാളികള്‍ പ്രത്യേക അഭിനന്ദനം അര്‍ഹിക്കുന്നു. കേന്ദ്രത്തിന്റെ സഹായത്തെ കുറിച്ചുള്ള തര്‍ക്കം തീര്‍ച്ചയായും ന്യായമാണ്. വരും ദിനങ്ങളില്‍ ഈ വിഷയം ചര്‍ച്ച ചെയ്യാതെ പറ്റില്ല.
ഇനിവരുന്ന ദിവസങ്ങളിലെ പ്രധാന പ്രശ്‌നം വീടുകളും രേഖകളും വസ്തുവകകളുമെല്ലാം നഷടപ്പെട്ടവരുടെ പുനരധിവാസമാണ്. സര്‍ക്കാര്‍ കാര്യങ്ങളില്‍ സ്ഥിരം കാണുന്ന ചുവപ്പുനാട ഇക്കാര്യത്തിലുണ്ടാകില്ല എന്നു മുഖ്യമന്ത്രി ഉറപ്പു നല്‍കിയിട്ടുണ്ട്. എന്നാല്‍ മുഖ്യമന്ത്രിക്കെന്നല്ല ആര്‍ക്കും എളുപ്പം പൊട്ടിക്കാനാവാത്തതാണ് ഈ ചുവപ്പുനാട. ഇപ്പോഴത്തെ ആവേശമൊക്കെ തുടര്‍ന്നും കാണിക്കാന്‍ സര്‍ക്കാര്‍ ജീവനക്കാരും ബന്ധപ്പെട്ട മറ്റുള്ളവരും തയ്യാറാകുമോ എന്നതിനെ ആശ്രയിച്ചിരിക്കും പുതിയ കേരളം സൃഷ്ടിക്കല്‍. തയ്യാറായാല്‍ വളരെ നന്ന്. എങ്കില്‍ ഈ ദുരന്തത്തിന്റെ പ്രാഥമിക കടമകള്‍ നമ്മള്‍ അതിജീവിച്ചു എന്നു കരുതാം. എന്നാല്‍ അതും പുതിയ കേരളമാവില്ല. അനുഭവത്തിന്റെ വെളിച്ചത്തില്‍ ഇനി പ്രകൃതിദുരന്തങ്ങള്‍ സംഭവിച്ചാലും അതിന്റെ പ്രത്യഘാതങ്ങള്‍ പരമാവധി കുറക്കാനുള്ള നടപടികളും നിയമങ്ങളും സ്വീകരിച്ചാലാണ് ഈ വിഷയത്തിലെങ്കിലും കേരളം പുതുതായി മാറുക. അതിനുള്ള ആര്‍ജ്ജവം സര്‍ക്കാരിനും പ്രതിപക്ഷത്തിനും ജനങ്ങള്‍ക്കും ഉണ്ടോ എന്നതാണ് കാതലായ ചോദ്യം.
സര്‍ക്കാരിന്റെ തെറ്റായ എന്തെങ്കിലും നയമാണ് പോയ ദിനങ്ങളില്‍ സംഭവിച്ച പേമാരിക്കു കാരണം എന്നാരും പറയില്ല. എന്നാല്‍ തുടര്‍ന്നുണ്ടായ ദുരിതങ്ങളില്‍ മിക്കതും മനുഷ്യസൃഷ്ടിയാണ്. അവയാകട്ടെ ചെറുതെങ്കിലും ഒരു വിഭാഗം കാലാകാലങ്ങളായി ചൂണ്ടികാണിക്കുന്നവയുമാണ്. എന്നാല്‍ അത്തരക്കാരെ മുഴുവന്‍ വികസനവിരുദ്ധരും ദേശദ്രോഹികളുമായി വ്യാഖ്യാനിക്കുകയായിരുന്നു സംസ്ഥാനത്തെ മുഖ്യധാരാസമൂഹമെന്നും പ്രസ്ഥാനങ്ങള്‍ എന്നും സ്വയം വിശ്വസിക്കുന്നവര്‍ ചെയ്തത്. തീര്‍ച്ചയായും അനുഭവത്തില്‍ നിന്നാണ് മനുഷ്യര്‍ പാഠം പഠിക്കുക. മനുഷ്യര്‍ മാത്രമല്ല മൃഗങ്ങളും സസ്യങ്ങളും പോലും അനുഭവത്തില്‍ നിന്നു പാഠം പഠിക്കും. അതിനാല്‍ തന്നെ ഇപ്പോഴത്തെ അനുഭവങ്ങളില്‍ കേരളം പാഠം പഠിക്കുമെന്നും അതനുസരിച്ചുള്ള തീരുമാനങ്ങള്‍ ഉണ്ടാകുമെന്നും ന്യായമായും കരുതാം. എങ്കില്‍ മാത്രമേ പുതിയ കേരളം യാഥാര്‍ത്ഥ്യമാകൂ. അല്ലാതെ നമ്മള്‍ അതിജീവിക്കും, ലോകത്തെവിടേയും ഇത്തരം ദുരിതാശ്വാസപ്രവര്‍ത്തനങ്ങള്‍ നടന്നിട്ടില്ല, മറ്റെവിടെയെങ്കിലും ആയിരുന്നെങ്കില്‍ പതിനായിരങ്ങള്‍ മരിച്ചേനേ, ലോകം കണ്ട ഏറ്റവും മികച്ച ഭരണാധികാരിയാണ് പിണറായി വിജയന്‍ എന്നെല്ലാമുള്ള അപ്രസക്തമായ അവകാശവാദങ്ങള്‍ ഉന്നയിച്ച് ശരിയായ വിഷയങ്ങള്‍ മൂടിവെക്കുകയല്ല വേണ്ടത്.
തീര്‍ച്ചയായും ഇവിടെ ഉയര്‍ന്നു വരുന്നത് വികസനത്തിന്റേയും പരിസ്ഥിതിയുടേയും രാഷ്ട്രീയമാണ്. വികസനം വേണം, പരിസ്ഥിതി സംരക്ഷിക്കുകയും വേണം എന്ന സ്ഥിരം പല്ലവിയാണ് നാമെന്നും കേള്‍ക്കുന്നത്. സൈലന്റ് വാലി മുതല്‍ കീഴാറ്റൂര്‍ വരെ നാമത് കേട്ടുകൊണ്ടേയിരിക്കുന്നു. രണ്ടും വേണമെന്നു പറയുമ്പോഴും സര്‍ക്കാരുകളുടേയും രാഷ്ട്രീയ – സാമുദായിക പ്രസ്ഥാനങ്ങളുടേയും ട്രേഡ് യൂണിയനുകളുടേയും പൊതുവില്‍ പറഞ്ഞാല്‍ പൊതുസമൂഹത്തിന്റേയും സമീപനം വികസനത്തിനുവേണ്ടി പരിസ്ഥിതി തകര്‍ന്നാലും കുഴപ്പമില്ല എന്നായിരുന്നു. വികസനത്തിന്റെ പേരില്‍ പ്രഖ്യാപിക്കപ്പെട്ട എത്രയോ പദ്ധതികള്‍ തികച്ചും പരിസ്ഥിതി വിരുദ്ധമായിരുന്നു. രണ്ടും സംരക്ഷിക്കുമെന്ന് സങ്കില്‍പ്പിക്കാന്‍ പോലും സാധിക്കാത്തവ. സൈലന്റ് വാലി വനം സംരക്ഷിച്ച് പദ്ധതി നടപ്പാക്കാമെന്നു പറയുന്നപോലെ അസംബന്ധമാണ് തുടര്‍ച്ചയായി നാം കേള്‍ക്കുന്ന ഇത്തരത്തിലുള്ള അവകാശവാദങ്ങള്‍. പ്ലാച്ചിമട, മാവൂര്‍, കാതിക്കുടം, ഐ ഒ സി, ഏലൂര്‍, മണല്‍ ഖനനം, കളിമണ്‍ ഖനനം, പെരിങ്ങോം, അതിരപ്പിള്ളി, എന്റോണ്‍, ചീമേനി, ആറന്മുള, വിഴിഞ്ഞം, ലാലൂര്‍, വിളപ്പില്‍ ശാല, പാറമടകള്‍, കണ്ടല്‍, ദേശീയപാതാ വികസനം, ഗെയ്ല്‍, കീഴാറ്റൂര്‍ തുടങ്ങി എത്രയോ സ്ഥലങ്ങളില്‍ ഈ അവകാശവാദങ്ങള്‍ കേട്ടുകൊണ്ടേയിരിക്കുന്നു. സത്യമെന്താണ്? വികസനത്തിന്റേ പേരു പറഞ്ഞാല്‍ ഏതു പരിസ്ഥിതിയും തകര്‍ക്കാമെന്ന അവസ്ഥയിലേക്കു കേരളം മാറിയിരിക്കുന്നു. അതിന്റെ ഏറ്റവും വലിയ ഉദാഹരണങ്ങളാണ് സമീപകാല സംഭവങ്ങളായ ഗാഡ്ഗില്‍ റിപ്പോര്‍ട്ടിനെതിരെ നടന്ന സംഘടിത മുന്നേറ്റങ്ങളും നെല്‍വയല്‍ – നീര്‍ത്തട സംരക്ഷണ നിയമം അട്ടിമറിക്കലും.
ശാസ്ത്രസാഹിത്യ പരിഷത്തൊക്കെ മുമ്പുപറയാറുളള പോലെ വരും തലമുറയില്‍ നിന്ന് കടംവാങ്ങിയ ഭൂമി നശിപ്പിക്കാതെ അവര്‍ക്കു നല്‍കലാണ് യഥാര്‍ത്ഥ വികസനം. ഈ ലക്ഷ്യത്തെ തകര്‍ക്കുന്ന പദ്ധതികളൊന്നും നടപടികളുമൊന്നും വികസനമെന്നു പറയാന്‍ കഴിയില്ല. അഥവാ പരിസ്ഥിതി സംരക്ഷിച്ചു നടത്തുന്നതു മാത്രമാണ് വികസനമെന്നു പ്രഖ്യാപിക്കേണ്ടിവരും. ഇത്രയും കാലം അതംഗീകരിക്കാത്തവര്‍ക്ക് ഈ ദുരന്തത്തിനുശേഷമെങ്കിലും ആത്മാര്‍ത്ഥതയും രാഷ്ട്രീയ ബോധവുമുണ്ടെങ്കില്‍ അതംഗീകരിക്കാതിരിക്കാനാവുമോ? ഇവിടെ കാര്യങ്ങള്‍ വളരെ വ്യക്തമല്ലേ? മഴയുടെ അളവ് കൂടിയിരിക്കാം. എന്നാലതിനു ആനുപാതികമൊന്നുമല്ലല്ലോ ദുരന്തം സംഭവിച്ചത്? കൂടുതല്‍ മരണങ്ങള്‍ ഉരുള്‍പൊട്ടലുകള്‍ മൂലമായിരുന്നു. അതിനു പ്രധാന കാരണമെന്താണെന്ന് സാമാന്യബോധമുള്ള എല്ലാവര്‍ക്കുമറിയാം. ഏറ്റവും കൂടുതല്‍ മരണം – 18- സംഭവിച്ച തൃശൂരിലെ കുറാഞ്ചേരിയില്‍ തകര്‍ന്നത് റോഡിന്റെ വളവുതീര്‍ക്കാന്‍ അടുത്തകാലത്ത് തുരന്ന കുന്നായിരുന്നു. സമീപകാലത്ത് കേരളത്തിലുടനീളം നടന്ന ഉരുള്‍പൊട്ടലുകളുമായി ബന്ധപ്പെട്ട പഠനങ്ങളിലെല്ലാം കാരണമായി പലരീതിയിലുള്ള മനുഷ്യനിര്‍മ്മിത വികസന പദ്ധതികളുടെ സാന്നിധ്യമുണ്ട്. മൂന്നാറില്‍ തകര്‍ന്ന ഒരു കെട്ടിടം അനധികൃമായി നിര്‍മ്മിച്ചതാണ്. ഏറെകാലത്തെ പഠനത്തിനുശേഷം മാധവ് ഗാഡ്ഗിലിന്റെ നേതൃത്വത്തിലുള്ള കമ്മീഷന്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടിന്റെ പ്രധാന അന്തസത്ത പശ്ചിമഘട്ടം പൊതുവില്‍ പരിസ്ഥിതി ദുര്‍ബലപ്രദേശമാണെന്നും അവിടങ്ങളില്‍ കൂടുതല്‍ വികസന – നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ അരുത് എന്നായിരുന്നു എന്ന് എല്ലാ മലയാളികള്‍ക്കും അരിയാം. എന്നാല്‍ സംഭവിച്ചതെന്താണെന്ന് വിശദീകരിക്കേണ്ടതില്ലല്ലോ. ഗാഡ്ഗില്‍ റിപ്പോര്‍ട്ട് നടപ്പിലായിരുന്നുവെങ്കില്‍ ഒരു ജെസിബി ക്കും മലമുകളില്‍ കയറി വെള്ളം ശേഖരിക്കാന്‍ കുഴി കുഴിക്കാനാകുമായിരുന്നില്ല. മാത്രമല്ല ഉരുള്‍ പൊട്ടാനിടയുളള സ്ഥലങ്ങള്‍ ശാസ്ത്രീയ പഠനപ്രകാരം മണ്ണൊലിപ്പ് തടയുന്ന തരത്തിലേക്കുള്ള ജൈവ കൃഷിയിടമായി മാറിയേനെ. അതിനുള്ള സബ്‌സിഡികള്‍ കര്‍ഷകന് ലഭിച്ചേനെ. ഇന്ന് മലമുകളില്‍ നിന്നും കര്‍ഷകരുടെ രോദനം കേള്‍ക്കുന്നു.. കോറി മാഫിയക്കാരെകൊണ്ട് നിവൃത്തിയില്ല എന്നും പറഞ്ഞ്. ഇതേ കര്‍ഷകര്‍ തന്നെയാണ് കോറി പാടില്ലെന്ന് പറഞ്ഞ ഗാഡ്ഗില്‍ റിപ്പോര്‍ട്ടിനെതിരെ സമരം ചെയ്തത്. അഥവാ അവരെ കൊണ്ട് മറ്റുപലരും ചെയ്യിച്ചത്. ഗാഡ്ഗില്‍ കര്‍ഷകര്‍ക്ക് വീടു വയ്ക്കാന്‍ പറ്റില്ലെന്ന് റിപ്പോര്‍ട്ടില്‍ പറഞ്ഞിരുന്നില്ല. പശ്ചിമ ഘട്ടത്തെയും അവിടെ വസിക്കുന്ന കര്‍ഷനെയും എങ്ങിനെ രക്ഷിക്കാമെന്ന ശാസ്ത്രീയ പഠനവും അതിന്റെ സുതാര്യമായ നടപ്പാക്കലുമായിരുന്നു സത്യത്തില്‍ ഗാഡ്ഗില്‍ റിപ്പോര്‍ട്ട്. ഇപ്പേഴെങ്കിലും നാമത് മനസ്സിലാക്കുമോ? ദുരന്തത്തിനുശേഷം ആദ്യമായി നടന്ന സര്‍വ്വകക്ഷിയോഗത്തിലും മന്ത്രിസഭായോഗത്തിലും ഗാഡ്ഗില്‍ റിപ്പോര്‍ട്ട് നടപ്പാക്കുന്നതിനെ കുറിച്ച് പരിഗണിക്കാം എന്നെങ്കിലുമുള്ള ഒരു തീരുമാനമുണ്ടായോ? ഇല്ല. പിന്നെന്ത് പുതിയ കേരളം…?
ഉരുള്‍പൊട്ടല്‍ കഴിഞ്ഞാല്‍ കൂടുതല്‍ ദുരന്തങ്ങള്‍ ഉണ്ടായത് വെള്ളം കയറിയാണല്ലോ. അതിനുള്ള പ്രധാനകാരണം വയലുകളും നീര്‍ത്തടങ്ങളും ഇല്ലാതായതും പുഴകള്‍ കയ്യേറിയതുമാണെന്നതും വ്യക്തം. 1975-76 കാലഘട്ടത്തില്‍ നമ്മുടെ നാട്ടില്‍ 8.76 ലക്ഷം ഹെക്ടര്‍ നെല്‍കൃഷിയുണ്ടായിരുന്നു. അത് 2007-08 കാലഘട്ടത്തിലെത്തിയപ്പോഴേക്കും അത് 2.29 ലക്ഷം ഹെക്ടറായി കുറഞ്ഞു. 2016 -17 എത്തിയപ്പോഴേക്കും 1,71,398 ഇതാ വീണ്ടും കുറഞ്ഞ് ഹെക്ടറായി കുറഞ്ഞിരിക്കുന്നു. ഇത് 1975-76 അപേക്ഷിച്ച് 80.43 ശതമാനമാണ് കുറഞ്ഞത്. 2008 ല്‍ നെല്‍വയല്‍ നീര്‍ത്തട സംരക്ഷണ നിയമം വന്നതിനു ശേഷം പോലും ഏകദേശം 61000 ഹെക്ടര്‍ നെല്‍കൃഷി വീണ്ടും കുറഞ്ഞു. നെല്‍കൃഷി പ്രോല്‍സാഹിപ്പിക്കാന്‍ സര്‍ക്കാരുകള്‍ ഒന്നും ചെയ്യാത്തതു കൊണ്ടാണ് ഇത് സംഭവിച്ചത്. അതിനുശ്രമിക്കാതെ ഇപ്പോള്‍ 2008 ലെ നിയമം ഭേദഗതി ചെയ്ത് വീണ്ടും വയല്‍ നികത്താനുള്ള ഒത്താശകള്‍ ചെയ്തു കൊടുത്തിരിക്കുകയാണ്. നഷ്ടപ്പെട്ട ആ വയലുകളും അതുപോലെ നാടെങ്ങുമുണ്ടായിരുന്ന ജലാശയങ്ങളും ഉണ്ടായിരുന്നെങ്കില്‍ ദുരന്തങ്ങള്‍ ഇത്രയും ഭീകരമാകുമായിരുന്നില്ല. കേരളം അതിജീവിക്കണമെന്ന ആഗ്രഹം ആത്മാര്‍ത്ഥമാണെങ്കില്‍ ആദ്യപടിയായി ആദ്യമന്ത്രിസഭായോഗത്തില്‍ നെല്‍വയല്‍ സംരക്ഷണ നിയമത്തിലെ ഭേദഗതി റദ്ദാക്കണം. കീഴാറ്റൂര്‍ വയലുകളിലൂടെ ദേശീയ പാത കടന്നു പോകില്ല എന്നു പ്രഖ്യാപിച്ച് സര്‍ക്കാര്‍ നയം വ്യക്തമാക്കണം. തുടര്‍ന്ന് ഈ മേഖലയില്‍ കൂടുതല്‍ നടപടികളും സ്വീകരിക്കണം. അതു സംഭവിക്കുമോ?
തീര്‍ച്ചയായും ഇതെല്ലാം പ്രാരംഭ നടപടികള്‍ മാത്രം. അതിരപ്പിള്ളിയിലടക്കം ഇനിയൊരു ഡാമും നിര്‍മ്മിക്കില്ല എന്നു പ്രഖ്യാപിച്ച് നിലവിലുള്ള ഡാമുകളെ കുറിച്ച് ഗൗരവമായി പഠിക്കണം. പെരിയാറിനെ നശിപ്പിക്കുന്ന വ്യവസായശാലകളും ചാലക്കുടി പുഴതീരത്തെ കാതിക്കുടം കമ്പനിയും അതുപോലെ വെള്ളവും മണ്ണും വായുവും നശിപ്പിക്കുന്ന സ്ഥാപനങ്ങള്‍ 100 ശതമാനവും മാലിന്യമുക്തമാക്കുകയോ അടച്ചുപൂട്ടുകയോ വേണം. ചെറുതോണി ബസസ്റ്റാന്റ് പോലെ പുഴയെ വിഴുങ്ങുന്ന ഒന്നും നമുക്കുവേണ്ട. ഈ ദുരന്തത്തില്‍ നിന്നു പാഠം പഠിച്ച് ഇതുപോലെ അനവധി തീരുമാനങ്ങള്‍ എടുക്കേണ്ടതുണ്ട്. മലയും കാടും പുഴയും തോടും വയലും മണ്ണും കടലും തീരവുമെല്ലാം സംരക്ഷിച്ചുള്ള വികസനപദ്ധതികള്‍ മതിയെന്നും അവയാണ് യഥാര്‍ത്ഥ വികസനമെന്നും പ്രഖ്യാപിക്കാന്‍ തയ്യാറാകുമ്പോള്‍ മാത്രമേ കേരളം വരാനിരിക്കുന്ന ദുരന്തങ്ങളെ അതിജീവിക്കു എന്നതില്‍ ഒരു സംശയവും വേണ്ട. എങ്കില്‍ മാത്രമേ മുഖ്യമന്ത്രി പറയുന്നപോലെ പുതിയ കേരളത്തിലേക്കുള്ള ആദ്യപടിയെങ്കിലുമാകൂ….

സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പന്ത്രണ്ടാം വര്‍ഷത്തേക്ക് കടക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2024 - 25 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in


ഞങ്ങളുടെ ഫേസ്ബുക് പേജ് ലൈക് ചെയ്യൂ..


Published On

Category: Latest news | Comments: 0 |

'ക്രിട്ടിക്കില്‍ പ്രസിദ്ധീകരിക്കുന്ന ലേഖനങ്ങള്‍ ലേഖകരുടെ അഭിപ്രായങ്ങളാണ്.. അവ പൂര്‍ണ്ണമായും ക്രിട്ടിക്കിന്റെ അഭിപ്രായങ്ങളാകണമെന്നില്ല - എഡിറ്റര്‍'

Be the first to write a comment.

Leave a Reply